തൻ്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി മറ്റൊരാളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്ന അവൻ്റെ…

എഴുത്ത്: സജി തൈപ്പറമ്പ്
=====================

ഇന്ന് അവൻ്റെ ബർത്ഡേ ആയിരുന്നു

സാധാരണ എല്ലാ ബർത്ഡേയ്ക്കും രാവിലെ മകനെയും കൂട്ടി അത് വരെ പോയിട്ടില്ലാത്ത ഏതെങ്കിലും ഡെസ്റ്റിനേഷനിലേക്ക് ഒരു ട്രിപ്പ് പോകും. അവന് ഇഷ്ടപ്പെട്ട ഫുഡ് കഴിച്ച്, വെള്ളച്ചാട്ടത്തിൽ കുളിച്ച്, പകലന്തിയോളം എൻജോയ് ചെയ്തിട്ട്, രാത്രിയോടെ വീട്ടിലേക്ക് മടങ്ങും. ഇതിനിടയിൽ അവന് കരുതി വച്ചിരിക്കുന്ന സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുകയും ചെയ്യും.

കേക്ക് മുറിക്കുന്നതിനോട് അവന് താത്പര്യമില്ലായിരുന്നു.

പക്ഷേ, ഇന്ന് ഞങ്ങളൊക്കെ റെഡിയായപ്പോഴേക്കും അവന് ആരുടെയോ ഫോൺ കോൾ വന്നു, ഉടനെ വരാമെന്ന് പറഞ്ഞ് അവൻ പുറത്തേയ്ക്ക് പോയി. ഏറെ നേരമായിട്ടും അവനെ കാണാഞ്ഞിട്ട് വിളിച്ച് ചോദിച്ചപ്പോഴാണറിയുന്നത്, അവൻ ആർക്കോ ബ്ളഡ് ഡൊണേറ്റ് ചെയ്യാൻ പോയതാണെന്ന്…

അവൻ്റെ റെയർ ഗ്രൂപ്പായിരുന്നത് കൊണ്ട് ആവശ്യക്കാരന് അത് വലിയ ആശ്വാസമായിരുന്നു. എന്തായാലും നല്ലൊരു കാര്യത്തിനാണവൻ പോയതന്നറിഞ്ഞപ്പോൾ എനിക്കും സന്തോഷമായി.

അല്പം കഴിഞ്ഞ് അവൻ വന്നതോടെ ഞങ്ങൾ പ്ളാൻ ചെയ്ത് വച്ചിരുന്ന സാമ്പ്രാണിക്കുടിയിലേക്ക് യാത്ര തിരിച്ചു

ഞങ്ങളൊക്കെ ഒരു ടൂറ് പോകുന്നതിൻ്റെ ഉത്സാഹത്തിൽ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നു. പക്ഷേ, മൂകനായിരിക്കുന്ന മകൻ്റെ മുഖത്തെ മ്ളാനത എന്നെ ആശങ്കാകുലനാക്കി.

എന്താടാ, നിനക്കെന്താ ഒരു സന്തോഷമില്ലാത്തത് ? ഇന്ന് നിൻ്റെ ബർത്ഡേ മാത്രമല്ല, നീ കുറെ നാളായി പറയുന്ന നിൻ്റെ ഏറ്റവും വലിയ ആഗ്രഹവും നിറവേറ്റുന്ന ദിവസമല്ലേ ഇന്ന്, നീയൊന്ന് ഉഷാറാവടാ….

ഈ ബർത്ഡേയ്ക്ക് അവന് സമ്മാനമായി, പുതിയ ബൈക്ക് വാങ്ങി കൊടുക്കാമെന്ന് ഞങ്ങൾ വാക്ക് കൊടുത്തിരുന്നു, ലൈസൻസ് കിട്ടിയപ്പോൾ മുതൽ ചോദിക്കുന്നതാണ്…

അപ്പാ ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ ?

