ധ്രുവം, അധ്യായം 39 – എഴുത്ത്: അമ്മു സന്തോഷ്

തിരിച്ചു പോരുമ്പോൾ കൃഷ്ണ അവനോട് ചേർന്ന് ആ തോളിൽ തല ചായ്ച് ഇരുന്നു. അർജുൻ വാങ്ങി കൊടുത്ത മുല്ലപ്പൂമാല അവളുടെ മുടിക്കെട്ടിൽ അഴകോടെ സുഗന്ധം പരത്തുണ്ടായിരുന്നു

“അപ്പുവേട്ടാ?”

“ഉം “

“അതേയ്..”

“പറഞ്ഞോ.”

“കൃഷ്ണനെന്നെ നോക്കിയത് കണ്ടോ?”

അവൻ മറുപടി പറഞ്ഞില്ല

“നന്ദനത്തിലെ ബാലാമണിയെ പോലെയല്ലേ ഞാൻ? ഓരോ വീട്ടിലെ അഴുക്കുകൾ വൃത്തിയാക്കി ജീവിക്കുമ്പോഴും കണ്ണനെ മാത്രം ഓർത്തു കൊണ്ട് എന്നെങ്കിലും ഗുരുവായൂർ നടയിൽ ഒന്ന് പോകണമെന്ന് ഉള്ളു കൊണ്ട് ഒത്തിരി ആഗ്രഹിച്ച ബാലാമണി. ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് അപ്പുവേട്ടാ ഒന്ന് ഇവിടെ വരണമെന്ന്. നടക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. ഇങ്ങോട്ട് വരണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഇവിടെ വരാമല്ലോ എന്നതായിരുന്നു മുഖ്യം. ഒന്ന് കാണാല്ലോ. അപ്പുവേട്ടൻ എന്റെ കൂടെ വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. ഞാൻ അപ്പുവേട്ടനെ സ്നേഹിച്ചു തുടങ്ങിയപ്പോഴുണ്ടല്ലോ…”

അവൾ നിർത്തി. അവൻ ആ മുഖത്തേക്ക് നോക്കി

“പറയ്..”

“ഞാൻ കൃഷ്ണനോട്‌ ഏറ്റവും അധികം പ്രാർത്ഥിച്ചത് അപ്പുവേട്ടന് ഒന്നും വരുത്തല്ലേന്നാ..ഒരസുഖം ഒരപകടം ഒന്നും…ഒരു പോറല് പോലും ഏൽക്കരുത് എന്ന്…ഈ നടയിൽ എന്നെങ്കിലും ഞാൻ കൊണ്ട് വന്നോളന്ന പ്രാർത്ഥിച്ചത്. നോക്ക് എത്ര പെട്ടെന്ന് നടന്ന്. സാധാരണ ആൾക്കാർ പറയും കൃഷ്ണൻ പരീക്ഷിക്കും. പെട്ടെന്ന് ഒന്നും നടത്തി തരില്ല എന്നൊക്കെ. പക്ഷെ എന്നോട് അങ്ങനെ ഒന്നും ചെയ്തിട്ടില്ല. എന്റെ എൻട്രൻസ് എക്സാം നടക്കുമ്പോൾ എനിക്ക് 104 ഡിഗ്രി പനിയാണ്. കൈ ഒക്കെ വിറയ്ക്കുക. കൃഷ്ണനാ ശക്തി തന്നത്. എന്നിട്ടും സത്യായിട്ടും നുറിനകത്തു റാങ്ക് കിട്ടുമെന്ന് ഞാൻ ചിന്തിച്ചില്ല. കിട്ടും അത്രേ ഉദ്ദേശിച്ചിട്ടുള്ളു. ഞാൻ പ്രാർത്ഥിക്കുന്നതെല്ലാം നടക്കും..ഇന്ന് എന്താ പ്രാർത്ഥിച്ചതെന്നറിയോ?”

