ധ്രുവം, അധ്യായം 35 – എഴുത്ത്: അമ്മു സന്തോഷ്

ഗൗരി വീട്ടിലേക്ക് ചെല്ലുമ്പോൾ കൃഷ്ണ പഠിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മൂന്ന് ദിവസമായി അവൾക്ക് അത് മനസ്സിൽ കിടന്നു തികട്ടുന്നു

അർജുൻ…കൂടെ പഠിക്കുന്ന ആരെങ്കിലും ആണോ.?

കൃഷ്ണ ഇതിനു മുൻപും കുറച്ചു നാൾ ആർക്കോ വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചത് അമ്മ പറഞ്ഞു അവൾക്കോർമ്മയുണ്ട്. കൃഷ്ണ ബുദ്ധിയുള്ള കുട്ടിയാണ്
പക്ഷെ പറഞ്ഞിട്ടു കാര്യമില്ല. പ്രണയത്തിൽ ബുദ്ധി അല്ല മനസാണ് ഭരിക്കുക

“ഇന്ന് ഷോപ്പിൽ പോകണ്ടല്ലേ..ഞായറാഴ്ച..ഏട്ടൻ എവിടെ?”

കൃഷ്ണ പുസ്തകത്തിൽ നിന്ന് കണ്ണുകൾ ഉയർത്തി

“ഏട്ടൻ കടയിൽ പോയി. ഞാൻ വെറുതെ നിന്നെ ഒന്ന് കാണാൻ “

“അത് ശരി അപ്പൊ ഞങ്ങളെ കാണണ്ട “

ലത തുണികൾ അലക്കാനായി എടുത്തു ബക്കറ്റിൽ വെച്ച് ചോദിച്ചു. ഗൗരി ചിരിയോടെ അവരെയൊന്നു നോക്കിയതേയുള്ളു

“ഞാൻ ഇത് കഴുകിയിട്ടു വരാം.”

അവർ പോയി എന്നുറപ്പ് വരുത്തിയപ്പോൾ ഗൗരി കൃഷ്ണയോട് ചോദിച്ചു

ആരാണ് അർജുൻ

“അർജുൻ ഡോക്ടർ ജയറാമിന്റെ മകനാണ്. എന്താ ചേച്ചി?”

കൃഷ്ണ സാധാരണ പോലെ മറുപടി പറഞ്ഞു

“നീ പുഷ്പാഞ്ജലി നടത്തിയത് ഞാൻ കണ്ടു. അത്ര മേൽ അടുപ്പം ഉണ്ടെങ്കിൽ അല്ലെ അത് ചെയ്യുകയുള്ളൂ,

“അവരുടെ പുതിയ ആശുപത്രിയുടെ ഉത്‌ഘാടനം ആണ്. അപ്പൊ ഡോക്ടർ പറഞ്ഞിട്ട് ചെയ്തതാണ്. അർജുൻ സാറിന് ദൈവവിശ്വാസം ഇല്ല.”

ഗൗരി അവളെ പഠിക്കുകയായിരുന്നു. മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല. താൻ കരുതുന്നത് പോലെ ഒന്നുമില്ലന്ന് അവൾക്ക് തോന്നി. പക്ഷെ അന്ന് താൻ നോക്കിയപ്പോൾ അവൾ രസീത് മറയ്ക്കാൻ ശ്രമിച്ചു. അതെന്തിനാണ്?

“ആള് മാരീഡ് ആണോ?”

ഗൗരി സൂക്ഷ്മമായി നോക്കി

“അല്ലല്ലോ.”

“എത്ര വയസ്സുണ്ട്.?”

“അറിഞ്ഞൂടാ മുപ്പത്തിനകത്തു ഉണ്ടാവും “

“അതെന്താ കല്യാണം കഴിയാത്തത്?”

കൃഷ്ണ താടിക്ക് കൈ കൊടുത്തു

“അതെന്നോട് ചോദിച്ചാൽ എനിക്ക് അറിയാമോ?”

