ധ്രുവം, അധ്യായം 79 – എഴുത്ത്: അമ്മു സന്തോഷ്

ഐ സി യുവിലായിരുന്നു ദുർഗ. മുഖത്ത് മാത്രം കുഴപ്പമില്ല എന്നേയുള്ളു.

“എങ്ങനെ ആയിരുന്നു?”

ഡോക്ടർ രാമചന്ദ്രനോട്‌ അർജുൻ ചോദിച്ചു

“ദുർഗ അല്ല കാർ ഓടിച്ചിരുന്നത് ഡ്രൈവർ ആയിരുന്നു. ജംഗ്ഷനിൽ വെച്ച് ഒരു പ്രൈവറ്റ് ബസ് പെട്ടെന്ന് വെട്ടിതിരിച്ചതാ. ഒരു സ്കൂൾ കുട്ടിയെ രക്ഷിക്കാൻ. നിയന്ത്രണം വിട്ട് അത് കാറിൽ വന്ന് ഇടിച്ചു. ഡ്രൈവർ അപ്പൊ തന്നെ പോയി. കാർ പൊളിച്ചാണ് ദുർഗയെ എടുത്തത്. ഇന്റെർണൽ ഓർഗൻസ് എല്ലാം ഡാമേജ് ആയിട്ടുണ്ട്. ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്. എമർജൻസി സർജറി നടത്തണം പക്ഷെ അറിയാല്ലോ. she is alone. കൺസന്റ് വേണം “

“ഞാൻ ഒപ്പിട്ട് തരാം. സർജറി നടക്കട്ടെ ഡോക്ടർ. വേഗം ഇനി വൈകണ്ട “

അർജുൻ പറഞ്ഞു

“ഡോക്ടർ ജയറാം കൂടി വേണം. എല്ലാ ഡിപ്പാർട്മെന്റ് ഹെഡ്‌സും വേണം. കാരണം എന്തൊക്ക എങ്ങനെ ഒന്നും അറിയില്ല. സർജറി ചെയ്യുമ്പോ ആകും ചിലപ്പോൾ..”

“എല്ലാരും എത്തിയിട്ടുണ്ട് ക്വിക് “

അർജുൻ അച്ഛന്റെ അടുത്തേക്ക് പോയി. അദ്ദേഹം നോർമൽ ആയി കാണപ്പെട്ടു. മറ്റു ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്

അർജുന്‌ ഒരു ആശ്വാസം തോന്നി. അച്ഛൻ ok ആണ്

അതോ താൻ കരുതിയ പോലെ ഒന്നുമില്ലേ?

ചിലപ്പോൾ ഒന്നും കാണില്ല. ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ആയിരിക്കും അച്ഛൻ കാണുന്നത്. സുഹൃത്തുക്കൾക്ക് വന്നാലും നമ്മൾ തകർന്നു പോകുമല്ലോ. അവൻ ആശ്വാസത്തോടെ അച്ഛന്റെയരികിൽ നിന്നു

സർജറിക്കായി നിർദേശങ്ങൾ കൊടുക്കുമ്പോഴും ജയറാം ശാന്തനായിരുന്നു. സർജറിക്കായി ദുർഗയെ ഷിഫ്റ്റ്‌ ചെയ്തപ്പോൾ അവൻ മുറിയിലേക്ക് പോരുന്നു

“എന്തായി?”

“അറിയില്ല “

“കൃഷ്ണ…”

ഡോക്ടർ സജ്‌ന

“എന്താ ഡോക്ടർ?

“കൃഷ്ണ ഓപ്പറേഷൻ തീയേറ്ററിലേക്ക് വരണം എന്ന് പറഞ്ഞു ജയറാം സർ “

കൃഷ്ണ തെല്ല് പകപ്പോടെ അർജുനെ നോക്കി. അർജുനും ഒന്ന് പകച്ചു

“കം വേഗം”

