ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ, ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്.

Story written by Sajitha Thottanchery

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സുധേച്ചിക്ക് വിഷമാവോ “ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്.

“നീ ചോദിക്ക്.” അവൾക്ക് അഭിമുഖമായി കിടന്ന് സുദർശന അവളുടെ ചോദ്യത്തിന് കാതോർത്തു.

“അത്…… ചോദ്യം ഇഷ്ടായില്ലാച്ചാൽ മറുപടി പറയണ്ടാട്ടോ. കുറച്ച് നാൾ ആയുള്ള സംശയം ആണ്.”സുദർശനയുടെ മുഖഭാവം ശ്രദ്ധിച്ചു ഗൗരി പറഞ്ഞു.

“നീട്ടി വലിക്കാതെ ചോദിക്ക് പെണ്ണെ. ഉറക്കം വരുന്നു.”അവളുടെ തലയ്ക്ക് ഒരു തട്ട് കൊടുത്ത് സുധ പറഞ്ഞു.

“ചേച്ചിയെന്താ കല്യാണം കഴിക്കാത്തെ. ജാതക പ്രശ്നം ആണോ, അതോ……” പകുതിയിൽ അവൾ നിറുത്തി.

“ഇതാണോ വല്യേ കാര്യം. ഉറങ്ങാൻ നോക്ക്. സെക്കന്റ്‌ ഷോ കഴിഞ്ഞു വന്നു ഉറങ്ങാൻ കിടക്കുമ്പോ വേറൊന്നും കിട്ടീല്ലേ നിനക്ക്. നാളെ ജോലിക്ക് പോകണ്ടേ. കഥ പറഞ്ഞു ഇരുന്നാൽ നേരത്തിനു എണീക്കില്ല.”പുതപ്പ് വലിച്ചിട്ട് അവൾ ബെഡ് ലൈറ്റ് ഓഫ്‌ ആക്കി തിരിഞ്ഞു കിടന്നു.

ചോദിക്കണ്ടായിരുന്നു എന്ന് ഗൗരിക്ക് തോന്നി. അല്ലേലും നാവിൽ വേണ്ടാത്ത ചോദ്യങ്ങളെ വരൂ. സ്വയം കുറ്റപ്പെടുത്തി അവളും പുതപ്പ് നേരെയാക്കി ഉറങ്ങാൻ കിടന്നു.

ഗൗരിയും സുദർശന എന്ന സുധയും ……

കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ മാനേജർ ആണ് സുദർശന. പത്തു വർഷമായി ഒരേ കമ്പനിയിൽ. അവിടെ H.R ഡിപ്പാർട്മെന്റിൽ പുതിയതായി ജോയിൻ ചെയ്തതാണ് ഗൗരി. വീട്ടിൽ നിന്നും മാറി നിൽക്കുന്നത് ആദ്യമായിട്ട് ആയതിനാൽ അവൾക്ക് ഹോസ്റ്റലും അവിടത്തെ ഭക്ഷണ രീതികളും അഡ്ജസ്റ്റ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ടായി. ആ സമയത്താണ് സുദർശനയുടെ കൂടെ റെന്റ് ഷെയർ ചെയ്ത് നിന്നിരുന്ന പെൺകുട്ടി കല്യാണം കഴിഞ്ഞു അവിടന്ന് മാറിപ്പോയത്. ഇവളുടെ ബുദ്ധിമുട്ട് കണ്ട സുദർശന ഗൗരിയെ കൂടെ കൂട്ടി. ദിവസങ്ങൾക്കുള്ളിൽ രണ്ടു പേരും തമ്മിൽ കൂടപ്പിറപ്പുകളെ പോലെ അത്രേം അടുത്തിരുന്നു. ഗൗരിക്ക് വീട്ടിൽ അമ്മയും അച്ഛനും അനിയനും ആണ് ഉള്ളത്. സുദർശനയുടെ വീട്ടിൽ അമ്മയും ചേട്ടനും ചേട്ടന്റെ കുടുംബവും ഉണ്ട്. എല്ലാം സംസാരിക്കുമെങ്കിലും ജീവിതത്തിൽ ഒറ്റയ്ക്ക് തുടരുന്നതിനെ പറ്റി സംസാരിക്കാൻ സുദർശന ഇഷ്ടപ്പെട്ടില്ല. അന്നത്തേതിന് ശേഷം ഗൗരി പിന്നെ ചോദിച്ചതുമില്ല.

