നീ ജോലിക്ക് പോകുന്നതിൽ അവനു എതിർപ്പ് ഉണ്ടോ…? നിന്നെ സംശയം അങ്ങനെ മറ്റെന്തെങ്കിലും…?

എഴുത്ത്: നീതു നീതു

” അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല….എനിക്ക് വയ്യ അയാളുടെ കൂടെ കൂടി എന്റെ ജീവിതം നശിപ്പിക്കാൻ..”

” നീ എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്…അവനു എന്താ ഒരു കുറവ്?? കല്യാണം കഴിഞ്ഞിട്ട് 2 മാസം പോലും ആയില്ല…അതിനു മുന്നേ എന്ത് പ്രശ്നം ആണ് നിങ്ങള് തമ്മിൽ??”

” ഒരു പ്രശ്നവും ഇല്ലേ……..എനിക്ക് വയ്യ അയാളെ പോലെ ഒരു മിണ്ടാ മുനിയുടെ കൂടെ ജീവിക്കാൻ… അത്ര തന്നെ.”

” മിണ്ടാ മുനിയോ???!!!!”

” അതേ..അച്ഛനും മോനും ഒരു കണക്കാ…വായിൽ കൊൽ ഇട്ടു കുത്തിയാലും മിണ്ടില്ല….അവിടെ ജീവിച്ചാൽ എനിക്ക് വല്ല ഭ്രാന്തും വരും”

ഹേമ ചവിട്ടിതുള്ളി അവളുടെ മുറിയിലേക്ക് പോയി വാതിൽ കൊട്ടി അടച്ചു..

മകൾ പറയുന്നത് മനസ്സിലാകാതെ ഉഷ സെറ്റിയിൽ ഇരുന്നു പോയി…

മുറിയിൽ എത്തി ഹേമ ബാഗ് വലിച്ചെറിഞ്ഞു കട്ടിലിലേക്ക് വീണു…ഓർക്കും തോറും അവൾക്ക് വല്ലാത്ത നിരാശയും സങ്കടവും വന്നു…2 മാസം മുന്നേ ആയിരുന്നു അവളുടെ വിവാഹം….വിവേകും ആയി…വിവേക് ബിസിനസ് ആണ്…ടൗണിൽ ഒരു സൂപ്പർ മാർക്കറ്റ് ഒരു ടെക്സ്റ്റൈൽ ഷോപ്പും ഉണ്ട്…ഹേമ Mcom കഴിഞ്ഞു ….ഒരു പ്രൈവറ്റ് കമ്പനി യിൽ ജോലിയും ഉണ്ട്….വീട്ടിൽ അമ്മയും ഏട്ടനും മാത്രമേ ഒള്ളു….അച്ഛൻ 4 വർഷങ്ങൾക്കു മുന്നേ മരിച്ചു പോയി ..

ഒരുപാട് സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നന്നായി സംസാരിക്കുന്ന , വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളെ ആയിരുന്നു ഹേമ ആഗ്രഹിച്ചത്…..പഠിത്തവും കഴിഞ്ഞു ജോലിയും ആയിട്ട് മതി വിവാഹം എന്നത് അവളുടെ ആഗ്രഹം ആയിരുന്നു….അതുപോലെ തന്നെ ആണ് നടന്നതും….ഒരു ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു വിവേകിന്റെ …അച്ഛനും മോനും മാത്രം…. ജാതകങ്ങൾ നോക്കിയപ്പോൾ പെട്ടെന്ന് കല്യാണം നടത്തണം എന്ന് കണ്ടപ്പോൾ 2 മാസത്തിനു ഉള്ളിൽ തന്നെ നിശ്ചയവും വിവാഹവും നടന്നു..

പെണ്ണ് കാണാൻ വന്നപ്പോൾ തൊട്ടു വിവേകിനോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു ഹേമക്ക്…. നിശ്ചയം കഴിഞ്ഞു ഒരിക്കൽ അവള് അതിനു വേണ്ടി ശ്രമിച്ചത് ആണ്….പക്ഷേ വിവേക് തിരക്കാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു.. അന്നേ അത് നടന്നിരുന്നെങ്ങിൽ തനിക്ക് ഇൗ അവസ്ഥ വരില്ലായിരുന്നു….കല്യാണത്തിന് മുൻപ് ചെറുക്കനും പെണ്ണും സംസാരിച്ചില്ല എന്നൊക്കെ പറഞ്ഞാല് ഈ കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ??.കൂട്ടുകാരികൾ ഒക്കെ ഒത്തിരി പറഞ്ഞതാണ് വിവേകിന്റെ ഷോപ്പിൽ പോയി കാണാം എന്നൊക്കെ…പക്ഷേ അന്ന് അതൊരു കുറച്ചിൽ ആയി തോന്നി…അങ്ങോട്ട് പോയി സംസാരിക്കാൻ ഒരു മടി….പക്ഷേ ഇന്ന് അതൊരു അബദ്ധം ആയി അവൾക്ക് തോന്നി .

