അവൾ ഉയർത്തിയ തിരയിളക്കത്തിലായിരുന്നു അർജുൻ. അവൻ ഇടക്ക് ജോലികൾ മറന്ന് വെറുതെ ഇരുന്നു.
കുറേ സമയം കഴിഞ്ഞപ്പോൾ താൻ എന്താ ചെയ്തു കൊണ്ടിരുന്നതെന്ന് ആദ്യം മുതൽ നോക്കി. പിന്നെ ഏകാഗ്രത കിട്ടാതെ എല്ലാം അടച്ചു വെച്ചു. കുറച്ചു ദിവസങ്ങളായിട്ടങ്ങനെയാണ്. വൈകുന്നേരങ്ങളിൽ ഉള്ള കാഴ്ചകൾ. പരീക്ഷയുടെ തലേന്ന് പോവില്ല. ഏകാഗ്രത കളയണ്ടാന്ന് വെയ്ക്കും. അല്ലാത്ത ദിവസങ്ങളിൽ ഉള്ള കുറച്ചു നേരത്തെ പ്രണയസല്ലാപങ്ങൾ
ആരും കാണാതെ കൈ മാറുന്ന നോട്ടങ്ങൾ..ചിലപ്പോൾ ആരും. ശ്രദ്ധിക്കാത്തപ്പോ കയ്യിൽ ഒന്ന് തൊടുന്നത്…ആരും ഇല്ലാത്തപ്പോൾ പിൻകഴുത്തിൽ പെട്ടെന്ന് ഒരുമ്മ തന്നിട്ട് ഓടി പോണത്. അവൾക്കൊപ്പമുള്ള ഓരോ നിമിഷവും മധുരമുള്ള ഓർമ്മകളാണ്. ഇന്ന് എക്സാം തീർന്നു. വൈകുന്നേരം വരും..നാളെ മുതൽ ഹോസ്പിറ്റലിൽ എത്തണം ന്ന് പറഞ്ഞിട്ടുണ്ട് കേൾക്കുമോ ന്ന് ദൈവത്തിനറിയാം. ഇപ്പൊ എന്ത് പറഞ്ഞാലും കളിയാണ്. തമാശ. ഒട്ടും സീരിയസ് അല്ല. ദേഷ്യപ്പെടാനും തോന്നില്ല. ആ മുഖം കാണുമ്പോൾ പാവം തോന്നും. അപ്പുവേട്ടാ എന്നുള്ള വിളി കൂടിയാകുമ്പോൾ…അവൾക്ക് അറിയാം തന്നേ മയക്കാൻ. കള്ളിയാണ്. അവൻ അതോർത്തു തനിയെ ചിരിച്ചു
ഇത് ശരിയാവില്ല. ഹോ എന്തൊരു ഫീലാണിത്
“അർജുൻ?” വാതിൽക്കൽ
നിവിൻ
“ആ വാടാ എന്താ?”
അവൻ ഇരുന്നു. അവന്റെ കല്യാണത്തിന് പോകാൻ കഴിഞ്ഞില്ല. കൃഷ്ണ സീരിയസ് ആയിട്ട് കിടന്ന ദിവസം ആയിരുന്നു
“നീ എന്താ കല്യാണത്തിന് വരാതിരുന്നത്?”
“കൃഷ്ണ അന്ന് കുറച്ചു സീരിയസ് ആയിട്ട് അഡ്മിറ്റ് ആയിരുന്നു?”
“എന്ത് പറ്റി?”
“പനി ആയിരുന്നു പിന്നെ അത് ബ്ലഡിൽ ഇൻഫെക്ഷൻ ആയി “
“ഓ..ഇപ്പൊ എങ്ങനെ ഉണ്ട്?”
“കുഴപ്പമില്ല. ok ആണ് “
അവന് ആ സംഭാഷണം തുടരുന്നതിൽ വലിയ താല്പര്യമില്ല എന്ന് നിവിന് മനസിലായി
“എങ്ങനെ പോണ് ലൈഫ്? ഹാപ്പി അല്ലെ?”
