സത്യത്തിൽ ആ രാത്രി കൃഷ്ണ ഉറങ്ങിയില്ല. ഇടക്കൊക്കെ സങ്കടം വന്നിട്ട്, പിന്നെ അവനുമൊത്തുള്ള ഓർമ്മകളുടെ സുഗന്ധം നുകർന്ന് കൊണ്ട് അവനെ മാത്രം ഓർത്തു കൊണ്ട് അവൾ ഉറങ്ങാതെ കിടന്നു. വെളുപ്പിന് എഴുന്നേറ്റു കുളിച്ചു അവൾ
“അമ്മേ ഞാൻ ഒന്ന് അമ്പലത്തിൽ പോവാട്ടോ. അത് കഴിഞ്ഞു ഞാൻ ദൃശ്യയുടെ വീട്ടിൽ പോകും വൈകുന്നേരമേ വരുവുള്ളു “
മുടി നന്നായി തുടച്ചു വിതർത്തിട്ടവൾ. ലത ഒന്ന് നോക്കി
“ആ ചെക്കന്റെ അടുത്ത് പോവല്ലേ “
“ഈശ്വര. ആ ചെക്കനോ. ദേ നോക്ക് താലി. അച്ഛൻ വാങ്ങി കൊടുത്തു അപ്പുവേട്ടൻ കെട്ടിയ താലിയാ ഇത്..അതും ഗുരുവായൂർ വെച്ച്. എന്റെ ഭർത്താവ് ആണെന്ന്..”
“ആണോ? എന്നിട്ട് ആ ഭർത്താവ് ഈ വീട്ടിൽ വന്നിട്ടുണ്ടോ. ഞാൻ നിങ്ങളുടെ മോളെ കല്യാണം കഴിച്ചത് ഞാനാണ് എന്ന് വന്നു പറഞ്ഞിട്ടുണ്ടോ “
കൃഷ്ണയ്ക്ക് ഉത്തരം മുട്ടി
“രഹസ്യക്കല്യാണം നടത്താൻ ആർക്കും പറ്റും…നേരിട്ട് വരണം അതാണ് പുരുഷൻ “
“എനിക്ക് ഇത്രയും പുരുഷത്വം മതി. അച്ഛൻ എവിടെ അമ്മേ?”
“മുറ്റത്തുണ്ടല്ലോ”
അച്ഛൻ ആരോടോ സംസാരിക്കുന്ന ശബ്ദം കേൾക്കാം
അവൾ മുറ്റത്തേക്കിറങ്ങി
അർജുൻ….
അവളെ കണ്ടവൻ ചിരിച്ചു
“ഇതെപ്പോ വന്നു?”
“കുറച്ചു നേരമായി. അച്ഛൻ ജംഗ്ഷനിൽ ഉണ്ടായിരുന്നു. അപ്പൊ ഞങ്ങൾ ഒന്നിച്ചു വന്നു “
“ഞാൻ ഒരു ചായ കുടിക്കാൻ പോകുന്ന പതിവുണ്ട് രാവിലെ..”
അവൾ കണ്ണിറുക്കി കാണിച്ചു
“അച്ഛന് അമ്മയിടുന്ന ചായ അത്ര താല്പര്യമില്ല. ചായക്കടയിൽ നിന്ന് കിട്ടുന്ന ചായയാ ഇഷ്ടം ആ. അല്ലെ അച്ഛാ?”
