ധ്രുവം, അധ്യായം 73 – എഴുത്ത്: അമ്മു സന്തോഷ്

ആ ഉറക്കം അർജുൻ വന്നപ്പോഴാണ് മുറിഞ്ഞത്. അവൾ ചെന്നു വാതിൽ തുറന്നു. അവന് പെട്ടെന്ന് ഒരു സ്നേഹം തോന്നി. നല്ല ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ

കുഞ്ഞ് കുട്ടിയോരെണ്ണം ഉറക്കം ഞെട്ടി മുന്നിൽ വന്നു നിൽക്കുന്ന പോലെ. അവൾ അവന്റെ ദേഹത്തേക്ക് ചാരി

“അച്ചോടാ ഉറക്കം തീർന്നില്ലേ?”

“ഊഹും. എത്ര രാത്രി ആയി ശരിക്കും ഉറങ്ങിട്ടു..”

“മോൾക്ക് ഉറങ്ങാണെങ്കിൽ ഉറങ്ങിക്കോ. ഞാൻ ഫുഡ് വരുത്താം “

“വേണ്ട വേണ്ട. നമുക്ക് പുറത്ത് പോകാം. റിസൾട്ട്‌ ഉടനെ വരും പിന്നെ തീർന്നു “

അവൻ ചിരിച്ചു

“എന്നാ പോയി ഡ്രസ്സ്‌ മാറിയിട്ട് വാ “

“ഈ അപ്പുവേട്ടന് ക്ഷീണം ഒന്നുല്ലേ. ഉറക്കം വരൂലേ “

അവൾ ഉറക്കെ ചോദിച്ചു

“ഇന്നലെ രാത്രി നല്ലോണം എനർജി കിട്ടിയാരുന്നു അത് കൊണ്ടാ “

അവൻ പെട്ടെന്ന് മറുപടി പറഞ്ഞു. പിന്നെ ടീപോയിൽ കിടന്ന ഗിഫ്റ്റ് എടുത്തു നോക്കി. ഒരു ഫോട്ടോ ഫ്രെയിം

“ഇതാര് തന്നതാ?”

“രാവിലെ അവളിവിടെ ഉണ്ടായിരുന്നപ്പോൾ ഗോവിന്ദ് ചേട്ടൻ വന്നിരുന്നു. കല്യാണത്തിന് തന്ന ഗിഫ്റ്റ് ആണ്.”

“ഓ..”

“നിങ്ങൾ same age അല്ലെ?”

അവൻ ഒന്ന് മൂളി

“ഞാൻ പറഞ്ഞിട്ടുണ്ട് കല്യാണം കഴിക്കാൻ. അത് ഒരു പാവമാ. കല്യാണം കഴിക്കുന്ന പെണ്ണ് എന്തായാലും ഭാഗ്യവതിയാ.”

അവൻ ആ gift ടേബിളിൽ വെച്ചു. തന്റെ കാർ കടന്ന് പോകുമ്പോൾ അവൻ മുറ്റത്തു ഉണ്ടായിരുന്നു. താൻ പോകുന്നത് കണ്ടിട്ടാണ് വന്നത്. എന്തിന്. അതാണോ മര്യാദ? ദൃശ്യ ഉണ്ടായിരുന്നു. എന്നാലും താൻ പോയി എന്ന് കണ്ട് ഉടനെ വന്നതെന്തിന്? അത് ശരിയല്ലല്ലോ ഗോവിന്ദ്..നിന്റെ റൂട്ട് നേരേ ചൊവ്വേ അല്ല

