പറയാതെ അറിയാതെ
Story written by ANJALI MOHANAN
“ടാ…. മതി കുടിച്ചത്… എണീക്ക്..രേണു കൊറേ നേരായിട്ട് നിന്നെ തിരക്കുന്നുണ്ട്…. നാളെയല്ലെ അവളുടെ കല്യാണനിശ്ചയം….. വാ.. അവിടെ വരെയൊന്ന് പോയി അവളെ കാണാം…….”
പുതിയതെന്ന് തോന്നിപ്പിക്കുന്ന മരത്തിന്റെ മേശയിൽ കൈ കൊണ്ട് ആഞ്ഞ് രണ്ട് തട്ട് തട്ടിയാണ് അനൂപിന്റെ വാക്കുകൾക്ക് ഞാൻ മറുപടി കൊടുത്തത്…. ഒഴിച്ചു വെച്ച ഗ്ലാസ്സിലെ ബീറ് മനപൂർവ്വം ഒഴിവാക്കി ഞാൻ കുപ്പിയെടുത്ത് ഒറ്റ വലിക്ക് മുക്കാ കുപ്പി ബീറും കുടിച്ചു…. എന്നിട്ട് തൊട്ടടുത്ത അച്ചാർ പ്ലേറ്റിൽ ചൂണ്ട് വിരലോണ്ട് ഒന്ന് തോണ്ടി നക്കി…. ഞാൻ പറഞ്ഞു… ” ഇല്ല അനൂപേ…… ഞാൻ കുറച്ചു കഴിഞ്ഞങ്ങ് എത്താം… എനിക്കവളെ നോക്കാനുള്ള ധൈര്യമില്ല…. എനിക്കിനിയും കുടിക്കണം… കുടിച്ച് കുടിച്ച് മനസ്സീന്ന് ഈ ഭാരമിറക്കണം…. എന്റെ പെണ്ണിന്റെ കല്യാണ നിശ്ചയത്തിന്റെ തലേ ദിവസം…. ഞാൻ വരും… വന്നിരിക്കും…… “
മുഖത്ത് അമ്പരപ്പിന്റെ ഭാവത്തോടെ അനൂപെന്നെ നോക്കി…. ഞാൻ പ്രതീക്ഷിച്ച അതേ നോട്ടമായിരുന്നു അത്….. അവൻ ശബ്ദമുയർത്തി ചോദിച്ചു… “നിന്റെ പെണ്ണോ .??????? എന്നുമുതലാടാ അവൾ നിന്റെയായത്.???? അത് പറയാൻ മാത്രം എന്ത് യോഗ്യതയുണ്ട് നിനക്ക്….???? എല്ലാമറിയുന്ന എന്നോട് നീ ഈ മാതിരി വർത്താനം പറയരുത്…… മതി കുടിച്ചത്… ഇപ്പൊ തന്നെ വൈകി.. നിന്നെ കൂട്ടി വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് രേണു വിളിച്ചിരുന്നു…. ഞാൻ നിന്നേം കൊണ്ട് ചെല്ലാന്ന് വാക്കു പറഞ്ഞു… വാ… “
കാല് നീട്ടിവെച്ച് നടുനിവർത്തി തല ചായ്ച്ച് ഞാൻ കസേരയിൽ കിടന്നു….. മനസ്സിൽ രേണു മാത്രമായിരുന്നു……. അവളുടെ ഓർമ്മകൾ എന്നെ ഭ്രാന്ത് പിടിപ്പിച്ചു……. ഞാനാ കിടപ്പിൽ തന്നെ മുകളിൽ നോക്കി അനൂപിനോട് ചോദിച്ചു.. “ടാ….. നാളെ കഴിഞ്ഞാ പിന്നെ നാട്ടുക്കാരുടെ മുന്നിലും വീട്ടുക്കാരുടെ മുന്നിലും അവൾ മറ്റൊരുത്തന് ഉറപ്പിച്ച് വെച്ച പെണ്ണാവുമല്ലെ…….???…. എന്റെ രേണു….. എന്റെ ജീവൻ…”