അവൻ ചിരിയോടെ പറഞ്ഞോ എന്ന് ആംഗ്യം കാണിച്ചു

“എന്റെ അപ്പുവേട്ടൻ എന്റെ മാത്രം ആയിരിക്കണം ന്ന്. പിന്നെ കുറേ കുറേ ഹോസ്പിറ്റൽ പണിയട്ടെന്നും “

അവൻ അതിശയത്തോടെ നോക്കി. അവൾ ചിരിച്ചു

“അതേയ് ഒത്തിരി കഴുത്തറുത്തു മേടിക്കല്ല ട്ടോ..കുറച്ചു ന്യായമായിട്ട്…ബിസിനസ്സ് ആണ് ലാഭം വേണം..ഒക്കെ അറിയാം. പക്ഷെ കണ്ണീര് വീഴല്ലേ അപ്പുവേട്ടാ. ആരുടെയും ശാപം കിട്ടരുത്. അങ്ങനെ ശാപം കിട്ടിയാൽ അത് നമുക്കല്ല ദോഷം…അത് നമ്മുടെ ..”

അവൾ പെട്ടെന്ന് നിർത്തി

“പറയടി “

“ഒന്നുല്ല “

“പറയ് “

“ഊഹും “

അവൾ കള്ളച്ചിരിയോടെ പുറത്ത് നോക്കി അവനെ വിട്ട് മാറിയിരുന്നു

“ശേ..ഇങ് വാ. അത് പറ “

“അടുത്ത തലമുറക്കാ ദോഷം “

അവൾ മെല്ലെ പറഞ്ഞു. അവൻ ആ നിമിഷം സ്തബ്ധനായി. കാൽ അറിയാതെ ബ്രേക്കിൽ അമർന്നു. അർജുൻ കൃഷ്ണയേ നേരെയിരുത്തി

“ഒന്നുടെ പറ “

അവളുടെ മുഖം താഴ്ന്നു. നാണത്തിൽ ചുവന്നു പോയ ഒരു ചെന്താമര

“എന്റെ പൊന്നല്ലെ ..പ്ലീസ് പറ “

“നമുക്ക് ഉണ്ടാകുന്ന മക്കൾക്കാ ദോഷം വരിക. അങ്ങനെയാ പഴമക്കാർ പറയുക “

അവന്റെ ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങി. ഉടലിലൂടെ എന്തോ പാഞ്ഞു പോയത് പോലെ. ഒരു മിന്നൽ..

അർജുൻ കൃഷ്ണയുടെ മുഖം കയ്യിൽ എടുത്തു

“എനിക്ക് എത്ര മക്കളെ തരും?”

അവൻ വിറയാർന്ന സ്വരത്തിൽ ചോദിച്ചു. കൃഷ്ണ മയങ്ങിയെന്ന പോലെ ആ കണ്ണിൽ നോക്കിയിരുന്നു

“പറയ് “

“ആഗ്രഹിക്കുന്ന അത്രയും “

കൃഷ്ണയുടെ മുഖം നാണത്തിൽ പിടഞ്ഞു താണു

അർജുൻ ആ നിറുകയിൽ ഉമ്മ വെച്ചു. അവന്റെ കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവനവളെ അടക്കി പിടിച്ച് കവിളിൽ മുഖം ചേർത്തു. അമർത്തി ഒരുമ്മ

കൃഷ്ണയ്ക്ക് ശരീരം തളരും പോലെ തോന്നി. അവൾ കണ്ണുകൾ അടച്ച് അവന്റെ തോളിലേക്ക് തലയണച്ചു. അർജുൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചൽപനേരം കൂടിയിരുന്നു. പിന്നെ ആ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ട് അവളെ നേരെയിരുത്തി

“thanks “

അവൻ നേർത്ത ചിരിയോടെ പറഞ്ഞു. കൃഷ്ണക്ക് നാണം വന്നിട്ട് അവന്റെ മുഖത്ത് നോക്കാൻ വയ്യ. അവൾ പുറത്തേക്ക് നോക്കിയിരുന്നു. ഹോട്ടലിൽ എത്തിയപ്പോഴും കൃഷ്ണ അർജുനെ നോക്കിയില്ല. നേരേ നടന്ന് മുറിയിൽ പോയി
അർജുനും അതേ അവസ്ഥ ആയിരുന്നു

