ധ്രുവം, അധ്യായം 53 – എഴുത്ത്: അമ്മു സന്തോഷ്

ഹാളിൽ സെറ്റിയിൽ ഇരുന്നവർ

“പറയ്..”

“എന്നോട് പറയാത്തത് എന്തെങ്കിലും ബാക്കിയുണ്ടോ അപ്പുവേട്ടാ “

അവൻ അവളെ സൂക്ഷിച്ചു നോക്കി. മനു അവളോട് എല്ലാം പറഞ്ഞു കാണുമതാണ് ഈ ചോദ്യം

“അവസരം കിട്ടാത്തത് കൊണ്ട് പറയാത്തത് പലതും ഉണ്ട്. എന്താ അറിയണ്ടത്?”

“ഒരാളുടെ കൈ വെ-ട്ടിയിട്ടുണ്ട് എന്നുള്ളത് സത്യാണോ?”

“അതെ. ചെയ്തിട്ടുണ്ട്. എന്റെ അച്ഛൻ മരിച്ച് പോയിരുന്നെങ്കിൽ അവനെ ഞാൻ കൊ- ന്നേനെ. അതിലെന്താ..”

അവൻ സെറ്റിയിലെക്ക് ചാരി ഇരുന്നു

“നിയമം എന്നൊന്നില്ലേ?”

“എന്റെ ലോകത്ത് ഞാൻ ആണ് ന്യായാധിപതി. ഞാനാണ് നിയമം ഉണ്ടാക്കുന്നതും നടപ്പാക്കുന്നതും “

അവൻ നെഞ്ചിൽ കൈകൾ പിണച്ച് കെട്ടി. കൃഷ്ണ അവനെ നോക്കിയിരുന്നു

“അങ്ങനെ ഓരോരുത്തരും തീരുമാനിച്ച എന്താകും ലോകത്തിന്റെ അവസ്ഥ?”

“അതെനിക്ക് ബാധകമല്ല കൃഷ്ണ. എന്റെ യൂണിവേഴ്സിൽ ഞാനാണ് എല്ലാം തീരുമാനിക്കുക…”

“അപ്പൊ ഞാനോ അപ്പുവേട്ടാ?”

“എന്റെ മോള് ആ ഇന്നർ സർക്കിളിലോട്ട് വരണ്ട.”

അവൻ അവൾക്കരികിൽ ചെന്നു ചേർന്ന് ഇരുന്നു

“കച്ചവടത്തിന്റെ കുതന്ത്രങ്ങളിലേക്ക് എന്റെ  കൊച്ച് വരണ്ട. നീ അച്ഛനെ പോലെ രോഗികളെയൊക്കെ നോക്കി, പഠിച്ച്, നിന്റെ വീട്ടുകാരെയും നോക്കി ഇരുന്ന മതി “

അവൾ ആ കണ്ണിലേക്കു നോക്കി

“എനിക്ക് അത് പോരാ അപ്പുവേട്ടാ..പരമശിവന്റെ പാതിയായിരുന്നു ശ്രീപാർവതി. അതായത് പാതി ശക്തി. ഭാര്യ അങ്ങനെ ആവണ്ടേ?”

“നീ എന്തിനാ പാതി ആവുന്നേ. എന്റെ മുഴുവൻ ശക്തിയും ഇപ്പൊ നീയാ..അർജുന്റെ എല്ലാം “

അവൾക്ക് മനസിലായി ആള് സൂത്രശാലിയാണ്. ചിലപ്പോൾ വേറെയാളാണ്

“എന്താ ആലോചന?”

“ഇന്നലെ ചർച്ചകൾ ഒക്കെ നടന്ന്. വീട്ടിൽ അച്ഛൻ പറയുന്നത് സമയം വേണം ന്നാ. ഗൗരി ചേച്ചിയുടെ ഡെലിവറി ഉടനെ ഉണ്ടാകും. അപ്പൊ അവർക്ക് കൂടെ convenient ആകുന്ന സമയം വേണ്ടേ അത് കൊണ്ട്…”

“എത്ര സമയം?”

