മോൾക്കൊരു അസുഖം വന്നാൽ കൂട്ടിരിക്കുന്ന അമ്മയെ മാത്രമല്ലേ നീ കണ്ടിട്ടുള്ളൂ… രാവിലെ ജോലിക്ക് പോകേണ്ടതല്ലേ എന്ന് പറഞ്ഞു നിർബന്ധിച്ചു ഉറങ്ങാൻ പറഞ്ഞുവിട്ടാലും…

Story written by MAAYA SHENTHIL KUMAR

അമ്മൂ… വന്നേ ചായകുടിക്കാം… നിനക്കിഷ്ടപെട്ട പരിപ്പുവടയുണ്ട്…

നീയിതുവരെ യൂണിഫോം പോലും മാറിയില്ലേ….

കട്ടിലിന്റെ ഒരു മൂലയിൽ കാൽമുട്ടിലേക്കു തലതാഴ്ത്തി ഇരിക്കുന്ന അമ്മുവിനെ കണ്ട് ഗീതയുടെ മനസ്സിലൂടെ ഒരു പേടി മിന്നിമാഞ്ഞു…. കാരണം ഇപ്പോ കാലം തീരെ നന്നല്ലല്ലോ …

അമ്മൂ എന്തുപറ്റി മോളെ…. നീ അമ്മയെ പേടിപ്പിക്കാതെ എന്തെങ്കിലും ഒന്ന് പറയ്…

ഇനി എന്ത് പറയാനാ….നാണം കെട്ടു തൊലി ഉരിഞ്ഞിരിക്കുവാ…. അമ്മു പൊട്ടിത്തെറിച്ചു….

എന്താ മോളെ നീയൊന്നു തെളിച്ചുപറയ്

എന്റെ സ്കൂളാണെന്നു അറിഞ്ഞുകൊണ്ട് എന്നെ നാണം കെടുത്താനല്ലേ അച്ഛൻ അങ്ങോട്ട്‌ ജോലിക്കു വന്നത്… അമ്മുവിന്റെ വാക്കുകൾ അവരുടെ ഹൃദയത്തെ കീറിമുറിച്ചു കൊണ്ടാണ് കടന്നുപോയത്….

അച്ഛൻ നിന്നെ കണ്ടോ…നീ അവിടെ വച്ച് അച്ഛനോട് വഴക്കിട്ടോടീ അസത്തെ…

വഴക്കിടാനോ… അവിടെ വച്ചോ… എന്നിട്ട് വേണം എന്റെ കൂട്ടുകാരെല്ലാം അറിയാൻ… എന്റെ അച്ഛൻ കല്ലുചുമക്കുന്ന വെറും കൂലിപ്പണിക്കാരനാണെന്നു… എല്ലാരുടേം അച്ചന്മാർ നല്ല നിലയിൽ ജോലി ചെയ്യുന്നവരാ….അമ്മ അച്ഛനോട് പറഞ്ഞേക്കണം മോളെ.. പൊന്നേന്ന് വിളിച്ചു എന്നോട് മിണ്ടാൻ വന്നേക്കരുതെന്നു….

പറഞ്ഞുതീർന്നതും ഗീതയുടെ കൈ അമ്മുവിന്റെ കവിളിൽ ആഞ്ഞു പതിച്ചു…

എന്നെ നിർബന്ധിച്ചു പഠിപ്പിക്കുന്ന പോലെ പണ്ട് അച്ഛൻ പേടിച്ചിരുന്നേൽ എനിക്ക് ഈ ഗതി വരുമായിരുന്നോ…. അപ്പച്ചിമാരെ നോക്ക്… കൊച്ചച്ചനെ നോക്ക്…. കട്ടിലിൽ കമഴ്ന്നു കിടന്നു കൊണ്ട് അവൾ വാവിട്ടു കരഞ്ഞു…

*****************************

അമ്മൂ… എണീക്കു മോളെ…. അച്ഛനിപ്പോ വരും നീ ആ മനുഷ്യന്റെ മുന്നിൽ ഇതൊന്നും പറയരുത്…. അച്ഛൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ…ഇതെങ്ങാനും കേട്ടാൽ അദ്ദേഹം നെഞ്ചുപൊട്ടി മരിക്കും….

