നിന്നെയും കാത്ത്, ഭാഗം 74 – എഴുത്ത്: മിത്ര വിന്ദ

എന്റെ നന്ദുട്ടി, നീ സങ്കടപ്പെടുവൊന്നും വേണ്ടന്നെ,കുഞ്ഞാവയുടെ കാര്യം ഈ ഭദ്രേട്ടൻ ഏറ്റു, ഇന്ന് മുതൽക്ക് എത്ര അധ്വാനിച്ചിട്ട് ആണേലും ശരി, നിന്റെ ആഗ്രഹം സാധിപ്പിച്ചേ ഞാൻ അടങ്ങൂ… പോരേ….

ഭദ്രൻ ആണെകിൽ അവന്റെ വലതു ചുമൽ ഒക്കെ മേല്പോട്ട് ഉയർത്തി കൊണ്ട് ഒരു പ്രത്യേക താളത്തിൽ ആയിരുന്നു പറഞ്ഞത്.?നന്ദു അപ്പോൾ അവന്റെ നെഞ്ചിലൊന്ന് ഇടിച്ച ശേഷം വാതിൽ കടന്നു ഇറങ്ങി പോയിരിന്നു.

സരസമ്മ ചേച്ചി ആണെങ്കിൽ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ഇനി കുഞ്ഞുവാവയെ കാണാൻ വേണ്ടി വരാം കേട്ടോ മോളെ…നന്ദനയേ നോക്കി അവർ പറഞ്ഞപ്പോൾ അമ്മയും അവളും പരസ്പരം നോക്കി ചിരിച്ചു.

വൈകാതെ തന്നെ അവർ പോകുകയും ചെയ്തു. അന്ന് മൊത്തത്തിൽ ആകെ കൂടി നന്ദുവിന് വല്ലാത്ത പരവശമായിരുന്നു. നേരം പിന്നിടും തോറും, അത് കൂടിക്കൂടി വന്നു. ഭദ്രന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് എന്തോ ഒരു വല്ലായ്മ പോലെ.. അവന് കാര്യം പിടികിട്ടിയെങ്കിലും, ഒന്നും മനസ്സിലാകാത്ത മട്ടിൽ ഇരിക്കുകയാണ് ചെയ്തത്.

ഊണ് കഴിച്ച്,കഴിയുമ്പോൾ എന്നും അവൾ,കുറച്ച് സമയം പോയി കിടക്കുന്നതാണ്. എന്നാൽ,ഇന്നാണെങ്കിൽ,അവൾ അവന്റെ അടുത്തേക്ക് പോയതേയില്ല. ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞു ഗീതമ്മയുടെ അടുത്ത് കൂടി.

മോള് പോയി കിടന്നോളാൻ അവർ പറഞ്ഞു എങ്കിലും ഉറക്കം വരുന്നില്ലേന്നു പറഞ്ഞു ഒഴിഞ്ഞു മാറി. വൈകുന്നേരം മിന്നുവും അമ്മുവും ഒക്കെ വന്നപ്പോൾ, പിന്നെ നന്ദന അവരുടെ ഒപ്പം ആയി.

അവരുടെ ഹോംവർക്ക് ഒക്കെ പറഞ്ഞു കൊടുക്കാനും, സംശയങ്ങൾ തീർക്കാനും ഒക്കെയായി  സമയം ചിലവഴിച്ചു. ഇടയ്ക്ക് ഒരു തവണ, ഭദ്രൻ കവല വരെ പോയിട്ട്,വന്നു.

ആ സമയത്ത് നന്ദന, കുളിയൊക്കെ കഴിഞ്ഞ്, ഇറങ്ങി വന്നിട്ട്, നെറുകയിൽ സിന്ദൂരം ഇട്ടുകൊണ്ട് റൂമിൽ നിൽക്കുകയായിരുന്നു. പെട്ടെന്നായിരുന്നു ഭദ്രൻ കതക് തുറന്നു കയറി വന്നത്..

