നിന്നെയും കാത്ത്, ഭാഗം 90 – എഴുത്ത്: മിത്ര വിന്ദ

ഡേറ്റ് അടുത്തു വരുംതോറും എനിക്ക് എന്തൊക്കെയോ വല്ലാത്ത പേടി പോലെ ഭദ്രേട്ടാ..

രാത്രിയിൽ ഭദ്രന്റെ മടിയിൽ തല വെച്ചു കിടക്കുകയാണ് നന്ദന. ഒൻപതാം മാസത്തിൽ കേറിയതിൽ പിന്നെ അവൾക്ക് എപ്പോളും ക്ഷീണവും തളർച്ചയും തന്നെയാണ്.

കാലൊക്കോ നീര് കേറി പൊന്തി. ശ്വാസം എടുക്കാൻ ഒക്കെ വല്ലാത്ത ആയാസം, എപ്പോളും ദേഹത്തിനി ഒക്കെ കടച്ചിലും വേദനയും.

കുഴമ്പ് ഒക്കെ ഇട്ട് ചെറു ചൂട് വെള്ളത്തിൽ കുളിയ്ക്കുന്നുണ്ട്. എങ്കിലും അവൾക്ക് ഒരു പരവേശം ആണ് എല്ലാ കാര്യത്തിലും.

വൈകുന്നേരം നേരത്തേ ഭക്ഷണം കഴിച്ചിട്ട്, അവൾ കുറച്ചു സമയം റസ്റ്റ്‌ എടുത്തിട്ട് കിടക്കും.ഭദ്രൻ വന്ന ശേഷം കഴിക്കാൻ ഒന്നും അവൾ ഇപ്പൊ കാത്തിരിക്കില്ല.താമസിച്ചു കഴിച്ചാൽ അവൾക്ക് കിടന്ന് കഴിഞ്ഞു ഭയങ്കര കിതപ്പ് ആണത്രെ. അന്നും അവൾ നേരത്തെ വന്നു കിടന്നു.

ഒരു വശം ചെരിഞ്ഞു ഭദ്രന്റെ മടിയിൽ മുഖം ചേർത്ത് ചെരിഞ്ഞു കിടക്കുകയാണ്..

അപ്പോളാണ് ഉള്ളിന്റെ ഉള്ളിലേ ഭയം അവൾ അവനുമായി പങ്ക് വെച്ചത്.

“എന്തിന്നാടാ ആവശ്യം ഇല്ലാത്ത ടെൻഷൻ അടിക്കുന്നെ, വാവയ്ക്ക് വേണ്ടിയല്ലേ നമ്മള് കാത്തിരിക്കുന്നത്,വരട്ടെന്നെ…. അതിനു നിനക്ക് എന്താ ഇത്ര ടെൻഷൻ.

അറിയില്ല ഏട്ടാ,എനിക്ക് പേടിയാകുവാ എല്ലാം ഓർക്കുമ്പോൾ..എന്നേ അങ്ങട് വിറയ്ക്കുവാ.

അതു പറയുമ്പോൾ നന്ദനയുടെ വാക്കുകൾ വല്ലാണ്ട് ഇടറി പോയിരുന്നു.

എന്റെ നന്ദൂട്ടാ ഇങ്ങനെ തുടങ്ങിയാൽ വലിയ ബുദ്ധിമുട്ടാവും കേട്ടോ, ഇത്രയ്ക്ക് പേടി ഒന്നും പാടില്ലടാ, നിന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുകയും ഒന്നും ചെയ്യാതെ നമ്മുടെ കുഞ്ഞാവ പുറത്തുവരും നോക്കിക്കോ.

ആദ്യത്തെ ആയതുകൊണ്ട് കുറെ സമയം എടുക്കും എന്നാണ് ആളുകളൊക്കെ പറയുന്നത്.

ഏത് ആളുകളാണ് നിന്നോട് ഇത്ര കാര്യമായിട്ട് പറഞ്ഞുതന്നത്.

സ്കൂളിലെ ടീച്ചർ ഒക്കെ അങ്ങനെയാണ് ഏട്ടാ പറയുന്നത്,

ഹ്മ്മ്..എന്നിട്ട് അവർ ഇതിന്റെ കൂടെ വേറെ എന്തൊക്കെ പറഞ്ഞു..

അങ്ങനെ കാര്യമായിട്ട് ഒന്നും പറഞ്ഞില്ല,എങ്കിലും ആറേഴു മണിക്കൂറുകൾ,വേദനയെടുത്ത് നമ്മൾ കിടക്കും എന്നാണ് അവരൊക്കെ പറഞ്ഞത്.