കൃഷ്ണ അവർക്കൊപ്പം പോയി

ഓപ്പറേഷൻ തീയേറ്ററിൽ കൃഷ്ണ ആദ്യമായിട്ടല്ല കയറുന്നത്. പക്ഷെ ദുർഗ അവരുടെ രക്തത്തിൽ മുങ്ങിയ ശരീരം. കൃഷ്ണയ്ക്ക് നെഞ്ചിൽ ഒരു പിടപ്പുണ്ടായി. അവൾ ജയറാമിന്റെ അരികിലായി നിന്നു. സർജറി സ്റ്റാർട്ട്‌ ചെയ്തു. പന്ത്രണ്ട് മണിക്കൂർ നീളുന്ന സർജറി. എന്നിട്ടും വിജയകരമായി എന്ന് പൂർണമായും പറയാൻ സാധിക്കുന്നില്ലായിരുന്നു ആർക്കും. കാരണം തലയ്ക്കും നട്ടേല്ലിനും സംഭവിച്ച പരുക്കുകൾ ഗുരുതരമായിരുന്നു. ദുർഗയെ വെന്റിലേറ്റർ സപ്പോർട്ട് ലേക്ക് മാറ്റി. പുലർച്ചെ ആറു മണിയായി ഒക്കെയും തീർന്നപ്പോൾ

ജയറാമിനൊപ്പം കൃഷ്ണ പുറത്തേക്ക് വന്നപ്പോൾ അർജുൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ജയറാം ഒന്നും പറയാതെ മുറിയിൽ പോയി

“എങ്ങനെ?”

കൃഷ്ണയുടെ മുഖം വാടി

“ക്രിട്ടിക്കൽ ആണ് വെന്റിലേറ്റർ സപ്പോർട്ട്ലാണ് ” അവന്റെ നെഞ്ചിൽ ഒരു ഭാരം നിറഞ്ഞു

അമ്മ കഴിഞ്ഞാൽ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള ആളാണ്. സ്നേഹവും ബഹുമാനവും തോന്നിയിട്ടുള്ള ആള്

ആ ചിരി. അർജുൻ എന്നാ വിളിയൊച്ച

ചേർത്ത് പിടിച്ചു സ്നേഹത്തോടെ നിൽക്കുന്ന ഓർമ്മ

“നമുക്ക് ഓരോ ചായ കുടിക്കാം അപ്പുവേട്ടാ.”

“അച്ഛനെ കൂടി വിളിച്ചു നോക്കാം ” അവൻ മുറിയിൽ ചെന്നു

കൈകളിൽ മുഖം താങ്ങിയിരിക്കുകയായിരുന്നു ജയറാം. അവൻ വാതിൽ തുറന്നപ്പോൾ അദ്ദേഹം മുഖം അമർത്തി തുടച്ചു. അച്ഛൻ കരയുകയാണ്. അവൻ ഒരു നിമിഷം തറഞ്ഞു നിന്നു പോയി

“ഒരു ചായ കുടിക്കാൻ വരുന്നോ അച്ഛാ?”

വല്ല വിധേനയും അവൻ ചോദിച്ചു

“ഇല്ല എന്ന് കൈ കൊണ്ട് ഒരു ആംഗ്യം കാട്ടി ജയറാം

അർജുൻ തിരിഞ്ഞു. അച്ഛൻ മറ്റുള്ളവർക്ക് മുന്നിൽ ഒരു മാസ്ക് അണിയുകയാണ്. അച്ഛൻ തകർന്നു പോയിരിക്കുന്നു. അവർ കാന്റീനിലേക്ക് പോയി

“രണ്ടു ചായ വേണം അനിയേട്ടാ.”

“മോളെ മോള് അർജുൻ സാറിന്റെ ഭാര്യ ആണെന്ന് കഴിഞ്ഞ തവണ വന്നപ്പോ പറയാഞ്ഞതെന്താ?”

അവൾ ക്ഷീണിച്ച ഒരു ചിരി ചിരിച്ചു

“ഇപ്പോ എല്ലാരും കാശ് തരുന്നില്ലേ?”

“മോളുടെ പണിയാരുന്നു അല്ലെ?”

അവൾ ചിരിയോടെ ചായ എടുത്തു അർജുന്റെ അടുത്തേക്ക് നടന്നു

“കൃഷ്ണ?”

“ഉം “

“ആന്റി മരിച്ചു പോകുമോ? അത്രക്ക് ക്രിട്ടിക്കൽ ആണോ?”