തലക്കകത്തു ഒരു ഭാരമില്ലായ്മ. വെള്ളമടിച്ചു ഫിറ്റ്‌ ആയത് പോലെ. അവന് സർവ്വതിനോടും സ്നേഹം തോന്നി

“എടാ..നീ ഇത് എവിടെ പോയിരുന്നു. ഞങ്ങൾ ഒക്കെ വന്നിട്ട് എത്ര നേരമായിന്ന് അറിയോ “

ദീപു, ഷെല്ലി, നിവിൻ

അർജുൻ ദീപുവിനെ ഇറുകെ ഒന്ന് കെട്ടിപിടിച്ചു. ദീപു ഞെട്ടി. ശരിക്കും ഞെട്ടി

“നിനക്ക് എന്തോ പറ്റി? ദേ എന്നിൽ നിന്ന് മറ്റൊന്നും ആഗ്രഹിക്കരുത് കശ്‌മല “

“പോടാ കോ- പ്പേ.”

അർജുൻ ചിരിച്ചു കൊണ്ട് ഷെല്ലിയെയും നിവിനെയും ചേർത്ത് പിടിച്ചു

“ഒത്തിരി നേരമായോ വന്നിട്ട്?,

“ഒരു മണിക്കൂർ പോലുമായില്ലെടാ
ദേ മുറിയിലോട്ട് വന്നേയുള്ളു. ഒന്ന് ഫ്രഷ് ആയി അത്രേ തന്നെ. ഇവൻ അപ്പൊ തൊട്ട് നിന്നെ കാണാത്ത ചൊരുക്കാ..സ്വീകരിച്ചു കൊണ്ട് പോകാൻ നീ ഇല്ലായിരുന്നല്ലോന്ന് “

അർജുൻ ദീപുവിനെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു

“അന്നോടാ ചക്കരെ “

ദീപു കണ്ണ് മിഴിച്ചു

“ഇവനെന്താണ്ട് പറ്റി? അടുത്ത് വേറെ ആശുപത്രിയുണ്ടോ? എടാ ഇവനെ കാണിക്കണം ന്ന്..പൊന്നുമോനെ നിനക്ക് എന്തോ പറ്റി? എന്നോട് പറ സത്യം പറ “

എല്ലാവരും ചിരിച്ചു പോയി

“കണ്ടോ ഇതാണ്. ഞാൻ സ്നേഹിക്കുന്നില്ലന്ന് ആയിരുന്നു ഇവന്റെ പരാതി. എന്ന പിന്നെ സ്നേഹിച്ചേക്കാമെന്ന് വെച്ചപ്പോൾ “

“നീ ഈ ഉമ്മയൊന്നും എനിക്ക് തരുന്നതായിട്ടല്ല എനിക്ക് തോന്നുന്നേ..ഇവൻ ആ പെണ്ണിനെ ഭയങ്കര ഇഷ്ടാണെന്ന്. കൃഷ്ണയേ “

ദീപു ആ വെടി പൊട്ടിച്ചു. അർജുൻ തലയിൽ കൈ വെച്ച് പോയി

ഷെല്ലി അമ്പരന്നു

“ശരിക്കും?”

അർജുൻ അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി. നിവിൻ അത് ഊഹിച്ചിരുന്നു.

“സീരിയസ് ആയിട്ടാണോ, അതോ?”

നിവിൻ ചോദിച്ചു

“സീരിയസ് ആണ്..കെട്ടാൻ തന്നെയാ “

അർജുന്റെ മുഖം ഗൗരവത്തിലായി

“എടാ അത് വേണോ? നമ്മുടെ സ്റ്റാറ്റസ്..”

