എത്രയോ തവണ ഞാൻ പറഞ്ഞു നോക്കി ഒന്നുമില്ല ഞങ്ങൾ തമ്മിൽ സൗഹൃദം മാത്രമേയുള്ളൂ എന്ന്….

എഴുത്ത്: നില

“മോളെ അവൻ വന്നിട്ടുണ്ട്. നിന്നോട് ഒന്ന് സംസാരിക്കണം എന്ന്. ഒന്നുമില്ലെങ്കിലും നിന്റെ കഴുത്തിൽ താലികെട്ടിയ ആളല്ലേ, നീ ഒന്ന് സംസാരിച്ചു നോക്കൂ!”

അമ്മ വന്നു പറഞ്ഞപ്പോൾ ഒന്നും മനസ്സിലാകാതെ ഞാൻ അമ്മയെ നോക്കി. ഇതുവരെ എന്റെ ഭാഗം നിന്നിരുന്ന അമ്മയാണ് അയാൾ വന്ന് ഒന്ന് ചിരിച്ചു കാട്ടിയപ്പോൾ ആകെ മാറിയത്…

“അമ്മയ്ക്ക് ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുണ്ടോ? എനിക്ക് അയാളെ കാണണ്ട!! എന്റെ ജീവിതം ഇത്രയ്ക്ക്  നശിപ്പിച്ചത് അയാളാണ്!!

അമ്മയോട് പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു.

“എന്റെ മോളെ ജീവിതം എന്നൊക്കെ പറയുമ്പോൾ ഇതുപോലെ തന്നെയാണ്. ഒരാൾ എപ്പോഴും ജീവിതത്തിൽ ഒരേപോലെ ആവില്ല. എല്ലാ ദുഷ്ടന്മാർക്കും നന്നാവാൻ ഒരു  അവസരം നമ്മൾ കൊടുക്കുക തന്നെ വേണം!”

കുറച്ചു മുന്നേ വരെ എന്റെ മുറിയിൽ വന്നിരുന്നു അയാളെ പറ്റി ശപിച്ചുകൊണ്ടിരുന്ന അമ്മ തന്നെയാണോ ഈ പറയുന്നത് എന്ന് വിശ്വാസം വരാതെ ഞാൻ നോക്കി.

അമ്മ അവിടെ നിന്ന് എഴുന്നേറ്റുപോയി.

കോളേജിൽ പഠിക്കുകയായിരുന്നു ഞാൻ. അവിടെ വച്ച് എനിക്ക് കിട്ടിയ സൗഹൃദമാണ് അനൂപ്…

സരസുമായി സംസാരിക്കുന്ന നന്നായി പാട്ടുപാടുന്ന കഥകൾ പറയാൻ ഇഷ്ടമുള്ള അനൂപിന് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടു. എനിക്കും അവനെ ഒരുപാട് ഇഷ്ടമായിരുന്നു. എങ്ങനെയാണ് എന്നറിയില്ല അവനും ഞാനും നല്ല സുഹൃത്തുക്കൾ ആയി മാറി. വെറും സുഹൃത്തുക്കൾ മാത്രം….

ഒരു ദിവസം അവന്റെ കൂടെ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയി. തിരിച്ചുവരുമ്പോൾ അല്പം വൈകി എന്ന് പറഞ്ഞാൽ സന്ധ്യ ആവുന്നത് ഉണ്ടായിരുന്നുള്ളൂ. തിരികെ വരുമ്പോൾ അവൻ ഒരു ജ്യൂസ് ഓഫർ ചെയ്തു. സന്തോഷത്തോടെ അത് സ്വീകരിച്ചു രണ്ടുപേരും കൂടി ഒരു ബേക്കറിയിൽ ഇരുന്ന് ജ്യൂസ് കുടിക്കുമ്പോഴാണ് അച്ഛന്റെ ഏതോ സുഹൃത്തുക്കൾ അച്ഛനോട് അത് കണ്ടിട്ട് പറഞ്ഞു കൊടുക്കുന്നത്. വീട്ടിൽ വന്നപ്പോൾ വല്ലാത്ത ബഹളം ആയിരുന്നു. അടിയും പിടിയും എല്ലാം…

എത്ര കരഞ്ഞു പറഞ്ഞിട്ടും അച്ഛൻ വിശ്വസിച്ചില്ല ഞങ്ങൾ തമ്മിൽ വെറും സൗഹൃദം മാത്രമേയുള്ളൂ എന്ന്..