അർജുന്റെ പെണ്ണാണ്. തെറ്റായി ഒന്ന് നോക്കുക പോലും പാടില്ല. അത് വേണ്ട

“പോകാം “

അവൾ ഓടി മുന്നിൽ വന്നു

കടും ചുവപ്പിൽ പ്രിന്റ് ഉള്ള ഒരു ചുരിദാർ
ഷാൾ പിൻ ചെയ്തിട്ടുണ്ട്

“എന്റെ ചക്കര വാങ്ങി തന്നതാ “

അവളാ നെഞ്ചിൽ ഒന്ന് തൊട്ടു

“അന്ന് കുറേ ഡ്രസ്സ്‌ കൊണ്ട് വന്നില്ലേ വീട്ടിൽ. അന്ന് എടുത്തതാ “

അവൻ അവളെ പെട്ടെന്ന് കെട്ടിപിടിച്ചു. അവന്റെ കണ്ണ് നിറഞ്ഞത് കണ്ട് അവൾ അമ്പരന്നു

“എന്താ അപ്പുവേട്ടാ?”

“ഒന്നുല്ലാടി..പെട്ടെന്ന് ഒരു ഇഷ്ടം വന്നതാ “

“ഇഷ്ടം വന്നാ കണ്ണ് നിറയോ?”

“ഭയങ്കര ഇഷ്ടം വന്നാൽ..”

അവൾ അവന് ഒരുമ്മ കൊടുത്തു

“പോകാം “

അവർ ഇറങ്ങി. അർജുൻ കാറിന്റെ റിയർ വ്യൂ മിററിലൂടെ നോക്കി. ഗോവിന്ദ് മുകളിൽ അവന്റെ മുറിയുടെ ജനാലയ്ക്കൽ

അർജുൻ കാർ സ്റ്റാർട്ട്‌ ചെയ്തു

“നമുക്ക് വാവക്ക് കുറച്ചു സാധനം വാങ്ങാൻ ഉണ്ട് ട്ടോ.”

അവൻ ഒന്ന് മൂളി

“വാവ. നല്ല ഭംഗില്ലേ?”

“പിന്നേ കുഞ്ഞുങ്ങൾ നല്ല ഭംഗിയല്ലേ?”

“ഇനിം മൂന്നാല് വർഷം പഠിക്കണം അല്ലെങ്കിൽ എനിക്കും വാവ ഉണ്ടായേനെ. എന്ത് രസാരിക്കും. ശോ “

അവൻ അതിശയത്തിൽ അവളെ നോക്കി

“ഇഷ്ടാണോ നിനക്ക്?”

“പിന്നേ ഇഷ്ടം അല്ലെ? എനിക്ക് ഗർഭിണി ആകാൻ വലിയ ഇഷ്ടാ. വീർത്ത വയറ് ഒക്കെ താങ്ങി ഗർഭിണികൾ ഹോസ്പിറ്റലിൽ വരുമ്പോൾ ഞാൻ നോക്കി നിൽക്കും. എന്ത് ഭംഗിയാ അവരെ കാണാൻ “

അവൻ ചിരിച്ചു പോയി

“എനിക്ക് ഇപ്പൊ ഉണ്ടല്ലോ അപ്പുവേട്ടാ, അപ്പുവേട്ടനെ പിരിഞ്ഞു നിൽക്കുന്നത് ഓർക്കാൻ കൂടെ വയ്യ. ഒരു നിമിഷം പോലും വയ്യ ശ്വാസം മുട്ടുന്ന പോലെയാ. സങ്കടം വരും വേഗം. റിസൾട്ട്‌ വരുന്നത് ഓർക്കുമ്പോൾ പേടിയാ ഉടനെ അടുത്ത മാരണം വരും. എനിക്ക് പോകണ്ടേ..? എനിക്ക് വയ്യ പഠിക്കാൻ പോവാൻ. ഞാൻ ഗർഭിണി ആയാലോ?”

അവൻ പൊട്ടിച്ചിരിച്ചു പോയി

“ഒന്ന് പോയെ ചിരിക്കുന്ന നോക്ക്. എന്റെ ഫീലിംഗ്സ് പറയുമ്പോൾ ചിരിയാണോ വരുന്നേ?”