ക്ഷമ നശിച്ച സ്വരത്തിൽ അനൂപ് ചോദ്യമാവർത്തിച്ചു….. “ആദീ….. നീയെന്ത് ഭ്രാന്താ പറയുന്നെ…. നിന്റെ പെണ്ണോ????????…………. ഇന്നലെ വരെ നിനക്കവളെ ഇഷ്ടമല്ലായിരുന്നൂലോ…… പിന്നെ ഇന്നെങ്ങനെയാ അവൾ നിന്റെ പെണ്ണായത്…???????…”
അവന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ധൈര്യത്തിന് വേണ്ടി മേശപ്പുറത്ത് നേരത്തേ ഒഴിച്ചു വെച്ച ഒരു ഗ്ലാസ്സ് ബീറെടുത്ത് വീണ്ടും ഒറ്റ വലിക്ക് കുടിച്ചു…അപ്പോഴാണ് അനൂപിന്റെ ഫോൺ റിംഗ് ചെയ്തത്… അത് രേണുവായിരുന്നു….. അവൻ എന്റെയടുത്ത് നിന്ന് രണ്ടടി നീങ്ങി ഫോണെടുത്ത് അവളോടെന്തോ പറഞ്ഞു…… വീണ്ടുമവൻ അടുത്ത് വന്നിരുന്നപ്പോൾ ഞാനെന്റെ മനസ്സ് തുറക്കാൻ തുടങ്ങി….. ഇത്രയും കുടിച്ചിട്ടും എന്റെ നാവിന്റെ സ്പുടത നഷ്ടപ്പെട്ടില്ല ” അനൂപേ….. അവൾ… അവൾ പോയിടാ…… എന്നെ വിട്ട് പോയീടാ……….. ഇനിയെനിക്കെന്റെ ചാരു ഇല്ല…….”
ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് അനൂപ് വീണ്ടും ആക്രോശിച്ചു….
“നീയെന്തൊക്കെയാ ആദീ പറയുന്നെ…. നീ പറയുന്നത് കേട്ടാൽ തോന്നും രേണു നിന്നെ തേ്ച്ചിട്ട് പോയതാണെന്ന്….. എന്താ കാര്യം.. നീ തെളിച്ച് പറ…….”
ഇന്നുവരെ ആരേയും കാണിക്കാത്ത എന്റെ ഹൃദയം ഞാൻ മെല്ലെ തുറക്കാൻ തുടങ്ങി…. അവനോട് സംസാരിച്ചത് എന്റെ നാവല്ല എന്റെ ഹൃദയമായിരുന്നു……. ” പാർട്ടിയോടുള്ള ഭ്രമത്തിൽ ആദർശം പ്രസംഗിച്ച് അരങ്ങ് തകർത്ത ആദിത്യൻ എന്ന സഖാവിനെ മാത്രമേ നിനക്കറിയൂ… നിനക്കെന്നല്ല ഞാനൊഴിച്ച് എല്ലാർക്കും അത്രയേ അറിയൂ….. അരങ്ങിലൊട്ടാകം കാണികളുടെ കയ്യടിയും ആർപ്പുവിളിയും നേടുന്ന ആദിയെന്ന സഖാവ്….. എന്റെ വിപ്ലവം തുടിക്കുന്ന വാക്കുകളിൽ വീണ് പ്രേമാഭ്യർത്ഥനയുമായ് വന്ന അനേകം പെൺകുട്ടികളിൽ ഒരുവളല്ല എന്റെ രേണു……..തിളക്കുന്ന ചോരയൊഴുകുന്ന ചങ്കിനകത്ത് ആർക്കുമറിയാത്തൊരു പൈങ്കിളി കഥയുണ്ട്………… പാർട്ടി പ്രണയം മസ്തിഷ്കത്തിൽ കയറുന്നതിലും മുമ്പ് മനസ്സിൽ കയറിയവളാ എന്റെ രേണു…. “
ഇത്രയും കേട്ടതും അമ്പരപ്പ് മാറാതെ അനൂപ് പറഞ്ഞു…… “ആദി….. നിന്നെ ഇഷ്ടമാണെന്നും പറഞ്ഞ് എത്ര തവണ അവൾ വന്നതാണ്…. എന്നിട്ടും എന്തിനാ നീയവളെ ഇത്രയും വേദനിപ്പിച്ചത്….???? എന്തിനാ ആ പാവത്തിനെ ഒഴിവാക്കിയത്????”