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഹേമ കരച്ചിൽ നിർത്തി എഴുന്നേറ്റു ഇരുന്നു…നോക്കാതെ തന്നെ അത് കിരൺ ആണെന്ന് അവൾക്ക് മനസ്സിലായി…അവളുടെ ഏട്ടൻ.

” മോളേ…എന്താടാ.. എന്ത് പറ്റി?? നിങ്ങള് തമ്മില് വഴക്കിട്ടോ??”

ഹേമ ഒന്നും മിണ്ടാതെ കിരണിന്റെ തോളിൽ ചാഞ്ഞു ഇരുന്നു..

” ഞാൻ കുറച്ചു കര്യങ്ങൾ ചോദിച്ചാൽ മോള് സത്യം പറയുമോ?”

” ഉം”.. മറുപടി ഹേമ ഒരു മൂളൽ ഒതുക്കി

” വിവേക് നിന്നെ ഉപദ്രവിക്കാരുണ്ടോ??

” ഇല്ല ഏട്ടാ”

” നീ ജോലിക്ക് പോകുന്നതിൽ അവനു എതിർപ്പ് ഉണ്ടോ?? നിന്നെ സംശയം അങ്ങനെ മറ്റെന്തെങ്കിലും???”

” ഇല്ല”

” വിവേകിന്റെ അച്ഛൻ എന്തെങ്കിലും മോശം ആയി പെരുമാറിയൊ??

” അയ്യോ…ഇല്ല ഏട്ടാ…അച്ഛൻ വളരെ പാവം ആണ്…അങ്ങനെ ഒന്നും ഇല്ല”

” പിന്നെ എന്താ മോളെ പ്രശ്നം?? എട്ടനോട് പറയാൻ പറ്റുന്ന ആണേൽ പറ …നമുക്ക് നോക്കാം””

അവനോടു എന്ത് പറയണം എന്ന് ഓർത്തു അവള് കുറച്ചു നേരം ഇരുന്നു…

” ഏട്ടാ…ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ 2 മാസം ആയി…ഇത് വരെ പുറത്ത് ഒന്ന് കറങ്ങാൻ പോകുകയോ ഒരു സിനിമക്ക് പോകുകയോ ചെയ്തിട്ടില്ല …പിന്നെ എന്നോട് ഒന്നും സംസാരിക്കാറില്ല വിവേക്…എന്തെങ്കിലും അത്യാവശ്യം എന്തെങ്കിലും പറയും എന്നല്ലാതെ കാര്യമായി ഒന്നും മിണ്ടാറില്ല….വല്ലാത്ത മൂകത ആണ് അവിടെ…”

ഹേമയുടെ പറച്ചിൽ കേട്ട് കിരണിന്റെ വല്ലാത്ത ആശ്വാസം തോന്നി….അമ്മ പറഞ്ഞ അത്രയും പ്രശ്നം ഒന്നും ഇല്ല.

” വൈകിട്ട് വിവേക് വന്നാൽ അച്ഛനും മോനും കൂടി കണക്കും നോക്കി ഇരിക്കും…..എനിക്ക് എന്തോ തീരെ പറ്റുന്നില്ല അവിടെ….നമ്മുടെ വീട് പോലെ ഒന്നും അല്ല ഏട്ടാ ..ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ആണോ …എന്തേലും ഒക്കെ അടിച്ചു പൊളിച്ചു ജീവിക്കണ്ടേ…അവിടെ ആണേൽ കട വിട്ടാൽ വീട് വീട് വിട്ടാൽ കട…എനിക്ക് ശരിക്കും മടുത്തു.”

കിരണ് നു ശരിക്കും ചിരി വന്നു പോയി…നിസ്സാര കാര്യം ഒള്ളു..അതിനാണ് പിണങ്ങി വന്നെക്കുന്നെ.

” എടീ നിനക്ക് അവനോടു അങ്ങോട്ട് പറയാൻ പാടില്ലേ…സിനിമക്ക് പോകാം..അല്ലെങ്കിൽ എവിടേലും കറങ്ങാൻ പോകാൻ എന്നൊക്കെ…എല്ലാവരും ഒരു പോലെ അല്ല കുഞ്ഞി…അവനു ചിലപ്പോൾ പറഞ്ഞു കൊടുത്താൽ ആകും അങ്ങനെ ഒക്കെ തോന്നുക”

” പിന്നേ…..ഇതൊക്കെ ഞാൻ പറഞ്ഞിട്ട് വേണം…അയ്യാൾ ഇന്നത്തെ കാലത്ത് ഒന്നും അല്ലേ ജീവിക്കുന്നേ….എല്ലാവരും എങ്ങനാ ജീവിക്കുന്ന എന്നൊക്കെ കാണുന്നില്ലേ…പതിരുപതെട്ട് വയസ്സുള്ള അയ്യലെ ഞാൻ എന്ത് പറഞ്ഞു മനസ്സിലാക്കാൻ ആണ്?? കൊച്ചു കുഞ്ഞു ഒന്നും അല്ലല്ലോ” ഹേമക്ക് ശരിക്കും ദേഷ്യം വന്നു..

” വിവേകിന്റെ ക്കാര്യങ്ങൾ ഒക്കെ ശരിക്കും തിരക്കിട്ട് തന്നെയാ നിന്നെ അവനു കൊടുത്തേ….ഒരു തെറ്റും ആരും പറഞ്ഞില്ല…പിന്നെ ഇത്തരം ചെറിയ പ്രോബ്ലം ഒക്കെ എല്ലാവർക്കും കാണും…അതൊക്കെ നീ പറഞ്ഞു മാറ്റി എടുത്താൽ മതി മോളെ…”

” ഏട്ടനും അമ്മക്കും ഒന്നും എന്നെ മനസ്സിലാവില്ല ..എനിക്ക് ആരുടേം ഉപദേശം ഒന്നും വേണ്ട …”

” ശരി….ഞാൻ ഒന്നും പറയുന്നില്ല…പോരെ…നീ നല്ലോണം ആലോചിക്കൂ…പിന്നെ ..ഇരുന്നു കരയാതെ കിടക്ക് പെണ്ണേ…നേരം ഒരുപാട് ആയി”

അതും പറഞ്ഞു കിരൺ പോയി….ഹേമ പിന്നെയും ഓരോന്ന് ആലോചിച്ചു ഇരുന്നു…

ഇവിടെ അച്ഛൻ ഉണ്ടായിരുന്നപ്പോൾ ശരിക്കും ഒരു ആഘോഷം ആയിരുന്നു….അവധി ദിവസങ്ങളിൽ അച്ഛനും അമ്മയും ഏട്ടനും താനും കൂടി ആണ് പാചകം…കളിയും ചിരിയും ഒക്കെ ആയി …പിന്നെ ഒരുമിച്ച് ഭക്ഷണം ..അത് അച്ഛന് നിർബന്ധം ആണ്…അച്ഛൻ പോയതിൽ പിന്നെ ഏട്ടൻ അതുപോലെ തന്നെ….അച്ഛനും ഏട്ടനും ഒക്കെ ധാരാളം സംസാരിക്കും….ശരിക്കും എല്ലാവരും കൂടിയാൽ ബഹു രസം ആയിരുന്നു….അതുപോലെ ഒരാളെ ആണ് താനും ആഗ്രഹിച്ചത്….പക്ഷേ അവിടെ നേരെ തിരിച്ചാണ്….

കല്യാണം കഴിഞ്ഞ രാത്രിയിൽ വിവേക് റൂമിൽ വരുന്നതിനു മുന്നേ പതുക്കെ ഒന്നു മയങ്ങിപ്പോയി….വിവേക് വന്നപ്പോൾ ഷീണം ഉണ്ടേൽ കിടന്നോളാൻ പറഞ്ഞു….ഞാൻ ഉറങ്ങുകയും ചെയ്തു….പിന്നീടുള്ള ദിവസങ്ങളിൽ വിവേക് എന്നും രാവിലെ കടയില് പോകും…വൈകിട്ട് വരു…വന്നാൽ ചായ കുടിച്ചു കഴിഞ്ഞാൽ അച്ഛനും മോനും കൂടി അന്നത്തെ കണക്ക് നോക്കൽ ആണ്….കാത്തിരുന്നു പലപ്പോഴും ഉറങ്ങിപ്പോകും….പിന്നെ അത് പതിവായി…വല്ലാതെ മടുത്തു തുടങ്ങിയപ്പോൾ ലീവ് കാൻസൽ ചെയ്തു ജോലിക്ക് ജോയിൻ ചെയ്തു….വിവേക് കൃത്യമായി കൊണ്ട് വിടാനും വിളിച്ച് കൊണ്ട് പൊരാനും വരും…പക്ഷേ വേറെ കറക്കം ഒന്നും ഇല്ല…ഒരു അകലം ഉള്ള പോലെ..അതുകൊണ്ട് ഞാൻ ഒന്നും അവ്വശ്യപെടാരും ഇല്ല…

ഓരോന്ന് ഓർത്ത് ഹേമ എപ്പോളോ ഉറങ്ങിപ്പോയി .