അർജുൻ ചിരി അടക്കി
“ലതേ, ദേ ഇതാരാ വന്നെന്ന് നോക്കിക്കേ “
പുറത്ത് സംസാരം കേട്ടപ്പോ നാട്ടുകാർ ആരോ ആണെന്നെ അവർ കരുതിയുള്ളു. അർജുനെ കണ്ടതും അവർ ഒന്ന് അമ്പരന്നു. അർജുൻ അവരുടെ നേരേ കൈ കൂപ്പി
“നമസ്കാരം “
കൃഷ്ണ അന്തം വിട്ട് പോയി. ലതയും അറിയാതെ കൈകൾ കൂപ്പി പോയി
“ഞാൻ കൃഷ്ണയേ..നിങ്ങൾക്ക് ഒക്കെ അതൊരു വിഷമം ആയി കാണും. പക്ഷെ ഒരു വർഷം വെയിറ്റ് ചെയ്യാനുള്ള ഒരു സാഹചര്യം അല്ല എനിക്ക്. അത് കൊണ്ടാണ്. ഒരു വർഷം കഴിയുമ്പോൾ ആരൊക്കെ ഉണ്ട്, ഇല്ല, എന്താ എല്ലാവരുടെയും മനസ്സ്, എന്നൊന്നും നമുക്ക് നിശ്ചയം ഇല്ല. എന്റെ സ്വഭാവം അനുസരിച്ചു ഞാൻ ദീർഘമായി ഒന്നും പ്ലാൻ ചെയ്യില്ല. എന്തുണ്ടെങ്കിലും ഞാൻ അത് ഉടനെ ചെയ്യും. പിന്നെ അതിന്റെ ബാക്കി എന്താ എന്ന് വെച്ചാൽ നോക്കും. അത്ര തന്നെ. കൃഷ്ണ എന്റെ ഭാര്യ ആകണമെന്ന് കൃഷ്ണയേ സ്നേഹിച്ചു തുടങ്ങിയപ്പോ മുതൽ ഞാൻ ആഗ്രഹിച്ചതാണ്. അവളുടെ എക്സാം വരെ വെയിറ്റ് ചെയ്തു എന്നേയുള്ളു. അച്ഛൻ ഇവിടെ വരാനും തയ്യാറായതാണ്. അപ്പോഴാണ് ഒരു വർഷത്തിന്റെ ഒരു റീസൺ. അതെനിക്ക് ബുദ്ധിമുട്ട് ആയിരുന്നു. ഇപ്പോഴും കൃഷ്ണ പറഞ്ഞ ഒരു വർഷം എനിക്ക് ബുദ്ധിമുട്ട് തന്നെ ആണ്. പക്ഷെ എനിക്ക് ഹൗസർജൻസി പീരിയഡ് അറിയാം. അത് കൊണ്ടാണ് കൂടെ വന്നു താമസിക്കില്ല എന്ന് കൃഷ്ണ പറയുമ്പോൾ ഞാൻ എതിർക്കാത്തത്. പക്ഷെ എനിക്ക് സ്വാതന്ത്ര്യം ആയിട്ട് ഇവിടെ വരണം. കൃഷ്ണയേ കൂടെ കൊണ്ട് പോകണം. അത് കൊണ്ട് അച്ഛൻ ഇവിടെ അടുത്തുള്ള ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് വേണ്ടപ്പെട്ടവർ മാത്രം ഉള്ള ഒരു കൊച്ച് ചടങ്ങ് നടത്തിക്കോള്ളു. ചെറുതായിട്ട്. നാളെയെങ്കിൽ നാളെ. ഞാൻ ആണ് അവളുടെ ഭർത്താവ് എന്ന് ആൾക്കാർ അറിയാൻ വേണ്ടി മാത്രം. നിങ്ങൾക്ക് ഒരു നാണക്കേട് വരരുത് അത് കൊണ്ട് മാത്രം. എന്ന് വെച്ച് അത് കഴിഞ്ഞു കൃഷ്ണ എന്റെ കൂടെ വന്ന് താമസിക്കാൻ ഞാൻ നിർബന്ധം പിടിക്കില്ല. വന്നാൽ നല്ലത്. ഹോസ്റ്റലിൽ ആണെന്ന ഇവള് പറഞ്ഞത്. അങ്ങനെ എങ്കിൽ അങ്ങനെ. ഞാനും തിരക്കുള്ള ആളാണ്. സൊ ഇങനെയാണെങ്കിൽ രണ്ട് കൂട്ടർക്കും നല്ലതാണ്. അച്ഛൻ എന്ത് പറയുന്നു? “
രമേശൻ ലതയെ നോക്കി
പെട്ടെന്ന്…
പക്ഷെ ഇതാണ് ശരി. ഇത് മാത്രം
“ശരി മോനെ. അടുത്ത വെള്ളിയാഴ്ച പൗർണമിയാണ്. എന്നാലും അമ്പലത്തിൽ ഒന്ന് ചോദിച്ചിട്ട് ഞാനത് പറയാം. പക്ഷെ കൃഷ്ണ മോന്റെ സ്റ്റാറ്റസിനു പറ്റിയ…”
അർജുൻ മുന്നോട്ടാഞ്ഞു ആ കൈ പിടിച്ചു