അവൻ പറഞ്ഞത് തീരുംമുമ്പ്മരത്തിന്റെ മേശയിൽ ഞാൻ ഉച്ചത്തിൽ തട്ടി………. ” അതെ.. വേദനിപ്പിച്ചു…. തെറ്റാണ് അറിയാം….. അറിഞ്ഞു കൊണ്ട് തന്നെയാ അവളെ ഒഴിവാക്കിയത്…. അവളേക്കുറിച്ച് മോശമായ് ആരും പറയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു…… പഠിക്കുന്ന കുട്ടിയല്ലേടാ അവൾ…. പഠിച്ചോട്ടേന്ന് കരുതി…. അതിലുമുപരി ഞാനൊരു സഖാവാണെന്ന ബോധ്യവും… സഖാക്കൾ പരസ്യമായ് പ്രണയിക്കുന്നതും സല്ലപിക്കുന്നതും പാർട്ടിക്ക് ചേർന്ന പ്രവൃത്തിയല്ല………………….
എന്നുമവളെ കണ്ടോണ്ടിരിക്കാൻ വേണ്ടിയാ ഞാനെന്റെ പാർട്ടി ഇൻഫ്ലുവൻസ് വെച്ച് അവൾക്ക് നമ്മടെ കോളേജിൽ തന്നെ അഡ്മിഷൻ ശരിയാക്കി കൊടുത്തത്….. അതൊന്നും ഇന്നുവരെ അവൾ അറിഞ്ഞിട്ടില്ല…. അറിയിച്ചിട്ടില്ല ആദി……. “
ഓർമ്മകൾ എണ്ണി പറയുമ്പോൾ അറിയാതെ നിറയുന്ന എന്റെ കണ്ണും ഒപ്പം പറയാതെ വിറക്കുന്ന ചുണ്ടും അനൂപിനെ ശാന്തനാക്കി…. അവൻ ശബ്ദമിത്തിരി താഴ്ത്തി പറഞ്ഞു… “അതെ ആദി… അവിടെയാ നിനക്ക് തെറ്റുപറ്റിയത്….. നിന്റെ പ്രണയം നീ നിന്റെ ഹൃദയത്തിന്റെ ചുവരുകൾക്കുള്ളിലൊതുക്കി… “
അവൻ പറഞ്ഞത് ശരിയാണെന്നറിയാം….. … ഞാനും അത് സമ്മതിച്ചു… “അതെ…..തെറ്റ് പറ്റി…….. എന്റെ മുൻ വിധികൾക്ക് തെറ്റ് പറ്റി…. അവൾടെ സ്നേഹം സത്യമാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും അവളെ എനിക്ക് തന്നെ കിട്ടുമെന്ന് ഞാൻ വിശ്വസിച്ചു… എന്റെ തെറ്റാണ്…. എന്റെ മാത്രം തെറ്റാണ്…… അങ്ങനെയൊരു തോന്നൽ എന്റെ മനസ്സിൽ കടന്നുവന്നില്ലായിരിന്നുവെങ്കിൽ നാളെ അവളുടെ വീട്ടിൽ നടക്കുന്ന നിശ്ചയത്തിൽ ചെറുക്കൻ ഞാനാവുമായിരുന്നു….
അനൂപേ… നിനക്കറിയോ നമ്മുടെ പി.ജി ലാസ്റ്റ് സെമ് എക്സ്സാം കഴിഞ്ഞ് പോവുമ്പോ അവളെ കണ്ട് എനിക്ക് വേണ്ടി കാത്തിരിക്കാൻ പറയാൻ ധൃതിയിൽ ഓടിയതാണ് ഞാൻ…. അന്ന് വിധിയെന്റെ മുമ്പിൽ അറിഞ്ഞ് വിളയാടി…… അന്ന് എസ്.എഫ്.ഐ സ്ട്രൈക്ക് വിളിച്ചു.. സ്ട്രൈക്കിൽ പങ്കെടുക്കാതെ ക്ലാസ്സിൽ കയറിയ എ.ബി.വി.പിക്കാരുമായി അടിപിടിയുണ്ടായത് ഓർമ്മയുണ്ടോ നിനക്ക്??????”
അവനാരംഗം മറന്നിട്ടില്ലായിരുന്നു…. ” പിന്നേ അത് മറക്കാൻ പറ്റില്ല…. അന്നല്ലെ നീ ആദ്യമായ് പോലീസ്റ്റേഷനിൽ കയറിയതും.. കുറച്ച് ദിവസം അവിടെ താമസമാക്കിയതും..????”