അവൾക്ക് എന്ത് മറുപടി പറയണം എന്നറിയില്ല

“അച്ഛൻ അത് സഹിക്കുമോടി?”

“അങ്കിൾ ബോൾഡ് ആണല്ലോ വളരെ കൂൾ ആയിട്ടാ സർജറി ഒക്കെ ചെയ്തത്”

“അല്ല കൃഷ്ണ. അത് വെറുതെ ആണ്. അച്ഛൻ കരയുന്നത് ഞാൻ കണ്ടു “

“എപ്പോ?”കൃഷ്ണ നടുങ്ങിപ്പോയി

“ഇപ്പൊ മുറിയിൽ ചെന്നപ്പോൾ. അച്ഛന് നല്ല വിഷമം ഉണ്ട് “

“ആന്റി തിരിച്ചു വരും അത് ഉറപ്പാ. കുറച്ചു സമയം എടുക്കും പക്ഷെ she will be back “

അവൻ ഒന്ന് ദീർഘമായി ശ്വസിച്ചു

ജയറാം പേപ്പർ വെയിറ്റ് കറക്കി കൊണ്ടിരുന്നു. വർഷങ്ങളായി ഒപ്പം ഉള്ളവൾ. തന്നെ സ്നേഹിച്ചു പോയത് കൊണ്ട് മാത്രം ജീവിതം ഇല്ലാതായവൾ. കുടുംബക്കാർ മുഴുവൻ പിണങ്ങി ഈ ഒറ്റയ്ക്കുള്ള ജീവിതത്തിന്റെ പേരില്. പക്ഷെ തീരുമാനം മാറ്റിയില്ല. ഒരിക്കൽ താനും പറഞ്ഞു നോക്കി

“ഒരാൾക്ക് ഒരാളെയെ സ്നേഹിക്കാൻ പറ്റുള്ളൂ “

അങ്ങനെ മാത്രം പറഞ്ഞിട്ട് പോയി. പിന്നെ പറഞ്ഞിട്ടില്ല. തനിക്കും നുറു കൂട്ടം പ്രശ്നങ്ങൾ. പിന്നെ അത് ശ്രദ്ധിക്കാൻ നേരം കിട്ടിയില്ല. നല്ല സുഹൃത്തായിരുന്നു. താൻ അവളോട് നീതി പുലർത്തിയില്ല. ഒരിക്കൽ പോലും ഒരു അലിവോ സ്നേഹത്തിന്റെ ഒരു തുള്ളിയോ കൊടുത്തിട്ടില്ല

എന്നിട്ടും പരാതി ഇല്ലാതെ ഇവിടെ..

അനുവിനെ മറന്നു ജീവിക്കാൻ വയ്യായിരുന്നു. ഇപ്പൊ അവൾ മരണം കാത്തു കിടക്കുമ്പോൾ മനസാക്ഷി ചോദിക്കുന്നുണ്ട്

നീ മനുഷ്യൻ ആണോ ജയറാം?

മരിച്ചവർക്ക് വേണ്ടി ജീവിച്ചപ്പോൾ ജീവിച്ചിരിക്കുന്ന നിന്നെ സ്നേഹിച്ച ആ ആൾക്ക് വേണ്ടി എന്ത് ചെയ്തു?

ഒന്നും ചെയ്തില്ല. അവഗണിച്ചു കളഞ്ഞു. പൂർണമായി അവഗണിച്ചു

“ജയറാം സർ. ഡോക്ടർ ദുർഗയുടെ ബ്രദർ ആൻഡ് ഫാമിലി വന്നിട്ടുണ്ട്. ഒന്ന് കാണാൻ അനുവാദം ചോദിക്കുന്നു “

“വരാൻ പറയു “

വളരെ കുലീനത നിറഞ്ഞ ഒരു പുരുഷൻ കൂടെ ഒരു സ്ത്രീ. പിന്നെ പ്രായമുള്ള ഒരു സ്ത്രീ

“ദുർഗയുടെ അമ്മയാണ്. ഞാൻ ബ്രദർ ഇത് എന്റെ വൈഫ് “

ജയറാം അവരോട് ഇരിക്കാൻ പറഞ്ഞു

“ന്യൂസ്‌ കണ്ടിട്ടാണ് ഞങ്ങൾ വന്നത്. ഇവിടെ നിന്ന് ആരും വിളിച്ചില്ല “

“ഞങ്ങൾക്ക് നമ്പർ ഇല്ല. പിന്നെ വീടുമായി ദുർഗക്ക് ബന്ധം ഒന്നും ഇല്ല എന്നാണ് പറഞ്ഞു കേട്ടത് “

