ആകാംക്ഷയോടെ സൂര്യൻ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി. തുമ്പപൂവിന്റെ നൈർമല്യമുള്ളൊരു നാടൻ പെൺകുട്ടി. ഒറ്റ നോട്ടത്തിൽ അവന് തോന്നിയത് അങ്ങനെയാണ്. മുഖത്ത് വിഷാദ ഭാവമാണ്.
നിർമല അവന് നേർക്ക് വച്ച് നീട്ടിയ ട്രേയിൽ നിന്ന് ചായക്കപ്പ് എടുക്കുമ്പോൾ സൂര്യന്റെ നോട്ടം മുഴുവനും കരഞ്ഞു കലങ്ങിയത് പോലുള്ള അവളുടെ മിഴികളിലേക്കായിരുന്നു.
ഇരുവർക്കും ചായ നൽകിയ ശേഷം വാതിൽക്കൽ നിൽക്കുന്ന അമ്മയ്ക്കും അനിയത്തിക്കും പിന്നിൽ പോയി മുഖം കുനിച്ച് നിർമല നിന്നു.
“എന്റെ മൂത്ത മോളാണ് ഇവൾ. ഇവൾക്ക് താഴെ ഒരാള് കൂടിയുണ്ട്, അമ്പിളി. അവൾക്കും വിവാഹ പ്രായമെത്തി നിൽക്കുകയാണ്. പല ആലോചനകളും വരുന്നുണ്ട്. പക്ഷേ മൂത്തവൾ നിൽക്കുമ്പോ അമ്പിളിയെ കെട്ടിച്ചു വിടാനും പറ്റില്ലല്ലോ.” നിർമലയുടെ അച്ഛൻ ഭാസ്കരന്റെ വിഷാദത്തോടെയുള്ള പറച്ചിൽ കേട്ട് പരമുപിള്ള ഇങ്ങനെ ചോദിച്ചു.
“ഞങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞു വച്ച് തന്നെയാണോ നിങ്ങൾ പെണ്ണ് കാണലിന് ക്ഷണിച്ചത്.”
“ഉവ്വ്… കാര്യങ്ങളൊക്കെ ബ്രോക്കർ വിശദമായി പറഞ്ഞിരുന്നു. ഇതിലിപ്പോ മോന്റെ ഭാഗത്ത് തെറ്റൊന്നുമില്ലല്ലോ. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതല്ലേ. അതൊന്നും ഞങ്ങൾക്ക് വിഷയമല്ല, മോനെ കണ്ടാൽ തന്നെ അറിയില്ലേ കുഴപ്പം പിടിച്ച ആളല്ലെന്ന്.
പിന്നെ നിർമലയ്ക്കിപ്പോ വയസ്സ് ഇരുപത്തിആറ് കഴിഞ്ഞ് ഇരുപത്തിയേഴ് തുടങ്ങാനായി. അവളെ ജാതകത്തിലെ എന്തൊക്കെയോ ദോഷം കൊണ്ട് ഓരോ ആലോചനയും നീങ്ങി നീങ്ങി പോവുകയായിരുന്നു. ഇനിയും ഓരോ ജാതകം നോക്കി നീട്ടികൊണ്ട് പോയാൽ അവൾക്കും വയസ്സ് കൂടും ഇളയവളും ഇങ്ങനെ നിന്നുപോകും. അതുകൊണ്ട് ഇനി ജാതകോം പൊരുത്തവും ഒന്നും നോക്കാതെ ഇവളെ ഇഷ്ടപ്പെടുന്ന പയ്യന് ഏറ്റവും അടുത്ത മുഹൂർത്തം നോക്കി കെട്ടിച്ചു കൊടുക്കാമെന്നാ ഞാൻ വിചാരിക്കുന്നത്. നിങ്ങൾക്കും ഇതൊക്കെ സമ്മതമാണെങ്കിൽ നമുക്ക് ഇതുമായി മുന്നോട്ട് പോകാം.” പറഞ്ഞ് നിർത്തി ഭാസ്കരൻ ഇരുവരെയും നോക്കി.
“പെണ്ണ് കാണാനൊക്കെ ചന്തമുണ്ട്. നിനക്ക് ചേരുകയും ചെയ്യും. പക്ഷേ നിങ്ങള് തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. പിന്നെ അവളെ കണ്ടാൽ ഇരുപത്തിയേഴൊന്നും പറയില്ല. ഇനി നിന്റെ ഇഷ്ടമാണ് അറിയേണ്ടത്.” കാര്യസ്ഥൻ പരമു പിള്ള സൂര്യന്റെ ഇഷ്ടപ്രകാരം കാര്യങ്ങൾ തീരുമാനിക്കാമെന്ന ചിന്തയിലാണ്.
“മാമാ… വയസ്സൊന്നും എനിക്കൊരു പ്രശ്നമല്ല. എനിക്ക് പെണ്ണിനെ ഇഷ്ടായി… അവൾക്ക് എന്നെ സ്നേഹിക്കാനുള്ള മനസ്സുണ്ടോന്ന് അറിഞ്ഞാൽ മാത്രം മതി. അതുകൊണ്ട് അവളോടൊന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് എനിക്ക്.” പരമുപിള്ളയ്ക്ക് കേൾക്കാൻ പാകത്തിൽ ശബ്ദം താഴ്ത്തിയാണ് സൂര്യൻ സംസാരിച്ചത്.
“സൂര്യന് നിങ്ങളെ മോളെ ഇഷ്ടായി. അവൾക്ക് കൂടി ഇഷ്ടമുണ്ടെങ്കിൽ നമ്മുക്കിതു ഉറപ്പിക്കാം. അതിന് മുൻപ് ഇവന് കൊച്ചിനോടൊന്ന് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട്.”
“ഞങ്ങളെ ഇഷ്ടം തന്നെയാ മോൾടേം ഇഷ്ടം. പിന്നെ മോനെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ അപ്രത്തേക്ക് ചെന്നോളൂ.
നിർമ്മലേ… സൂര്യനെയും കൂട്ടി മുറിയിലേക്ക് പൊയ്ക്കോ. നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോ.” അച്ഛൻ പറഞ്ഞത് കേട്ട് തലയനക്കി കൊണ്ട് നിർമല സ്വന്തം മുറിയിലേക്ക് നടന്നു. സൂര്യനും അവളെ അനുഗമിച്ചു.
***************
“നിർമ്മലയെ എനിക്കിഷ്ടപ്പെട്ടു. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ഞാൻ ആഗ്രഹിക്കുന്നത് എന്നെ സ്നേഹിക്കാൻ കഴിയുന്നൊരു ജീവിത പങ്കാളിയെയാണ്. തനിക്കെന്നെ ഇഷ്ടായോ. ഇഷ്ടപ്പെട്ടില്ലെങ്കി തുറന്ന് പറഞ്ഞോളൂ. കാരണം വന്നപ്പോൾ മുതൽ തന്റെ മുഖത്തെ സങ്കടം ഞാൻ ശ്രദ്ധിക്കുന്നുണ്ട്.”
ജനലിൽ ചാരി നിന്ന് സാരിത്തുമ്പിൽ തെരുപ്പിടിച്ചു നിൽക്കുന്നവളെ തന്നെ അവൻ നോക്കി നിന്നു. നിർമലയുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളുടെ അർത്ഥമെന്തായിരിക്കുമെന്ന് ഊഹിക്കാൻ ശ്രമിക്കുകയായിരുന്നു സൂര്യൻ.
“അച്ഛന്റേം അമ്മേടേം ഇഷ്ടാണ് എന്റെയും ഇഷ്ടം.” മിഴികൾ നിലത്തേക്കൂന്നി നേർത്ത സ്വരത്തിൽ നിർമല പറഞ്ഞു.
“നിർമല എത്ര വരെ പഠിച്ചു.”
“പ്ലസ് ടു പാസ്സായി കഴിഞ്ഞ് തയ്യൽ ക്ലാസ്സിന് പോയി, അത്രന്നെ.”
അവൻ പിന്നെയും എന്തൊക്കെയോ വിശേഷങ്ങൾ അവളോട് ചോദിച്ചു. എല്ലാത്തിനും മുക്കിയും മൂളിയും ഒന്നോ രണ്ടോ വാക്കിലൊക്കെ നിർമല ഉത്തരം ഒതുക്കി. സ്വതവേ അധികം ആരോടും മിണ്ടാത്ത എല്ലാത്തിനോടും ഭയമുള്ളവളാണ് അവളെന്ന് സൂര്യന് തോന്നി. ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞ് നിലത്തേക്ക് നോട്ടമെറിഞ്ഞു അവൾ നിശബ്ദയായി നിലകൊണ്ടു.
“നിർമലയ്ക്ക് എന്നോടൊന്നും ചോദിക്കാനില്ലേ?”
“നിങ്ങളെ കുറിച്ച് അച്ഛനെല്ലാം പറഞ്ഞിട്ടുണ്ട്.”
“ഉം… ഒന്നും ചോദിക്കാനില്ലെങ്കിൽ പിന്നെ നമുക്ക് അങ്ങോട്ട് പോകാം.”
“ആ…”അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി.
സൂര്യനും നിർമലയും സംസാരിക്കുന്ന നേരം കൊണ്ട് പരമുപിള്ളയും ഭാസ്കരനും കൂടി കാര്യങ്ങൾ ഏകദേശം പറഞ്ഞൊരു തീരുമാനത്തിൽ എത്തിയിരുന്നു. ചെക്കന് പെണ്ണിനെ ഇഷ്ടമായ സ്ഥിതിക്ക് കല്യാണം പെട്ടെന്ന് നടത്തണമെന്നാണ് ഭാസ്കരന്റെ ആഗ്രഹം. അങ്ങനെ തന്നെ നടക്കട്ടെയെന്ന് സൂര്യനും പരമു പിള്ളയും പറഞ്ഞപ്പോൾ അയാൾക്കും ഭാര്യയ്ക്കും സന്തോഷമായി.
*****************
പല്ലാവൂർ ഗ്രാമത്തിലെ ആളുകളെ മുഴുവനും ക്ഷണിച്ചു വരുത്തി തന്റെ വിവാഹം ആർഭാടപൂർവ്വം നടത്തണമെന്നത് സൂര്യന്റെ ഒരു വാശിയായിരുന്നു. എല്ലാവരാലും തിരസ്കരിക്കപ്പെട്ടെങ്കിലും താൻ തോറ്റു പോവാതെ ജയിച്ചു മുന്നേറിയതും തന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയുമൊക്കെ എല്ലാവരും അറിയട്ടെ എന്ന് കരുതിയാണ് അവന് എല്ലാരേം വിവാഹത്തിന് വിളിക്കാൻ ആഗ്രഹം.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയവന് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അധികം വൈകാതെ തന്നെ ഒരു കൂട്ട് കൂടി വരും. ആ സന്തോഷത്തിലാണ് സൂര്യനും. നിർമലയെ ഒരു കുറവും അറിയിക്കാതെ നോക്കണമെന്നുണ്ട് അവന്.
ഉത്സവം കൊടിയേറുന്നതിനു മുൻപ് ഭഗവതിയുടെ നടയിൽ വച്ച് നിർമലയെ വിവാഹം കഴിക്കണമെന്ന് പരമു പിള്ളയാണ് സൂര്യനോട് പറഞ്ഞത്. ദേവിയോടുള്ള പിണക്കം മറന്ന് വേണം പുതിയ ജീവിതത്തിലേക്ക് കടക്കാനെന്ന് പറഞ്ഞ് അയാൾ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അനുസരണയുള്ള കുട്ടിയെ പോലെ അവൻ എല്ലാത്തിനും സമ്മതിച്ചു.
ഉത്സവം തുടങ്ങുന്നതിനു മുൻപുള്ള നല്ലൊരു ദിവസം നോക്കി വിവാഹ തീയതി തീരുമാനിച്ചു. തന്റെ വിവാഹം കൂടാനായി നാട്ടുകാരെ മുഴുവനും അവൻ ക്ഷണിച്ചിരുന്നു. നീലിമയുടെ വീട്ടിലും സൂര്യന്റെ വിവാഹ ക്ഷണക്കത്ത് എത്തി. പക്ഷേ അവളെ നേരിട്ട് പോയൊന്നു കണ്ട് കല്യാണത്തിന് ക്ഷണിക്കണമെന്ന് അവനൊരാഗ്രഹം തോന്നി. തന്നെക്കാൾ പത്ത് വയസ്സോളം വ്യത്യാസമുണ്ടെങ്കിലും സൂര്യന്റെ ചെറുപ്പത്തിൽ തന്നെ അവന്റെ ഹൃദയത്തിൽ കയറിക്കൂടിയ പെണ്ണായിരുന്നു നീലിമ. അവൾക്കവനോടുള്ള അകൽച്ചയും വെറുപ്പും കാരണം തന്റെയുള്ളിൽ തോന്നിയ ഇഷ്ടം അവൻ ഉള്ളിൽ തന്നെ കുഴിച്ചു മൂടുകയായിരുന്നു. മുതിർന്ന് കഴിയുമ്പോഴെങ്കിലും തന്നെ മനസ്സിലാക്കി തന്നോടുള്ള പിണക്കം മറന്നവൾ വരുമെന്നൊരു പ്രത്യാശയിലായിരുന്നു സൂര്യൻ. പക്ഷേ കവലയിൽ വച്ചോ നാട്ടുവഴിയിൽ വച്ചോ അവനെ കാണുമ്പോൾ തന്നെ വെറുപ്പോടെ മുഖം വെട്ടിച്ച് പോകുന്നവളെ കാണുമ്പോൾ തന്നോടുള്ള വെറുപ്പ് അവൾക്കൊരിക്കലും മാറില്ലെന്ന് സൂര്യന് ഉറപ്പായി.
അങ്ങനെയാണ് ആദ്യമായി മനസ്സിൽ തോന്നിയ ഇഷ്ടം ഉള്ളിലടക്കി മറ്റൊരു പെണ്ണിനെ സ്വീകരിക്കാൻ സൂര്യൻ തയ്യാറായത്. ഒറ്റപ്പെട്ടുള്ള ജീവിതം അവനെ അത്രയേറെ മടുപ്പിച്ചിരുന്നു. തനിക്ക് സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാനൊരു ഭാര്യയും സ്വന്തം രക്തത്തിലൊരു കുഞ്ഞും അവൻ ആഗ്രഹിച്ചു തുടങ്ങിയിരുന്നു.
*****************
നീലിമ ഇപ്പോ പ്ലസ് ടുവിനു പഠിക്കുകയാണ്. ക്ലാസുകളൊക്കെ കഴിഞ്ഞ് അവൾക്കിപ്പോ പരീക്ഷയുടെ സമയമാണ്. അവസാന ദിവസത്തെ പരീക്ഷയും കഴിഞ്ഞ് വൈകുന്നേരം കവലയിൽ ബസ്സിറങ്ങി നടന്ന് വരുകയായിരുന്നു നീലിമ. അവളുടെ വരവും കാത്ത് ആ നാട്ടുവഴിയോരത്ത് ജീപ്പ് നിർത്തി അതിൽ ചാരി സൂര്യനും നിൽപ്പുണ്ടായിരുന്നു.
തുടരും…