കോയിൻ ബൂത്തിൽ കയറി ഒരു രൂപ കോയിൻ മുടക്കിയാണ് സൂര്യൻ അഭിഷേകിനോട് സംസാരിച്ച് കൊണ്ടിരുന്നത്. അഭിഷേക് വരുന്ന വിവരം കേട്ടപ്പോൾ മുതൽ സൂര്യൻ സന്തോഷത്തിലാണ്. നാളത്തെ ദിവസം സുശീലനെ നേരിടാനുറച്ച് ഉറക്കം പോലുമില്ലാതെ ആ രാത്രി അവൻ എങ്ങനെയൊക്കെയോ കഴിച്ച് കൂട്ടി.
“സൂര്യാ… നീ നന്നായി ആലോചിച്ചിട്ട് തന്നെയാണോ തറവാട്ടിലേക്ക് പോകുന്നത്. എനിക്കെന്തോ പേടി തോന്നുന്നു. അയാളും അളിയന്മാരും ചേർന്ന് നിന്നെ കൊ- ന്ന് കളയാൻ കൂടി മടിക്കില്ല.”
“അവരെന്നെ ഒന്നും ചെയ്യില്ല ചേച്ചി. കൊ- iല്ലണമെന്ന് ഉണ്ടായിരുന്നെങ്കിൽ അത് നേരത്തെ ആവാമായിരുന്നു അവർക്ക്. പിന്നെ ഞാൻ അങ്ങോട്ട് പോവുന്നതോർത്ത് ചേച്ചി പേടിക്കണ്ട. ചെറിയച്ഛന്റെ അളിയന്മാർ രണ്ട് പേരും സ്ഥലത്തില്ല. അതുകൊണ്ട് അയാളെ അടിച്ചു വീഴ്ത്താൻ എനിക്കൊറ്റയ്ക്ക് പറ്റും. ഞാൻ ഏതായാലും പോയി വരാം. ഇനിയും അയാളെ വെറുതെ വിട്ടാൽ എന്റെ തറവാട് അയാൾ കുളം തോണ്ടും.”
“സൂക്ഷിച്ചു പോയിട്ട് വാ സൂര്യാ.” ശാരദയോട് യാത്ര പറഞ്ഞവൻ അമ്പാട്ട് പറമ്പിൽ തറവാട് ലക്ഷ്യമാക്കി നടന്നു.
പോകുന്ന വഴിക്ക് നീലിമയെ കണ്ടെങ്കിലും അവൾക്ക് തന്നോടുള്ള വെറുപ്പ് മനസ്സിലാക്കിയ അവൻ അവളെ തീർത്തും അവഗണിച്ചുകൊണ്ട് മുന്നോട്ട് പോയി. തന്നെ തിരിഞ്ഞു നോക്കാതെ പോയ സൂര്യനെ കണ്ട് അവൾക്ക് ആശ്വാസം തോന്നി. മറ്റുള്ളവരിൽ നിന്നും കേട്ടറിഞ്ഞ കഥകൾ ആ കുഞ്ഞ് മനസ്സിൽ സൂര്യനോടുള്ള വെറുപ്പ് നിറച്ചതാണ് അവരുടെ ബന്ധത്തിന് വിള്ളൽ സംഭവിക്കാൻ കാരണമായി തീർന്നത്.
പടിപ്പുര വാതിൽ കടന്ന് വലത് കാൽ വച്ചവൻ മുന്നോട്ട് നടന്നു. അവനെ അനുഗമിച്ച് കൊണ്ട് ചോട്ടുവും ഉണ്ട്. സുശീലനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അതിനോടകം തന്നെ മനസ്സിലൊരു പദ്ധതി സൂര്യൻ കണ്ട് പിടിച്ചിരുന്നു. പടിപ്പുര കടന്നപ്പോൾ തന്നെ അവൻ കണ്ടിരുന്നു, തന്റെ അച്ഛൻ സ്ഥിരമായി കിടന്നിരുന്ന ചാരു കസേരയിൽ മലർന്ന് കിടന്ന് ദിവാസ്വപ്നം കാണുന്ന സുശീലനെ. ആ കാഴ്ച കണ്ടതും കോപം കൊണ്ടവന്റെ മിഴികൾ ജ്വലിച്ചു.
പോക്കറ്റിൽ കരുതിയിരുന്ന മുളക് പൊടി കുറച്ചധികം വലത് കൈക്കുള്ളിൽ മുറുക്കി പിടിച്ച് അവൻ അയാൾക്ക് നേരെ ചുവടുകൾ വച്ചു.
മുറ്റത്ത് കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് സുശീലൻ വെറുതെയൊന്ന് തല പൊക്കി നോക്കി. ഒട്ടും പ്രതീക്ഷിക്കാതെ കണ്മുന്നിൽ സൂര്യനെ കണ്ട് അയാൾ ഞെട്ടിപ്പോയി.
