മറുതീരം തേടി, ഭാഗം 54 – എഴുത്ത്: ശിവ എസ് നായർ

“ഒരു കുഞ്ഞുള്ള തന്നെ പ്രണയിക്കാൻ മാത്രം വിഡ്ഢിയാണോ ക്രിസ്റ്റി.” തൽക്കാലം അങ്ങനെ ആശ്വസിക്കാനാണ് അവൾക്ക് തോന്നിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്രിസ്റ്റിയെ നോക്കിയിരുന്ന ഡോക്ടർ അവന് ഡിസ്ചാർജ് നൽകി. പോകുന്നതിന് മുൻപ് അവൻ ആതിരയെ കാണാനായി ഡ്യൂട്ടി റൂമിനടുത്തേക്ക് ചെന്നു.

ക്രിസ്റ്റിയെ കണ്ടതും പുഞ്ചിരിച്ച് കൊണ്ടവൾ അവനടുത്തേക്ക് ചെന്നു.

“പോവാണല്ലേ..”

“ഹാ… ഡിസ്ചാർജ് ആയി. പോകുന്നതിന് മുൻപ് തന്നെ വന്നൊന്ന് കണ്ടിട്ട് പോകാമെന്ന് വിചാരിച്ചു.”

“നേരത്തെ കണ്ടപ്പോൾ ക്രിസ്റ്റിയോട് ഒരു കാര്യം പറയാൻ ഞാൻ വിട്ട് പോയിരുന്നു.”

“എന്താ… പറഞ്ഞോളൂ.”ആകാംക്ഷയോടെ ക്രിസ്റ്റി അവളെ നോക്കി.

“അമ്മാമ്മയ്ക്കിപ്പോ പഴയ പോലെ ഭേദായി വരുന്നുണ്ട്. അതുകൊണ്ട് ക്രിസ്റ്റിയിനി അമ്മാമ്മയുടെ ചികിത്സയ്ക്കുള്ള പണമയക്കണ്ട കേട്ടോ. ഇനി അധികം ട്രീറ്റ്മെന്റ് ഒന്നുമില്ലെന്നാണ് അമ്മാമ്മയെ നോക്കിയിരുന്ന ഡോക്ടർ പറഞ്ഞത്.”

“അതാണോ കാര്യം. ഓക്കേ ഓക്കേ… അമ്മാമ്മ ഇപ്പൊ പെർഫെക്ട് അല്ലെ?”

“അതെ… അമ്മാമ്മയിപ്പോ ഏകദേശം പഴയ പോലെ ആയെന്ന് വേണം പറയാൻ. അത്രയും നല്ല ട്രീറ്റ്മെന്റ് ഉടനെതന്നെ കൊടുത്തത് കൊണ്ടാണ് അമ്മാമ്മ ഇത്രയും വേഗത്തിൽ സുഖം പ്രാപിച്ചതെന്ന് ഡോക്ടറും പറഞ്ഞിരുന്നു. അതിന് നന്ദി പറയേണ്ടത് ക്രിസ്റ്റിയോടാണ്.”

“എന്നോടെന്തിനാ നന്ദി പറയുന്നത് ആതിരാ. ഞാൻ കാരണമല്ലേ അമ്മാമ്മ ആ അവസ്ഥയിലായി പോയത്. അപ്പൊ അമ്മാമ്മയെ പഴയപോലെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരേണ്ട ഉത്തരവാദിത്വം എനിക്കല്ലേ.”

“അതൊക്കെ ശരിയാണ് ക്രിസ്റ്റി… ക്രിസ്റ്റി കാരണമാണെങ്കിൽ പോലും ആ അവസരത്തിൽ കൈയൊഴിയാതെ കൂടെ നിന്നില്ലേ. അങ്ങനെയൊരു മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല.”