അമ്മ അടിച്ചിട്ട് മോൾക്ക് വേദനിച്ചോ…. ഗീത അമ്മുവിന്റെ കവിളിൽ തലോടി…

അമ്മ എന്നെ തൊടണ്ട… അമ്മക്ക് അല്ലെങ്കിലും അച്ഛന്റെ കാര്യങ്ങൾ മാത്രമല്ലേ ഉള്ളൂ… എന്റെ സങ്കടവും നാണക്കേടും അറിയാൻ ഇവിടെ ആരും ഇല്ലല്ലോ…. അവൾ അമ്മയുടെ കൈ തട്ടിമാറ്റി കൊണ്ട് പരിഭവിച്ചു…

അമ്മൂ… നിനക്കറിയോ അച്ഛന്റെ അച്ഛൻ മരിക്കുമ്പോൾ അച്ഛനു വെറും പതിനാലു വയസ്സേ ഉണ്ടായിരുന്നുളളൂ… അന്ന് സ്വന്തം അമ്മയും കൂടെപ്പിറപ്പുകളും പട്ടിണി കിടന്ന് മരിക്കാതിരിക്കാനാ അച്ഛൻ പഠിപ്പ് നിർത്തി ജോലിക്കിറങ്ങിയത്…

അവരൊക്കെ ആഗ്രഹിച്ച അത്രയും പഠിപ്പിച്ചു… അപ്പച്ചിമാരെ കല്യാണം കഴിപ്പിച്ചയച്ചു… ചോർന്നൊലിക്കുന്ന വീടുമാറ്റി പുതിയ വീട് വച്ചു.. അമ്മയും, പെങ്ങമ്മാരും, അനിയനും മഴയും വെയിലും കൊള്ളാതിരിക്കാൻ അച്ഛൻ മഴയും വെയിലും നോക്കാതെ ജോലി ചെയ്തു…

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു…. ഉള്ളിൽ നിറഞ്ഞ ദേഷ്യം മഞ്ഞുപോലെ ഉരുകാൻ തുടങ്ങി….

നിനക്കറിയാത്ത ഇനിയും കുറെ കാര്യങ്ങളുണ്ട് മോളെ… അച്ഛൻ പണ്ട് പെണ്ണുകാണാൻ വന്നത് നിന്റെയീ അമ്മയെ അല്ല… എന്റെ മാമന്റെ മോളെയാ… അച്ഛനും അമ്മയും ഇല്ലാത്ത എന്നെ അമ്മായി ചെവിപൊട്ടുന്ന വഴക്കുപറയുന്നതു കേട്ടുകൊണ്ടാണ് അച്ഛനെവിടെ എത്തിയത്…. അവിടത്തെ എന്റെ അവസ്ഥ അറിഞ്ഞു അമ്മാവന്റെ മാത്രം സമ്മതത്തോടെ എന്നെ വിളിച്ചിറക്കി കൊണ്ട് വന്നതാ…. അല്ല… എന്നെ രക്ഷപ്പെടുത്തിയതാ… അന്ന് അമ്മാമന്റെ മോളെ കല്യാണം കഴിച്ചിരുന്നെങ്കിൽ അച്ഛന് ചിലപ്പോ ഇത്രയും കഷ്ടപ്പെടേണ്ടി വരില്ലാരുന്നു….

