ധ്രുവം, അധ്യായം 62 – എഴുത്ത്: അമ്മു സന്തോഷ്

വീട്ടിൽ വരുമ്പോൾ അച്ഛൻ വന്നിട്ടുണ്ട്. അമ്മ വന്നിട്ടില്ല. അവൾക്ക് അച്ഛനോടെങ്കിലും എല്ലാം പറയണമെന്നുണ്ടായിരുന്നു. ഒന്നും ഒളിച്ചു വെച്ചിട്ടില്ല ഇത് വരെ. ഇതും വയ്യ

അവൾ അച്ഛന്റെയരികിൽ പോയിരുന്നു

“അച്ഛൻ ഇന്ന് നേരെത്തെ ആണല്ലോ “

“ഇന്ന് സൈറ്റിൽ ഒരാള് വീണു. അവനെയും കൊണ്ട് ആശുപത്രിയിൽ പോയി. എന്നിട്ട് വരും വഴി ഞാൻ നേരേ ഇങ് പോരുന്നു. ഇതിപ്പോ മൂന്നാമത്തെ ആളാ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുന്നേ “

അവളുടെ നെഞ്ചിൽ ഒരിടി മുഴങ്ങി

“അച്ഛൻ ഈ ജോലിക്ക് പോകണ്ട അച്ഛാ. നാളെ മുതൽ ജോയിൻ ചെയ്തോളാൻ ഡോക്ടർ അങ്കിൾ പറഞ്ഞിരിക്കുകയാണ്. നല്ല സാലറി കിട്ടും. അച്ഛൻ ഒന്നും ചെയ്യണ്ട.”

“ഒന്നും ചെയ്യാതിരുന്നാൽ അസുഖം വരും മോളെ “

“എന്നാലും ഇത്രയും റിസ്ക് ഉള്ളത് ചെയ്യണ്ട. ചെറുത് വല്ലോം മതി ” അവൾ രമേശനോട് ചേർന്ന് ഇരുന്നു

“അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്. കേട്ട് കഴിയുമ്പോ അച്ഛൻ എന്നെ ശപിക്കരുത് എന്റെ നിവൃത്തി കേട് കൊണ്ടാണ്”

രമേശൻ അവളുടെ മുഖത്ത് നോക്കി

“ഒരു പക്ഷെ അച്ഛന് എന്നെ മനസിലാകുമായിരിക്കും. ഡോക്ടറുടെ മോൻ അർജുൻ..ഞാൻ അപ്പുവേട്ടൻ എന്നാണ് വിളിക്കുന്നെ. അച്ഛന് അറിയാം ഞങ്ങളുടെ കാര്യം. പക്ഷെ ഞാൻ വിശദമായി പറഞ്ഞിട്ടില്ല. അച്ഛാ അപ്പുവേട്ടന് ഒരു പേടി ഉണ്ട്. അത് ആദ്യമുതൽ ഉണ്ട്. ഞാൻ ഉപേക്ഷിച്ചു പോകുമോ എന്ന്. അത് പറഞ്ഞു കുറേ പിണങ്ങിയിട്ടുണ്ട്. എത്ര പറഞ്ഞാലും ചിലപ്പോൾ വിശ്വസിക്കില്ല. എന്റെ സ്നേഹം അറിയാം എങ്കിലും ചിലപ്പോൾ പറയും എനിക്ക് സ്നേഹം ഇല്ലാന്ന്…അച്ഛൻ ഒരു വർഷം കഴിഞ്ഞു മതി കല്യാണം എന്ന് പറഞ്ഞപ്പോൾ ഞാൻ അത്  പറഞ്ഞു. വലിയ ഒരു വഴക്ക് നടന്നു. ഇനിയും കാണണ്ട മിണ്ടണ്ട അങ്ങനെ. എനിക്ക് അപ്പുവേട്ടനെ വലിയ ഇഷ്ടമാ അച്ഛാ. സത്യം. പക്ഷെ ഞാൻ ഇഷ്ടപ്പെടുന്നതിന്റെ ആയിരം മടങ്ങാണ് ആളുടെ സ്നേഹം. ആ സങ്കടം മറക്കാനാണ് ഞാൻ ഗുരുവായൂർ പോയത് . അപ്പുവേട്ടൻ അവിടെ വന്നു. ഒരു സാധാരണക്കാരനായിട്ട്. എന്റെ മുന്നിൽ വന്നില്ല. പക്ഷെ ഞാൻ കണ്ടു. ഒടുവിൽ ഒരു ദിവസം എന്റെ മുന്നിൽ…അച്ഛാ ഞാൻ ബോധം കെട്ട് വീണു പോയി..കുറേ കരഞ്ഞു. പ്രാർത്ഥിച്ചു. വേറെ വഴി ഒന്നും എന്റെ മുന്നിൽ ഇല്ല. ഇനിയും പിണങ്ങും വഴക്ക് ഉണ്ടാകും. എനിക്ക് അത് താങ്ങാൻ വയ്യ. ഞാനാണ് പറഞ്ഞത് ഒരു തുളസി മാല ഇട്ടോളൂ. വിശ്വാസം വരട്ടെ എന്ന്. പക്ഷെ അപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു. ഡോക്ടർ അങ്കിൾ വന്നു.”

