Story written by Athira Sivadas
========================
പ്രിയപ്പെട്ട നിനക്ക്,
എന്നോടുള്ള വെറുപ്പിന് ഒരംശം പോലും കുറവ് വന്നിട്ടുണ്ടാവില്ലന്ന് അറിയാം. എങ്കിലും കഴിഞ്ഞ ആറ് വർഷമായി മാസം തെറ്റാതെയെത്തുന്ന കത്തുകളൊക്കെ നീ വായിക്കുന്നുണ്ടെന്ന് പ്രതീക്ഷയോട് തന്നെയാണ് ഞാൻ ഈ കത്ത് എഴുതാനിരുന്നതും. കവറ് പോലും പൊട്ടിക്കാതെ നീ ഇതൊക്കെ വലിച്ചെറിയുന്നതും പോസ്റ്റ് മാന്റെ നേരെ ചീറുന്നതും ചിലപ്പോഴൊക്കെ ഞാൻ സ്വപ്നം കാണാറുണ്ട്. പിന്നെയുള്ള ഉറക്കവും പോകും. കഴിഞ്ഞ ആറ് വർഷം ഞാൻ നിന്നോട് സംസാരിച്ചത് അത്രയും നീ കേൾക്കാതെ പോയിട്ടുണ്ടാകും എന്നൊരു വേദന ഹൃദയം നിറയെ പരക്കും. എന്നെ കേൾക്കാൻ നീയല്ലാതെ വേറെ ആരായിരുന്നു ഉണ്ടായിരുന്നത്.
ഒടുക്കം എനിക്ക് നീയും ഇല്ലാണ്ടായി. വായിക്കാൻ നീ അവിടെ ഉണ്ടോ എന്നറിയില്ല. എങ്കിലും നിന്നോടായി ഇതൊക്കെ പറയുന്നതാണ് ജീവിതത്തിനാകെയുള്ള ആശ്വാസം.
എന്റെ സെല്ലിൽ ഉണ്ടായിരുന്ന സലീം ഇക്ക കഴിഞ്ഞ ആഴ്ച പോയി. ഇക്കാടെ ഭാര്യ കാണാൻ വരുമ്പോഴൊക്കെ ഇരുമ്പഴിയ്ക്കപ്പുറം നിറമിഴികളോടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇക്ക പോയാതൊരു സങ്കടം ആയിരുന്നെങ്കിലും ആ കുടുംബത്തിന് തിരിച്ചു കിട്ടിയ സന്തോഷം ഓർക്കുമ്പോൾ ഒരു സമാധാനം തോന്നാറുണ്ട്. അടുത്ത നിമിഷം ആശങ്കയും. ഈ ലോകം വിടുന്ന കാലം ഞാൻ ആരുമില്ലാത്തൊരാളായി പോകുമല്ലോ എന്ന് ഓർത്ത്. ഇവിടെ എന്നും കാണുന്ന ചിരിക്കുന്ന, കൂട്ടായി കൂടെയുള്ള ചില മനുഷ്യർ എങ്കിലുമുണ്ട്. ഇതിന് പുറത്തോ… ഒന്നുമില്ല… ആരുമില്ല…
നിന്റെ സഹതാപത്തിനോ സ്നേഹത്തിനോ വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നതെന്ന് കരുതരുത്. ഒറ്റയ്ക്കായി പോയൊരുത്തന്റെ വേദനയായി മാത്രം കണ്ടാൽ മതി. അല്ലെങ്കിൽ നിനക്ക് ഉണ്ടാക്കി വച്ച നഷ്ടത്തിനു, നിനക്ക് തന്ന വേദനയ്ക്ക് കാലം കരുതി വച്ച ശിക്ഷയെന്നോ വിളിക്കാം.
ചെയ്ത പാപത്തിന്റെ ശിക്ഷകളൊന്നും അനുഭവിക്കാതെ ഒരു ജീവനും ഭൂമി വിടില്ലല്ലോ അല്ലെ…
നിനക്ക് സുഖമാണെന്ന് കരുതുന്നു. സന്തോഷത്തോടെ ഇരിക്കുന്നെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.
പിന്നെ…മാപ്പ്…. “
അത്രയും എഴുതി അവസാനിപ്പിച്ചു കവറിലാക്കി കത്ത് സുധീപിന്റെ കയ്യിൽ കൊടുത്തു.