നീ നേരത്തെ പറഞ്ഞത് ശരിയാ അമ്മൂ നിന്റെ മനസ്സിലുള്ള സങ്കടം എനിക്ക് മനസ്സിലാകില്ല… കാരണം ഇങ്ങനൊന്നു ചേർത്തു പിടിക്കാൻ എനിക്ക് ഒരച്ഛൻ ഇല്ലാരുന്നു…

നീ പറഞ്ഞില്ലേ നിന്റെ സ്കൂളിൽ പടിക്കുന്നവരുടെ അച്ഛന്മാര് വലിയ വലിയ ആൾക്കാരാണെന്നു…. നിന്റെ അച്ചാച്ചൻ അന്ന് മരിച്ചുപോയില്ലാരുന്നെങ്കിൽ നിന്റെ അച്ഛൻ അപ്പച്ചിമാരേക്കാളും, കൊച്ചച്ചനെക്കാളും നല്ല നിലയിൽ എത്തിയേനെ…

അവരുടെ വാക്കുകൾ ഇടറി… കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി…

ലോൺ അടച്ചുതീർത്തു വീട് സ്വന്തമായെന്നു കരുതും മുന്നേ അതിനും വന്നു ആവശ്യക്കാർ… ഭാഗം വച്ചുകൊടുത്തു വാടക വീട്ടിലേക്കു ഇറങ്ങുമ്പോ അവിടുന്നു ഒരു പാത്രം പോലും എടുത്തിട്ടില്ല….

നിന്നെ പ്രസവിച്ചു കിടക്കുമ്പോ, എനിക്ക് ആരുമില്ലാത്ത സങ്കടം തോന്നാതിരിക്കാൻ വേണ്ടി … ഞാൻ ഇവിടത്തെ കാര്യങ്ങൾ നോക്കി നിന്റെ കാര്യങ്ങൾ നന്നായി നോക്കാൻ പറ്റാതിരിക്കുമോ എന്ന് വിചാരിച്ചു എനിക്ക് വേണ്ടുന്നതെല്ലാം ചെയ്തു തന്നിട്ടാണ്… മോളു നേരത്തെ പുച്ഛിച്ചുതള്ളിയ കൂലിപ്പണിക്ക് അച്ഛൻ ഇറങ്ങിപോകുന്നത്…

നീ പറയാറില്ലേ ഈ അച്ഛന് എപ്പോഴും വിയർപ്പിൻറെ നാറ്റമാണെന്നു… പക്ഷെ അന്നൊക്കെ നീ അച്ഛന്റെ നെഞ്ചിലല്ലാതെ കിടന്നുറങ്ങില്ല… എത്ര തന്നെ ക്ഷീണിച്ചാണ്‌ വന്നതെങ്കിലും നിന്നെ നെഞ്ചിൽ കിടത്തി ഉറക്കാതെ ആ മനുഷ്യൻ ഭക്ഷണം പോലും കഴിക്കാറില്ല….

എന്നാലും എത്ര കഷ്ടപ്പെട്ടാലും ഒരിക്കൽ പോലും അതൊന്നും ആരേം അറിയിക്കാറില്ല… ഇപ്പോ നീ ഒന്നും അറിയാത്തതു പോലെ…

ഇന്നലെ അച്ഛനു ജോലി ചെയ്തതിന്റെ കൂലി കിട്ടാത്തതുകൊണ്ട് ഇന്നത്തേക്കുള്ള അരി മേടിക്കാൻ പറ്റിയില്ല…. ബാക്കിയുള്ള കുറച്ചു അരികൊണ്ട് അച്ഛനു ചോറും, നിനക്ക് രാവിലത്തെ ദോശയും എടുത്തു വച്ചപ്പോ മനപ്പൂർവം നിന്റെ ലഞ്ച് ബോക്സ്‌ മാറ്റിയെടുത്താണ് ആ മനുഷ്യൻ പോയത്…

വിലകുറഞ്ഞ ആ പാത്രം കൂട്ടുകാരെ കാണിക്കാൻ പറ്റില്ലെന്ന് പറഞ്ഞല്ലേ നീ രാവിലെ വാശി പിടിച്ചത്…

അമ്മുവിന്റെ തല താഴ്‌ന്നു…. കണ്ണുകൾ നിറഞ്ഞൊഴുകി….