“ടീ…… നീ ഈ ആഴ്ച എന്റെ കൂടെ നാട്ടിലേക്ക് വരുന്നോ. അവിടെ ഉത്സവം കോടിയേറിയേക്കാ. ഈ ആഴ്ച അവിടെ കൂടാം നമുക്ക്.”കുറച്ച് നാളുകൾക്കു ശേഷം ജോലിക്ക് പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ സുധ പറഞ്ഞു.

“ഞാൻ വീട്ടിൽ ഒന്ന് ചോദിക്കട്ടെ. എന്നിട്ട് പറയാം ചേച്ചി.”

“ഞാൻ വരാൻ പറഞ്ഞെന്ന് പറ. വേണേൽ ഞാൻ സംസാരിക്കാം.”

“ഏയ്, അതിന്റെ ആവശ്യം ഒന്നൂല്യ. ചേച്ചിടെ കൂടെയാണെന്ന് പറഞ്ഞാൽ അച്ഛൻ സമ്മതിക്കും.”

അങ്ങനെ അച്ഛന്റെ സമ്മതവും വാങ്ങി ആ ആഴ്ച ഗൗരി സുധയുടെ കൂടെ നാട്ടിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച്ചക്ക് പുറമെ ഒരു ദിവസം കൂടി ലീവ് എടുത്താണ് രണ്ടു പേരും പോന്നത്.സുധ പറഞ്ഞു കേട്ട അവളുടെ നാട് യാത്രയിൽ ഉടനീളം ഗൗരി ആസ്വദിച്ചു.അവളുടെ വീട് ഇത്രേം ഉൾപ്രദേശം അല്ല. കൊച്ചിയുടെ തിരക്കുകൾ ഇല്ലെങ്കിലും കാവും കുളവും നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടർന്ന ഇടവഴികളും അത്രയ്ക്ക് പരിചിതമല്ല അവൾക്ക്.

രണ്ടു സൈഡും പാടവും അതിന് നടുവിലൂടെ ഉള്ള വഴിയും കടന്ന് അമ്പലത്തിനു മുന്നിലൂടെ അവർ മുന്നോട്ട് പോയി.

“ദേ, ആ അടുത്ത പോസ്റ്റിന്റെ അവിടെ “ഓട്ടോക്കാരന് വണ്ടി നിറുത്തേണ്ട സ്ഥലം പറഞ്ഞു കൊടുത്ത് അവൾ സ്ഥലം ആയെന്ന മട്ടിൽ ഗൗരിയെ നോക്കി.

വണ്ടി നിർത്തിയത് ഒരു പഴയ ഇരുമ്പ് ഗേറ്റിന്റെ മുന്നിലാണ്. ഗേറ്റിന്റെ മുകളിൽ “സുദർശന നിലയം “എന്ന് പഴയ രീതിയിൽ എഴുതി വച്ചിട്ടുണ്ട്.

ആ ഗേറ്റ് തുറന്നു വിശാലമായൊരു മുറ്റത്തേക്ക് ഗൗരിയെ സുധ ആനയിച്ചു. ചെത്തിയൊരുക്കിയ ഭംഗിയുള്ള ആ മുറ്റത്തു വലിയൊരു മാവും അതിൽ പടർന്നു കയറിയ മുല്ലയും, അതിനപ്പുറത്തു ചെത്തിയും മന്ദാരവും നമ്പ്യാർവട്ടവും ചെമ്പരത്തിയും അങ്ങനെ നാടൻ ചെടികൾ കൊണ്ട് നിറഞ്ഞു നിന്നിരുന്നു. മുറ്റത്തെ തുളസിതറയും ആ പഴയ രീതിയിൽ തട്ടിട്ടു ഓട് മേഞ്ഞ വീടിനു ഐശ്വര്യം കൂട്ടി.

“നീയെന്തേ വൈകി….. ഉച്ചയ്ക്ക് ഊണിനു മുന്നേ എത്തും ന്നു കരുതി ഞാൻ കുറെ കാത്തു.”അവരെ കണ്ട് അകത്തു നിന്നും ഓടി വന്ന അമ്മ മകളോട് പരിഭവം പറഞ്ഞു.

മുണ്ടും നേര്യതും ഉടുത്ത് പകുതിയും നരച്ച മുടി ഒതുക്കി കെട്ടി വച്ച് പ്രസരിപ്പുള്ള ഒരമ്മ. സുധ വയസ്സായാൽ ഇത് പോലെ ആകുമെന്ന് ഗൗരി മനസ്സിലോർത്തു.

“അങ്ങനെ തന്നെ കരുതിയെ. നമ്മുടെ ഇന്ത്യൻ റെയിൽവേ അല്ലേ. നേരത്തിനു എത്തണ്ടേ.”ബാഗ് അമ്മയെ ഏല്പിച്ചു സുധ പറഞ്ഞു.

