ബ്രാൻഡഡ് അല്ലാത്ത ഒന്നും തന്നെ കാണാനില്ല. കൂട്ടത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട വൈറ്റ് ഹൂടിയും blue ജീൻസും സ്മാർട്ട് വാച്ചും ഒക്കെ അണിഞ്ഞു…

Story written by MIDHILA MARIYAT

രാവിലെ 9 മണിയുടെ അലാറം മൊബൈലിൽ അടിച്ചു. രോമാവൃതമായ ഒരു കൈ പുതപ്പിനുള്ളിൽ നിന്നും ഉയർന്നു. അലാറം ഓഫാക്കി. വീണ്ടും അലാറം അടിക്കുന്നത് കേട്ട് അസ്വസ്ഥമായി എഴുന്നേറ്റു. അനിഷ്ടതോടെ കണ്ണുകൾ തിരുമ്മി മൊബൈൽ കയ്യിലെടുത്ത് സമയം നോക്കി.

“ഓ ഷിട്ട്‌” സമയം പോയത് കൊണ്ട് ബെഡിൽ നിന്നും ദീപക് ചാടി എഴുന്നേറ്റു. ബാത്ത്റൂമിൽ കയറി. കുളിയൊക്കെ കഴിഞ്ഞ് മുടി തുവർത്തി വെളുത്ത ടവ്വൽ മാത്രം ഇട്ടുകൊണ്ട് പുറത്തിറങ്ങി. വിലകൂടിയ വസ്ത്രങ്ങളുടെ ഒരു ശേഖരം തന്നെ ദീപക്കിനുണ്ട്. ഒപ്പം വാച്ചുകളും, ഷൂസും. ബ്രാൻഡഡ് അല്ലാത്ത ഒന്നും തന്നെ കാണാനില്ല. കൂട്ടത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട വൈറ്റ് ഹൂടിയും blue ജീൻസും സ്മാർട്ട് വാച്ചും ഒക്കെ അണിഞ്ഞു. കണ്ണാടിയിൽ തന്റെ മുഖം പല തവണ നോക്കി സ്റ്റൈൽ ഉറപ്പ് വരുത്തി. അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്നും നഗരം പതിയുന്ന വിധത്തിൽ ഒരു സെൽഫി എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

പുഞ്ചിരിച്ചുകൊണ്ട് വരുന്ന കമന്റുകൾക്ക് മറുപടി നൽകിക്കൊണ്ടിരുന്നു. ഫോണിൽ നിന്നും മുഖമെടുക്കാതെ തന്നെ ജോലിക്കാരി ഉണ്ടാക്കി വച്ച ജൂസും സാൻവിച്ചും കഴിച്ചു. തിരിച്ചു റൂമിൽ വന്നിട്ട് തന്റെ ബാഗും പേഴ്സുമെടുത് അപ്പാർട്ട്മെന്റ് ലോക് ചെയ്ത് പുറത്തിറങ്ങി.

ദീപക് ഒരു ആർക്കിടെക്ട് ആണ്. കൊച്ചിയിലെ വമ്പൻ ബിൽഡേഴ്സ് ആയ നെസ്റ്റിന്റെ എംഡി രാഘവ നമ്പ്യാരുടെ മകനും ഇപ്പൊ കമ്പനിയുടെ ceo യും ആണ്. വിദേശത്ത് നിന്നും കോഴ്സ് കഴിഞ്ഞ് അച്ഛന്റെ ബിസിനസ് നോക്കി നടത്താൻ തന്നെ തീരുമാനിച്ചു. ദീപകിന്റെ പല ആശയങ്ങളും വളരെ ക്രിയേറ്റീവ് ആയിരുന്നു. കമ്പനിയുടെ വളർച്ചയേയും ഗുഡ് വില്ലിനേയും അത് ഒരുപാട് സഹായിച്ചു. ഇപ്പോൾ സുഹൃത്തായ അരവിന്ദിന്റെ കൂടെ വീക് എൻഡ് ആഘോഷിക്കാൻ പോകുകയാണ്.