എന്റെ പൊന്നു നന്ദു,നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി പ്രഷർ കൂട്ടരുത്,ഈ പറയുന്നവരൊക്കെ,ഒരുപാട് വേദന സഹിച്ചങ്കിലും ആ കുഞ്ഞിന്റെ മുഖം കണ്ട ശേഷം ഉള്ള കാര്യങ്ങൾ എന്തേലും അവര് പറഞ്ഞോ നിന്നോട്.

ഹ്മ്മ്… കുഞ്ഞിന്റെ മുഖം കാണുമ്പോൾ എല്ലാ വേദനകളും, നമ്മൾ മറന്നുപോകും എന്നാണ് അവരൊക്കെ പറഞ്ഞത്.

അത്ര പെട്ടെന്ന് മറക്കാനും മാത്രം,ഒള്ളോ ഈ പ്രസവ വേദന.

അതാണ് ഏട്ടാ എനിക്കും മനസ്സിലാവാത്തത്.

എടി,അതിൽനിന്നും വ്യക്തമല്ലേ,ഒരുപാട് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെന്നുള്ള കാര്യം. ചുമ്മാ നീ വേണ്ടാത്ത ഓരോന്ന് ചിന്തിച്ച് നമ്മുടെ കുഞ്ഞാവയെ കൂടി വിഷമിപ്പിക്കരുത് കേട്ടോ.

ഭദ്രൻ വഴക്കുപറഞ്ഞുകൊണ്ട് അവളുടെ മുടിയിഴകളിൽ കൂടി അവന്റെ വിരലുകൾ കടത്തി തഴുകി തലോടി കൊണ്ടേയിരുന്നു.

നന്ദുവിന് ഒരുപാട് ഇഷ്ടമാണ് അവന്റെ ആ പ്രവർത്തി. എത്രനേരം വേണമെങ്കിലും അങ്ങനെ കിടക്കുവാൻ അവൾക്ക് യാതൊരു മടിയുമില്ല.

അഞ്ചാമത്തെ മാസത്തിൽ അവൾക്ക് ഒരു ശർദ്ദി വന്നപ്പോൾക്ഷീണമായിട്ട് ഒന്ന് കിടന്നതാണ് അവന്റെ മടിയിൽ.

അന്ന് ഭദ്രൻ ഇതുപോലെ അവളെ സമാധാനിപ്പിച്ചു. പിന്നീടുന്നു വരെ ഈയൊരു കാര്യത്തിന് ഒരു മുടക്കവും വന്നിട്ടില്ല. അവൾ ഉറങ്ങുന്നത് വരെ ഭദ്രൻ ഈ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കും..

ആ ദിവസം ആണെങ്കിൽ കുറേ ഏറെ നേരം നന്ദുവിനെ സമാധാനിപ്പിച്ചു കൊണ്ട് അവൻ ഇരുപ്പ് തുടർന്ന്.

ആ കിടപ്പ് കിടന്നു നന്ദന ഉറങ്ങി പോയിരുന്നു. അവളെ അശ്വസിപ്പിക്കാൻ ശ്രെമിച്ചപ്പോൾ ഒക്കെ ഭദ്രന്റെ നെഞ്ചും വിങ്ങി പൊട്ടുകയാണ്. അവളെക്കാൾ ഭയം സത്യത്തിൽ ഭദ്രന് ആയിരുന്നു..എങ്ങനെ എങ്കിലും എല്ലാം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിഎന്നാണ് അവന്റെ പ്രാർത്ഥനയും.

കുഞ്ഞാവേ.. അമ്മ പാവം ആണ് കേട്ടോ,വിഷമിപ്പിക്കല്ലേ…

അരികിൽ ചെരിഞ്ഞു കിടക്കുന്നവളുടെ വയറ്റിലേക്ക് മുഖം അടിപ്പിച്ചു കൊണ്ട് അവൻ സാവധാനം പറഞ്ഞു. എന്നിട്ട് ഒരു ബെഡ് ഷീറ്റ് എടുത്തു നന്ദുവിനെ പുതപ്പിച്ചു.അവളുടെ അടുത്തായി വളരെ സൂക്ഷിച്ചു കയറി കിടന്നു…

******************

ആഴ്ച തോറും ഇപ്പോൾ ചെക്കപ്പ് ഉള്ളത് കൊണ്ട് അടുത്ത ദിവസം കാലത്തെ നന്ദുവും ഭദ്രനും കൂടി ഹോസ്പിറ്റലിൽ പോകാൻ റെഡി ആകുകയാണ്..

അന്നു ഓഫീസിൽ ലീവ് പറഞ്ഞിട്ട് ആണ് അവൻ തലേ ദിവസം വന്നത്.