“ആറു മാസം കഴിഞ്ഞു ഒരു വർഷം വരെ…ഹൗസർജൻസി കഴിഞ്ഞു മതി ന്നു പറയുന്നു “

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു

“നിനക്ക് ok. ആണോ “

ശബ്ദത്തിൽ ഒരു മാറ്റം ഉണ്ട്

“ഉം “

“ഒരു വർഷം കഴിഞ്ഞു മതിന്ന് “

അവൾ ഒന്ന് മൂളി

“ok എനിക്ക് എതിർപ്പ് ഒന്നുല്ല കൃഷ്ണ. നിങ്ങളുടെ ഇഷ്ടം പോലെ ഒരു വർഷമോ രണ്ടു വർഷമോ കഴിഞ്ഞു മതി. ഞാൻ ഇവിടെ തന്നെ ഉണ്ടാകും. നിനക്ക് എന്നെ വേണം ന്ന് തോന്നുമ്പോൾ മതി..”

കൃഷ്ണയുടെ കണ്ണ് നിറഞ്ഞു പോയി

“പക്ഷെ അത് വരെ ഇനി നമ്മൾ ഒറ്റയ്ക്ക് കാണില്ല കൃഷ്ണ. ആൾക്കാരെ കൊണ്ട് വെറുതെ എന്തിനാ ഓരോന്ന്. അത് വേണ്ട. ഒടുവിൽ ഒരു ദിവസം നിനക്ക് തോന്നും അർജുൻ വേണ്ടാന്ന്. അപ്പൊ ഞാൻ വീണ്ടും കോമാളിയാകും. ഇനി ഒരിക്കൽ കൂടി അത് വയ്യ. നീ പൊയ്ക്കോ “

അവൻ എഴുന്നേറ്റു. അവൾ പെട്ടെന്ന് ആ കയ്യിൽ പിടിച്ചു

“എന്താ പറഞ്ഞിട്ട് പോണത് അപ്പുവേട്ട?”

“ദേഷ്യം ഒന്നുല്ല കൃഷ്ണ. നിന്റെ വീട്ടുകാർ പറയുന്നതിൽ കാര്യം ഉണ്ട്. ഞാൻ എന്റെ സൈഡ് മാത്രേ ചിന്തിച്ചുള്ളൂ. take your own time. അത് കഴിഞ്ഞു മതി..ഇനി കാഴ്ചകൾ..”

കൃഷ്ണ കരഞ്ഞു പോയി

“എങ്ങനെ ഇങ്ങനെ പറയാൻ പറ്റുന്നത്?”

“അതാണ് കൃഷ്ണ ശരി. നിനക്കിപ്പോ തന്നെ ഉള്ളിൽ ഒരു വല്ലായ്മ ഉണ്ട്. നിന്നോട് പറയാത്തത് എന്താ എന്ന് നീ ചോദിച്ചപ്പോ എനിക്ക് അത് മനസിലായി. നിനക്ക് പേടിയുണ്ട് “

“ഇല്ല അപ്പുവേട്ടാ സത്യം ഇല്ല “

” നിന്റെ ഏട്ടൻ പറഞ്ഞത് ഒക്കെ നിന്റെ മനസിലുണ്ട്. എനിക്ക് അത് നിന്റെ കണ്ണിൽ അറിയാം..കൃഷ്ണ ഒരു ചതി അനുഭവിച്ചതാ ഞാൻ. ഇനി അത് വയ്യ..”

“കൃഷ്ണ ആ പെണ്ണിനെ പോലെയാണോ?”

“നീയും പെണ്ണല്ലേ?”

അവൾ നടുങ്ങിപ്പോയി

“ഞാൻ..ഞാൻ..അപ്പുവേട്ടനെ ചതിക്കുമോ?”

“ഇപ്പൊ നീ മാറിയില്ലേ കൃഷ്ണ. വീട്ടിൽ പറയുന്നത് കൊണ്ട് ഒരു വർഷം സമയം വേണം ന്ന് പറഞ്ഞില്ലേ..ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്ത് വേണേൽ നീ ചെയ്തോ എനിക്ക് എതിർപ്പില്ല ന്ന്. എന്നിട്ടും ഒരു വർഷം..ആ ഒരു വർഷം എങ്ങനെയൊക്കെ ആൾക്കാർ മാറും? ആരൊക്കെ ജീവിച്ചിരിക്കും? അറിയുമോ?”