“ഞാൻ കുവൈറ്റിൽ നിന്ന് ഇങ്ങോട്ടേക്ക് പോരുമ്പോൾ കുറേ പൈസ ഒരുമിച്ച് ശിവേട്ടനെ ഏൽപ്പിക്കുകയായിരുന്നു. തികഞ്ഞില്ലെങ്കി ചോദിക്കാനും പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ശിവേട്ടൻ മരിക്കുന്ന അന്നുവരെ വേറെ പൈസയൊന്നും ചോദിച്ചിട്ടില്ലായിരുന്നു. അയച്ച കാശൊക്കെ അമ്മാമ്മയുടെ ചികിത്സയ്ക്ക് തികഞ്ഞിരുന്നോ?”

“ഉവ്വ്… ക്രിസ്റ്റി കൊടുത്ത കാശ് അന്നുതന്നെ ബാങ്കിൽ നിന്നെടുത്ത് ശിവേട്ടൻ അമ്മാമ്മയെ ഏൽപ്പിച്ചിരുന്നു. അതിൽ ബാക്കി കുറച്ചു തുക മിച്ചവുമുണ്ട്. അത് ഞാൻ ക്രിസ്റ്റിക്ക് മടക്കി തരാം. അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ മതി എനിക്ക്.” കൃതജ്ഞതയോടെ ആതിര അവനെ നോക്കി.

“ക്യാഷിന് എനിക്ക് അർജെന്റ് ഒന്നുമില്ല ആതിര.”

“ക്രിസ്റ്റിക്കും ആവശ്യങ്ങൾ കാണില്ലേ.”

“ആതിരയുടെ കൈയ്യിൽ കാശുള്ളപ്പോ തന്നാൽ മതി.” മടിയോടെ അവൻ പറഞ്ഞു.

“കൈയ്യിൽ കാശൊക്കെ ഉണ്ടെടോ. അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ ക്രിസ്റ്റി ഫ്ലാറ്റിൽ വരുന്ന സമയത്ത് ഞാൻ ചെക്ക് എഴുതി തരാം.”

“മ്മ് മതി… എങ്കിൽ ഞാൻ ഇറങ്ങട്ടെ.” ക്രിസ്റ്റിയുടെ സ്വരം ആർദ്രമായി.

“ഓക്കേ ക്രിസ്റ്റി… റൂമിൽ പോയാലും നന്നായി റസ്റ്റ്‌ എടുക്കണം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.” പുഞ്ചിരിയോടെ അവളവനെ ഓർമ്മിപ്പിച്ചു.

“അതെല്ലാം ഞാൻ ശ്രദ്ധിച്ചോളാം.” ആതിരയെ നോക്കി കൈവീശി കാണിച്ച ശേഷം അവൻ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി പോയി. ആ സമയം അവന്റെ കണ്ണുകളിൽ വിരിഞ്ഞ ഭാവമെന്തെന്ന് അവൾക്ക് തിരിച്ചറിയാനായില്ല.

*****************

അന്നൊരു ദിവസം തങ്ങൾ വന്നപ്പോൾ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളണിഞ്ഞു നിന്നിരുന്ന മകളിപ്പോ നന്നായി അണിഞ്ഞൊരുങ്ങി പുതുവസ്ത്രങ്ങൾ ധരിച്ച് ഹാളിലെ സോഫയിൽ കിടന്ന് ടീവി കാണുന്ന കാഴ്ചയാണ് മുരളിയും ഭാരതിയും ചന്ദ്രന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത്.

“അച്ഛനും അമ്മയും എന്താ പതിവില്ലാതെ ഈ വഴിക്ക്.” വലിയ താല്പര്യമില്ലാത്ത മട്ടിലായിരുന്നു അവളുടെ ചോദ്യം.