“ഇല്ലെടി.. നി ഇന്നസെന്റ് ആയിട്ടാ ഓരോന്ന് പറയുന്നത്. ഭയങ്കര ഇന്നസെന്റ് ആയിട്ട് അത് കേൾക്കാൻ നല്ല ക്യൂട്ട് ആണ്. അത് കേട്ടപ്പോ ചിരിച്ചു പോയെന്നെ ഉള്ളു “

“നമുക്ക് കുറേ കുഞ്ഞുങ്ങൾ വേണം “

“ഉം “

“ഞാനെ എം ഡി ക്ക് പോകും മുന്നേ ഒന്ന് പ്രസവിക്കും “

അവന്റെ കണ്ണ് മിഴിഞ്ഞു

“ഹൗസർജൻസി കഴിഞ്ഞു ഒരു വർഷം എൻട്രൻസ് വേണ്ടി പഠിക്കില്ലേ?”

“അതെന്തിനാ ഒരു വർഷം അല്ലാത് തന്നെ നിനക്ക് കിട്ടുമല്ലോ,

“എനിക്ക് ഒരു വർഷം ബ്രേക്ക്‌ വേണം. എന്നെ ഹണിമൂൺന് കൊണ്ട് പോകണം എന്നെ എങ്ങും കൊണ്ട് പോയിട്ടില്ല.”

അവൻ വീണ്ടും ചിരിച്ചു

“എവിടെ പോകണം എന്റെ കൊച്ചിന്?പറഞ്ഞോ “

“പറയട്ടെ?”

“ഉം പറ”

“വയനാട് “

“ങ്ങേ?”

“വയനാട്ടിൽ..കാട്ടിൽ.. കാടിന്റെ ഭംഗി, പുഴയുടെ തണുപ്പ്..ആരുമുണ്ടാവില്ല. നമ്മൾ മാത്രം. പുഴയിൽ കുളിച്ച്..കാട്ടിൽ കൂടെ നടന്നങ്ങനെ കുറേ ദിവസം..അപ്പൊ ഞാൻ ഗർഭിണി ആകും. പിന്നെ നമുക്ക് വാവ ഉണ്ടാകും
അത് കഴിഞ്ഞു മതി പിന്നെ പഠിത്തം.”

അവൻ തിരിഞ്ഞു ആ നെറ്റിയിൽ ചുംബിച്ചു

“നമുക്ക് മോള് മതി ട്ടോ..നല്ല ഒരു മോളൂട്ടി..”

അവന്റെ ഹൃദയത്തിൽ ആ നിമിഷം ഒരു കുഞ്ഞ് ജനിച്ചു. വലിയ കണ്ണുകൾ ഉള്ള ഇളം റോസ് നിറത്തിൽ ഉള്ള ഒരു പെൺകുഞ്ഞ്. തന്റെ കൃഷ്ണയേ പോലെ ഒരു മോള്. അവൻ ഇടതു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു

തന്റെ ജീവിതത്തിൽ എന്തിനാണ് ഇവള് വന്നതെന്ന് അവൻ പണ്ടൊക്കെ ഓർത്തിരുന്നു. ഇപ്പൊ അറിയാം. ഇതിനാണ്. തന്റെ ജീവിതം എന്തായിരുന്നു. പതിനഞ്ചു വയസ്സ് വരെ അത് നല്ലതായിരുന്നു. അമ്മ, അച്ഛൻ, കൂട്ടുകാർ, പാട്ട്, ഡാൻസ്, സ്കൂൾ, ഒക്കെ ആയിട്ട്

ഒരു ദിവസം. ആ നശിച്ച ദിവസം. അമ്മ പോയി. കൂടെ താനും മരിച്ചു പോയി. പിന്നെ വേറെയൊരാൾ ജനിച്ചു. പുതിയ ഒരാൾ. അവന്റെ ഓർമ്മകളിൽ തീക്കാറ്റ് വീശി കൊണ്ടിരുന്നു. അവൻ ഒറ്റയ്ക്കായിരുന്നു

