DHA എക്സാം പാസ്സായത് കൊണ്ടുതന്നെ അധികം വൈകാതെ ദുബായിൽ ഏതെങ്കിലും ഹോസ്പിറ്റലിൽ ആതിരയ്ക്ക് ജോലി ശരിയാക്കി കൊടുക്കുന്ന കാര്യവും ശ്രീറാം ഏറ്റെടുത്തു.
ആ സന്തോഷവാർത്ത പറയാനായി നാട്ടിലേക്ക് വിളിച്ച അവളെ കാത്തിരുന്നത് ഹൃദയഭേദകമായ വാർത്തയായിരുന്നു.
ശിവന്റെ ഫോണിലേക്ക് കുറേ തവണ വിളിച്ച ശേഷമാണ് മറുവശത്ത് കാൾ എടുത്തത്.
“ഹലോ…” ഫോണിലൂടെ ഒരു സ്ത്രീയുടെ പതിഞ്ഞ ശബ്ദം കേട്ടു.
“ഹലോ… ഇത് കാർത്തിക ചേച്ചിയാണോ?” ശിവന്റെ ഭാര്യ കാർത്തികയാവും ഫോണെടുത്തതെന്ന് അവളൂഹിച്ചു.
“അതെ…”
“ചേച്ചി ഞാൻ ആതിരയാണ്.”
“ഉവ്വ്… എനിക്ക് മനസ്സിലായി.” ഇടറിയ സ്വരത്തിൽ കാർത്തിക പറഞ്ഞു.
“ഇന്ന് അമ്മാമ്മയെ ചെക്കപ്പിന് കൊണ്ട് പോകുന്ന ദിവസമല്ലേ. ശിവേട്ടൻ എവിടെപോയി. ഞാൻ കുറേ നേരായി വിളിക്കുന്നല്ലോ. എന്തേ ശിവേട്ടൻ ഫോണെടുക്കാത്തത്. ഇനി ഫോൺ മറന്ന് വച്ചു പോയതാണോ.”
“ശി… ശിവേട്ടൻ…” ആതിരയുടെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു കാർത്തികയുടെ മറുപടി.
“ചേച്ചീ… ശിവേട്ടന് എന്താ പറ്റിയെ?” ആധിയോടെ അവൾ ചോദിച്ചു.
കുറച്ചുസമയം മറുവശത്ത് നിന്ന് കാർത്തികയുടെ കരച്ചിലല്ലാതെ മറ്റൊന്നും കേട്ടില്ല.
“ഹലോ… ചേച്ചി… കേൾക്കുന്നില്ലേ. ശിവേട്ടന് എന്താ പറ്റിയത്?” ആതിര ചോദിച്ചുകൊണ്ടിരുന്നു.
“ഹലോ ആരാണ്.” കാർത്തികയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി ആരോ ചോദിക്കുന്നത് അവൾ കേട്ടു. കാർത്തികയുടെ അടക്കിപ്പിടിച്ച തേങ്ങൽ ശബ്ദവും കേൾക്കാമായിരുന്നു.
“ഞാൻ ആതിരയാണ്… ശിവേട്ടനാ എന്റെ അമ്മാമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകുന്നത്. അക്കാര്യം ചോദിക്കാൻ വിളിച്ചതായിരുന്നു. ശിവേട്ടന് എന്ത് പറ്റി. കാർത്തികേച്ചി എന്തിനാ കരയണേ?”
“ശിവൻ നമ്മളെയൊക്കെ വിട്ട് പോയി മോളേ… ശനിയാഴ്ച രാത്രി റെയിൽവേ സ്റ്റേഷനിൽ ഓട്ടം പോയതാ ശിവൻ. നല്ല മഴയുമുണ്ടായിരുന്നു. റോഡിലെ കുഴിയിൽ കെട്ടിക്കിടന്ന ചെളിവെള്ളത്തിൽ നിന്ന് ഷോക്കടിച്ചതാ. അപ്പോൾ തന്നെ അവൻ പോയി മോളേ…” ശിവന്റെ ഏതോ ഒരു ബന്ധുവാണ് അത് പറഞ്ഞത്
ആതിരയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ശിവന്റെ മരണ വാർത്ത അത്രമേൽ അവളുടെ ഹൃദയത്തെ പിടിച്ചുലച്ചു. ആതിരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തൊണ്ടകുഴിയിൽ അമർത്തിവച്ച തേങ്ങൽ എത്ര അടക്കാൻ ശ്രമിച്ചിട്ടും പുറത്തേക്ക് വന്നുപോയി.
മറ്റൊന്നും സംസാരിക്കാനാവാതെ അവൾ കാൾ കട്ട് ചെയ്തു. ശിവന്റെ മരണം ആതിരയെ അത്രയ്ക്കും തളർത്തിയിരുന്നു. അവന്റെ വിയോഗം സഹിക്കാൻ അവൾക്കായില്ല.
മരിച്ച് ഒരാഴ്ചയായിട്ടും താനറിയാൻ വൈകിപ്പോയി. കാർത്തികയുടെ വിഷമം ഓർത്തപ്പോൾ അവൾക്ക് പിന്നെയും കരച്ചിൽ തികട്ടി വന്നു. റോഡ് വക്കിൽ ഷോക്കടിച്ച് മരിച്ചു മരവിച്ചു കിടക്കുന്ന ശിവന്റെ രൂപം അവളുടെ മനസ്സിലേക്ക് കടന്നുവന്നു. ആ രംഗങ്ങൾ ഒക്കെ മനസ്സിലേക്ക് കടന്നുവരുമ്പോൾ ആതിരയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ശിവനെ ഓർത്ത് കണ്ണീർ വാർക്കാനേ അവൾക്കായുള്ളു. ഷാൾ കൊണ്ട് വാ പൊത്തി അവൾ വിതുമ്പിപ്പൊട്ടി.
“എന്താ മോളെ എന്ത് പറ്റി? നീയെന്തിനാ കരയുന്നെ?” ഫോണും കൈയ്യിൽ പിടിച്ച് വിതുമ്പി കരയുന്ന ആതിരയെ കണ്ട് പകപ്പോടെ ദേവകി അവൾക്കരികിലേക്ക് വന്നു.
“ആന്റീ…” എന്ന് വിളിച്ച് അവരുടെ നെഞ്ചത്തേക്ക് വീണ് ആതിര തന്റെ സങ്കടങ്ങൾ ഇറക്കി വച്ചു.
ഏങ്ങലടികൾക്കിടയിലും അവൾ താനറിഞ്ഞ സംഭവം ദേവകിയോട് പറഞ്ഞു. ആതിരയുടെ കഥകളെല്ലാമറിയുന്ന അവർക്കും ശിവന്റെ മരണം നോവ് സമ്മാനിച്ചു.
ആ രാത്രിതന്നെ മുരളിയുടെ നമ്പറിൽ നിന്ന് ആതിരയ്ക്കൊരു കാൾ വന്നു. തന്റെ ഗൾഫ് നമ്പറിലേക്ക് അച്ഛന്റെ ഫോണിൽ നിന്ന് കാൾ വരുന്നത് കണ്ട് അവളൊന്ന് അമ്പരന്നു.
എടുക്കണോ വേണ്ടയോ എന്നാലോചിച്ചു അവളൊരുനിമിഷം ശങ്കിച്ചു നിന്നു. പിന്നെ രണ്ടും കല്പിച്ചവൾ കാൾ അറ്റൻഡ് ചെയ്തു.
“ഹലോ…. ചേച്ചീ… ഞാൻ… അഞ്ജുവാ.” അപ്രതീക്ഷിതമായി ഫോണിലൂടെ അനിയത്തിയുടെ ശബ്ദം കേട്ട് ആതിര വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ഫോണിലേക്ക് നോക്കി.
“അഞ്ജൂ… നീയോ?.” സംശയം വിട്ടുമാറാതെ അവൾ ചോദിച്ചു.
“ചേച്ചിക്ക് വിശ്വസിക്കാൻ പറ്റണില്ലല്ലേ.. ചേച്ചിക്കും മോൾക്കും അവിടെ സുഖല്ലേ.” അഞ്ജു ചോദിച്ചു.
“ഉം… സുഖം.” ഒഴുക്കൻ മട്ടിൽ അവൾ മറുപടി പറഞ്ഞു.
“അമ്മാമ്മ അച്ഛനോട് വഴക്കുണ്ടാക്കി ചേച്ചിയെ വിളിക്കാൻ വേണ്ടി ഫോൺ വാങ്ങിച്ചതാ. വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ അങ്ങോട്ട് വിളിക്കാൻ വേണ്ടി നൂറു രൂപയുടെ റീചാർജ് കൂപ്പണും അമ്മാമ്മ എന്നെകൊണ്ട് വാങ്ങിപ്പിച്ചു. ഞാൻ ഫോൺ അമ്മാമ്മയ്ക്ക് കൊടുക്കാമേ ചേച്ചി.” അഞ്ജു അമ്മാമ്മയുടെ കൈയ്യിലേക്ക് ഫോൺ കൈമാറുന്ന ശബ്ദം അവൾ കേട്ടു.
“മോളെ… നിനക്ക് സുഖാണോടി കൊച്ചേ. എത്ര ദിവസായി നിന്റെ ശബ്ദമൊന്ന് കേട്ടിട്ട്.” ഭാർഗവി അമ്മയുടെ സ്വരമിടറി.
“അമ്മാമ്മേ ഞാൻ.. ഞാൻ ശിവേട്ടന്റെ നമ്പറിൽ രാവിലെ വിളിച്ചിരുന്നു.” ഇടർച്ചയോടെ അവളത് പറയുമ്പോൾ മറുതലയ്ക്കൽ അമ്മാമ്മ കരയുകയായിരുന്നു.
“നിന്നോടത് പറയാനാ മോളെ അഞ്ജുവിനെ കൊണ്ട് കാർഡ് വാങ്ങിപ്പിച്ചു ഞാൻ നിന്നെ വിളിച്ചത്.”
“എന്നാലും അമ്മാമ്മേ… ശിവേട്ടൻ…. ശിവേട്ടനിങ്ങനെ പറ്റുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചതല്ല.”
“കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു മോളെ സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് ഒരോട്ടം കിട്ടി പോയി വരുന്ന വഴി ഓട്ടോയുടെ ടയർ റോഡിലെ കുഴിയിൽ വീണുപോയി. ഓട്ടോ തള്ളി റോഡിലേക്ക് കയറ്റാൻ ഇറങ്ങിയതായിരുന്നു ശിവൻ. ലൈൻ കമ്പി പൊട്ടി ചെളിവെള്ളത്തിൽ വീണ് കിടന്നത് അവൻ കണ്ടിരുന്നില്ലെന്ന് തോന്നുന്നു.
ചെളിവെള്ളത്തിൽ ചവുട്ടിയതും ശിവനെ ഷോക്കടിച്ചു. മരിച്ചു മരവിച്ച് റോഡ് വക്കിൽ രാത്രി മുഴുവൻ മഴ കൊണ്ട് അവൻ കിടന്നത് ആരും കണ്ടില്ല മോളെ. വെളുപ്പിന് പത്രമിടാൻ ഇറങ്ങിയ ആരോ ആണ് ശിവനെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പക്ഷേ അതിനും എത്രയോ മുൻപ് തന്നെ അവൻ മരിച്ചിരുന്നു. വരാൻ വൈകുമെന്ന് പറഞ്ഞിട്ട് പോയത് കൊണ്ട് കാർത്തികയും അവനെ വിളിച്ച് നോക്കിയിരുന്നില്ല.
ശിവൻ മരിക്കുന്നതിന് തലേ ദിവസമാണ് കാർത്തിക രണ്ട് മാസം ഗർഭിണിയാണെന്ന വിവരം അവരറിയുന്നത്. ശിവന്റെ പെണ്ണിന്റെ കരച്ചിൽ കാണാൻ വയ്യായിരുന്നു മോളെ. അന്നേരം നിന്നെ അറിയിക്കാൻ ഒരു വഴിയുമില്ലായിരുന്നു.” ഭാർഗവി അമ്മയുടെ വാക്കുകൾ ആതിരയെ കരയിപ്പിച്ചു.
“അവസാനമായി ശിവേട്ടനെ എനിക്കൊന്ന് കാണാൻ പോലും പറ്റിയില്ലല്ലോ അമ്മാമ്മേ.”
“ജനിച്ചാൽ ഒരിക്കൽ മരിക്കണ്ടേ മോളെ. പക്ഷേ അവനെ ഇത്ര നേരത്തെ വിളിക്കുമെന്ന് വിചാരിച്ചില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.”
“കാർത്തികേച്ചീടെ അവസ്ഥയിപ്പോ എങ്ങനെയാ അമ്മാമ്മേ?”
“കാർത്തികയെ ശിവന്റെ അച്ഛനും അമ്മയും പൂമഠത്തേക്ക് കൂട്ടികൊണ്ട് പോയി. ശിവനോട് പിണങ്ങി ഇരിക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞിട്ട് വേലായുധനും ഭാര്യയും ഒരേ കരച്ചിലായിരുന്നു.”
“അമ്മാമ്മയ്ക്കിപ്പോ എങ്ങനെയുണ്ട്. ഭേദമാകുന്നോ?”
“ആ മോളെ… ഇപ്പൊ ഇത്തിരി പിടിച്ചു പിടിച്ചു നടക്കാം, എണീറ്റിരിക്കാം. സംസാരിക്കാനും കുഴപ്പമില്ല.ആൽഫി എവിടെയാ മോളെ… അവനെന്താ എന്നെയൊന്ന് വിളിക്കാത്തത്. നീയും മോളും മാത്രല്ലേ ദുബായ്ക്ക് പോയത്. അവൻ കർണാടകയിൽ ഉണ്ടാവില്ലേ. ആൽഫിയോട് ഇങ്ങോട്ടൊന്ന് വരാൻ പറയ്യ്. അല്ലെങ്കിൽ എന്നെയൊന്ന് വിളിക്കാനെങ്കിലും നിനക്ക് പറഞ്ഞൂടെ. കഴിഞ്ഞ തവണ വിളിച്ചപ്പോഴും നിന്നോട് ഞാനിത് പറഞ്ഞതല്ലേ. ഇത് ഞാൻ നിന്റെ പേരിൽ എഴുതിവച്ച വീടാണ്. അതുകൊണ്ട് ആൽഫിക്ക് ഇവിടേക്ക് വരാൻ ആരെയും പേടിക്കണ്ട.”
“അമ്മാമ്മേ ആൽഫിയിപ്പോ കർണാടകയിലില്ല. അവന് അയർലൻഡിലൊരു ഹോസ്പിറ്റലിൽ ജോലി ശരിയായിട്ട് കഴിഞ്ഞയാഴ്ച അങ്ങോട്ടേക്ക് പോയി.” പെട്ടന്ന് മനസ്സിൽ വന്നൊരു കള്ളം അവൾ പറഞ്ഞു.
ഭാർഗവി അമ്മ അത് വിശ്വസിക്കുകയും ചെയ്തു.
“നിങ്ങളെ ഒന്ന് കാണാൻ പറ്റാത്തതിൽ എനിക്ക് നല്ല സങ്കടമുണ്ട് മോളെ. തുമ്പി മോളേം ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ. ഹാ, ഇനിയിപ്പോ സാരമില്ല… രണ്ടാളും ജോലി ചെയ്യാൻ വേണ്ടി പോയതല്ലേ. നിങ്ങള് രക്ഷപെട്ടു വാ മക്കളെ. അമ്മാമ്മേടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും.”
അത്രേം സംസാരിക്കുമ്പോ തന്നെ കാൾ കട്ടായി പോയിരുന്നു.
ആതിര തിരിച്ചുവിളിക്കാനും മുതിർന്നില്ല. അമ്മാമ്മയോട് കള്ളം പറയേണ്ടി വന്നതിൽ അവൾക്ക് കടുത്ത മനോവേദന തോന്നി. എല്ലാം നല്ലതിന് വേണ്ടിയാണല്ലോ എന്നോർത്ത് അവൾ മനസ്സിനെ സമാധാനിപ്പിച്ചു. അതേസമയം അഞ്ജുവിന്റെ സ്വഭാവത്തിലെ മാറ്റവും ആതിരയ്ക്ക് ഉൾകൊള്ളാനായില്ല.
ഭാർഗവി അമ്മ അഞ്ജുവിനെ കൊണ്ട് ആതിരയെ വിളിച്ചത് ഗൾഫിലെ നമ്പറിലേക്കാണെന്ന് കണ്ടപ്പോൾ മുരളി ഞെട്ടിപ്പോയി. അവൾക്കവിടെ ജോലി കിട്ടിയെന്ന് ഭാർഗവി അമ്മയുടെ വായിൽ നിന്ന് കേട്ടപ്പോൾ അയാൾക്ക് സഹിക്കാനായില്ല. താൻ നികൃഷ്ട ജീവിയെ പോലെ ആട്ടിപായിച്ചവൾക്ക് വച്ചടി വച്ചടി കയറ്റവും രാജകുമാരിയെ പോലെ താൻ കൊണ്ടുനടന്ന ആരതി ഇപ്പൊ ചെന്ന് കേറിയ വീട്ടിൽ വേലക്കാരിയെ പോലെ ജീവിക്കുന്നതും ഓർത്തപ്പോൾ മുരളിക്ക് വേദന തോന്നി.
ഒരു നൂറുവട്ടം അയാൾ മനസ്സിൽ ആതിരയെ പ്രാകി. അവൾ നശിച്ചുപോകാൻ ആഗ്രഹിച്ചു പോയി.
******************
രാത്രി കട്ടിലിന് ഓരം ചേർന്ന് കൂനികൂടി കിടക്കുകയായിരുന്നു ആരതി. മ, ദ്യ ലഹ, രിയിൽ അവളുടെ തോളിൽ അമർന്ന സുജിത്തിന്റെ കൈകളെ ആരതി തട്ടിയെറിഞ്ഞു.
“കല്യാണത്തിന് മുൻപ് ഞാൻ തൊടുമ്പോൾ നിനക്ക് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ. ഇപ്പൊ എന്താടി നിനക്കൊരു ജാട. ഞാൻ തരുന്ന സുഖം മതിയാവുന്നില്ലേ.” കുഴഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു.
“എന്തിനാ സുജിത്തേട്ടാ ദിവസവുമിങ്ങനെ കുടിച്ചു വരുന്നത്. എനിക്കീ മ, ദ്യത്തിന്റെ മണമടിക്കുമ്പോൾ തന്നെ ഓക്കാനിക്കാൻ വരുന്നു.
കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസമെങ്കിലും ബോധത്തോടെ എന്റെ അടുത്തേക്ക് വന്നിട്ടുണ്ടോ നിങ്ങൾ. തൊട്ടുരുമാൻ നിക്കാതെ അങ്ങോട്ട് നീങ്ങി കിടക്ക്.” തന്നെ കെട്ടിപ്പിടിക്കാൻ വന്ന സുജിത്തിനെ ആരതി നീക്കി കിടത്താൻ ശ്രമിച്ചു.
“കൂടുതൽ പിടക്കാതെ അടങ്ങി കിടക്കെടി അവിടെ. ബോധത്തോടെ നിന്റടുത്തേക്ക് കെട്ടിയെടുക്കാൻ ഞാൻ മോഹിച്ചു കെട്ടിയതല്ല നിന്നെ. നിനക്കല്ലേ എന്നെ കെട്ടാൻ മുട്ടിനിന്നത്. എനിക്ക് നീ എല്ലാരേം പോലെ വെറും നേരമ്പോക്കായിരുന്നു. എന്റെ സമയക്കേടിന് നീ എന്റെ തലയിലായി. അത് കൊണ്ട് ഭാര്യയുടെ അധികാരവും അവകാശവും കൊണ്ട് എന്റടുത്തേക്ക് വരണ്ട, കേട്ടോടീ… “
“സുജിത്തേട്ടാ വേണ്ട… പ്ലീസ്… എനിക്ക് മെ, ൻസ, സാണ്.” ആരതി കരഞ്ഞുകൊണ്ട് പറഞ്ഞു.
“അതൊന്നും എനിക്ക് കുഴപ്പമില്ല… നീയൊന്ന് സഹകരിച്ചാൽ എനിക്ക് കൂടുതൽ ബലം പിടിക്കേണ്ടി വരില്ല.” കാരിരുമ്പിന്റെ കരുത്തോടെ അവൻ അവളിലേക്ക് അമരുമ്പോൾ പൊട്ടിവന്ന തേങ്ങൽ ആരതി അടക്കിപ്പിടിക്കാൻ ശ്രമിച്ചു.
ചില ദിവസങ്ങളിൽ സുജിത്ത് ഇങ്ങനെയാണ്. അവന്റെ അതിക്രമങ്ങൾ താങ്ങാനുള്ള കരുത്തു അവൾക്കില്ലായിരുന്നു. പക്ഷെ ചില ദിവസം വലിയ കുഴപ്പമില്ലായിരിക്കും. അന്ന് ആരതി സമാധാനത്തോടെ ഉറങ്ങും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും അവൾക്ക് അവിടം വിട്ട് പോകാൻ മനസ്സ് വന്നില്ല. എന്നെങ്കിലും സുജിത്ത് മാറുമെന്ന വിശ്വാസത്തിൽ അമ്മായിഅമ്മ പോര് സഹിച്ച് ആരതി അവിടെ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. ഇതൊക്കെ താൻ സ്വയം ചോദിച്ചു വാങ്ങിയതാണല്ലോന്ന് ഓർത്ത് അവൾക്ക് നല്ല വിഷമമുണ്ടായിരുന്നു. എങ്കിലും എന്നെങ്കിലും എല്ലാം മാറുമെന്ന ശുഭാപ്തി വിശ്വാസത്തിൽ ആരതി അവിടെ കഴിച്ചു കൂട്ടി.
*****************
കാത്തിരുപ്പുകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ ആതിരയ്ക്ക് ദുബായിലെ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ നേഴ്സായി ജോലി കിട്ടി. ശ്രീറാമിന്റെ ഫ്ലാറ്റിന് തൊട്ടടുത്തുള്ള ഫ്ലാറ്റ് ഒഴിഞ്ഞപ്പോൾ ആതിരയും കുഞ്ഞും അങ്ങോട്ടേക്ക് ഷിഫ്റ്റ് ചെയ്തു. എന്നും അവർക്കൊപ്പം ഒരേ ഫ്ലാറ്റിൽ നിൽക്കുന്നത് മോശമല്ലേ എന്ന് കരുതിയാണ് അവൾ അടുത്ത ഫ്ലാറ്റിലേക്ക് മാറിയത്. ആതിരയുടെ തീരുമാനത്തിനോട് ആർക്കും എതിർപ്പുമില്ലായിരുന്നു.
അവൾ ഡ്യൂട്ടിക്ക് പോകുമ്പോൾ തുമ്പിയെ ശ്രീറാമിന്റെ അച്ഛനെയും അമ്മയെയും ഏൽപ്പിച്ചാണ് പോകാറ്. ഷൈനിക്ക് ഇതുവരെ ജോലിക്ക് പോയി തുടങ്ങാനായില്ല. എങ്കിലും ഒറ്റയ്ക്ക് കാര്യങ്ങെളെല്ലാം ചെയ്യാൻ അവൾക്കിപ്പോ സാധിക്കും. അതുകൊണ്ട് ഹോസ്പിറ്റലിൽ ജോലി ശരിയായപ്പോൾ ആതിരയ്ക്ക് സമാധാനത്തോടെ പോകാനും കഴിഞ്ഞു.