നിവിനെ അവൻ നോക്കി

“നീ പ്രൊപ്പോസ് ചെയ്തപ്പോൾ നീ ഓർത്തില്ലേ ഈ സ്റ്റാറ്റസ്? അവൾ yes പറഞ്ഞിരുന്നെങ്കിൽ അപ്പൊ കല്യാണം കഴിച്ചേനെ ഇവൻ
ഒന്ന് പോടാപ്പാ “

നിവിൻ വിളറിപ്പോയി

“അല്ലടാ അത് വിട് അതല്ല. നമ്മളുമായി സിങ്ക് ആവുമോ കൃഷ്ണ? വേറെയൊരു കൾച്ചർ, വേറെ രീതി ഒക്കെ അല്ലെ?

ഷെല്ലി അവനെ നോക്കി.

“എന്റെ കുടുംബത്തിന് ചേരുന്ന പെണ്ണാണ്. കല്യാണം കഴിക്കുന്നത് നമുക്ക് വേണ്ടി മാത്രം അല്ലല്ലോ…എന്റെ അച്ഛന് വലിയ ഇഷ്ടമാണ്. ഡാഡിയേ നാളെ പരിചയപ്പെടുത്തണം. പിന്നെ എന്റെ കസിൻസ് അവരോടൊക്കെ കൂട്ടാണ്. പിന്നെ എന്റെ സുഹൃത്തുക്കൾ, നിങ്ങൾ…നിങ്ങളോട് എന്തിനാ അവള് സിങ്ക് ആവുന്നത്. അതിന്റെ ആവശ്യമില്ല ഷെല്ലി. ഞാനാണ് നിങ്ങളുടെ ഫ്രണ്ട്. അവളല്ല അവളാകുകയും വേണ്ട. അതുണ്ടാവുകയുമില്ല. കൃഷ്ണ അങ്ങനെയാണ്. അതെനിക്ക് ഇഷ്ടവുമാണ്. സോഷ്യലൈസ് ചെയ്യുന്ന പാർട്ണർസിനെ ഇഷ്ടം ഉള്ളവർ കാണും. പക്ഷെ എനിക്ക് ഇഷ്ടമല്ല.. അത് പോട്ടെ. നിങ്ങളുടെ പരിപാടി എന്താ “

“വെള്ളമടി അല്ലാതെന്താ
സിമ്പിൾ. വേറെയൊന്നും ഇവിടെ ഈ അവസരത്തിൽ ചോദിക്കാൻ പാടില്ലല്ലോ “

ദീപു സങ്കടം അഭിനയിച്ചു

“ഇവന്റെ കല്യാണമാ അടുത്ത ആഴ്ച. അപ്പോഴാണ് വേറെ പരിപാടി. ദീപു ഇനി നീ ഇത് നിർത്തിക്കോ ട്ടോ. ശരിയല്ല.”

ദീപു അവനെ തന്നെ സൂക്ഷിച്ചു നോക്കി

“നോക്കി പേടിപ്പിക്കേണ്ട.. നമ്മൾ ഒരാളോട് റിലേഷൻ ആയി കഴിഞ്ഞാൽ ഈ പണിക്ക് പോകരുത് അത് അവരോട് ചെയ്യുന്ന ചതിയാ “

“ഹോ ഒരു പുണ്യാളൻ. എടാ ഇതിനു മുന്നേ ഈ ഉപദേശം ഒന്നും കണ്ടില്ലല്ലോ “

“അന്ന് ഞാൻ ഫ്രീ ആയിരുന്നു. പിന്നെ നിന്നെ ഞാൻ എപ്പോഴെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ മോനെ.. നീ വലിഞ്ഞു കേറി വന്നോണ്ടിരുന്നതല്ലേ..”

ദീപു ഒരിടി വെച്ച് കൊടുത്തു

“നാല് വർഷം ആയിട്ട് ഈ കോ- പ്പൻ ബ്രഹ്മചാരിയാ. അതോ ഇനി കൃഷ്ണ?”