“ശര്യാ ഡോക്ടറെ. കുറച്ചു പിണക്കവും വഴക്കുമൊക്കെ ഉണ്ടായിരുന്നു. എന്നാലും ഇടക്ക് അമ്മയെ വന്ന് കാണുമായിരുന്നു. അവള് ഞങ്ങളുടെ അല്ലെ ഡോക്ടറെ. വൈരാഗ്യം വരുമോ.?”

അയാളുടെ തൊണ്ട ഇടറി

“എങ്ങനെ ഉണ്ട് എന്റെ കുഞ്ഞിന്?”

കണ്ണീരോടെ അമ്മ ചോദിച്ചു

“സർജറി കഴിഞ്ഞു “

“ഇനി കുഴപ്പമില്ല അല്ലെ?”

ജയറാം വെറുതെ തലയാട്ടി

“ഞങ്ങൾക്ക് ഒന്ന് കാണാൻ?”

“ഇപ്പൊ സർജറി കഴിഞ്ഞേയുള്ളു. കുറച്ചു കൂടി ഒന്ന് വെയിറ്റ് ചെയ്യണം. തീർച്ചയായും കാണാം”

അവർ കുറച്ചു നേരം കൂടി ഇരുന്നിട്ട് പോയി. ജയറാം ദുർഗയുടെ അരികിൽ പോയി നിന്നു

എന്നോട് ക്ഷമിക്ക്…അയാൾ നിശബ്ദമായി പറഞ്ഞു

പിന്നെ ആ നെറ്റിയിൽ കൈ വെച്ചു

“പ്ലീസ് കം ബാക്ക്.. പ്ലീസ് “അദ്ദേഹം പതിയെ പറഞ്ഞു

അങ്ങനെ കുറച്ചു നേരം കൂടി നിന്നിട്ട് അദ്ദേഹം മുറിയിൽ പോയി. മൂന്ന് ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. ദുർഗക്ക് ബോധം വന്നത് നാലു ദിവസം കഴിഞ്ഞാണ്

ബോധം വരുമ്പോൾ ജയറാം അരികിൽ ഉണ്ടായിരുന്നു. ദുർഗ അദേഹത്തിന്റെ മുഖത്തേക്ക് നോക്കി

“durga can you hear me?”

അവർ ഒന്ന് മൂളി

“എന്തെങ്കിലും പറയ്..എന്തെങ്കിലും…”

അവർക്ക് സംസാരിക്കാൻ കഴിയുമോ എന്ന് ടെസ്റ്റ്‌ ചെയ്യുകയായിരുന്നു അദ്ദേഹം

“I am ok.” ജയറാമിന്റെ മുഖം വിടർന്നു. മുഖത്ത് ഒരു ചിരി വന്നു

“thank god “

ദുർഗ വീണ്ടും കണ്ണുകൾ അടച്ചു. പിന്നെയും കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് ദുർഗയെ മുറിയിലേക്ക് മാറ്റാൻ സാധിച്ചത്

അമ്മയെയും ഏട്ടനെയും ഒക്കെ കണ്ടപ്പോ അവരുടെ കണ്ണ് നിറഞ്ഞോഴുകി ആ സമാഗമം അത്ര മേൽ വികാരാർദ്രമായിരുന്നു

നട്ടെല്ലിന്നേറ്റ പരിക്ക് കുറച്ചു ഗുരുതരമായിരുന്നത് കൊണ്ട് കിടക്കയിൽ നിന്ന് എഴുന്നേറ്റു സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ചിലപ്പോൾ മാസങ്ങൾ എടുത്തേക്കാം എന്ന് ഡോക്ടർമാർ പറഞ്ഞു