“ഞങ്ങള് നിന്നെയൊന്ന് കണ്ട് പോകാമെന്ന് കരുതി വന്നതാ. അഞ്ജുവിന്റെ കാര്യമറിഞ്ഞു നീയങ്ങോട്ട് വരുമെന്ന് കരുതി. നിന്റെ അനിയത്തി ആ, ത്മഹ,ത്യ ചെയ്യാൻ ശ്രമിച്ച് ആശുപത്രിയിലായിട്ട് ഒന്ന് അത്രടം വരെ വന്ന് കണ്ടിട്ട് പോവാൻ നിനക്ക് തോന്നീലല്ലോ. നീയങ്ങോട്ട് വരാത്തത് കൊണ്ട് ഞങ്ങൾക്കിങ്ങോട്ട്‌ വരേണ്ടി വന്നു.” ഭാരതിയാണ് അത് പറഞ്ഞത്.

“അവള് തന്നിഷ്ടത്തിന് ഓരോന്ന് കാട്ടിയിട്ടല്ലേ ആശുപത്രിയിലായത്. അതിന് ഞാനെന്തിനാ അവളെ വന്ന് കാണുന്നത്. സുജിത്തേട്ടനും അച്ഛനും ആശുപത്രിയിൽ വന്ന് കണ്ടതല്ലേ. പിന്നെ ഞാനും കൂടി എന്തിന് വരണം. അല്ലെങ്കിൽ തന്നെ അച്ഛന്റെ  കൈയ്യിൽ പൈസയില്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് മര്യാദക്ക് ഡിഗ്രിക്ക് വല്ലോം പൊക്കൂടെ. വെറുതെ നടക്കാത്ത കാര്യങ്ങൾക്ക് വാശിപിടിക്കുന്നതെന്തിനാ.”

“നിന്നെപ്പോലെ അവൾക്കും അവളുടേതായ ഇഷ്ടം കാണില്ലേ മോളെ. നീ അവളെ വന്നൊന്ന് കാണാതിരുന്നത് മോശമായി പോയി.” വിഷമത്തോടെ മുരളി പറഞ്ഞു.

“നിങ്ങള് കയറിയിരിക്ക്… ഞാൻ ചായ എടുക്കാം.” ആ സംസാരം തുടർന്ന് കൊണ്ടുപോകാൻ താല്പര്യമില്ലാത്തത് പോലെ  അവളവരെ അകത്തേക്ക് സ്വീകരിച്ചിരുത്തിയിട്ട് ചായയെടുക്കാനായി പോയി.

അൽപ്പസമയത്തിനുള്ളിൽ ഒരു ട്രേയിൽ ആവി പറക്കുന്ന ചായയുമായി ആരതി അവർക്കരികിലേക്ക് വന്നു.

“അവരൊന്നും ഇവിടില്ലേ മോളെ. ഞങ്ങള് വന്ന് ഇത്ര നേരമായിട്ടും ആരെയും ഇങ്ങോട്ട് കണ്ടില്ലല്ലോ.” മുരളി ചുറ്റിലുമൊന്ന് കണ്ണോടിച്ച് കൊണ്ട് അവളോട് ചോദിച്ചു.

“സുജിത്തേട്ടൻ സുഹൃത്തിന്റെയൊരു കല്യാണത്തിന് പോയിരിക്കുകയാ. അച്ഛനും അമ്മയും സുചിത്രേച്ചിയുടെ വീട് വരെ പോയി.”

“ഹാ… അതേതായാലും നന്നായി. ഞാൻ വന്നത് നിന്നോടൊരു സഹായം ചോദിക്കാനായിരുന്നു.” മുരളി കാര്യത്തിലേക്ക് കടന്നു.

“എന്താ അച്ഛാ.” പതിവില്ലാത്തൊരു ഗൗരവം ആരതിയുടെ സ്വരത്തിൽ കലർന്നിരുന്നു.