പലപ്പോഴും ആളിക്കത്തുന്ന തീയിലൂടെ താൻ ഓടിക്കൊണ്ടിരുന്നു. ശരീരവും മനസ്സും തീ പിടിച്ച പോലെ. പിന്നെ അത് ഒന്ന് ശമിച്ചു

ഒരു പെണ്ണ് വന്നു ജീവിതത്തിൽ. നല്ല രസമുണ്ടായിരുന്നു. മദ്യമാദ്യമായി രുചിച്ചത്, ലഹരി ഓരോന്നുമാദ്യമായി രുചിച്ചത് അവൾക്കൊപ്പമായിരുന്നു.. അതായിരുന്നു സന്തോഷം എന്ന് കരുതി. ഓരോ ദിവസവും ആഘോഷം. അങ്ങനെ ഇരിക്കെ അവൾ പറയുന്നു. നമുക്ക് ഇത് മുന്നോട്ട് കൊണ്ട്. പോകാൻ പറ്റില്ല അർജുൻ. എനിക്ക് ഈ രീതിയിൽ ഉള്ള ഒരാൾക്കൊപ്പം ബുദ്ധിമുട്ട് ആണ്. നിനക്ക് ഇനിയും അസുഖം വരില്ല എന്ന് എന്താ ഉറപ്പ്? നമ്മുടെ റിലേഷൻ എനിക്ക് മടുത്തു. കാശ് ഉണ്ടന്നല്ലേയുള്ളു, നിനക്ക് ജോലി ഒന്നുമില്ലല്ലോ, പത്താം ക്ലാസ്സ്‌ വെച്ചു നി എന്ത് ചെയ്യാൻ പോണു. എനിക്ക് ആരോടെങ്കിലും പറയാൻ തന്നെ നാണക്കേട് ആണ് അർജുൻ. അങ്ങനെ കുറേ കുറേ…

പിന്നെ ചതുപ്പ് നിലങ്ങളിലൂടെയുള്ള യാത്ര ആയിരുന്നു പിന്നീട്. ചെളി നിറഞ്ഞ ഇടങ്ങളിൽ കൂടി ഉള്ള യാത്ര

അപ്പോഴാണ് പ്രളയം പോലെ ഇവൾ.

ഒരു നദി കരകവിഞ്ഞൊഴുകി പ്രളയം പോലെ തന്നെ മുക്കിക്കളഞ്ഞു. അതിന്റെ ആഴങ്ങളിൽ വീണു പോയി. അത് തന്നെ കരയിച്ചു, സന്തോഷിപ്പിച്ചു, കീഴ്പ്പെടുത്തി

അവൾ തന്റെ ജീവിതത്തിൽ വന്നതിന് ശേഷം ആണ് എല്ലാം ഇരട്ടിച്ചത്

തന്റെ ബിസിനസ്, സ്വത്ത്, തന്റെയെല്ലാം ഭംഗിയായത്, മനോഹരമായ ജീവിതം എന്താണെന്ന് തിരിച്ചറിഞ്ഞത്

അവൻ ആ കവിളിൽ ഒരുമ്മ കൊടുത്തു. കൃഷ്ണ എന്താ എന്നുള്ള ഭാവത്തിൽ നോക്കി

“ഒന്നുല്ല “

“ഇവിടെ നിർത്താം. സദ്യ കിട്ടും ” ഹോട്ടലിന്റെ മുന്നിൽ അവൻ നിർത്തി

“ഇതെന്താ സദ്യ കഴിക്കാൻ കൊതി?”

“നല്ലതല്ലേ?”

“അതേ.”