നീ കുറച്ച് സമയം ആയല്ലോ ഈ ഒളിച്ചുകളി തുടങ്ങിയിട്ട്, ഹ്മ്മ്.. എന്തേ… ഇതൊക്കെ പതിവില്ലാത്തതാണല്ലോ..?

അവളുടെ അടുത്തേക്ക് വന്ന് ഭദ്രൻ ചോദിച്ചതും, പെണ്ണിന്റെ മുഖം താഴ്‌ന്നു..

നന്ദേ…

ഹ്മ്മ്…

ചോദിച്ചത് കേട്ടില്ലേ…

ഹ്മ്മ്..

പിന്നെന്താ മറുപടി പറയാത്തത്.

ഒന്നുല്ലന്നേ…ഒക്കെ ഏട്ടന്റെ തോന്നലാണ്..

ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നുമില്ല കേട്ടോ,,,ഈ പേടിച്ചു ഉള്ള നടപ്പ് ആദ്യം ഒന്ന് മാറ്റ്, അമ്മയ്ക്ക് വല്ലോ സംശയവും തോന്നും.വെറുതെ എന്നേ നാറ്റിയ്ക്കല്ലേ. അവൾക്ക് കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി പറഞ്ഞുകൊണ്ട്, ഭദ്രൻ വന്നു ബെഡിൽ ഇരുന്നു.

അപ്പോഴും നന്ദന മുഖവും കുനിച്ച് നിൽപ്പുണ്ട്.

വലം കൈകൊണ്ട് അവളെ പിടിച്ച്, തന്നോട് ചേർത്തു ഇരുത്തിയിട്ട് അവളുടെ നെറ്റിയിലേക്ക് വീണ മുടിയിഴകൾ ഒക്കെ മാടി ഒതുക്കി കാതിന്റെ പിന്നിലേക്ക് വെയ്ക്കുകയാണ് ഭദ്രൻ.

“ടി…..” ശ്വാസം പോലും അടക്കി പിടിച്ചു ഇരിക്കുന്നവളെ കണ്ടതും അവനു ചിരി പൊട്ടി.

ഹ്മ്മ്.. എന്താ…

ഞാനേ ലോഡ് എടുക്കാൻ പോകുവാ,, നാളയെ വരൂ… അതുകൊണ്ട് കൂടുതലൊന്നും ആലോചിച്ചു നീ ഇപ്പോൾ തല പുണ്ണാക്കണ്ട..

അയ്യോ ഭദ്രേട്ടാ അത് പറ്റില്ല കേട്ടോ.. പെട്ടന്ന് നന്ദു പറഞ്ഞു.

ഏത് പറ്റില്ലെന്ന്… എന്താണ് നി ഉദ്ദേശിച്ചത്?

“ഇന്ന് ഇപ്പൊ പോണോ ഏട്ടാ, നാളെ പോയാൽ പോരേ.. പ്ലീസ് “

” എനിക്ക് പണി തന്നേക്കുന്നതും അതിന്റെ കൂലി തരുന്നതും ജോസ് അച്ചായൻ ആണ്, പുള്ളിക്കാരൻ പറയുന്നത് കേട്ടില്ലെങ്കിൽ, പകരം വേറെ ആള് കേറും, ഒന്നാമത് ലോഡ് വന്നിട്ട് ഇപ്പോൾ മൂന്നാലു ദിവസമായി, ഇനിയെങ്കിലും പോയില്ലെങ്കിൽ ശരിയാവില്ല നന്ദു…. “

അല്പം ഗൗരവത്തിൽ അവൻ പറഞ്ഞതും നന്ദന ഒന്നും മിണ്ടാതെ കൊണ്ട് തല കുമ്പിട്ടിരുന്നു..

ആ കാക്കാലത്തി എന്തോ പറഞ്ഞെന്ന് കരുതി നിനക്കും പേടിയല്ലേ… ഇനി ഇപ്പൊ അതിന്റെ ഒന്നും ആവശ്യം ഇല്ല.. മര്യാദയ്ക്ക് കിടന്ന് ഉറങ്ങിക്കോണം, “

എനിക്ക് പേടിയൊന്നുമില്ലന്നേ ,ഇതൊക്കെ ഏട്ടനോട് ആരാണ് പറഞ്ഞത്..?

ഹ്മ്മ്… ഞാൻ കണ്ടായിരുന്നു, മുഖവും കുനിച്ചുള്ള നടപ്പ്, കാണുമ്പോൾ ആർക്കും ഒന്നും മനസ്സിലാകില്ലെന്നാണോ നിന്റെ വിചാരം…

അത് ഞാൻ… പിന്നെ, വെറുതെ…

ആഹ്.. മതി പറഞ്ഞത്, എഴുന്നേറ്റ് ചെല്ല്, ചെന്നു നാമം ചൊല്ലാൻ നോക്ക്.

അവൻ പറഞ്ഞതും നന്ദന ദയനീയമായി ഒന്നു മുഖമുയർത്തി.

” ഭദ്രേട്ട… ഇന്ന് പോണോ ഇനി “

“നീ ചെല്ല് നന്ദു…. നേരം പോകുന്നു”,

അവൻ ധൃതി കാട്ടിയതും, നന്ദന പിന്നീട് ഒന്നും പറയാതെ  എഴുന്നേറ്റ് പോയി.

അമ്മു അപ്പോൾ നിലവിളക്ക് കൊളുത്തുവാൻ തുടങ്ങുകയാണ്..അപ്പുറത്തെ റൂമിൽ മിന്നു എഴുതിക്കൊണ്ട് ഇരിപ്പുണ്ട്.

മോളെ… വിളക്ക് വെച്ച് കേട്ടോ..

നന്ദന വിളിച്ചതും അവൾ പെട്ടന്ന് എഴുത്ത് മതിയാക്കി, ഉമ്മറത്തേക്ക് വന്നു.എല്ലാവരും കൂടി ഇരുന്ന്, സന്ധ്യയ്ക്ക് നാമം ഒക്കെ ജപിച്ചു. അതൊക്കെ കഴിഞ്ഞ് എഴുന്നേറ്റ് വന്നപ്പോൾ ഭദ്രൻ ഇരുന്ന് ടിവിയിൽ ക്രിക്കറ്റ്‌ കാണുന്നുണ്ട്..

” ഭദ്രേട്ടൻ കുളിക്കുന്നില്ലേ “?നന്ദന ചോദിച്ചു.

ആഹ്… ഇനി ലോഡ് എടുത്തിട്ട് വന്നിട്ട് കുളിക്കാം,നീ ഇത്തിരി ചോറ് വിളമ്പിയ്ക്കോ.. വേഗം പോട്ടെ..

അവൻ പറഞ്ഞതും നന്ദ അടുക്കളയിലേക്ക് ചെന്നു. നേരം അപ്പോൾ 7മണി കഴിഞ്ഞതേയുള്ളു..ഭദ്രന് കഴിക്കാനായി വിളമ്പിയ സമയത്ത് മിന്നുവിനും വിശപ്പ്. പിന്നെ നന്ദന അവൾക്കും കൂടിയുള്ളത് എടുത്തു..രണ്ടാൾക്കുള്ള ഭക്ഷണം മേശമേൽ കൊണ്ട് വെച്ച ശേഷം, അമ്മുവിന്റെ ഒപ്പം അവളും ഇരുന്നു പഠിക്കുവാൻ സഹായിച്ചു.

” നീ രാത്രിയിൽ തിരിച്ചുവരുമോ മോനേ “?

“ആഹ്, വെളുപ്പാകും അമ്മേ “

” എവിടേക്കാടാ ഇന്ന് “

“ചിറ്റൂർക്ക്…”

“ഹ്മ്മ്…. പതിയെ പോയാൽ മതി കേട്ടോ, ഒരുപാട് സ്പീഡിൽ ഒന്നും ഓടിച്ചു പോയേക്കരുത്, അല്ലേലും നിനക്ക് ഇത്തിരി സ്പീഡ് കൂടുതലാണെന്ന് എല്ലാവരും പറയുന്നത് “

“ഓഹ്… എന്തോന്ന് സ്പീഡ്, ഇതൊക്കെ അമ്മയോട് ആരാ പറഞ്ഞേ “

” വേറെ ആരും അല്ല, നിന്റെ കൂടെയുള്ളവൻ തന്നെ.. സെബാന് “

” അവനൊക്കെ പറയുന്നത് അമ്മയല്ലാതെ വേറെ ആരെങ്കിലും വിശ്വസിക്കുമോ, ചുമ്മാ ഓരോന്ന് കാണാതെയും കേൾക്കാതെയും പറഞ്ഞുകൊണ്ടിരിക്കല്ലേ  “

ഭദ്രൻ ശബ്ദമുയർത്തിയതും, ഗീതമ്മ പിന്നീട് ഒന്നും മിണ്ടിയതേയില്ല..ഇടയ്ക്കൊക്കെ അവന്റെ നോട്ടം നന്ദനയുടെ മേലാണ്.. താൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ മുതൽ ആളാണെങ്കിൽ ആകെ മൂഡ് ഓഫ് ആണ്,ആ ഇരിപ്പ് കണ്ടാൽ തോന്നും ഈ നാട്ടിലേ അല്ലെന്ന്…

ഉള്ളിൽ ചിരി പൊട്ടിയെങ്കിലും ഭദ്രൻ അത് കടിച്ചു പിടിച്ചിരുന്നു.. അത്താഴം കഴിച്ച് എഴുന്നേറ്റു, പെട്ടെന്ന് തന്നെ തുണി മാറാനായി മുറിയിലേക്ക് പോയി.. അവൻ കഴിച്ച പാത്രം കഴുകി വെച്ചിട്ട് നന്ദനയും പെട്ടന്ന് അരികിലേക്ക് ചെന്നു.

ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് കണ്ണാടിയുടെ മുന്നിൽ നിൽക്കുകയാണ് ഭദ്രൻ.

കട്ടിലിന്റെ ക്രാസയിൽ പിടിച്ചുകൊണ്ട് നന്ദന തന്നെ നോക്കി നിൽക്കുന്നത്, ഭദ്രന് കാണാം.

തലമുടി ചീവി ഒതുക്കിയ ശേഷം, ഫോൺ എടുത്ത് ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇട്ടു കൊണ്ട്, ബൈക്കിന്റെ ചാവിയും എടുത്ത് അവൻ  നന്ദനയുടെ നേർക്ക് തിരിഞ്ഞു.

“കതകടച്ച് കിടന്നോണം, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി കേട്ടോ…”

അവളുടെ കവിളിൽ ഒന്ന് തലോടിയ ശേഷം, ആ നെറുകയിൽ ഒന്നു  മുത്തിക്കൊണ്ട്, അവൻ പറഞ്ഞതും നന്ദു അവനെ കെട്ടി പിടിച്ചു.

“ഹ്മ്മ്… ആകെ കൂടി കിട്ടുന്ന സൗജന്യമാണിത്,,, പിന്നെ, ഇങ്ങനെയൊന്നും നിന്നാല് കുഞ്ഞിkകാല് കാണാം എന്നൊന്നും കരുതേണ്ട കേട്ടോ….

പറഞ്ഞു കൊണ്ട് അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. ശേഷം വെളിയിലേക്ക് ഇറങ്ങി പോയി.

ബൈക്ക് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടതും നന്ദനയുടെ മിഴികൾ നിറഞ്ഞു.

പിന്നെ ഇത് ആണല്ലോ ഏട്ടന്റെ ജോലി എന്നോർത്ത് അവൾ ആശ്വസിച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു.

തുടരും…