ഒറ്റക്കൊരുവൾ
Story written by AKC ALI
ഇന്നവൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വഴിയരികിൽ നിന്നൊരുത്തന്റെ നോട്ടം കണ്ടത് ദുഷിച്ച ആ വാക്ക് കേട്ടത്….
അളിയാ ഒരുവൻ കെട്ടി ഒഴിവാക്കിയവളാണ് ഒന്നു മുട്ടി നോക്കിയാലോ എന്ന് ..
ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഉളളാകെ നീറി പതിയെ മുഖം കുനിച്ച് എതിർത്ത് പറയാനൊരു കരുത്തു പോരാതെയവൾ വീട്ടിലേക്ക് നടന്നു..
വീട്ടിലെത്തിയപ്പോഴും ആ വാക്കുകളിൽ നിന്നുണ്ടായ പിടച്ചിൽ അവളിൽ നിന്ന് വിട്ടൊഴിഞ്ഞില്ല..
അന്നു രാത്രിയാണവൾക്ക് പേടി തോന്നിയത് അമ്മക്കരികിൽ ചെന്നു കിടന്നത്..
പതിവില്ലാത്ത മോളുടെ പേടി കണ്ട് ലഷ്മിയേടത്തി അവളുറങ്ങും വരെ ഉറങ്ങാതിരുന്നു..
പിറ്റേ ദിവസമവൾ അമ്പലത്തിൽ പോയി ഏറെ പ്രാർത്ഥിച്ചു വന്ന് വീട്ടിലിരിക്കുമ്പോളാണ് ബ്രോക്കർ കുഞ്ഞുണ്ണിയേട്ടൻ വരുന്നതവൾ കണ്ടത്..
തന്നെ കാണാൻ വരുന്നവന്റെ മഹിമ പറയാൻ വരുന്നതാണെന്ന് മനസ്സിലാക്കിയവൾ അകത്തേക്ക് നടന്നു..
ബ്രോക്കർ കുഞ്ഞുണ്ണിയുടെ വരവു കണ്ട് ലഷ്മിയേടത്തി പുറത്തേക്ക് വന്നു കുഞ്ഞുണ്ണിയോട് ചോദിച്ചു ചെക്കൻ എപ്പ വരും കുഞ്ഞുണ്ണിയേ എന്ന്..
രണ്ടു ദിവസത്തിനകം വരും പിന്നെ ലഷ്മിയേടത്തി കെട്ടി തീർത്ത പെണ്ണിനെ കാണാൻ വരുന്ന ചെക്കന്റെ വീട്ടുകാർ ഇത്തിരി പൊന്നും പണവുമൊക്കൊ കൂട്ടി ചോദിക്കും അതൊക്കെ നാട്ടു നടപ്പല്ലേ ലഷ്മിയേടത്തി അങ്ങനെ വല്ലതും ഉണ്ടായാൽ കാര്യമാക്കണ്ട നമുക്ക് പറഞ്ഞു ശരിയാക്കാം..
ബ്രോക്കർ കുഞ്ഞുണ്ണി വലിയ വായിൽ വലിയ എന്തോ കാര്യം പറഞ്ഞ പോലെ അത് പറഞ്ഞ് ലഷ്മിയേടത്തിയേ നോക്കി..
ആ ഉള്ളതീ വീടും പറമ്പുമാണ് അതു വിറ്റിട്ടാണേലും വേണ്ടില്ല ന്റെ മോളുടെ കല്യാണം നടത്തണം എന്ന് പറഞ്ഞ് ലഷ്മിയേടത്തി ചായ എടുക്കാൻ അടുക്കളയിലേക്ക് നടന്നു..
എല്ലാം കേട്ട് അടുക്കളയിൽ നിന്നിരുന്നവൾ അമ്മയോട് പറഞ്ഞു വീടും പറമ്പും വിറ്റൊരു വിവാഹം എനിക്ക് വേണ്ടമ്മ എന്ന്..
അമ്മക്ക് ഞാൻ ഒരു ഭാരമായി തുടങ്ങില്ലേ എന്നും പറഞ്ഞവൾ മുറിക്കകത്തേക്ക് കയറി പോവുമ്പോൾ ലഷ്മിയേടത്തിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
നല്ല കുടുംബത്തിൽ നിന്നൊരു ബന്ധം വന്നപ്പോൾ ചെക്കൻ എങ്ങനെ എന്ന് നോക്കാൻ മറന്നതു കൊണ്ടാണ് അവൾക്കിപ്പോൾ ഇങ്ങനെ ഒരു വിധി വന്നതെന്ന് മനസ്സിലാക്കി ലഷ്മിയേടത്തി തീരുമാനം അവൾക്ക് വിട്ടു..