????????

രാവിലെ കണ്ണ് തുറന്നപ്പോൾ വിവേക് ന് വല്ലാത്ത തലവേദന തോന്നി ..താൻ ഹോളിലെ സെറ്റിയിൽ ആണ് കിടക്കുന്നത് എന്ന് അവനു മനസ്സിലായി … ഹെമയുടെ മുഖം പെട്ടെന്ന് മനസ്സിലേക്ക് വന്നു…അവനു വല്ലാത്ത വേദന തോന്നി….ഇന്നലെ അവള് പോകുമ്പോൾ പറഞ്ഞ വാക്കുകൾ അവൻ ഓർത്തു

“”” ഞാൻ ആഗ്രഹിച്ചത് പോലുള്ള ഒരു ലൈഫ് അല്ല എനിക്ക് നിങ്ങളിൽ നിന്നു കിട്ടുന്നത്… ഇത്ര ദിവസം ആയിട്ടും ഒരിക്കൽ പോലും നിങ്ങള് എന്നോട് സംസാരിക്കാനോ മനസ്സിലാക്കാനോ ശ്രമിച്ചില്ല..നമുക്ക് ഈ ബന്ധം ഇവിടെ അവസാനിപ്പിക്കാം..ഞാൻ പോകുന്നു”””

അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞു…കുറച്ചു നാളുകൾ ആയെ ഒള്ളു എങ്കിലും അവള് തന്റെ ജീവന്റെ ഭാഗം ആയിരുന്നു…എല്ലാം തന്റെ കഴിവ് കേടു തന്നെ ആണ്…അഞ്ചിൽ പഠിക്കുമ്പോൾ ആയിരുന്നു അമ്മയുടെ മരണം…അച്ഛന് എന്ന് ചെറിയ ഒരു പലചരക്ക് കട ആയിരുന്നു …അതില്പിന്നെ എന്നും സ്കൂൾ കഴിഞ്ഞാൽ കടയിൽ പോയി ഇരിക്കും…അച്ഛന്റെ കൂടെ കൂടും…ഡിഗ്രീ രണ്ടാം വർഷം ആയപ്പോൾ അച്ഛന് സ്ട്രോക്ക് വന്നു…പഠിത്തം നിർത്തി കട താൻ ഏറ്റെടുത്തു….പിന്നെ അതിന്റെ പുറകെ ആയി ജീവിതം…ബിസിനസ് വളർന്നു..

പണ്ടും സുഹൃത്തുക്കൾ കുറവായിരുന്നു…ബിസിനസും ആയി ബന്ധപ്പെട്ട് വളരെ കുറച്ചു സൗഹൃദം മാത്രേ ഇപ്പോളും ഒള്ളു… പെൺ സുഹൃത്തുക്കൾ തീരെ ഇല്ല ..അമ്മയും അഹോദരിയും ഇല്ലാതെ പോയതിനാൽ അവരുടെ ആവശ്യങ്ങളോ താൽപര്യങ്ങലോ ഒന്നും അറിയില്ല….വിവാഹത്തിന് മുമ്പ് ഹേമയോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നു..പക്ഷേ തന്റെ അപർഷത അത് അനുവദിച്ചില്ല…ഒന്നും വേണ്ടായിരുന്നു…ഒരു കുട്ടിയുടെ ജീവിതം കൂടി താൻ നശിപ്പിച്ചു..

????????

