“പപ്പയെ ഇനിയും പരീക്ഷിക്കാതെ എന്താ ഉണ്ടായതെന്ന് ഒന്ന് വാ തുറന്ന് പറ മോളേ.” സേവ്യറിന്റെ ക്ഷമ നശിച്ചു.
ഡെയ്‌സി എല്ലാവരെയും ഒന്നുകൂടി നോക്കിയ ശേഷം നടന്നതെന്താണെന്ന് പറയാനാരംഭിച്ചു.
“നാല് വർഷമായി ഞാനും മാളിയേക്കലെ സണ്ണിച്ചനും തമ്മിൽ ഇഷ്ടത്തിലാണ്. പള്ളിയിൽ പോകുന്ന വഴി ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. രണ്ട് വർഷം മുൻപ് സണ്ണിച്ചൻ അയർലണ്ടിലേക്ക് ജോലി കിട്ടി പോയിരുന്നു.
അത് കഴിഞ്ഞ് മൂന്നുമാസം മുൻപാണ് സണ്ണിച്ചൻ നാട്ടിലേക്ക് ലീവിന് വന്നത്. കുറേനാള് കൂടി അന്ന് ഞങ്ങൾ പള്ളിയിൽ പോകുന്ന വഴിക്ക് വച്ച് കണ്ടിരുന്നു. അന്ന് സണ്ണിച്ചനെന്നെ മാളിയേക്കലേക്ക് കൂട്ടികൊണ്ട് പോയി. അന്നവിടെ ആരും ഉണ്ടായിരുന്നില്ല… അറിയാതൊരു തെറ്റ് ഞങ്ങൾക്കിടയിൽ സംഭവിച്ചുപോയി.
അന്നത്തെ ദിവസത്തിന് ശേഷം ഞാൻ പള്ളിയിൽ പോകുന്ന വഴി സണ്ണിച്ചനെ കാണും. തിരിച്ചു പോകുന്നതിനുമുൻപ് വീട്ടുകാരേം കൂട്ടി ഇവിടെ വന്ന് പെണ്ണ് ചോദിക്കാമെന്ന് സണ്ണിച്ചൻ വാക്ക് തന്നിരുന്നു. പിന്നീട് പപ്പയ്ക്ക് ആക്‌സിഡന്റായത് കാരണം സണ്ണിച്ചനെ നേരിട്ട് കാണാനും പറ്റിയില്ല.” ഏങ്ങലടികൾക്കിടയിലൂടെ അവളൊരുവിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു.
ഡെയ്‌സി പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് സേവ്യർ. കാരണം അയാളുടെ അടുത്ത സുഹൃത്തിന്റെ മകനാണ് ഡെയ്‌സി സ്നേഹിക്കുന്ന സണ്ണി.
“അപ്പോ നീ പ്രെഗ്നന്റ് ആണെന്ന കാര്യം അവനറിയില്ലല്ലേ.” ആൽഫിയാണ് അത് ചോദിച്ചത്.
“ഇല്ലിച്ചായാ.”
“പപ്പയ്ക്ക് ഇവൾ പറഞ്ഞ മാളിയേക്കൽ കുടുംബത്തെ പറ്റി അറിയാമോ? സണ്ണിയെ മുൻപ് ഒന്നുരണ്ട് തവണ കണ്ടുള്ള പരിചയം മാത്രേ എനിക്കുള്ളൂ.”
“ഈ പറഞ്ഞ സണ്ണിയുടെ അച്ഛൻ വർഗീസ് എന്റെ സുഹൃത്താണ്. നമ്മുടെ അവസ്ഥയെ കുറിച്ചൊക്കെ വർഗീസിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. നമ്മളെപോലെ തന്നെ കാശുകാരാണ് അവരും. ഡെയ്‌സിയുടെയും സണ്ണിയുടെയും കാര്യമറിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞുവച്ച് കൊണ്ട് വർഗീസ് ഇവിടെ നിന്ന് മകന് വേണ്ടി പെണ്ണെടുക്കുമോന്ന് കണ്ടറിയാം.”