“ഗൗരി ല്ലെ… സുധ പറഞ്ഞു അറിയാം. വാ മോളെ. ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലല്ലോ. കാപ്പിടെ നേരം ആയി.”ഗൗരിയുടെ കൂടെ ബാഗ് അവളുടെ കയ്യിൽ നിന്നും നിർബന്ധിച്ചു വാങ്ങുന്നതിനിടയിൽ അമ്മ പറഞ്ഞു.

“ഞങ്ങൾ വഴിക്ക് വിശന്നപ്പോൾ കഴിച്ചു അമ്മേ. തിരക്കില്ല. കാപ്പി മതി.”അമ്മയുടെ വെപ്രാളം കണ്ട് സുധക്ക് ചിരി വന്നു.

“ലേഖ ഇത്ര നേരോം കാത്തു. നീ വന്നിട്ട് പുറത്ത് പോവാംന്ന് പറഞ്ഞു. കുട്ട്യോൾക്ക് ഡ്രസ്സ്‌ എടുക്കാനും മറ്റും. നിന്നെ വിളിച്ചട്ട് കിട്ടീല്യ ന്നു പറഞ്ഞല്ലോ.”അകത്തേക്ക് നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു.

സുധയുടെ ഏട്ടൻ സുശാന്തിന്റെ ഭാര്യ ആണ് ലേഖ. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചു വളർന്നവർ. അവിടെ അടുത്ത് തന്നെയാണ് ലേഖയുടെ വീട്.ലേഖയ്ക്കും സുശാന്തിനും രണ്ടു മക്കൾ ഒരാണും പെണ്ണും.

“ഫോൺ ഓഫ്‌ ആയിപ്പോയി അമ്മേ. ട്രെയിനിൽ നല്ല തിരക്കാരുന്നു. കുത്തിയിടാൻ പറ്റിയില്ല.ഇന്നലെ രാത്രി ചാർജ് ചെയ്യാൻ മറന്നു.”ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി സുധ പറഞ്ഞു.

ഡ്രസ്സ് മാറി കാലും മുഖവും കഴുകി രണ്ടു പേരും അമ്മ ഉണ്ടാക്കിയ കാപ്പിയും ഇലയടയും കഴിച്ചു. വീടൊക്കെ കണ്ടു തൊടിയിലേക്ക് ഇറങ്ങി. ഗൗരിക്ക് അവിടം വല്ലാതെ ഇഷ്ടപ്പെട്ടു. നഗരത്തിന്റെ തിരക്കുകളിൽ കിട്ടാത്ത വല്ലാത്തൊരു എനർജി അവിടമാകെ നിറഞ്ഞു നിൽപ്പുണ്ട്.

“അപ്പച്ചീ…….”രണ്ടു കുരുന്നുകൾ ഓടി വന്നു സുധയെ വട്ടം പിടിച്ചു.

“വന്നിട്ട് കുറെ ആയോ?”അവർക്ക് പിന്നാലെ ലേഖ വന്നു അവരോട് ചോദിച്ചു.

“ഇല്ലെടീ…. വന്നു, കാപ്പി കുടിച്ചു. ദേ മുറ്റത്തേക്കിറങ്ങി.”

ഏടത്തി ആണേലും ചെറുപ്പം മുതൽ അങ്ങനെ വിളിച്ചു ശീലിച്ചത് കൊണ്ട് രണ്ടു പേരും പരസ്പരം അങ്ങനെ തന്നെ ആണ് ഇപ്പോഴും വിളിക്കുന്നെ. സുധയെന്നാൽ ജീവനാണ് ഏട്ടനും ലേഖയ്ക്കും. ആകെ ഒരു കാര്യത്തിൽ മാത്രേ അവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉള്ളു. സുധ തനിച്ചു മുന്നോട്ട് പോവുന്നതിൽ…..

“എല്ലാം അറിഞ്ഞിട്ടും ഏട്ടൻ എന്നെ നിർബന്ധിക്കുന്നത് കഷ്ടാണ്.”രണ്ടു വർഷങ്ങൾക്ക് മുൻപ് നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് ഏട്ടൻ പറഞ്ഞപ്പോൾ സുധ പറഞ്ഞു.

“എല്ലാം അറിയാം മോളെ. നമ്മുടെ തെറ്റ് അല്ലാലോ, ദൈവത്തിന്റെ തീരുമാനം അല്ലേ…. നീ ഇങ്ങനെ തനിച്ചു, എത്ര കാലാ ഇങ്ങനെ “

“ദൈവത്തിന്റെ തീരുമാനം ഇതാകും.ഇനീം എന്നെ നിർബന്ധിച്ചാൽ ഞാൻ വീട്ടിലേക്ക് വരുന്നത് കൂടി ഇല്ലാതാകും.”