നിവിൻ വെറുതെ ഒന്ന് ചിരിച്ചു
“ഞാൻ ശരിക്കും വന്നത് ദീപുവിന്റെ കാര്യത്തിൽ നമ്മൾ ഫ്രണ്ട്സ് എന്തെങ്കിലും ഒരു ഇനിഷിയേറ്റീവ് എടുക്കണ്ടേ? ഡിവോഴ്സ് എന്നൊക്കെ പറയുമ്പോൾ അത്രേയൊക്ക വേണോ?”
“അതവന് വലിയ പ്രശ്നം ഇല്ലാന്ന് തോന്നുന്നു. അവൻ അങ്ങനെ ഒരു ലൈഫ് ആയിരുന്നു ആഗ്രഹിച്ചത്. കുറച്ചു ഫ്രീ ആയിട്ട്..അത് കൊണ്ട് തന്നേ അവൻ ഹാപ്പിയാണ് “
“നീ ഈയിടെ സംസാരിച്ചോ?”
“ഇല്ല ഞാൻ കൃഷ്ണയുടെ ഒരു തിരക്കിൽ…ആരെയും അങ്ങനെ. ഞാൻ വിളിക്കാം “
നിവിൻ അൽപനേരം അവനെ നോക്കിയിരുന്നു.
അവന് പൊട്ടിത്തെറിച്ചു ചോദിക്കണമെന്ന് തോന്നുന്നുണ്ടായിരുന്നു. ഒരു കൃഷ്ണ അവള് വന്നേ പിന്നെ നിനക്ക് എന്താടാ ഈ മാറ്റമെന്ന്. അവൾ നിന്റെയാരാന്ന്. ഇത്രയും അഡിക്ട് ആവാൻ അവളെന്ത് കുന്തമാണ് തരുന്നതെന്ന്. പക്ഷെ എതിരിൽ അർജുൻ ആണ്. എത്ര അടുത്ത സുഹൃത്തിന് പോലും അതിനുള്ള സ്വാതന്ത്ര്യം അവൻ കൊടുത്തിട്ടില്ല.
വാതിൽ തുറന്നു പെട്ടെന്ന് കൃഷ്ണ ഉള്ളിലേക്ക് വന്നു. നിവിനെ കണ്ട് അവൾ ഒന്ന് അറച്ചു
“പോര്…എങ്ങനെ ഉണ്ടായിരുന്നു എക്സാം?” അർജുൻ ചോദിച്ചു
“നന്നായി എഴുതി ” അവൾ മെല്ലെ പറഞ്ഞു
“ഹായ് കൃഷ്ണ ” അവൾ ഒന്ന് പുഞ്ചിരിച്ചു
നിവിന്റെ ഉള്ളിൽ എന്തോ ഒന്ന് തുളുമ്പി. ഒരു പൊട്ട് പോലും വെച്ചിട്ടില്ല. കണ്ണെഴുത്തോ ചമയങ്ങളോയില്ല. കോളേജിൽ നിന്ന് നേരേ വരികയാണ്. ബാഗുണ്ട്. എന്നിട്ടും എന്തൊരു ഭംഗിയാണ്
“എല്ലാ എക്സാമും കഴിഞ്ഞോ?”
“ഉവ്വ് “
“അപ്പൊ ഇനി ഡോക്ടർ കൃഷ്ണ “
“റിസൾട്ട് വരണം ” അവൾ പറഞ്ഞു
അർജുൻ അവളുടെ കൈ പിടിച്ച് തന്നോട് അടുപ്പിച്ചു നിർത്തി. നിവിന് ഒരു വല്ലായ്മ തോന്നി
“ശരി അർജുൻ. ഞാൻ റൂമിൽ ഉണ്ടാകും ഫ്രീ ആകുമ്പോൾ വിളിക്ക് “
അർജുൻ തലയാട്ടി. അവൻ പോയി കഴിഞ്ഞപ്പോ അവൾ അവന്റെയരികിൽ ഇരുന്നു
“അങ്കിളിനെ കണ്ടില്ല?”