“പപ്പയുടെ അടുത്ത സുഹൃത്തല്ലേ അയാൾ.” ആൽഫി ചോദിച്ചു.
“സുഹൃത്തൊക്കെ തന്നെയാണ് പക്ഷേ കല്യാണക്കാര്യം വരുമ്പോ വർഗീസ് അതെങ്ങനെ എടുക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.” സേവ്യർ ആശങ്കയോടെ പറഞ്ഞു.
“ഡെയ്‌സി… നീ ഇപ്പൊത്തന്നെ മാളിയേക്കലേക്ക് വിളിച്ച് സണ്ണിയോട് കാര്യം പറയ്യ്. അവന്റെ മറുപടി കേട്ട ശേഷം നമുക്ക് ബാക്കി തീരുമാനിക്കാം.”
“അവനിവളെ വേണ്ടെന്ന് പറഞ്ഞാൽ നമുക്കെല്ലാവർക്കും കൂടി വല്ല വിഷവും വാങ്ങിക്കുടിച്ചങ്ങ് മരിക്കാം, അതാണ് നല്ലത്. കെട്ട് കഴിയാത്ത പെണ്ണിന് വ, യറ്റിലുണ്ടെന്ന് നാട്ടുകാർ അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് എന്താ പ്രയോജനം.” സൂസൻ മൂക്ക് പിഴിഞ്ഞു.
“മമ്മിയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ. അവൾക്കൊരു തെറ്റ് പറ്റിപ്പോയി. അത് ക്ഷമിക്കേണ്ട നമ്മള് തന്നെ അവളെയിങ്ങനെ കുറ്റപ്പെടുത്തിയാൽ നാളെ ദുഃഖിക്കേണ്ടി വരും.” ആൽഫി, കുറ്റപ്പെടുത്തും പോലെ പറഞ്ഞു.
“സണ്ണിച്ചൻ എന്നെ കയ്യൊഴിയില്ല മമ്മി. അങ്ങനെ സംഭവിച്ചാൽ നിങ്ങൾക്കൊക്കെ ഒരു നാണക്കേടുണ്ടാക്കാനായിട്ട് ഞാൻ പിന്നെ ഒരു നിമിഷം പോലും ജീവിച്ചിരിക്കില്ല.” സൂസനെ നോക്കി അത്രയും പറഞ്ഞിട്ട് അവൾ പുറത്തേക്ക് പോയി.
“സെറീനേ… നീ കൂടി അവളുടെ അടുത്തേക്ക് ചെല്ല്. ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ഡെയ്‌സിയെ തനിച്ച് വിടരുത്. പൊട്ടബുദ്ധിക്ക് എടുത്തുചാടി വല്ല അബദ്ധവും കാണിച്ചാൽ…” പറഞ്ഞു വന്നത് മുഴുമിക്കാതെ ആൽഫി അർദ്ധോക്തിയിൽ നിർത്തി.
സെറീന പെട്ടെന്നെഴുന്നേറ്റ് ഡെയ്‌സിയുടെ അടുത്തേക്ക് പോയി.
****************
ആൽഫിയുടെ നിർദേശ പ്രകാരം ഡെയ്‌സി, മാളിയേക്കലേക്ക് വിളിച്ച് സണ്ണിയോട് താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചു. വീട്ടിൽ എല്ലാവരും സംഗതി അറിഞ്ഞുവെന്നും എത്രയും പെട്ടെന്ന് തന്നെ സണ്ണിയോട് വീട്ടുകാരേം കൂട്ടി പെണ്ണ് ചോദിക്കാൻ വരണമെന്നും അവൾ പറഞ്ഞു.
ഡെയ്‌സി പ്രെ, ഗ്നന്റ് ആയെന്ന് അറിഞ്ഞപ്പോൾ സണ്ണിക്കാകെ പരിഭ്രമമായി. നാളെതന്നെ മാതാപിതാക്കളെ കൂട്ടി വരാമെന്ന് പറഞ്ഞ് അവൻ ഫോൺ വച്ചു.
ആ രാത്രി ആർക്കും ഉറങ്ങാനായില്ല. ഡെയ്‌സിയുടെ ജീവിതം ഇരുട്ടിലായാൽ തങ്ങളെയെല്ലാം അത് മോശമായി ബാധിക്കുമെന്ന് അവർക്കറിയാം. സണ്ണി വന്ന് അവളെ കെട്ടികൊണ്ട് പോകണേ എന്നായിരുന്നു അവരുടെ പ്രാർത്ഥന.
സണ്ണി അവന്റെ വീട്ടുകാരെയും കൂട്ടി വരാമെന്ന് പറഞ്ഞിരുന്നത് കൊണ്ട് പിറ്റേന്ന് രാവിലെതന്നെ സൂസനും സെറീനയും ചേർന്ന് ബംഗ്ലാവും പരിസരവും വൃത്തിയാക്കി വച്ചു.
പത്തുമണിയോടെ തങ്ങൾ എത്തുമെന്ന് സണ്ണി വിളിച്ചുപറയുക കൂടി ചെയ്തപ്പോൾ എല്ലാവർക്കും നേരിയൊരാശ്വാസം തോന്നി.
കൃത്യ സമയത്ത് തന്നെ വർഗീസും ഭാര്യ മറിയാമ്മയും സണ്ണിയും ബത്തേൽ ബംഗ്ലാവിലേക്ക് എത്തിച്ചേർന്നു.
സൂസനും സേവ്യറും ആൽഫിയും കൂടിയാണ് അവരെ സ്വീകരിച്ചിരുത്തിയത്. ആരുടെയും മുഖത്ത് വലിയ തെളിച്ചമില്ലായിരുന്നു. ഇരുകൂട്ടർക്കും സംസാരിക്കാൻ അൽപ്പം ജാള്യത തോന്നി. അങ്ങനെയുള്ള കാര്യമാണല്ലോ അവരൊപ്പിച്ചു വച്ചേക്കുന്നതും.
ആരുമൊന്നും പരസ്പരം പറയാതെ മുഖത്തോട് മുഖം നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ സേവ്യർ തന്നെ സംസാരത്തിന് തുടക്കമിട്ടു.
“സണ്ണി നിന്നോട് കാര്യങ്ങളൊക്കെ പറഞ്ഞിരുന്നോ?” അയാൾ നേരെ വിഷയത്തിലേക്ക് കടന്നു.
“ഞാനത് പറയാൻ തുടങ്ങുവായിരുന്നു സേവ്യറെ. എങ്ങനെയാ ഇപ്പൊ തുടങ്ങാന്ന് ആലോചിച്ച് ഇരിക്കുവായിരുന്നു. ഇന്നലെ രാത്രി ഉണ്ടായതൊക്കെ സണ്ണിയെന്നോട് പറഞ്ഞു.” വർഗീസ് മുന്നോട്ടാഞ്ഞിരുന്നുകൊണ്ട് പറഞ്ഞു.
“എന്റെ അവസ്ഥയൊക്കെ നിനക്ക് അറിയാലോ വർഗീസേ.”
“അതറിയാം… അതൊന്നും പ്രശ്നമില്ല സേവ്യറെ. പിള്ളേർക്കൊരബദ്ധം പറ്റിപ്പോയ സ്ഥിതിക്ക് വിഷയം നാട്ടുകാർ അറിയുന്നതിന് മുൻപ് അവരുടെ കെട്ട് നടത്തി വയ്ക്കാം നമുക്ക്.”വർഗീസിന്റെ വാക്കുകൾ കേട്ട് സേവ്യറും സൂസനും ആൽഫിയുമൊക്കെ അത്ഭുതപ്പെട്ടു.
തങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കല്യാണത്തിൽ നിന്നൊഴിയാനായിരിക്കും അവർ ശ്രമിക്കുകയെന്നാണ് അവരൊക്കെ വിചാരിച്ചത്.
