മോനെ ഈ വീട് വിറ്റാൽ പോലും നിന്റെ അനിയത്തിയെ കെട്ടിച്ചയയ്ക്കാൻ നമുക്ക് പറ്റില്ല. നീ  വേണം അവളെ…

ഏട്ടൻ
Story written by Remya Rajesh
========================

“നീ ച, ത്താൽ നിന്റെ ഭാര്യയ്ക്കും മക്കൾക്കും തന്നെ നഷ്ടം അല്ലാതെ എനിക്കും എന്റെ മക്കൾക്കും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെടാ”

എന്റെ മുഖത്ത് നോക്കി അന്ന് നമ്മുടെ അമ്മ ഇത് പറഞ്ഞപ്പോൾ ഞാനും അമ്മയുടെ മക്കളിൽ ഒരാളല്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും കൂടപ്പിറപ്പുകളായ എന്റെ അനിയത്തിയും അനിയനും ചിരിച്ച മുഖത്തോടെ അത് കേട്ട് ആസ്വദിച്ചു നിന്നത് കണ്ടപ്പോ  ഈ ഏട്ടന്റെ കണ്ണ് നിറഞ്ഞതോടൊപ്പം ശിരസ്സും താഴ്ന്നു പോയിരുന്നു..

“നിനക്കോർമ്മയുണ്ടോ മോളേ അനിയത്തിയും അനിയനും എന്നതിലുപരി അച്ഛന്റെ സ്ഥാനത്ത് നിന്ന് മക്കളെ പോലെയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചതും സംരക്ഷിച്ചതും. ആ ഞാൻ നിങ്ങൾക്കിന്ന് അന്യനായി മാറി.”

ഫസ്റ്റ് ക്ളാസ്സോടെ ഞാൻ പഠിച്ചു നേടിയ നല്ലൊരു ജോലിയുടെ സർട്ടിഫിക്കറ്റുമായി നമ്മുടെ വീട്ടിൽ വന്നു കേറിയ ആ സമയത്താണ് നമ്മുടെ അച്ഛൻ പതിവുപോലെ  കള്ള് കുടിച്ചു വന്ന്  ബഹളമുണ്ടാക്കിയത്. അന്ന് മരിക്കാനായി നീ വീടിനുള്ളിൽ കയറി കതകടച്ചപ്പോൾ ഓടിക്കൂടിയ അയൽക്കാർ കേൾക്കെ….കരഞ്ഞു കൊണ്ടു നിന്ന അനിയനേയും എന്നേയും ചേർത്ത് നിർത്തി അമ്മ  പറഞ്ഞ വാക്കുകൾ ഇന്നും ഈ ഏട്ടന്റെ ഉള്ളിൽ തന്നെയുണ്ട്….

“ടാ മോനെ ഈ വീട് വിറ്റാൽ പോലും നിന്റെ അനിയത്തിയെ കെട്ടിച്ചയയ്ക്കാൻ നമുക്ക് പറ്റില്ല. നീ  വേണം അവളെ നല്ലൊരുത്തന്റെ കൈകളിൽ ഏൽപ്പിക്കാൻ. കേറിക്കിടക്കാനുള്ള ഈ കൂര നഷ്ടപ്പെടാതെ നീയത് ചെയ്യില്ലേ മോനെ.”

കരഞ്ഞുകൊണ്ട് അന്ന് അമ്മയത് പറഞ്ഞപ്പോൾ കൈയ്യിലിരുന്ന ആ സർട്ടിഫിക്കറ്റിനാൽ കിട്ടുന്ന മാന്യതയുള്ള ജോലിയേക്കാൾ പണം ചുമട് ചുമന്നാൽ ആയിരിക്കുമെന്ന് എനിക്ക് തോന്നി.

