ഇഷ്ടമാണ് നൂറുവട്ടം…
എഴുത്ത് : വിജയ് സത്യ
==================
ആദ്യരാത്രിയിൽ മനസ്സിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുടെ സാക്ഷാൽകാരം, ഒടുവിലുള്ള ചടുല താളങ്ങളുടെ നിമ്നോന്നത ആരവങ്ങൾ, ഒക്കെ അടങ്ങിയപ്പോൾ തികച്ചും നിശബ്ദത പരന്നു…
ഭർത്താവ് സോഹൻ നിദ്രയിലായി. നിഷ ഇന്നുവരെ കാത്തുസൂക്ഷിച്ച വിലപ്പെട്ടതൊക്കെ അവൻ അപഹരിച്ചു എടുത്തു.
മിന്നൽ കൊടി പോലെ പടർന്ന് കയറിയ അവനിപ്പോൾ ഒരു ചൊറിയൻപുഴു ആയി മാറിയിരിക്കുന്നു.
‘ഇവനെ അങ്ങ് കൊ- ന്നാ- ലോ…?’
ആ നിമിഷം അവൾക്ക് അങ്ങനെയാണ് തോന്നിയത്….!
ഇത്തിരി മുമ്പാണ് കൂട്ടുകാരി ശാന്തി ആ ശരിയായ ആ വീഡിയോ അവൾക്ക് അയച്ചു കൊടുത്തത്..!
‘ഈശ്വരാ താൻ പ്രകാശേട്ടനെ വഞ്ചിച്ചിരിക്കുന്നു.’ അവൾക്കു തല പെരുക്കുന്നത് പോലെ തോന്നി.
അവളെ മഹാപാപം ചെയ്യിപ്പിച്ച് ആകുലതയിലാക്കിയ ആ സംഭവം അവൾ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു…….
ഇന്നലെ പകൽ സോഹനെ നേരിൽ കണ്ടു നിഷ ചോദിച്ചു
“സോഹാ..തനിക്ക് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ? “
“ഇതെന്ത് ചോദ്യം ആണ് നിഷ. നീയല്ലേ എന്നെ തേച്ചിട്ട് പോയത്. ചെന്നൈയിലുള്ള ബാങ്ക് ഉദ്യോഗസ്ഥൻ നിന്നെ പെണ്ണുകാണാൻ വന്നെന്നും വീട്ടിൽ വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി എന്നൊക്കെ പറഞ്ഞട്ടിപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം.”
വീട്ടുകാരെ പിണക്കാൻ പറ്റില്ലെന്ന് പറഞ്ഞു നിഷ്കരുണം തന്റെ പ്രണയത്തെ തള്ളിപ്പറഞ്ഞു പോയവൾ ആണ്. അവന്റെ മനസ്സിൽ അതൊരു ആഘാതമായിരുന്നു. അവന്റെ പ്രണയം ആത്മാർത്ഥമായിരുന്നു. അന്നേ അവൻ മനസ്സിൽ കുറിച്ചിട്ടതാണ്.
“ആട്ടെ ഇപ്പോൾ എന്തിനാ ഇങ്ങനെ ചോദിച്ചത്?”
“നീ എന്നെ വിവാഹം കഴിക്കുമോ?” അവൾ ചോദിച്ചു
“ഞാൻ പാവപ്പെട്ട വീട്ടിലെ പയ്യൻ അല്ലേ…? അതുകൊണ്ടല്ലേ വിവാഹം ആയപ്പോൾ നീ നമ്മുടെ പ്രേമത്തെ അവഗണിച്ച് അയാളുടെ കൂടെ ഒക്കെ ജീവിക്കാൻ ശ്രമിച്ചത്. ഇപ്പോൾ എന്താ പ്രശ്നം കല്യാണം മുടങ്ങിയൊ “
അവൻ ആകാംക്ഷയോടെ ചോദിച്ചു.
“പാവപ്പെട്ടവൻ ആണെങ്കിലും നിനക്കൊരു ജോലി ഉണ്ടല്ലോ. മാത്രമല്ല നമ്മൾ പരസ്പരം പ്രേമിച്ച വരല്ലേ. ഒന്നിച്ച് ജീവിക്കാൻ നിനക്കും ആഗ്രഹമില്ലേ”
അവൾ ചോദിച്ചു..
“അപ്പോൾ ഉറപ്പിച്ച നിന്റെ വിവാഹം? “
“കല്യാണം മറ്റന്നാളാണ്. പക്ഷേ എനിക്ക് അയാളെ വേണ്ട..”