“നിനക്ക് കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ വീണ്ടും കേറി വന്നേക്കുന്നത്. ജീവൻ വേണോങ്കി ഇറങ്ങി പോടാ നാ-*! യിന്റെ മോനെ.” മുറ്റത്തേക്ക് കാർക്കിച്ചു തുപ്പിക്കൊണ്ട് അയാൾ ചാടി എഴുന്നേറ്റു.
“നിന്നെയിവിടുന്ന് ആ’ ട്ടിയിറക്കാനാടാ ഞാൻ വന്നത്. എന്റെ അച്ഛനേം അമ്മേം കൊ!*-ന്നിട്ട് എന്നെ ഇവിടുന്ന് അടിച്ചിറക്കി ഇവിടെ സുഖമായിട്ട് വാഴാമെന്ന് വിചാരിച്ചോ നീ.”
“എടാ… നിന്നെ ഞാൻ…” സുശീലൻ അലറിക്കൊണ്ട് അവന് നേർക്കടത്തതും കൈയ്യിൽ കരുതിയിരുന്ന മുളക് പൊടി എടുത്ത് സൂര്യൻ അയാളുടെ മുഖത്തേക്ക് ശക്തിയായി കുടഞ്ഞു.
“ആ… അയ്യോ… എന്റെ കണ്ണ്…” ഇരുകൈകൾ കൊണ്ടും കണ്ണ് തിരുമ്മി സുശീലൻ അലറി. കിട്ടിയ അവസരം മുതലാക്കി സൂര്യൻ അയാളുടെ മുതുകിൽ ആഞ്ഞുചവിട്ടി. അവന്റെ തൊഴിയിൽ സുശീലൻ മുറ്റത്തേക്ക് കമഴ്ന്നടിച്ച് വീണു.
പുറത്തെ കോലാഹലങ്ങൾ കേട്ട് സുധർമ്മയും മക്കളും പുറത്തേക്ക് വരുമ്പോൾ കാണുന്നത് മുറ്റത്ത് വീണ് കിടക്കുന്ന സുശീലനെയാണ്.
“അയ്യോ… അച്ഛാ… എന്ത് പറ്റി അച്ഛാ…” സുധർമ്മയ്ക്ക് മുൻപേ മക്കൾ രണ്ടുപേരും അയാളുടെ അടുത്തേക്ക് പാഞ്ഞു. സുധർമ്മയും ഓടിച്ചെന്ന് ഭർത്താവിനെ എണീക്കാൻ സഹായിച്ചു.
കണ്ണിൽ മുളക് പൊടി വീണതിനാൽ നീറിയിട്ട് അയാൾക്ക് കണ്ണ് തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സൂര്യനും അയാളും കൂടി തല്ല് കൂടിയിട്ടുണ്ടാവുമെന്ന് ഇരിവരുടെയും മുഖ ഭാവങ്ങളിൽ നിന്ന് സുധർമ്മ ഊഹിച്ചു. അവൾ സൂര്യനോടെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും അവൻ എന്തോ എടുക്കാനായി അകത്തേക്ക് പാഞ്ഞു.
“അവനെന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞു സുധേ. കണ്ണ് നീറിയിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. നീ കുറച്ച് വെള്ളം കൊണ്ട് വാ വേഗം.” സുശീലൻ അലറുകയായിരുന്നു.
മക്കൾ രണ്ടുപേരും ചേർന്ന് അയാളെ ഉമ്മറത്തെ തിണ്ണയിൽ പിടിച്ചിരുത്തി. അതേസമയം സുധർമ്മ വെള്ളമെടുക്കാനായി കിണറിനടുത്തേക്ക് പോയി.
“സുഭാഷേ… നീ വേഗം മാമനെ ഫോണിൽ വിളിച്ച് ഇങ്ങോട്ട് വരാൻ പറയ്യ്. അല്ലെങ്കിൽ നമ്മളെയെല്ലാവരെയും അവനിവിടുന്ന് ഇറക്കി വിടും.” സൂര്യനോടുള്ള ഭയം അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു.
സുഭാഷ് അകത്തേക്ക് പോകാനായി എഴുന്നേറ്റതും കയ്യിലൊരു ബെൽറ്റുമായി സൂര്യൻ അങ്ങോട്ട് വന്നിരുന്നു. മുൻപ് സൂര്യന്റെ പുറം അടിച്ചു പൊളിച്ച അതേ ബെൽറ്റ് തന്നെയാണ് അവന്റെ കയ്യിൽ.
സുശീലന് മുഖം കഴുകാനുള്ള വെള്ളവുമായി വന്ന സുധർമ്മ സൂര്യന്റെ നിൽപ്പും ഭാവവും കണ്ട് ഭയന്ന് പിന്നോട്ട് മാറി. സുഭാഷും ശ്രുതിയും സൂര്യന്റെ നോട്ടത്തിന് മുന്നിൽ അനങ്ങാനാവാതെ നിന്നുപോയി.
“ഒരിക്കൽ ഇത് കൊണ്ട് അടിച്ചല്ലേ നിങ്ങൾ എന്നെയിവിടുന്ന് ആട്ടി പായിച്ചത്. ഇന്ന് എന്റെ അവസരമാ. എന്നെ നോവിച്ചതിനൊക്കെ നിങ്ങള് കരയേണ്ടി വരും ചെറിയച്ഛാ…” പരിഹാസത്തോടെ പറഞ്ഞ് കൊണ്ട് സൂര്യൻ അയാൾക്കടുത്തേക്ക് വന്നു.
ഭീതിയോടെ നാല് ജോഡി കണ്ണുകൾ അവനെ നോക്കി നിന്നു. സുശീലനും ഉള്ളിൽ ഭയം നിറഞ്ഞു. ഒരിക്കൽ അവനിൽ നിന്നും കിട്ടിയതൊന്നും അയാൾ മറന്നിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സൂര്യനെ എതിരിടാൻ ഒപ്പം ആരുമില്ലെങ്കിൽ അവനെ ഭയക്കുക തന്നെ വേണമെന്ന് സുശീലൻ അനുഭവത്തിൽ നിന്നും പഠിച്ച പാഠമാണ്.
“സൂര്യാ… വേണ്ട… ഇനിയൊരിക്കൽ കൂടി നീയെന്റെ ദേഹത്ത് കൈ വച്ചാൽ, പിന്നെ നീയീ ഭൂമിയിൽ ഉണ്ടാവില്ല. കൊ!- ന്ന് തള്ളും ഞാൻ.” അവനെയൊന്ന് ഭയപ്പെടുത്താനായി സുശീലൻ പറഞ്ഞു.
“എടോ… സുശീലാ… നിനക്കൊന്നും പകൽ വെളിച്ചത്തിൽ നേർക്ക് നേരെ വരാൻ ധൈര്യമില്ല. എന്നെ തല്ലാനാണെങ്കിലും കൊ-!ല്ലാനാണെങ്കിലും നിനക്ക് മറ്റുള്ളവരെ ആശ്രയിക്കണം. പക്ഷേ ഈ സൂര്യന് ആരും വേണ്ട. എന്നെകൊണ്ട് എന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരാം ഞാൻ. നിനക്ക് പറ്റുന്നത് നീയും ചെയ്യെടാ.” വായുവിൽ ഉയർന്നുപൊങ്ങിയ ബെൽറ്റ് ചാട്ടുളി പോലെ സുശീലന്റെ പുറം പൊളിച്ചു.
“ആ… അമ്മേ…” അലർച്ചയോടെ അയാൾ വേദന കൊണ്ട് പുളഞ്ഞു.
“സൂര്യാ… വേണ്ട മോനെ… അദ്ദേഹത്തെ ഒന്നും ചെയ്യരുത്. ഇപ്പൊ തന്നെ ഞങ്ങൾ ഇവിടുന്ന് പൊയ്ക്കോളാം. അങ്ങേരെ ഉപദ്രവിക്കരുത്.” സുധർമ്മ തടസ്സം പറഞ്ഞുകൊണ്ട് അവന് മുന്നിൽ കയറി നിന്നു. സുഭാഷും ശ്രുതിയും അമ്മയ്‌ക്കൊപ്പം ചേർന്ന് അവനോട് കേണു.
പക്ഷേ ആര് പറഞ്ഞിട്ടും സൂര്യൻ ചെവികൊണ്ടില്ല. അവൻ സുശീലനെ വീണ്ടും വീണ്ടും തല്ലി. തടസ്സം നിൽക്കാൻ വന്നവർക്കും അടി കിട്ടി.
സുശീലന്റെ പുറം പൊളിഞ്ഞു ചോര പൊടിഞ്ഞു. വേദനയാൽ നീറി കരഞ്ഞുകൊണ്ട് അയാൾ അവന്റെ മുന്നിൽ അടിക്കരുതെന്ന് പറഞ്ഞ് നിലവിളിച്ചു കരഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തിയെങ്കിലും അടിയുടെ എണ്ണം കൂടിയപ്പോ ഭീഷണി അപേക്ഷയായി മാറി.
