ആദ്യം വന്ന സൂപ്പർ ഫാസ്റ്റിനെ കണ്ട ഭാവം നടിച്ചില്ല. ഒടുവിൽ നമ്മുടെ നായകൻ വന്നു ആലപ്പുഴ സൂപ്പർ ഫാസ്റ്റ്…

കണ്ടക്ടർ ചേച്ചി
എഴുത്ത്: നിഷ പിള്ള
==================

കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരും അത്ര പഥ്യമല്ലാതിരുന്ന ഒരു കാലം. ആ സമയത്ത് കഴിയുന്നതും ബസ് യാത്ര ഒഴിവാക്കി ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങി.

ആയിടയ്ക്കാണ് കെ എസ് ആർ ടി സി യുടെ തകർച്ചയും ജീവനക്കാരുടെ ശമ്പളരഹിത സേവനങ്ങളും വാർത്തകളിൽ നിറഞ്ഞു നിന്നത്. അവരോടു തോന്നിയ അനുകമ്പ പൊതു സമൂഹത്തിൽ പ്രകടിപ്പിക്കുമ്പോൾ പാർട്ടിക്കാരായ പല സുഹൃത്തുക്കളും അതിന് പ്രതികൂലമായി പറയുന്നതിന് സാക്ഷ്യം വഹിച്ചു.

പുതിയ സ്ഥലം മാറ്റത്തിൽ പുതിയ സ്കൂളിലെത്തി. സൗകര്യപ്രദമായ  യാത്ര കെ എസ് ആർ ടി സി ബസിലായിരുന്നു. പിന്നെയും  ബസുകളിൽ മാറി സഞ്ചരിക്കേണ്ടി വന്നു. ചില  ദിവസം സൂപ്പർ  ഫാസ്റ്റ്  കിട്ടും, ചിലപ്പോൾ സ്വിഫ്റ്റ് ബസിൽ രാജകീയമായി യാത്ര ചെയ്യാം. ചിലപ്പോൾ ഫാസ്റ്റ് പാസഞ്ചറിൽ മെല്ലെയുള്ള യാത്ര.

ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ ചേച്ചിയെ എന്നും കാണുന്നത് കൊണ്ടാകും, കാണുമ്പോൾ അവർ ഒന്ന് മനോഹരമായി ചിരിക്കും.

പതിവായി ആ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുമ്പോൾ സ്‌കൂളിൽ കറക്ട് ടൈമിൽ എത്താറുണ്ട്. വളരെ സൗകര്യപ്രദമായ ടൈമിംഗ്.

ഒരു ദിവസം ബസ് സമയത്തു വന്നില്ല. കിട്ടിയ ബസിൽ കയറി സ്‌കൂളിൽ എത്തി.

പിറ്റേന്ന് കണ്ടക്ടർ ആ ചേച്ചി തന്നെയായിരുന്നു.

“ഇന്നലെ ബസ് ഇല്ലായിരുന്നോ ?”

“ബസ് ഉണ്ടായിരുന്നല്ലോ, ടീച്ചറെ  കണ്ടില്ല. ടീച്ചറുടെ വാട്സാപ്പ് നമ്പർ തന്നോളൂ, ഞങ്ങൾക്കൊരു ബസ് ഗ്രൂപ്പ് ഉണ്ട്. ടീച്ചറെ ഞാൻ ഗ്രൂപ്പിൽ ആഡ് ചെയ്യാം.”

നമ്പർ കൊടുത്തു. അപ്പോൾ തന്നെ ആ ചേച്ചി വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തു. പിന്നെ എല്ലാ ദിവസവും എളുപ്പമായി. ആ ബസും ചേച്ചിയുമൊരു പ്രതീക്ഷയായി.

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ നോക്കും. ദിവസവും ആ ചേച്ചിയുടെ  മെസേജ് കൃത്യമായി ഉണ്ടാകും. 7.40 നു ബസ് പുറപ്പെടും അല്ലെങ്കിൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ. ഓരോ പ്രധാനപ്പെട്ട സ്റ്റോപ്പുകൾ എത്തുമ്പോഴും അത് അപ്ഡേറ്റ് ചെയ്യപ്പെടും. ചേച്ചിയുടെ ഡ്യൂട്ടി അല്ലാത്ത ദിവസങ്ങളിൽ മറ്റു യാത്രക്കാർ സ്റ്റോപ്പുകൾ അപ്ഡേറ്റ് ചെയ്യാറുണ്ട്.

ശരിക്കും അപരിചിതരായ കുറെ മനുഷ്യരുടെ ഒരു കൂട്ടായ്മയായി അത് വളർന്നു. രാവിലെ ബസ്സിൽ കയറുമ്പോൾ പുഞ്ചിരിച്ചു വരവേൽക്കാൻ ഒരു സ്നേഹമയിയായ ചേച്ചി, അത് കൊണ്ട് മറ്റു ബസുകളെ അവഗണിച്ചു കൊണ്ട് 7.40 ന്റെ ബസിനു കാത്ത് നില്ക്കാൻ തുടങ്ങി.

ഇന്നും പതിവുപോലെ സ്റ്റോപ്പിലെത്തി. ബസ് കണ്ടില്ല. വാട്സാപ്പ് ഗ്രൂപ്പിൽ അന്വേഷിച്ചു

“ഇന്ന് ബസ്സുണ്ടോ?”

ഉടനെ കണ്ടക്ടർ ചേച്ചിയുടെ മെസേജ് വന്നു

“ബസ് സ്റ്റാൻഡിൽ നിന്ന് വിട്ടു.”

ആദ്യം വന്ന സൂപ്പർ ഫാസ്റ്റിനെ കണ്ട ഭാവം നടിച്ചില്ല. ഒടുവിൽ നമ്മുടെ നായകൻ വന്നു ആലപ്പുഴ സൂപ്പർ ഫാസ്റ്റ്. ചിരിച്ചു കൊണ്ട് ടിക്കറ്റ് തന്ന കണ്ടക്ടർ ചേച്ചി. ചേച്ചി ചിരിച്ചും കൊണ്ട് എല്ലാവരേയും വരവേറ്റു.

ജനലോരത്തെ സീറ്റിലിരുന്നു പാട്ടു കേൾക്കുക എന്നത്  ഒരു നൊസ്റ്റാൾജിക് വികാരമാണ്. ആ വികാരത്തെ ഇന്നും  മാനിക്കാറുണ്ട്. ഏകദേശം ഒരു മണിക്കൂറോളം യാത്ര ചെയ്യാനുണ്ട്. രണ്ടു പാട്ടുകൾ, പിന്നെ രണ്ടു രാഷ്ട്രീയ പോസ്റ്റുകൾ, പിന്നീട് നമ്മുടെ ഹിന്ദിക്കാരി വേദിക ഒസായുടെ ഒരു ടാരോ കാർഡ് റീഡിങ് സെഷൻ അങ്ങനെ അങ്ങനെ ഒരു മണിക്കൂർ മൊബൈലിലൂടെ കടന്ന് പോകും.

രണ്ടു മൂന്ന് ബസ് സ്റ്റോപ്പ് മുൻപ് തന്നെ ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങും. പതിവായി നല്ല തിരക്കുള്ള ബസാണ്, പതിവുകാരായ യാത്രക്കാരൊക്കെ നല്ല സഹകരണാടിസ്ഥാനത്തിൽ, കണ്ടക്ടറുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാച്ചിലിനായി വഴിയൊരുക്കി ഒതുങ്ങി നിൽക്കും. പുതിയ യാത്രക്കാർ ആദ്യമൊന്നും മെരുങ്ങാതെ നീണ്ടു നിവർന്നു സീറ്റുകൾക്കിടയിലുള്ള ഗ്യാപ്പിൽ കുറുകെ നിൽക്കും. കണ്ടക്ടർക്കും മറ്റു യാത്രക്കാർക്കും ഒരു വഴി  തടസ്സമായി മാറും. കുറച്ച് കഴിയുമ്പോൾ അവരും അവസരത്തിനൊത്തു ഒതുങ്ങി നിന്ന് പതിവ് യാത്രക്കാരുടെ പാതയിലേയ്ക്ക് മാറുന്നു.

പതിവില്ലാതെ ബസിലൊരു കലപില ശബ്ദം. പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുത്തു ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. കണ്ടക്ടർ ചേച്ചി ഒരു യാത്രക്കാരിയുമായി തർക്കത്തിലാണ്. അവർ കണ്ടക്ടറോടു കയർക്കുകയാണ്.

“നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോയപ്പോൾ എന്റെ ശരീരത്തു ഇടിച്ചല്ലോ.”

“ഞാൻ നിങ്ങളെ ഇടിച്ചതല്ല മാറ്റി നിർത്തിയതല്ലേ, എനിക്ക് എല്ലാവർക്കും ടിക്കട്ട് കൊടുക്കണ്ടേ. 51 പേര് യാത്ര ചെയ്യേണ്ട സ്ഥലത്തു ഇപ്പോൾ നൂറുപേരിൽ കൂടുതൽ യാത്ര ചെയ്‌യുന്നുണ്ട്. ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടെ.”

“ഞാൻ ആദ്യമായിട്ടല്ല ബസിൽ യാത്ര ചെയ്യുന്നത്. ഞാൻ സ്ഥിരം ബസ് യാത്രക്കാരിയാണ്. എന്നെ എങ്ങനെ യാത്ര ചെയ്യണമെന്ന് നിങ്ങൾ പഠിപ്പിക്കേണ്ട..”

“അതൊക്കെ ശരിയാണ്. എനിക്കെന്റെ ജോലി ചെയ്യണ്ടേ. പിന്നെ ഇടിയും തള്ളും ഒന്നുമേൽക്കാതെ പോകണമെങ്കിൽ ആളില്ലാത്ത ബസിൽ കയറി യാത്ര ചെയ്യണം.”

പിന്നെയും യാത്രക്കാരി കലപില കൂട്ടികൊണ്ടിരുന്നു.

“നിങ്ങൾക്കെന്താ പ്രശ്നം. രാവിലെ വീട്ടിൽ ആരോടെങ്കിലും വഴക്കിട്ടിട്ടാണോ ഇറങ്ങുന്നത്. എന്റെ ഒരു ദിവസത്തെ സന്തോഷം തുടങ്ങുന്നത് ഈ യാത്രയിലൂടെയാണ്. ജോലി ചെയ്യാനുള്ള മൂഡും കളഞ്ഞു രാവിലെ തന്നെ.”

ആ കണ്ടക്ടർ ചേച്ചിയെ തന്നെ നോക്കി കൊണ്ടിരുന്നു. ഇടക്കെപ്പോഴോ കണ്ണുകളിടഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞപോലെ തോന്നി.

സ്റ്റോപ്പെത്തുന്നതിനു കുറെ മുൻപേ എഴുന്നേറ്റു ചേച്ചിയുടെ അടുത്തേയ്ക്കു നടന്നു. ചേച്ചിയെന്നു വിളിച്ചെങ്കിലും ഏകദേശം സമപ്രായം ആണെന്ന് തോന്നിയിരുന്നു, അല്ലെങ്കിൽ ഒന്നോ രണ്ടോ വയസ്സ് മൂത്ത ഒരാൾ.

അടുത്ത് ചെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

“രാവിലെ മൂഡ് പോയല്ലേ, അതൊക്കെ വിട്ടേക്ക്.”

“ടീച്ചറെ, എന്തൊക്കെ ടെൻഷനിലാ രാവിലെ ജോലിക്കു കയറുന്നത് എന്ന് അറിയുമോ. മോൾക്കിപ്പോൾ ഒൻപതാം മാസമാണ്. ഞാൻ അതിന്റെ ടെൻഷനിൽ ആയിരുന്നു. അവൾക്കെന്തായി എന്ന ടെൻഷനാ. മാസം തികഞ്ഞു നിൽക്കുവല്ലേ. അതിനിടയിൽ ഇതൊക്കെ കേട്ടാൽ ദേഷ്യം വരില്ലേ.”

“അവരും എന്തെങ്കിലും ടെൻഷനിൽ ആയിരിക്കും പോട്ടെ. നമുക്ക് സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്ത് ദൈവം തന്നിട്ടുണ്ടല്ലോ. അങ്ങ് ക്ഷമിച്ചേക്കാം.”

“അത് തന്നെ.”

അവരുടെ മുഖത്തു ചെറുപുഞ്ചിരി തെളിഞ്ഞു. കലപില കൂട്ടിയ ആ സ്ത്രീയും സമപ്രായക്കാരാണ്. ഒന്നവരെ തിരിഞ്ഞു നോക്കി. പാവം അവരും രാവിലെ എന്തേലും ടെൻഷനിൽ ആയിരിക്കും, അവർ ഒന്നുകിൽ ഉണരാൻ വൈകി കാണും, അല്ലെങ്കിൽ ഹസ്ബൻഡുമായി വഴക്കിട്ടു കാണും. അല്ലെങ്കിൽ കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നു കാണും, അല്ലെങ്കിൽ വൈകിയതിന് ബോസ്സിന്റെ വഴക്കു കേൾക്കേണ്ടി വന്നിരിക്കും.

ഓരോരുത്തരും തലയ്ക്കകത്തു ഓരോ പ്രഷർ കുക്കറുമായി നടക്കുകയാണ്, എപ്പോൾ വേണേലും പൊട്ടിത്തെറിക്കാൻ പാകത്തിന്. ചെറിയ ഒരു പ്രഷർ മതി ചീറ്റി തെറിക്കാൻ. പലപ്പോഴും മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മൾ തിരിച്ചറിയില്ല. പക്ഷെ ഒരാളുടെ പെരുമാറ്റത്തിലെ  മാറ്റങ്ങൾ തിരിച്ചറിഞ്ഞു അവരെ ചേർത്ത് പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും കൂടുതൽ സമ്മർദ്ദം കൊടുത്തു പൊട്ടിത്തെറിപ്പിക്കാതിരിക്കാൻ നമുക്ക് കഴിയും, കഴിയണം.

എല്ലാവരെയും ചേർത്ത് പിടിക്കാൻ മദർ തെരേസയും അമൃതാനന്ദമയിയും ഒന്നും ആകേണ്ട. ഒരു നല്ല മനസ്സ് മാത്രം മതി. മനസിലാക്കാൻ, ചേർത്ത് പിടിക്കാൻ…..

✍️നിഷ പിള്ള