ശ്രീറാം കൊടുക്കുന്ന സാലറിയൊക്കെ അത്യാവശ്യ ചിലവുകൾ കഴിഞ്ഞു ബാക്കി പൈസ അവൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമായിരുന്നു. ഇപ്പൊ ഹോസ്പിറ്റലിൽ ജോലി കൂടി കിട്ടിയപ്പോൾ ആതിരയ്ക്ക് നല്ലൊരു സാമ്പത്തിക സ്ഥിതി കൈവന്നു തുടങ്ങി.
ഒരിക്കൽ നയാപ്പൈസ കൈയിലില്ലാതെ കഷ്ടപ്പെടേണ്ടി വന്നതിനാൽ ഇനിയൊരിക്കലും അങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്ന് കരുതി അവൾ ഭാവിയിലേക്ക് വേണ്ടി ഉറുമ്പ് അരിമണി കൂട്ടുന്നത് പോലെ പൈസ സ്വരുകൂട്ടി കൊണ്ടിരുന്നു.
ഭാർഗവി അമ്മയും ഇപ്പൊ പൂർണമായും പഴയ ആരോഗ്യ സ്ഥിതിയിലേക്ക് വന്ന് തുടങ്ങിയെന്നു കേട്ടപ്പോൾ അമ്മാമ്മയെയും തനിക്കൊപ്പം കൂട്ടിയാലോ എന്നൊരു ചിന്ത അവളിൽ ഉടലെടുത്തു. ഭാർഗവി അമ്മയെ ദുബായിലേക്ക് കൊണ്ടുവരണമെങ്കിൽ താൻ നാട്ടിലേക്ക് പോകേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ആതിര അമ്മാമ്മയെ കൊണ്ടുവരാനുള്ള ആഗ്രഹം ഉള്ളിലടക്കി.
രണ്ട് വർഷത്തേക്കിനി അവൾക്ക് ലീവ് കിട്ടില്ല. അതുമല്ല ഉടനെ ഒരു നാട്ടിൽ പോക്കും ആതിരയ്ക്ക് താല്പര്യമില്ലായിരുന്നു.
എന്തായാലും ഭാർഗവി അമ്മയോട് പാസ്പോർട് ഒക്കെ എടുത്തുവയ്ക്കാൻ അവൾ പറഞ്ഞിരുന്നു. ആരെങ്കിലും നാട്ടിൽ നിന്ന് വരുകയാണെങ്കിൽ കൊണ്ട് വരാൻ പറയാമല്ലോ എന്ന് ആതിരയോർത്തു.
******************
ആതിരയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളൊരു ദിവസമായിരുന്നു അത്. എമർജൻസി വാർഡിൽ ആയിരുന്നു അവൾക്കന്ന് ഡ്യൂട്ടി ഉണ്ടായിരുന്നത്.
രാത്രി രണ്ട് മണി കഴിഞ്ഞ സമയത്താണ് ഒരു ആംബുലൻസിൽ ശരീരം മുഴുവൻ ചോരയിൽ കുതിർന്നൊരു മനുഷ്യനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്.
സൈറ്റിൽ നിന്ന് കാല് തെന്നി വീണ് തലയ്ക്ക് പരിക്ക് പറ്റിയതാണെന്ന് കൊണ്ടുവന്നവർ പറഞ്ഞു.
ഉടനെതന്നെ എമർജൻസിയായി കൊടുക്കേണ്ട പ്രാഥമിക ചികിത്സകൾ പേഷ്യന്റിന് നൽകി. ഡ്യൂട്ടി ഡോക്ടർക്കൊപ്പം ആതിരയുമുണ്ടായിരുന്നു. മുഖത്തെ രക്തമൊക്കെ തുടച്ചു മാറ്റുമ്പോഴാണ് തനിക്ക് മുന്നിൽ ബോധമില്ലാതെ കിടക്കുന്ന ആളിനെ അവൾ തിരിച്ചറിഞ്ഞത്.
തുടരും…..