“എന്നെ തടയാൻ വന്നാൽ നിങ്ങൾക്കും കിട്ടും അടി. അതുകൊണ്ട് മാറി നിൽക്കുന്നതാണ് നല്ലത്. അതുപോലെ എടുക്കാനുള്ളത് എന്താണെന്ന് വച്ചാൽ ഇപ്പൊത്തന്നെ എല്ലാം കെട്ടിപ്പെറുക്കി ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ. അല്ലെങ്കിൽ ഞാനെന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല.” സുധർമ്മയെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് അവൻ സുശീലന്റെ കഴുത്തിന് കുത്തിപ്പിടിച്ച് പടിപ്പുരയ്ക്ക് പുറത്തേക്ക് തള്ളി.
നിലത്ത് വീണ് കിടന്നയാളെ കാൽ വണ്ണ നോക്കി സൂര്യൻ ബെൽറ്റ് വീശി.
“അമ്മേ…” അടികൊണ്ട ഭാഗം കൈകൊണ്ടമർത്തി സുശീലൻ ആർത്ത് കരഞ്ഞു. അയാളെ ഷർട്ടിന്റെ കോളറിൽ പിടിച്ചു തൂക്കിയെടുത്ത സൂര്യൻ, സുശീലനെ മുന്നോട്ട് തള്ളി.
“ഇനിയീ തറവാടിന്റെ പരിസരത്ത് കണ്ട് പോകരുത് നിങ്ങളെ. എല്ലാം കട്ട് മുടിച്ചിട്ട് ഇവിടുന്ന് പോകാനായിരുന്നില്ലേ നിന്റെ ഉദ്ദേശം. അതൊക്കെ ഇനി മനസ്സിൽ വച്ചാൽ മതി. അളിയന്മാരെയും കൂട്ടി പ്രതികാരത്തിന് വരാമെന്നാണ് മനസ്സിലെങ്കിൽ എനിക്കൊന്നും നഷ്ടപ്പെടാനില്ല. മേല് കീഴ് നോക്കാതെ മൂന്നെണ്ണത്തിനെയും കൊ-! ന്നിട്ട് ഞാൻ ജയിലിൽ പോകും… പറഞ്ഞേക്കാം.”
“എനിക്കൊന്നും വേണ്ട സൂര്യാ… നിന്റെ സ്വത്തുക്കളൊക്കെ നീയെടുത്തോ. എന്നെ വെറുതെ വിട്ടേക്ക്. ഇനിയെന്നെ തല്ലരുത്, ഞാൻ ച- ത്ത് പോകും. ഞാനിനി ഒന്നിനും വരില്ല.” ഒരിറ്റ് ദയ്ക്ക് വേണ്ടി സുശീലൻ അവനോട് കെഞ്ചി.
“നിങ്ങളോടൊരിക്കലും ക്ഷമിക്കില്ല ഞാൻ. എനിക്കെല്ലാം നഷ്ടപ്പെടുത്തിയത് നിങ്ങളൊരാളാ. എന്റെ ജീവിതവും നശിപ്പിച്ചു. എന്നോട് ചെയ്തത് വച്ച് നോക്കിയാൽ നിങ്ങളെ തല്ലുകയല്ല കൊ!- ല്ലുകയാ വേണ്ടത്.” സൂര്യൻ കടപ്പല്ലുകൾ ഞെരിച്ചമർത്തി.
സുശീലനെ വഴിയിലിട്ട് തല്ലുന്നത് കണ്ട് നാട്ടുകാർ കൂടാൻ തുടങ്ങി. ആളുകൾക്ക് മുന്നിലൂടെ കവല വരെ സൂര്യൻ അയാളെ ബെൽറ്റ് കൊണ്ട് അടിച്ചു. സുശീലന്റെ ശരീരമാസകാലം അടികൊണ്ട് ചുവന്നുപോയി. ചില ഭാഗത്തെ മുറിവിൽ നിന്നും ചോരയും പൊടിഞ്ഞു.
“ഡാ ചെക്കാ… നീയെന്താടാ ചെയ്യുന്നത്. വിടടാ അയാളെ.” നാട്ടുകാരിൽ ചിലർ സൂര്യന്റെ പ്രവർത്തി കണ്ട് അവന് തടയിടാൻ ശ്രമിച്ചു. സുശീലന് കിട്ടേണ്ട അടിയൊക്കെ അവരുടെ ശരീരത്തിൽ കൊണ്ടപ്പോൾ തടയാൻ വന്നവർ പിന്തിരിഞ്ഞോടി.
സുശീലനോടുള്ള ദേഷ്യവും പകയും സൂര്യനെ ആ സമയം മറ്റൊരാളാക്കി മാറ്റിയിരുന്നു. കൈ വേദനിക്കുന്നത് വരെ സുശീലനെ തല്ലിച്ചതച്ച ശേഷം കുഴഞ്ഞു വീണ അയാളെ കവലയിൽ ഉപേക്ഷിച്ചവൻ അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് തിരികെപോയി.
തുടരും…..