അനിയത്തിയുടെ വാശി അറിയാവുന്നോണ്ട് പിന്നീട് അയാൾ അതിനെ പറ്റി സംസാരിക്കാറില്ല. എന്നാലും എല്ലാവരുടെ ഉള്ളിലും ആ വിഷമം വല്ലാത്ത നീറ്റൽ ഉണ്ടാക്കുന്നുണ്ട്.

“ഏട്ടനോ “

“എന്നേം മക്കളേം പടിക്കെ ഇറക്കി അമ്പലത്തിലേക്ക് പോയി. അവിടെ എന്തൊക്കെയോ പണികൾ ഉണ്ടത്രേ.നീ വന്നത് അറിഞ്ഞിട്ടില്ല. “

“ഉത്സവം തലയിൽ കയറിയാൽ അതെന്നെ അല്ലേ പതിവ്. കഴിഞ്ഞിട്ട് വരട്ടെ.”കുട്ടികളെ രണ്ടു സൈഡിലും ചേർത്ത് പിടിച്ചു സുധ പറഞ്ഞു.

“ഞാൻ പോയി ഡ്രസ്സ്‌ മാറി വരാം. അമ്പലക്കുളത്തിലേക്ക് പോവല്ലേ കുളിക്കാൻ. നീ വരുമ്പഴേ ഉള്ളു അതൊക്ക.”അകത്തേക്ക് കയറുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ലേഖ ചോദിച്ചു.

സുധ ഗൗരിയുടെ മുഖത്തേക്ക് നോക്കി. അവളും പോകാം ന്നു സമ്മതം കാണിച്ചു.

സുധയും കുട്ടികളും കുളത്തിൽ കിടന്നു മറിയുന്നത് നോക്കി ഗൗരി ചിരിച്ചു. ചെറുപ്പത്തിലേ അച്ഛന്റെ തറവാട്ടിൽ പോയി നിൽക്കുമ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം കുളത്തിൽ പോയിട്ടുണ്ട് എന്നതൊഴിച്ചാൽ അവൾക്ക് ഇതൊക്കെ പുതിയ അനുഭവങ്ങൾ ആണ്.

“ഞങ്ങടെ നാട് ഇഷ്ടായോ….” കുളി കഴിഞ്ഞു തിരിച്ചു നടക്കുന്നതിനിടയിൽ ലേഖ ചോദിച്ചു.

“പിന്നേ ഇഷ്ടവാതെ “

അമ്പലത്തിൽ കയറി ദീപാരാധനയും കഴിഞ്ഞാണ് അവർ വീട്ടിലെത്തിയത്. ഉമ്മറത്തു വിളക്ക് വച്ച് അമ്മ നാമം ജപിച്ചു കൊണ്ടിരിക്കായിരുന്നു.അവരെ കണ്ട് അവർ നാമജപം മതിയാക്കി എഴുന്നേറ്റു.

“ഈ കുട്ടിയെ കുളത്തിൽ കൊണ്ടോയി തല നനയ്ക്കണമാരുന്നോ സുധേ. പരിചയം ഇല്ലാത്ത വെള്ളാ. നീരെറങ്ങും.”ഗൗരിയുടെ തല ഒന്നുടെ തോർത്തി കൊടുത്ത് അമ്മ പറഞ്ഞപ്പോൾ സുധ ഗൗരിയെ നോക്കി കണ്ണടച്ച് കാണിച്ചു.

“നീയെപ്പോ എത്തി. അമ്പലത്തിൽ നിങ്ങൾ വന്നത് കണ്ടു. അപ്പൊ പോന്നതാ ഞാൻ.”ബൈക്കിൽ നിന്നിറങ്ങുന്നതിനിടയിൽ ചേട്ടൻ ചോദിച്ചു.

“നാലുമണിക്ക് എത്തി ഏട്ടാ.ഉച്ചയ്ക്ക് എത്തേണ്ടതാ. ട്രെയിൻ ലേറ്റ് ആയി.”

“നാളെ പോണോ നിനക്ക് “.

“വേണ്ട, ഒരു ദിവസം കൂടി ലീവ് എടുത്തിട്ടുണ്ട്.”

അത് കേട്ടപ്പോൾ അയാളുടെ മുഖം വിടർന്നു. സാധാരണ ഞായറാഴ്ച ഉച്ചയ്ക്ക് തിരിക്കും അവൾ.

ഗൗരിയോടും അയാൾ വിശേഷങ്ങൾ തിരക്കി.