അവൾക്ക് മറുപടി ഇല്ല

“എന്റെ തെറ്റാണ് കൃഷ്ണ. ഞാൻ…ഇതിൽ വന്ന് പെട്ടു പോയി. ഒന്നിലും കണക്ട് ആവാതെ ജീവിച്ചു പോയതായിരുന്നു. കഴിഞ്ഞ മൂന്നാല് വർഷം ഏതോ മായിക ലോകത്തു പെട്ടത് പോലെ..എല്ലാം വലിയ നുണകൾ ആയിരുന്നു. കാര്യത്തോടെടുക്കുമ്പോൾ നിനക്കും എന്നെ വേണ്ട..”

കൃഷ്ണ പെട്ടെന്ന് അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു

“ഇങ്ങനെ ഒന്നും പറയരുത്…എന്നെ അറിയില്ലേ?”

അവൻ മെല്ലെ അവളെ നീക്കി നിർത്തി

“നമുക്ക് നിന്റെ വീട്ടുകാര് പറഞ്ഞ സമയത്ത് കണ്ട മതി ഇനി…അന്നും നിനക്ക് എന്നെ വേണേൽ മതി. അതല്ല നിനക്ക് എന്നെ വേണ്ടെങ്കിൽ കുറച്ചു കൂടി ബെറ്റർ ആയ ഒരാൾ മതി എന്ന് തോന്നുന്നെങ്കിൽ അത് പറഞ്ഞ മതി. പേടിക്കണ്ട അർജുൻ കൃഷ്ണയേ ഉപദ്രവിക്കില്ല “

കൃഷ്ണ നടുങ്ങി പകച്ച് നിന്നു പോയി

“നീ പൊയ്ക്കോ..എനിക്ക് ഒന്ന് കിടക്കണം “

അവളുടെ മുന്നിൽ ആ വാതിൽ അടഞ്ഞു. അവൾ കുറേ നേരം അവിടെ നിന്നു. നടന്നത് എന്താണെന്ന് ഉൾക്കൊള്ളാൻ കഴിയാതെ..

തന്നെ ഇനി കാണണ്ട എന്ന് പറഞ്ഞു. ഒറ്റയ്ക്ക് കാണണ്ടാന്ന്…

അവൾക്കൊരു തളർച്ച തോന്നി. മനുഷ്യൻ എങ്ങനെയാണ് ഇത്രയും പെട്ടെന്ന് മാറുന്നതെന്ന് അവൾക്ക് മനസിലായില്ല. തന്നെ കാണാതെ അവന് എങ്ങനെ സാധിക്കുമെന്നും അവൾക്ക് മനസിലായില്ല. ഞാൻ ഇതിൽ വന്നു പെട്ട് പോയി. അവൻ പറഞ്ഞത് അവൾ വീണ്ടും ഓർത്ത് പോയി

അത് ഒരു തെറ്റായിരുന്നുന്നു തോന്നുന്നുണ്ടോ ഇപ്പൊ

അവൾ വേദനയോടെ അടഞ്ഞ വാതിലിലിലേക്ക് നോക്കി നിന്നു

ദൃശ്യ അത് കാണുന്നുണ്ടായിരുന്നു. അവൾ വേഗം ഓടി കൃഷ്ണയ്ക്ക് അരികിൽ വന്നു കൂട്ടിക്കൊണ്ട് പോയി

“എല്ലാം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു ഇനി ഒറ്റക്ക് കാണണ്ടാന്ന്…പൊയ്ക്കോളാൻ പറഞ്ഞു.. ഞാൻ ചതിക്കുമെന്ന് “

കൃഷ്ണ ദൃശ്യയുടെ കയ്യിൽ മുറുകെ പിടിച്ചു

“അപ്പുവേട്ടൻ പറഞ്ഞു തെറ്റായി പോയിന്ന്. പെട്ടു പോയിന്ന് എന്നിൽ…നാലുവർഷം എന്നൊക്ക…ബെറ്റർ ആയ ആളെ കണ്ടാൽ പറഞ്ഞിട്ട് പൊയ്ക്കോളാൻ പറഞ്ഞു. ഉപദ്രവിക്കില്ലന്ന് “

കൃഷ്ണ കുനിഞ്ഞിരുന്നു. ദൃശ്യയ്ക്ക് എന്ത് പറയണമെന്ന് അറിയാതെയായി

“വലിയ ആൾക്കാർ ഒക്കെ ഇങ്ങനെ ആയിരിക്കുമല്ലേ..അവർക്ക് എല്ലാം പെട്ടെന്ന് പറ്റും…നമ്മൾ തകർന്നു പോം “