പതിനേഴാം വയസ്സിൽ എനിക്കൊപ്പം പഠിച്ചവർ തുടർന്ന് പഠിക്കുന്നതും ക്രിക്കറ്റ് കളിച്ചു നടക്കുന്നതും കണ്ടിട്ടും കാണാത്തഭാവത്തിൽ ഞാനെന്റെ അമ്മാവനൊപ്പം തലച്ചുമടേന്തി ഓരോ വീടുകൾ കയറിയിറങ്ങുമ്പോഴും നമ്മുടെ കുടുംബവും നിന്റെ വിവാഹവുമായിരുന്നു എന്റെ മനസ്സ് നിറയെ…

ഞാനെന്റെ ഊണും ഉറക്കവും ഉപേക്ഷിച്ചത് നിങ്ങൾക്കു വേണ്ടിയായിരുന്നു. പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും ചുമടേന്തി നടക്കാൻ എന്റെ മനസ്സിന് ശക്തി നല്കിയത് നമ്മുടെ കുടുംബത്തെ ഓർത്തുള്ള വേവലാതിയായിരുന്നു..

തുണി മേടിച്ച് കാശത്രയും കൂടി നഷ്ടപ്പെടാതിരിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വെള്ള മുണ്ടും വെള്ളയുടുപ്പും. തേഞ്ഞു തീരുന്ന ഹവായ് ചെരുപ്പിൽ നോക്കുമ്പോൾ സന്തോഷമേ തോന്നിയിട്ടുള്ളൂ..എന്റെ അനിയത്തിയും അനിയനും നല്ല ചെരിപ്പിട്ട് നടക്കണുണ്ടല്ലോ അതല്ലേ എന്റെ സന്തോഷമെന്നോർത്ത്..

നിന്നെ ആണൊരുത്തന്റെ കൈകളിൽ പിടിച്ചേല്പ്പിക്കുമ്പോൾ രണ്ട് വയസ്സിന്റെ വ്യത്യാസത്തിൽ നിന്റെ ഏട്ടനായ ഞാൻ അന്ന് ഒരു അച്ഛന്റെ കടമ ചെയ്ത സംതൃപ്തിയിലായിരുന്നു. അന്നും നമ്മുടെ അച്ഛൻ നല്ലൊരു കാഴ്ചക്കാരനായി ഗമയിൽ അച്ഛന്റെ കടമകൾ ചെയ്യാതെ സ്ഥാനം മാത്രം അലങ്കരിക്കുന്നുണ്ടായിരുന്നു.

ഈ ഏട്ടനന്ന് നമ്മുടെ അമ്മയുടെയുള്ളിൽ മകനേക്കാളുപരി വാനോളം സ്ഥാനമായിരുന്നു. ഏട്ടന്റെ വിയർപ്പിൽ ഉരുക്കിയെടുത്ത ആഭരണങ്ങൾ അണിഞ്ഞ് നീ പടിയിറങ്ങിയപ്പോൾ അതിന്റെ ബാധ്യത തീർക്കാൻ എത്രയോ ദിവസങ്ങളിൽ പൈപ്പ് വെള്ളം മാത്രം കുടിച്ചും ദഹിക്കാൻ പ്രയാസമായ രണ്ട് പൊറോട്ടയിൽ ഒരു ദിവസം മുഴുവനും ചുമടേന്തി ഞാൻ നടന്നതും ഞാനല്ലാതെ മറ്റാരുമറിഞ്ഞില്ല..

നിന്റെ വിവാഹം കൊണ്ടും തീർന്നിരുന്നില്ല എന്റെ കടമകൾ. അവിടെ നിന്ന് നീ ആവശ്യപ്പെടുന്ന ഓരോ കാര്യങ്ങൾക്കും അമ്മയെനിക്ക് മേൽ പരാതിയായി പറയുമ്പോൾ അതൊക്കെയും സാധിച്ചു തരാൻ ഈ ഏട്ടൻ നെട്ടോട്ടമോടുകയായിരുന്നു. അലമാരിയായും മിക്സിയായും അങ്ങനെ ഓരോ ആവശ്യങ്ങളായിരുന്നു നിനക്ക് ഇടയ്ക്കിടയ്ക്ക്.