ഓഫീസിൽ ഇരുന്നിട്ട് ഹേമ ക്ക് ഒരു സമാധാനവും തോന്നിയില്ല …വിവേകിന്റെ കാര്യം മനസ്സിലേക്ക് കയറി വരുന്നു…ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല…

സംസാരം കുറവ് ആണെങ്കിലും വളരെ ശാന്തമായ സ്വഭാവം ആണ് വിവേകിന്റെ…ഒരിക്കൽ പോലും തന്നെ കുറ്റപ്പെടുത്തി സംസാരിക്കുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല….വൈകിട്ട് അൽപം ലൈറ്റ് ആയാൽ തന്നെ വിളിച്ച് പറയും…വിവാഹം കഴിഞ്ഞ് ചെന്ന സമയത്ത് റൂമിലെ അലമാര തുറന്ന താൻ ശരിക്കും അൽഭുത പെട്ട്‌ പോയി….അലമാര നിറയെ ഡ്രസ്സുകൾ..അതും പലതരത്തിൽ ഉള്ളവാ….മോഡേൺ ഡ്രെസ്സും സാരിയും ഒക്കെ കുറെ ഏറെ….ഒന്നിനും കുറവ് ഉണ്ടായിരുന്നില്ല…അച്ഛൻ എന്നും വൈകിട്ട് ഷോപ്പിൽ പോയി കുറെ സാധനങ്ങൾ കൊണ്ട് വരും…അവശ്യം ഇല്ലെങ്കിലും വാങ്ങി വരും….ഒരിക്കൽ അതേപ്പറ്റി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു മോൾക്ക് ഒന്നും കുറവ് വരരുത് എന്ന്….കല്യാണത്തിന് മുന്നേ അച്ഛന്റെ വകയിൽ ഒരു പെങ്ങൾ ആഴ്ചയിൽ രണ്ടു ദിവസം വന്നു വീട് അടിച്ചു വാരി തുടച്ചിട്ട് പോയിരുന്നു….ഞങ്ങളുടെ വിവാഹം കഴിഞ്ഞതോടെ അവർ മകളുടെ കൂടെ വിദേശത്തേക്ക് പോയി….

ഓരോന്ന് ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി….പാവങ്ങൾ ആണ്…ചിലപ്പോൾ ചിലർ അങ്ങനെ ആകും അല്ലേ…

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ വിവേകിന്റെ ചിന്ത്കൾ പിന്നെയും പിടി മുറുക്കി…താൻ ചെന്നത്തിന് ശേഷം താൻ ആണ് പാചകം….വലിയ രുചി ഒന്നും ഇല്ലെങ്കിൽ പോലും ആ അച്ഛനും മോനും അതൊക്കെ ആസ്വദിച്ചു കഴിച്ചിരുന്നു…ഒരിക്കൽ പോലും ഒരു കുറ്റം പോലും പറഞ്ഞിരുന്നില്ല….വിവേക് ന് പ്രത്യേകിച്ച് ഇഷ്ട്ടങ്ങൾ ഒന്നും ഇല്ലെന്ന് തോന്നി…എന്തുടാക്കിയാലും കഴിക്കും….അച്ഛൻ മാത്രം ഒരിക്കൽ രാത്രി കഞ്ഞി ഉണ്ടാക്കി കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു….

ജോലിക്ക് പോയി തുടങ്ങിയപ്പോൾ വിവേക് അവന്റെ ക്രെഡിറ്റ് കാർഡ് തന്നെ ഏൽപ്പിച്ചിരുന്നു….എന്ത് അവശ്യം ഉണ്ടെങ്കിലും കാഷ് അതിൽ നിന്ന് എടുത്ത് ഉപയോഗിക്കാനും പറഞ്ഞു..

ഓരോന്ന് ഓർത്തപ്പോൾ ഹേമ കഴിപ്പു നിർത്തി പാത്രം അടച്ചു വച്ചു ..അവർ ഇന്ന് ഒന്നും കഴിച്ചിട്ട് ഉണ്ടാകില്ല….പുറത്തെ ഭക്ഷണം രണ്ടു പേർക്കും ഇഷ്ട്ടമല്ല…

വല്ലാത്ത വിഷമം തോന്നിയപ്പോൾ ഹേമ ഉച്ചക്ക് ശേഷം ലീവ് എടുത്തു…അവളുടെ സ്‌കൂടിയിൽ വീട്ടിലേക്ക് പോകാൻ തുടങ്ങി ..അവൾക്ക് വിവേക് നെ ഒന്ന് കാണണം എന്ന് ഭയങ്കര ആഗ്രഹം തോന്നി…താൻ ഇത്ര ഒക്കെ അവനെ സ്നേഹിച്ചിരുന്നു എന്നത് അവൾക്ക് തന്നെ അൽഭുതം ആയി തോന്നി…ഈ അവശതയിൽ ഒന്ന് കാണാതെ ഇന്ന് സമാധാനം കിട്ടില്ല …എന്ത് പറഞ്ഞു പോകും…ഇന്നലെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു ഇറങ്ങി പോന്നത് ആണ്…….എന്തായാലും പോകാം…ദൂരെ നിന്ന് എങ്കിലും ഒന്ന് കണ്ടിട്ട് പോരാം.