“അതെന്താ?”
“അതൊക്കെയുണ്ട്”
സോഹന് അത് കേട്ടപ്പോൾ കോൾ അടിച്ച പോലെയായി
പിറ്റേന്ന് അവൾ അവന്റെ കൂടെ ഒളിച്ചോടി. അവൻ ഒരു ക്ഷേത്രത്തിൽ വെച്ച് അവളെ താലികെട്ടി. അവളെ തന്റെ കൊച്ചു വീട്ടിലേക്ക് കൊണ്ടു പോയി.
അന്ന് രാത്രി അവൻ ചോദിച്ചു. എന്താണ് വിവാഹം വേണ്ടെന്ന് വെച്ച് അയാളെ വിട്ട് വരാൻ കാരണം.
അവൾ ഒരു വീഡിയോ കാണിച്ചു. രണ്ടുദിവസം മുമ്പ് ആരോ അയച്ചു അവളുടെ വാട്സപ്പ് ലേക്ക് വന്നതാണ്.
ചെന്നൈയിൽ ജോലിയുള്ള അവളെ കെട്ടാൻ പോകുന്ന യുവാവ് അവിടുത്തെ പട്ടണത്തിൽ ഒരു മോഡേൺ യുവതിയുടെ കൈയും വീശി അടിപൊളിയായി റോഡിലൂടെ നടക്കുന്ന ഒരു വീഡിയോ.
സോഹൻ ഉള്ളിൽ സന്തോഷിച്ചു. തന്റെ മനസ്സിലെ ആഗ്രഹം പോലെ തന്നെ ഇവൾ ആപ്പിൽ ആയിരിക്കുന്നു. അതുകൊണ്ട് താൻ ആഗ്രഹിച്ചതുപോലെ അവൾ തന്റെ ഭാര്യയായിരിക്കുന്നു
ആ വീഡിയോ കണ്ടതിനു ശേഷമാണ് അവളുടെ മനസ്സു മാറിയത്.
പിന്നെ പല നവ മാധ്യമങ്ങളിലും വീഡിയോ പ്രത്യക്ഷപ്പെട്ടു. അവൾ പേടിച്ചു ലിങ്ക് തുറന്നത് ഇല്ല…കാരണം അവൾക്ക് അത് നേരത്തെ കിട്ടിയതല്ലേ. അത് കണ്ടപ്പോൾ തന്നെ നല്ല ജീവൻ പോയി. നല്ല ഷോക്ക് ആയതാണ്.
അതുകൊണ്ട് വീണ്ടും വീണ്ടും ആ പാനിക് ഷോക്കു വരാൻ ആരും ആഗ്രഹിക്കില്ല. ആ നിമിഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു.
നേരിട്ട് സോഹനെ കണ്ടു കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തലേന്ന് തന്റെ പ്രതിശ്രുത വധു ഒളിച്ചോടി എന്ന് അറിഞ്ഞ ആ യുവാവ് അന്നു വൈകിട്ട് തന്നെ ചെന്നൈയിലേ ജോലിസ്ഥലത്തേക്ക് ദുഃഖത്തോടെ മടങ്ങിപ്പോയി
ഓഫീസിലേക്ക് പോകാനുള്ള വഴിമധ്യേ ഒരു റോഡ് ക്രോസ് ചെയ്യാൻ വേണ്ടി സീബ്രാ ലൈനിൽ നിൽക്കുകയാണ് അവനിപ്പോൾ….
എന്നും ആ സീബ്രാലൈൻ ക്രോസ് ചെയ്തു വേണം അവൻ അപ്പുറത്ത് ഓഫീസിലെത്താൻ…
ചെന്നൈയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ആ അന്ധയായ യുവതി ഇന്നും റോഡ് കടക്കാൻ കൃത്യസമയത്ത് ആ സീബ്ര ലൈൻ സ്റ്റാർട്ടിങ് പോയന്റിൽ വന്നു നിൽപ്പുണ്ട്.
രണ്ടാഴ്ച മുമ്പാണ് താൻ അവരെ ഹെൽപ്പ് ചെയ്യുന്ന സമയത്ത് ആരോ പകർത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്!
ഒരു യുവാവിന്റെ ജീവകാരുണ്യപ്രവർത്തനം എന്നൊക്കെ പലരും വിശേഷിപ്പിച്ച ആ വീഡിയോ അവനും കണ്ടതാണ്.