“ബാക്കി ഞാൻ പറയാം മോളെ. ഡോക്ടർ താലി കൊണ്ട് വന്നു. അർജുൻ അത് നിന്റെ കഴുത്തിൽ കെട്ടി “

അവൾ ഞെട്ടിപ്പോയി

“അർജുൻ വിളിച്ച അന്ന് എന്നെ വന്നു കണ്ടു ആ വലിയ മനുഷ്യൻ. എല്ലാം പറഞ്ഞു. ആ മുഖത്ത് നോക്കി ഞാൻ എന്ത് പറയും മോളെ…ഒന്ന് മാത്രം ഞാൻ പറഞ്ഞു ഒരിത്തിരി പൊന്നിന്റെ താലി അത് ഞാൻ വാങ്ങി തരും എന്റെ മോളുടെ കഴുത്തിൽ അണിയിക്കാൻ, അങ്ങനെ ഞാൻ വാങ്ങി കൊടുത്തു വിട്ടതാ ഇത് “

കൃഷ്ണ ഉറക്കെ കരഞ്ഞു പോയി. അവൾ അച്ഛന്റെ നെഞ്ചിൽ വീണു. അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ടിരുന്നു. രമേശൻ അവളെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു

“സ്നേഹം, അതിന്റെ വേദന, വേർപാട്, എല്ലാം അനുഭവിച്ചവനാ മോളെ ഞാൻ. ഇന്നും അവളെ കാണുമ്പോൾ ഉള്ളിൽ ഒരു വേദന വരും. എന്റെ ലത പാവമാ. എന്നെ ജീവനാ. എനിക്കുമെതെ. പക്ഷെ ഞാൻ സ്നേഹിച്ചവൾ ഒറ്റയ്ക്കായി. അത് ഒരു വേദനയാ കൃഷ്ണ. ആ വേദന എന്റെ മോള് അനുഭവിക്കരുത്. ഒറ്റയ്ക്ക് ആവരുത്. അർജുൻ നിന്നെ സ്നേഹിക്കുന്ന പോലെ ഒരു പക്ഷെ ഇപ്പൊ ഭൂമിയിൽ ആരും ഇത്രയും സ്നേഹിക്കുന്നവന്ന് എനിക്ക് തോന്നുന്നില്ല. കാരണം അവന് ഇതിന്റെ ആവശ്യമില്ല. എത്രയോ ഉയർന്ന ബന്ധം കിട്ടും. നിന്നോടുള്ള സ്നേഹം കൊണ്ട് മാത്രാ ഇതൊക്കെ. അത് കൊണ്ടാ അച്ഛൻ ഒന്നും ഡോക്ടറോട് പറയാതിരുന്നത്. മോളു ഇങ് പോരും. ഒരു വർഷം കഴിഞ്ഞു മാത്രം മതി എല്ലാരേയും അറിയിച്ചു കൊണ്ട് കല്യാണം എന്നൊക്കെ പറഞ്ഞു കക്ഷി. പക്ഷെ എനിക്ക് അറിയാം അർജുൻ അതൊന്നും സമ്മതിച്ചു തരില്ല. നീ നോക്കിക്കോ നിന്നെ അവൻ കൊണ്ട് പോകും. കുറച്ചു നാളുകൾ കഴിഞ്ഞോട്ടെ. ഇപ്പൊ ക്ഷമിച്ചു അങ്ങനെ ഇരിക്കുന്നു അത്രേയുള്ളൂ.”