തന്റെ ബൈക്കിൽ കയറി. സ്റ്റാർട്ട് ചെയ്യും മുൻപ് അരവിന്ദിന്റെ ഫോണിലേക്ക് വിളിച്ചു. പക്ഷേ അരവിന്ദ് എടുത്തില്ല. രണ്ട് മൂന്ന് തവണ ആയപ്പോഴേക്കും ദേഷ്യം വന്നു. പിന്നെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് എവിടെയാണെന്നും ചോദിച്ച് മെസ്സേജ് അയച്ചു. ഓൺലൈൻ കാണിച്ചിട്ടും അവന്റെ റിപ്ലേ കാണാത്തത് കൊണ്ട് വീട്ടിലേക്ക് പോയേക്കാം എന്ന് കരുതി നേരെ ബൈക് സ്റ്റാർട്ട് ചെയ്തു.

വൈറ്റിലയിൽ ഉള്ള അരവിന്ദിന്റെ വില്ലക്ക്‌ മുന്നിൽ വന്നു. ഗേറ്റ് പൂട്ടി കിടക്കുന്നത് കണ്ട ദീപക് സെക്യൂരിറ്റി ചേട്ടനോട് അന്വേഷിച്ചു. അയാൾക്ക് ഒന്നും അറിയില്ലെന്നും അരവിന്ദ് ഇന്നലെ മുതൽ വിലയിൽ ഇല്ലെന്നും പറഞ്ഞു. ദീപക് കലിപ്പോടെ വില്ലയ്ക്കിട്ടും വഴിയിലേക്കു വെറുതെ നോക്കി. അപ്പോഴാണ് ഫോൺ അടിച്ചത്. ‘ അരവിന്ദ് കോളിംഗ് ‘.

“ഫോൺ എടുക്കാതെ എനിക്ക് ഒരു റിപ്ലെയും തരാതെ നീ എവിടെയാ…##@#@#…”

വന്ന കലി മുഴുവൻ അരവിന്ദ് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ മലയാളത്തിലും ഇംഗ്ലീഷിലും ആയിട്ട് കൊടുത്തു.

“അളിയാ, നിർത്ത്. ഞാൻ പറയുന്നതൊന്നു കേൾക്.”

” എന്താ?” കലിപ്പ് തന്നെ.

” നീ ശെരിക്കും ലണ്ടനിൽ പോയിട്ടുണ്ടോ?’

“ഓ, ഇപ്പോ അതാണോ നിന്റെ സംശയം. എനിക്ക് ദേ ചൊറിഞ്ഞ് വരുന്നുണ്ട്.”

“അല്ലാ നിന്റെ തെറി കേട്ടാ തോന്നില്ല. അതാ”

“നിന്നെ ഞാൻ”

ദീപക് കൂടുതൽ തെറി വിളിക്കും മുൻപ് തന്നെ അരവിന്ദ് അവനോടായി പറഞ്ഞു

” ഞാൻ നിനക്ക് ലൊക്കേഷൻ സെന്റ് ചെയ്തിട്ടുണ്ട്. വേഗം അങ്ങോട്ട് വാ. ഇനി നേരിട്ട് കാണാം.”

ദീപകിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് വേഗം ഫോൺ വെച്ചു. ദീപക് മറുപടി പറയാൻ ആഞ്ഞതും കോൾ കട്ട് ആയി. വാട്ട്സ്ആപ്പ് തുറന്നു. ലൊക്കേഷൻ നോക്കി. ഗൂഗിൾ മാപ് ഇട്ടു.

കൊച്ചിയുടെ ഭംഗി കൂട്ടുന്നത് അവിടത്തെ ട്രാഫിക് സിഗ്നലുകൾ ആണെന്ന് തന്നെ പറയാം. നല്ല പൊള്ളുന്ന വെയിലും ചൂടും, നിരന്നു കിടക്കുന്ന അനേകം വാഹനങ്ങൾ, അതിനിടയിലൂടെ സർക്കസ് കളിച്ചുകൊണ്ട് കാൽനട യാത്രക്കാർ. വെയില് അടിക്കാതെ കാറിനുള്ളിൽ വയ്ക്കുന്ന ഷീറ്റ് വിൽക്കുന്ന അന്യസംസ്ഥാന സ്ത്രീകളും കുഞ്ഞുങ്ങളും. ട്രാഫിക് സിഗ്നൽ വിചാരിച്ചതിലും കുറച്ചു നേരം ഉണ്ടായിരുന്നു. മുന്നിൽ ഒരു ആക്സിഡന്റ്. ആംബുലൻസ് വരികയും, ആളുകളെ കൊണ്ട് പോകുകയും ഒക്കെ നടന്നു കൊണ്ടിരിക്കുന്നു.