രാവിലെ നിനക്ക് വേണ്ടി മാറ്റി വച്ചത് വെറും ഒരു പാത്രമായിരുന്നില്ല മോളെ അത് നിന്റെ അച്ഛന്റെ മനസ്സായിരുന്നു..

നീ കണ്ടിട്ടുണ്ടോ ഏതെങ്കിലും ഓണത്തിനോ, വിഷുവിനോ അദ്ദേഹം പുതിയൊരു ഷർട്ട് മേടിക്കുന്നത്….

പക്ഷെ മോൾക്ക്‌ എപ്പോഴെങ്കിലും മേടിച്ചു തരാതിരുന്നിട്ടുണ്ടോ….

വേണമെങ്കിൽ അച്ഛനും അച്ഛന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാമായിരുന്നു പക്ഷെ അപ്പൊ നീ ആഗ്രഹിക്കുന്നത് എല്ലാം ഇപ്പോ കിട്ടുന്ന പോലെ നിനക്ക് കിട്ടിയെന്നു വരില്ലാരുന്നു… അച്ഛൻ അനുഭവിച്ച സങ്കടങ്ങൾ മോൾക്ക്‌ ഉണ്ടാവരുതെന്നു നിർബന്ധമുള്ളതുകൊണ്ടാ അച്ഛന്റേതായിട്ടുള്ള സന്തോഷങ്ങളെല്ലാം മാറ്റിവച്ചിരിക്കുന്നത്…

മോൾക്കൊരു അസുഖം വന്നാൽ കൂട്ടിരിക്കുന്ന അമ്മയെ മാത്രമല്ലേ നീ കണ്ടിട്ടുള്ളൂ… രാവിലെ ജോലിക്ക് പോകേണ്ടതല്ലേ എന്ന് പറഞ്ഞു നിർബന്ധിച്ചു ഉറങ്ങാൻ പറഞ്ഞുവിട്ടാലും… ഉറക്കമില്ലാതെ.. നെഞ്ചും തടവി… കണ്ണ് നിറച്ചുകൊണ്ട് കിടക്കുന്ന അച്ഛനെ നീ കണ്ടിട്ടില്ലല്ലോ… പക്ഷെ അമ്മ കണ്ടിട്ടുണ്ട്…

എനിക്കോ നിനക്കോ ഒരു പനി വന്നാൽ പൊള്ളുന്നത് ആ ഹൃദയമാണെന്നു അമ്മയ്ക്ക് നന്നായറിയാം…

അതൊക്കെ അറിയുന്ന ഒരു കാലം മോൾക്കും വരും അന്ന് നീ ഇതൊക്കെ ഓർത്തു വിഷമിക്കുമ്പോ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ലെങ്കിൽ നിനക്ക് ചിലപ്പോ സഹിക്കാൻ പറ്റില്ല മോളെ…

ഈ കഷ്ടപ്പാടുകൾ അത്രയും തനിയെ ചുമലിൽ കൊണ്ട് നടക്കുന്നത് കണ്ടിട്ട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ട് എനിക്കും കൂടെ എന്തെങ്കിലും ജോലി നോക്കാന്ന്…

അന്നൊക്കെ പറഞ്ഞത് ഞാനും കൂടെ വീട്ടിൽ ഇല്ലെങ്കിൽ നിന്നെ നന്നായി നോക്കാൻ കഴിയില്ല എന്നാരുന്നു….

നീ പറയാറില്ലേ കൂട്ടുകാരൊക്കെ വലിയ പണക്കാരാണെന്നു… അപ്പോ എന്നെങ്കിലും മോൾ ഓർത്തിട്ടുണ്ടോ അത്രയും പണക്കാർ പഠിക്കുന്ന സ്കൂളിൽ മോളെ വിടാൻ അച്ഛനെത്ര കഷ്ടപ്പെടുന്നുണ്ടാവും എന്ന്…

ഏതു സ്കൂളിലാണെങ്കിലും പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ കുട്ടികൾ പഠിക്കും എന്ന് അച്ഛന് അറിയാഞ്ഞിട്ടല്ല… അപ്പച്ചിമാരുടേം, കൊച്ചച്ഛന്റേം മക്കൾ നല്ല സ്കൂളിൽ പോകുമ്പോ മോളുടെ തല അവർക്കു മുന്നിൽ താഴ്ന്നുപോകാതിരിക്കാനാ…

എന്നിട്ടും മോൾ പറയാറില്ലേ… പത്താം തരം തോറ്റു അമ്മയെ പോലെ വെറുതെ ഇരിക്കാനാ ഇഷ്ടമെന്ന്… അപ്പോ നിന്നെ കളിയാക്കി ചിരിച്ച് എന്നാ അപ്പൊ തന്നെ കെട്ടിച്ചുവിടും എന്ന് പറഞ്ഞു.. തിരിഞ്ഞു നിന്നു കണ്ണ് തുടക്കുന്ന ഒരു മനുഷ്യനെ നീ കണ്ടിട്ടുണ്ടോ… ഉണ്ടാവില്ല…പക്ഷെ അമ്മ കണ്ടിട്ടുണ്ട്….

അച്ഛന്റെ മുഖത്തുനോക്കി മോള് ഒരിക്കലും ഇങ്ങനൊന്നും പറയരുത്…. വാക്കുകൾ ചിലപ്പോ വാളുപോലെയാ മോളെ… വല്ലാതങ്ങു മുറിയും… പിന്നെ അതുണങ്ങാൻ ഒരു ജീവിതകാലം മുഴുവൻ വേണ്ടി വരും….

സോറി അമ്മേ…..ഇനി ഞാൻ ഇങ്ങനൊന്നു ചിന്തിക്കുക പോലും ഇല്ല… സോറി അമ്മേ…. അമ്മു അവരെ കെട്ടിപ്പിച്ചു കരഞ്ഞു…

സാരമില്ല മോളെ…. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല … മോളുടെ പ്രായത്തിൽ എല്ലാർക്കും തോന്നുന്നതാ ഇങ്ങനൊക്കെ… അച്ഛനും അമ്മയും നിങ്ങളുടെ വിലക്കും നിലക്കും കൊള്ളില്ലെന്ന്…

ഞാൻ പറഞ്ഞത് നിനക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനിയൊരിക്കലും…

അത്രയും പറയുമ്പോഴേക്കും അവരുടെ വാക്കുകൾ ഇടറിയിരുന്നു….

വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ… അച്ഛൻ വരാൻ വൈകുന്നതുകൊണ്ട് അപ്പുറത്തെ ശശിയേട്ടന്റെ കൈയിൽ കൊടുത്തുവിട്ടിട്ടുണ്ട് മോൾടെ പതിവ് പരിപ്പുവട… ഇത് കഴിക്ക്…

അതിൽ എന്നത്തേയും പോലെ രണ്ടു പരിപ്പുവട ഉണ്ടായിരുന്നു….

ആദ്യമായി അവളോർത്തു അച്ഛന് ഇഷ്ടമല്ലാഞ്ഞിട്ടാവില്ല .. പക്ഷെ ഓരോ ചെറിയ പൈസ പോലും തനിക്കു വേണ്ടിയാണ് മാറ്റിവയ്ക്കുന്നത്…അന്നാദ്യമായി അത്രയും സ്വാദോടെ അവളതു കഴിച്ചു….

എന്നത്തേയും പോലെ ഒരു പ്രാവശ്യം കടിച്ചപ്പോഴേക്കും അമ്മയ്ക്ക് മതിയായി ബാക്കി തനിക്കു മുന്നിലേക്ക്‌ നീക്കിവച്ചു…

*************************

ഇന്ന് സ്കൂൾ അങ്കണം മുഴുവൻ തോരണങ്ങൾ വച്ച് ചമയിച്ചു ടീച്ചേഴ്സും വിദ്യാർത്ഥികളും തങ്ങളുടെ പ്രിയപ്പെട്ട അതിഥിയെ വരവേൽക്കാൻ കാത്തിരുകുകയാണ്…..