തേച്ചിട്ട് പോയ കാമുകിക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് സോഹന് ആ വീഡിയോയുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കു കാര്യങ്ങളൊക്കെ മാറ്റി സൂം ചെയ്തു അതൊരു യുവതിയുടെയും യുവാവിന്റെയും നടുറോട്ടിൽ വച്ചുള്ള അനശ്വര പ്രേമ മുഹൂർത്തം ആക്കി ചിത്രീകരിച്ചത്….
നിഷയുടെ ഭർത്താവ് ആകാൻ പോകുന്ന പ്രകാശൻ ആണ് അതൊന്നു മനസിലാക്കിയ അവനാണ് ഏറ്റവും വേഗം വേറൊരു നമ്പറിൽ നിന്നും മുൻ കാമുകിയുടെ വാട്സപ്പ് ലേക്ക് അയച്ചത്.
യാത്രക്കാർക്കുള്ള സിഗ്നൽ ആയപ്പോൾ തങ്ങിനിന്ന എല്ലാവരും വേഗം പോയി.
യുവാവും അന്ധയായ യുവതിയും ഒടുവിൽ ബാക്കിയായി.
ഇപ്രാവശ്യവും അവൻ തന്നെ ആ യുവതിയെ സഹായിക്കേണ്ടി വന്നു. അവൾക്ക് അവന്റെ മണവും സ്പർശനവും തിരിച്ചറിഞ്ഞു.
“ഹായ് പ്രകാശ്, നാട്ടിൽ പോയിട്ട് വന്നോ? എന്തായി കല്യാണം ഒക്കെ ഭംഗിയിൽ കഴിഞ്ഞോ?”
കഴിഞ്ഞ പ്രാവശ്യം റോഡിനു മറുപുറം എത്തിയപ്പോൾ നന്ദി സൂചകമായി അവർ സംസാരിക്കുന്ന അവസരത്തിൽ വളരെ ചെറിയ വാക്കുകളിൽ അവൻ തന്റെ കൊച്ചു വിശേഷ കാര്യങ്ങൾ പറഞ്ഞിരുന്നു. അതാണ് വീണ്ടും ഇന്ന് കണ്ടപ്പോൾ അവൾ ചോദിച്ചതു.
അവൻ മറുപടി ഒന്നും പറഞ്ഞില്ല. റോഡിന് മറുപുറം എത്തിയപ്പോൾ അവൾ ചോദിച്ചു.
“എന്താണ് സംസാരിക്കാത്തത്….എന്ത് പറ്റി പ്രകാശ്?”
അവനവന്റെ ദുഃഖ കാരണമായ നാട്ടിലെ മുടങ്ങിയ വിവാഹ കഥ മുഴുവൻ അവൻ പറഞ്ഞു
അന്ന് ഒരുനാൾ റോഡ് കടക്കാൻ തന്നെ സഹായിച്ച സമയത്ത് എടുത്ത വീഡിയോ പൊതുജനങ്ങൾ ഏറ്റെടുത്ത കാര്യവും അന്ധയായ യുവതിക്ക് അറിയാം.
താൻ കാരണം, തന്നെ സഹായിച്ചത് കാരണം, ഒരാളുടെ ജീവിതം നഷ്ടപ്പെട്ടു. അവൾക്ക് അത് ദുഃഖമായി.
അന്ധയാണെങ്കിലും അതീവ സുന്ദരിയായ അവൾ അയാളോട് ചോദിച്ചു.
“ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല. എനിക്കതിന് അർഹത ഉണ്ടോ എന്നും അറിയില്ല? എനിക്കെന്നും വെളിച്ചമായി താങ്ങായി തണലായി കൂടെ ഉണ്ടാകുമോ? എന്നെ ഭാര്യയായി കൂടെ കൂട്ടുമോ?”
പ്രകാശ് സ്തബ്ധനായി? ഈശ്വര ഇവരെന്താ ചോദിക്കുന്നത്?’
കാഴ്ച ഉള്ളത് കാരണം ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച കണ്ട് അതിന്റെ പിറകെ ഓടുന്ന ദുരാഗ്രഹിയായ മനുഷ്യരെക്കാൾ കാഴ്ചയില്ലാത്ത ഉൾക്കാഴ്ചയുള്ള
അന്ധരായ പാവം മനുഷ്യർ തന്നെയാണ് യഥാർത്ഥ സ്നേഹം തരിക..!!
അന്ന് വൈകിട്ട് അവളുടെ ചോദ്യത്തിന് അവൻ മറുപടി നൽകി.
“എനിക്ക് ഇഷ്ടമാണ് നൂറുവട്ടം!”
ഞാൻ വിവാഹം ചെയ്തോളാം.!!