അതിനിടയിൽ തന്റെ കയ്യിൽ ആരോ തൊണ്ടുന്നത് പോലെ തോന്നിയ ദീപക് നോക്കുമ്പോൾ 15 വയസുമാത്രം പ്രായമുള്ള തമിഴ് ഛായയുള്ള ഇരുനിറമുള്ള ഒരു കൊച്ചു പെൺകുട്ടി അവന് മുന്നിൽ കല്ലുമാല വിൽക്കാൻ നിൽക്കുന്നു. ദീപകിന്റെ ഹെൽമെറ്റ് ഡിസൈൻ കണ്ട് കുട്ടി അല്പം ഭയന്ന പോലെ തോന്നി. അസ്ഥികൂടം പോലെ തോന്നും. ദീപക് ഹെൽമെറ്റ് ഉയർത്തി നോക്കിയിട്ട്‌ വേണ്ടെന്ന് പറഞ്ഞു. ഒരിക്കൽ കൂടി അവള് അത് അവന് നേർക്ക് നീട്ടി. വലതു കൈകൊണ്ട് അവനത് തട്ടി. കുട്ടി പിന്നെ അവിടെ നിന്നില്ല.

പക്ഷേ അവനെ അതിശയിപ്പിച്ച ഒരു കാര്യം നടന്നു. അവള് തന്റെ മുഖത്തൊരു പുഞ്ചിരി ചേർത്തുകൊണ്ട് ദീപക്കിന് മുന്നിലെ കാറിനോട് അടുത്തു. അവരും വാങ്ങിയെന്ന് തോന്നുന്നില്ല. കുട്ടിയുടെ കയ്യിൽ മാല വിറ്റു പോകാതെ അങ്ങനെ തന്നെ ഇരുന്നു. അവള് മുന്നോട്ട് പോയ്ക്കൊണ്ട് ഇരുന്നു. ട്രാഫിക് നീങ്ങി, വാഹനങ്ങൾ മുന്നോട്ട് എടുത്തു. യാന്ത്രികമായി ദീപകും ഗൂഗിൾ മാപ് നോക്കി ഡെസ്റ്റിനേഷൻ എത്തി.

മൊബൈൽ എടുത്ത് നാവിഗേഷൻ ഓഫാക്കി. തല പൊക്കി നോക്കി. ഗവണ്മെന്റ് ആശുപത്രി എറണാകുളം. ദീപക്കിന്റെ മുഖമൊന്നു ചുളിഞ്ഞു. ചുറ്റും നോക്കി. വൃത്തിയില്ലാത്ത ചില മനുഷ്യർ. ചുമച്ചുകൊണ്ട് ഒരു വൃദ്ധൻ അവന്റെ അരികത്തു കൂടി പോയപ്പോൾ ദീപക് വണ്ടി തിരിച്ചു മറു വശത്ത് നിർത്തി. അരവിന്ദിന്റെ നമ്പറിലേക്ക് വിളിച്ചു. ഉടനടി ഫോണെടുത്ത് അവനോട് തിരിഞ്ഞുനോക്കാൻ പറഞ്ഞു. ദീപക് തിരിഞ്ഞു നോക്കുമ്പോൾ അരവിന്ദ് കൈ കാണിച്ചു വരാൻ പറഞ്ഞു. കൈലി മുണ്ടും ടീഷർട്ടും ഇട്ടുകൊണ്ട് ചട്ടിയുള്ള അരവിന്ദന്റെ നടപ്പ് കണ്ട് ദീപക് ഒന്ന് അന്ധാളിച്ചു.

“എന്താടാ പറ്റിയത്? എന്ത് കൊലമാടാ”

“നീ വാ, പറയാം.”