അത് ശരിയാണല്ലോ എന്ന് ഗൗരിയും ഓർത്തു

“നീ വളരെ അടുപ്പം ആണല്ലോ അവരോട് “

“ഡോക്ടർക്ക് എന്നെ വലിയ ഇഷ്ടമാണ്. പെണ്മക്കൾ ഇല്ലല്ലോ അതാവും “

കൃഷ്ണയേ ആർക്കാ ഇഷ്ടപ്പെടാതിരിക്കുക എന്നവൾ ഓർത്തു. എങ്ങനെ അവളെ സ്നേഹിക്കാതിരിക്കും. അത്രയും നല്ല കുട്ടിയാണ്

“അർജുൻ നിന്നോട് എങ്ങനെയാ?”

ചേച്ചിക്ക് സംശയം തീരുന്നില്ലല്ലോ എന്ന് കൃഷ്ണ ഓർത്തു

“എന്നോട് കൂട്ടാണല്ലോ എന്താ ചേച്ചി ശരിക്കും ചേച്ചിയുടെ മനസ്സിൽ? പ്രേമം വല്ലോം ആണോന്നാണോ”

ഗൗരി ഒന്ന് വിളറി

“ഇനിയൊരു അഞ്ചു വർഷം കൂടി പ്രേമം ഇല്ല. ഇത് കഴിഞ്ഞു എം ഡി ചെയ്യണം. പ്രേമിച്ചു കൊണ്ടിരുന്നലെ പഠിത്തം പോക്കാ. സമാധാനം ആയില്ലേ?”

ഗൗരി പുഞ്ചിരിയോടെ മുഖം തിരിച്ചു

“ഈ സംശയം ഏട്ടനോട് പറയാൻ നിൽക്കണ്ട. ടെൻഷൻ ആവും. അത് വേണ്ട “

ഗൗരി തലയാട്ടി

“അർജുൻ ആള് എങ്ങനെയാ പാവമാ?”

“അത് കളഞ്ഞില്ലേ?”

“വെറുതെ അറിയാൻ ചോദിച്ചു ന്നേയുള്ളു “

“അർജുൻ സർ ഡോക്ടറെ പോലല്ല. പാവം എന്നതിന്റെ അർത്ഥം എന്താ ചേച്ചി
എല്ലാരുടെയും മുന്നിൽ നല്ല കുട്ടിയായിട്ട്. എല്ലാരും നല്ലതാണെന്നു പറയുന്ന നൻമ ചെയ്യുന്ന ഒരാൾ. സാധു. അതാണോ?”

ഗൗരി ഒന്ന് മൂളി

“അങ്ങനെയല്ല കക്ഷി. ബിസിനസ്കാരനല്ലേ. അപ്പൊ എങ്ങനെ ആയിരിക്കും? അത് തന്നെ “

അവൾ എങ്ങും തൊടാതെ പറഞ്ഞു നിർത്തി. പിന്നെ ഗൗരി ഒന്നും ചോദിച്ചില്ല

കൃഷ്ണ പറയുമ്പോൾ അതിൽ സംശയം വരാൻ ഒന്നുമില്ല. സാധാരണ ഒരു ബന്ധം പറയുന്നു അത്രേ തന്നെ. പക്ഷെ അതല്ല എന്ന് ഗൗരിക്ക് തോന്നി. നമുക്ക് ചില തോന്നലുകൾ ഉണ്ടാവില്ലേ?ചില സമയം എല്ലാം കറക്റ്റ് ആണെങ്കിലും എവിടെയോ ഒരിടത്തു ചേരാതെ കിടക്കുന്ന ഒരു കണ്ണി. അതുണ്ട്

