സൂര്യനെ പ്രണയിച്ചവൾ, അധ്യായം 18- എഴുത്ത്: അമ്മു സന്തോഷ്

പാലക്കാട്‌ ചെന്നപ്പോൾ ഉച്ച കഴിഞ്ഞു. ഗൗരിയുടെ അച്ഛനുമമ്മയ്ക്കുംസ്വർഗം കിട്ടിയ സന്തോഷം. സഞ്ജയുടെ കുലീനമായ പെരുമാറ്റം അവർക്ക് വളരെ ഇഷ്ടമായി.

“കുടുംബ ക്ഷേത്രത്തിൽ ഒന്ന് പോയി തൊഴണം കേട്ടോ ” മുത്തശ്ശി രണ്ട് പേരോടുമായി പറഞ്ഞു.

വൈകുന്നേരം അവർ ക്ഷേത്രത്തിൽ പോയി. ക്ഷേത്രത്തിൽ നിൽക്കുമ്പോൾ സഞ്ജയ്‌ അരികിൽ വെറുതെ നിൽക്കുന്നത് കണ്ട് അവൾ കണ്ണ് കൊണ്ട് പ്രാർത്ഥിക്ക് എന്നൊരു ആംഗ്യം കാട്ടി. അവൻ നീ പ്രാർത്ഥിച്ചാൽ മതി എന്ന് തിരിച്ചും

അവൾ ശാസനയോടെ നോക്കിയപ്പോ അവൻ കൈ കൂപ്പി കണ്ണുകൾ അടച്ചു

“ഞാൻ എന്താ പ്രാർത്ഥിക്കേണ്ടത് എന്നെനിക് അറിയില്ല. എനിക്ക് ഒന്നും വേണ്ട. ദേ ആ പ്രാർത്ഥിച്ചു നിൽക്കുന്ന കൊച്ചു പാവമാ. അത് പറയുന്നത് ഒക്കെ ഒന്ന് സാധിച്ചു കൊടുത്താൽ നന്നായിരിക്കും “

അവൻ ദൈവത്തോട് പറഞ്ഞു.അവൻ പറഞ്ഞു തീർന്നിട്ടും അവളുടെ പ്രാർത്ഥന തീർന്നില്ല അതിന് മുന്നേ അവൻ ഇറങ്ങി ആൽത്തറയിൽ വന്നിരുന്നു

കൊള്ളാം സ്ഥലം. നല്ല ശാന്തത

“സഞ്ജയ്‌ സാറല്ലേ?”

കുറച്ചു പെൺകുട്ടികൾ

“yes ” അവൻ പറഞ്ഞു

“congrats സാർ. അന്നത്തെ സംഭവം കിടുക്കി. സാർ സൂപ്പർ ആണ്. ഇപ്പൊ ഞങ്ങളുടെ ഹീറോ സാർ ആണ്. ഇങ്ങനെ ഉള്ളവരെ കൊ-ല്ലണം “

സഞ്ജയ്‌ മെല്ലെ ചിരിച്ചു. ഗൗരി അത് കണ്ടു കൊണ്ട് അങ്ങോട്ട്‌ വരുന്നുണ്ടായിരുന്നു

“എന്റെ വൈഫ് ആണ് ഗൗരി “

പെൺകുട്ടികൾ ആരാധനയോടെയും തെല്ല് അസൂയയോടെയും അവളെ നോക്കി.

“ശരി ഞങ്ങളങ്ങോട്ട് “

സഞ്ജയ്‌ തലയാട്ടി

“എന്ത് ഗ്ലാമർ ആണ് കക്ഷി അല്ലെ? ടീവിയിൽ കാണുന്നതിൽ ഭംഗി ” അവരിൽ ഒരാൾ പറയുന്നത് കേട്ട് ഗൗരിക്ക് ചിരി വന്നു. അവൾ അവന്റെ നെറ്റിയിൽ ചന്ദനം തൊട്ട് കൊണ്ട് മെല്ലെ ചിരിച്ചു

“ഉം?”

“അവർ പറയുന്നു ഈ ആൾക്ക് ഭയങ്കര ഗ്ലാമർ ആണെന്ന്.”

“റിയലി?”

“ആവോ ” അവൾ കള്ള ചിരിയോടെ നടന്നു

ഇടവഴിയിൽ തിരക്കുണ്ടായിരുന്നില്ല.അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു.

“ഗൗരീ…”

“ഉം?”

“ഞാൻ നിന്നേ ഒത്തിരി കരയിച്ചിട്ടുണ്ട് അല്ലേടി?”