“കൃഷ്ണ…എന്താണെന്ന് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്. അവളുടെ മൂല്യം എന്റെ സ്റ്റാറ്റസിനെക്കാൾ എന്റെ പണത്തെക്കാൾ ഒക്കെ ഒരു പാട് ഉയർന്നതാണ്. ഇങ്ങനെ ഒന്നും പറഞ്ഞു അവളുടെ വിലയിടിച്ചു കളയരുത്. അർജുന്റെ ഭാര്യ കൃഷ്ണ എന്നല്ല കൃഷ്ണയുടെ ഭർത്താവ് അർജുൻ എന്ന് കേൾക്കാൻ ആണ് എനിക്കിഷ്ടം. അത്രേ മനസിലാക്കിയ മാത്രം മതി. അച്ഛൻ ഒന്ന് കാര്യങ്ങൾ നീക്ക്. ഞാൻ കൃഷ്ണയേ കൊണ്ട് പൊക്കോട്ടെ. കുറച്ചു യാത്ര ഉണ്ട്. കൃഷ്ണ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ “
ലതയെ ഒന്ന് നോക്കി അർജുൻ. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് അവൻ കണ്ടു. അവൻ അവർക്ക് അരികിൽ ചെന്നു
“അമ്മ വിഷമിക്കണ്ട. എനിക്ക് ഒന്നും വേണ്ട. ദേ ഇവൾ ഈ വേഷത്തിൽ കല്യാണത്തിന് വന്ന് നിന്നാലും മതി. വേറെ ഒന്നും വേണ്ട “
ലത അറിയാതെ കൈകൾ കൂപ്പി പോയി. അവൻ ആ കൈയിൽ ഒന്ന് പിടിച്ചു
“എന്നെ വണങ്ങരുത്. മക്കളെ നോക്കി തൊഴാൻ പാടില്ല അച്ഛനും അമ്മയും. മക്കളാണ് അത് തിരിച്ചു ചെയ്യേണ്ടത്. പോട്ടെ “
അവർ പോകുന്നത് രമേശനും ലതയും നോക്കി നിന്നു
“ഈശ്വര എന്ത് നല്ല പയ്യൻ. ഇവനെയാണോ ക്രി- മിനൽ എന്നും മെ- ന്റൽ എന്നുമൊക്കെ മനു പറഞ്ഞത്..രമേശൻ ചേട്ടാ അർജുൻ മോൻ പറഞ്ഞത് പോലെ നാളെയെങ്കിൽ നാളെ ഇത് നീട്ടി കൊണ്ട് പോകണ്ട. പിള്ളാരാണ് ചെറുപ്പം
അവൾക്ക് വല്ല…അല്ല..അബദ്ധം പറ്റിയാൽ “
“പോടീ..അവളുടെ വർത്താനം. ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം. ആ തോർത്ത് ഇങ്ങ് എടുക്ക് കുളിക്കട്ടെ “
അവർ അകത്തു പോയി തോർത്ത് എടുത്തു കൊടുത്തു
അവർ കാറിലായിരുന്നു
കൃഷ്ണ അർജുന്റെ മുഖത്ത് നോക്കി
“ഇത്രയും മര്യാദ ഒക്കെ ഉണ്ടല്ലെ..എന്നോട് എന്താ ഒരു ധിക്കാരം? ഭീഷണി? വാശി?”
“എടി ഇപ്പൊ മനസ്സിലായോ നമ്മൾ കല്യാണം കഴിച്ചതിന്റെ ഗുണം. ഇല്ലായിരുന്നു എങ്കിൽ ഈ അച്ഛൻ സമ്മതിക്കുമോ. ഒരു വർഷം പോയേനെ ലൈഫിൽ നിന്ന്. എന്ത് മാത്രം രാത്രി മിസ്സ് ആയേനെ “
അവൻ ചിരിച്ചു. അവൾ ഒരടി വെച്ചു കൊടുത്തു
“ദേ ഇവിടെ നിർത്ത്. നല്ല ചായ കിട്ടും. ആളെ ഞാൻ പരിചയപ്പെടുത്തി തരാം “
അവൻ വണ്ടി ഒതുക്കി നിർത്തി. കടയിൽ ആരുമുണ്ടായിരുന്നില്ല
“ചേട്ടത്തി. ?”
അവൾ അവരുടെ മുന്നിൽ വന്നപ്പോഴേ അവർ കണ്ടുള്ളു
“അയ്യോ കൃഷ്ണമോള്…”
അവരുടെ കയ്യും കാലും വിറച്ചു. ആദ്യമായിട്ടായിരുന്നു കൃഷ്ണ ആ കടയിൽ വരുന്നത്
“എന്റെ മോൾക്ക് എന്താ വേണ്ടേ..ഇതാരാ?”