“ഉച്ചയ്ക്ക് ഇറങ്ങീതല്ലേ ശാന്താ, പോയ്‌ കുളിച്ചു വാ. വല്ലതും കഴിക്കാം.”ഉമ്മറത്തു തന്നെ ഇരുന്നു സംസാരിച്ചു കൊണ്ടിരുന്ന അയാളോട് അമ്മ പറഞ്ഞു

“ഞാൻ വരാൻ വൈകും. വാതിലടച്ചു കിടന്നോ.”ഭക്ഷണവും കഴിഞ്ഞു അമ്പല പരിസരത്തേക്ക് ഇറങ്ങാൻ നേരം അയാൾ പറഞ്ഞു.

ഗൗരിയും സുധയും കൂടി മേലെ സുധയുടെ മുറിയിൽ കിടന്നു.ജനലുകൾ തുറന്നിട്ടാൽ മരത്തിന്റെ അഴികൾക്ക് ഇടയിലൂടെ മേലെ പൂർണചന്ദ്രനെ കാണാം. ഈ വേനലിലും ഫാൻ ഇല്ലെങ്കിൽ പോലും അവിടെ സുഖമായി ഉറങ്ങാമെന്ന് ഗൗരി മനസ്സിലോർത്തു.

യാത്രയുടെ ക്ഷീണവും അമ്മ നിർബന്ധിച്ചു ഒരുപാട് ഭക്ഷണം കഴിപ്പിച്ചത് കൊണ്ടും രണ്ടു പേരും പെട്ടെന്ന് ഉറങ്ങി.

“എന്നെ വിളിക്കാത്തെ എന്തെ “കാലത്ത് കണ്ണ് തുറന്നപ്പോൾ കുളിച്ചു തനി നാടൻ ലുക്കിൽ മുണ്ടും നേര്യതും ഇട്ടു നിൽക്കുന്ന സുധയെ കണ്ട ഗൗരി ചോദിച്ചു.

“നീ നല്ല ഉറക്കാരുന്നു. വിളിക്കാൻ തോന്നീല്യ. പോയി കുളിച്ചു വാ. താഴെ bathroom ഉണ്ട്.എന്നിട്ട് അമ്പലത്തിൽ പോകാം. അവിടെ പറ നിറക്കൽ ഉണ്ട് “അവൾക്ക് തോർത്തു എടുത്ത് കൊടുത്ത് സുധ പറഞ്ഞു.

“അമ്മ വരണില്ലെ “.കുളിച്ചു കയ്യിൽ കരുതിയിരുന്ന ഒരു പാവടേം ടോപ്പും എടുത്തിട്ട് ലേഖയ്ക്കും ഗൗരിക്കും കുട്ടികൾക്കും ഒപ്പം ഇറങ്ങാൻ തുടങ്ങിയ ഗൗരി ചോദിച്ചു.

“ഇപ്പൊ നിങ്ങൾ പോയ്‌ വാ. എന്നിട്ട് കാപ്പി കുടിച്ച് നമുക്ക് ഒരുമിച്ച് പോകാം. അപ്പഴേക്കും ഞാൻ അടുക്കള ഒന്ന് ഒതുക്കട്ടെ.”കറിക്ക് അരിയുന്നതിനിടയിൽ അമ്മ പറഞ്ഞു.

അവർ പോയി പറ നിറച്ചു തൊഴുതു വന്നു. കാപ്പിയും കുടിച്ച് ബാക്കി പണികൾക്ക് അമ്മയുടെ കൂടെ കൂടി. ഗൗരി ചെയ്യാൻ നോക്കിയപ്പോൾ ലേഖയും സുധയും സമ്മതിച്ചില്ല. അത്കൊണ്ട് അവൾ കുട്ടികൾക്കൊപ്പം കൂടി.

ഉച്ചക്ക് മേളവും വൈകുന്നേരത്തെ കാവടിയും സന്ധ്യക്ക് വെടികെട്ടും പുലർച്ചെ വരെ നീണ്ട പഞ്ചവാദ്യവും ഗൗരി അവർക്കൊപ്പം ആസ്വദിച്ചു.

“നാളെ എന്റെ വീട്ടിൽ പോകാം ട്ടോ.”തിരിച്ചു നടക്കുമ്പോൾ ലേഖ പറഞ്ഞു.

“ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു. വാസു മാമൻ കണ്ടപ്പോ ചോദിച്ചു. ഈ പ്രാവശ്യം വന്നിട്ട് അങ്ങടേക്ക് എന്താ ഇറങ്ങാത്തെ ന്ന്. കാലത്ത് എണീറ്റപ്പോ കരുതീതാ. പിന്നെ ഓരോന്ന് ചെയ്ത് നേരം കിട്ടീല്ല.”സുധ പറഞ്ഞു.