“നിന്റെ കുറച്ചു സ്വർണ്ണം ഞാൻ സുജിത്തിനോട് ആവശ്യപ്പെട്ടിരുന്നു. വീട്ടിലേക്ക് വന്ന് നിന്നോട് ചോദിച്ചാ മതിയെന്നാണ് അവൻ പറഞ്ഞത്.” ആരതി നൽകിയ ചായ കുടിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

“അച്ഛനെന്തിനാ ഇപ്പൊ സ്വർണ്ണത്തിന്റെ ആവശ്യം?”

“അഞ്ജുവിനെ എൻട്രൻസ് കോച്ചിംഗിന് വിടാൻ നല്ല പൈസ വേണം മോളെ. നിന്നെ കെട്ടിച്ചു വിട്ടതോടെ ഞാൻ കടക്കെണിയിലായി. നാട്ടിൽ ഇത്രയും തുക കടം ചോദിക്കാൻ മാത്രം ആസ്തിയുള്ള ആരും തന്നെയില്ല. ആകെയുള്ളത് വേലായുധൻ ചേട്ടനാണ്. അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നുതന്നെ നിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ കടം വാങ്ങിക്കഴിഞ്ഞു.

അഞ്ജു മോളെ പഠിപ്പിക്കാൻ വിടാതിരിക്കാൻ പറ്റില്ല. നിന്റെ ഇഷ്ടം നോക്കി കല്യാണം നടത്തിയത് കൊണ്ടാണ് എനിക്കീ ഗതി വന്നത്. അല്ലായിരുന്നെങ്കിൽ അഞ്ജുവിനെ പഠിപ്പിക്കാൻ എനിക്കാരുടെയും മുന്നിൽ ഇരക്കേണ്ടി വരില്ലായിരുന്നു.” മുരളിയുടെ സ്വരം ദയനീയമായി.

“എന്റെ സ്വർണ്ണം തരാൻ പറ്റില്ല അച്ഛാ. അതെനിക്ക് അച്ഛൻ സ്ത്രീധനമായി തന്നതല്ലേ. ആ സ്വർണ്ണം തിരിച്ചു ചോദിക്കാൻ അച്ഛന് നാണമാവുന്നില്ലേ.” ആരതി ദേഷ്യത്തോടെ മുരളിയെ നോക്കി.

“മോളെ… ഇവിടെ അലമാരയിൽ വെറുതെ ഇരിക്കുന്നതിനേക്കാൾ അതെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നതല്ലേ നല്ലത്. നിന്നോട് ഞാൻ മുഴുവൻ സ്വർണ്ണവും ചോദിച്ചില്ലല്ലോ മോളെ. ഒരു ഇരുപത് പവൻ തന്ന് നിനക്കെന്നെ സഹായിച്ചൂടെ.” അപേക്ഷയോടെ അയാൾ ചോദിച്ചു.

“ഇവിടുത്തെ അമ്മയ്ക്ക് അല്ലെങ്കിൽ തന്നെ എന്നോട് ഇടയ്ക്കിടെ അമ്മായി അമ്മ പോരെടുക്കലാണ് പണി. അതിനിടയിൽ കുറച്ചു സ്വർണ്ണം അച്ഛന് തന്നെന്ന് അറിഞ്ഞാൽ എന്നെ വച്ചേക്കില്ല. ഇപ്പൊ തൽക്കാലം പ്രശ്നങ്ങളൊന്നുമില്ലാതെ ഞാനിവിടെ കഴിയുന്നത് അച്ഛന് തീരെ പിടിക്കുന്നില്ലേ.

ദയവ് ചെയ്ത് അച്ഛനെനിക്ക് തന്ന സ്വർണ്ണവും ചോദിച്ചുകൊണ്ട് ഇങ്ങോട്ട് വരരുത്.”

“അങ്ങനെ പറയരുത് മോളെ. സുജിത്ത് മോൻ നിന്നോട് വന്ന് സ്വർണ്ണം വാങ്ങിച്ചോളാൻ പറഞ്ഞിട്ടാ ഞാൻ വന്നത്. എനിക്ക് വേറെ വഴിയില്ല. നീ പറ്റില്ലെന്ന് മാത്രം പറയരുത്.”

“അച്ഛന് സ്വർണ്ണം തരാന്ന് പറഞ്ഞത് സുജിത്തേട്ടനല്ലേ, ഞാനല്ലല്ലോ. എനിക്കറിയാം എന്റെ സ്വർണ്ണം എന്ത് ചെയ്യണമെന്ന്. അച്ഛന് തരാൻ പറഞ്ഞ് സുജിത്തേട്ടൻ ഇവിടെയൊന്നും ഏൽപ്പിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ നിന്ന് നേരം കളയാതെ അച്ഛനും അമ്മയും പോവാൻ നോക്ക്. വെറുതെ എന്റെ  സ്വസ്ഥത കെടുത്താനായിട്ട് ഇതുപോലെ ഓരോ സഹായവും ചോദിച്ചു ഇവിടെ വന്ന് എന്നെ നാണം കെടുത്തരുത്.”

“കൊള്ളാം മോളെ… നന്നായിട്ടുണ്ട്. മൂത്ത സന്തതിയെ അവഗണിച്ച് നിങ്ങളെ രണ്ടിനേം താഴത്തും തറയിലും വയ്ക്കാതെ പുന്നാരിച്ചു വളർത്തിയ ഞങ്ങളോട് ഇതുതന്നെ ചെയ്യണം നീ. ഒരു ഗതിയും പരഗതിയും ഇല്ലാതായിട്ടല്ലേ നിന്നോട് ഇരക്കാൻ വേണ്ടി ഞങ്ങൾ വന്നത്. സ്വർണ്ണം തരാൻ പറ്റില്ലായിരുന്നെങ്കിൽ മാന്യമായി നിനക്കത് പറയാമായിരുന്നു. പകരം ഇങ്ങനെ അപമാനിക്കുന്നത് പോലെ നീ സംസാരിക്കാൻ പാടില്ലായിരുന്നു മോളെ.

നിന്നെ വളർത്തി വലുതാക്കി ഇഷ്ടപ്പെട്ടവന്റെ കൂടെ തന്നെ കെട്ടിച്ചു വിട്ടിട്ടും ഇങ്ങനെ തന്നെ ആ മനുഷ്യനോട് പറയണം നീ. ഒരു രാജകുമാരിയെ പോലെയല്ലേ നിന്നെ കൊണ്ട് നടന്ന് നോക്കിയത്. അഞ്ജുവിനെക്കാൾ ഒരുപടി കൂടുതൽ നിന്നെയാണ് അച്ഛൻ സ്നേഹിച്ചതും. ആ നീ ഇത്രയ്ക്ക് തരം താഴന്ന് പോകുമെന്ന് ഞാൻ വിചാരിച്ചില്ല.” അമർഷം അടക്കാൻ കഴിയാനാവാതെ ഭാരതി അവളോട് പറഞ്ഞു.

“വളർത്തിയതിന്റെയും കെട്ടിച്ചതിന്റെയും കണക്കൊന്നും നിങ്ങൾ പറയണ്ട. അതൊക്കെ അച്ഛന്റേം അമ്മേടേം കടമയാണ്. പിന്നെ ആതിരേച്ചിയെ അവഗണിക്കാനും ഞങ്ങളെ സ്നേഹിക്കാനും പറഞ്ഞത് ഞങ്ങളല്ലല്ലോ. കുഞ്ഞുനാൾ മുതൽ ചേച്ചിയോടുള്ള വെറുപ്പ് മനസ്സിൽ കുത്തിനിറച്ചല്ലേ അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയതും. അതുകൊണ്ട് എന്റെ സ്വഭാവം ഇങ്ങനെയായെങ്കിൽ അത് നിങ്ങളുടെ വളർത്തുദോഷം കൊണ്ടാണെന്ന് കരുതി സമാധാനിച്ചോ.