വിവേകിന്റെ കാർ പോർച്ചിൽ കിടക്കുന്നത് ദൂരെ നിന്ന് തന്നെ ഹേമ കണ്ടൂ….അത്രയും നേരം കാണാൻ ഉള്ള തിടുക്കം ഒക്കെ പതുക്കെ മാറി അവൾക്ക് വല്ലാത്ത ജാള്യത തോന്നി… സ്‌കൂടി ഒതുക്കി അവള് ഗേറ്റ് തുറന്നു മുറ്റത്തേക്ക് ചെന്നു…മുൻവശത്തെ വാതിൽ കുറച്ചു തുറന്നു കിടപ്പുണ്ട്….പുറത്ത് എങ്ങും ആരെയും കാണാൻ ഇല്ല….രണ്ടും കൽപ്പിച്ച് അവള് കോളിംഗ് ബെല്ലടിച്ചു….വന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഡ്രസ്സ് ബാക്കി എടുക്കാൻ വന്നത് അനെന്ന് പറയാം എന്നൊക്കെ അവള് ആലോചിച്ചു…

ഒന്ന് രണ്ടു വട്ടം ബെൽ അടിച്ചിട്ടും ആരും വന്നില്ല …അവള് പതുക്കെ അകത്തേക്ക് കയറി … ആരും ഉള്ള ലക്ഷണം കാണുന്നില്ല…ബെഡ്റൂമിൽ വെട്ടം കാണുന്നുണ്ട്….അവള് മടിച്ചു മടിച്ചു റൂമിൽ ചെന്നു…

റൂമിൽ കട്ടിലിൽ പുതച്ചു മൂടി വിവേക് കിടക്കുന്നുണ്ട്….ഹേമ ഒന്ന് ചുമച്ചു നോക്കി…അനക്കം ഒന്നും ഇല്ല..അവള് പതിയെ അടുത്ത് ചെന്ന്…വിവേക് നല്ല ഉറക്കം ആണ്… ഇടയ്ക്ക് എന്തൊക്കെയോ പിറു പിറുക്കുന്നു…സംശയം തോന്നി ഹേമ നെറ്റിയിൽ കൈ വച്ചു നോക്കി….പൊള്ളുന്ന ചൂട്…അവൾക്ക് പരിഭ്രമം തോന്നി…പുതപ്പ് പതുക്കെ മാറ്റി കഴുത്തിലും നെഞ്ചിലും ഒക്കെ തൊട്ട് നോക്കി…നല്ല പനി ഉണ്ട്…ചുണ്ട് ഒക്കെ കരുത്ത് കരുവാളിച്ച് ഇരിക്കുന്നു…

കുറച്ചു നേരം എന്ത് ചെയ്യണം എന്ന് അറിയാതെ ഹേമ പകച്ചു നിന്നു…പിന്നെ അലമാര തുറന്നു ഒരു തുണി എടുത്ത് തണുത്ത വെള്ളത്തിൽ മുക്കി നെറ്റിയിൽ ഇട്ടു….ബാക്കി തുണി വെള്ളത്തിൽ മുക്കി കഴുത്തും മുഖവും ഒക്കെ തുടച്ചു..നന്നായി പുതപ്പിച്ചു കിടത്തി തിരിഞ്ഞപ്പോൾ ആണ് വാതിൽക്കൽ അച്ഛൻ നിൽക്കുന്നത് കണ്ടത്…അവളെ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു..

” നല്ല പനിയാ മോളെ…രാവിലെ തുടങ്ങിയതാ…ആശുപത്രിയിൽ പോകാൻ പറഞ്ഞിട്ട് കേട്ടില്ല”. അതും പറഞ്ഞു കയ്യിൽ ഇരുന്ന കവർ അച്ഛൻ അവളെ ഏൽപ്പിച്ചു…കുറച്ചു ബ്രെഡും പഴവും tablets um….

” അവൻ ഒന്നും കഴിച്ചിട്ടില്ല മോളെ…മോള് പോയെ പിന്നെ…” അത് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നനഞ്ഞു..അവൾക്ക് അത് കണ്ട് വല്ലാത്ത കുറ്റബോധം തോന്നി..

” സാരമില്ല അച്ഛാ…ഞാൻ കൊടുക്കാം…..അച്ഛൻ എന്തേലും കഴിച്ചോ??”

അതിനു അയ്യാൾ ഒന്നും മറുപടി പറഞ്ഞില്ല.