ലേഖയുടെ അമ്മയുടെ ആങ്ങള ആണ് വാസു. അമ്മയും മാമനും തനിച്ചാണ് ആ വീട്ടിൽ. അമ്മ പുറത്തേക്ക് ഇറങ്ങാറില്ല.

“നാളെ നീ ചോദിച്ചതിനുള്ള ഉത്തരം ഞാൻ തരാം.”കിടക്കാൻ നേരം ഒരു പുഞ്ചിരിയോടെ ഗൗരിയുടെ മുഖത്ത് നോക്കാതെ സുധ പറഞ്ഞു.

ഉറക്കം കണ്ണുകളെ പുണരാൻ തുടങ്ങിയത് കൊണ്ട് അതേ പറ്റി അവൾ വേറൊന്നും ചോദിച്ചില്ല. പിറ്റേന്ന് ഉണർന്ന് കുളിച്ചു കാപ്പി കുടിച്ച് ലേഖയും മക്കളും സുധയും ഗൗരിയും കൂടി ലേഖയുടെ വീട്ടിലേക്ക് നടന്നു. കഷ്ടിച്ച് ഓട്ടോ മാത്രം പോകുന്ന ചെറിയ വഴികൾ. ചില വീടുകൾ പുതിയ രീതിയിൽ പണിതിട്ടുണ്ടെങ്കിലും പഴയ വീടുകൾ ആണ് കൂടുതലും. ഒരഞ്ചു പത്തു മിനിറ്റ് നടന്നപ്പോൾ സുധയുടെ വീടിനു സമാനമായ ഒരു വീടിനു മുന്നിലേക്ക് അവരെത്തി. ഉമ്മറത്തു പടിക്കെട്ടിൽ അവരെ കാത്തെന്ന മട്ടിൽ ലേഖയുടെ അമ്മ ഇരിപ്പുണ്ടാർന്നു.

“ഞാൻ കരുതി ഈ ആഴ്ച വരാതെ പോകും ന്ന്.”സുധയുടെ മുടിയിൽ തഴുകി ഗൗരിയെ നോക്കി ചിരിച്ചാണവർ അത് പറഞ്ഞത്.

“ഞാൻ അങ്ങനെ ചെയ്യോ. “അവരുടെ കവിളിൽ നുള്ളി സുധ പറഞ്ഞു.

അകത്തു കയറി അവർ കൊടുത്ത നാരങ്ങ വെള്ളവും കുടിച്ച് ഗൗരിയെ മുകളിലേക്ക് കൂട്ടികൊണ്ട് പോയി സുധ.അന്ന് അവർക്ക് ഉച്ചഭക്ഷണം ലേഖയുടെ വീട്ടിൽ ആയിരുന്നു. ലേഖ അമ്മയ്‌ക്കൊപ്പം അടുക്കളയിൽ കയറി.

“ഇവിടുണ്ട് നിനക്കുള്ള ഉത്തരം.”മരത്തിന്റെ കോണിപ്പടികൾ കയറി അടഞ്ഞു കിടക്കുന്ന ഒരു മുറി ചൂണ്ടി സുധ പറഞ്ഞു.

ഗൗരി മനസിലാവാത്ത മട്ടിൽ അവളെ നോക്കി നിന്നു. സുധ അവളെ കടന്ന് ആ മുറിയുടെ വാതിൽ തുറന്ന് അകത്തു കയറി. അവൾക്ക് പിന്നാലെ ഗൗരിയും. ചിട്ടയായി എല്ലാം ഒതുക്കി വച്ചിരിക്കുന്ന ഭംഗിയുള്ള ഒരു മുറി.പഴയ കട്ടിലിൽ കിടക്ക മടക്കി വച്ചിരിക്കുന്ന കണ്ടാൽ അറിയാം അവിടെ ആരും കിടക്കാറില്ലെന്ന്. ജനലിനോട് ചേർന്ന ഷെൽഫിൽ M.T യുടെയും മാധവിക്കുട്ടിയുടെയും ബഷീറിന്റെയും M. മുകുന്ദന്റെയും പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്. മേശമേൽ ഏകദേശം മുപ്പത്തിന് താഴെ പ്രായം തോന്നിക്കുന്ന ഒരാളുടെ ഫോട്ടോ വലുതാക്കി വച്ചിട്ടുണ്ട്.