ഗൗരി നിശബ്ദയായി

“നിനക്ക് നിന്റെ ആഗ്രഹം പോലെ യുകെ യിലോ മറ്റൊ പോയി പഠിക്കണോ? നിന്റെ dream എല്ലാം നടക്കണം.. ഞാൻ കല്യാണം കഴിച്ചു പോയത് കൊണ്ട് നിന്റെ future ഇല്ലാതാവരുത്.”അവൻ ഹൃദയത്തിൽ തട്ടി പറഞ്ഞതായിരുന്നു അത്. ഗൗരി അവന്റെ കൈകളിൽ കൈ കോർത്തു പിടിച്ചു.

“അന്ന് അങ്ങനെ ഒരു മനസ്സായിരുന്നു. ഏട്ടന്റെ കാര്യം. പിന്നെ ഭീഷണികൾ ഇന്ന് അതല്ല.എനിക്ക് ഒരാളുണ്ട്. എന്നെ ഏത് അപകടത്തിൽ നിന്നും കാക്കുന്ന ഒരാൾ. അപ്പൊ എനിക്കിവിടെയും പഠിക്കാം കൊച്ചിയിൽ. അത് കഴിഞ്ഞു ഒരു ബിസിനസ് സ്റ്റാർട്ട്‌ ചെയ്യണം. കൺസ്ട്രക്ഷൻ. അതാണ് എന്റെ മനസ്സിൽ. എനിക്ക് ഇപ്പൊ കുറെ നാളൊന്നും സഞ്ജു ചേട്ടനെ കാണാതിരിക്കാൻ വയ്യ.”
സഞ്ജയുടെ ഹൃദയത്തിൽ മഞ്ഞിന്റെ തണുപ്പ് നിറഞ്ഞു

അവളുടെ ശബ്ദം താഴ്ന്നു

“ചിലപ്പോൾ അത് ഒരു പൈങ്കിളി വർത്താനം ആയിരിക്കും. പക്ഷെ അതാണ് സത്യം.കാണാതെ ഇരുന്നാൽ ശ്വാസം മുട്ടുന്ന പോലെയാ..”

അവൻ അലിവോടെ അവളെ ചേർത്ത് പിടിച്ചു

“സഞ്ജു ചേട്ടന് എന്തോ മാന്ത്രിക ശക്തി ഉണ്ട്. നോക്കുമ്പോൾ തന്നെ നമ്മൾ അഡിക്ട് ആയി പോകുന്ന എന്തോ ഒന്ന് “

“പോടീ ” സഞ്ജു ചിരിച്ചു

“സത്യം.. എനിക്ക് എന്തിഷ്ടമാണെന്നോ ഈ കണ്ണുകൾ.. “അവൾ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി

“കടലുറങ്ങുന്ന കണ്ണുകൾ ” അവൾ മന്ത്രിച്ചു

സഞ്ജയ്‌ അവളുടെ മുടി ഒതുക്കി വെച്ചു. പിന്നെ കവിളിൽ അമർത്തി ചുംബിച്ചു

“നിന്റെയാണ് ഞാൻ. നിന്റെ മാത്രം ” അവൻ മന്ത്രിച്ചു. വീട് എത്തും വരെ പിന്നെ അവർ നിശബ്ദരായിരുന്നു. വൈകുന്നേരം അത്താഴം എന്താ വേണ്ടത് എന്ന് അമ്മ അവളോട് ചോദിച്ചു.

“സാധാരണ ഉള്ളത് ” അവൾ അലസമായി പറഞ്ഞു

“ശേ എന്താ കുട്ടി ഇത്? സഞ്ജയ്‌ നമ്മളെ പോലാണോ? നോൺ വെജ് ക്കേ കഴിക്കുന്ന ആളല്ലേ? ചോദിക്ക് “

സഞ്ജയ്‌ മുറിയിൽ നിന്നിറങ്ങുമ്പോൾ ഉള്ള ഇളം തിണ്ണയിൽ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. മുറ്റത്തു മുല്ല വിരിഞ്ഞിരിക്കുന്നു. നല്ല മണം

“എന്താ എന്റെ ചെക്കൻ ആലോചിച്ചു കൂട്ടുന്നത്?” അവൾ പിന്നിലൂടെ വന്നു കഴുത്തിൽ ചുണ്ടമർത്തി

സഞ്ജയ്ക്ക് കുളിർന്നു. അവനൊരു കൈ കൊണ്ടവളെ വലിച്ചു മടിയിൽ ഇരുത്തി. അവൾ രണ്ടു കൈകളും കഴുത്തിൽ ചുറ്റി മൂക്ക് കൊണ്ടവന്റെ മൂക്കിന്റെ തുമ്പിൽ ഉരസി.