അരവിന്ദ് മുന്നോട്ട് നടന്നു. ദീപക് അവനെ സഹായിക്കാൻ പിന്നിലൂടെ അരവിന്ദിന്റെ കയ്യിൽ പിടിച്ചു. അരവിന്ദ് അവനെ ചിരിച്ചു കൊണ്ട് നോക്കി. ഇഷ്ടക്കേടൊടെ ദീപക് ആശുപത്രിയുടെ ഉള്ളിലേക്ക് കയറി. സാമാന്യം ഭേദപ്പെട്ട അന്തരീക്ഷം. എങ്കിലും ചുറ്റിലും ഉള്ള രോഗികളുടെ ശ്വാസ ഉച്ഛാസങ്ങൾ ദീപക്കിനെ അസ്വസ്ഥനാക്കി.

അരവിന്ദ് ആണെങ്കിൽ ദീപക്കിന്റെ ദേഹത്തേക്ക് ചാരി നടന്നു. പോകുന്ന വഴിയിൽ കാണുന്ന ജീവനക്കാരോടും രോഗികളിൽ പലരോടും ഉറക്കെ വർത്തമാനം പറയുന്നുണ്ട്. കൂട്ടിരിപ്പ്‌കാർക്കും അരവിന്ദനെ അറിയാമായിരുന്നു. ഇരുവരും പുരുഷന്മാരുടെ വാർഡിലെത്തി. മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധം, ഡീപക്കിന് ഓക്കാനം വന്നു. അരവിന്ദ് ആകട്ടെ ഒരു കുഴപ്പവും ഇല്ലാതെ തന്റെ ബെഡിന്റെ അരികിലേക്ക് നടന്നു. രണ്ടുപേരും അരവിന്ദിന്റെ കട്ടിലിൽ ഇരുന്നു. ദീപക് ചുറ്റും നോക്കിയിട്ട്.

“നിനക്ക് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ? അല്ലാ ശെരിക്കും നിന്റെ കാലിന് എന്ത് പറ്റിയത് ആടാ? “

അരവിന്ദ് ചിരിച്ചുകൊണ്ട് പറഞ്ഞു.

” ഒന്നും ഇല്ലാ. കഴിഞ്ഞ ദിവസം ബാത്റൂമിൽ നൈസായിട്ട്‌ ഒന്ന് തെന്നി വീണു. അത്ര തന്നെ. അവിടെ ഉണ്ടായിരുന്ന തോട്ടക്കാരൻ ചേട്ടൻ ആണ് എന്നെ ഇവിടെ എത്തിച്ചത്. പുള്ളി നല്ല വയസായ ആളാ. പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ടോകാൻ ഉള്ള. ബുദ്ധിയൊന്നും തോന്നിക്കാണില്ല. പിന്നെ ഇവിടെ വന്നപ്പോൾ എനിക്കും വേറെ പോകാൻ തോന്നിയില്ല.”

” എന്നാലും?!!”

അപ്പോഴാണ് ഒരു 4 വയസ്സ് പ്രായമുള്ള ആൺകുട്ടി, നെറ്റിയിൽ ചെറിയൊരു സ്റ്റിച്ച്. അവർക്കരികിലേക്ക്‌ ഓടി വന്നു. ദീപക്കിന്റെ ജീൻസിൽ പിടിച്ച് വലിക്കാൻ തുടങ്ങി. ദീപക് നോക്കുമ്പോൾ അരവിന്ദ് അവനെ എടുത്ത് പൊക്കി, കഴുത്തിൽ മൂക്ക് ഉരസി.

“അച്ചൂട്ടാ”

ഇക്കിളി വന്ന അച്ചു കോച്ച രി പല്ലുകൾ കാട്ടി കുടുകുടെ ചിരിക്കാൻ തുടങ്ങി. അപ്പോഴേയ്ക്കും കുഞ്ഞിന്റെ മുത്തശ്ശി എന്ന് തോന്നുന്ന മധ്യവയസ്ക അവിടേക്ക് വന്നു. മുഷിഞ്ഞതെങ്കിലും ഭംഗിയുള്ള ഒരു നേര്യത് ആയിരുന്നു വേഷം. കുഞ്ഞിനെ അരവിന്ദിന്റെ കയ്യിൽ നിന്നും വാങ്ങി അവനെ ശാസിച്ചു. അരവിന്ദ് നോടും ദീപക്കിനോടും ക്ഷമാപണം നടത്തി.