ഇതിനിടയിൽ നമ്മുടെ അനിയനെ നന്നായി പഠിപ്പിക്കണമെന്ന് ഞാനാഗ്രഹിച്ചെങ്കിലും അവന് പഠിക്കാൻ താല്പര്യമില്ലെന്നറിഞ്ഞപ്പോൾ അവന് സ്വന്തം കാലിൽ നിൽക്കാനൊരു ജോലി അതായിരുന്നു എന്റെ ചിന്ത മുഴുവനും.

ഡ്രൈവിംഗ് പഠിപ്പിച്ച് അവനൊരു ജോലിയായപ്പോൾ മനസ്സിനുള്ളിൽ അവനേക്കുറിച്ചോർത്ത് അല്പം ആശ്വാസമായി.

അവനൊരു വരുമാന മാർഗ്ഗമായതോടെ നമ്മുടെ കുടുംബം ഒന്നൂടെ സുരക്ഷിതമായെന്ന തോന്നലുണ്ടായതുകൊണ്ടാ  കൂടെയുള്ളവരുടെ നിർബന്ധത്താൽ ഞാൻ എന്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചതു പോലും…

പക്ഷേ ബന്ധങ്ങളുടെ സ്ഥാനം പണത്തിനേക്കാൽ താഴെയാണെന്ന് അന്ന് തൊട്ടെനിക്ക് നിങ്ങൾ ഓരോരുത്തരും മനസ്സിലാക്കി തന്നു..നിനക്കോർമ്മയുണ്ടോ മോളേ..? നിന്റെ അക്കൗണ്ടിൽ ഞാൻ നിനക്ക് സ്ത്രീധനമായി ഇട്ട് തന്ന തുകയിൽ നിന്നും എന്റെ കല്ല്യാണ ആവശ്യത്തിനായി ഞാൻ ഒരു ഇരുപതിനായിരം രൂപ രണ്ട് ദിവസത്തേക്ക് കടമായി ചോദിച്ചപ്പോൾ നിനക്കതെടുത്ത് തരാൻ മടിയാണെന്ന് എന്നോട് പറഞ്ഞത്..

പക്ഷേ വെറുതെ വേണ്ട മോളേ ഞാനെന്തേലും കുറച്ചു പൈസ കൂടി അതിന്റെ കൂടെ അധികമിട്ടു തരാമെന്ന് പറഞ്ഞപ്പോൾ നീ സന്തോഷത്തോടെ ആ നിമിഷമെനിക്ക് ചെക്ക് ഒപ്പിട്ട് തന്നു. എന്നേക്കാളേറെ പണത്തെ നീ സ്നേഹിച്ച ആ നിമിഷമെനിക്ക് മറക്കാനാകില്ല..

എന്റെ വിവാഹം പുറമേയ്ക്ക് നിങ്ങളെല്ലാം സന്തോഷം കാണിച്ചെങ്കിലും ഉള്ളിൽ അടക്കാനാവാത്ത ഇഷ്ടക്കേടായിരുന്നൂന്ന് തിരിച്ചറിയാൻ ഞാൻ വൈകി. കാരണം ഞാനെന്നും നിങ്ങൾക്കുള്ളിൽ ഒരു കറവപ്പശുവിനെപ്പോലായിരുന്നു. നിങ്ങളോരോരുത്തരുടേയും ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റി തരാൻ മാത്രമുള്ളൊരാൾ.

പക്ഷേ രക്തബന്ധത്തെക്കാൾ തുടിപ്പ് ഞാനറിഞ്ഞത് എന്റെ വിവാഹത്തിന്റെ പിറ്റേ ദിവസം. എന്റെ അനിയത്തിയുടെ കാശ് അക്കൗണ്ടിലിട്ട് കൊടുക്കാനായി എന്റെ ഭാര്യ അവളുടെ വീട്ടിലും എന്റെ വീട്ടിലും ആരും അറിയരുതന്നും പറഞ്ഞു അവളുടെ സ്വർണ്ണം എടുത്ത് എന്റെ കയ്യിൽ തന്നപ്പോഴാണ്..

ഞാനത് വാങ്ങാൻ മടിച്ചപ്പോൾ അവളെന്നോട് പറഞ്ഞു ഈ സ്വർണ്ണത്തേക്കാൽ വിലയുണ്ട് ബന്ധങ്ങൾക്ക്.അത് നഷ്ടപ്പെടുത്തണ്ട. അനിയത്തിയുടെ മുഖം കറുക്കുന്നത് ഏട്ടനൊരിക്കലും സഹിക്കാനാകില്ലല്ലോ. ഈ സ്വർണ്ണം എന്നേപ്പോലെ തന്നെ എന്റെ ഭർത്താവിനും അവകാശപ്പെട്ടതാ. നിങ്ങടെ മുഖത്തെ ചിരിയേക്കാൾ വലിപ്പം ഞാനീ സ്വർണ്ണത്തിൽ കാണുന്നില്ല. പിന്നീടൊരിക്കൽ ഞാനിട്ട താലിമാലയടക്കം വിൽക്കാനായി അവളെന്റെ കൈകളിൽ  ഊരിതന്നപ്പോഴും പണത്തിനേക്കാൽ മൂല്ല്യം അവളുടെ സ്നേഹത്തിനാണ് എന്നെനിക്ക് മനസ്സിലായി..

രക്തബന്ധത്തിന് പണത്തിനേക്കാൽ സ്ഥാനമുണ്ടെന്നുള്ള എന്റെ വിശ്വാസം..അതെന്റെ വെറും വിശ്വാസം മാത്രമായിരുന്നു. കാലം നിങ്ങളിലൂടെ തന്നെ അതെനിക്ക് കാട്ടിതന്നു. കുടുംബം, കുട്ടികൾ ഇതിലൂടെ ജീവിത ചിലവുകൾ കൂടിയപ്പോൾ നിങ്ങളുടെ പരിധിവിട്ട പല ആവശ്യങ്ങളും സാധിച്ചു തരാൻ എനിക്ക് പറ്റാതായപ്പോൾ  അതിനു കാരണക്കാരിയായ എന്റെ ഭാര്യയും മക്കളും നിങ്ങൾക്ക് ശത്രുക്കളായി..

കൈയ്യിൽ കാശുള്ള ബാധ്യതകളില്ലാത്ത എന്റെ അനിയൻ നിനക്കും അമ്മയ്ക്കും ഇഷ്ടമുള്ളവനായി മാറി. പണത്തിന്  ബന്ധ ത്തേക്കാൽ സ്ഥാനമുണ്ടെന്ന് വീണ്ടും അതിലൂടെ ഞാൻ മനസ്സിലാക്കി.

വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഞാൻ വിദേശത്തേക്ക് ആദ്യമായി ജോലി തേടി പോയപ്പോൾ എന്റെ ഭാര്യയെ ഞാൻ നിങ്ങളെയാണ് വിശ്വസിച്ചേൽപ്പിച്ചത്. പക്ഷേ നിങ്ങൾക്കന്നും അവളോട് ഇഷ്ടക്കേടേ പ്രകടിപ്പിക്കാനുള്ളായിരുന്നു.

ശമ്പളം നന്നേ കുറവായിരുന്നതിനാലും ജോലിയിൽ തുടക്കമായതിനാലും ഞാനന്നവിടെ നന്നേ ബുദ്ധിമുട്ടിയിരുന്നു.
വിവാഹവാർഷികത്തിനായി ഞാനെന്റെ ഭാര്യയ്ക്ക് ഒരു സാരി സമ്മാനമായി കൊടുത്തുവിട്ടതിന് നീയും നമ്മുടെ അമ്മയും കൂടി അവളെ ഒരുപാട് കണ്ണീര് കുടിപ്പിച്ചത് നീ മറന്നാലും ഈ ഏട്ടൻ മറക്കില്ല. കാരണം നിനക്കിതൊക്കെ വാങ്ങി തരാനായി ആണൊരുത്തന്റെ കൈകളിൽ നിന്നെ പിടിച്ചേൽപ്പിച്ചത് ഈ ഏട്ടനായിരുന്നു. ഒരു ഭാര്യയായ നീ ഒന്നോർത്താൽ മതിയായിരുന്നു
നിന്നെപ്പോലെ ഒരു പെണ്ണ് തന്നെയാണ് അവളെന്നും.