“എന്റെ പൊന്ന് എന്താ ആലോചിച്ചേ?”

“നല്ല സുഖമാണ് നാട്ടിൻപുറം അല്ലെ? തിരക്കില്ല ബഹളം ഇല്ല. ഞാൻ ഇത് വരെ ഇങ്ങനെ ഒരു സ്ഥലത്ത് സ്റ്റേ ചെയ്തിട്ടില്ല “

“അത് പറ. അതിന്റെ കുഴപ്പം എല്ലാം സാറിന്നുണ്ട് “

“എന്താ ഡി എനിക്ക് കുഴപ്പം?” അവനവളെ ഇക്കിളിയാക്കി. അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് ഇരുന്നു

“ദേ എനിക്ക് ശ്വാസം മുട്ടുന്നെ “അവൾ ചിരിക്കിടയിൽ പറഞ്ഞു

“എന്നാ സി പി ആർ തരാം “അവൻ കുസൃതിയിൽ ചിരിച്ചു

“അയ്യടാ ” അവനാ മുഖം ലാളിച്ചു കൊണ്ടിരുന്നു

“അമ്മ ചോദിച്ചു എന്താ കഴിക്കാൻ വേണ്ടതെന്ന്. നോൺ വേണോന്ന് “

“വേണ്ട. ഇവിടെ എന്തുണ്ടോ അത് മതി ” അവളുടെ മുഖം വാടി

“വീട് കുഞ്ഞതാ. മുറിയും അതെ.. എസി ഒന്നുമില്ലാട്ടോ. അഡ്ജസ്റ്റ് ചെയ്യണേ “

അവന്റെ ഉള്ളിൽ ഒരു വേദന നിറഞ്ഞു

“നീയില്ലേ ഇവിടെ. അത് പോരെ എനിക്ക്?” അവൾ പൊടുന്നനെ അവനെ ചുംബിച്ചു. തീവ്രമായി, തീഷ്ണമായി..

“ഒരു മഴ പെയ്തേക്കും…”അവൻ മാനത്തു നോക്കി പറഞ്ഞു

“നോക്ക് ഇന്ന് പൂർണ ചന്ദ്രനാണ്. പൗർണമിക്ക് മഴ പെയ്യില്ല ” അവൻ ചിരിച്ചു

“ഇന്ന് മഴ പെയ്യും നോക്കിക്കോ. ഇടി വെട്ടി പെയ്യും “

“ഉയ്യോ ഇടിയും മിന്നലും എനിക്ക് പേടിയാ ” അവളുടെ മുഖത്ത് ഭയം നിറഞ്ഞു

“നിനക്ക് എന്തിനെയെങ്കിലും പേടിയില്ലാതെയുണ്ടോ? പൂച്ചയെ പേടി, പാറ്റയെ പേടി, സ്പീഡ് പേടി, ദേ ഇപ്പൊ ഇത് ” അവൾ ശുണ്ഠിയിൽ മുഖം വീർപ്പിച്ചു

“പാറു ” അച്ഛൻ വിളിക്കുന്ന ശബ്ദം കെട്ട് അവൾ അവന്റെ മടിയിൽ നിന്ന് ചാടിയിറങ്ങി

“മോള് സഞ്ജയോടും കൂടി വരാൻ പറയു ട്ടോ “

“വാ ” അവൾ അവന്റെ കൈ പിടിച്ചു നടന്നു

“മോനിരിക്ക്.. ഇവിടുത്തെ സൗകര്യങ്ങൾ ഒക്കെ കുറവാണ് ട്ടോ “

സഞ്ജയ്‌ മൗനം പാലിച്ചു

“ഞങ്ങൾ തമിഴ് നാട്ടിലാണ്. മോന് ഒക്കെ അറിയാമല്ലോ. ഇവളെ ഒന്ന് കാണാൻ കുറച്ചു ദൂരം വരണം. അതേയുള്ളു ഒരു വിഷമം “

“അപ്പൊ വിവേക്? വിവേകിനെ കാണണം എന്ന് അച്ഛന് തോന്നുന്നില്ലേ?”

ഒരു നിശബ്ദത പരന്നു അവിടെ

“ഒരു കൊ-ലപാതകം ചെയ്തവനാണ്. ഞങ്ങളെയാരെയും ഓർക്കേണ്ട. ഇവളെ ഓർത്തില്ല. എന്തിനാ അവൻ ഇങ്ങനെ ഒക്കെ ചെയ്തത് എന്ന് ഓർത്തു കരയാതെ ഉറങ്ങിട്ടില്ല.”