എന്റെ സ്വർണ്ണം കിട്ടുമെന്ന് വിചാരിച്ച് ഇവിടെ നിൽക്കണ്ട. എനിക്ക് സ്ത്രീധനം തന്നത് തിരിച്ചു വാങ്ങിച്ചുകൊണ്ട് പോവാനാണോ?” ആരതിയുടെ വാക്കുകൾ മുരളിയെ വേദനിപ്പിച്ചു.

“അച്ഛനോട് ഇങ്ങനെയൊന്നും സംസാരിക്കല്ലേ മോളെ. എനിക്ക് സഹിക്കാനാവുന്നില്ല. നീ കൂടി കൈവിട്ടാൽ എനിക്ക് മുന്നിൽ മറ്റൊരു വഴിയുമില്ല. അത്രേം ഗതികെട്ടത് കൊണ്ടല്ലേ നിന്നോട് ചോദിക്കാൻ ഞാൻ വന്നത്.

സുജിത്തിന് യാതൊരു പ്രശ്നമില്ല… നിനക്കാണ് പ്രശ്നം മുഴുവനും. അവന്റെ അമ്മയ്ക്ക് പ്രശ്നമുണ്ടെങ്കിൽ അവരെ പറഞ്ഞ് മനസ്സിലാക്കാൻ സുജിത്തിന് പറ്റില്ലേ.  അല്ലെങ്കിൽതന്നെ ഇത്തിരി സ്വർണ്ണം എനിക്ക് തന്നെന്ന് പറഞ്ഞ് സീമ ഇവിടെ എന്ത് പ്രശ്നം ഉണ്ടാക്കാനാണ്. അങ്ങനെ ഉണ്ടാക്കിയാൽ തന്നെ അച്ഛന് വേണ്ടി മോൾക്കതൊന്നും സഹിക്കാൻ പറ്റില്ലേ.”

“അന്നൊരിക്കൽ അച്ഛനും അമ്മയും ഇവിടെ വന്നപ്പോൾ എന്റെ വേഷവും ഇവിടുത്തെ അമ്മ എന്നോട് ചെയ്തതും നിങ്ങൾ കണ്ടതല്ലേ. അന്ന് എന്റെ കഷ്ടപ്പാട് ഒന്നും നിങ്ങളെ അറിയിച്ച് വിഷമിക്കണ്ടെന്ന് കരുതി എല്ലാം ഞാൻ സഹിക്കുവായിരുന്നു. ഇപ്പൊ ആ അവസ്ഥയൊക്കെ മാറി അമ്മ നല്ല സ്നേഹത്തിലാണ്.

എനിക്ക് നിങ്ങൾ സ്ത്രീധനമായി തന്ന സ്വർണ്ണമൊക്കെ ഞാനെടുത്തു തന്നുവെന്ന് കേട്ടാൽ അമ്മയ്ക്കെന്നോട് നീരസം തോന്നാൻ അതുമതി. വെറുതെ ഇപ്പോഴുള്ള എന്റെ നല്ല ജീവിതം അച്ഛനും അമ്മയും ഇല്ലാതാക്കരുത്.”

“ഒരു ഇരുപത് പവന്റെ സ്വർണ്ണം നീ പണയം വയ്ക്കാൻ തന്നാ മതി. ഞാനത് വേഗം തിരിച്ചെടുത്തു തരാം നിനക്ക്. അതുവരെ എനിക്ക് സ്വർണ്ണം തന്നത് അവരറിയാതെ നോക്കാൻ നിനക്ക് പറ്റില്ലേ?”

“കടത്തിൽ മുങ്ങി നിൽക്കുന്ന അച്ഛനെങ്ങനെയാ എന്റെ സ്വർണ്ണമെടുത്തു തരുന്നത്. വെറുതെ ഒരേ കാര്യം പറഞ്ഞു മുഷിയാതെ രണ്ട് പേരും പോവാൻ നോക്ക്.” അനിഷ്ടത്തോടെ ആരതി അത്‌ പറയുമ്പോൾ മുരളി വിതുമ്പിപ്പോയി.

“നിന്നെ പുന്നാരിച്ചു വളർത്തിയ എന്നോട് തന്നെ ഇത് വേണായിരുന്നോ മോളെ. ഒരു ഗതിയും ഇല്ലാതായിട്ടാ ഞാൻ നിന്നോട് ഇരക്കാൻ വന്നത്. ആ ഞങ്ങളെ നീ ആട്ടിയിറക്കി വിടുവാല്ലേ. ഇപ്പൊ എന്നെ സഹായിക്കാൻ നിനക്കേ പറ്റുള്ളൂ. അഞ്ജു മോൾക്ക്‌ തുടർന്ന് പഠിക്കാൻ പറ്റിയില്ലെങ്കിൽ അവള് വീണ്ടും എന്തെങ്കിലും അബദ്ധം കാണിക്കും.” നിറഞ്ഞ കണ്ണുകൾ തുടച്ച് മുരളി മകൾക്ക് മുന്നിൽ ഇരന്നു.

“അച്ഛന് പറഞ്ഞാ മനസ്സിലാവില്ലേ. അവരൊക്കെ വരുന്നതിന് മുൻപ് ഇവിടുന്നൊന്ന് ഇറങ്ങി പോവാമോ. വെറുതെ അവർക്ക് മുന്നിൽ എന്നെ നാണം കെടുത്തരുത്.” തൊഴുകയ്യോടെ ആരതി അച്ഛനോട് പറഞ്ഞു.

“ഇനിയും നിന്ന് നാണം കെടാതെ ഇങ്ങോട്ട് വാ മനുഷ്യാ. അവൾക്കിപ്പോ നമ്മളൊക്കെ വെറും ഭിക്ഷക്കാരാ. ഇവിടെ നിന്ന് അവൾക്കിനി നമ്മളായിട്ട് ഒരു നാണക്കേട് ഉണ്ടാക്കി കൊടുക്കണ്ട. അപ്പഴേ ഞാൻ പറഞ്ഞതാ നിങ്ങടെ പുന്നാര മോള് ഒന്നും തരാൻ പോണില്ലെന്ന്. വന്ന് സ്വയം നാണംകെട്ടത് മിച്ചം.” ഭാരതി ഭർത്താവിന്റെ കൈപിടിച്ച് മുന്നോട്ട് വലിച്ചു.

“പാമ്പിനെയാണല്ലോ ഞാൻ ഇത്രയും നാൾ പാലൂട്ടി വളർത്തിയത്. ഒരവസരം വന്നപ്പോൾ നീയെന്നെ തിരിഞ്ഞു കൊത്തി. നിന്നെ കൊഞ്ചിച്ചു കൊണ്ടുനടന്ന നേരത്ത് ഞാൻ നടതള്ളിയവൾക്ക് ഇത്തിരി പരിഗണനയോ സ്നേഹമോ കൊടുത്തിരുന്നെങ്കിൽ അവളോട് ചോദിക്കാതെ തന്നെ സഹായിക്കാൻ മുന്നിട്ട് വന്നേനെ. എന്റെ മുഴുവൻ ചോ, രയും ഊറ്റികുടിച്ചാ നീ ഈ വീട്ടിലേക്ക് വലത് കാലെടുത്തു വച്ചത്. അത് നീ മറക്കണ്ട.” കിതച്ചുകൊണ്ടാണ് മുരളി വാക്കുകൾ പൂർത്തിയാക്കിയത്. മകളുടെ പ്രവൃത്തിയിൽ അയാൾക്ക് കടുത്ത ഹൃദയ വേദന തോന്നി.

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *