നീത അറിയാതെ പറഞ്ഞു പോയതയിരുന്നു അത്. അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു….

പ്രണയമേ നിന്നോട്….
Story written by Ammu Santhosh
========================

“മതിയോ സിസ്റ്റർ?”

ബ്ലഡ്‌ എടുത്തു കഴിഞ്ഞു നീഡിൽ മാറ്റി കോട്ടൺ വെയ്ക്കുമ്പോൾ സിസ്റ്റർ നീത അവൻറെ മുഖത്ത് നോക്കി തലയാട്ടി

“അടുപ്പിച്ച് ബ്ലഡ്‌ ഇങ്ങനെ കൊടുക്കുന്നത് ദോഷം ചെയ്യും കേട്ടോ വിപിനെ വീട്ടിൽ ആരുമില്ലേ”

അവൻ എഴുന്നേറ്റു ചിരിച്ചു

“വീട്ടിൽ എല്ലാവരുമുണ്ട്. അമ്മ അച്ഛൻ അനിയത്തി..ഇതിൽ അച്ഛൻ ഒഴിച്ച് ബാക്കിയാരും എന്റെയല്ല..”

നീത തലയാട്ടി

അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായി

അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ്. അവർ അവനോട് വളരെ മോശമായാണ് പെരുമാറുന്നത്

അല്ലെങ്കിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഒരു പയ്യന് ഇങ്ങനെ blood കൊടുത്തു ജീവിതചിലവ് നടത്തേണ്ട കാര്യമില്ല

ഇത്രയും മനസിലായിട്ടും അവൾ പക്ഷെ അതൊന്നും കാണിച്ചില്ല

“എക്സാം കഴിഞ്ഞോ.?”

“ഇല്ലന്നെ. ഫീസ് അടക്കാനല്ലേ ഈ കാശ്..പഠിക്കാൻ ഉള്ളത്കൊണ്ട് ഹോട്ടലിലെ ജോലി വിട്ടു. ഇനി പരീക്ഷ കഴിഞ്ഞു വല്ല തട്ട് കടയും തുടങ്ങണം. സ്വന്തം ആയിട്ട് ഭക്ഷണം കഴിക്കുകയും ചെയ്യാം “

അവൻ ഫ്രൂട്ടി കുടിച്ചു കൊണ്ട് പറഞ്ഞു

അവന്റെ അവസ്ഥ നീതയ്ക്ക് മനസിലായി

“അതിനും ഇങ്ങനെ ബ്ലഡ്‌ കൊടുത്തു ക്യാഷ് ഉണ്ടാക്കരുത് കേട്ടോ “

“ഞാൻ പോട്ടെ സിസ്റ്ററെ..”

നീത നോക്കി നിൽക്കുമ്പോഴേക്കും അവൻ പോയി കഴിഞ്ഞു

നീതയ്ക്ക് അവനോട് ഒരു സ്നേഹം ഉണ്ട്. കണ്ടു മിണ്ടി വെറുതെ ഉണ്ടായ ഒന്നല്ല അത്. അവന്റെ അവസ്ഥ അറിഞ്ഞുണ്ടായ സ്നേഹം ആയിരുന്നു. ആഴത്തിൽ ആയിരുന്നു. പക്ഷെ അതും അവൾ അവനോട് പറഞ്ഞില്ല

അവൻ പിന്നെ വന്നില്ല. നമ്പർ ഉണ്ട്. പക്ഷെ അവൾ വിളിച്ചില്ല.

പിന്നെ നീത ആറുമാസം കഴിഞ്ഞാണ് അവനെ കാണുന്നത്. കയ്യിൽ ഒരു ബോക്സ്‌ നിറയെ ലഡു

“സിസ്റ്ററെ ലഡു “

“ആഹാ സന്തോഷം ആണല്ലോ..” അവൾ ഒരു ലഡു എടുത്തു

“അതേയ് ഒരു സംഭവം ഉണ്ട് ..”