“ദേ ഇവിടാണ് ഈ സുധ ജീവിക്കാൻ കൊതിച്ചത്.”ഒന്നും മനസിലാവാതെ ചുറ്റും നോക്കിക്കൊണ്ടിരിക്കുന്ന ഗൗരിയോട് അത് പറയുമ്പോൾ സുധയുടെ ശബ്ദം വിറച്ചിരുന്നു.

“ഇത് ആരാ “ആ ഫോട്ടോ നോക്കി അവൾ അത് ചോദിക്കുമ്പോൾ സുധ കണ്ണെടുക്കാതെ ആ ഫോട്ടോ തന്നെ നോക്കി ഇരിക്കായിരുന്നു.

“ന്റെ മാഷ്. ലേഖേടെ ചേട്ടൻ. ചെറുപ്പത്തിലേ തീരുമാനിച്ചതാ. ഞാൻ മാഷിന്റെ ആണെന്ന്. വീട്ടുകാർക്കും എതിർപ്പ് ഇല്ലാരുന്നു. എന്റെ അച്ഛനും ലേഖേടെ അച്ഛനും ഭയങ്കര കൂട്ടുകാർ ആയിരുന്നു.അവർ പണ്ടേ തീരുമാനിച്ചതാ.ലേഖയെ അങ്ങോട്ടും, എന്നെ ഇങ്ങോട്ടും. പക്ഷേ……”കണ്ണുകൾ നിറയാൻ തുടങ്ങി സുധയ്ക്ക്.

ഗൗരിക്ക് കാര്യങ്ങൾ മനസ്സിലാവാൻ തുടങ്ങിയിരുന്നു.

“ഇവിടെ ഹൈ സ്കൂളിൽ മാഷാരുന്നു. കുട്ടികളേം കൊണ്ട് ടൂർ പോയതാ. വണ്ടി മറിഞ്ഞു. കല്യാണം തീരുമാനിച്ചു നിശ്ചയവും കഴിഞ്ഞതാ. കല്യാണത്തിന് ഒരാഴ്ച മുൻപ് എന്നെ തനിച്ചാക്കി പോയി. പോയി ന്നു ഞാൻ വിശ്വസിക്കണില്ല. ഇവിടൊക്കെ ഉണ്ട്. പണ്ടേ അങ്ങനാ,എന്നെ പറ്റിക്കാൻ ഭയങ്കര ഇഷ്ടാ. അവസാനം എന്റെ കണ്ണ് നിറയുമ്പോൾ ആണ് പറ്റിക്കൽ നിറുത്താ. ഇപ്പൊ കഴിഞ്ഞ പത്തു വർഷായിട്ട് എന്നെ കളിപ്പിച്ചോണ്ട് ഇരിക്കാ. വരും ഒരിക്കെ. എന്നെ കൊണ്ടോവാൻ. അന്ന് വരെ ഞാൻ കാത്തിരിക്കും. താലി കെട്ടീല്ല ന്നെ ഉള്ളു.ഓർമ വച്ച കാലം മുതൽക്കേ അങ്ങനെ മനസ്സിൽ കണ്ട ഒരാളെ മറന്ന് വേറെ ഒരാളെ എങ്ങനാ ഗൗരീ ഞാൻ….. അത് ഇതൊന്നും അറിയാതെ വരുന്ന ആളെ ചതിക്കണെന് തുല്യല്ലേ. അതോണ്ട് അത് വേണ്ടന്ന് വച്ചു. ഇങ്ങനെ പോണേനും ഒരു സുഖണ്ട്. അത്രേം ഓർമകൾ എനിക്ക് തന്നിട്ടാ പോയെ.എന്റെ മനസ്സിൽ ജീവനോടെ ഉണ്ട് ഇപ്പോഴും.”സുധ നടന്നു പോയി ആ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തു.

ഇങ്ങനെ ഒരു രീതിയിൽ സുധയെ ആദ്യമായാണ് ഗൗരി കാണുന്നെ. എപ്പോഴും കളിച്ചും ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന ആ മനസ്സിൽ ഇത്രേം വലിയ കടൽ ഇരമ്പുന്നത് ആർക്കും മനസ്സിലാവില്ല. ഒന്നും പറയാനില്ലാതെ ഗൗരി സുധയെ പോയി കെട്ടിപ്പിടിച്ചു.

“നീ അങ്ങോട്ട് പൊയ്ക്കോ. ഞാൻ ഇവിടെ ഒന്ന് തനിച്ചു ഇരിക്കട്ടെ. എല്ലാ ആഴ്ചയും അത് പതിവാ. അല്ലേൽ മനസ്സിന് ഒരു സുഖം കിട്ടില്ല.”ഗൗരിയിൽ നിന്നും അകന്നു മാറി സുധ പറഞ്ഞു.