“അതെ…. അറിയപ്പെടുന്ന സഖാക്കൾ മുഴുവൻ ജയിലിൽ…. ജയിലിൽ കിടക്കേണ്ടി വന്നതിൽ എനിക്ക് നിരാശയുണ്ടായില്ല… പക്ഷെ രേണു….. അവളെ എനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം എന്നെ അലട്ടിക്കൊണ്ടിരുന്നു… ഇരുണ്ട മുറികളിലെ ഇരുട്ട് എന്നിൽ നിറഞ്ഞതാണോ അതോ എന്റെയുള്ളിലെ കൂരിരുട്ട് പുറത്തേക്ക് പകർന്നതാണോ എന്നറിയില്ല…. പുറം ലോകം കാണാൻ കഴിയാതായ ആ15 ദിവസങ്ങൾ കൊണ്ട് എന്തെല്ലാം മാറി….. അവളുടെ കല്യാണം വരെ നിശ്ചയിച്ചു….
എന്തിനെ ഭയപ്പെട്ടോ അതു തന്നെ സംഭവിച്ചു….. പറയാതെ പോയ ഒരേയൊരു വാക്ക്കൊണ്ട് നഷ്ടപ്പെട്ടില്ലെ എനിക്കെന്റെ പ്രണയം….. എന്റെ രേണു…. വൈകി പോയ് അനൂപേ വൈകി പോയ്……..
എന്നെ ആശ്വസിപ്പിക്കാൻ വാക്കുകൾ തിരയുന്ന അനൂപിനോടായ് ഞാൻ വീണ്ടും വാതോരാതെ സംസാരിച്ചു…. ഉള്ളിലെ എരിച്ചിൽ അങ്ങനെയെങ്കിലും തീരട്ടെയെന്ന് കരുതീട്ടാവണം അവനെല്ലാം കേട്ടു നിന്നത്……… ഞാൻ തുടർന്നു….
” കളിച്ചും ചിരിച്ചും കലാലയ ജീവിതം കടന്നു പോവുമ്പോൾ ഓർത്തില്ല തീരാ നഷ്ടം എന്റെ തലയിൽ വീഴുമെന്ന്.. കണ്ണുനീരിന് ഈ ഭാരമിറക്കാൻ കഴിയുന്നില്ല അനൂപേ… കരയുംതോറും ഓർമ്മകൾ വളരുന്നു….
അവളറിയാതെ കണ്ണിമചിമ്മാതെ അവളെ നോക്കി നിന്ന വരാന്തകൾ…അവളെയൊന്ന് കാണാൻ വേണ്ടി മാത്രം കാരണമുണ്ടാക്കി നടത്തിയ കാമ്പേയ്നുകൾ…
അന്ന്….. അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞദിവസം അലതല്ലുന്ന ആനന്ദത്തെ മനസ്സിന്റെ ആഴങ്ങളിൽ ഒളിപ്പിച്ച് പാടുപ്പെട് അണിഞ്ഞ ഗൗരവത്തിന്റെ മുഖം… എന്റെ കൈക്കുമ്പിളിൽ കിട്ടിയിട്ടും അവളെ വേദനിപ്പിച്ച് വിടേണ്ടി വന്നപ്പോഴും മനസ്സ് പ്രതീക്ഷകളാൽ ഒരു കൊട്ടാരം കെട്ടുകയായിരുന്നു………. തെളിയിച്ചു… കാലം തെളിയിച്ചു…. ഞാൻ കെട്ടിയത് ചീട്ടുകൊട്ടാരമാണെന്ന് കാലം തെളിയിച്ചു…..
പഠിച്ചു….. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണമെന്ന് ജീവിതം പഠിപ്പിച്ചു…….വിധിയെ പഴിക്കാൻ എനിക്ക് യോഗ്യതയില്ല…. കാരണം കാലം പല തവണ അവളെ എന്നിലേക്ക് അടുപ്പിച്ചിട്ടും വേണ്ടെന്ന് പറഞ്ഞ് പുറംകാൽക്കൊണ്ട് തട്ടിക്കളഞ്ഞതും എന്റെ അഹങ്കാരമായിരുന്നു…… “
നീണ്ട ഒരു ആത്മപരിശോദനക്ക് ശേഷം ഒരു ബിയർ കൂടി ഓർഡർ ചെയ്ത എന്നെ തടഞ്ഞു കൊണ്ട് അനൂപ് പറഞ്ഞു….. ” മതി………… വാ നമ്മുക്ക് പോവാം….