നന്ദു കുളിച്ചു റെഡി ആയി ഒരു ലൂസ് ടോപ് ഇട്ട് കൊണ്ട് ഇറങ്ങി വന്നപ്പോൾ ഭദ്രൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

നേരത്തെ പോയാൽ ബ്ലഡ്‌ ഒക്കെ ടെസ്റ്റ്‌ ചെയ്തു, ബി പി ചെക്ക് ചെയ്ത ശേഷം ഡോക്ടറുടെ ഓ പി യുടെ മുന്നിൽപോയി ഇരിക്കാം. ഇല്ലെങ്കിൽ അവിടമാകെ തിരക്ക് ആണ്.പിന്നെ തലേ ആഴ്ച ചെന്നപ്പോൾ ഇന്നത്തെ ഡേറ്റ് ബുക്ക്‌ ചെയ്തിട്ടാണ് പോന്നതും.

“നീ എന്തിനാ പെണ്ണേ ഇങ്ങനെ ഇഞ്ചി കടിച്ച പോലെ ഇരിക്കുന്നെ, ചുമ്മാ ഈ ഇരുപ്പ് കാണുമ്പോൾ എനിക്ക് ദേഷ്യം ആണ് കേട്ടോ നന്ദു..

കുറച്ചു ദൂരം കഴിഞ്ഞിട്ടും നന്ദന ഒരക്ഷരം പോലും ഉരിയാടാതെ വണ്ടിയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഭദ്രൻ അവളെ നോക്കി ദേഷ്യപ്പെട്ടു.

ഒന്നുല്ല ഏട്ടാ.. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട്..

നീ കൂടുതൽ ഒന്നും ആലോചിക്കേണ്ട, എല്ലാം നടക്കേണ്ട നേരത്തു നടക്കും. ഇത്രയ്ക്ക് പേടി ആയിരുന്നെങ്കിൽ….. വേണ്ട, എന്നേ കൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട കേട്ടോ… ഇത്രേം ദിവസോം ഒരു കുഴപ്പോം ഇല്ലായിരുന്ന്. ഇത് ഇന്നലെ തുടുങ്ങിയത് അല്ലെ നീയ്…

ഭദ്രൻ വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞപ്പോൾ നന്ദുവിനു സങ്കടം വന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.

അത് കണ്ടതും ഭദ്രനും വിഷമം ആയി..

പെട്ടന്ന് അവൻ വണ്ടി ഒതുക്കി നിർത്തി.

എന്താ പെണ്ണെ.. എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ…?

അവൻ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി..അപ്പോളേക്കും നന്ദുന്റെ വിഷമം കൂടി.

എന്നാടാ പറ്റിയേ, ഒരു പ്രശ്നോenn ഇല്ലാണ്ട് ഇരുന്നത് ആണല്ലോ, എന്നിട്ട് പെട്ടന്ന് എന്തേ…?

കുറേ സമയം ചോദിച്ചു കഴിഞ്ഞു ആയിരുന്നു അവനു അതിനുള്ള മറുപടി കിട്ടിയത്..

അത് പിന്നെ ഏട്ടാ, ഇന്ന് ചെല്ലുമ്പോൾ പി വി ചെയ്തു നോക്കമെന്ന് ഡോക്ടർ പറഞ്ഞു, അതോർത്തിട്ട് എനിക്ക് ഭയങ്കര പേടി.. കയ്യും കാലും വിറയ്ക്കുവാ.”
നന്ദു കരഞ്ഞു കൊണ്ട് പറഞ്ഞു

ശോ… അതായിരുന്നോ ഇത്ര സങ്കടം.. അത് പേടിക്കാൻ ഒന്നും ഇല്ലടാ…ഇതിന്റെ ഭാഗം അല്ലെ പരിശോധനകൾ ഒക്കെ.. നീ റിലാക്സ് ആയിട്ട് കിടന്നാൽ മതി ട്ടോ..ഭദ്രൻ അവളെ അശ്വസിപ്പിച്ചു.

അറിയില്ല ഏട്ടാ, എന്തോ ആദ്യം ആയിട്ട് അല്ലെ.. അതുകൊണ്ട് ആവും..

ഹേയ്… ഇതൊന്നും അത്രയും സംഭവം അല്ല കൊച്ചേ. ജസ്റ്റ്‌ ഡോക്ടർ ഒന്ന് നോക്കുന്നു എന്നല്ലേ ഒള്ളു.. വേറെ പ്രോബ്ലം ഒന്നും ഇല്ലന്നേ…

നേരം പോകുമെന്ന് പറഞ്ഞു കൊണ്ട് ഭദ്രൻ വണ്ടി മുന്നോട്ട് എടുത്തു.

ഏട്ടന് ഇതൊക്കെ എങ്ങനെ അറിയാം…?

ഇതൊക്കെ അറിയാൻ എം ബി ബി എസ് ഒന്നും വേണ്ടടി.. അത്യാവശ്യം ലോക പരിചയം മതി..

ഭദ്രൻ ചിരിച്ചു

തുടരും…