വിവാഹവാർഷികത്തിന് ഭാര്യയ്ക്കൊപ്പം അമ്മയ്ക്കും വിവാഹം ചെയ്തയച്ച പെങ്ങൾക്കും സാരി എടുത്ത് കൊടുക്കണമെന്ന് ഈ ഏട്ടനറിയില്ലായിരുന്നു. എന്റെ അറിവില്ലായ്മയായി പോലും നീയും അമ്മയും അത് ക്ഷമിച്ചില്ല. പകരം എന്റെ ഭാര്യയെ ശാപവാക്കുകളാൽ മൂടി..

കുടുംബം ഓഹരി വെച്ചപ്പോളും ഈ ഏട്ടനറിഞ്ഞില്ല നിങ്ങടെയൊക്കെ ഉള്ളിൽ പണത്തിനായിരുന്നു മുൻതൂക്കമെന്ന്. അല്ലായിരുന്നെങ്കിൽ എനിക്ക് തന്ന വീതത്തിന്റെ പേരിൽ ശാപങ്ങളുമായി നിങ്ങളോരോരുത്തരും എന്നെയകറ്റില്ലായിരുന്നല്ലോ.നിന്റെ കഴുത്തിൽ കിടക്കുന്ന താലി..എന്റെ അനിയൻ ഇന്ന് കൈനീട്ടി വാങ്ങുന്ന ശമ്പളം അതിന്റെയൊക്കെ പിന്നിൽ ഈ വെറുക്കപ്പെട്ടുപോയ ഏട്ടന് ഒരു സ്ഥാനവുമില്ലാതായല്ലോ മോളേ.

ഇതൊക്കെ കടമയാണെന്ന് നമ്മുടെ അമ്മ പറയുന്ന ഒറ്റവാക്കിൽ ഈ ഏട്ടന്റെ കണ്ണീരിന്റെയും വിയർപ്പിന്റെ അംശമുണ്ടായിരുന്നൂന്ന് ഒരിക്കലെങ്കിലും നിങ്ങളോർക്കണം. അന്നീ ഏട്ടൻ മറുത്തൊന്ന് ചിന്തിച്ചിരുന്നെങ്കിൽ, നിങ്ങളെപ്പോലെ രക്തബന്ധത്തേക്കാൽ പണത്തിനെ ഞാനും സ്നേഹിച്ചിരുന്നെങ്കിൽ…

വേണ്ട…അങ്ങനൊന്ന് ഓർക്കാൻ കൂടി ഈ ഏട്ടൻ ഇഷ്ടപ്പെടുന്നില്ല.. നിങ്ങളെ സ്നേഹിച്ചതിന്റെ പേരിൽ ഈ ഏട്ടനെ ശപിച്ചോളൂ. പക്ഷേ എന്റെ മക്കളെ വെറുതെ വിടണം, അവരെ നിങ്ങൾ ശപിക്കരുതേ.

നിങ്ങടെ ഓരോ ശാപവാക്കുകളും ഈ ഏട്ടന്റെ ഹൃദയത്തിൽ തറയ്ക്കാനുള്ള ആണികളായി മാറട്ടേ..കാരണം കുടുംബത്തെ സ്നേഹിച്ചവനെന്നും കുരിശിൽ തറയ്ക്കാൻ വിധിക്കപ്പെട്ടവനാണ്..

ഈ ഏട്ടനെ നിങ്ങൾ വെറുത്താലും എന്റെയുള്ളിലെന്നും എന്റെ കുഞ്ഞുപെങ്ങളായും കുഞ്ഞനിയനായും നിങ്ങളുണ്ടാകും.

-RemyaRajesh

Leave a Reply

Your email address will not be published. Required fields are marked *