കൃഷ്ണയുടെ കണ്ണീർ തോരുന്നില്ലായിരുന്നു

“അമ്മയോട് പറയണ്ടേ?”

“പറഞ്ഞു. നീ പറഞ്ഞിട്ട് മാത്രേ നിന്നോട് ഇത് ചോദിക്കാവു എന്ന് ഞാൻ പറഞ്ഞു. അത് കൊണ്ടാണ് അവൾ ചോദിക്കാതിരുന്നത്. മനുവിനോട് പറഞ്ഞില്ല. സമാധാനം ആയിട്ട് പതിയെ മതി. വെറുതെ എന്തിനാ ഒരു വഴക്ക്…”

അവൾ അച്ഛന്റെ തോളിൽ തല ചായ്ച് ഇരുന്നു

“മോൾക്ക് അർജുന്റെ കൂടെ പോയി ജീവിക്കണമെന്നുണ്ടോ?”

“ഇല്ല അച്ഛാ. ഹൌസർജൻസി കഴിഞ്ഞു മതി. ഞാൻ അത് പറഞ്ഞിട്ടുണ്ട് ഇപ്പൊ ആള് സമ്മതിച്ചു. നാളെ എന്താ അറിയില്ല “

രമേശൻ ചിരിച്ചു

“നാളെ മുതൽ ജോലിക്ക് കയറാൻ പറഞ്ഞു. ഡോക്ടർ ആയിട്ടല്ല വേറെ ഏതോ ഒരു പോസ്റ്റ്‌ ആണ്. പറഞ്ഞില്ല. എനിക്ക് വെറുതെ കാശ് തന്ന ഞാൻ വാങ്ങില്ല. ജോലി ചെയ്തു സാലറി ആയിട്ട് തന്ന വാങ്ങുമല്ലോ അതിനാണ്. എനിക്ക് ഒരു വീട് വെയ്ക്കണം. നല്ല പൊക്കത്തില്. എന്നിട്ട് നമുക്ക് അവിടെ താമസിക്കണം “

രമേശൻ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു

“മനുവും ഇത് തന്നെ ആണ് പറയുന്നത്. ലോട്ടറി അടിച്ച കാശ് അക്കൗണ്ടിൽ വന്നാലുടനെ സ്ഥലം മേടിക്കാൻ ഇരിക്കുകയാ അവൻ. പിന്നെ ഞാനും അവളും ജോലിക്ക് പോകണ്ടാന്നു പറഞ്ഞു..ജോലിക്ക് പോയില്ലേ പ്രെഷർ, ഷുഗർ എല്ലാം വരൂമെന്ന് പറഞ്ഞപ്പോൾ രണ്ട് ചാട്ടം “

“അച്ഛന് ഞാൻ ഒരു കടയിട്ട് തരാം..അച്ഛനും അമ്മയും അത് നോക്കി നടത്തിക്കോ. ഒരു ചെറിയ പച്ചക്കറിക്കട..എന്റെ അക്കൗണ്ടിൽ കുറച്ചു കാശ് ഉണ്ട്. അത് എടുക്കാം കുറച്ചു ലോൺ എടുക്കാം..അത് മതി. ഇനിയും കെട്ടിടം പണിക്ക് പോകണ്ട. എനിക്ക് വയ്യ ആധി കേറാൻ “

“ഞാൻ ഭാഗ്യവാനാ മോളെ എന്റെ രണ്ടു പിള്ളാരും പാഴായില്ല..അത് മതി സന്തോഷം “

അമ്മ വരുന്നത് കണ്ട് അവൾ തെല്ല് പരിഭ്രമത്തോടെ എഴുന്നേറ്റു

അമ്മയ്ക്ക് ഒരു ഗൗരവമുണ്ടായിരുന്നു. അത് തോന്നൽ ആണെന്നാ അവൾ കരുതിയത്. ഇത് അറിഞ്ഞിട്ടായിരുന്നെന്ന് ഇപ്പൊ മനസിലായി.

“അല്ല എന്താ ഒരു ഗൗരവം..മിണ്ടൂലെ”

അവർ മുറ്റത്തു നിന്ന ചെമ്പരത്തിയിൽ നിന്ന് ഒരു കമ്പ് വെട്ടി

“എടി ഭജനമിരിക്കാൻ പോയിട്ട് നീ എന്തോന്നാ കാണിച്ചു  വെച്ചേക്കുന്നേ?”

ഒറ്റ അടി

രമേശൻ കേറി തടഞ്ഞത് കൊണ്ട് കൊണ്ടില്ല

“ഇവളെ ഇന്ന് ഞാൻ. ദേ ഡോക്ടർ ആണെന്നൊന്നും നോക്കുകേല കേട്ടോ..കുറച്ചു നാൾ കാത്തിരിക്കാൻ പറഞ്ഞിട്ട് നിനക്ക് വയ്യ..”

അവൾ മുറ്റത്തോട്ട് ഒറ്റ ചാട്ടം കൊടുത്തു

“അതേയ് പ്രേമിക്കാത്ത കൊണ്ടാ അറിയാത്തത്. പ്രേമിച്ചു നോക്ക് സങ്കടം അപ്പൊ അറിയാം “

“അത് എന്റെ മുന്നിൽ വന്ന് പറയ്യ്. നീ എങ്ങോട്ടാ ഓടുന്നെ “

“എന്റെ ലതേ നീ ഒന്ന് അടങ്ങിക്കെ..ഇനിയിപ്പോ പറഞ്ഞിട്ടെന്താ കൊച്ച് ഇവിടെ തന്നെ ഇല്ലെ? ഇറങ്ങി പോയില്ലല്ലോ “

“അങ്ങനെ പറഞ്ഞു കൊടുക്ക് അച്ഛാ “

“എപ്പോ വേണേലും പോകും അവൻ ഒന്ന് വന്ന് വിളിച്ചു നോക്കട്ടെ കാണാം “

“അത് പിന്നെ എന്റെ ഭർത്താവ് അല്ലെ..അല്ലെ അച്ഛാ “

“ഇവളെ ഞാൻ ഇന്ന്..എന്റെ ദൈവമേ നാട്ടുകാരോട് ഞാൻ എന്ത് സമാധാനം പറയും?”

“ആരും ഒന്നും അറിയണ്ട.. സമയം ആകുമ്പോൾ അറിഞ്ഞ മതി “

“നീ ഇങ്ങോട്ട് വാ കൃഷ്ണേ “

“അച്ഛാ..”

“എന്റെ ലതേ കൊച്ചിനെ തല്ലരുത് കേട്ടോ. അവള് ആ വഴി അങ്ങ് പോയോ ഇല്ലല്ലോ. ഇങ്ങോട്ട് അല്ലെ വന്നത്. പോയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ…നീ ഇത്തിരി ചായ ഇട്..”

ലത പിന്നെ ഒന്നും പറഞ്ഞില്ല

“ശോ പിണങ്ങിയോ,

“ഹേയ് സങ്കടം കാണും. സ്വാഭാവികം. അത് മാറും..മോള് പോയി ഒന്ന് സോപ്പിട്ടോ “

അവൾക്കതിനു ധൈര്യം വന്നില്ല. എല്ലാ കാര്യവും പോലെ അല്ലല്ലോ

അവൾ മൊബൈൽ എടുത്തു കൊണ്ട് മുറ്റത്തു പോയിരുന്നു. അച്ഛൻ അകത്തേക്ക് പോയിന്ന് ഉറപ്പായപ്പോൾ അർജുനെ വിളിച്ചു

“നീ ഇതെവിടെ ആണ് കൃഷ്ണ? എത്ര മിസ്സ്‌ കാൾ ഉണ്ടെന്ന് നോക്ക്”