“ഡെയ്‌സി കൊച്ചിനെ ഇങ്ങോട്ടൊന്ന് വിളിക്ക് സേവ്യറെ. ഞങ്ങള് അവളെ കണ്ടിട്ടില്ലല്ലോ.” വർഗീസ് അത് പറഞ്ഞപ്പോൾ സൂസൻ ഡെയ്‌സിയെ വിളിക്കാനായി മുറിയിലേക്ക് പോയി.
അൽപ്പസമയത്തിനുള്ളിൽ തന്നെ സെറീനയ്ക്കും സൂസനുമൊപ്പം കൈയിലൊരു ചായക്കപ്പ് അടങ്ങിയ ട്രേയുമായി ഡെയ്‌സി അവർക്കരികിലേക്ക് വന്നു.
സണ്ണിയുടെ മാതാപിതാക്കളെ അഭിമുഖീകരിക്കാൻ അവൾക്ക് നാണക്കേട് തോന്നി. എല്ലാവർക്കും ചായ നൽകി സെറീനയുടെ അടുത്ത് പോയി അവൾ നിന്നു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഡെയ്‌സിയെ അവർക്കിഷ്ടമായെന്ന് ഇരുവരുടെ മുഖത്തെ ഭാവത്തിൽ നിന്നും മനസിലാക്കാമായിരുന്നു.
“സണ്ണിടേം ഡെയ്സീടേം കല്യാണം നടത്തുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണെങ്കിലും ഒരു പ്രശ്നമുണ്ട്.” ഒന്ന് നിർത്തി വർഗീസ് ആൽഫിയെയും സേവ്യറെയും ഒന്ന് നോക്കി.
“എന്താ വർഗീസേ… നീ പറയ്യ്.” ഉദ്വേഗത്തോടെ സേവ്യർ ചോദിച്ചു.
“ഞങ്ങടെ ലില്ലി കൊച്ച് വിധവയെ പോലെ അവിടെ ജീവിക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി. നീ മനസ്സ് വച്ചാൽ സണ്ണിയുടെയും ലില്ലിയുടെയും കല്യാണം നമുക്ക് ഒരുമിച്ച് നടത്താം.” കൗശലക്കാരനെ പോലെ വർഗീസ് തന്റെ മനസിലെ ആഗ്രഹം വെളിപ്പെടുത്തി.
വർഗീസിന്റെ മകൾ ലില്ലിക്ക് പതിനെട്ടാം വയസ്സിലായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞു മാസം മൂന്ന് തികയുന്നതിന് മുൻപേ തന്നെ ഭർത്താവ് വിൻസൻ ഒരാക്‌സിഡന്റിൽ മരണപ്പെട്ടു. ആ സമയം അവൾ ഗർ, ഭിണിയായിരുന്നു. വൈകാതെ ലില്ലി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ആ കുഞ്ഞിനിപ്പോ അഞ്ചുവയസ്സുണ്ട്.
വിൻസൻ മരിച്ച് രണ്ട് വർഷം കഴിഞ്ഞപ്പോൾ മുതൽ ലില്ലിയെ രണ്ടാമതൊരു വിവാഹം കഴിപ്പിക്കാൻ അവർ ശ്രമിച്ചതാണ്. പക്ഷേ ആ കുഞ്ഞിനെ കൂടെ ഉൾകൊള്ളാൻ പറ്റുന്ന ഒരാളെ മാത്രമേ അവൾ വിവാഹം കഴിക്കുള്ളു എന്ന് ലില്ലി കട്ടായം പറഞ്ഞു.
അവൾക്ക് വരുന്ന ആലോചനയൊക്കെ കുഞ്ഞിനെ കാരണം മുടങ്ങി പൊക്കോണ്ടിരുന്നു. കുട്ടിയെ വർഗീസും മറിയാമ്മയും നോക്കാൻ തയ്യാറായിട്ടും ലില്ലി സമ്മതിച്ചില്ല. കുഞ്ഞിനെ അവരെ ഏൽപ്പിച്ച് വേറെ ജീവിതം തേടിപോവില്ലെന്ന് അവൾ ഉറപ്പിച്ച് പറഞ്ഞപ്പോൾ വർഗീസിന് സമ്മതിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല.
വർഗീസ് പറഞ്ഞതൊക്കെ കേട്ട് നിന്ന ആൽഫിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി കുതിച്ചുയർന്നു. വരാൻ പോകുന്ന കെണിയെ കുറിച്ച് ഹൃദയം അവന് മുന്നറിയിപ്പ് നൽകി. പക്ഷേ ആ നിമിഷം അവനത് മനസ്സിലാക്കാനായില്ല.
“വർഗീസ് ഉദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.” സേവ്യർ ആലോചനയോടെ ചോദിച്ചു.
“ഞാൻ പറഞ്ഞുവന്നത് ലില്ലിയുടെയും ആൽഫിയുടെയും കല്യാണകാര്യമാണ്. രണ്ട് പേരുടേം വിവാഹം നമുക്ക് ഒരുമിച്ചങ് നടത്താം.” ആവേശത്തോടെ വർഗീസ് പറഞ്ഞു
അയാളുടെ വാക്കുകൾ ആൽഫിയിൽ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിച്ചു. സൂസനിൽ പക്ഷേ പ്രതീക്ഷയുടെ പുതുനാമ്പ് തളിരിടാൻ ആ വാചകങ്ങൾ മാത്രം മതിയായിരുന്നു.
“ആൽഫിയുടെ കല്യാണം കഴിഞ്ഞതാണ് വർഗീസേ. അല്ലായിരുന്നെങ്കിൽ നമുക്ക് നോക്കാമായിരുന്നു.” സേവ്യറിന്റെ സ്വരം നേർത്തു.
ആ നിമിഷം സൂസന് ഭർത്താവിനോട് കലശലായ ദേഷ്യം തോന്നി.
“അവൻ തന്നിഷ്ടം കാട്ടി ഏതോ അന്യമതക്കാരിയെ കെട്ടിയെന്ന് പറഞ്ഞ് അതിവിടെ ആരും അംഗീകരിച്ചിട്ട് പോലുമില്ലല്ലോ. ഏതോ അമ്പലത്തിൽ കൊണ്ടുപോയി താലി കെട്ടി കുറച്ചുനാൾ ഒപ്പം ജീവിച്ചെന്ന് കരുതി അവളിവന്റെ ഭാര്യയാകുമോ?” ദേഷ്യം നിയന്ത്രിക്കാനാകാതെ സൂസൻ പൊട്ടിത്തെറിച്ചു.
“ആൽഫിയുടെ കല്യാണം ഏതോ അന്യമതക്കാരിയിടൊപ്പം കഴിഞ്ഞതും അതിന്റെ പേരിൽ ഇവിടുണ്ടായ പ്രശ്നമൊക്കെ ഡെയ്‌സി സണ്ണിയോട് പറഞ്ഞിട്ടുണ്ട്. അവനതൊക്കെ എന്നോട് പറയേം ചെയ്തു.
വീട്ടുകാർക്ക് അംഗീകരിക്കാൻ കഴിയാത്തൊരു ബന്ധത്തിൽ തുടർന്ന് പോവേണ്ട ആവശ്യം ആൽഫിക്കുണ്ടോ?
ആൽഫി ലില്ലിയെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ ഡെയ്‌സിയെ സണ്ണി മിന്നുകെട്ടും. അല്ലെങ്കിൽ നമുക്കിത് മറന്നേക്കാം.” വർഗീസ് നിസ്സാരമട്ടിലത് പറഞ്ഞപ്പോൾ എല്ലാവരുമൊന്ന് പകച്ചു.
ഡെയ്‌സിയുടെ മിഴികൾ ഭയത്തോടെ സണ്ണിക്ക് നേരെ നീണ്ടു. അവനവളെ ദയനീയമായൊന്ന് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം താൻ നിസ്സഹായനാണെന്നും എല്ലാം പപ്പ തീരുമാനിച്ചതാണെന്നും അവൾ ഊഹിച്ചു.