മുന്നിൽ ഇല വന്നു. ഓരോന്നായി വന്നു

“എനിക്കു ഇതെല്ലാം ഉണ്ടാക്കാൻ അറിയാലോ അപ്പുവേട്ടൻ പറഞ്ഞ പോരാരുന്നോ ഞാൻ ഉണ്ടാക്കി തന്നേനെ “

“വേണ്ട എന്റെ കൊച്ച് ഇതൊന്നും ചെയ്യണ്ട. ഒന്നാമത് എന്നെ കൊണ്ട് തന്നെ കഷ്ടപ്പെട്ടിരിക്കുവാ അതിനിടയിൽ കുക്കിംഗ്‌ “

അവളുടെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു. അവനത് നോക്കിയിരുന്നു

“എന്നെ നോക്കല്ലേ കഴിക്ക് “

അവൻ ഭക്ഷണത്തിലേക്ക് തിരിഞ്ഞു

“അർജുൻ?”

ഒരു വയസായ ആൾ. അർജുൻ പെട്ടെന്ന് ചാടിയെഴുനേറ്റ് പോയി

“ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് എഴുനേൽക്കരുത് ഇരിക്ക് “

അദ്ദേഹം അവന്റെ തോളിൽ പിടിച്ചു ഇരുത്തി

“ഡോക്ടർ ഇരിക്ക് “

അവൻ കസേര വലിച്ചിട്ടു

” ഇത് ഡോക്ടർ വാസുദേവൻ. എന്നെ രണ്ടു വർഷം ട്രീറ്റ്‌ ചെയ്ത ദൈവം “

കൃഷ്ണ നെഞ്ചിൽ കൈ വെച്ചു തല തെല്ല് കുനിച്ചു

“ഡോക്ടർ ഇത് “

“അറിയാം കൃഷ്ണ. വൈഫ്. ഫോട്ടോ എനിക്ക് അർജുൻ അയച്ചു തന്നിരുന്നല്ലോ “

“മോളെ ഞാൻ യുഎസിൽ ആയിരുന്നു . അതാണ് കല്യാണത്തിന് വരാതിരുന്നത്”

“ഇപ്പൊ അവധി ആണോ?”

“ഇല്ലെടോ ഞാൻ ഇനി ഇവിടെ തന്നെ..ചെന്നൈയിൽ വീട്ടിൽ മക്കൾ ഉണ്ട്.ഞാനും വൈഫും ഇവിടെ ഒരു ഫ്ലാറ്റ് വാങ്ങി. അവസാനകാലം കേരളത്തിൽ വേണം എന്ന് അവൾക്ക് ആഗ്രഹം. നല്ല ഒരാഗ്രഹം അല്ലെ?”

അർജുൻ പുഞ്ചിരിച്ചു

ഡോക്ടർ അവനെ വാത്സല്യത്തോടെ നോക്കി

സാധാരണ രോഗികൾ ചികിത്സ കഴിഞ്ഞാൽ കോൺടാക്ട് ചെയ്യില്ല. ഇന്നും സമൂഹത്തിൽ മറ്റേത് രോഗം പോലെയുമല്ല മനോരോഗത്തെ ആൾക്കാർ കാണുന്നത്. ഒരു അയിത്തം ഇന്നുമുണ്ട്. പക്ഷെ അർജുൻ അന്നുമിന്നും വിളിക്കും. സംസാരിക്കും. എല്ലാം പറയും

“അപ്പൊ ശരി. നിങ്ങൾ എന്റെ ഫ്ലാറ്റിലേക്ക് വാ ഒരു ദിവസം “

“വരാം “

“എന്നാ ഇരുന്ന് കഴിച്ചോളൂ എന്റെ ഭക്ഷണം കഴിഞ്ഞു ഇറങ്ങുകയാ,

അർജുൻ ഒന്ന് ചേർത്ത് പിടിച്ചു

അദ്ദേഹം പോയി കഴിഞ്ഞു കൃഷ്ണയുടെ മുഖത്ത് നോക്കി

“ഇദ്ദേഹം ആണ്…”

“മനസ്സിലായി ” കൃഷ്ണ പുഞ്ചിരിച്ചു

അവൻ അൽപനേരം സൈലന്റ് ആയി

“അപ്പുവേട്ടാ അതേയ്..ഞാൻ ഒരു സിനിമ കണ്ടിട്ട് എത്ര വർഷം ആയെന്നോ.”

