സുശീലനോടുള്ള ദേഷ്യവും പകയും സൂര്യനെ മറ്റൊരാളാക്കി മാറ്റിയിരുന്നു. കൈ വേദനിക്കുന്നത് വരെ സുശീലനെ തല്ലിച്ചതച്ച ശേഷം കുഴഞ്ഞു വീണ അയാളെ കവലയിൽ ഉപേക്ഷിച്ചവൻ അമ്പാട്ട് പറമ്പിൽ തറവാട്ടിലേക്ക് തിരികെപോയി.
സൂര്യന്റെ ആ ഭാവമാറ്റത്തിൽ നാട്ടുകാർ ഒന്നടങ്കം ഞെട്ടി നിൽക്കുകയാണ്. അവൻ കi ഞ്ചാ- വെങ്ങാനും അടിച്ച് ബോധം പോയിട്ടാണോ സുശീലനെ അടിച്ച് ബോധം കെടുത്തിയതെന്ന് അവർക്കൊക്കെ സംശയമായി.
ആളുകൾ എല്ലാവരും വീണു കിടക്കുന്ന സുശീലന് ചുറ്റും കൂടി നിന്ന് പരസ്പരം ഓരോ ഊഹാപോഹങ്ങൾ പങ്ക് വച്ച് കൊണ്ടിരുന്നു. അതേസമയം അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ കെട്ടിപ്പെറുക്കി സുധർമ്മയും മക്കളും വഴിയിലൂടെ ഓടുകയായിരുന്നു.
കവലയിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ അവരെയൊക്കെ വകഞ്ഞു മാറ്റി സുധർമ്മ സുശീലന്റെ അടുത്തേക്ക് ചെന്നു. നാട്ടുകാരിൽ ചിലരൊക്കെ ചേർന്ന് അയാളെ എഴുന്നേൽപ്പിച്ചിരുത്തി വെള്ളം കുടിപ്പിക്കുകയായിരുന്നു.
“അവനെ ഞാൻ വെറുതെ വിടില്ല… അളിയന്മാർ ഒന്ന് വന്നോട്ടെ. കാണിച്ചു കൊടുക്കുന്നുണ്ട് ഈ സുശീലൻ ആരാന്ന്.” അവശതയ്ക്കിടയിലും ഭർത്താവിന്റെ അഹങ്കാരം പറച്ചിൽ കേട്ട് അവൾക്ക് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു.
“നിങ്ങളോട് ഞാനന്നേ പറഞ്ഞതാ ആ ചെക്കനെ കള്ള കേസിൽ കുടുക്കി ജയിലിൽ അയച്ചിട്ട് അതിന്റെ സ്വത്തും പണവുമൊന്നും സ്വന്തമാക്കരുതെന്ന്. എന്നിട്ട് നിങ്ങളത് കേട്ടില്ല. ജയിലിൽ നിന്ന് വന്നവനെ പിന്നെയും ഉപദ്രവിച്ചു. അതുകൊണ്ട് എന്തുണ്ടായി, ഇപ്പോൾ നാട്ടുകാർക്ക് മുൻപിൽ നാണംകെട്ട് വഴിയിൽ അടികൊണ്ട് കിടക്കേണ്ട അവസ്ഥ വന്നില്ലേ. ഇതെല്ലാം നിങ്ങളുടെ കുഴപ്പം കൊണ്ട് തന്നെയാ. ഒന്നുമറിയാത്ത പാവം പിടിച്ച നിങ്ങളുടെ ചേട്ടന്റെ വരെ നിങ്ങൾ നാട്ടുകാർക്ക് മുൻപിൽ തെറ്റുകാരനാക്കി.
ഇത്രയും നീചനായ നിങ്ങളെ എനിക്കിനി വേണ്ട. മക്കളെയും കൊണ്ട് ഞാനെന്റെ വീട്ടിലേക്ക് പോവാ. എന്നെങ്കിലും നിങ്ങൾ നന്നാവുമെന്ന പ്രതീക്ഷയിലാ എല്ലാം സഹിച്ച് ഒപ്പം നിന്നത്. നിങ്ങളൊരിക്കലും നന്നാവാൻ പോണില്ല. നിങ്ങള് നിങ്ങടെ ഇഷ്ടം പോലെ ജീവിക്ക്. അവന്റെ അടികൊണ്ട് ചാകാനാണ് യോഗമെങ്കിൽ അത് നിങ്ങളെ വിധിയെന്ന് കരുതി ഞാൻ സമാധാനിക്കും.” കിതപ്പടക്കി അയാളോട് അത്രയും പറഞ്ഞിട്ട് മക്കളുടെ കയ്യും പിടിച്ച് കിട്ടിയ ഓട്ടോയിൽ കയറി സുധർമ്മ സ്വന്തം വീട്ടിലേക്ക് പോയി.
സുശീലനോട് അവൾ ദേഷ്യപ്പെട്ട് പറഞ്ഞിട്ട് പോയതൊക്കെ കേട്ട് സ്തംഭിച്ചു നിൽക്കുകയാണ് നാട്ടുകാർ. അവരുടെ സംസാരത്തിൽ നിന്ന് ചിലർക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി. തമ്മിൽ തമ്മിൽ തങ്ങളുടെ മനസ്സിൽ തോന്നിയ സംശയങ്ങൾ പങ്ക് വച്ച് ആളുകൾ ഓരോ ഊഹാപോഹങ്ങൾ നടത്തി കൊണ്ടിരുന്നു.
എണീക്കാൻ വയ്യാതെ കിടന്ന സുശീലനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ആരും കൂട്ടിനില്ലാതെ അനാഥനെ പോലെ അയാൾ ആശുപത്രിയിൽ കഴിച്ചു കൂട്ടി.
യാത്ര കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയ അളിയന്മാർ തങ്ങളുടെ പെങ്ങൾ വേണ്ടെന്ന് പറഞ്ഞവനെ തങ്ങൾക്കും ആവശ്യമില്ലെന്നാണ്. അതോടെ സുശീലന്റെ തകർച്ച പൂർണ്ണമായി. അയാൾക്കൊപ്പം നിന്നിട്ട് തങ്ങൾക്ക് കൂടി പണി കിട്ടണ്ടേന്ന് കരുതി കിട്ടിയ അവസരം മുതലാക്കി സുശീലനുമായുള്ള ബന്ധം മുകുന്ദനും മാധവനും ഉപേക്ഷിച്ചു. സൂര്യന്റെ സ്വത്തുക്കൾ ഇനി കിട്ടില്ലെന്ന തോന്നലാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്.
വളഞ്ഞ വഴിയിൽ കൂടി എന്ത് നേടാൻ ശ്രമിച്ചാലും അതിനൊന്നും ശാശ്വതമായ നിലനിൽപ്പുണ്ടാവില്ലെന്ന് സുശീലന് സ്വന്തം അനുഭവത്തിലൂടെ ബോധ്യമായി. അമ്പാട്ട് തറവാട്ടിൽ നിന്ന സമയം അയാൾ കള്ളത്തരത്തിലൂടെ സമ്പാദിച്ച പണം ബാങ്കിൽ ഇട്ടിരുന്നത് കൊണ്ട് ആശുപത്രി ചിലവുകൾക്ക് ആരുടെ മുന്നിലും ഇരക്കേണ്ടി വന്നില്ല. പക്ഷേ ഒരാളും തിരിഞ്ഞു നോക്കാനില്ലാത്തത് അയാളെ നിരാശനാക്കി.
നാട്ടുകാർക്ക് മുന്നിലൂടെ സൂര്യന്റെ കൈയ്യിൽ നിന്ന് അടികൊണ്ട് ഓടേണ്ടി വന്നത് സുശീലനെ സംബന്ധിച്ച് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്. ഒരു പീറ ചെക്കനിൽ നിന്നും പട്ടിയെ പോലെ തല്ല് കൊണ്ടത് അയാൾക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. അത് സൂര്യനോടുള്ള അയാളുടെ പക വർധിപ്പിച്ചു. ആശുപത്രി വിട്ട് ഇറങ്ങി കഴിഞ്ഞാൽ കൈയിലുള്ള പണം മൊത്തം ചിലവാക്കി ആയാലും സൂര്യനെ കൊ- ല്ലാൻ സുശീലൻ തീരുമാനിച്ചു. അത്രയ്ക്കും പകയായിരുന്നു അയാൾക്കവനോട്. താൻ പടുത്തുയർത്തി കൊണ്ട് വന്ന അന്തസ്സും അഭിമാനവും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയവനെ നശിപ്പിക്കാതെ സുശീലനി സമാധാനം കിട്ടില്ല.
************
സൂര്യൻ തറവാട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അവനെ കാത്തെന്നോണം പരമു പിള്ള പടിപ്പുര വാതിൽക്കൽ നിലയുറപ്പിച്ചിരുന്നു.
“മോനെ… സൂര്യാ….” സൂര്യനെ കണ്ടതും പരമു പിള്ളേ ആഹ്ലാദത്തോടെ അവനടുത്തേക്ക് ഓടി വന്നു.
“മാമാ… അയാളെ ഞാനിവിടുന്ന് അടിച്ചോടിച്ചു. ഇനിയിവിടെ അവകാശം പറഞ്ഞ് ഒരാളും വരില്ല.”