“പപ്പാ… ആതിരയെ മറന്നൊരു ജീവിതം എനിക്കുണ്ടാവില്ല. ഞാൻ വേറൊരു വിവാഹം കഴിച്ചത് അറിഞ്ഞ് വച്ചുകൊണ്ട് അങ്കിളിന് ഇങ്ങനെയൊക്കെ എങ്ങനെ പറയാൻ തോന്നുന്നു.
ഈ പേരും പറഞ്ഞ് അങ്കിൾ ദയവ് ചെയ്ത് ഡെയ്‌സിയുടെ ജീവിതം ഇല്ലാതാക്കരുത്. ഞാൻ അങ്കിളിന്റെ കാല് പിടിക്കാം.” ആൽഫി കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
“എന്റെ മോളവിടെ വിധവയായി കഴിയുമ്പോ ഇവന് മാത്രമായിട്ടൊരു ജീവിതം, അത് ശരിയാവില്ല. ഇവർ രണ്ടാളും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ അവൾക്ക് നഷ്ടപ്പെട്ട ജീവിതം ഓർത്ത് എന്റെ ലില്ലി മോള് സങ്കടപ്പെടുന്നത് കാണാൻ എനിക്ക് വയ്യ.” വർഗീസ് ഒന്ന് നെടുവീർപ്പിട്ടു.
“ഞാൻ കല്യാണം കഴിച്ചിട്ടില്ലായിരുന്നെങ്കിൽ എന്റെ ഡെയ്‌സിക്ക് വേണ്ടി ഞാനിതിന് സമ്മതിച്ചേനെ. പക്ഷേ എന്നെ കാത്ത് ഒരു പെൺകുട്ടിയുള്ളപ്പോ അവളെ ചതിക്കാനെനിക്കാവില്ല.”
“അതിന് മോനോട് ഞാൻ എന്റെ മോളെ കെട്ടിയേ പറ്റുള്ളൂന്ന് കട്ടായം പറഞ്ഞില്ലല്ലോ. നിങ്ങൾക്കെല്ലാർക്കും ഇഷ്ടമുണ്ടെങ്കിൽ മാത്രം മതി.
അല്ലെങ്കിൽ എന്റെ ലില്ലി കൊച്ചിന് ഒരു പയ്യനെ കണ്ടെത്തുന്നത് വരെ നിങ്ങൾ ക്ഷമിച്ചേ പറ്റു. അവൾക്കൊരു ജീവിതമായിട്ട് മതി സണ്ണിയുടെ മിന്നുകെട്ടെന്ന് ഞാൻ നേരത്തെ തീരുമാനിച്ചതാണ്.”
“ഡെയ്‌സി ഗർ, ഭിണിയായ സ്ഥിതിക്ക് ഈ കല്യാണം നീട്ടികൊണ്ട് പോവാൻ കഴിയില്ലെന്ന് അറിഞ്ഞ് വച്ചുകൊണ്ട് വർഗീസ് ഇങ്ങനെ പറയരുത്.” സേവ്യറിന്റെ ശബ്ദമിടറി.
“സേവ്യറിന് ഡെയ്‌സിയെ പോലെ തന്നെ എനിക്ക് എന്റെ ലില്ലിയും. അല്ലേലും ഏതോ അമ്പലത്തിൽ പോയി താലി കെട്ടി എന്നല്ലാതെ നിയമപരമായി രജിസ്റ്റർ ചെയ്തുള്ള വിവാഹമൊന്നുമല്ലല്ലോ ആൽഫിയുടേത്. വേണോങ്കി ആ കുട്ടിക്ക് നമുക്കെന്തെങ്കിലും നഷ്ടപരിഹാരം കൊടുക്കാം. ഇവിടെയാർക്കും ഇഷ്ടമില്ലാത്തൊരു പെണ്ണിന്റെ കൂടെ ജീവിക്കണോ വേണ്ടയോ എന്ന് ആൽഫി തന്നെ തീരുമാനിക്കട്ടെ.
ഈ രണ്ട് കല്യാണങ്ങളും നടന്ന് കഴിഞ്ഞാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറും. സേവ്യറിന് നാട്ടിൽ കിട്ടുന്നതിനേക്കാൾ നല്ല ചികിത്സ അയർലൻഡിൽ കിട്ടും. സണ്ണി പോകുമ്പോ നിങ്ങളേം ഒപ്പം കൊണ്ട് പോവും.” വർഗീസിന്റെ വാഗ്ദാനങ്ങൾ സൂസനെ അമ്പരപ്പിച്ചു.