” അച്ഛൻ എന്തായാലും ഇത് കുറച്ചു കഴിക്ക് . ഞാന് പോയി ചായ ഇട്ടു വരാം…വിവേക് ന് കഞ്ഞി ഉണ്ടാക്കി കൊടുക്കാം”

അവള് അച്ഛനെ കൂട്ടി ഹാളിൽ പോയി ഒരു പ്ലേറ്റിൽ ബ്രെഡും പഴവും എടുത്ത് കൊടുത്തു…ചായ ഉണ്ടാക്കാൻ ആയി അടുക്കളയിലേക്ക് പോയി

താൻ ഇന്നലെ പോയ പോലെ തന്നെ ആണ് അടുക്കള കിടന്നിരുന്നത്….അതിനു ശേഷം ഒന്നും ഉണ്ടാക്കിയിട്ടില്ല ..അവള് വേഗം കുറച്ചു അരി അടുപ്പത്ത് ഇട്ടു ….തേങ്ങ ചിരകയത് കുറച്ചു ഉണക്ക ചെമ്മീൻ ചേർത്ത് ചമ്മന്തി ഉണ്ടാക്കി ..ചായ ഇട്ടു അച്ഛനും കൊടുത്തു.

കഞ്ഞിയും ആയി മുറിയിൽ ചെന്നിട്ടും വിവേക് ഉറക്കത്തിൽ തന്നെ ആയിരുന്നു..അവള് പതുക്കെ അവനെ തട്ടി വിളിച്ചു….കണ്ണ് തുറന്നപ്പോൾ അടുത്ത് ഹേമ യെ കണ്ട് വിവേക് അമ്പരന്നു….കാണുന്നത് സത്യം അണോ എന്ന് അറിയാൻ അവൻ ഒന്നും കൂടി കണ്ണ് ചിമ്മി തുറന്നു…

ഹേമ അവനെ പിടിച്ചു ചാരി ഇരുത്തി കഞ്ഞി കോരി വായിൽ വെച്ച് കൊടുക്കുമ്പോള് ഉം അവൻ പകച്ചു നോക്കുക ആയിരുന്നു..എന്തോ പയാൻ ആഞ്ഞ അവനെ അവള് തടഞ്ഞു

” ആദ്യം ആഹാരം കഴിക്കണം..എന്നിട്ട് സംസാരിക്കാം കേട്ടോ…”

കഞ്ഞി കൊടുത്ത് കഴിഞ്ഞു ഗുളിക വായിൽ വെച്ച് കൊടുത്തപ്പോൾ വിവേക് അറിയാതെ വിതുമ്പി പോയി….അവൻ അവളുടെ കൈകൾ കൂട്ടപ്പിടിച്ച് അതിൽ ചുംബിച്ചു…. അവളുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി… പനിച്ചൂട് ഉള്ള അവന്റെ നെറ്റിയിൽ അവള് മൃതുവായി ചുംബിച്ചു…അവനെ പുതപ്പിച്ചു കിടത്തി അവള് മുറി അടച്ചു പുറത്ത് പോയി..

അമ്മയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരുപാട് സന്തോഷം ആയി..
അവളോട് വിവേകിന്റെ കാര്യങ്ങള് ഒക്കെ തിരക്കി അമ്മ ഫോൺ വച്ചു..

വീട് എല്ലാം അടിച്ചു വാരി ഒതുക്കി അത്താഴം കൂടി തയ്യാറാക്കി അവള് കുളിച്ചു വന്നു…റൂമിൽ എത്തിയപ്പോൾ അച്ഛൻ വിവേകിന്റെ അടുത്ത് ഇരിപ്പുണ്ട്…അവളെ കണ്ട് ആ അച്ഛൻ അടുത്തേക്ക് വന്നു .. വാത്സല്യത്തോടെ അവളെ ചേർത്ത് പിടിച്ചു…

” അവൻ പാവം ആണ് മോളെ ..അവനെ വിട്ടിട്ട് പോകല്ലേ…അവനു കുറച്ചു സമയം കൊടുത്താൽ മതി…മോളെ അവനു ജീവൻ ആണ്” അത് പറഞ്ഞപ്പോൾ ആ അച്ഛൻ സങ്കടം കൊണ്ട് വിതുമ്പി…അവളെ അവിടെ നിർത്തി അയ്യാൾ മുറി വിട്ട് പോയി

വിവേക് വല്ലാതെ വിയർത്തു കിടക്കുക ആയിരുന്നു….അവള് കുറച്ചു ചൂട് വെള്ളം പകർന്നു വച്ച് അവനെ കുളിക്കാൻ പറഞ്ഞു വി ട്ടു..

അവൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ഹേമ കട്ടിലിൽ തന്നെ ഇരിപ്പുണ്ട്…അവൻ അവളുടെ അടുത്ത് ചെന്ന് ചേർന്ന് ഇരുന്നു..

” സോറി ഡോ….തന്നെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു…തന്റെ ആഗ്രഹങ്ങൾ ഒന്നും ഞാൻ മനസ്സിലാക്കിയില്ല…അല്ലേ” വിവേക് വിഷമത്തോടെ ഹേമ യെ നോക്കി..

” എന്റെ അമ്മ കുഞ്ഞിലെ പോയതാടോ…പിന്നെ ഒരു ഉൾവലിഞ്ഞു ജീവിതം ആയിരുന്നു…പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ല ഞങ്ങൾക്ക്….അച്ഛനും എന്നെ പോലെ തന്നെ…അച്ഛന് ഞാനും എനിക്ക് അച്ഛനും…തന്റെ ആലോചന വന്നപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടമായി….പഠിപ്പ് ഉള്ള കുട്ടി..ജോലി ഉള്ള പെണ്ണ്…എന്റെ കുറവുകൾ താൻ നികത്തും എന്ന് തോന്നി…തന്നോട് അടുക്കാൻ ഞാൻ കുറെ ശ്രമിച്ചത് ആണ്…നടന്നില്ല…എന്റെ കുഴപ്പം തന്നെ ആണ്….അടുക്കാൻ ഒരു ചമ്മലോ അങ്ങനെ എന്തൊക്കെയോ…പിന്നെ കരുതി എന്നെ മനസ്സിലാക്കാൻ കുറച്ചു സമയം കൊടുക്കാം എന്ന്….അതൊക്കെ തന്നെ ബാധിച്ചത് വേറെ ഒരു രീതിയിൽ ആയിപ്പോയി….

നിന്നെ പോയി തിരികെ വിളിച്ചു വരാൻ ആണ് രാവിലെ തയ്യാറായത്….പക്ഷേ….

ഒരു കാര്യം പറയട്ടെ…താൻ ..താൻ ഇല്ലാതെ എനിക്ക് പറ്റില്ലെടോ…എന്നെ വിട്ടു പോകാതെ ഇരുന്നുടെ….ഞാൻ ..ഞാൻ എന്ത് വേണേലും ചെയ്യാം…താൻ ഒന്ന് പറഞ്ഞാല് മതി….തന്റെ ആഗ്രഹങ്ങൾ പോലെ ഒക്കെ ചെയ്യാം…എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി…”

വിവേക് അപേക്ഷിക്കുക ആയിരുന്നു അവളോട്….അത്രയും നേരം അവനെ കേട്ടുകൊണ്ട് ഇരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞു…തന്റെ ധാരണകൾ ഒക്കെ തെറ്റ് ആയിരുന്നു എന്ന് അവൾക്ക് തോന്നി ..സങ്കൽപ്പങ്ങൾ ക്കും അപ്പുറം ഒരു ജീവിതം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി

” എന്റെ ഭാഗത്തും തെറ്റ് ഉണ്ട് വിവേക്…ഒന്നും മനസ്സിലാക്കാൻ ഞാനും ശ്രമിച്ചില്ല…ഈഗോ…ഇവിടെന്ന് പോയപ്പോൾ ആണ് വിവേകിന്റെ സ്ഥാനം എനിക്ക് മനസ്സിലായത്… സോറി….ഞാൻ…ഞാൻ കാരണം അച്ഛനും ഒരുപാട് വിഷമിച്ചു….”

” സാരമില്ല…താൻ വന്നല്ലോ.. എനിക്ക് അത് മതി….താൻ തിരിച്ചു വരും എന്ന് ഞാൻ സ്വപ്നത്തില് പോലും കരുതിയില്ല…നീ ഇല്ലാതെ മരിച്ചാൽ മതി എന്ന് തോന്നിപ്പോയി…”

ഹേമ വെപ്രാളത്തിൽ അവന്റെ വായ പൊത്തി ….

” അങ്ങനെ ഒന്നും പറയല്ലേ…ഞാൻ എങ്ങും പോകില്ല … ഒരിക്കലും…”

ഹേമ പതുക്കെ അവന്റെ നെഞ്ചില് ചാരി…അവൻ അവന്റെ കൈകൾ കൊണ്ട് അവളെ പൊതിഞ്ഞു….നെറുകയിൽ ചുണ്ടുകൾ ചേർത്തു..