“ഒരു കാര്യം പറയട്ടെ “

അവൻ ഒന്ന് മൂളി

അവൾ എല്ലാം പറഞ്ഞു. ഇടയ്ക്ക് സങ്കടം വന്നു നിർത്തി..പിന്നെ ഇടറിയ സ്വരത്തിൽ പറഞ്ഞു തീർത്തു

“അപ്പൊ ഇനിയും പ്രശ്നം ഒന്നുമില്ലല്ലോ. ഞാൻ അങ്ങോട്ട് വരട്ടെ. മോള് ഇങ് പോരേടി “

അവൾ തലയിൽ കൈ വെച്ച് പോയി

“എന്റെ ദൈവമേ..ഇത് നാട്ടുകാർക്ക് അറിയോ, ഇല്ലല്ലോ. ഇത് നാട്ടിൻപുറമാണ്. കാശ് മാത്രം കുറവുള്ളു. അഭിമാനം ഉണ്ട്. അത് പോകും.”

“കൃഷ്ണ?”

“ഉം?”

“എന്റെ അവസ്ഥ നിനക്ക് ഊഹിക്കാമോ?” അവൾ നിശബ്ദയായി

“ജീവൻ കണക്ക് സ്നേഹിച്ച പെണ്ണ്. ഒടുവിൽ കിട്ടി. പക്ഷെ നോക്ക്..നീ ഒരിടത്തും ഞാൻ ഒരിടത്തും..ഇനിയെത്ര നാള് ഞാൻ..”

“വീട്ടിലാണോ?”

“ഉം “

“രാവിലെ വരാം ഞാൻ. ഹോസ്പിറ്റലിൽ ഒന്നിച്ചു പോകാം.”

“റിയലി?”

അവന്റെ ശബ്ദത്തിൽ സന്തോഷം നിറഞ്ഞു

“ഉം. വരും “

“ഗുരുവായൂർ വെച്ച് വെറുതെ ആണെങ്കിലും ഒന്നിച്ചു കെട്ടിപിടിച്ചു കിടന്നുറങ്ങി ഒന്നിച്ചു നടന്ന്..ഇപ്പൊ ഞാൻ തന്നെ ആയ പോലെ..വല്ലാത്ത ഒരു മിസ്സിംഗ്‌. നിനക്ക് അത് തോന്നില്ല. അമ്മ, അച്ഛൻ എല്ലാരും കൂടെയുണ്ട്. അറ്റാച്ഡ് ആണ്. നീ കുറച്ചു കൂടി ബോൾഡ് ആണ്. ഞാൻ നിന്റെ കാര്യത്തിൽ മാത്രം അതല്ല..”

“എനിക്കും ഉണ്ട് അപ്പുവേട്ടാ..എനിക്ക് എന്താ മനസ്സ് എന്നൊന്നില്ലേ?”

“എന്റെ അത്രേ സ്നേഹം ഇല്ല “

“എന്റെ ദൈവമേ..കഷ്ടം ഉണ്ട് ട്ടോ. എനിക്ക് സ്നേഹം ഇല്ലാഞ്ഞിട്ടാണോ എന്റെ കഴുത്തിൽ ഇപ്പൊ താലി കിടക്കുന്നെ “

“അത് ഞാൻ വഴക്കുണ്ടാക്കാതിരിക്കാൻ ചെയ്തതല്ലേ? ഇനിം പിണങ്ങാതെ ഇരിക്കാൻ… ഉം?”

“അത് കൊണ്ട് മാത്രം ഞാൻ ചെയ്യുവോ അപ്പുവേട്ടാ…അത്രേ ഇഷ്ടം ഉള്ള കൊണ്ടല്ലേ അപ്പുവേട്ടന് അറിയില്ലേ അത്.”

അവളുടെ ശബ്ദം ഒന്നിടറി

“എങ്കിൽ എന്റെ കൂടെ വാ കൃഷ്ണ..”

“വരും..ആദ്യം റിസൾട്ട്‌ വരട്ടെ. അത് കഴിഞ്ഞു..”