സേവ്യറും ആൽഫിയുമൊക്കെ ധർമ്മ സങ്കടത്തിൽ പെട്ട് നിൽക്കുകയാണ്. ഡെയ്‌സി സങ്കടമടക്കി സെറീനയുടെ തോളിൽ ചാരി നിൽക്കുകയാണ്.
“ഞാൻ എന്തായാലും പറയാനുള്ളത് പറഞ്ഞു. ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ തീരുമാനിക്കാം സേവ്യറെ. എന്തായാലും പെട്ടെന്ന് തന്നെ തീരുമാനിച്ചു വിവരമറിയിക്കണം.” വർഗീസ് പോകാനായി എഴുന്നേറ്റു.
ആൽഫി എന്തോ പറയാനായി വായ തുറന്നതും സൂസൻ അവനെ തടഞ്ഞു.
“ഞങ്ങൾ ആലോചിച്ച് ഇന്നുതന്നെ ഒരു തീരുമാനം പറയാം. എന്തായാലും പിള്ളേരെ കെട്ടിനുള്ള നല്ല ദിവസം നിങ്ങൾ തീരുമാനിച്ചോ. ആൽഫിയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം.” സൂസന്റെ ആ നീക്കം ആരും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ആൽഫി ഞെട്ടി മമ്മിയെ നോക്കി.ആ സമയം അവരുടെ മുഖത്തെ ഭാവമെന്താണെന്ന് അവന് മനസ്സിലായില്ല.
വർഗീസും മറിയാമ്മയും സണ്ണിയും യാത്ര പറഞ്ഞു പോയി.
“മമ്മി ആരോട് ചോദിച്ചിട്ടാ അവരോട് അങ്ങനെയൊക്കെ പറഞ്ഞത്. ആതിരയെ മറന്നിട്ട് എനിക്കൊരു ജീവിതമുണ്ടാകുമെന്ന് മമ്മി വിചാരിക്കണ്ട. അവളിപ്പോ എന്റെ കുഞ്ഞിന്റെ അമ്മ കൂടിയാണ്.
ഡെയ്‌സിയുടെ അതേ അവസ്ഥ തന്നെയാ അവൾക്കും. മമ്മി അത് മറക്കണ്ട.” ആൽഫിക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല.
“അവരുടെ മോൾക്കൊരു ജീവിതമുണ്ടായാലേ ഇവളെ സണ്ണിയെകൊണ്ട് കെട്ടിക്കൂ എന്ന് പറയുമ്പോ ഞാൻ അതങ്ങ് സമ്മതിച്ചു കൊടുക്കണമായിരുന്നോ?
എനിക്ക് വലുത് എന്റെ മോൾടെ ജീവിതമാണ്. ഗർഭം നാട്ടുകാർ അറിയുന്നതിന് മുൻപ് എങ്ങനെയെങ്കിലും ഈ കെട്ട് നടത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഇത് നടന്നാൽ നമ്മുടെ എല്ലാ പ്രശ്നവും മാറും.”
“അതിന് ഞാൻ അവരുടെ മോളെ കെട്ടണമെന്നാണോ മമ്മി പറയുന്നത്.”
“അതേ… കെട്ടണം.”
“അതൊരിക്കലും നടക്കില്ല..”
“സണ്ണിച്ചന്റെയും എന്റേം കെട്ട് നടന്നില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ഇച്ചായാ. ഇച്ചായന് ഞങ്ങളോടുള്ളതിനേക്കാൾ സ്നേഹം ഇന്നലെ കണ്ടവളോടാണെങ്കിൽ എനിക്കൊന്നും പറയാനില്ല. ആർക്കും ഭാരമാവാതെ ഞാനങ്ങ് പോയേക്കാം.” ഡെയ്‌സി കണ്ണീർ തുടച്ചു.