കൃഷ്ണയുടെ ഭാവങ്ങളിൽ അത് ഒളിഞ്ഞു കിടപ്പുണ്ട്. ഗൗരിക്ക് മനസ്സിൽ ഒരു ഭാരം വന്നു

ഗൗരി മനുവേട്ടന്റെ ജീവനാണ്. അവളിന്നും ഏട്ടനു കുഞ്ഞ് മോളാണ്. എന്റെ കുഞ്ഞ് എന്നെ പറയുകയുള്ളു. ഓർമ്മ വെച്ച നാൾ മുതൽ ആ സ്നേഹം കാണുന്നതാണ്. കൃഷ്ണയ്ക്കും അതറിയാം. എന്നാലും അവൾക്ക് എന്തെങ്കിലും മനസ്സിടർച്ച സംഭവിക്കുമോ? അവരൊക്കെ വലിയ ആൾക്കാർ ആണ്. ലത കയറി വന്നപ്പോൾ പിന്നെ ആ സംഭാഷണം ഗൗരി തുടർന്നില്ല

ജയറാം രാവിലെ നകുലന്റെ വീട്ടിൽ എത്തി

“നീ വീട്ടിൽ ഉള്ളപ്പോൾ വരാനാ കാത്തിരുന്നത് “

അദ്ദേഹം പറഞ്ഞു
“എന്താ ഏട്ടാ കാര്യം?’

“കാര്യം തൃശൂർ നമ്മുടെ ഹോസ്പിറ്റലിന്റെ ഉത്ഘാടനം. ഞാൻ നേരത്തെ നിന്നോട് പറഞ്ഞിട്ടുണ്ട്. നീ ഫ്രീ ആകണം. ഞായറാഴ്ചയാണ്. എല്ലാവരും കൂടി വരണം “

“അതിപ്പോ ഏട്ടൻ ഇത്രയും ഫോർമൽ ആയിട്ട് വീട്ടിൽ വന്നു ക്ഷണിക്കണോ? ഞങ്ങളുടെ കൂടെയല്ലേ അത്? വരാതെ പിന്നെ?”

ജയറാമിന്റെ മുഖം തെളിഞ്ഞു

“പറയേണ്ടത് എന്റെ കടമയാണ് നകുല “

ഭദ്ര ചായ കൊണ്ട് വെച്ചു

“ഏട്ടൻ ഞാൻ പറഞ്ഞ കാര്യം കൃഷ്ണയോട് ഒന്ന് സൂചിപ്പിച്ചായിരുന്നോ?”

ജയറാമിന് കാര്യം മനസിലായി. രണ്ടു മൂന്ന് പ്രാവശ്യം ആയി ഭദ്ര ഇത് പറയുന്നു. ഗോവിന്ദിന്റെയും കൃഷ്ണയുടെയും കാര്യം. പറയാൻ ഒരു മടിയുണ്ട്. അവൾ അതെങ്ങനെ എടുക്കും എന്നറിയില്ല

“ഒരിക്കൽ കല്യാണം ഒക്കെ സംസാരിച്ചപ്പോൾ തികച്ചും സാധാരണ ഒരാൾ മതിയെന്ന് കൃഷ്ണ എന്നോട് പറഞ്ഞു. പണക്കാരെ അവൾക്ക് പേടിയാണ്. തീരെ നിവൃത്തി ഇല്ലാത്ത ഒരിടത്തു വളർന്നതല്ലേ അത് കൊണ്ടാവും. നമ്മുടെ സ്റ്റാറ്റസ് നോക്കുമ്പോൾ അവൾക്ക് ചിലപ്പോൾ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആണ്. ഹോസ്പിറ്റലിൽ ഒരു നിവിൻ. ഷെയർ ഹോൾഡർ ആണ്. റിച്ച് ആണ് propse ചെയ്ത സമയം എന്നോട് പറഞ്ഞതാ ഇത്. ദൃശ്യക്ക് അറിയാമല്ലോ അവളുടെ സ്വഭാവം “

അവിടേക്ക് ദൃശ്യ വന്നപ്പോൾ അയാൾ അവളോടായി ചോദിച്ചു

“ശരിയാ അമ്മേ ഞാൻ ചോദിച്ചപ്പോൾ നിന്റെ ബ്രദർ എന്റെയും ബ്രദർ ആണ്. അത് മതി എന്നാ പറഞ്ഞത്. കോളേജിൽ കക്ഷിക്ക് പ്രേമക്കാരെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ആഴ്ചയിൽ ഒരു പ്രൊപോസൽ കാണും “