ഒടുവിൽ സ്വന്തം സഹോദരിയെ വിളിച്ചുവരുത്തി സഹോദരിയുടെ മകന്റെ തലയിൽ എന്നെ കെട്ടിവയ്ക്കുന്നത് വരെ അച്ഛന്റെ ദേഷ്യം നീണ്ടുനിന്നു. എത്രയോ തവണ ഞാൻ പറഞ്ഞു നോക്കി ഒന്നുമില്ല ഞങ്ങൾ തമ്മിൽ സൗഹൃദം മാത്രമേയുള്ളൂ എന്ന്. പക്ഷേ ഞാൻ കള്ളം പറയുന്നതാണ് എന്ന് അച്ഛൻ വിശ്വസിച്ചു എന്നെക്കാൾ അച്ഛന്റെ കൂട്ടുകാർ പറയുന്നതായിരുന്നു അച്ഛന് വേദവാക്യം…

അപ്പച്ചിയുടെ മകന് ബാംഗ്ലൂരിലാണ് ജോലി എന്നതല്ലാതെ കൂടുതലൊന്നും ആർക്കും അറിയില്ല. അപ്പച്ചി നാട്ടിലും മകൻ ബാംഗ്ലൂരും ആണ്. അപ്പച്ചിയുടെ ഭർത്താവ് മകൻ കുഞ്ഞാവുമ്പോൾ തന്നെ മരിച്ചിരുന്നു…

ദിനേശ് എന്നായിരുന്നു അയാളുടെ പേര്. ഞാനും ചെറുപ്പത്തിൽ കണ്ടതാണ്. പിന്നെ അങ്ങനെ കാണാനുള്ള സാഹചര്യം ഒന്നും ഉണ്ടായിരുന്നില്ല. അപ്പച്ചി മകനെ വിളിച്ചുവരുത്തി. ദിനേശന് എന്നെ കല്യാണം കഴിക്കുന്നതിന് പൂർണ്ണ സമ്മതം ആയിരുന്നു. എനിക്കും സമ്മതക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. കാരണം ഇവർ പറയുന്നതുപോലെ എനിക്ക് അനൂപമായി ഒരു പ്രണയം ഒന്നും ആയിരുന്നില്ല. പക്ഷേ എന്നിട്ടും എന്നെ വിശ്വസിച്ചില്ലല്ലോ എന്നൊരു സങ്കടം എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യത്തെ രണ്ട് ദിവസം അപ്പച്ചിയുടെ കൂടെ അവിടെ വീട്ടിൽ നിന്നോ അതുകഴിഞ്ഞ് എന്നെയും കൊണ്ട് ദിനേശേട്ടൻ ബാംഗ്ലൂരിലേക്ക് പോന്നു..

ഇവിടെ എത്തിയപ്പോഴാണ് ആൾക്ക് ടാറ്റു അടിക്കുന്ന ജോലിയാണ് എന്ന് പോലും ഞാൻ അറിഞ്ഞത്..

പിന്നെയും അറിയാത്ത കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. അയാൾ ഒരു മെയിൽ പ്രോ- സ്റ്റിറ്റ്യൂട്ട് ആയിരുന്നു…

ചില ദിവസങ്ങളിൽ രാത്രി വരില്ല. ചിലപ്പോൾ പകൽ മുഴുവൻ കാണില്ല. അയാളുടെ സ്ഥാപനത്തിൽ വിളിച്ചാലും അവിടെയില്ല എന്നാണ് അറിയുക ഫോണിൽ വിളിച്ചാൽ സ്വിച്ച് ഓഫ് ആയിരിക്കും.