കാത്തിരിപ്പിന് വിരാമമിട്ടു അവൾ വന്നു അമ്മു എന്ന അഭിരാമി… ഇപ്പോഴത്തെ ജില്ലാ കളക്ടർ…

“വർഷങ്ങൾക്കു ശേഷം ഞാൻ പഠിച്ചിറങ്ങിയ സ്കൂളിലേക്ക് ചീഫ് ഗസ്റ്റ് ആയി വരാൻ പറ്റുക എന്നത് ജന്മപുണ്യമായി ഞാൻ കരുതുന്നു… ഇന്ന് മെഡലുകൾ വാങ്ങിച്ച മിടുക്കന്മാരെയും മിടുക്കികളെയും പോലെത്തന്നെയാണ്… ഇവിടിരിക്കുന്ന ഓരോ കുട്ടിയും… ബിലോ ആവറേജ് ആയി പഠിക്കാൻ മടിയായിരുന്ന എനിക്ക് ഇന്ന് ഒരു ജില്ലാ കളക്ടർ ആവാമെങ്കിൽ നിങ്ങളോരോരുത്തർക്കും നല്ല നിലയിൽ എത്താൻ യാതൊരു ബുദ്ധിമുട്ടുമില്ല… പക്ഷെ അതിനു ഉള്ളിലൊരു തീ ഉണ്ടാവണം…

എല്ലാവരും കളക്ടർ, ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ ആവണമെന്നല്ല…പക്ഷെ എവിടെയും തോറ്റുപോവാതിരിക്കാനുള്ള ശക്തമായ ആഗ്രഹം ഉണ്ടാകണം…. ഇനി തോറ്റെന്നിരിക്കട്ടെ… അപ്പൊ അവിടെനിന്നും ഉയർത്തെഴുനേൽക്കനുള്ള ഊർജം ഉണ്ടാവണം… അതിനാണ് ഞാൻ നേരത്തെ പറഞ്ഞത് അതിന് നിങ്ങളുടെ ഉള്ളിലൊരു തീ ഉണ്ടാവണം…

എന്റെ ഉള്ളിൽ ഉള്ള തീ പതിനാലു വയസ്സുമുതൽ കുടുംബം നോക്കാൻ കഷ്ടപ്പെടുന്ന എന്റെ അച്ഛനായിരുന്നു…അച്ഛന്റെ ത്യാഗമായിരുന്നു…. അത് എനിക്ക് കാണിച്ചു തന്നത് എന്റെ അമ്മയും…

മറ്റുള്ളവർക്ക് എന്തൊക്കെയുണ്ട് എനിക്കതൊന്നും ഇല്ലല്ലോ എന്ന് ചിന്തിക്കുന്നതിനു പകരം എനിക്ക് ഇത്രയുമൊക്കെ ഉണ്ടല്ലോ…. അത് തരുന്നവരെ കളങ്കമില്ലാതെ സ്നേഹിക്കാൻ കഴിഞ്ഞാൽ അതാണ് നമ്മുടെ വിജയത്തിന്റെ ആദ്യ ചവിട്ടുപടി….

***************************

പിന്നിൽ നിന്നും ഉയരുന്ന കരഘോഷങ്ങൾക്കിടയിൽ നിന്നും സ്കൂളിന്റെ പുറത്തേക്കു കടക്കുമ്പോൾ അവളുടെ അപ്പുറത്തും ഇപ്പുറത്തും കൈകൾ ചേർത്തുപിടിച്ചു അഭിമാനത്തോടെ നടക്കുന്നുണ്ടായിരുന്നു അച്ഛനും അമ്മയും…