അർജുനെ അവർ നോക്കി
“എന്റെ..എന്റെ..ഞങ്ങളുടെ കല്യാണമാണ്. അച്ഛൻ ഡേറ്റ് പറയും” പാവത്തിന്റെ കണ്ണ് നിറഞ്ഞു പോയി
അർജുൻ ചിരിച്ചു പോയി
“ആക്ച്വലി കല്യാണമൊക്കെ കഴിഞ്ഞു ഗുരുവായൂർ വെച്ച്. ഇവിടെ നാട്ടുകാർക്ക് വേണ്ടി ഒരു ചടങ്ങ് അത്രേയുള്ളൂ..”
“ആണോ ദൈവമേ, ഞാൻ അറിഞ്ഞില്ല കേട്ടോ. ചേട്ടൻ പറഞ്ഞില്ല”
കൃഷ്ണ അർജുനെ നോക്കി
“എന്താ ഉള്ളത് കഴിക്കാൻ?”
“ദോശ ഉണ്ട്. തരട്ടെ?”
“പിന്നെ എന്താ അല്ലെ അപ്പുവേട്ടാ?”
അവൻ തലയാട്ടി
“അപ്പു എന്നാണോ പേര്?”
“അല്ല അർജുൻ. അതിവൾക്കുള്ള പേരാ. വേറാരും അങ്ങനെ ഇപ്പൊ വിളിക്കില്ല”
അവൻ പറഞ്ഞു
അവർ ചൂട് ദോശയും ചമ്മന്തിയും കൊണ്ട് വെച്ചു
“ദൈവമേ വേറെ ഒന്നുമില്ലല്ലോ. ഞാൻ എന്താ തരിക?”
“രണ്ടു ചായ കൂടി മതി വേറെ ഒന്നും വേണ്ട,
കൃഷ്ണ ചിരിച്ചു
അവർ അത് കഴിക്കുന്നത് ആ സാധു നോക്കി നിന്നു. ഇടയ്ക്കൊക്കെ കണ്ണുകൾ തുടച്ചു
“ഇഷ്ടായോ?”
“ഉം. ഉഗ്രൻ..”
“രണ്ടെണ്ണം കൂടി “
കൃഷ്ണ ഉറക്കെ പറഞ്ഞു
അവർ വയറ് നിറച്ചു കഴിച്ചു
“ഈ അടുത്ത സമയത്ത് ഇത്രയും രുചി ഉള്ള ഭക്ഷണം കഴിച്ചിട്ടില്ല “
അർജുൻ അവരോട് പറഞ്ഞു. കൃഷ്ണ നീട്ടിയ നോട്ടുകൾ അവർ വാങ്ങിയില്ല
“ഇതൊന്നും വേണ്ട. വന്നല്ലോ മതി”
“ചേട്ടത്തി വരണം കല്യാണത്തിന്. ദേ ഞങ്ങൾ രണ്ടു പേരും കൂടി ക്ഷണിക്കുന്നു. വരണം. അച്ഛൻ പറയും “
കൃഷ്ണ ഒരു കള്ളച്ചിരി ചിരിച്ചു
അവരുടെ കണ്ണുകളിൽ നേർത്ത നാണം വരുന്നത് അർജുൻ കൗതുകത്തോടെ നോക്കി നിന്നു പോയി
പ്രണയത്തിന്റെ ആഴങ്ങളിൽ മുങ്ങി പോയവർക്ക് അതിന്റെ നോവും സത്യവും അറിഞ്ഞവർക്ക് പ്രണയം എന്നത് മരണത്തോളം എത്തുന്ന ഒരു വികാരമാണെന്ന്…കാലം എത്ര കഴിഞ്ഞാലും ആ ആളുടെ പേര് കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരത്തളിച്ചയിൽ നിന്ന് അവർക്ക് മോചനം ഇല്ലെന്ന്..പ്രണയം അവരുടെ ജീവിതം തന്നെ ആണെന്ന്. പ്രണയിനികൾക്ക് മാത്രം അറിയാവുന്ന ഉണ്മയാണ്. കാഴ്ചക്കാർക്ക് അത് മനസ്സിലാകണമെന്നില്ല
“പാവം സ്ത്രീ “
തിരിച്ചുള്ള യാത്രയിൽ അർജുൻ പറഞ്ഞു
“അവർക്ക് വേറെ ആരുമില്ലേ കൃഷ്ണ?”