“ദേ ദീപു ഒന്ന് തരും ഞാൻ.. എടാ കൃഷ്ണയേ പോലെ ഒറ്റ ഒരാളെ കാണുള്ളൂ ഈ ഭൂമിയിൽ. ഒറ്റ ഒരെണ്ണം. സ്പെഷ്യൽ ജെനുസ്സ്.നോക്കിയിരിക്കാനെ തോന്നു…വെറുതെ നോക്കിയിരിക്കാൻ,

“കല്യാണം കഴിഞ്ഞും. നീ നോക്കിയിരിക്കുന്നത് എനിക്ക് ഒന്ന് കാണണം…”

ഷെല്ലി പറഞ്ഞു

നിവിൻ ഒന്നും പറയുന്നുണ്ടായിരുന്നില്ല. കൃഷ്ണ അവന്റെ മോഹമായിരുന്നു. കാണുമ്പോഴൊക്കെ ഉള്ളിൽ തീയാളുന്ന പോലെ..അവൾ ഒരു yes പറഞ്ഞിരുന്നെങ്കിൽ ആ നിമിഷം കല്യാണം കഴിക്കാൻ പോലും അവൻ തയ്യാറായിരുന്നു. ഭാഗ്യം കിട്ടിയത് അർജുനാണ്. അവളെന്നെ നിധി. അല്ലെങ്കിലും അർജുൻ ലക്കിയാണ്. ആഗ്രഹിക്കുന്നതെല്ലാം അവന് കിട്ടും

തങ്ങൾ നാലു പേരില് ഏറ്റവും സുന്ദരനും അവൻ തന്നെയാണ്. അവന്റെ നോട്ടത്തിന് ചിരിക്ക് പെൺപിള്ളേർ കൊതിക്കുന്നത് പാർട്ടികൾക്ക് ഇടയിൽ കണ്ടിട്ടുണ്ട്. അവനോട് മിണ്ടാൻ..അവന്റെയൊപ്പം നിൽക്കാൻ..ഏത് പാർട്ടിയിലും അർജുൻ വന്നിട്ടുണ്ടെങ്കിൽ അവനാണ് സെന്റർ ഓഫ് അട്ട്രാക്ഷൻ. കല്യാണം കഴിഞ്ഞവളുമാരാണെങ്കിലും അല്ലെങ്കിലും ശരി ഇവന്റെ പരിസരത്ത് നിന്ന് മാറില്ല

അർജുൻ അത് വലിയ കാര്യമായിട്ട് ഒന്നും എടുക്കില്ലെങ്കിൽ കൂടി അത് ആസ്വദിക്കുന്നത് കാണാറുണ്ട്. അവനറിയാം അവൻ ചാമിങ് ആണെന്ന്. ആരെയും വശീകരിക്കാൻ അവന് സാധിക്കുമെന്ന്.

അങ്ങനെ ആവുമോ കൃഷ്ണയെയും?

കൃഷ്ണ..പക്ഷെ….

“എടാ നീ എന്തോന്ന് ആലോചിച്ചു കൂട്ടുന്നത്?”

അർജുൻ അവന്റെ കയ്യിൽ ഒരു ഗ്ലാസ്‌ പിടിപ്പിച്ചു

“തുടങ്ങിക്കോ..ഞാൻ പോയിട്ട് വന്നേക്കാം. അച്ഛൻ വിളിക്കുന്നുണ്ട് “

അവൻ ഫോൺ നോക്കി. പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു മുറി അടച്ച്  ഇറങ്ങി പോയി.

“നീ അത് കള നിവിനെ. അവൻ പറഞ്ഞത് പോലെ നിന്റെ കല്യാണം ആണ്. ഇനിയൊരു പെണ്ണ് വരുന്നു. കൃഷ്ണയേ മറന്നേക്ക്. ഇപ്പൊ അവള് നമ്മുടെ അർജുന്റെ പെണ്ണാ. സിസ്റ്റർ മാതിരി..കൂട്ടുകാരന്റെ ഭാര്യയോട് ചെറ്റത്തരം ചിന്തിക്കരുത്. അത് നല്ല ആണുങ്ങൾ ചെയ്യില്ല “

ഷെല്ലി ഒരു സി-ഗരറ്റ് കത്തിച്ചു പുക വിട്ടു

“ഞാനും ഒരു പെണ്ണ് കെട്ടിയാലോ. എന്താ ദീപു നിന്റെ അഭിപ്രായം?”