ദൃശ്യ ചിരിച്ചു

“ആദ്യമൊക്കെ അവൾക്ക് ഭയങ്കര പേടിയായിരുന്നു. ഇരുന്ന് കരയും. പിന്നെ പിന്നെ മറുപടി പറയും. ആ ചെ-റ്റയുട സംഭവം കഴിഞ്ഞപ്പോൾ പിന്നെ ഓടി കളയും. ആരെങ്കിലും വന്ന അപ്പൊ മുങ്ങും. പിന്നെ ഞാനാണ് ദൂത..ഭയങ്കര സെൽഫ് കണ്ട്രോൾ ഉള്ള കക്ഷിയാണ്. ആർക്ക് കിട്ടിയാലും അവൾ ഒരു പുണ്യമാ അമ്മേ. അവളെ ഉപദ്രവിച്ചവൻ ചത്തത് കണ്ടില്ലേ? ദൈവം കൂട്ടുള്ള പെണ്ണാണ്. എന്ത് പ്രാർത്ഥന ആണെന്നോ…നല്ല കൊച്ചാ. പക്ഷെ അത് നമുക്ക് കിട്ടില്ല. അമ്മ അത് വിട്ടേക്ക്. നമുക്ക് ചേട്ടന് വേറെ നോക്കാം “

പ്രഭയുടെ മുഖം വാടി

“ശോ ഞാനങ്ങു ആഗ്രഹിച്ചു പോയി “

“അത് വേണ്ടാന്ന്. അങ്കിളേ അവള് വരുന്നില്ലേ തൃശൂർ? ഫങ്ക്ഷന് “

“ഞാൻ പറഞ്ഞില്ല. ഇന്ന് വരും ഹോസ്പിറ്റലിൽ. അപ്പൊ പറയാം. ഡേറ്റ് കൺഫേം ആയില്ലായിരുന്നു”

“അർജുൻ ചേട്ടൻ എന്തായാലും പറഞ്ഞിട്ടുണ്ടാകും. ക്ഷണിച്ചും കാണും “

ജയറാം ഒന്ന് ചിരിച്ചു

“അവർ ഭയങ്കര കൂട്ടായിപ്പോ. അവൻ ആദ്യമായിട്ടാ ആരോടെങ്കിലും ചിരിക്കുന്നത് ഞാൻ കാണുന്നത്. ഞാൻ അവന്റെ ചിരി കണ്ടിട്ട് വർഷങ്ങളായി “

അയാളുടെ ശബ്ദം നേർത്തു. കുറച്ചു നേരം ആരുമൊന്നും പറഞ്ഞില്ല. എല്ലാവരും ഓരോ ഓർമ്മകളിൽ ആയിരുന്നു

അലറിയോടുന്ന അർജുൻ

അമ്മേ..എന്നുള്ള ഉറക്കെയുള്ള നിലവിളികൾ. തല ഭിത്തിയിൽ ആഞ്ഞു ആഞ്ഞു അടിച്ച് പൊട്ടിക്കുന്നത്…അക്രമാസക്തനാവുന്നത്…ഒടുവിൽ മരുന്നിൽ മയങ്ങികിടക്കുന്നത്

പിന്നെ അസുഖം മാറിയെങ്കിലും അവൻ വേറെയൊരാളായി പോയി

പാട്ട് പാടുന്ന, വയലിൻ വായിക്കുന്ന, ആ ഊർജസ്വലനായ കുട്ടി മരിച്ചു പോയി. അനുപമയ്ക്കൊപ്പം ആ അർജുൻ അവസാനിച്ചു

പിന്നെ ഏതോ ഒരു അർജുൻ. ആരോടും അധികം മിണ്ടാതെ അങ്ങനെ. ആരോ പറഞ്ഞു ഒരു അഫയർ ഉണ്ട്. ആ കാലങ്ങളിൽ കുറച്ചു കൂടി സംസാരിക്കും. ചിരിക്കും. ആശ്വാസമായിരുന്നു. മാറുന്നുണ്ട് അവൻ. പക്ഷെ ഒരു ദിവസമതും തകിടം മറിഞ്ഞു. അവൾ പോയി

അതോടെ അവൻ പരുക്കനായി
കൂടുതൽ മുരടനായി. കണ്ടാൽ നോക്കുക പോലും ചെയ്യാതായി. അവര് ദീർഘമായി നിശ്വസിച്ചു

“ഞാൻ ഇറങ്ങട്ടെ ” ജയറാം എഴുന്നേറ്റു

“തലേന്ന് പോകണം. രാവിലെ എട്ടു മണിക്കാണ് ഫങ്ക്ഷൻ. ഹെൽത് മിനിസ്റ്റർ ആണ് ഉത്ഘാടനം “

“ശരി ഏട്ടാ “

നകുലൻ അദേഹത്തിന്റെ ഒപ്പം ഗേറ്റ് വരെ നടന്നു.

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ദൃശ്യയുടെയും കൃഷ്ണയും ക്ലാസ്സ്‌ റൂം. കൃഷ്ണ ഒരു ബിസ്കറ്റ് കഴിക്കുകയായിരുന്നു.

“നിനക്ക് ഇന്ന് ഇതാണോ ഉച്ചക്ക് ഭക്ഷണം?”

“ചോറ് വെച്ചില്ല. അമ്മ നേരത്തെ പോയി. കുറേ വേവിക്കണം അരി. എനിക്ക് വയ്യ. ഇന്ന് പരീക്ഷ ഇല്ലായിരുന്നോ. അത് കൊണ്ട് ഞാൻ ബിസ്കറ്റ് വാങ്ങി വന്നു. അത് സാരമില്ല. ഇതൊക്കെ മതി “

ദൃശ്യ ഉള്ളിൽ ഉയർന്ന സങ്കടത്തോടെ അവളെ തൊട്ടു
“വാ എന്റെ ലഞ്ച് ഷെയർ ചെയ്യാം”

“ഊഹും അത് കുറച്ചേയുള്ളു നീ കഴിച്ചോ “

“എന്നാ ക്യാന്റീനിൽ പോകാം. ഞാൻ വാങ്ങി തരാം “

കൃഷ്ണ അവളെ ഉറ്റു നോക്കി

“എത്ര ദിവസം വാങ്ങി തരും?  ഒരു ദിവസം? രണ്ടു ദിവസം? വേണ്ട മോളെ. ഞാൻ ഇതൊക്കെ ശീലിച്ചതാ.”

“എന്നും വാങ്ങി തരും കൃഷ്ണ. നീ എന്നെ അങ്ങനെയാണോ വിചാരിച്ചു വെച്ചിരിക്കുന്നത്? ഒരു ദിവസം കൊണ്ട് തീർന്ന് പോകുന്ന സ്നേഹം ആണോ നിന്നോടെനിക്ക്. നീ എന്റെ കൃഷ്ണയല്ലെടി ?”

കൃഷ്ണയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു

“എന്റെ കൃഷ്ണയല്ലേ ? “

രണ്ടു കണ്ണുകൾ നോക്കുന്നു

“നിങ്ങൾ പാരമ്പര്യമായിട്ട് മനുഷ്യരെ സ്നേഹിച്ചു കൊ- ല്ലുന്നവരാണോ “

കൃഷ്ണ കളിയിൽ ചോദിച്ചു

“വേറെയാരാ ഞങ്ങളുടെ കുടുംബത്തിൽ നിന്നെ ഇത്രയും സ്നേഹിക്കുന്നെ?”

ദൃശ്യയുടെ കണ്ണുകൾ ചെറുതായി

“അങ്കിൾ, കൃഷ്ണ പെട്ടെന്ന് പറഞ്ഞു

“എന്റെ കൃഷ്ണയല്ലേ എന്ന് അങ്കിൾ പറഞ്ഞോ”

കൃഷ്ണ വിളറിപ്പോയി

“പോടീ അങ്ങനെ അല്ല. സ്നേഹം…അതിനെ കുറിച്ച് പറഞ്ഞതാ “

“അർജുൻ ചേട്ടനും സ്നേഹം ഉണ്ടൊ..ഇത് പോലെ?”

കൃഷ്ണ ദൃശ്യയുടെ മുഖത്ത് നിന്നു കണ്ണെടുത്തു

“കക്ഷി ഇതെ ഡയലോഗ് പറഞ്ഞിട്ടുണ്ടല്ലേ?”

കൃഷ്ണയുടെ മുഖം ചുവന്നു

“ഭയങ്കര റൊമാന്റിക് ആണോ ആള്.?”

“highly inflammable “

“ശോ എങ്ങനെയാ ഡീറ്റെയിൽസ് പറ കേൾക്കട്ടെ. നമുക്കോ ആരുമില്ല. കേട്ടെങ്കിലും സന്തോഷിക്കട്ടെ,

“അങ്ങനെ ഇപ്പൊ സന്തോഷിക്കണ്ട “

അവൾ കുറുമ്പൊടെ പറഞ്ഞു

“kiss ചെയ്തോ?”

“നിനക്ക് ഈ ഒറ്റ കാര്യേ ഉള്ളോ എന്റെ കൊച്ചേ ചോദിക്കാൻ. ഇല്ല. ഇല്ല ഇല്ല. ഇനി തരുമ്പോൾ അപ്പൊ തന്നെ വിളിച്ചു പറയ”

“പിന്നെ എന്തോന്ന് റൊമാന്റിക്?”

കൃഷ്ണ അൽപനേരം അവളുടെ. മുഖത്ത് നോക്കിയിരുന്നു

“അപ്പുവേട്ടന് എന്നോട് ഒരു പാട് ഇഷ്ടം വരുമ്പോൾ ആ കണ്ണുകൾ പാതിയടയും. ശബ്ദം മാറും..അടുത്ത് വന്ന് നിൽക്കും..പിന്നെ ദേ ഇങ്ങനെ മുഖത്തോട്ട് നോക്കിട്ട് എന്റെയല്ലേ എന്നൊരു ചോദ്യം. ഈശ്വര..അപ്പോഴുണ്ടല്ലോ ദൃശ്യ ഞാൻ തീർന്നു. ഒറ്റ അക്ഷരം മിണ്ടാൻ പറ്റില്ല. വിറച്ച് വിയർത്ത്…നെഞ്ചിടിച്ച്..അപ്പുവേട്ടൻ അറിയാം അടുത്തത് എന്തെങ്കിലും പറഞ്ഞാൽ ഞാൻ ബോധം കെട്ട് വീഴുമെന്ന് അപ്പൊ നിർത്തും ആള് “

“ശോ “

ദൃശ്യ താടിക്ക് കൈ കൊടുത്തു

“പിന്നെ നമുക്ക് ഒപ്പം ഉണ്ടാകുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഇല്ലെ? എവിടെ എങ്കിലും പോയാലും കീപ് ഇൻ ടച്ച് ആയിട്ട്..അങ്ങനെ ഉണ്ട് ആൾക്ക്. എവിടെ പോയാലും ഞാൻ എന്ത് ചെയ്യുന്നു എവിടെയാണ് എന്നൊക്കെ അറിയണം എന്ന് നിർബന്ധം ഉണ്ട്. പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ദേഷ്യം വരും. പ്രവീൺ രാത്രി അന്ന് ഉപദ്രവിക്കാൻ വന്നത് പറഞ്ഞിട്ടില്ല. അവൻ മരിച്ചു പോയത് കൊണ്ട് പിന്നെ പറയണ്ടാന്ന് ഞാൻ കരുതി..വെറുതെ വിഷമിപ്പിക്കാൻ പറയണ്ടല്ലോ “