“ആഹാ  തട്ട് കട തുടങ്ങാനുള്ള ക്യാഷ് സംഘടിപ്പിക്കാൻ ബ്ലഡ്‌ കൊടുത്തുള്ള പരിപാടി ആണെങ്കിൽ വേണ്ട കേട്ടോ. ഇപ്പോൾ തന്നെ എന്ത് മെലിഞ്ഞിട്ട് നോക്കിക്കേ,”

“പിന്നെ ക്യാഷ് സിസ്റ്റർ തരുവോ?”

“അങ്ങനെ ചോദിച്ചാൽ..ഈ വള എടുത്തോ. ഒരു പവനുണ്ട്. സ്വർണത്തിന്റെ വില ഇപ്പോൾ റോക്കറ്റ് പോലെ മോളോട്ട് അല്ലേ. അത് കൊണ്ട് നല്ല ക്യാഷ് കിട്ടും. ബിസിനസ് നന്നാകുമ്പോ തന്നോളൂ.”

അവൻ വിശ്വസിക്കാൻ വയ്യാത്ത പോലെ നോക്കി. പിന്നെ പെട്ടെന്ന് ചിരിച്ചു

“ഹേയ്..അതൊന്നും വേണ്ട. ഞാൻ വെറുതെ ചോദിച്ചതല്ലേ.. എനിക്കെ ഒരു ലോട്ടറി അടിച്ചു “

അവൻ പറഞ്ഞു

“ശരിക്കും? എത്ര ലക്ഷം രൂപയാ”

“അത് മാസം മാസം കിട്ടുന്ന ലോട്ടറിയാ “

“ങേ?”

“ഞാൻ. അന്ന് പറഞ്ഞില്ലേ ഒരു psc എഴുതിയിരുന്ന കാര്യം. എൽ ഡി സി..അത് കിട്ടി..”

അവൻ അപ്പോയ്ന്റ്മെന്റ് ഓർഡർ അവളുടെ കയ്യിൽ കൊടുത്തു

“എന്റെ ഈശ്വര.. ദൈവം കേട്ട് എന്റെ പ്രാർത്ഥന “

നീത അറിയാതെ പറഞ്ഞു പോയതയിരുന്നു അത്. അവന്റെ മുഖത്ത് ഒരു കള്ളച്ചിരി വന്നു

“അല്ല കിട്ടണേ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു. എന്നോട് പറഞ്ഞിരുന്നല്ലോ “

“ഉം ഉം “

“ഞാൻ പോകുവാ ഈ നഗരത്തിൽ നിന്ന്. കോഴിക്കോട് ആണ് ഫസ്റ്റ് പോസ്റ്റിങ്ങ്‌..”

അവൾ മിണ്ടിയില്ല

“ഞാൻ പോവാണെന്ന് “

അവൻ ചെവിക്ക് അരികിൽ വന്നു ഉറക്കെ പറഞ്ഞു

“ഇതെന്തുവാ ചെവി പൊട്ടിപ്പോകുമല്ലോ. പൊയ്ക്കോ “

“അല്ല എന്നിട്ടെന്താ ഞെട്ടാത്തെ?”

(ലാലേട്ടൻ അനുകരണം )

“സാധാരണ കാര്യം കേൾക്കുമ്പോ ആരെങ്കിലും ഞെട്ടുവോ?”

അവൾ കളിയാക്കി

“ഇവിടെ എങ്ങനെ..സാലറി ഒക്കെ?” അവൻ അടുത്തേക്ക് നീങ്ങി

“കുഴപ്പമില്ല “.അവൾ കുറച്ചു പുറകിലോട്ട് നീങ്ങി

“കോഴിക്കോട് നല്ല ഹോസ്പിറ്റലുകൾ ഉണ്ട്. ലാലേട്ടൻ ചോദിച്ച പോലെ..പോരുന്നോ എന്റെ കൂടെ?”