വാക്കുകൾ ഒന്നും കിട്ടാത്തതിനാൽ ഗൗരി അവിടന്ന് പുറത്തിറങ്ങി. പടികൾ ഇറങ്ങി താഴെ വന്നപ്പോൾ ലേഖ അവിടെ നിറഞ്ഞ കണ്ണുകളുമായി നിൽപ്പുണ്ടായിരുന്നു.

“ഇവിടെ എന്റെ കണ്ണേട്ടന്റെ പെണ്ണായിട്ട് ജീവിക്കേണ്ടതാ. ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല. ചേട്ടൻ പോയേനു ശേഷം ഞങ്ങൾ കുറെ പറഞ്ഞതാ, വേറെ ഒരു ജീവിതം നോക്കാൻ. നമ്മളോട് അവൾ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല. അവൾ സമ്മതിക്കില്ലെന്ന് ഉറപ്പായപ്പോ നിറുത്തി. ഒന്നോർത്താൽ അത്രേം സ്നേഹിച്ചതാ അവർ.സ്നേഹിക്കാൻ പറ്റില്ലെന്ന് ഉറപ്പുണ്ടായിട്ടും മറ്റൊരാളുടെ ജീവിതത്തിലേക്ക് പോയിട്ട് ആ ആളുടെ ജീവിതം നശിപ്പിക്കുന്നത് എന്തിനാ എന്നൊക്കെ അവൾ പറയുമ്പോ, നമ്മൾ എന്താ പറയാ ഗൗരീ….”ഒരു ദീർഘനിശ്വാസത്തോടെ ലേഖ അത് പറഞ്ഞു നിർത്തുമ്പോൾ ലേഖയുടെ അമ്മ നേര്യതിന്റെ തുമ്പുകൊണ്ട് കണ്ണ് തുടയ്ക്കുന്നുണ്ടാരുന്നു.

“ഞാൻ കരുതി ആരും അകത്തു ഇല്ലന്ന്. എന്താ ആരും മിണ്ടാതെ ഇരിക്കണേ. കഴിക്കാറായോ ലേഖേ. ഞങ്ങൾക്ക് മൂന്നു മണിക്ക് ഇറങ്ങണം.ന്നാലെ അവിടെ പാതിരക്കെങ്കിലും എത്തു.”പടിയിറങ്ങി കൊണ്ട് പരസ്പരം മിണ്ടാതെ ഇരിക്കുന്നവർക്കിടയിലേക്ക് സുധ ചെന്നിരുന്നു.

കുറച്ചു നേരത്തെ കണ്ട സുധയേ അല്ല ഇപ്പൊ താഴെ വന്നു സംസാരിക്കുന്നെ എന്ന് ഗൗരിക്ക് തോന്നി. എല്ലാവർക്കും അറിയുന്ന സദാ ചിരിയോടെ സംസാരിക്കുന്ന സുധേച്ചി. ചേച്ചിയോട് സംസാരിച്ചാൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണെന്ന് ഗൗരിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്ര വല്ലാത്തൊരു നഷ്ടം ഉള്ളിൽ പേറിയാണ് നടക്കുന്നത് എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ലലോ. ഏറ്റവും കൂടുതൽ ചിരിക്കുന്നവരാണ് ഏറ്റവും കൂടുതൽ ദുഃഖം ഉള്ളിൽ കൊണ്ട് നടക്കുന്നത് എന്നത് എത്ര ശെരിയാണ്.

“എന്താടീ പെണ്ണെ നോക്കുന്നെ, പോവണ്ടേ?”ഗൗരി ഇമ ചിമ്മാതെ നോക്കുന്നത് കണ്ട് സുധ അവളുടെ തലക്കിട്ട് ഒന്ന് കൊടുത്തു.

പതിയെ എല്ലാവരും സാധാരണ അവസ്ഥയിലേക്ക് വന്നു. അവിടന്ന് ഭക്ഷണവും കഴിച്ചു യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഗൗരിയുടെ മനസ്സ് ഒരു പഴയ പ്രണയകാലത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളെ ക്യാൻവാസിൽ പകർത്തുകയായിരുന്നു. അവൾ മനസ്സിൽ കാണുകയായിരുന്നു, അവരുടെ ആ പ്രണയ കാലം. മരണം കൊണ്ട് പോലും വേർപ്പെടാത്ത പ്രണയം. ഒപ്പം സുധയിലെ പ്രണയിനിയോട് വല്ലാത്തൊരു ബഹുമാനവും……..

-Sajitha Thottanchery

Leave a Reply

Your email address will not be published. Required fields are marked *