“ചെയ്യരുത്..ഒരിക്കലും ചെയ്യരുത്. പെണ്ണ് കെട്ടിയ തീർന്ന്.. ഹോ.. നീ അനുഭവിക്കാൻ പോന്നേയുള്ളൂ നിവിനെ…എടാ ബോർ ആണെടാ..എന്നും രാവിലെ ഒരെ മുഖം. ഒരെ ഭക്ഷണം. ഒരെ ബെഡിൽ ഒരേപോലെ…രാത്രി ഈ മുഖം തന്നെ കണ്ടു കൊണ്ട് ഉറക്കം. പരമ ബോർ ആണേ
ഞാൻ പറഞ്ഞില്ലാന്നു വേണ്ട “

ഷെല്ലിയുടെ മുഖം വാടി

“പിന്നെ ഈ ആൾക്കാർ ഒക്കെ കല്യാണം കഴിക്കുന്നുണ്ടല്ലോ അതെന്നത്തിനാ “

“ആ ആർക്കറിയാം. മക്കൾക്ക് വേണ്ടിയാരിക്കും ചിലപ്പോൾ “

“ആണോടാ “

ഷെല്ലി നിവിനോട് ചോദിച്ചു

“ആ “

അവൻ അലസമായി പറഞ്ഞു

“അല്ല നീ കല്യാണം കഴിക്കാൻ പോവല്ലേ. അത് കൊണ്ട് ചോദിച്ചതാ “

“അവളുടെ അച്ഛനും എന്റെ അച്ഛനും ബിസിനസ് പാർട്ണർസ് ആണ്. അച്ഛൻ പറഞ്ഞു കെട്ടാൻ ഞാൻ ദേ കെട്ടാൻ പോണ്. അത്രേ ഉള്ളു “

“നിനക്ക് എന്താ ഒരു ഇന്റെറസ്റ്റ്‌ ഇല്ലാത്തത്…ശെടാ കല്യാണം ഫിക്സ് ആയപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഇവന് ഒരു സന്തോഷം ഇല്ല. എന്താ മോനെ നിനക്ക് വിഷമം?”

ദീപു അവനെ ചേർത്ത് പിടിച്ചു

“ഇനി അത് പറഞ്ഞിട്ടെന്തിനാ?”

നിവിൻ പുറത്തേക്ക് നോക്കി

“ഒരു സമാധാനം കിട്ടുമല്ലോ നീ പറയടാ “

“കൃഷ്ണ ” അവൻ മെല്ലെ പറഞ്ഞു

ഷെല്ലിയും ദീപുവും നടുങ്ങിപ്പോയി

“എനിക്ക് അവളെയായിരുന്നു ഇഷ്ടം. സീരിയസ് ആയിട്ട് തന്നെ. അർജുൻ പറഞ്ഞത് പോലെ ഒരു yes പറഞ്ഞിരുന്നെങ്കിൽ അപ്പൊ താലി കെട്ടിയേനെ. ഞാൻ ആയിരുന്നു അവളെ ആദ്യം സ്നേഹിച്ചത്. ഇവന് അവളെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു അന്നൊക്കെ..പിന്നെ ഇവൻ എങ്ങനെ ആണ് അവളെ മയക്കിയതെന്നാ എനിക്ക് മനസിലാകാത്തത്?”

“ശേ അത് കളഞ്ഞേ നീ. അവൾക്ക് അവനെ അല്ലെ ഇഷ്ടം?”

“അവനെ നമുക്ക് അറിഞ്ഞൂടെ..അവനവളെ കളയും. നോക്കിക്കോ.”