“ആൽഫീ… നിന്നോട് ഞാനൊരു കാര്യം പറയാം. നീ കാരണം ഈ കെട്ട് നടക്കാതെ വന്നാൽ ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ഞങ്ങളെല്ലാവരും ജീവിതം അവസാനിപ്പിക്കും.
ആ ഒരു പെണ്ണിന് വേണ്ടി നീ ഇല്ലാതാക്കുന്നത് അഞ്ചു ജീവനുകളെയായിരിക്കും. അതോർമ്മ ഉണ്ടായാൽ നല്ലത്.” സൂസൻ നിന്ന് കിതച്ചു.
“ഇങ്ങനെയൊന്നും എന്നോട് പറയരുത് മമ്മി. എന്നെ വിശ്വസിച്ചു കൂടെയിറങ്ങി വന്ന പെണ്ണാണവൾ. ഞാനില്ലെങ്കിൽ അവളെങ്ങനെ ജീവിക്കും. അവളോടും ഞങ്ങളുടെ കുഞ്ഞിനോടും നീതികേട് കാട്ടാൻ എനിക്ക് പറ്റില്ല.
ഇത്രയൊക്കെ കേട്ടിട്ട് പപ്പയ്ക്കൊന്നും പറയാനില്ലേ. പപ്പയെങ്കിലും എന്നെ മനസ്സിലാക്കി എനിക്കൊപ്പം നിൽക്കണം.” സേവ്യറിന്റെ അടുത്തേക്ക് ചെന്നിരുന്ന് ആൽഫി അയാളുടെ കൈകൾ കൂട്ടിപ്പിടിച്ചു.
“ആൽഫീ… ഞാനിനി പറയാൻ പോകുന്നത് കേട്ടിട്ട് നീയെന്നെ ഒരു ദുഷ്ടനായി കാണരുത്. എല്ലാ മാതാപിതാക്കൾക്കും വലുത് അവരുടെ മക്കളായിരിക്കും. ഡെയ്‌സിക്ക് വേണ്ടി നിനക്കിതിന് സമ്മതിച്ചു കൂടെ, അവളുടെ കെട്ട് മുടങ്ങാൻ പാടില്ല.
ഈ പ്രശ്നത്തിന് ഇതല്ലാതെ മറ്റ് പോംവഴി ഉണ്ടെങ്കിൽ നിനക്കങ്ങനെ ചെയ്യാം. എന്റെ മുന്നിൽ ഇതല്ലാതെ മറ്റൊന്നും കാണുന്നില്ല.”
പപ്പയും തന്നെ കൈവിട്ടുവെന്ന് അവന് മനസ്സിലായി.
“എന്നെ വിശ്വസിച്ച് വന്നൊരു പെണ്ണിനെ ചതിച്ചിട്ട് ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം മരണമാണ്. ഞാൻ ഒറ്റത്തടിയായിരുന്നെങ്കിൽ നിനക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറാകുമായിരുന്നു ഡെയ്‌സി. പക്ഷേ നിന്നെപോലൊരു പെണ്ണാണ് അവളും. അവളെ ചതിച്ചാൽ ഈ ജന്മം എനിക്ക് സമാധാനം കിട്ടില്ല.
ഞാൻ അവളുടെ അടുത്തേക്ക് പോയാൽ നിങ്ങളെല്ലാരും കൂട്ടത്തോടെ മരിക്കും. പോയില്ലെങ്കിൽ എനിക്ക് ലില്ലിയെ കെട്ടേണ്ടി വരും. ഇതിനേക്കാൾ ഭേദം ഞാൻ മരിക്കുന്നതല്ലേ. ഞാൻ മരിച്ചാൽ ഒരുപക്ഷേ വർഗീസ് അങ്കിളിന്റെ തീരുമാനം മാറിയാലോ.”
ആൽഫിയുടെ സ്വരത്തിന് മൂർച്ചയേറി. അവന്റെ വാക്കുകൾക്ക് മുന്നിൽ പതറി നിൽക്കുകയാണ് എല്ലാവരും.
തുടരും….