‘സാരമില്ല, കുഞ്ഞല്ലേ’ എന്നും പറഞ്ഞുകൊണ്ട് അരവിന്ദ് അച്ചുവിന്റെ കാലിൽ ഇക്കിളി ഇട്ടു. കുഞ്ഞു വീണ്ടും ചിരിച്ചു മറിഞ്ഞ്. പോകാനാഞ അമ്മയോട് ദീപക് ചോദിച്ചു.

“ആരാ ഇവിടെ കിടക്കുന്ന?”

“എന്റെ മകനാ. ഇവന്റെ അച്ച.”

കണ്ണുകൾ കൂമ്പി ഉറക്കമില്ലാത്ത രാത്രികൾ അവരുടെ മുഖത്ത് നിഴലിച്ചു.

“എന്ത് പറ്റിയത് ആണ്?”

“ആക്സിഡന്റ് ആയിരുന്നു”

അവർ പെട്ടെന്ന് കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞു നടന്നു. അവർ മകനെന്ന് തോന്നുന്ന, അപകടത്തിൽ കൈകാലുകൾ ഒടിഞ്ഞ അവസ്ഥയിൽ കിടക്കുന്ന യുവാവിന്റെ അടുത്തേക്ക് പോയി. അച്ഛനെ കണ്ടതും അച്ചു ‘അമ്മാ അമ്മാ’ എന്നും പറഞ്ഞുകൊണ്ടും അമ്മയെ തിരക്കിയും കരയാൻ തുടങ്ങി. യുവാവിന്റെ കണ്ണുകൾ നിറഞ്ഞൊഴകുന്നു, അമ്മയുടെ മുഖവും മങ്ങി. കുഞ്ഞിനെ പാടുപെട്ട് സമാധാനിപ്പിക്കൻ ശ്രമിക്കുന്നു. ദീപക് നോക്കുമ്പോൾ അരവിന്ദ് ഇതിനോടകം മറ്റൊരാളോട് സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.

ദീപക്കിന്റെ മനസ്സിൽ എന്തൊക്കെയോ തോന്നി. ചുറ്റും കിടക്കയിൽ അപകടങ്ങളിൽ പരിക്കേറ്റ് കഴിയുന്നവർ ആയിരുന്നു ഭൂരിഭാഗവും. അതിൽ പലർക്കും ഇനി ജോലിക്ക് പോകാൻ കഴിയില്ലെന്ന് ഉറപ്പിക്കാം. തനിക്ക് ചുറ്റുമുള്ള ജീവിതങ്ങൾക്ക് മറ്റെന്തൊക്കെയോ ഭാവം വരുന്നത് ദീപക് അറിഞ്ഞു. അരവിന്ദിന്റെ പല പെരുമാറ്റവും കാരണം അരവട്ടൻ എന്ന് പലപ്പോഴും ദീപക് വിളിക്കു മായിരുന്നു. അരവിന്ദ് ദീപക്കിന്റെ തോളിൽ ശക്തിയായി കുലുക്കിയപ്പൊഴാണ് ബോധം വന്നത്.

“എന്താടാ, മടുത്തെങ്കിൽ നീ പൊയ്ക്കോ. ഞാൻ വൈകിട്ട് വീട്ടിലേക്ക് പോകും. ചെറിയ ഉളുക്കാ. നീ അങ്ങോട്ട് വന്നാ മതി. ” ദീപക്കിന്റെ ഭാവം കണ്ട് അരവിന്ദ് പറഞ്ഞ് നിർത്തി.

“അല്ലാ. നീ എന്താ ഇവിടെ തന്നെ നിന്നത്. അത് പറഞ്ഞില്ലാ? നിന്റെ മോം ഇവിടെ സിറ്റി ഹോസ്പിറ്റലിൽ അല്ലേ. അങ്ങോട്ട് എന്താ പോകാതിരുന്നത്?”