ദീപു ഒന്ന് പുഞ്ചിരിച്ചു

“ഇല്ല നിവിൻ. നിനക്ക് തെറ്റി. നിങ്ങളെ രണ്ടു പേരെക്കാൾ എനിക്ക് അവനെ അറിയാം..അവനെന്നോടാണ് കൂടുതൽ അടുപ്പവും. അർജുൻ കൃഷ്ണയുടെ കാര്യത്തിൽ തുടക്കം മുതലേ പൊസ്സസ്സീവ് ആണ്. നിങ്ങൾ അത് ശ്രദ്ധിച്ചിട്ടില്ലേ, മൂന്നാറിൽ വെച്ച് ആ ടോക് ഉണ്ടായപ്പോൾ അവൻ വയലന്റ് ആയത്. എന്നെ അവൻ തല്ലിയിട്ടുണ്ട് കൃഷ്ണയേ കുറിച്ച് ഒരു വാചകം ഞാൻ മോശമായി പറഞ്ഞപ്പോൾ..അവൻ തുടക്കം മുതൽ സീരിയസ് ആണ്. നമ്മൾ അറിഞ്ഞില്ലെന്ന് മാത്രം. അവൻ ആ പെണ്ണിനെ കളയുകയൊന്നുമില്ല. അതിനെ പോലുള്ളതിനെ ഒക്കെ കിട്ടിയ ആരെങ്കിലും കളയുമോ നിവിൻ? ഈ നൂറ്റാണ്ടിൽ കാണുമോ അങ്ങനെ ഒരു ഐറ്റം?”

ഷെല്ലി അവളെ കണ്ടിട്ടില്ല അത് കൊണ്ട് അവൻ അഭിപ്രായം പറഞ്ഞില്ല

ദീപുവിന്റെ മൊബൈൽ ശബ്ദിച്ചു

“എടാ താഴെ റെസ്റ്റോറന്റ്ൽ വാ ഫുഡ് കഴിക്കാം “

അർജുൻ

“ദാ വരുന്നെടാ “

“വാടാ മക്കളെ ഫുഡ് അടിച്ചേച്ചും വരാം “

അർജുൻ കൃഷ്ണയ്ക്കും ദൃശ്യയ്ക്കും ഗോവിന്ദിനും അരികിൽ ഇരുന്നു

കൃഷ്ണ അതേ വേഷം തന്നെ..അർജുൻ നോക്കുമ്പോൾ എല്ലാം അവൾ മുഖം മാറ്റി

അവന് ചിരി വരുന്നുണ്ടായിരുന്നു

അവർ മൂന്ന് പേരും വന്നപ്പോൾ അർജുൻ അങ്ങോട്ടേക്ക് പോയി

“ബുഫെ ആണ്?”

“yes “

“അപ്പൊ തുടങ്ങാം “

ദീപു പ്ലേറ്റ് എടുത്തിട്ട് ഒരു കള്ളച്ചിരി ചിരിച്ചു

അർജുൻ തിരിച്ചു കൃഷ്ണയുടെ അരികിലേക്ക് പോയി

“അതാണ് കൃഷ്ണ “

നിവിൻ ഷെല്ലിയോട് പറഞ്ഞു

ഷെല്ലി അവൻ പറഞ്ഞയിടത്തേക്ക് നോക്കി. അവൻ കണ്ണെടുക്കാതെ അവളെ നോക്കിനിന്ന് പോയി

“എന്റെ കർത്താവെ വെറുതെയല്ല അർജുൻ…ഇതാണോ കൃഷ്ണ?”

നിവിൻ മൂളി

“ഈ നൂറ്റാണ്ടിലെ ഭാഗ്യവാൻ അവനാ അർജുൻ..എന്റെ ദൈവമേ എന്നാ ഒരു ഭംഗിയാണെടാ… just wow… wow.. wow “

“മതി മതി “

ദീപു നീരസത്തോടെ പറഞ്ഞു

കൃഷ്ണയും ദൃശ്യയും ഗോവിന്ദും ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു

“മുറിയിൽ പോവാണേ “

കൃഷ്ണ അവനോട് പറഞ്ഞു

അർജുൻ ഒന്ന് മൂളി. പിന്നെ അവൾ പോകുന്നത് നോക്കി നിന്നു

ലിഫ്റ്റിലേക്ക് കയറും മുന്നേ കൃഷ്ണ ഒന്ന് തിരിഞ്ഞു നോക്കി. അർജുൻ മെല്ലെ ഒന്ന് ചിരിച്ചു

അവളും…

തുടരും….