അവൾ ഭിത്തിയിൽ ചാരി ഇരുന്നു

“കൃഷ്ണ…അത് നീ കല്യാണം ഉടനെ വേണ്ട എന്ന് പറഞ്ഞതിന്റെ റിയാക്ഷന. അല്ലാതെ എന്താ? സ്നേഹം ഇല്ലാഞ്ഞിട്ടാണോ കൃഷ്ണ കല്യാണം ആലോചിച്ചു വന്നത്. ഇത്രയും അർജുൻ ചേട്ടൻ ജീവിതത്തിൽ ആരെയും സ്നേഹിച്ചു കാണില്ല. എനിക്ക് അറിയാം അത്. നീ വയ്യാതെ കിടന്ന സമയം ആ മനുഷ്യൻ ഉറങ്ങിയില്ല. നീറി നീറി ഞാൻ കണ്ടിട്ടുണ്ട് അതൊക്കെ. നീ എന്ന് വെച്ചാ ജീവനാണ് കൃഷ്ണ. അത് നിനക്കും അറിയാം. നീ ഇപ്പൊ പെട്ടെന്ന് അങ്ങനെ ഒക്കെ വീട്ടുകാർ പറഞ്ഞു ന്ന് പറഞ്ഞപ്പോൾ ആൾക്ക് വിഷമം തോന്നിട്ടുണ്ട്. അതാ
കുറച്ചു കഴിഞ്ഞു നിന്നെ വിളിക്കും”

കൃഷ്ണ അവളെ നോക്കി

“ഞാൻ ഒന്നുടെ ചെന്നു നോക്കട്ടെ..എനിക്ക് പറ്റില്ല ഇത് “

“വേണ്ട. നിന്നെ വിളിക്കും..നോക്കിക്കോ “

കൃഷ്ണ തലയാട്ടി

പക്ഷെ അർജുൻ പിന്നെ വിളിച്ചില്ല. കൃഷ്ണ വിളിച്ചപ്പോൾ എടുത്തുമില്ല. അവൾക്ക് ഹോസ്പിറ്റലിൽ ചെന്നു കാണാൻ മടിയുണ്ടായിരുന്നു. എന്നിട്ടും പോയി. അവനില്ല അവിടെ. അവൾ ഫ്ലാറ്റിൽ പോയി നോക്കി. അത് പൂട്ടി കിടക്കുകയാണ്

ഒടുവിൽ ജയറാമിന്നോട് ചോദിച്ചു

“അവൻ ചെന്നൈയിൽ ആണ്.ഡാഡിക്കൊപ്പം കുറച്ചു ദിവസം. മോളോട് പറഞ്ഞില്ലേ?”

അവൾ ഇല്ല എന്ന് തലയാട്ടി. വാടി പോയ ഒരു രൂപം

“മോളിരിക്ക് “

അവൾ അവിടെ ഇരുന്നു

“എന്താ കാര്യം?”

കൃഷ്ണ തളർന്ന് പോയ പോലെ ഒന്ന് നോക്കി. പിന്നെ കണ്ണീരോടെ എല്ലാം പറഞ്ഞു

“എന്നോട് പിണങ്ങി നടക്കുക. കുറേ വിളിച്ചു. എടുക്കുന്നില്ല..ദേഷ്യമാണ്. ഞാൻ എന്ത് ചെയ്യാനാ. വീട്ടിൽ പറഞ്ഞത് ഞാൻ പറഞ്ഞു. അത്രേയുള്ളൂ…അന്ന് എന്നെ കുറേയൊക്കെ പറഞ്ഞു. ഞാൻ ചതിക്കുമെന്ന്, വേണ്ടന്ന് തോന്നിയ പറഞ്ഞിട്ട് പൊക്കോളാൻ അങ്ങനെ കുറേ…പക്ഷെ എന്നെ ഏറ്റവും വേദനിപ്പിച്ചത് അർജുൻ സർ പെട്ട് പോയിന്ന് പറഞ്ഞു. അത് തെറ്റായി പോയിന്നും. വരുമ്പോൾ പറയണം അങ്ങനെ ഒന്നുല്ല ന്ന്..അങ്ങനെ ഒന്നും ചിന്തിക്കണ്ടാന്ന്. ഇഷ്ടം പോലെ ജീവിച്ചോളാൻ പറയണം. കൃഷ്ണ ഒരു തെറ്റാണെന്ന് അബദ്ധം ആണെന്ന്…”

പെട്ടെന്ന് അവൾ മുഖം പൊത്തി കരഞ്ഞു

“ഞാൻ…എന്നെ സ്നേഹിച്ചു പോയത് ഒരുതെറ്റാണെന്ന് തോന്നി പോയിട്ടുണ്ടെങ്കിൽ തിരുത്താൻ പറയണം. ഞാൻ ഒന്നിനും വരില്ലാന്ന് പറയണം”

ജയറാമിന്റ കണ്ണ് നിറഞ്ഞു പോയി

“വഴക്ക് ഒന്നും പറയരുത്…വിഷമം വരുന്ന പോലെയും പറയരുത്. എപ്പോഴെങ്കിലും എന്നെ ഓർക്കുമ്പോൾ എന്നെ കുറിച്ച് ചോദിക്കുവാണെങ്കിൽ മാത്രം പറഞ്ഞ മതി “

അവൾ എഴുന്നേറ്റു

“അങ്കിളിനെ എനിക്ക് വലിയ ഇഷ്ടാ കാണാതിരിക്കാൻ പറ്റുമോന്ന് അറിഞ്ഞൂടാ. പക്ഷെ ഞാൻ ഇനി ഇങ്ങോട്ട് വരില്ല. നന്ദികേട് ആയിട്ടോ സ്നേഹമില്ലായ്‌മ ആയിട്ടോ വിചാരിക്കരുത്.”

അവൾ പൊയ്ക്കഴിഞ്ഞും. ഏറെ നേരം അദ്ദേഹം ആ ഇരുപ്പ് തുടർന്നു

വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്.

കൃഷ്ണ പോയി…

അങ്കിളേ എന്നൊരു വിളിയൊച്ച. കുഞ്ഞിലേ കണ്ട് തുടങ്ങിയതാണ്. വർഷം എത്രയായി

അർജുൻ

അവനവളെ ജീവനാണെന്ന് തനിക്ക് അറിയാം അത് കൊണ്ട് തന്നെ ഈ കാര്യത്തിൽ വഴക്ക് പറയാൻ കഴിയില്ല. അവളുടെ വശത്ത് നിന്ന് ചിന്തിക്കുമ്പോൾ അതും തെറ്റല്ല

അവളെന്തു ചെയ്യും? പാവം

അർജുൻ അവളെ മനസിലാക്കിയ മാത്രം മതി. അത് പക്ഷെ…

അർജുൻ ചെന്നൈയിൽ ആയിരുന്നു. ഡാഡിയോട് അവൻ എല്ലാം പറഞ്ഞു

“അർജുൻ…കൃഷ്ണ നല്ല കുട്ടിയാണ്. അവൾ മികച്ച ഒരു ഡോക്ടറും ആവും. പക്ഷെ വിവാഹം എന്നത് രണ്ടു കുടുംബങ്ങൾ കൂടിയുള്ള ബന്ധം ആണ്. അങ്ങനെ നോക്കുമ്പോൾ ഒരു കാരണവശാലും ചേരാൻ പാടില്ലാത്ത രണ്ടു കുടുംബങ്ങളാണ്. ബന്ധം നമ്മളെ പോലെ സമന്മാരോട് വേണം. ഇല്ലെങ്കിൽ പലയിടത്തും നമ്മൾ താഴ്ന്ന് നിന്നു പോകും..നീ ആലോചിച്ചു നോക്ക്. നീയവളെ മറ്റൊന്നും…?”