ദുർഗയുടെ സ്വന്തം വീട് പത്തനംതിട്ടയാണ്. അവർ ദുർഗയെ അങ്ങോട്ട് കൊണ്ട് പോകണം എന്ന് തീരുമാനിച്ചു. ജയറാം അന്ന് ദുർഗയെ കാണാൻ വരുമ്പോ മുറിയിൽ ആരും ഉണ്ടായിരുന്നില്ല

“ഏട്ടൻ എവിടെ പോയി? “അദ്ദേഹം ദുർഗയോട് ചോദിച്ചു

“ബിൽ സെറ്റിൽ ചെയ്യാൻ “

“ദുർഗ അത് ചെയ്യേണ്ട..” ജയറാം വല്ലായ്മ യോട് കൂടി പറഞ്ഞു

“വേണം. അതല്ലേ ഫോര്മാലിറ്റി. അല്ലെങ്കിൽ ബന്ധം ഉണ്ടായിരിക്കണം. ഞാൻ ആരുമില്ലല്ലോ. കൂടെ വർക്ക്‌ ചെയ്തു കൊണ്ടിരുന്ന ഒരാൾ “

ദുർഗ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അയാളുടെ ഹൃദയത്തിൽ ഒരു വേദന നിറഞ്ഞു

“വൈകുന്നേരം പോകും.. ഇനി പിന്നെ ഇങ്ങോട്ട് വരില്ലായിരിക്കും. എന്തായാലും ഒത്തിരി thanks Thanks for all doctors who save my life “

“അങ്ങനെ ഒന്നും പറഞ്ഞിട്ട് പോകണ്ട ദുർഗ. എല്ലാം ഭേദം ആകുമ്പോൾ വീണ്ടും വരണം..പഴയ പോലെ തന്നെ. ജീവിതത്തിൽ ഒരു ആക്ടിവിറ്റി ഇല്ലാതെ ഇരിക്കരുത് മനുഷ്യൻ “

“അത് ശരിയാ. അവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ നോക്കിക്കൊള്ളാം. ഞാൻ ഒന്ന് എണീറ്റു നടന്നോട്ടെ “

ദുർഗ പുഞ്ചിരിച്ചു

“ഇനിയപ്പോ ഒരിക്കലും വരില്ല എന്ന് തീരുമാനിച്ചാണോ പോകുന്നത്?”

“അതേ “

“അതിന് നിന്നെ കൊണ്ട് പറ്റുമോ ദുർഗ?”

ദുർഗ നേർത്ത നടുക്കത്തോടെ ജയറാമിന്റെ മുഖത്ത് നോക്കി.

നിന്നെ….

തന്നെ എന്നല്ല…നിന്നെ…

ജയറാമിന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു

“ഞാൻ..എന്തിനാ ജയറാമേട്ടാ വരുന്നത്?”

അവർ സങ്കടം നിറഞ്ഞ കണ്ണുകൾ മാറ്റി

“അറിയില്ല… പക്ഷെ വരണം.. മറ്റൊരു ജീവിതത്തിലേക്ക് പോകുന്നെങ്കിൽ നീ വരണ്ട ദുർഗ. പക്ഷെ ഒറ്റയ്ക്ക് നീ അവിടെ ജീവിക്കണ്ട. അത് വേണ്ട..ഇവിടെ മതി..”

ദുർഗയുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“നിന്നെ കല്യാണം കഴിക്കാനോ ഒപ്പം കൂട്ടാനോ ഒന്നും എനിക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പില്ല. അത് കൊണ്ടാണ് മറ്റൊരു ലൈഫ് നീ സെലക്ട്‌ ചെയ്യാൻ പറഞ്ഞത്. പക്ഷെ അത് നീ ചെയ്യുന്നില്ലെങ്കിൽ നീ ഒറ്റയ്ക്ക് ആണ് ജീവിക്കാൻ പോണതെങ്കിൽ അതിവിടെ മതി. എന്റെ കൂടെ..വാർദ്ധക്യം നമുക്ക് ഒരുമിച്ചു ആകാം…”

ദുർഗ പിടഞ്ഞടിക്കുന്ന ഹൃദയത്തോടെ നിറഞ്ഞൊഴുകുന്ന മിഴികളോടെ അദ്ദേഹത്തെ നോക്കി കിടന്നു. ജയറാം കൈ നീട്ടി അവരുടെ കണ്ണീർ തുടച്ചു കളഞ്ഞു