നിന്നെ എങ്ങനെ സമാധാനിപ്പിക്കണമെന്നെനിക്കറിയില്ല……. വൈകി പോയ് ആദി….. വളരെ വൈകി…… നീ കേറ് ഞാൻ ഡ്രൈവ് ചെയ്യാം….. “അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവനോടൊപ്പം പോയി….
നിശ്ചയ പന്തലിന് കുറച്ച് നീങ്ങി അവൻ വണ്ടി നിർത്തി…… പന്തലിന്റെ പുറത്ത് രേണുവിന്റെയും മഹേഷിന്റേയും ഫോട്ടോ കണ്ട് ഞാൻ പറഞ്ഞു….. “അയ്യേ… ഇതാണോ ചെക്കൻ… അവൾക്ക് തീരെ ചേരില്ല…… “
അനൂപെന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു…. “ആദി’….. നീ ദയവ് ചെയ്ത് വാ തുറക്കരുത്….. നമ്മുക്ക് ജസ്റ്റ് അവളെയൊന്ന് കണ്ട് ഫുഡ് കഴിച്ച് പോവാം…..”
അപ്പോഴാണ് അയൽവാസിയായ ഷിജോയ് ഓടി വന്നത്…. “ആദി..നീയെവിടെയായിരുന്നു… നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു…അനൂപിന്റെ ഫോൺ ആണെങ്കിൽ കൊറേ നേരായിട്ട് ബിസി…. നിശ്ചയം മുടങ്ങി….എന്താ കാര്യമെന്നറിയില്ല… ചെക്കനായിട്ട് വേണ്ടെന്ന് വെച്ചൂന്നാ കേട്ടത്…”
അന്നാദ്യമായ് ദൈവത്തെ വിളിച്ച് ഞാൻ നന്ദി പറഞ്ഞു…… ഞാൻ നേരേ ചെന്നത് രേണുവിനെ കാണാനാണ്…. വീട്ടുക്കാർക്കിടയിൽ പലപല സംസാരങ്ങൾ നടക്കുന്നുണ്ടായി….. അവളുടെ അമ്മയും അച്ഛനും ആകെ വിഷമിച്ചിരിപ്പാണ്… ഒറ്റ മകളുടെ നിശ്ചയം ഒരു കാരണവുമില്ലാതെ മുടങ്ങി.. നാട്ടുക്കാരുടെ മുമ്പിലും നാണക്കേടായി… ഞാനവളെയൊന്ന് നോക്കി അവൾടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വിത്യാസമൊന്നുമില്ല……….
നാട്ടുക്കാരുടെ മുമ്പിൽ അപമാനപ്പെടാതിരിക്കാൻ പറഞ്ഞദിവസം തന്നെ നിശ്ചയം നടത്തണമെന്ന് ഏതോ കാർന്നോര് പറഞ്ഞു…. അത് കേട്ടതും എന്റെയുള്ളിലെ ലഹരിയാണോ അത് പറഞ്ഞതെന്ന് ഞാൻ സംശയിച്ചു…. പക്ഷെ അത് അനൂപായിരുന്നു…… അവൻ ഞങ്ങളുടെ നിശ്ചയം പറഞ്ഞൊറപ്പിച്ചു….. നാട്ടിൽ ഞാൻ പ്രസംഗിച്ചു നേടിയ സൽപേര് അവിടെ ഉപകാരപ്പെട്ടു…. ആരും എതിർത്തില്ല…….
രേണുവിനെന്നോട് സംസാരിക്കണമെന്ന് അനൂപ് വന്ന് പറഞ്ഞു… അവൾ ബാൽകണിയിൽ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു…. ഫോണിൽ മഹേഷായിരുന്നു…. അവൾ കരയുന്നുണ്ടായിരുന്നു….. ഞാൻ മെല്ലെ നടന്ന് അവളുടെ വലതുഭാഗത്ത് നിന്നു……. അവൾ ഫോൺ കട്ട് ചെയ്ത് എന്റെ അടുത്ത് നീങ്ങി നിന്നു… ഒരു നിമിഷം കണ്ണിലേക്ക് നോക്കി.. അവളെന്നെ കെട്ടിപിടിച്ച് ഇടറിയ ശബ്ദത്തോടെ പറഞ്ഞു……. “.
” പറയായിരുന്നില്ലെ ആദിയേട്ടാ…. ഒരു സൂചന… ഒരു സൂചന തന്നിരുന്നെങ്കിൽ ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരിക്കുമായിരുന്നല്ലോ….. എല്ലാം… എല്ലാം ഉള്ളിൽ കൊണ്ട് നടന്നില്ലെ.. പറ്റിച്ചില്ലെ ഇത്രയും കാലം…..”
എന്റെ പ്രണയം തുറന്നു പറയാൻ പോയതായിരുന്നു ഞാൻ….. അവളെന്നെ ഞെട്ടിച്ചു.. എന്റെ മസ്തിഷ്കത്തിൽ വൈദ്യുതി പ്രവാഹം പോലെ ചിന്തകൾ വന്നു… ” രേണൂ… ഇത് നീയെങ്ങനെ…… അനൂപ് നിന്നോട് പറഞ്ഞോ??????”….
“ഇല്ല’….. ആരും പറഞ്ഞില്ല… ഞാൻ കേട്ടു…. എല്ലാം കേട്ടു….. നിങ്ങളെയിങ്ങോട്ട് കാണാതായപ്പോൾ ഞാൻ അനൂപേട്ടനെ ഫോൺ ചെയ്തിരുന്നു…. സംസാരിച്ച് കഴിഞ്ഞ് അനൂപേട്ടൻ ഫോൺ കട്ട് ചെയ്തില്ല… ആദിയേട്ടൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു…….. ആദ്യമായും അവസാനമായും എന്റെ ഹൃദയത്തെ സ്പർശിച്ച ആദിയേട്ടന്റെ ഉള്ളിൽ ഞാൻ മാത്രമായിരുന്നുവെന്നറിഞ്ഞിട്ടും ഈ നിശ്ചയത്തിന് ഞാൻ കൂട്ട് നിന്നാൽ അത് ഞാൻ എന്നെ തന്നെ വഞ്ചിക്കുന്നതിന് തുല്യമാണ്…… ഞാനെല്ലാം മഹേഷേട്ടനെ വിളിച്ച് പറഞ്ഞു….. നാട്ടുക്കാരുടെ മുന്നിൽ ഞാനും എന്റെ വീട്ടുക്കാരും നാണം കെടരുതെന്ന് കരുതീട്ടാവണം മഹേഷേട്ടനായിട്ട് ഈ ബന്ധം വേണ്ടെന്ന് പറഞ്ഞത്…….. എന്നെ മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു……. “
അവളോട് എന്ത് പറയണമെന്നറിയില്ലായിരുന്നു…….. അവളുടെ വാക്കുകൾക്ക് മുമ്പിൽ നിന്ന് കണ്ണീരൊഴുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ……. എങ്കിലും രണ്ട് കൈകളാൽ അവളുടെ മുഖം കയ്യിലെടുത്ത് ഞാൻ മാപ്പ് പറഞ്ഞു……
അവളും ഒരുപാട് കരഞ്ഞു…. കരഞ്ഞുകൊണ്ടവൾ ചോദിച്ചു….. ” അനൂപേട്ടൻ ഫോൺ കട്ട് ചെയ്തിരുന്നെങ്കിൽ നാളെ ഞാൻ മറ്റൊരുത്തന്റെയാവുമായിരുന്നില്ലെ…?????? “
അവളുടെ ആ ചോദ്യത്തിന് എന്റെ കയ്യിൽ മറുപടിയില്ലായിരുന്നു……..
വർഷങ്ങളോളം താലോലിച്ച എന്റെ പ്രണയം മുന്നിൽ കിട്ടിയപ്പോ ദൈവത്തിന് നന്ദി പറയാതിരിക്കുന്നത് തെമ്മാടിത്തരമാണെന്ന ചിന്ത കൊണ്ട് ഞാൻ നന്ദി പറഞ്ഞു…….ഇനിയവളെ വേദനിപ്പിക്കില്ലെന്ന് മനസ്സിലെപ്പോളോ പ്രതിജ്ഞ ചെയ്തു…