നീത ചിരിച്ചു

“ഒന്ന് പോയെ ചെക്കാ. എനിക്ക് ഡ്യൂട്ടി
ഉണ്ട് “

അവൾ നടന്നു

“അതേയ്..ഞാൻ ജോയിൻ ചെയ്തിട്ട് വരാമേ..വീട്ടിൽ ഒന്ന് പറഞ്ഞു വെച്ചേക്കെ “

“ഇല്ലാ..”

“ഒന്ന് നിന്നെ എന്റെ നിത കുട്ടി “

അവൻ ആ കയ്യിൽ പിടിച്ചു

“ദേ പെൺപിള്ളേരുടെ കയ്യിൽ കേറി പിടിച്ചാൽ കേസ് ആണ് ട്ടോ “

“പെൺപിള്ളേർ ഇല്ല. ഒരു പെണ്ണ്. എന്റെ എന്ന് ഞാൻ  വിചാരിച്ച ഒരു പെണ്ണ്.
അവളുടെ കയ്യിൽ ആണ് പിടിച്ചത്. ഇത് വരെ ചോദിക്കാൻ പേടിയായിരുന്നു. ആരുമില്ല എനിക്ക്. ഒന്നുമില്ല… ഭക്ഷണം കഴിക്കാൻ രക്തം കൊടുക്കേണ്ടി വന്ന ഒരുത്തൻ..പക്ഷെ നമുക്ക് അറിയാല്ലോ.”

അവന്റെ ശബ്ദം ഒന്നിടറി

“എന്റെ blood ബോട്ടിലിലേക്ക് കയറുമ്പോൾ ഒരിക്കൽ നീതയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്..ആ ഉള്ളിൽ ഞാൻ ഉണ്ടെന്ന്..എന്നോട് സ്നേഹം ഉണ്ടെന്ന്..ഒക്കെ..”

അവൻ ഒന്ന് നിർത്തി

“നമ്മുടെ സ്വന്തം ആളെ ദൈവം കാണിച്ചു തരുന്നത് ഇത് പോലൊക്കെ തന്നെയാ..വലിയ ഇഷ്ടമാ എനിക്ക്..ഇപ്പോൾ എനിക്ക് ഒരു ജോലിയുണ്ട്..ജീവിതം ഒന്ന് ചിരിച്ചു മുന്നിൽ നിൽക്കുന്നുണ്ട്..എന്റെ കൂടെ ഒന്ന് ആ ചിരി ഷെയർ ചെയ്യാമോ?”

നിതയുടെ കണ്ണുകൾ തുളുമ്പി

“ഒന്ന് പോയെ..സെന്റി ആക്കാതെ..”

“വീട്ടിൽ പറഞ്ഞു വെച്ചേക്കമോ”

അവൾ ചിരിച്ചു. പിന്നെ വള ഊരിക്കൊടുത്തു

“ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ തിരിച്ചു എടുത്തു തന്നോളൂ..ഒരുപാട് ചിലവുണ്ട്
യാത്ര. വീട് എടുക്കണം.. ഡ്രസ്സ്‌ നല്ലതെടുക്കണം.. ഒരു മാസത്തെ ഭക്ഷണം.. “

അവൻ കയ്യിൽ വീണ വള നോക്കി നിന്നു

“അതേയ് ഡ്യൂട്ടി ഉണ്ട്..ആ വള വിൽക്കരുത്. വീട്ടിൽ ചോദിക്കും..കല്യാണം കഴിക്കാൻ പോണ ചെക്കൻ പണയം വെച്ചെന്ന് പറഞ്ഞേക്കാം.”

അവൾ തിരിഞ്ഞു വാർഡിലേക്ക് പോയി. അവൻ അത് നോക്കി നിന്നു. പിന്നെ ചിരിയോടെ തിരിഞ്ഞു നടന്നു

ചില ഇഷ്ടങ്ങളെ ദൈവം തരുന്നത് കണ്ണീർ കടലിൽ കൂടി ഒരു തവണ യാത്ര ചെയ്യും വഴിയാണ്..

ദൈവത്തിനു അത് ഒരു രസം

-അമ്മു

Leave a Reply

Your email address will not be published. Required fields are marked *