“വേഗം വാ “

ദുർഗ ആ കൈകൾ മുഖത്തോടു ചേർത്ത് പൊട്ടിക്കരഞ്ഞു പോയി

“ഇപ്പൊ എനിക്ക് ആക്‌സിഡന്റ് ഉണ്ടായതിനു ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്. ഇല്ലെങ്കിൽ ചിലപ്പോൾ ഞാൻ..വേദനിച്ചു തീർന്നു പോയേനെ..ഒരു പ്രകാശമുള്ളത് പോലെ തോന്നുവാ ഇപ്പൊ..ഞാൻ വേഗം വരും “

അവർ ഒരു കൊച്ച് കുട്ടിയുടെ ഉത്സാഹത്തോടെ പറഞ്ഞു

“ഞാൻ ഇടയ്ക്ക് വീട്ടിൽ വരാം “

ജയറാം ആ ശിരസ്സിൽ തൊട്ടു. ദുർഗ തലയാട്ടി

അങ്ങനെ പരസ്പരം നോക്കിയിരിക്കുമ്പോൾ തങ്ങളെ ചുറ്റി സ്നേഹത്തിന്റെ ഒരു വലയമുള്ളത് അവർ അറിഞ്ഞു. അത് പണ്ടെയുണ്ടായിരുന്നു. ജയറാം എന്നും ദുർഗക്ക് മാത്രമായി ഒരു സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിരുന്നു. ജയറാമേട്ടാ എന്ന് ദുർഗ മാത്രം ആണ്  വിളിക്കുക. ഏത് സമയവും അനുവാദം ചോദിക്കാതെ മുറിയിൽ വരാനുള്ള സ്വാതന്ത്ര്യം ദുർഗക്ക് മാത്രേ ഉണ്ടായിരുന്നുള്ളു

ദുർഗ എവിടെയാണെന്ന് എന്ത് ചെയ്യുകയാണെന്ന് ഒരു ദിവസം അവധി എടുത്താൽ പോലും ജയറാം അന്വേഷിച്ചു അറിയാറുണ്ട്. ദുർഗയോട് പ്രകടിപ്പിച്ചില്ലെങ്കിൽ കൂടെ ഓരോന്നിലും ദുർഗയ്ക്കുള്ള സ്ഥാനം ജയറാം നിലനിർത്തി പോന്നു

അനുപമ ഉള്ളപ്പോഴും ജയറാമിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദുർഗ. ദുർഗ തന്നെ പ്രണയിച്ചിരുന്നുവെന്ന് അനുപമയാണ് അദ്ദേഹത്തോട് പറഞ്ഞത്. വിവാഹം കഴിഞ്ഞാണ് അനുപമ പോലും അത് അറിഞ്ഞത്. ഒരു പൊതുസുഹൃത്ത് ഇടയിൽ എപ്പോഴോ തമാശക്ക് അത് പറഞ്ഞു പോയതായിരുന്നു. പക്ഷെ ഒരിക്കലും ദുർഗ ഒരു അതിർ വിട്ട് പെരുമാറിയില്ല. അവർ എന്നും കുലീനമായ ഒരു അകലം സൂക്ഷിച്ചു

വിവാഹം കഴിച്ചില്ല എന്നത് ശരി തന്നെ. പക്ഷെ ഒരു നോട്ടം കൊണ്ട് പോലും ജയറാമിന്നോട് തനിക്ക് പ്രണയം ഉണ്ടായിരുന്നു എന്നവർ സൂചിപ്പിച്ചില്ല. അവർ അനുപമയുടെയും ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു

അനുപമയുടെ മരണശേഷവും സാധാരണ സ്ത്രീകൾ ചെയ്യുന്നത് പോലെ അവർ സ്നേഹിച്ച ആളോട് അടുക്കാൻ ശ്രമിച്ചില്ല. പഴയ രീതിയിൽ തന്നെ തുടർന്നു പോയി

രണ്ടു നല്ല സുഹൃത്തുക്കൾ. പരസ്പരം താങ്ങായി അങ്ങനെ…ദുർഗ ആത്മാഭിമാനമുള്ള സ്ത്രീ ആയിരുന്നു

