പെണ്ണ് കണ്ട് കഴിഞ്ഞു എന്നോട് തനിച്ചു സംസാരിക്കാൻ വന്നു. ആൽവിൻ എന്തെങ്കിലും പറയുന്നതിനു മുൻപ് ഞാൻ അങ്ങോട്ട് സംസാരിക്കാൻ തുടങ്ങി..

സോൾമേറ്റ്‌

Story written by GAYATHRI GOVIND

അപ്പനും അമ്മച്ചിയും വേളാങ്കണ്ണിയിൽ പോയി പ്രാർത്ഥിച്ചു കിട്ടിയ സന്തതിയാണ് ഞാൻ.. നാല് മക്കളിൽ ഏറ്റവും ഇളയവൾ..

മൂന്നു മക്കളുണ്ടായിട്ടും പിന്നെയും പ്രാർത്ഥിച്ചു ജനിപ്പിക്കാൻ ഇവർ കുടുംബാസുത്രണത്തിന് എതിരായിരുന്നോ എന്നു സംശയം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.. അതല്ല കാരണം കേട്ടോ എന്റെ മൂത്ത മൂന്നാളും ആൺ തരികൾ ആണ്..അങ്ങനെ നാലാമതായി മാതാവ് അനുഗ്രഹിച്ചു അവർക്ക് എന്നെകിട്ടി.. ഞങ്ങൾ നാലാളും തമ്മിൽ ഈരണ്ടു വയസിന്റെ വ്യത്യാസം ആയിരുന്നു..

എന്റെ അപ്പന്റെയും അമ്മച്ചിയുടെയും ചാച്ചന്മാരുടെയും കണ്ണിലുണ്ണിയായി ഞാൻ വളർന്നു.. ശരിക്കും ഒരു സ്വർഗത്തിലേക്ക് ആണ് മാതാവ് എന്നെ അയച്ചത്.

ചെറുപ്പകാലത്തിൽ നല്ല രസമായിരുന്നു ജീവിതം ചാച്ചന്മാരുടെയും കൂട്ടുകാരുടെയും കൂടെ പറമ്പിൽ കളിച്ചും അയൽവക്കക്കാരുടെ മാവിൽ കയറിയും.. അവരുടെ വായിൽ നിന്നും ചീത്തകേട്ടും.. ഹോ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരും..

പക്ഷേ എനിക്ക് പത്തു പന്ത്രണ്ടു വയസ്സ് ആയതിൽ പിന്നെ എല്ലാ കാര്യങ്ങൾക്കും അപ്പനും അമ്മയും ഭയങ്കര നിയന്ത്രണങ്ങൾ തുടങ്ങി.. ചാച്ചന്മാരുടെ കൂടെ കളിക്കാൻ പുറത്തു പോകേണ്ട എന്നു പറഞ്ഞു.. വീട്ടിൽ ഇരുന്നുള്ള കളികൾ മതി അങ്ങനെ അങ്ങനെ.. ചാച്ചന്മാരോട് പറഞ്ഞപ്പോൾ അവരും പറഞ്ഞു മോള് വീട്ടിൽ ഇരുന്നാൽ മതിയെന്ന്.. പക്ഷേ എന്നോടുള്ള സ്നേഹം കൊണ്ടു മൂന്നാളും വൈകുന്നേരം നേരത്തെ വീട്ടിൽ വരുമായിരുന്നു..

വീട്ടിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നമ്മൾക്കു ജന്മസിദ്ധമായ ചില സ്വഭാവ സവിശേഷതകൾ ഉണ്ടെല്ലോ അതുകൊണ്ട് സ്കൂളിലും പൊതുവെ ഒരു തല്ലുകൊള്ളിയായി അറിയപ്പെട്ടു പറയുന്ന ഹോംവർക് ഒന്നും ചെയ്യില്ല, ടീച്ചർമാരെ കളിയാക്കി, കൂട്ടുകാരെ ഉപദ്രവിച്ചു നീണ്ട ലിസ്റ്റ് പ്രശ്ങ്ങൾ ആയിരുന്നു എന്റെ പേരിൽ.. അപ്പനു മാസത്തിൽ രണ്ടു തവണ സ്കൂൾ വിസിറ്റിംഗ് ശീലമായി.

ചാച്ചന്മാരുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് വീട്ടിൽ നിന്നും അടി കിട്ടില്ലായിരുന്നു.. കൂട്ടുകാരികളെക്കാളും കൂട്ടുകാരന്മാരായിരുന്നു എനിക്കുള്ളത്.. അതുകൊണ്ട് തന്നെ ഒരുത്തനും എന്റെ പുറകെ ശല്യത്തിനും വന്നിട്ടില്ല സ്കൂളിലും കോളേജിലും.. നാട്ടിൽ പിന്നെ മൂന്നു തടിമിടുക്കുള്ള ആങ്ങളമാരുടെ ഒരേ ഒരു പെങ്ങളായതിന്റെ എല്ലാ ബഹുമാനവും എനിക്ക് കിട്ടിയിരുന്നു..

പഠനമൊക്കെ കഴിഞ്ഞു ചെറിയ ജോലിയൊക്കെ കിട്ടി നിൽക്കുന്ന സമയം വീട്ടിൽ കല്യാണ ആലോചന തുടങ്ങി.. രണ്ടുമൂന്നു കൂട്ടർ കാണാനും വന്നും.. വന്നവര് ഒക്കെ പിന്നീട് വേണ്ട എന്ന് അറിയിച്ചു.. അപ്പൻ ബ്രോക്കറോഡ് അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു ചെറുക്കന്മാരുടെ വീട്ടുകാർ പെണ്ണിനെകുറിച്ച് അന്വേഷിച്ചപ്പോൾ നാട്ടുകാർ ഒക്കെ പറഞ്ഞെന്ന് പെണ്ണിന് ചെറുക്കന്മാരുമായി ഒക്കെയാണ് കമ്പനിയെന്ന്..അതുകൊണ്ട് അവർക്ക് വേണ്ട എന്ന്..അപ്പനും അമ്മച്ചിയും ചാച്ചന്മാരും എന്നെ ചോദ്യം ചെയ്യാനോ കുറ്റപ്പെടുത്താനോ വന്നില്ല കാരണം അവർക്ക് എന്നെ നന്നായി അറിയാം..

അങ്ങനെയാണ് എനിക്ക് ആൽവിന്റെ ആലോചന വരുന്നത്.. ദുബായിൽ എഞ്ചിനീയർ ആണ് ആൾ.. പെണ്ണ് കണ്ട് കഴിഞ്ഞു എന്നോട് തനിച്ചു സംസാരിക്കാൻ വന്നു.. ആൽവിൻ എന്തെങ്കിലും പറയുന്നതിനു മുൻപ് ഞാൻ അങ്ങോട്ട് സംസാരിക്കാൻ തുടങ്ങി..

” സത്യം പറയാലോ എനിക്ക് നിങ്ങൾ ആണുങ്ങളോട് ഭയങ്കര അസൂയയാണ്. നിങ്ങൾക്ക് ഒക്കെ എന്ത് ഫ്രീഡം ആണ്.. ഏതു പാതിരാത്രിയിലും എവിടെ വേണമെങ്കിലും പോകാം.. ഇഷ്ടമുള്ളയിടത്ത്‌ ഒക്കെ ട്രാവൽ ചെയ്യാം.. ആരോടും ഒന്നും ചോദിക്കണ്ട പറയണ്ട.. ഞാൻ എപ്പോഴും ചിന്തിക്കും ഒരു ആണായി ജനിച്ചാൽ മതിയാരുന്നുവെന്ന്..

ഈ കല്യാണം നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഇതിനു മുൻപ് നാല് ആലോചന മുടങ്ങി.. കാരണം എന്റെ സുഹൃത്തുക്കൾ കൂടുതലും ആൺകുട്ടികൾ ആയതാണ്.. ഇനിയും അഥവാ കല്യാണം നടക്കാൻ പ്രശനം ഇല്ലെങ്കിൽ എനിക്ക് ഒന്നു രണ്ടു കണ്ടിഷൻ ഉണ്ട്..

ഒന്ന്.. ഞാൻ ജോലിക്ക് പോകും.. വീട്ടിൽ കൊണ്ടു അടവയ്ക്കാൻ ആണെങ്കിൽ എന്നെ കൂടെ കൂട്ടേണ്ട..

രണ്ട്.. എനിക്ക് ഒരുപാട് ട്രാവൽ ചെയ്യണം എന്നൊക്കെ ആഗ്രഹങ്ങൾ ഉള്ള ആളാണ്.. എന്റെ അപ്പനും അമ്മയും ഈ ജില്ല വിട്ടു പുറത്ത് പോകാൻ അനുവദിച്ചിട്ടില്ല.. നിങ്ങൾ എനിക്ക് സപ്പോർട്ട് ചെയ്യണം..”

ഞാൻ നോക്കിയപ്പോൾ അയാൾ എന്നെ നോക്കി ചിരിച്ചുകൊണ്ടു ചോദിക്കുവാ.. കഴിഞ്ഞോ എന്ന്..

ഞാൻ തലയാട്ടി..പുള്ളി ഒന്നും പറയാതെ അവിടുന്ന് പോയി.. അങ്ങനെ അതും മുടങ്ങി എന്നു മനസ്സിൽ പറഞ്ഞു.. എന്തായാലും ഇത്രെയും പറയണം എന്നു മനസ്സിൽ കരുതിയതാണ്.. മറ്റു പയ്യന്മാരോട് പറയാൻ അവസരം കിട്ടിയിരുന്നില്ല..

രണ്ടു ദിവസം കഴിഞ്ഞു ആൽവിന്റെ വീട്ടിൽ നിന്നും കാൾ വന്നു.. അവർക്ക് വിവാഹത്തിന് സമ്മതം ആണെന്ന്.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.. മനസ് ചോദ്യവും.. വിവാഹവും എല്ലാം.. അതിന്റെ ഇടയിൽ ഒന്നും ആൽവിനുമായി ഒന്ന് ശരിക്ക് സംസാരിക്കാൻ പോലും അവസരം കിട്ടിയിരുന്നില്ല.. അതുകൊണ്ട് തന്നെ എത്ര ധൈര്യം പുറത്ത് കാണിക്കുമെങ്കിലും ആദ്യരാത്രിയിൽ ഞാൻ ശരിക്കും ഭയന്നു.. അന്ന് ഈ പുള്ളിയോട് അത്രെയും ഓപ്പൺ ആയി സംസാരിച്ചത് എന്തെങ്കിലും പ്രശ്നം ആകുമോ എന്നൊക്കെ ഞാൻ ചിന്തിച്ചുകൂട്ടി..

ഞാൻ റൂമിൽ ചെന്നപ്പോൾ ആൽവിൻ വാഷ്റൂമിൽ ആയിരുന്നു.. ആൽവിൻ വന്നപ്പോൾ ഞാൻ ചാടി എഴുന്നേറ്റു.

” അയ്യോ.. ഞാൻ വിചാരിച്ചു താൻ എന്നെ തല്ലാൻ പോകുവാണെന്ന്” ചിരിച്ചുകൊണ്ട് ആൽവിൻ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ നിന്നു..

” ഹലോ എവിടെ പോയി തന്റെ ധൈര്യം ഒക്കെ.. ഞാൻ തന്റെ സ്മാർട്നെസ്സ് കണ്ടാണ് ഓക്കേ പറഞ്ഞത് തന്നെ.. ഇപ്പോൾ എന്താ മിണ്ടാതെ നിക്കുന്നത്..പണി പാളിയോ?? “

ഞാൻ കണ്ണു മിഴിച്ചു ഒന്ന് നോക്കി..

“ഡോ താൻ എന്താ ഒന്നും മിണ്ടാത്തെ.. ഓക്കേ.. തനിക്ക് ഒരു ഗിഫ്റ്റ് ഞാൻ കരുതിയിട്ടുണ്ട്.. “

ആൽവിൻ അലമാരയിൽ നിന്നും ഒരു എൻവലപ്പ് എടുത്തു വന്നു എന്റെകയ്യിൽ തന്നു..

ഞാൻ അത് വാങ്ങി..

“തുറന്നു നോക്കിക്കോ.. അതൊരു യൂറോപ്യൻ ട്രിപ്പിന്റെ പാക്കേജ് ആണ്.. ഇപ്പോഴല്ല വൺ മന്ത് കഴിഞ്ഞു നമ്മൾ ദുബായ് ചെന്നതിനു ശേഷം.. ഹണിമൂൺ ട്രിപ്പ്‌ അല്ല കേട്ടോ.. സോളോ ട്രിപ്പ്‌.. തന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ ട്രാവൽ ചെയ്യണം എന്നുള്ളത് ഒക്കെ.. താൻ തനിയെ ട്രാവൽ ചെയ്തു എൻജോയ് ചെയ്യൂ.. അതിന് ശേഷം നമുക്ക് ഒരുമിച്ച് പോകാം

ഹൗ ഈസ്‌ മൈ ഗിഫ്റ്റ്?? ” ആൽവിൻ പുരികം ഉയർത്തി ചോദിച്ചു..

അധികം സംസാരിച്ചിട്ടില്ലെങ്കിലും കണ്ടിട്ടില്ലെങ്കിലും ഞാൻ ആ എൻവലപ്പ് വച്ചിട്ട്.. ഓടിചെന്നു ആൽവിനെ മുറുകെ പുണർന്നു.. ആ അധരങ്ങൾ കവർന്നു.. ആ കാതിൽ മെല്ലെ മൊഴിഞ്ഞു.. യു ആർ മൈ സോൾമേറ്റ്‌..

പരസ്പരം മനസ്സിലാക്കിയും സ്നേഹിച്ചും ചെറിയ ചെറിയ പിണക്കങ്ങളുമായും യാത്രകൾ ചെയ്തും ഒക്കെ ഞങ്ങളുടെ മക്കളുമായി ഞങ്ങൾ സുഖമായി ജീവിക്കുകയാണ് ഇങ്ങ് ഇവിടെ ദുബായിൽ..

അവസാനിച്ചു..