“ഇപ്പൊ ഇല്ല. ഒരു ആങ്ങള ഉണ്ടായിരുന്നു. മരിച്ചു പോയി. ഇപ്പൊ ഒറ്റയ്ക്കാ “
“പാവം.. “
“ഉം “
അവൾ നേർത്ത ചിരിയോടെ അവനെ നോക്കി
“സഹതപിക്കാൻ ഒക്കെ പഠിച്ചു “
“എടി അതിന് ഒരു ചിന്ത ഉള്ളിൽ ഉണ്ടായ മതി ഞാൻ ഇല്ലെങ്കിൽ നീ എങ്ങനെ എന്നുള്ള ചിന്ത “
കൃഷ്ണ നടുക്കത്തിൽ അവനെ ഒന്ന് നോക്കി
“അവരനുഭവിക്കുന്നത് ഒന്നോർത്തു നോക്ക്. നിയായിരുന്നു ആ സ്ഥാനത്തു എങ്കിലോ ചിലപ്പോൾ നിനക്ക് കുഴപ്പം ഇല്ലായിരിക്കും. നിനക്ക് അത്രേം സ്നേഹം ഇല്ലല്ലോ “
കൃഷ്ണ ഒന്നും മിണ്ടാത് പുറത്ത് നോക്കിയിരുന്നു
“എടി ഇങ്ങോട്ട് നോക്ക് ഞാൻ വെറുതെ പറഞ്ഞതാ. “
അവൾ കരയുകയാണെന്ന് കണ്ട് അവൻ കാർ നിർത്തി
“മോളെ എടി ഞാൻ ഒരു തമാശ..”
“എനിക്ക് സ്നേഹം ഇല്ലെ അപ്പുവേട്ടാ..എപ്പോഴും പറയുമല്ലോ അത്? സ്നേഹം ഇല്ലാന്ന്..എങ്ങനെ അത് പറയാൻ തോന്നണത്? ഞാൻ…സ്നേഹിക്കുന്ന പോലെ..എന്റെ..”
അവൾ മുഖം തിരിച്ചു കളഞ്ഞു
അർജുൻ വേദനയോടെ അവളെ ചേർത്ത് പിടിച്ചു
“എന്റെ കൊച്ചു കരയല്ലേ പ്ലീസ്..ഇങ്ങോട്ട് നോക്ക് “
“അപ്പുവേട്ടൻ എത്ര തവണ എന്നെ ആ വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്. ഓരോ തവണയും ഞാൻ പിണങ്ങിയോ? പിന്നേം പിന്നേം വന്നില്ലേ അങ്ങോട്ട്..അത് സ്നേഹം ഉണ്ടായ കൊണ്ടല്ലേ..എന്റെ പതിനേഴു വയസിൽ കണ്ടു തുടങ്ങിയതാ ഞാൻ ഈ മുഖം. അന്ന് മുതൽ ഞാൻ….
അർജുൻ ഞെട്ടിപ്പോയി
“ഓരോ ദിവസവും ഹോസ്പിറ്റലിൽ ഞാൻ വരുന്നത് ഈ ആളെ കാണാൻ വേണ്ടി മാത്രം ആയിരുന്നു. ഒന്ന് കാണാൻ..എനിക്ക് അറിയാം വലിയ ആളാണെന്നൊക്കെ എന്നെ ഇഷ്ടം അല്ലാന്നും. എന്നിട്ടും സ്നേഹിച്ചു..”
അവൾ കണ്ണ് തുടച്ചു
“അഞ്ചു വര്ഷമായി. കൃഷ്ണ വേറെ ആരെയെങ്കിലും സ്നേഹിച്ചോ അപ്പുവേട്ടാ…ആരോടെങ്കിലും yes പറഞ്ഞോ..അപ്പുവേട്ടൻ പറയുന്നത് അല്ലെ ഈ നിമിഷം വരെ ഞാൻ അനുസരിച്ചിട്ടുള്ളു.”