പെട്ടെന്ന് അർജുന്റെ ശ്രദ്ധ തിരിഞ്ഞു

“റിയലി?”

“ആം ഞാൻ തീയേറ്ററിൽ പോയി കണ്ടിട്ടില്ല. ടീവി യിൽ തന്നെ പണ്ട് കുഞ്ഞിലേ ആണ് കണ്ടത്. വീട്ടിൽ ടീവി ഇല്ലല്ലോ. ജോലിക്ക് നിൽക്കുന്ന വീട്ടിൽ ആണ് കണ്ടത് പണ്ട്. എന്നെ ഒരു സിനിമക്ക് കൊണ്ട് പോവോ “

അവന്റെ തൊണ്ടക്കുഴിയിൽ എന്തോ വന്നു തടഞ്ഞ പോലെ

“മോളെ?”

“ഉം “

“ഞാൻ അച്ഛനും അമ്മയ്ക്കും ഒരു വീട് വാങ്ങി കൊടുക്കട്ടെ “

“അത് വേണ്ട അപ്പുവേട്ടാ എനിക്ക് നല്ല ശമ്പളം തന്ന മതി ഞാൻ വെച്ചു കൊടുത്തോളം “

അവൾ കള്ളച്ചിരി ചിരിച്ചു

“ഇപ്പോഴും ഈ ദുരഭിമാനം കളയാൻ സമയം ആയില്ലേ? “

“അഭിമാനം അല്ലെ പൊന്നെ അത്?”

“പോടീ..അവർക്ക് എന്തെങ്കിലും ഷോപ്പ് ഇട്ട് കൊടുക്കാം. വീടും. ഞാൻ അച്ഛനോട് സംസാരിച്ചോളാം. നി ദയവ് ചെയ്തു ഇടക്ക് കേറാതിരുന്ന മതി “

അവൾ പുഞ്ചിരിച്ചു

“സിനിമക്ക് നമുക്ക് ഒരു ദിവസം പോകാം “

“ഉം. പക്ഷെ ഷോപ്പിംഗിനു പോയ പോലെ ആവരുത് “

അവൻ ചുണ്ട് കടിച്ചു

“ഇല്ല”

“എന്നെ ഒരുത്തൻ ഒന്ന് തൊട്ട ഉടനെ അവനെ തല്ലാൻ പോകരുത്. അത് ഞാൻ ചെയ്യും മനസ്സിലായോ. എനിക്ക് അവസരം തരണ്ടേ മിഷ്ടർ?”

അവൻ പൊട്ടിച്ചിരിച്ചു

“ദേ ആ മുരിങ്ങക്കായ കോൽ തൊണ്ടയിൽ കുടുങ്ങും കഴിച്ചിട്ട് ചിരി,”

അവൻ ചിരിയടക്കി

“അതായത് ഞാൻ പറഞ്ഞു വരുന്നത് ഉത്തമാ എന്റെ കാര്യം ഞാൻ ഭംഗിയായി നോക്കിക്കൊള്ളാം. എന്റെ ശരീരം ഞാൻ അല്ലെ ഇത്ര നാളും നോക്കിയത്?”

“കഴിഞ്ഞ ഒരു നാലു വർഷം ആയിട്ട് ഞാനും നല്ലോണം നോക്കുന്നുണ്ടായിരുന്നു..ഒരു മറ്റൊമില്ല. പിന്നെ ഷാൾ ഉള്ളത് കൊണ്ട്  കറക്റ്റ് സംഭവം കിട്ടിയില്ല ഇപ്പൊ അത് കൂടെ കിട്ടി “

“വഷളൻ. ഇങ്ങനെ ഒരു വഷളൻ “

“എടി ഞാൻ ഇതൊക്കെ എന്റെ ഭാര്യയോടാ പറയുന്നേ കാമുകൻ ആയിരുന്നപ്പോൾ ഞാൻ ഡീസന്റ് അല്ലായിരുന്നോ?”

“ഉം ഉം അത് എന്നെ പേടിച്ചിട്ട്. എന്റെ ചെക്കൻ ആ പായസം കൂടെ കഴിക്കേ..നമുക്ക് പോകണ്ടേ? ഹോസ്പിറ്റലിൽ പോകണം “

“ഇന്ന് ഡിസ്ചാർജ് ഇല്ല. നാളെ രാവിലെ ഉള്ളു “

“ആണോ?”

“ഉം നമുക്ക് ഒന്ന് കറങ്ങിയിട്ട് ഹോസ്പിറ്റലിൽ പോകാം “

“മോൾക്ക് വേണോ. പായസം?”

“മതി ഞാൻ തടിക്കും ഇങ്ങനെ പോയ “

“നല്ല രസാരിക്കും “

“ദൈവമേ ഇന്ന് മൊത്തം കാമദേവന്റെ അവതാരം ആയിട്ടാണല്ലോ “

“ഏറെക്കുറെ “

പെട്ടെന്ന് അർജുന്റെ ഫോൺ ശബ്ദിച്ചു

ദീപു

“എന്താ ഡാ?”

“ഡാ എനിക്ക്..എനിക്ക് എന്തോ സുഖമില്ല. രാവിലെ ബ്ലഡ്‌ വോമിറ്റ് ചെയ്തു. നി ഒന്ന് വരുമോ?”

അർജുന്റെ ഭയന്ന് പോയി. അവൻ ഭക്ഷണം പാതിയിൽ നിർത്തി

“എന്താ?”

“എന്റെ ഫ്രണ്ട് ദീപുവിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടില്ലേ? അവന് നല്ല സുഖമില്ലെന്ന്. ഞാൻ നിന്നെ ഹോസ്പിറ്റലിൽ വിട്ടിട്ട് അങ്ങോട്ട് ഒന്ന് പോയിട്ട് വരാം,

അവൾ തലയാട്ടി

“ഞാനും വരണോ?”

അവൻ ഒന്നാലോചിച്ചു

“വേണ്ട.ഞാൻ ഒന്ന് നോക്കട്ടെ “

അർജുൻ കൃഷ്ണയേ ഹോസ്പിറ്റലിൽ വിട്ടിട്ട് ദീപുവിന്റെ വീട്ടിലേക്ക് പോയി. അവൻ ചെല്ലുമ്പോൾ ദീപു സെറ്റിയിൽ ഇരിക്കുന്നുണ്ട്

“എന്താഡാ?”

നിലത്ത് രക്തം

“എഴുന്നേറ്റു നിൽക്കാൻ വയ്യ..കുറേ ശർദിച്ചു..”

അർജുൻ വരും വഴി തന്നെ ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞിരുന്നു

“അവന് കാറിൽ യാത്ര ചെയ്യാൻ പറ്റില്ല എന്ന് കാഴ്ചയിൽ മനസിലാകുമായിരുന്നു

“അർജുൻ ഞാൻ മരിക്കാൻ പോവാടാ..”

ദീപു തളർച്ചയോടെ അവന്റെ കൈ പിടിച്ചു. അർജുൻ അവനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു

“ഒന്നുമില്ലടാ മോനെ ഞാനില്ലേ നിനക്ക്?”

ദീപുവിന്റെ കണ്ണുകൾ ഒരു മയക്കത്തിൽ അടഞ്ഞു

തുടരും….

Leave a Reply

Your email address will not be published. Required fields are marked *