എന്നോടത് ചോദിക്കുമ്പോൾ അവൻ്റെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു

നീ ചോദിക്കെടാ, ഇന്ന് നിൻ്റെ ദിവസമല്ലേ?

ഞാനവനെ പ്രോത്സാഹിപ്പിച്ചു.

അപ്പാ, ഞാനിന്ന് ബ്ളഡ് കൊടുത്ത ചേച്ചിയെ എനിക്ക് നേരത്തെ അറിയാവുന്നതാണ്, അവരുടെ മകൻ ഞങ്ങടെ കോളേജിൽ ഫസ്റ്റ് ഇയറിലാണ് പഠിക്കുന്നത്. പക്ഷേ അവന് അരയ്ക്ക് കീഴ്പോട്ട് ചലനശേഷി ഇല്ലാത്തത് കൊണ്ട് ആ ചേച്ചി അവനെ വീൽചെയറിലിരുത്തി ഉന്തിക്കൊണ്ടാണ് വരുന്നത്. നാലഞ്ച് കിലോമീറ്റർ ദൂരെയുള്ള വീട്ടിൽ നിന്നും മകനെയും കൊണ്ട് കോളേജിലെത്തുമ്പോഴേക്കും ആ ചേച്ചി വിയർത്ത് കുളിച്ച് ആകെ ടയേഡായിരിക്കുന്നത് കാണാം. അത് കാണുമ്പോഴൊക്കെ എനിക്ക് വല്ലാത്ത വിഷമം തോന്നാറുണ്ട്,,

ഇനിയിപ്പോൾ അവരുടെ സർജറി കൂടെ കഴിഞ്ഞത് കൊണ്ട് പഴയത് പോലെ മകനെയും കൊണ്ട് വീൽ ചെയറിൽ വരാൻ അവർ നന്നായി ബുദ്ധിമുട്ടും. അത് കൊണ്ട്….

മുഴുമിപ്പിക്കാതെ അവൻ നിർത്തിയപ്പോൾ എൻ്റെ ആകാംക്ഷ വർദ്ധിച്ചു.

അത് കൊണ്ട്? എന്താ നീ പറഞ്ഞ് വരുന്നത്?

അപ്പാ, എനിക്ക് ബൈക്ക് വേണ്ട, പകരം ആ ചേച്ചിയുടെ മകന് ഒരു ഇലക്ട്രിക് വീൽചെയർ വാങ്ങി കൊടുത്തിരുന്നേൽ ആരുടെയും സഹായമില്ലാതെ അവന് കോളേജിൽ വരാമായിരുന്നു. ആ ചേച്ചിയുടെ കഷ്ടപ്പാടും കുറഞ്ഞേനെ…

അത് കേട്ട് ഞാൻ അമ്പരന്ന് പോയി. കാരണം, സ്വന്തമായി ഒരു ബൈക്ക് അവൻ അത്രമേൽ ആഗ്രഹിച്ചിരുന്നു. അവൻ്റെ മിക്ക കൂട്ടുകാർക്കും ബൈക്കുണ്ട്..

തൻ്റെ ആഗ്രഹത്തെ ഉള്ളിലൊതുക്കി മറ്റൊരാളുടെ കഷ്ടപ്പാടിന് അറുതി വരുത്തണമെന്ന അവൻ്റെ ഹൃദയവിശാലതയെ അവഗണിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല

അവൻ്റെ ആഗ്രഹം പോലെ അവർ ഡിസ്ചാർജ്ജായി വീട്ടിൽ വന്ന ദിവസം തന്നെ, മോൻ പറഞ്ഞ ഇലക്ട്രിക് വീൽ ചെയറുമായി ഞങ്ങൾ അവിടേക്ക് ചെന്നു.

അന്ന് ആ അമ്മയുടെയും മകൻ്റെയും മുഖത്ത് കണ്ട സന്തോഷമായിരുന്നു, ഈ ബർത്ഡേയ്ക്ക് എൻ്റെ മകന് കിട്ടിയ ഏറ്റവും വലിയ സമ്മാനം….

-സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *