Story written by MAAYA SHENTHIL KUMAR
നിങ്ങളിങ്ങനെ ടീവി കണ്ടിരിക്കാതെ എന്നെ അടുക്കളയിൽ വന്നൊന്നു സഹായിച്ചൂടെ.. എത്ര നാളു കൂടിയാ എന്റെ മോളു ഇന്ന് വന്നത് …
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം ഉയർന്നു..
ആകെ മൂന്നുപേർക്ക് ഭക്ഷണം ഉണ്ടാക്കാൻ ഇനി ഞാൻ കൂടെ വരണോ.. നീ കല്യാണസദ്യയൊന്നുമല്ലല്ലോ ഉണ്ടാക്കുന്നത്…
അച്ഛനും വിട്ടുകൊടുത്തില്ല..
എന്നും ഇങ്ങനെയാ ഹോസ്റ്റലിൽ നിന്നു വീട്ടിൽ വന്നാൽ രണ്ടുപേരുടെയും ഇടയിൽ കിടന്നു ഒരുതരം ശ്വാസം മുട്ടൽ…
അല്ലെങ്കിലേ മനസ്സ് കലങ്ങിയിരിക്കുകയാണ് … അവൾ കണ്ണുകൾ ഇറുക്കിയടച്ചു…
അപ്പോഴേക്കും അമ്മ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു…ഇഷ്ടപ്പെട്ടതൊക്കെയാണെങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല…
ഞാൻ അപ്പോഴേ പറഞ്ഞതാ മോൾക്ക് വേണ്ടി സാമ്പാർ ഉണ്ടാക്കിയാൽ മതിയെന്ന്, അപ്പോഴാണ് അവളുടെ ഒരു പുളിശ്ശേരി… അച്ഛൻ വീണ്ടും വഴക്കുണ്ടാകാനുള്ള തയ്യാറെടുപ്പിലാണ്…
അവളെന്റെ മോളല്ലേ അവൾക്കു എന്തൊക്കെയാ ഇഷ്ടമെന്ന് നിങ്ങളെക്കാൾ കൂടുതൽ എനിക്ക് നല്ല ബോധ്യമുണ്ട്…. അമ്മ ഇടയ്ക്ക് കയറി പറഞ്ഞു…
ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും…. ഇരച്ചുകയറിയ ദേഷ്യം കൊണ്ട് എന്റെ ശബ്ദം ഞാൻ പോലും അറിയാതെ ഉയർന്നുപോയി….
നിങ്ങൾക്ക് രണ്ടാൾക്കും ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല…. ഡിവോഴ്സ് വാങ്ങി രണ്ടാളും രണ്ടുവഴിക്കുപോയി എന്നെ ഒന്ന് വെറുതെ വിട്ടേക്കാമോ….
അപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
അച്ഛൻ ഒന്നും മിണ്ടാതെ കൈകഴുകി എഴുന്നേറ്റുപോയി…
*****************************
എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും അവൾക്കു ഉറക്കം വന്നില്ല… പറയാൻ പാടില്ലാത്ത എന്തൊക്കെയോ ആണ് പറഞ്ഞത്.. അതൊക്കെ ഓർത്തു കിടക്കുമ്പോഴാണ് അച്ഛൻ അങ്ങോട്ടേക്ക് കയറി വന്നത്
മീനുട്ടി…
അച്ഛാ ഞാൻ അറിയാതെ പറഞ്ഞതാ…
മോള് വിചാരിക്കുന്ന പോലെ വഴക്കൊന്നുംഅല്ല അത്.. ഞങ്ങൾ രണ്ടുപേര് മാത്രമുള്ള ഈ ലോകത്തിൽ ഏന്തെകിലുമൊക്കെ സംസാരിക്കണ്ടേ.. അയാൾ ഒന്ന് ചിരിച്ചു… അതുകൊണ്ട് പറയുന്നതാ… അല്ലാതെ സ്നേഹമില്ലാഞ്ഞിട്ടല്ല മോളെ…
പക്ഷെ സ്നേഹം കണ്ടുപിടിക്കണമെങ്കിൽ വെറുതെ കണ്ണുകൊണ്ടു നോക്കിയാൽ പോരാ കേട്ടോ… അതിനു ഉൾക്കണ്ണു തന്നെ വേണം… അയാൾ അവളുടെ തലയിൽ തഴുകി..
ഞാൻ അമ്മയെ ഇങ്ങോട്ട് പറഞ്ഞുവിടാം.. നീ ഇങ്ങോട്ട് വന്നാപ്പിന്നെ അവൾക്കു വേറെ എവിടെ കിടന്നാലും ഉറക്കം വരില്ല….
അമ്മ കൂടെ വന്നു കിടന്നു എന്നത്തേയും പോലെ അമ്മയെ കെട്ടിപിടിച്ചു കിടന്നപ്പോ വെറുതെ മനസ്സിലുണ്ടാക്കി വച്ച സങ്കടങ്ങളൊക്കെ ഉരുകിപ്പോയ പോലെ…
**************************
രാവിലെ എണീക്കുമ്പോ തന്നെ അച്ഛന്റെ ശബ്ദമാണ്… രണ്ടാളും അടുത്ത വീട്ടിലെ കല്യാണത്തിന് പോകാനുള്ള ഒരുക്കത്തിലാണ്..
നിനക്ക് ആ പച്ച സാരി ഉടുത്താപോരെ…
ഈ നീല സാരിക്കെന്താ കുഴപ്പം.. അമ്മ എന്നത്തേയും പോലെ ഇടയ്ക്ക് കയറി..
അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു… ശരിയാ അവരിങ്ങനെ സംസാരിച്ചോണ്ടിരുന്നില്ലെങ്കിൽ ഈ വീട് ഉറങ്ങിപോകും…
അവൾ ഗോവണി പടിയിറങ്ങി താഴെയെത്തി…
അമ്മ മുറിയിൽ കണ്ണാടിക്കു മുൻപിൽ ഒരുങ്ങുകയാണ്.. അച്ഛൻ അമ്മയുടെ തലയിൽ മുല്ലപ്പൂ ചൂടുകയാണ്…
ഈ സാരിയിൽ നീ സുന്ദരി ആണ് ചാരു..
എന്നിട്ടാണോ പച്ചസാരി ഉടുക്കാൻ പറഞ്ഞത്.. അമ്മ പരിഭവിച്ചു
അത് നീ ആഗ്രഹിച്ചു വാങ്ങിയതല്ലേ അതുകൊണ്ടല്ലേ….
അതിനെന്താ.. നിങ്ങള് വാങ്ങിയതാണ് എനിക്കെപ്പോഴും കൂടുതൽ ചേരുന്നത്… ഇപ്പോത്തന്നെ കണ്ടില്ലേ…
മീനുവിന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു…
അവളോട് യാത്ര പറഞ്ഞ് രണ്ടുപേരും കൂടെ കല്യാണത്തിന് പോയി..
തോളോട് തോൾ ചേർന്ന് രണ്ടുപേരും നടന്നുപോകുന്നത് ആദ്യമായി കാണുന്ന പോലെ അവൾ നോക്കി നിന്നു..
*********************
മോളെ കാപ്പി രണ്ടു ഗ്ലാസ്സെ ഇട്ടിട്ടുള്ളൂ അച്ഛന് കൊടുക്കണ്ടാട്ടൊ അല്ലെങ്കിൽ തന്നെ ഷുഗറാ…
നിന്റെ കാപ്പി കിട്ടിയിട്ട് വേണം എനിക്കിനി… അതും പറഞ്ഞ് അച്ഛൻ എണീറ്റു പോയി…
അമ്മ അവൾക്കുള്ള കാപ്പി ടേബിളിൽ വച്ചിട്ട് അമ്മേടെ കാപ്പിയുമെടുത്തു പുറത്തേക്കുപോയി…
അവൾ അവരുടെ പുറകെ പോയിനോക്കി..
അമ്മ കപ്പ് അച്ഛന് നേരെ നീട്ടി…
ഒന്ന് ടേസ്റ്റ് ചെയ്തിട്ട് എനിക്ക് തന്നേക്കു…
അച്ഛൻ കാപ്പി വാങ്ങി കുറച്ചു കുടിച്ചു
എന്നിട്ട് ബാക്കി അമ്മയ്ക്ക് കൊടുത്തു…
എന്തിനാ ഭാര്യേ എനിക്ക് കുറച്ചു തന്നത്…
അത് നിങ്ങൾക്കറിഞ്ഞൂടെ…
എന്നാലും നീയൊന്നു പറയ്… കേൾക്കാനൊരു സുഖമല്ലേ…അയാൾ ചിരിച്ചു..
നിങ്ങൾക്ക് ഇഷ്ടമുള്ളത് അതെന്തായാലും നിങ്ങക്ക് തരാതെ എന്റെ തൊണ്ടേന്നിറങ്ങൂല്ല…അവരുടെ വാക്കുകൾ മുറിഞ്ഞു…ശബ്ദം ചെറുതായൊന്നു പതറി…
വാതിക്കൽ നിന്ന് അവളാലോചിച്ചു… ഇപ്പോഴാണ് തന്റെ ഉൾക്കണ്ണിനു കാഴ്ച കിട്ടിയത്…
****************
നീ പോയി മീനുട്ടിയുടെ കൂടെ കിടന്നോ.. ഇന്നെങ്കിലും കൂർക്കം വലി കേൾക്കാതെ ഉറങ്ങാലോ…
എന്നാ ഇനിയങ്ങോട്ട് എന്നും നിങ്ങൾ അങ്ങനെ തന്നെ കിടന്നാ മതി… അവര് പുതപ്പുമെടുത്തു മീനുവിന്റെ അരികിലേക്ക് വന്നു… അമ്മയെ കണ്ടതും അവളിൽ ചിരിപൊട്ടി…..
പിന്നെ രണ്ടാളും എന്നത്തേയും പോലെ കെട്ടിപിടിച്ചു കിടന്നു…
ഇരുട്ടിൽ അച്ഛന്റെ കാൽപ്പെരുമാറ്റം മീനു ചെറുതായൊന്നു കണ്ണ് തുറന്നു..
തെന്നിയ പുതപ്പെടുത്തു അയാൾ രണ്ടുപേരെയും പുതപ്പിച്ചു… രണ്ടുപേരുടെ നെറ്റിയിലും ഉമ്മ വച്ചു ശബ്ദമുണ്ടാക്കാതെ അയാൾ മുറിയിൽനിന്നും ഇറങ്ങിപ്പോയി…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അവൾ അമ്മയെ ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിച്ചു…
*************
നിങ്ങളിങ്ങനെ ടീവി കണ്ടിരുന്നോ.. ഞാനോരുത്തി ഉണ്ടല്ലോ ഇവിടെ കിടന്നു കഷ്ടപ്പെടാൻ…
ഇത്തവണ അവൾക്കു ചിരിയാണ് വന്നത്…
അവൾ അടുക്കള വാതിലിലേക്ക് നടന്നു…
അച്ഛൻ കിച്ചൺ സ്ലാബിൽ കയറി ഇരുന്നിട്ടുണ്ട്… അമ്മ തേങ്ങ ചിരവുന്നുണ്ട്…ചിരകിയ കുറച്ചു തേങ്ങ അച്ഛന്റെ വായിലേക്കിട്ടു കൊടുത്തു…നിങ്ങൾ അടുത്തുണ്ടെങ്കിൽ സംസാരിച്ചോണ്ട് പെട്ടെന്നങ്ങു ജോലി തീർക്കാലോ…
ഇത്തവണ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു…
അവൾ കിരണിനെ കുറിച്ചോർത്തു…
താൻ കാണാതെ പോയ അവന്റെ സ്നേഹത്തെ കുറിച്ചോർത്തു…വഴക്കിനിടയിൽ മനഃപൂർവം മറന്നുകളയുന്ന അവന്റെ കരുതലിനെ കുറിച്ചോർത്തു…
ഇത്തവണ അച്ഛനോട് അവനെപ്പറ്റി സൂചിപ്പിക്കണം…പതിവിൽ നിന്നു വിപരീതമായി ഇത്തവണ ആദ്യമായി അവനോടു അങ്ങോട്ട് പോയി പിണക്കം മാറ്റണം..
അവളുടെ കണ്ണുകൾ തിളങ്ങി…
*******************
മീനൂട്ടീ… എല്ലാം എടുത്തുവച്ചതല്ലേ… ഡ്രൈവർ ഇപ്പൊ വരും മോളെ…
എല്ലാം വച്ചിട്ടുണ്ട് അച്ഛാ..
രണ്ടുപേരും കൂടെ എല്ലാം കാറിലേക്ക് എടുത്തുവച്ചു…. അവൾ കാറിലേക്ക് കയറി…..
മോളെ അമ്മ കുറച്ചു പലഹാരങ്ങൾ എടുത്തുവച്ചിട്ടുണ്ട്…. ഇഷ്ടായില്ലെങ്കിൽ എടുത്തു കളഞ്ഞേക്കരുത് കൂട്ടുകാർക്കു കൊടുത്തേക്കു കേട്ടോ…. അതും പറഞ്ഞ് അവർ സാരിത്തുമ്പുകൊണ്ട് ആരും കാണാതെ കണ്ണുതുടച്ചു….
ആർക്കും കൊടുക്കേണ്ടിവരില്ല അമ്മ എന്തുണ്ടാക്കിയാലും അതെനിക്കു ഇഷ്ടമാ…
ചിരിച്ചു കൊണ്ട് അവൾ അവർക്കു കൈവീശി കാണിച്ചു…. കാറ് അവളെയും കൊണ്ട് നീങ്ങിത്തുടങ്ങി….
നിങ്ങളെന്തിനാ ഇത്തവണയും ചുവന്ന ചുരിദാർ എടുത്തുകൊടുത്തത്…..
അതിനെന്താ ചാരു, ചുവപ്പ് അവൾക്കു നന്നായി ഇണങ്ങൂല്ലേ..
നിങ്ങൾക്കിഷ്ടം വയലറ്റ് അല്ലെ
അയാൾ അവരെ ചേർത്തു പിടിച്ചു… പക്ഷെ നിനക്കിഷ്ടം ചുവപ്പാണല്ലോ….
ശുഭം