“കൊല്ലം കൊറേ ആയല്ലോടാ…ഇതുവരെ ഒരു മറുപടി പോലും വരുന്നത് കണ്ടിട്ടില്ല. ഇനി നീ ഈ കത്തെഴുതണ ആൾ ഈ അഡ്രസ്സിൽ തന്നെ ഉണ്ടാവോ…” കത്ത് വാങ്ങി ഒരു ചിരിയോടെ അവൻ ചോദിച്ചു.
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. സെല്ലിന്റെ ഒരു മൂലയിൽ എന്നെ നോക്കിയിരിക്കണ പയ്യനെ നോക്കിയൊന്ന് ചിരിച്ചു.
എന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് അവന്റെ നോട്ടം. എന്നോടൊന്ന് ചിരിക്കാൻ പോലും കൂട്ടാക്കാതെ ഇവൻ ഇവിടെ കയറി കൂടിയിട്ട് ദിവസം രണ്ടായതേയുള്ളു.
ഇരുപത്തിയഞ്ചു വയസ്സുണ്ട്, പക്ഷേ കണ്ടാൽ അത്രയൊന്നും പറയില്ല. അമ്മയെ കയറി പിടിക്കാൻ നോക്കിയവനെ തീർത്ത മുതലാ…അബദ്ധം പറ്റിയതാണോ അതോ കൊ- ല്ലാൻ വേണ്ടി തന്നെ ചെയ്തതാണോ എന്നറിയില്ല. എങ്കിലും ഈ വിധിയിൽ അവന് ഒട്ടും തന്നെ വിഷമം ഇല്ലന്നുള്ളത് അവന്റെ മുഖം പറയുന്നുണ്ട്.
ഇങ്ങോട്ട് അൽപ്പം മൊടയാണെങ്കിലും എനിക്ക് അവനോട് വല്ലാത്ത സ്നേഹവും ബഹുമാനവും ഒക്കെ തോന്നി…
ചെറുപ്പം എന്ന് പറഞ്ഞാൽ ചോര തിളക്കണ പ്രായം, ഈ പ്രായത്തിൽ അനുഭവിക്കാനും ആസ്വദിക്കാനും ഒരുപാട് ഉണ്ട്, ആ പ്രായത്തിൽ അവൻ ഇങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ എവിടെയോ ഒരു നോവ് തോന്നി…
രണ്ട് ദിവസം കഴിഞ്ഞ് പതിയെ ചിരിക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനുമൊക്കെ തുടങ്ങി. എന്തുകൊണ്ടോ എന്റെ ആരുമല്ലാത്ത അവനോട് എനിക്കൊരാത്മബന്ധം തോന്നി. അതിന്റെ മുഖ്യകാരണം അവൻ ചെയ്ത കുറ്റം തന്നെയാണെന്ന് തോന്നി. അവന്റെ കണ്ണിൽ ഇപ്പോഴും അതിന്റെ തീയുണ്ട്. കലിയുടെ അഗ്നിയുണ്ട്…
അവനെ കാണാൻ അവന്റെ അമ്മ വന്നതിന് ശേഷമാണ് ചെക്കൻ ഒന്ന് അയഞ്ഞു തുടങ്ങിയത്. അതുവരെയുള്ള മസ്സിൽ പിടുത്തമൊക്കെ വിട്ട് “ചേട്ടാ.. ചേട്ടാ….”ന്ന് വിളിച്ചു കാര്യമൊക്കെ പറയാൻ തുടങ്ങി…
ആളൊരു പാലക്കാട്ടുകാരനാണ്… നല്ല സാമ്പത്തികമൊക്കെയുള്ള വലിയൊരു വീട്ടിലെ പയ്യനാണ്. എം. ബി. ബി. എസ് നാലാം വർഷമായിരുന്നു. ഒരു രണ്ട് മൂന്ന് കൊല്ലം ഉറക്കമുളച്ചു പഠിച്ചു നേടിയ സീറ്റ് ആയിരിന്നത്രെ. പക്ഷെ പറഞ്ഞ വാക്കുകളിൽ എവിടെയും ഇപ്പോഴുള്ള അവസ്ഥ കാരണം എല്ലാം നഷ്ടമായതിന്റെ വേദനയോ കുറ്റബോധമോ കണ്ടില്ല.
നെഞ്ചിനുറപ്പുള്ളവൻ…
ഒരിക്കലവൻ ചോദിച്ചിരുന്നു ചേട്ടന്റെ കേസ് എന്താണെന്ന്. കൊ- ലപാതകം എന്ന് പറഞ്ഞൊഴിഞ്ഞു. അതെ, കൊ- ലപാതകം തന്നെയായിരുന്നു. പ്രേത്യേകിച്ചു വൈരാഗ്യമൊന്നുമില്ലാത്തൊരാളെ. കൊട്ടേഷനായിരുന്നു. ഇടക്ക് ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ ഇങ്ങനെയുള്ള പരിപാടികൾ എടുക്കുന്നതൊരു ശീലമായിരുന്നു. കൊ- ല്ലണം എന്ന് പറഞ്ഞിരുന്നില്ല. പക്ഷെ ചെറിയൊരു കൈയബദ്ധം…ആള് പോയി…കേസിലൊന്നും പെടാതെ സംരക്ഷിച്ചോളാമെന്ന് ഉറപ്പ് കിട്ടിയതോടെ ഉണ്ടായിരുന്ന വിഷമവും കുറ്റബോധവുമൊക്കെ എവിടേയ്‌ക്കോ പോയി…അതേ സ്വാർത്ഥനായിരുന്നൊരു മനുഷ്യനായിരുന്നു ഞാൻ…
പക്ഷേ അന്നത്തോടെ ജീവിതം കൈപിടിയിൽ നിന്ന് പോകുമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. ഓർമ്മ വച്ച കാലം മുതലേ ഞാൻ അനാഥലയത്തിലായിരുന്നു. ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നൊന്നും അറിയില്ല. ഓർമ്മയിൽ അനാഥലയത്തിലെ ജീവിതമാല്ലാതെ മറ്റൊന്നും ചിതറി പോലും കിടപ്പില്ലാത്തത് കൊണ്ട് ജന്മം തന്നവരെ പറ്റി ആലോചിച്ച് ഞാൻ അങ്ങനെ വേവലാതിപ്പെടാറില്ലായിരുന്നു.
പതിനെട്ടു കഴിഞ്ഞതോടെ സ്വന്തമായി അധ്വാനിച്ചു ജീവിക്കാൻ തീരുമാനിച്ചു. പകൽ സമയങ്ങളിൽ പഠനവും രാത്രിയിൽ പലവിധ ജോലികളും… ഹോട്ടലുകളിൽ പോകാറുണ്ട്, മണൽ വരാറുണ്ട്, ഇടക്ക് ഡ്രൈവറും ആകാറുണ്ട്. പിന്നെ അത്യാവശ്യം വന്നാൽ ചെറിയ കൊട്ടേഷനും. അങ്ങനെ കോളേജ് കാലഘട്ടത്തിലാണ് അനുവിനെ പരിചയപ്പെടുന്നത്.
സ്നേഹം എന്നെ സ്വാധീനിച്ചു തുടങ്ങിയ കാലം. എന്റെ ലോകത്തെ തന്നെ കീഴടക്കി അതിനു നടുവിൽ ഒരു ചൂരലും കൊണ്ടു വന്നു നിന്ന് എന്നെയൊരു മനുഷ്യനാക്കി എടുക്കാനുള്ള താത്രപ്പാടിലായിരുന്നു പിന്നീടുള്ള മൂന്ന് വർഷം അവൾ. അതിലവൾ വിജയിക്കുകയും ചെയ്തു. തോറ്റു കൊടുത്തതായിരുന്നു, മനഃപൂർവം തന്നെ. കാരണം എനിക്ക് സ്നേഹം വേണമായിരുന്നു. അവളുടെ പ്രേമം വേണമായിരുന്നു. അവളുടെ സ്നേഹം എപ്പോഴോ എന്നെ മുഴുവനായി വിഴുങ്ങിയിരുന്നു. അതില്ലാതെയായാൽ ഞാനില്ലാതെയായി പോകുമെന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്.
അങ്ങനെ ജീവിതം അത്ര സുഖമായി ഒഴുകിക്കൊണ്ടിരുന്ന സമയം ഏതോ നിമിഷത്തിൽ തോന്നിയിട്ടാണ് വീണ്ടും ഒരു കൊട്ടെഷൻ എടുത്തത്. സാഹചര്യം”! എന്ന് തന്നെ പറയാം.
എന്റെ ചെറിയൊരു കൈയബദ്ധത്തിൽ ഇല്ലാതെയായത് അനുവിന്റെ സഹോദരനായിരുന്നെന്ന് പിന്നീടായിരുന്നു ഞാനറിഞ്ഞറിഞ്ഞത്. നീതിയ്ക്ക് വേണ്ടി അനു പോരാടിയിട്ടും ഞങ്ങളുടെ മുതലാളി നിസ്സാരമായി ആ കേസ് മുക്കിക്കളഞ്ഞു. കുറ്റബോധം താങ്ങാനാവാതെ സ്വമേധയായി തെറ്റ് ഏറ്റു പറഞ്ഞതാണ്.
അനുവിനെ അവസാനമായി കണ്ടത് എന്റെ വിധിയുടെ അന്നാണ്. അവൾ എന്റെ മുഖത്തേക്ക് നോക്കിയതേയില്ല. അവളുടെ പേര് ചൊല്ലി വിളിക്കാനുള്ള ധൈര്യം എനിക്കൊട്ടു വന്നതുമില്ല. അറിയാതെയാണെങ്കിലും, സ്വന്തം സഹോദരന്റെ ചോ- രമണം മാറത്തൊരുവന്റെ കൈകൾക്കുള്ളിൽ അവളെ പോലൊരു പെണ്ണ് ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ തയാറാവില്ലന്ന യാഥാർഥ്യം എനിക്കിന്ന് ഉൾക്കൊള്ളാൻ കഴിയും. കഴിഞ്ഞ ആറ് വർഷമായി ഞാനത് എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു. എങ്കിലും ഈ മതിൽക്കെട്ടുകൾക്കപ്പുറം ഞാനൊരു അനാഥനാണെന്ന് ഓർക്കുമ്പോൾ നല്ല വേദന തോന്നാറുണ്ട്.
ഈ മതിൽക്കെട്ടിനുള്ളിൽ ഇങ്ങനെയാണ്, ഒരു ചെറിയ ശതമാനം ആളുകൾക്ക് എങ്കിലും ന്യായീകരിക്കാൻ കഴിയുന്ന ഒരു കാരണം എങ്കിലും ഉണ്ടാകും. സാഹചര്യമാണ് ഒരു മനുഷ്യനെ നല്ലതും ചീത്തയുമാക്കുന്നതെന്ന് സത്യത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇവിടം. സ്വന്തം അമ്മയെയോ, പെങ്ങളെയോ കയറി പിടിക്കാൻ ഇനിയൊരുവന്റെ കൈ പൊങ്ങിയാൽ ആ ഇരുപത്തിയഞ്ചു വയസ്സുകാരൻ ഇനിയും അവന്റെ ജീവനെടുക്കും. അനുഭവിച്ച ശിക്ഷ ഒന്നുമാവില്ല ആ നിമിഷത്തിൽ. നീതിയോ ന്യായമോ നിയമമോ അപ്പോൾ ഓർക്കാൻ കഴിഞ്ഞെന്ന് വരില്ല.
*************************
മഴയുള്ളൊരു വൈകുന്നേരം ജനലാഴികളിൽ പിടിച്ചൊരുവൾ കയ്യിലിരുന്ന കത്തിലൂടെ വിരലോടിച്ചു. അവളുടെ കണ്ണുനീർ അവന്റെ അക്ഷരങ്ങളെ നനച്ചു. സ്നേഹം ഒരുപാട് ഇന്നും ബാക്കിയായിട്ടും ആ സ്നേഹമൊരു തുള്ളി പോലും പകർന്നു നൽകാനാവാതെയവൾ….പിന്നിലെ ചുവരിൽ മാലയിട്ട് വച്ച ഏട്ടന്റെ ഫോട്ടോയിലേക്ക് കണ്ണുകൾ നീണ്ടു…
“ഏട്ടനാണെന്ന് അറിയാതെ ആണ്…. എങ്കിലും വയ്യ…ആ ജീവിതം എനിക്കിനി പറ്റില്ല്യ ഏട്ടാ…മറന്നോളാം ഞാൻ…” കയ്യിലിരുന്ന കത്ത് ചുരുട്ടി നെഞ്ചിൽ കൈ വച്ചവൾ താഴേക്ക് ഊർന്നു വീണു.
ഉള്ളു നിറയെ സ്നേഹം കരുതി വച്ചിട്ടും സ്നേഹിക്കാൻ കഴിയാതെ പോയ ജന്മമെന്നവൾ സ്വയം പഴിച്ചു.
പുറത്തു മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു. ആരെയോ സ്നേഹിച്ചു കൊതി തീരാത്തത് പോലെ….