ലഷ്മിയേടത്തിയവളോട് പറഞ്ഞു ഇനി മോളു തന്നെ തീരുമാനിക്ക് എന്താണേലും
എങ്കിലും മോളെ അമ്മക്ക് നീ ഒരു ഭാരമായത് കൊണ്ടല്ല നിന്റെ കല്യാണം എന്തു കൊടുത്താണേലും നടത്തണത് അമ്മക്ക് വയസ്സ് കൂടി വരാണ് അസുഖങ്ങളും ഞാൻ ഇല്ലാതായാൽ നീ തനിച്ചാവും അതൊരിക്കലും സംഭവിക്കാൻ പാടില്ല. അതും പറഞ്ഞ് ലഷ്മിയേടത്തി അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു സമാധാനിപ്പിച്ചു..
അച്ഛൻ നമ്മെ വിട്ടു പോയിട്ടും അമ്മ ജീവിച്ചത് നിനക്ക് വേണ്ടി മാത്രമാണ് ഒത്തിരി പ്രയാസമാണ് ആ ജീവിതം അങ്ങനെ എന്റെ മോളും ജീവിക്കാതിരിക്കാനാണ് അമ്മ നിന്നെ പിടിച്ചൊരുത്തനെ ഏൽപ്പിക്കണത്..
എന്നായാലും ഒരാണിൻ തുണ മോൾക്ക് വേണം. ഇല്ലേൽ ഒരാണിന്റെ തന്റേടം വേണം ഇനി മുതലങ്ങോട്ട് നീങ്ങാൻ..ഒറ്റക്കൊരുവളായി ജീവിക്കേണ്ടി വരുമ്പോൾ കാണേണ്ടി വരുന്ന കാഴ്ചകളും കേൾക്കുന്ന വാക്കുകളും പലതാവും മോളെ അതൊക്കെ തരണം ചെയ്യാനുള്ള കരുത്തും വേണം..
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എവിടെ നിന്നോ ഒരു ഊർജ്ജം അവളിൽ എത്തിയത് പോലെ..ഒരു ധൈര്യം വന്നത് പോലെ..
അവൾ മനസ്സിൽ ഉറപ്പിച്ചു എനിക്കും ജീവിക്കണം എന്നെ മാത്രം തേടി ഒരുവൻ വരുന്ന വരെ ഒറ്റക്കൊരു പെണ്ണായി..
ഇന്ന് അവളുടെ ചുവടുകൾക്ക് വല്ലാത്ത ഉറപ്പ് വീട്ടിൽ നിന്ന് ജോലിക്കിറങ്ങുമ്പോൾ ഉണ്ടായിരുന്നു..
ഇന്ന് വഴിയരികിൽ നോക്കിയവരെ കണ്ടവൾ തല താഴ്ത്തിയില്ല തല ഉയര്‍ത്തി തന്നെ പിടിച്ചു..
ഇന്നവളുടെ കണ്ണുകൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു…ഇന്നാരുടെയും നാവ് അവളിലേക്ക് പൊന്തിയില്ല..
എല്ലാം മാറിയ കാഴ്ച കണ്ട് അവൾ ഉള്ളിൽ ചിരിച്ചു..
അവൾ ഉറപ്പിച്ചിരുന്നു ഇനി മോശമായ വാക്കുകൾ കൊണ്ടാരേലും അരികിൽ വന്നാൽ ചൂണ്ടി നിർത്തും ആൾക്കൂട്ടത്തിലവനെ എന്ന്..
തളരാനാവില്ലവൾക്ക് കാരണം അവൾക്കും ജീവിക്കണം ഈ ഭൂമിയിൽ ഒറ്റക്കൊരുവളായി കൂട്ടത്തിലൊരുവളായി..
വെറും ധൈര്യമല്ലവളിൽ അതു വെറുമൊരു ചങ്കൂറ്റമല്ല അമ്മ കൊടുത്ത ധൈര്യമാണ് അമ്മ നിറച്ചു കൊടുത്ത ഊർജ്ജമാണത്. അതു വല്ലാത്തൊരു ധൈര്യമാണെന്ന് മനസ്സിലാക്കിയവൾ ജീവിതത്തിലേക്ക് കയറി തുടങ്ങുകയായിരുന്നു..