ഞാൻ വീട്ടിൽ തനിച്ചാണ് എന്നൊരു ചിന്ത പോലും അയാൾക്കില്ല. എപ്പോഴെങ്കിലും ക- ള്ളു കുടിച്ചു കേറി വരുന്നത് കാണാം. ആ സമയത്ത് ഭ്രാന്തമായി അയാൾ എന്നെ ഉപദ്രവിക്കും…ക്രൂ- രമായി ഭോ- ഗിക്കും. തടയാൻ നിന്നിട്ടുണ്ടെങ്കിൽ മൃ- ഗീയമായി  മർദ്ദിക്കും..

ഇതെല്ലാം ഞാൻ നാട്ടിലേക്ക് വിളിച്ചു പറയാതിരിക്കാൻ അയാൾ എന്റെ ഫോൺ നശിപ്പിച്ചു..

വീട് പുറത്തുനിന്ന് പൂട്ടിയിട്ട് പോകും..കുറേദിവസം അതിനുള്ളിൽ ഇരുന്ന് കരഞ്ഞ് ഞാൻ കഴിഞ്ഞുകൂടി. അവിടെയുള്ള ആഹാരസാധനങ്ങൾ പോലും തീർന്നോ എന്ന് അയാൾ നോക്കില്ല. തോന്നിയാൽ എന്തെങ്കിലും ഒക്കെ കൊണ്ട് വന്ന് തരും.

ആറേഴു മാസം ജയിലിൽ ഇട്ടതുപോലെ ഞാൻ അവിടെ കഴിഞ്ഞു. അത് കഴിഞ്ഞ് ഒരു ദിവസം അയാൾ ഇറങ്ങിപ്പോയതാണ്. മൂന്ന് ദിവസമായിട്ടും അയാൾ തിരികെ വന്നില്ല. എന്തുവേണമെന്ന് പോലും അറിയാതെ ഞാൻ നിന്നു. അവിടെയുള്ള ആഹാരസാധനങ്ങൾ ഏകദേശം തീരാറായി. അവസാനമായി ഉണ്ടായിരുന്നത് അല്പം അരി മാത്രമായിരുന്നു. അത് കഞ്ഞി വെച്ച് കുടിച്ചു.

അതും കൂടി തീർന്നിട്ടുണ്ടെങ്കിൽ അവിടെ കിട്ടുന്ന വെള്ളം കുടിച്ച് ഞാൻ വിശപ്പ് അടക്കേണ്ടി വരും. ഇനിയും ഇങ്ങനെ കിടന്നാൽ ഞാൻ ചത്തുപോകും എന്ന് കരുതിയാണ് വാതിലിൽ ശക്തമായി അടിക്കാൻ തുടങ്ങിയത്..ആദ്യം ഒന്നും ആരും ശ്രദ്ധിച്ചില്ല. പക്ഷേ കുറെ ആയപ്പോൾ  ആരോ അപ്പുറത്തുനിന്ന് വന്നു എന്താ പറ്റിയത് എന്നെല്ലാം ചോദിച്ചു.

അയാളുടെ ഭാഷ എനിക്കറിയില്ലായിരുന്നു. എനിക്കറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു ഒപ്പിച്ചു. താഴെ പോയി അയാൾ സെക്യൂരിറ്റിയെയും മറ്റും വിളിച്ചുകൊണ്ടുവന്ന് സ്പെയർ കീ കൊണ്ട് വാതിൽ തുറന്നു..

എന്റെ അവസ്ഥ കണ്ടപ്പോൾ അവർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. അവർ തന്നെയാണ് നാട്ടിലേക്ക് വിളിച്ചു അച്ഛനോട് വന്നു കൊണ്ടുപോകാൻ പറഞ്ഞത്..

അപ്പോഴാണ് അയാൾ കയറി വരുന്നത് എന്റെ ഭർത്താവ്…അയാൾ എല്ലാവരുടെയും മുന്നിൽവച്ച് അയാളുടെ കള്ളത്തരങ്ങൾ വെളിവായി.