“ഇല്ല ” അർജുൻ പെട്ടെന്ന് പറഞ്ഞു

“എങ്കിൽ പിന്നെ ഒന്നുടെ ആലോചിച്ചു നോക്ക്. എന്നിട്ട് തീരുമാനം എടുക്ക് “

അർജുൻ ഒന്നും പറഞ്ഞില്ല. അവനന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് തിരിച്ചു വന്നു. അർജുൻ വരുമ്പോൾ ജയറാം ഒരു പുസ്തകം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു

“ആ നീ വന്നോ… “

അത്രേ തന്നെ

അവൻ മുറിയിലേക്ക് പോരുന്നു. ഷർട്ട്‌ മാറ്റുമ്പോൾ കണ്ണാടിയിൽ അവൾ. അവൻ ഹൃദയത്തിനു മുകളിൽ കൈ വെച്ചു. പിന്നെ മനസ്സ് കല്ലാക്കി. മറ്റൊരു ഷർട്ട്‌ എടുത്തു അണിഞ്ഞു

ഒരു സി- ഗരറ്റ് എടുത്തു കത്തിച്ചു. മൊബൈൽ നോക്കി. വിളിച്ചിട്ടില്ല

ആദ്യത്തെ കുറച്ചു ദിവസം വിളിച്ചിരുന്നു. എടുത്തില്ല. പിന്നെ വിളിച്ചില്ല

അവൻ വെറുതെ ഓരോന്ന് നോക്കിയിരുന്നു. ഒന്നിച്ചുള്ള ഫോട്ടോകൾ. വീഡിയോ. നിഷ്കളങ്കമായ ആ മുഖം. അപ്പുവേട്ടാ എന്നുള്ള വിളി

അവൻ ഫോൺ കട്ടിലിലിട്ടു. കണ്ടിട്ട് പന്ത്രണ്ട് ദിവസം

ഓർമ്മയുണ്ട്..തന്നെ വേണ്ടല്ലോ. വീട്ടുകാർ മതി. അങ്ങനെ മതി. താനാണ് മണ്ടൻ. അവളാണ് ലോകം എന്ന് വിചാരിച്ചു. അവൾക്ക് പക്ഷെ അവളുടെ വീട്ടുകാരാണ് എല്ലാം. താനല്ല. താൻ…ആരുമല്ല…ആരും…

“അർജുൻ കഴിക്കുന്നില്ലേ?”

“ഉം വരുന്നു “

ഭക്ഷണം കഴിക്കുമ്പോൾ അവൻ അച്ഛന്റെ മുഖത്ത് നോക്കി. ഒന്നും പറയുന്നില്ല. അവൾ അച്ഛനോട് പറഞ്ഞു കാണും. പക്ഷെ പറഞ്ഞിരുന്നെങ്കിൽ അച്ഛൻ അത് ചോദിച്ചെന്നെ. തന്നെ വഴക്ക് പറഞ്ഞേനെ. അവൾ പറഞ്ഞു കാണില്ല

“ഹോസ്പിറ്റലിൽ എന്തെങ്കിലും വിശേഷം ഉണ്ടൊ അച്ഛാ?”

“ഹേയ് as usual “

ജയറാം കഴിച്ച് എഴുനേറ്റു കൈ കഴുകി മുറിയിൽ പോയി

അവൻ കുറച്ചു നേരം അങ്ങനെ ഇരുന്നു

അവൾ വരാറുണ്ടോ എന്ന് ചോദിക്കാൻ തോന്നി. അവൻ അച്ഛന്റെയരികിൽ ചെന്നു

“കൃഷ്ണ വരാറുണ്ടോ?”

“ഇല്ല…”

വേറെയൊരു ചോദ്യവും പറച്ചിലുമില്ല. എന്താ കാര്യം എന്ന് ചോദിച്ചു പോലുമില്ല

“ഞാനും കൃഷ്ണയും തമ്മില്…”

“നീ ആ ലൈറ്റ് അണച്ചിട്ട് പോ അർജുൻ “

“അച്ഛാ പ്ലീസ്. ഞാൻ പറയുന്നത് കേൾക്ക് “

“കൃഷ്ണ അവളുടെ വീട്ടുകാരൂ  പറഞ്ഞത് നിന്നോട് പറഞ്ഞു. നീ അതിനുള്ള മറുപടി പറഞ്ഞു. ഇത്രല്ലേയുള്ളു. അതെനിക്ക് അറിയാം. നീ പറഞ്ഞതാ ശരി. അല്ലെങ്കിലും കൃഷ്ണയേ പോലൊരാൾ അല്ല നിനക്ക് ഭാര്യ ആയിട്ട് വരേണ്ടത് നീ പറഞ്ഞത് ശരിയാ.”

അവൻ ഞെട്ടിപ്പോയി

“എന്ന് ഞാൻ എപ്പോ പറഞ്ഞു?”