അവർ ഒരിക്കൽ പോലും തന്റെ ഇഷ്ടം അയാൾക്ക് മുന്നിൽ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പ്രകടിപ്പിച്ചില്ല

അതി സുന്ദരിയായത് കൊണ്ട് തന്നെ ഹോസ്പിറ്റലിലും പുറത്തും ധാരാളം പ്രലോഭനങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. ഒന്നിലും മനസിടറാതെ അവർ ഈ കാലം അത്രയും ജീവിച്ചു

അവർ വിഡ്ഢിത്തം ആണ് കാണിക്കുന്നതെന്ന് ചിലപ്പോൾ തോന്നിയേക്കാം. പക്ഷെ അവരുടെ മുന്നിൽ വലിയ ഒരു ശരിയുണ്ട്

ഒരു പുരുഷനെ ആത്മാർത്ഥമായി പ്രണയിച്ച സ്ത്രീക്ക് മറ്റൊരു പുരുഷനോട് പൂർണമായും അയാളെ മറന്നു കൊണ്ട് നീതി കാണിക്കാൻ കഴിയില്ല എന്നാ ശരി

എല്ലാ സ്ത്രീകളും പുരുഷൻമാരും അങ്ങനെ അല്ല. പക്ഷെ അപൂർവം ആയി ചിലരുണ്ട്. തങ്ങളുടെ സ്നേഹം പരിശുദ്ധമായി മനസ്സിൽ സൂക്ഷിച്ചു ജീവിക്കുന്നവർ. അവർക്ക് അതിന് ജീവന്റെ വിലയുണ്ട്

ജയറാം ജീവിച്ചിരിക്കെ, ആ മുഖം കണ്ടു കൊണ്ട് ജീവിക്കുക മാത്രം ആയിരുന്നു ദുർഗയുടെ ആഗ്രഹം. അവർ മറ്റൊന്നും ആഗ്രഹിച്ചില്ല. അത് ആ സ്ത്രീയുടെ മനസ്സ് ആയിരുന്നു. നമ്മൾ ആരാണ് അതിന് വിധി എഴുതാൻ?

ദുർഗയേ ഡിസ്ചാർജ് ചെയ്യുമ്പോൾ അർജുനും ജയറാമും മറ്റു ഡോക്ടർമാരും അരികിൽ ഉണ്ടായിരുന്നു. എല്ലാവരോടും ദുർഗ നന്ദി പറഞ്ഞു

“വേഗം എല്ലാം ശരിയാവട്ടെ “

അർജുൻ സ്നേഹത്തോടെ പറഞ്ഞു

ദുർഗ പുഞ്ചിരിച്ചു

ആംബുലൻസിലെ കൊണ്ട് പോകാൻ സാധിക്കുകയുള്ളായിരുന്നു ദുർഗയെ. ആംബുലൻസ് വന്ന് നിന്നു. ദുർഗ ആ വാഹനത്തിലേക്ക് നോക്കി. മുഖം വാടി പോയത് പോലെ തോന്നിച്ചു

“വിഷമിക്കണ്ട ദുർഗ ഞാൻ കൂടെ
വരുന്നുണ്ട്”

ജയറാം പറഞ്ഞു. അർജുൻ പെട്ടെന്ന് അച്ഛനെയൊന്ന് നോക്കിപ്പോയി

“ഞാൻ പോയിട്ട് വരാം കാർ എന്റെ പിന്നാലെ വരാൻ പറയ്. ഞാൻ ഉടനെ തിരിച്ചു വരും “

അർജുൻ തലയാട്ടി

ദുർഗയ്ക്ക് അരികിൽ അച്ഛൻ ഇരിക്കുന്നത് അവൻ നോക്കി നിന്നു. അവന്റെ മുന്നിൽ അതിന്റെ വാതിലുകൾ അടഞ്ഞു. അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു പോയി.

തുടരും….

ഒരു പക്ഷെ ഞാൻ ഇത് വരെ എഴുതിയതിൽ വെച്ച് ഏറ്റവും മികച്ച കഥാപാത്രം ദുർഗ ആണ് എന്നെനിക്ക് തോന്നുന്നു.