“വിവേക് തെറ്റ് ചെയ്തിട്ടില്ല “

സഞ്ജയ്‌ ഉറപ്പോടെ പറഞ്ഞു. ഗൗരി നടുക്കത്തോടെ അവനെ നോക്കി

“it was an accident… അറിഞ്ഞു കൊണ്ടല്ല. ഞാൻ അന്വേഷിച്ചു. വിവേക് നിരപരാധി ആണ്. സ്ഥലം എം എൽ എ യുടെ മകളായിരുന്നു മരിച്ചു പോയ പെൺകുട്ടി. അയാളാണ് കേസ് ഇങ്ങനെ ആക്കിത്തീർത്തത്. അച്ഛൻ പോകണം. ജയിലിൽ നിന്ന് വിവേക് ഇറങ്ങുന്ന ദിവസം.ഈ ഓഗസ്റ് 15ന് വിവേക് ജയിലിൽ നിന്ന് ഇറങ്ങും. ഞാൻ അത് ഐ ജി യോട് പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. വിവേക് ഇറങ്ങുമ്പോൾ അച്ഛൻ ഉണ്ടാവണം കൂട്ടിക്കൊണ്ട് വരാൻ.”

ആ വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു

“ഈശ്വര എന്നൊരു നിലവിളി ഉയർന്നു. അമ്മയും മുത്തശ്ശിയും വിങ്ങി പൊട്ടി കരയുമ്പോൾ സഞ്ജയ്‌ അത് കാണാൻ ആവാതെ അവിടെ നിന്ന് മുറിയിലേക്ക് പോയി. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു

സത്യം അറിയണം എന്ന് ആർക്കും തോന്നിയില്ല. താൻ ഉൾപ്പെടെ കേട്ടത് വിശ്വസിച്ചു. അവനെ, വിവേകിനെ കേട്ടില്ല.

“സഞ്ജു ചേട്ടാ…അടഞ്ഞ ശബ്ദം

ഗൗരി വരും എന്നവന് അറിയാമായിരുന്നു

“ഇത് സത്യാണോ? പിന്നേ പോയി അന്വേഷിച്ചോ?”

സഞ്ജയ്‌ ഒന്ന് മൂളി

“എന്നിട്ട് എന്താ എന്നോട് പറയാഞ്ഞത്?” അവൻ കൈ പിടിച്ചു വലിച്ചു അടുത്ത് നിർത്തി

“ദേ ഇങ്ങനെ എല്ലാവരും അറിയുന്ന അന്ന് നീയും അറിഞ്ഞാൽ മതി എന്ന് കരുതി ഞാൻ.”

“ഐ ജിയെ കണ്ട് സംസാരിച്ചു എന്ന് പറഞ്ഞത് സത്യാണോ?”

“സത്യം. വിവേക് വരും.”

അവളുടെ കണ്ണ് നിറഞ്ഞൊഴുകി

“ഇനി എന്റെ ഏട്ടന്റെ ജീവിതം എന്താകും സഞ്ജു ചേട്ടാ? മെഡിസിൻ പാസ്സ് ആയ ആളാണ്. പക്ഷെ എവിടെ എങ്കിലും ജോലി കിട്ടുമോ? ഒരു കൊലപാതകി എന്ന ലേബൽ മാറുമോ? ഒരു കുടുംബം ഉണ്ടാകുമോ?”

അവളവന്റെ നെഞ്ചിൽ ചേർന്ന് കരഞ്ഞു

“ഞാനില്ലേ?” അവൾ മുഖമുയർത്തി

“ഞാൻ ഉണ്ട് വിവേകിന്… അവന്റെ ജീവിതം ഇനി സ്പോയിൽ ആവില്ല. അതിന് എന്ത് വേണമെന്നും എനിക്ക് അറിയാം.”

“എന്റെ ഏട്ടനോട് ക്ഷമിച്ചോ?”

അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു

“നിന്നേ സ്നേഹിക്കാൻ തുടങ്ങിയ അന്ന് ഞാൻ എന്റെ മനസിലെ സകല കറയും കഴുകി കളഞ്ഞിരുന്നു. നിന്നേ സ്‌നേഹിക്കുമ്പോൾ നിന്നേ ബാധിക്കുന്ന എല്ലാത്തിനെയും ഞാൻ സ്നേഹിക്കണ്ടേ? അല്ലെങ്കിൽ അതെങ്ങനെ സ്നേഹമാകും?”

ഗൗരി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവന്റെ മുഖം പിടിച്ചു താഴ്ത്തി നിറുകയിൽ ഉമ്മ വെച്ചു

തുടരും…