അതിന്റെ ദേഷ്യത്തിൽ എന്നെ അടിക്കാൻ നോക്കി. പക്ഷേ അവിടെയുള്ളവർ സമ്മതിച്ചില്ല. അപ്പോഴേക്കും ആരോ അറിയിച്ചത് പ്രകാരം പോലീസ് വന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. എല്ലാം കണ്ട് ഞാൻ അവിടെ തന്നെ തലചുറ്റി വീണു. അവരെന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അപ്പോഴാണ് ഞാനും അറിയുന്നത് ഞാൻ ഗർഭിണിയാണ് എന്ന്..

അപ്പോഴേക്കും അച്ഛൻ എത്തിയിരുന്നു അച്ഛൻ എന്നെയും കൊണ്ട് നാട്ടിലേക്ക് പോന്നു..

അച്ഛനോട് ഞാനൊരു അക്ഷരം പോലും സംസാരിച്ചില്ല. ഇല്ലാത്ത ഒരു പ്രണയം എന്റെ തലയിൽ കെട്ടിവച്ച് എന്റെ ജീവിതം പോലും തകർത്തത് ഈ മനുഷ്യനാണ്. എന്നെ ഒന്ന് വിശ്വസിച്ചിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു. അല്ലെങ്കിൽ മകളെ കൈപിടിച്ചു കൊടുക്കുന്ന ആളിന്റെ സ്വഭാവത്തെപ്പറ്റി ചെറുതായെങ്കിലും ഒരു ധാരണ വേണം. അതുപോലും ഇല്ലാതെ വെറും ഒരു  കന്നുകാലിയെ വിളിക്കുന്ന ലാഘവത്തോടെ എന്നെ കല്യാണം കഴിച്ചു വിട്ടതാണ് എന്റെ അച്ഛൻ. അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരോടും വെറുപ്പ് ആയിരുന്നു.

വീട്ടിൽ ചെന്നപ്പോൾ അമ്മ എന്റെ ഭാഗം നിന്നു. അതെനിക്ക് ആ സമയത്ത് വലിയൊരു ആശ്വാസമായിരുന്നു. ഇനി അയാളുടെ കൂടെ പോകണ്ട ഇവിടെ തന്നെ നിന്നോളാൻ അമ്മ പറഞ്ഞു. ഞാൻ അത് കേട്ട് ആശ്വസിച്ചു.

പക്ഷേ കുഞ്ഞ് ജനിച്ച് അല്പം കഴിഞ്ഞ് ഞങ്ങളെ കാണാൻ അയാൾ വന്നപ്പോൾ അമ്മയും അയാളുടെ ഭാഗം പറയാൻ തുടങ്ങി. അയാൾക്കൊരു തെറ്റുപറ്റിയതാണ് അയാൾ അത് തിരുത്തും പോലും..

അച്ഛൻ എന്നെ നിർബന്ധിക്കാൻ വേണ്ടി അമ്മയെ പറഞ്ഞുവിട്ടു. അപ്പച്ചിയുടെ വക ഒരു ഉപദേശം കഴിഞ്ഞു..

എല്ലാവർക്കും ഞാൻ അയാളുടെ കൂടെ പോവുകയാണ് വേണ്ടത്. ഇത്രയും കാലം എന്നെ ഉപദ്രവിച്ചതോ കൊ- ല്ലാക്കൊ- ല ചെയ്തതോ ഒന്നും ആർക്കും ഒരു വിഷയമല്ല. അതെല്ലാം അവർ മറന്നു കഴിഞ്ഞു ഇപ്പോൾ ഹൈലൈറ്റ് എനിക്കുണ്ടായ പെൺകുഞ്ഞും അതിന് അച്ഛൻ വേണം എന്നതും ആണ്…

അയാളോടൊത്ത് ഇനി ജീവിക്കാൻ പറ്റില്ല എന്ന് തന്നെ ഞാൻ തറപ്പിച്ചു പറഞ്ഞു. അതോടെ എല്ലാവരും  ഇതുവരെ സഹതാപത്തോടെ നോക്കിയിരുന്നത് മാറി എന്നെ അഹങ്കാരി എന്നൊരു മുദ്രകുത്തി കാണാൻ തുടങ്ങി..