“മതി. എനിക്ക് കേൾക്കണ്ട. എനിക്ക് ഇപ്പൊ വേണം നിന്നെ. ഞാനങ്ങോട്ട് വന്നാൽ കൂടെ വരാൻ പറ്റുമോ നിനക്ക്?”

ഇത് അവൾ പ്രതീക്ഷിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും അർജുൻ തന്നെ കൊണ്ട് പോകും. അത് അവൾക്ക് അറിയാം. അവന്റെ സ്വഭാവം അവൾക്ക് നന്നായി അറിയാം. പക്ഷെ അവന്റെ ഭാഗത്ത്‌ ന്യായമുണ്ട്. താൻ അവന്റെ ഭാര്യയാണ്

“മോളെ?”

“ഉം “

“എന്റെ കൊച്ചു വിഷമിക്കണ്ട. ഞാൻ വരുന്നില്ല..പോയി കിടന്നോ”

അവളുടെ കണ്ണ് നിറഞ്ഞു

“ഞാൻ രാവിലെ വരാം..”

“നാളെ കാല് മാറുമോ?”

“ഇല്ല..വരും “

“രണ്ടു ദിവസം കഴിഞ്ഞാൽ കുറച്ചു യാത്രകളുണ്ട്. നീ കൂടി വരണമെന്നുണ്ട്. നീയും ഞാനും കൂടി എവിടെയും പോയിട്ടില്ല. ഞാൻ നിന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാം. എന്റെ കൂടെ വരണം “

“അതൊക്കെ ഇപ്പോഴേ വേണോ അപ്പുവേട്ടാ. അപ്പുവേട്ടന്റെ ബിസിനസ് കാര്യങ്ങൾ ഒക്കെ തന്നെ ഡീൽ ചെയ്ത പോരെ. ആ യാത്രകളിൽ ഞാൻ വേണ്ട. ദേ ഫ്രീഡം പോകും കേട്ടോ. എന്നെ കൂടി കൊണ്ട് പോയാൽ സർവ്വ ഇടത്തും മോന് കണ്ട്രോൾ വരും,

“അതെനിക്ക് ഇഷ്ടമാണ്. എന്നെ നിയന്ത്രിക്കുന്ന ഒരാൾ എന്റെയൊപ്പമുണ്ടാകുന്നത്. എന്റെ മാനേജർസ് സെക്യൂരിറ്റിസ് ഒക്കെ കൂടെയുണ്ടാകാറുണ്ട്. ഞാൻ ഒറ്റയ്ക്കല്ല ഒരു യാത്രയും. ഒരു മാനേജരെ നമുക്ക് പിരിച്ചു  വിടാമെടി. എന്റെ സകല ഷെഡ്യൂളും നീ ചാർട് ചെയ്തോ, “

“നോക്കിക്കേ അവിടെയും കച്ചവടം. ഇപ്പൊ ഫ്രീ ആയിട്ട് ഒരു ഡോക്ടർ, ഫ്രീ ആയിട്ട് ഒരു മാനേജർ “

അവൻ പൊട്ടിച്ചിരിച്ചു

“നീ എന്റെ ഭാര്യ അല്ലെ, ഭാര്യ എന്ന് വെച്ചാൽ all in one ..അറിയില്ലേ?”

“അപ്പൊ ഭർത്താവ് എന്ന് വെച്ച എന്താ?”

“അത് ഡീറ്റൈൽ ആയിട്ട് നാളെ പറഞ്ഞു തന്ന പോരെ…ശരിക്കും പഠിപ്പിച്ചു തരാം.. ഉം?”

അവളുടെ ഹൃദയത്തിൽ ഒരു കുളിരുയർന്നു

“കൃഷ്ണ..?’

“ഉറക്കം വരുന്നില്ലടി..വേഗം നേരം വെളുത്താൽ മതിയാരുന്നു..മിസ്സ്‌ ചെയ്യുന്നു..”

അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അവന്റെ നിറഞ്ഞു തൂവുന്ന സ്നേഹത്തിന്റെ മുന്നിൽ എപ്പോഴുമെന്ന പോലെ നിറകണ്ണുകളോടെ നിൽക്കാനെ അവൾക്ക് കഴിഞ്ഞുള്ളു

തുടരും….