” അതിന് ഇവിടെന്താ കുഴപ്പം? നീ ഇവരെയൊക്കെ നോക്കിക്കേ. ഞാനും അത്രക്കല്ലെ ഒള്ളൂ. പിന്നെ അളിയാ, നിനക്കറിയാലോ എന്റെ പരന്റ്സ്. ഞാൻ അവർക്കൊരു ഭാരം ആയിരുന്നെടാ. പണ്ടും ഇപ്പോഴും. എന്തിനാ അവരെ വെറുതെ.”

അത് ശരിയാണെന്ന് ദീപക് തല കുലുക്കി. അരവിന്ദ് തുടർന്നു.

“ആ ചേട്ടനെ കണ്ടോ നീ. കുഞ്ഞു ടേബിളിന്റെ മുകളിൽ നിന്നും വീണു. വല്യ പരിക്കില്ല. പക്ഷേ കുഞ്ഞു പേടിച്ച് പനി പിടിച്ചു. കൂടെ കയ്യിൽ ചതവും. അയാള് രണ്ട് ദിവസമായി ഉറങ്ങിയിട്ട്. ഒപ്പം അയാളുടെ ഭാര്യയും. ഇതൊക്കെ അല്ലെടാ ലൈഫ്? അങ്ങനെ കുറേപ്പേർ. എനിക്ക് ഇവിടെ ഇഷ്ടമായി. “

പിന്നെയും അരവിന്ദ് എന്തൊക്കെയോ പറഞ്ഞു. അവർ സംസാരിക്കുന്ന സമയത്ത് അരവിന്ദിന്റെ സഹായിച്ച തോട്ടക്കാരൻ ഒരു പാട് വൃദ്ധൻ ചായയുമായി വന്നു. ‘ കുടിക്ക്‌ ‘ എന്നും പറഞ്ഞു ചായ പകർന്നു. അരവിന്ദ് കുടിച്ചു. ദീപക് കുടിക്കില്ല എന്ന് അറിയാവുന്ന അരവിന്ദ് അവനെ നോക്കി ചിരിച്ചുകൊണ്ട് ചായ ഊതിക്കുടിച്ച് ഇരുന്നു. എല്ലാം കണ്ടുകൊണ്ടിരുന്ന ദീപക്കിന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഒരുവിധം ദീപക് അവിടെ നിന്നും പുറത്തിറങ്ങി.

ആദ്യം കണ്ട ഭംഗിക്കുറവ് ഇപ്പൊ തോന്നുന്നില്ല. വെറുതെ ചുറ്റും നോക്കി. ആശുപത്രി ആകമാനം വീക്ഷിച്ചു. പിന്നെ ബൈക്കിൽ കയറി പോകാൻ തുടങ്ങിയതും എന്തോ ഒരു കാഴ്ച അവനെ തടഞ്ഞു. വീണ്ടും ആശുപത്രി നോക്കി. അവിടെ ഫാർമസിയുടെ അരികിൽ ഒരു പെൺകുട്ടി. അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു. ട്രാഫിക് ബ്ലോക്കിൽ കണ്ട അതേ പെൺകുട്ടി. ഏതോ ഉൾപ്രേരണയാൽ അവൽകരികിലേക്ക്‌ നടന്നു. കയ്യിലൊരു ചീട്ടും അതിൽ നിറയെ എഴുതിയിരിക്കുന്ന മരുന്നുകളും. കണ്ണിൽ നിറയെ വേദനയുമായി ഒരു പെൺകുട്ടി. അതേ അവന് നേരെ കല്ലുമാല നീട്ടിയവൾ തന്നെ. ദീപക് അടുത്തെത്തിയതും അവളവനെ ദയനീയമായി നോക്കി. പിന്നെ ചീട്ടിലേക്കും. ദീപക് കുട്ടിയുടെ കയ്യിൽ നിന്നും ചീട്ട്‌ വാങ്ങി ഫാർമസി ലക്ഷ്യമാക്കി നടന്നു.

പണ്ട് എഴുതിയ കഥ ഇപ്പോഴത്തെ ☺️☺️ അറിവുകൾ കൂടി ചേർത്ത് എഴുതിയതാണ്. കുറവുകൾ ക്ഷമിക്കണേ ❤️