“അച്ഛൻ ഉടനെ വരും. വീട് വരെ പോയി.” അവൾ പുഞ്ചിരിച്ചു
“ശരിക്കും എളുപ്പമായിരുന്നോ?”
“ഉം “
“ക്ഷീണിച്ചുല്ലോ ” അവൾ മേശയിൽ മുഖം വെച്ച് അവനെ നോക്കി കിടന്നു
“എന്താ മോളെ?”
“നമുക്ക് ഒളിച്ചോടിപ്പോയാലോ?”
അവൻ പൊട്ടിച്ചിരിച്ചു പോയി. കൃഷ്ണ മുഖം കുഞ്ഞായി വീർപ്പിച്ചു
“എന്താ ഇപ്പൊ?”
“എങ്ങോട്ടെങ്കിലും ഓടി പോവാൻ തോന്നുവാ..അപ്പുവേട്ടന്റെ കൂടെ ദൂരെ എവിടെയെങ്കിലും…മനുഷ്യന്മാർ ഒന്നുമില്ലാത്ത ഒരു സ്ഥലത്ത് “
അവൾ അവന്റെ കൈ എടുത്തു മുഖം അതിൽ വെച്ച് കിടന്നു
“എന്നിട്ട് എനിക്ക് ദേ ഇത് പോലെ അപ്പുവേട്ടനെ കെട്ടിപിടിച്ചു കിടന്നുറങ്ങണം. നമ്മൾ രണ്ട് പേരും മാത്രം. ഇലയനക്കങ്ങളോ കാറ്റോ പോലും വേണ്ട..ഒരിടത്ത്…ഒറ്റയ്ക്ക്.. “
അർജുൻ ഒന്നും പറയാനാവാതെ അവളെ നോക്കിയിരുന്നു
“ഒന്നും വേണ്ട ആരും വേണ്ട..നമ്മൾ രണ്ടും മാത്രം “
അവളുടെ സ്വരം നേർത്തു വന്നു. അവൻ നോക്കിയിരിക്കെ കണ്ണുകൾ പൂട്ടി കൃഷ്ണ മയങ്ങിപ്പോയി. രാത്രി മുഴുവൻ ഇരുന്നു പഠിച്ചിട്ടുണ്ടാവും. പാവം. തന്റെ കയ്യിൽ ആണ് മുഖം…അവനാ മുഖം നോക്കിയിരുന്നു
നിമിഷങ്ങൾ കഴിഞ്ഞു പോയി….
നോക്കിയിരിക്കെ ആ കണ്ണുകൾ മെല്ലെ തുറന്നു
“ഉയ്യോ പാവം എന്റെ പൊന്നിന്റെ കൈ..മരവിച്ചോ?”
അവൾ അതെടുത്തു കയ്യിൽ വെച്ച് അമർത്തി തിരുമ്മി. അർജുൻ അവളെ പെട്ടെന്ന് തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു
“നീ ആരാണ് കൃഷ്ണ?”
അവന്റെ മുഖം വിങ്ങി വിതുമ്പി ചുവന്നിരുന്നു
“അപ്പുവേട്ടന്റെയാ ഞാൻ..അപ്പുവേട്ടന്റെ മാത്രം കൃഷ്ണ “
അവൾ അവന്റെ കൈവെള്ളയിൽ അമർത്തി ചുംബിച്ചു
“ഞാൻ ലേറ്റ് ആകും പോട്ടെ “
“ഞാൻ കൊണ്ട് വിടാം “
“വേണ്ടാന്ന്. ഞാൻ പൊയ്ക്കോളാം “
“ഇല്ലടി സമാധാനം കിട്ടില്ല ഞാൻ വരാം “
ലിഫ്റ്റിലേക്ക് കയറാൻ പോകുമ്പോൾ ജയറാം
“ഞാൻ ഇത്രേ നേരം നോക്കി. എന്താ ലേറ്റ് ആയെ?”
“ഒരു ഫ്രണ്ട് വന്നിരുന്നു. സംസാരിച്ചു വൈകി “ജയറാം വാത്സല്യത്തോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു
“എക്സാം എങ്ങനെ?”
“ഇന്ന് തീർന്നു. കുഴപ്പമില്ല ok ആണ് “
“ഗുഡ് “
“ഞാൻ ഇവളെ കൊണ്ട് വിട്ടിട്ട് വരാം അച്ഛാ..”
അർജുൻ അദ്ദേഹത്തോട് പറഞ്ഞു. അവർ നടന്ന് പോകുന്നത് നോക്കി നിന്നു പോയി ജയറാം
“ഇനി ഇത് നടത്താം കേട്ടോ. രണ്ടും കൂടി ആശുപത്രിയിൽ ഇങ്ങനെ തെരാപാര നടക്കുന്നത് കഷ്ടമല്ലേ ജയേട്ടാ “
ഡോക്ടർ ദുർഗ
“എന്റെ ദുർഗ്ഗേ..അതിന് എന്റെ കുറ്റമാണോ? കൃഷ്ണക്ക് ഇനിം പഠിക്കണം, വീട് വെയ്ക്കണം, അങ്ങനെ കുറേ കുറേ. നോക്കട്ടെ അർജുൻ എന്ത് തീരുമാനിക്കുന്നുന്നു “
“എന്തായാലും വേഗം ആവട്ടെ “
ജയറാം ചിരിച്ചു
“കൃഷ്ണ?”
അർജുൻ കാർ ഓടിക്കുമ്പോൾ അവളെ നോക്കി
“ഉം “
“മോള് വരില്ലേ ഹോസ്പിറ്റലിൽ?”
“പിന്നെ വരാതെ?”
“അങ്ങനെ അല്ല. ജോയിൻ ചെയ്യില്ലേ?”
“അത് വേണോ”
അവൾ മടിച്ചു
“എം ഡി ക്കുള്ള എൻട്രൻസ് എഴുതുമ്പോ ഓപ്ഷൻ മാധവം വെയ്ക്. ഇവിടെ മതി “
അവൾ അവന്റെ തോളിൽ ചാരി
“നിന്റെ ഒന്നിലും ഞാൻ ഇടപെടില്ല. വാക്ക് “
അവൾ ചിരിയോടെ മുഖത്തേക്ക് നോക്കി
“നഷ്ടം വരും അപ്പുവേട്ടാ. ഞാൻ തന്നെ വലിയൊരു നഷ്ടക്കച്ചവടമാ..എന്നെ എന്തിനാ സ്നേഹിച്ചേ…ഒരു ലാഭവുമില്ല അപ്പുവേട്ടന്..”
“നിനക്ക് എന്തറിയാം “അവൻ മെല്ലെ ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു
“എന്നേക്കാൾ നല്ല ഒരാളെ കിട്ടില്ലായിരുന്നോ?”
“പോടീ “
അവൾ ചിരിച്ചു
“പിന്നെ തോന്നും കേട്ടോ ഇത് വേണ്ടായിരുന്നുന്ന്. മടുക്കുമ്പോ അന്നെന്നെ കളയുമോ?”
തമാശക്ക് ചോദിച്ചു പോയതായിരുന്നു കൃഷ്ണ. അർജുന്റെ മുഖം മാറി. അവൻ പിന്നെ സംസാരിച്ചില്ല
“പിണങ്ങിയോ എന്നോട് ” ആ മുഖം കാണുമ്പോൾ ഉള്ളു അലിഞ്ഞു പോകും.
അവൻ കാർ നിർത്തി
“എടി പോ- ത്തേ. അർജുൻ ആദ്യമായിട്ടല്ല പെണ്ണിനെ കാണുന്നെ. പെണ്ണിന്റെ ചരിത്രോം ഭൂമിശാസ്ത്രോം എന്റെത്ര ഒരു മാതിരി ആണുങ്ങൾക്ക് അറിയുകേമില്ല. അത് കൊണ്ട് നിന്നെ മടുക്കുമോ എന്നുള്ള ചോദ്യം അനവസരത്തിലാ. കാരണം എനിക്ക് നീ ഉദേശിച്ചത് അല്ല നിന്നില് ആവശ്യം…പിന്നെ കളയുമോന്ന്. അങ്ങനെ കളയുന്ന ദിവസം അർജുൻ മരിക്കും. മനസ്സിലായോ. മരിച്ചു കഴിഞ്ഞ കൃഷ്ണ തനിച്ചാ. പിന്നെ നീ വേറെ കെട്ടരുത് കേട്ടോ. അർജുൻ തൊട്ടതൊന്നും നീ ആർക്കും കൊടുക്കരുത്. അത് അർജുന്നുള്ളതാ, ജീവിച്ചാലും മരിച്ചാലും “
ഞെട്ടിപ്പോയി കൃഷ്ണ. അവൾ പകച്ചിരിക്കുകയായിരുന്നു
കരഞ്ഞു കൊണ്ട് അവൾ മുഖം പൊത്തി. അർജുൻ നടുങ്ങിപ്പോയി
“മോളെ എടി..ഞാൻ..സോറി..എന്റെ കൊച്ച് കരയല്ലേ..ഞാൻ വെറുതെ പറഞ്ഞതല്ലേ..നീ വേറെ കെട്ടിക്കോ ഞാൻ സമ്മതിച്ചു “
ഒറ്റയടി കൊടുത്തു കൃഷ്ണ. നെഞ്ചിൽ ആഞ്ഞിടിച്ചു. നുള്ളിപ്പറിച്ചു
“ദേ എനിക്ക് നോവുന്നെന്ന് “
അവൾക്ക് ഭ്രാന്ത് പിടിച്ച പോലെയായിരുന്നു
“ഇനി പറയോ…പറയോ?”
അർജുൻ മുഖം പൊത്തി സ്റ്റിയറിങ്ങ് വീലിൽ കമിഴ്ന്നു കിടന്നു. കുറേ നേരം കഴിഞ്ഞു അവൾ ശാന്തയായി. അവനോട് പിണങ്ങി പുറത്ത് നോക്കി
“എന്റെ കൊച്ചെന്നോട് പിണങ്ങിയോ?”
കൃഷ്ണ നോക്കിയില്ല
“ഇങ്ങോട്ട് നോക്ക് “
അവൾ കാറിന്റെ ഗ്ലാസ്സിലേക്ക് തല ചേർത്ത് വെച്ച് കണ്ണുകൾ മാറ്റി
“എന്റെ ദേഹത്ത് മൊത്തം നഖത്തിന്റെ മുറിവാ. ടെറ്റനസ് എടുക്കേണ്ടി വരുമോ?”
അവൾ തിരിഞ്ഞിരുന്നു
“എന്റെ കുഞ്ഞാവയല്ലേ ഇങ്ങോട്ട് നോക്ക് “
അർജുൻ ചുറ്റുമോന്ന് നോക്കി. റോഡ് വിജനമാണ്. പിൻ കഴുത്തിൽ മുഖം അമർത്തി ഒരുമ്മ. കൃഷ്ണയ്ക്ക് കുളിർന്നു. അർജുൻ മെല്ലെ അവളെ തിരിച്ചു. മുഖം നെഞ്ചിലേക്ക് ചേർത്ത് ചുണ്ടിൽ ഒരുമ്മ. ഇക്കുറി എതിർക്കുന്നില്ല. തളർന്ന പോലെ…
“അർജുന്റെ ജീവനാണ്….ഒരിക്കലും മടുക്കില്ല. ഇങ്ങനെ നെഞ്ചോട് ചേർത്ത്…മരണം വരെ…”
കൃഷ്ണ രണ്ടു കൈ കൊണ്ടും അവന്റെ കഴുത്തിലൂടെ കൈയിട്ടു
“ഇനിയൊരിക്കലും മരണത്തെ കുറിച്ച് പറയരുത്. പറയുമോ “
“ഇല്ല “
അവൾ വിങ്ങി കരഞ്ഞു കൊണ്ട് അവനെ ഉമ്മ വെച്ചു
അർജുൻ അവളുടെ മുഖം നെഞ്ചോടടുക്കി അങ്ങനെ ഇരുന്നു കുറേ നേരം
രാത്രിയായി. രണ്ട് പേരുടെയും ഫോൺ ബെൽ അടിക്കുന്നുണ്ടായിരുന്നു. എടുക്കാൻ തോന്നിയില്ല. ആരോടും മിണ്ടാൻ തോന്നിയില്ല. അത് അവരുടെ സ്വർഗ്ഗലോകമായിരുന്നു
കൃഷ്ണ നേരെയിരുന്നു
“നമുക്ക് കല്യാണം കഴിക്കാം കൃഷ്ണ “
അർജുൻ പെട്ടെന്ന് പറഞ്ഞു
“പഠിക്കണം അപ്പുവേട്ടാ. ഹൗസർജൻസി കഴിഞ്ഞിട്ടില്ല “
“പഠിച്ചോ. എത്ര വേണേൽ പഠിച്ചോ. പിന്നെ വീട് വെയ്ക്കുന്നത്. അതും ചെയ്തോ
നിന്റെ ഇഷ്ടം…ഞാൻ ഇത് എത്ര തവണ ആയി പറയുന്നു. നമുക്ക് കല്യാണം കഴിക്കാം.ഉം?”
“നോക്ക് ഇതിന്റെ പേരില് ഒത്തിരി തർക്കിച്ചിട്ടിണ്ട് ട്ടോ. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വീട്ടിൽ ഇപ്പൊ അതിനുള്ള സാഹചര്യം അല്ല. അറിയാല്ലോ. എല്ലാം.”
“രജിസ്റ്റർ ചെയ്ത മതി “
അവളുടെ കണ്ണുകൾ നിറഞ്ഞു
“എനിക്ക് കുറച്ചു കൂടി സമയം തരുമോ. എല്ലാരേം ഒന്ന് പറഞ്ഞു മനസിലാക്കാൻ ഉള്ള സമയം “
“ഉം “
അവൻ പുഞ്ചിരിച്ചു
കൃഷ്ണ ആ കൈകൾ നെഞ്ചിൽ ചേർത്ത് പിടിച്ചു
“എന്തിഷ്ടാണെന്നോ എനിക്ക്?”
അവന്റെ കണ്ണ് നിറഞ്ഞു. അവൻ മുന്നോട്ടഞ്ഞ് അവളുടെ നിറുകയിൽ ചുംബിച്ചു. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു
കൃഷ്ണയേ വീട്ടിൽ വിടുമ്പോൾ മനു അവിടെ നിൽക്കുന്നത് അർജുൻ കണ്ടു. കൃഷ്ണയോട് അവനെന്തോ ചോദിക്കുന്നു. കാറിലേക്ക് കൈ ചൂണ്ടി ദേഷ്യത്തോടെ ആക്രോശിക്കുന്നു. അർജുൻ കാറിൽ നിന്ന് ഇറങ്ങി
മനുവിന്റെ കൈ കൃഷ്ണയുടെ നേരേ ഉയർന്ന ആ നിമിഷം. അവന്റെ നിയന്ത്രണം പോയി
ആ കൈ പിടിച്ചു വലിച്ചു മാറ്റി അവൻ മനുവിനെ കാറിലേക്ക് ചേർത്ത് വെച്ചിട്ട് അവളെ നോക്കി
“നീ അകത്തു പോ “
അർജുന്റെ ശബ്ദം ഉയർന്നു
“അമ്മയും അച്ഛനും അറിയരുത് വീട്ടിൽ പോ കൃഷ്ണ “
കൃഷ്ണ അവനെയൊന്ന് നോക്കി. മുഖം മാറിക്കഴിഞ്ഞു. അവൾ വീട്ടിലേക്ക് പോയി
“നീ ആയിപ്പോയി..ഇല്ലെങ്കിൽ ഉണ്ടല്ലോ. അവളുടെ നേരേ ഉയർന്ന നിന്റെ കൈ കാണില്ല “
“എനിക്ക് അറിയാമെടാ. നീ നിന്റെ അച്ഛനെ തല്ലിയവന്റെ കൈ വെ- ട്ടിയത് എനിക്ക് അറിയാം.”
“നിനക്ക് അതല്ലെ അറിയൂ…നെഞ്ചിൽ ക- ത്തി കയറ്റിയ കഥ അറിയില്ലല്ലോ…അതും ചെയ്തിട്ടുണ്ട് അർജുൻ. പച്ചക്ക് ഒരുത്തനെ കൊ- ല്ലാൻ മടിയൊന്നുമില്ല എനിക്ക്…നിന്റെ ആനുകൂല്യം നീ കൃഷ്ണയുടെ ഏട്ടനാണ് എന്നത് മാത്രം ആണ്. അവളുടെ ദേഹത്ത് തൊട്ട് നോക്ക് നീ. അല്ലെങ്കിൽ തന്നെ നീയൊക്കെ എന്തോന്ന് ആണാടാ? പെണ്ണിനെ തല്ലാൻ നടക്കുന്നു. ധൈര്യമുണ്ടെങ്കിൽ എന്നെ തല്ല്..”
മനു ഒന്ന് പതറി
“എന്താ മുട്ടിടിച്ചോ? എന്നാ ഇപ്പൊ നീ കേട്ടോ നിന്റെ അനിയത്തിയേ ഞാൻ കെട്ടും..അത് കഴിഞ്ഞ അർജുന്റെ ഭാര്യയാ അവള്…..പിന്നെ നിന്നെയൊന്നും കാണിക്കില്ല ഞാൻ അവളെ…കൃഷ്ണ പിന്നെ നിന്റെ ജീവിതത്തിൽ ഇല്ല. എന്റെ മാത്രമാ പിന്നെ. എന്റെ മാത്രം…കേട്ടോടാ നാ- യെ “
അവൻ കാറിൽ കയറി പോയിട്ടും മനു തറഞ്ഞു നിൽക്കുകയായിരുന്നു
അവൻ വീട്ടിലേക്ക് ചെന്നു
“കൃഷ്ണെ ” ഒരലർച്ച
അമ്മയും അച്ഛനും അവളും പുറത്തേക്ക് വന്നു
“അവനും നീയും തമ്മിൽ എന്താ?”
കൃഷ്ണ ആ മുഖത്തേക്ക് നോക്കി. അച്ഛനും അമ്മയും ഒന്നും മനസിലാകാതെ പരസ്പരം നോക്കി
“ഇവളും ആ ഡോക്ടറുടെ മോനും തമ്മിൽ.?”
“ഇഷ്ടമാണ്. എന്താ പാടില്ലേ?”
മനുവിന്റെ കൈ വീണ്ടും ഉയർന്നു. ഇക്കുറി ആ കയ്യിൽ ഒരു പിടിത്തം വീണു
അച്ഛൻ
“അവളെ ശാസിക്കാൻ ഞാനുണ്ട്. എന്റെ കുഞ്ഞിനെ തൊട്ട് പോയേക്കരുത്. അവളെ തല്ലാൻ വന്നേക്കുന്നു.”
മനു അമ്പരപ്പോടെ അച്ഛനെ നോക്കി.
“അച്ഛാ അവൻ..എങ്ങനെ ഉള്ളവനാണെന്ന് അറിയോ..അവൻ ഒരു ക്രി- മിനൽ ആണ്. ഒരു മെന്റൽ..”
“രാവിലെ സംസാരിക്കാം മനു. നീ ഇപ്പൊ വീട്ടിൽ പോ. ഒന്നുടെ പറയാം അവൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവൾക്ക് തെറ്റ് പറ്റില്ല. അവൾക്ക് അയാളെ വിവാഹം കഴിക്കണമെങ്കിൽഞാൻ അത് നടത്തി കൊടുക്കും. അതിന്റെ പേരിൽ ഇനി ഒരു സംസാരം വേണ്ട “
മനു ഇറങ്ങി പോയി
കൃഷ്ണ അതിശയത്തോടെ അച്ഛനെ നോക്കി
അച്ഛൻ…ഒരു മഹാമേരു കണക്കെ അവൾക്ക് മുന്നിൽ നിന്നു. അവളാ നെഞ്ചിൽ വീണു. അച്ഛൻ അവളെ ചേർത്ത് പിടിച്ചു
തുടരും…..