“നീ പെട്ട് പോയിന്ന് പറഞ്ഞില്ലേ അവളോട് അത് സത്യമാ…അത് ഒരു അബദ്ധം ആയി. ഞാൻ തിരുത്തേണ്ടതായിരുന്നു. സാരമില്ല ഇനിയും വൈകിയിട്ടില്ല. കൃഷ്ണ അല്ലെങ്കിലും നിന്റെ സ്റ്റാറ്റസിനു ചേരില്ല അർജുൻ “

അച്ഛൻ ഇത് തമാശ പറയുകയാണോ കാര്യമായിട്ടാണോ എന്നവന് മനസിലായില്ല

“കൃഷ്ണ മിടുക്കിയ. നല്ല ഡോക്ടറാ. നമ്മുടെ ഹോസ്പിറ്റലിൽ നിന്നാ നല്ലതുമാ അത്രേം മതി “

അവന്റെ മുഖത്തെ രക്തം വാർന്നു. അവൻ പോകാൻ തിരിഞ്ഞു

“ആ പിന്നെ പെട്ട് പോയിന്ന് തോന്നിയ സ്ഥിതിക്ക് അത് തിരുത്തിയെക്കാൻ പറഞ്ഞു കൃഷ്ണ. ഒന്നിനും വരില്ലെന്നും…ഇഷ്ടം പോലെ ജീവിച്ചോളാൻ പറഞ്ഞു. അവളെ സ്നേഹിച്ചു പോയത് ഒരു തെറ്റായി എന്ന് തോന്നിയെങ്കിൽ തിരുത്തിയെക്കാൻ പറഞ്ഞു…നീ ആ ലൈറ്റ് അണച്ചേക്ക്. രാവിലെ നേരേത്തെ എണീക്കണം സർജറി ഡേ ആണ്.”

അർജുൻ യാന്ത്രികമായി ലൈറ്റ് അണച്ചു. അവൻ മുൻവശത്ത് വന്നിരുന്നു. വായിൽ നിന്ന് വീണു പോയതാണ് ആ വാചകം. പെട്ട് പോയി എന്നുള്ളത്

“ഞാൻ ഇനി വരില്ല…ഇഷ്ടം പോലെ ജീവിച്ചോട്ടോ…”

ഇരുളിൽ നിന്ന് അവൾ പറയുന്ന പോലെ

കൃഷ്ണ ഒരു അബദ്ധം ആയിരുന്നല്ലേ അപ്പുവേട്ടാ….

അവന്റെ കണ്ണുകൾ നിറഞ്ഞു പോയി. അവൻ മുഖം പൊത്തി കുനിഞ്ഞു ഇരുന്നു. ദൃശ്യ അത് കാണുന്നുണ്ടായിരുന്നു. അവൻ മുറ്റത്തു കൂടി നടക്കുന്നത്

മുഖം തുടയ്ക്കുന്നത്…

കൃഷ്ണ ഫോൺ ബെൽ അടിച്ചപ്പോൾ നോക്കി. ദൃശ്യ

“എടി വന്നിട്ടുണ്ട് ട്ടോ “

കൃഷ്ണയുടെ ഉള്ളു പിടഞ്ഞുയർന്നു

“ആൾക്ക് നല്ല ടെൻഷൻ ഉണ്ട്…എന്ന് കരുതി അങ്ങോട്ട് വിളിക്കുകയോ കാണാൻ പോകുകയോ ചെയ്യരുത്. ഇത് ഇങ്ങനെ തന്നെ പോകട്ടെ. അത്ര കൊള്ളില്ലല്ലോ “

കൃഷ്ണ ഒന്ന് മൂളി

“താഴ്ന്ന് കൊടുത്താൽ ചവിട്ടി പാതാളം വരെയെത്തിക്കുന്ന ടീം ആണ് ആണ്‍ എന്ന വർഗം. അത് കൊണ്ട് അങ്ങോട്ട് ചെല്ലരുത് ഒന്നിനും. വിളിച്ചാലും എടുക്കണ്ട “

“ഉം “

“എന്ന വെച്ചോ “

കൃഷ്ണ കാൾ കട്ട്‌ ചെയ്തു. പിന്നെ പുതപ്പ് വലിച്ചു മൂടി

തുടരും….