“മോനെ ഒന്നും അറിയിക്കേണ്ടെന്ന് കരുതിയതാ ഞാൻ. പക്ഷേ ഇപ്പോൾ തന്നെ സുശീലൻ പകുതി മുക്കാലും നശിപ്പിച്ചു കഴിഞ്ഞു. ഇനിയും ഇങ്ങനെ പോയാൽ ഒന്നും മിച്ചമുണ്ടാവില്ലെന്ന് തോന്നിയിട്ടാ നിനക്ക് ഞാനൊരു സൂചന നൽകിയത്.”
“ഇതുവരെ നഷ്ടപ്പെട്ടതൊക്കെ പോട്ടെ. എല്ലാം തിരിച്ചു പിടിക്കാൻ എനിക്കറിയാം മാമാ. ഞാനൊന്ന് അച്ഛനെയും അമ്മയെയും കണ്ട് അനുഗ്രഹം വാങ്ങി വരട്ടെ.” അതും പറഞ്ഞവൻ തെക്കേ പറമ്പ് ലക്ഷ്യമാക്കി നടന്നു.
സുരേന്ദ്രനെയും ഇന്ദിരെയും ദഹിപ്പിച്ചിടത്ത് മുട്ട് കുത്തി അവനിരുന്നു.
“അച്ഛാ… അമ്മേ… ഇതെന്റെ രണ്ടാം ജന്മമാണ്. നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാൻ എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം. എന്നെ അനുഗ്രഹിക്കച്ഛാ, അമ്മേ.” പ്രാർത്ഥനയോടെ സൂര്യൻ ഒരു നിമിഷം കണ്ണുകളടച്ച് നിന്നു.
അൽപ്പ സമയം അവിടെ ചിലവഴിച്ച ശേഷം അവൻ തറവാട്ടിലേക്ക് പോയി. കാട് പിടിച്ച് കിടക്കുന്ന തെങ്ങിൻ തോപ്പും പുരയിടങ്ങളും കണ്ട് സൂര്യന്റെ നെഞ്ച് നീറി. കുറച്ചു നേരത്തെ തന്നെ സുശീലനെ അവിടുന്ന് ഓടിക്കേണ്ടതായിരുന്നുവെന്ന് അവന് തോന്നി. കാരണം അത്രയ്ക്കും ദയനീയമായിരുന്നു തറവാടും പരിസരവും.
“നീ കണ്ടില്ലേ സൂര്യാ നമ്മുടെ തറവാടിന്റെ കോലം. കേസിന്റെ വിധി നിനക്ക് അനുകൂലമായിരിക്കുമെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടാ സുശീലൻ ഇതൊന്നും നല്ല രീതിയിൽ പരി പാലിക്കാത്തത്.”
“സാരമില്ല മാമാ… ഇതിന്റെ കേടുപാടുകളൊക്കെ മാറ്റി തറവാട് പുതുക്കി പണിയുന്നുണ്ട് ഞാൻ. ഇങ്ങനെയെങ്കിലും തിരിച്ചു കിട്ടിയതോർത്തു നമുക്ക് സമാധാനിക്കാം.”
*****************
ഏറെ നാളുകൾക്ക് ശേഷം അന്ന് രാത്രി സ്വന്തം മുറിയിൽ അവൻ സുഖമായി ഉറങ്ങി. ആരുടെയും ശല്യമില്ലാതെ ആരെയും പേടിക്കാതെ… നിലത്ത് വിരിച്ച ചെറിയ പായയിൽ ചോട്ടുവും ചുരുണ്ടുകൂടി കിടന്നു. അമ്പാട്ടെ തറവാട്ടിലേക്ക് താമസത്തിന് വരാൻ സൂര്യൻ, ശാരദയെ കുറെ നിർബന്ധിച്ചെങ്കിലും അവർ വന്നില്ല. പുഴക്കരയിലെ തന്റെ വീട് വിട്ട് എങ്ങോട്ടുമില്ലെന്ന് അവർ തറപ്പിച്ച് പറഞ്ഞപ്പോൾ അവനവരെ നിർബന്ധിക്കാൻ കഴിഞ്ഞില്ല.
ദിവസങ്ങൾ കടന്ന് പോയി… അഭിഷേകിന്റെ പിന്തുണ കൂടെയുണ്ടായിരുന്നത് സൂര്യന് വലിയൊരു ധൈര്യമായിരുന്നു.
അവനെ കൊi ല്ലാ- നുള്ള പകയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ സുശീലനെ പക്ഷേ കാത്തിരുന്നത് ജയിലഴിക്കുള്ളിലെ ജീവിതമായിരുന്നു.
തുടരും…