“എടി നീ നിർത്തിക്കെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാൻ…”
“ഇനിയും ഒരിക്കൽകൂടി പറഞ്ഞാലുണ്ടല്ലോ കല്യാണം കഴിഞ്ഞു എന്നൊന്നും നോക്കില്ല ഞാൻ. ഞാൻ ഇട്ടേച്ച് പോകും. എങ്ങോട്ടെങ്കിലും അപ്പൊ പഠിച്ചോളും “
അർജുൻ ചിരിച്ചു
“അപ്പൊ പഠിക്കാൻ അർജുൻ ഈ ഭൂമിയിൽ ഉണ്ടായിട്ട് വേണ്ടേ..അന്ന് ഞാൻ എന്നെ അവസാനിപ്പിച്ചു കളയും,
ഒറ്റ അടി കൊടുത്തു കൃഷ്ണ
“അടിക്കെടി നീ അടിക്ക്
കെട്ടിയോനെ ത- ല്ലി തന്നെ പഠിക്ക്”
പിന്നെ അവൻ ആ കവിളിൽ ഒരുമ്മ കൊടുത്തു
“എന്റെ കൊച്ചു കരയരുത്. അത് കാണാൻ വയ്യ അത് കൊണ്ടാ
ഇനിയും ഒരിക്കലും പറയില്ല ഞാനത്..സോറി”
അവൻ കാർ സ്റ്റാർട്ട് ചെയ്തു. കൃഷ്ണ ആ തോളിൽ ചാരി അങ്ങനെ ഇരുന്നു
“എന്റെ അപ്പുവേട്ടനാണ് എന്നും..അങ്ങനെയേ കരുതിട്ടുള്ളു..അതോണ്ടാ വഴക്ക് ഉണ്ടാക്കിയാലും പിന്നാലെ വരണത്.അതൊക്കെ ഈ കോന്തന് അറിയോ?”
അവൻ ചിരിച്ചതേയുള്ളു
“ഇങ്ങനെ ഒരു മുരടനെ ആണല്ലോ ദൈവം എനിക്ക് വേണ്ടി വെച്ചിരുന്നത് “
“അത്രക്ക് ബോർ അല്ലെടി..അത് നിനക്ക് മനസിലാകും എനിക്ക് കുറച്ചു സമയം കിട്ടിക്കോട്ടേ “
അവൾക്ക് പെട്ടെന്ന് കുറേ സ്നേഹം തോന്നി
കൃഷ്ണ അവനെ ഇറുക്കി കെട്ടിപ്പിടിച്ചു പിന്നെ ചെവിയിൽ മെല്ലെ കടിച്ചു പിൻ കഴുത്തിൽ അമർത്തി ഒരുമ്മ കൊടുത്തു
“വീട്ടിൽ ചെല്ലട്ടെ ക്ഷമിക്ക്.. ഉം?”
കൃഷ്ണ നാണത്തിൽ ആ തോളിൽ മുഖം അമർത്തി
രമേശൻ മനുവിനെ കണ്ടു വിവരം പറഞ്ഞു
“അച്ഛൻ എന്ത് വർത്താനം ആണ് ഈ പറയുന്നത്. അവൻ വന്ന് പറഞ്ഞപ്പം ഉടനെ അങ്ങ് കേട്ടു. അവൻ ഒരു കുറുക്കനാണ്. അവന് തന്ത്രം അറിയാം.”
“നീ മിണ്ടാതെ നിന്നെ. ഞാൻ തിരുമേനിയെ കണ്ടു സംസാരിച്ചു. അടുത്ത വെള്ളിയാഴ്ച നല്ല ദിവസമാ. എനിക്ക് ഈ നാട്ടുകാരോട് മാത്രം പറഞ്ഞ മതി. ഓടി നടന്നു പറഞ്ഞ തീരും.”
“സദ്യ വേണ്ടേ?”
“അതൊക്കെ സഹദേവൻ ചെയ്തോളും “
“കാശ് വേണ്ടേ അച്ഛാ..”
“എന്റെ കയ്യിൽ ഉണ്ട് “
“എനിക്ക് അവനെ ഇഷ്ടം അല്ല അച്ഛാ. എനിക്ക് ഇതിന് സമ്മതവുമില്ല
“എന്റെ മനു അവർ ഗുരുവായൂർ വെച്ച് കല്യാണം കഴിച്ചു. നമ്മൾ ഇത് നടത്തി കൊടുത്തില്ലെങ്കിൽ അവൻ വന്ന് അവളെ കൊണ്ട് പോകും. ഈ നാട്ടുകാരുടെ മുന്നിൽ നമ്മൾ നാറും. അത് വേണോ ഇത് വേണോ ആലോചിച്ചു നോക്ക് ഞാൻ പോവാ “
മനു നടുങ്ങി നിൽക്കെ രമേശൻ ഇറങ്ങി പോയി
തുടരും….