അതിലൊന്നും ഞാൻ തളർന്നില്ല തിരികെ പോവില്ല എന്ന് വാശി പിടിച്ചു തന്നെ പറഞ്ഞു…അയാൾ തിരികെ പോയി അമ്മയും എന്നോട് മിണ്ടാതെയായി പക്ഷേ ഞാൻ തളർന്നില്ല..

മോളെയുമായി ആശുപത്രിയിൽ ചെന്നപ്പോഴാണ് അവിചാരിതമായി അനൂപിനെ കാണുന്നത്. അവനോട് ഞാൻ ഉണ്ടായതെല്ലാം തുറന്നു പറഞ്ഞു. അവന്റെ പേരിൽ ഒരുപാട് അനുഭവിക്കേണ്ടിവന്നു എന്നറിഞ്ഞപ്പോൾ അവനും സങ്കടമായി..

ഇപ്പോഴും ദിനേശന്റെ കൂടെ പോകാൻ വേണ്ടി നിർബന്ധിക്കുകയാണ് വീട്ടുകാർ എന്നറിഞ്ഞപ്പോൾ അവന് അത്ഭുതം, ഇങ്ങനെയും ഉണ്ടാവുമോ എന്ന്. അവൻ തന്നെയാണ് എന്നോട് അവന്റെ കൂടെ ഇറങ്ങി വരാൻ പറഞ്ഞത്..

ഏതായാലും നമ്മൾ തമ്മിൽ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചതല്ലേ ഇനിയിപ്പോ അങ്ങനെ തന്നെ ആയിക്കോട്ടെ..

പക്ഷേ എനിക്കതിന് താല്പര്യമുണ്ടായിരുന്നില്ല. അവന്റെ ജീവിതം തകരും എന്ന് ഒരു തോന്നൽ.

ഞാനില്ല എന്ന് പലതവണ പറഞ്ഞു പക്ഷേ അവൻ സമ്മതിച്ചില്ല. കുഞ്ഞിനെയും കൊണ്ട് ഇറങ്ങി ചെല്ലാൻ പറഞ്ഞു.

പക്ഷേ എനിക്കത് സമ്മതം ആയിരുന്നില്ല. ഒടുവിലാണ് അവൻ മനസ്സ് തുറന്നത് അവനെ എന്നോട് ഒരു ഇഷ്ടമുണ്ടായിരുന്നു അത് ഇപ്പോഴും ഉണ്ട് എന്ന്..ഞാനല്ലാതെ മറ്റൊരു പെണ്ണ് അവന്റെ ജീവിതത്തിലില്ല എന്നുകൂടി പറഞ്ഞപ്പോൾ പിന്നെ ഞാനും പ്രാക്ടിക്കൽ ആയി ചിന്തിച്ചു.

ഒടുവിൽ അവന്റെ കൂടെ ഇറങ്ങിപ്പോകാം എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം..പക്ഷേ ഡിവോഴ്സ് കിട്ടാതെ ഒരുമിച്ച് ജീവിക്കില്ല എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു…ആദ്യം തന്നെ ദിനേശിന്റെ പേരിൽ കേസ് കൊടുത്തു..ഒടുവിൽ ഡിവോഴ്സ് നേടിയെടുത്തു..

ഇപ്പോ അനൂപിനോടൊപ്പം ഒരു മനോഹരമായ ജീവിതം ജീവിക്കുകയാണ്..

എന്റെ മോളോട് ഇതുവരെയും അവൻ വേർതിരിവ് കാണിച്ചിട്ടില്ല ഞങ്ങൾക്ക് ഒരു മോൻ ജനിച്ചിട്ട് പോലും…

Leave a Reply

Your email address will not be published. Required fields are marked *