“പക്ഷെ അത് പറഞ്ഞേക്ക് കൃഷ്ണ. അങ്ങനെ എല്ലാം അറിയാൻ ആഗ്രഹം ഉള്ള ആളോട് അങ്ങനെ മറച്ച് വെയ്ക്കണ്ട. എന്നെങ്കിലും എങ്ങനെ എങ്കിലും നിന്റെ  വായിൽ നിന്ന് തന്നെ വരുമ്പോൾ ചോദ്യം വരും. അർജുൻ ചേട്ടൻ ആയത് കൊണ്ടാണ് എനിക്ക് പേടി. “

കൃഷ്ണ ഒന്ന് മൂളി

പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അവന്റെ കാൾ വന്നു

“ഇതെന്താ പതിവില്ലാതെ ക്ലാസ്സ്‌ ടൈമിൽ?”

അവൾ എടുത്തു

“ഇന്ന് ഹോസ്പിറ്റലിൽ വരണം. ഞാൻ നാളെ തൃശൂർക്ക് പോവാണ് “

അവൾ ഒന്ന് മൂളി

“അതേയ് അപ്പുവേട്ടാ ഒരു കാര്യം…”

“നേരിട്ട് കാണുമ്പോൾ പറഞ്ഞ പോരെ ബിസിയാ.”

“മതി “

അവൾ ഫോൺ വെച്ചു

“അർജുൻ ചേട്ടൻ അല്ലെ?”

“ഉം. ഇന്ന് ഹോസ്പിറ്റലിൽ കേറീട്ടു പോകാൻ പറഞ്ഞു “

“ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഡയലോഗ് മാത്രേ ഉള്ളോ സീരിയസ് ആണോന്ന് ഇടക്ക് ചോദിച്ചു വെച്ചേക്ക്..”

“ങ്ങേ സീരിയസ് ആണല്ലോ “

“ഉവ്വോ എന്നാലും ഒന്ന് കൺഫേം ചെയ്തേക്ക് എടി സിനിമയിലും കഥകളിലും ഇത് കാണും. ഭൂലോക തരികിട തെ- മ്മാടി ഒരുത്തൻ നായകൻ അവനെ സ്നേഹിക്കുന്ന തുമ്പ്പ്പൂവിന്റ നൈർമല്യമുള്ള നായിക. നായിക നായകനെ നല്ലവനാക്കി വിശുദ്ധനാക്കുന്നുടത്ത് പടം ഫിനിഷാ. അത് സിനിമയിൽ. ഇനി നോവലിൽ ആണെങ്കിൽ ഇവൻ നന്മമരമാക്കുന്നു നന്മകൾ മാത്രം ചെയ്യുന്നു കംപ്ലീറ്റ് നൻമ. ഇതൊന്നും മോളെ ജീവിതത്തിൽ നടക്കൂല. അർജുൻ എന്നും അർജുൻ തന്നെ ആയിരിക്കും. “

“ചില സ്വഭാവങ്ങൾ മാറും ” കൃഷ്ണ പറഞ്ഞു

“അതേതാണാവോ?”

കൃഷ്ണ ഒരു ചിരി ചിരിച്ചു

“മനസിലായി. മാറിയ നല്ലതാ. അർജുൻ ചേട്ടൻ അങ്ങനെ മാറുന്നത് കാണാൻ അങ്കിൾ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. മാറട്ടെ “

കൃഷ്ണ ദൃശ്യയെ ഒന്ന് തൊട്ടു

“സ്നേഹത്തിന്റെ ശക്തി എന്തെന്ന് അറിയോ?”

ദൃശ്യ അവളെ നോക്കി

“അസുരനെ പോലും ദൈവമാക്കുന്ന ശക്തി ഉണ്ട് അതിന് “

കൃഷ്ണയുടെ മുഖത്ത് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു

ഒരു തേജസ്സ്. പക്ഷെ കൃഷ്ണയ്ക്ക് അതിന് സാധിക്കുമോ എന്നതായിരുന്നു ദൃശ്യയുടെ ഉള്ളിലെ ചോദ്യം.

അർജുൻ എന്ന അസുരൻ മാറുമോ?

തുടരും…..