അത്രയും പറഞ്ഞിട്ട് അമ്മ കയ്യിലിരുന്ന പാത്രം നീട്ടുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി…

സ്വർഗം

Story written by BINDHYA BALAN

“ആരോട് ചോദിച്ചിട്ടാ രണ്ടും കൂടി ഈ സാധനത്തിനെ വീടിനകത്ത് കയറ്റിയേ… ദേ രണ്ടെണ്ണത്തിനും അരമണിക്കൂർ സമയം തരും… ഈ നാശത്തിനെ എവിടാന്ന് വെച്ചാ കൊണ്ട് കളഞ്ഞേക്കണം… അല്ലേത്തന്നെ ഇവിടൊള്ള മൂന്നെണ്ണത്തിനെ നോക്കാൻ
എനിക്ക് സമയം തെകയണില്ല.. അതിന്റെടെലാ ഒരു പട്ടിയും കൂടി “

ഒരു ഞായറാഴ്ച വൈകുന്നേരം, അമ്മായീടെ വീട്ടിൽ പോയി വരുന്ന വഴിക്ക്, ഏട്ടന്റെ കൂട്ടുകാരന്റെ വീട്ടില് നല്ല പട്ടിക്കുഞ്ഞുങ്ങൾ ഉണ്ടെന്നും പറഞ്ഞ് അവിടെ പോയി ഒരെണ്ണത്തിനെ എടുത്തോണ്ട് വന്നതായിരുന്നു. അവനെ കണ്ടതും അമ്മയുടെ നിയന്ത്രണം പോയി. ഞങ്ങൾ രണ്ട് പേര് അമ്മയ്ക്കുണ്ടാക്കുന്ന ശല്യം കുറച്ചൊന്നുമല്ലേ. അപ്പൊപ്പിന്നെ ഒരു പട്ടിക്കുഞ്ഞിനേം കൂടി വീട്ടിൽ അക്കോമഡെറ്റ് ചെയ്യാൻ അമ്മ സമ്മതിക്കോ . ഞങ്ങൾക്കുള്ള ലാസ്റ്റ് വാർണിംഗും തന്ന്, ഏട്ടന്റെ കയ്യിലിരിക്കണ പഞ്ഞിക്കെട്ട് പോലിരിക്കണ ആ ചുന്ദരനെ നോക്കിയൊന്ന് കണ്ണും ഉരുട്ടി അകത്തേക്ക് പോകുമ്പോൾ “ഈശ്വരാ ഇങ്ങനെ രണ്ടെണ്ണത്തിനെ ആണല്ലോ എനിക്ക് തന്നത് എന്നും അമ്മ പിറുപിറുക്കുന്നുണ്ടാരുന്നു. അമ്മയുടെ ഉറഞ്ഞു തുള്ളൽ കണ്ട് കിളി പോയി ഉമ്മറപ്പടിയിൽ തന്നെ ആ നിൽപ്പ് തുടരുമ്പോഴാണ്

“ബോബനും മോളിയുമെന്താ വാതിക്കൽ നിന്ന് തിരുവാതിര കളിക്കണത്? ” എന്നൊരു ചോദ്യം കേട്ടത് . തിരിഞ്ഞു നോക്കുമ്പോൾ ബാലേട്ടനാണ്.

“മ്മ അകത്തു കേറണ്ടാന്നു പറഞ്ഞ് ബാലേട്ടാ” ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി ഒരെ സ്വരത്തിൽ പറഞ്ഞു.

“അതെന്താ കയറ്റാത്തെ…. “

അച്ഛനുള്ള മറുപടി അകത്തു നിന്ന് വന്ന അമ്മയാണ് പറഞ്ഞത്

“മകന്റെ കയ്യിലെന്താന്ന് നോക്ക് അച്ഛനാദ്യം…. എന്നിട്ടാവാം എന്നെ ചോദ്യം ചെയ്യല് “

“ഇതെവിടുന്നാ ബിനുക്കുട്ടാ…. “

ഏട്ടന്റെ കയ്യിലിരിക്കുന്ന പട്ടിക്കുഞ്ഞിനെ കണ്ട് അച്ഛൻ ചോദിച്ചു.

“അച്ഛാ അത്‌ വിനീഷ് തന്നതാ.. നല്ല ബ്രീഡ് ആണ് അച്ഛാ.. ഈ അമ്മ ഇവനെ ഇവിടെ വേണ്ടാന്ന് പറയുവാ…. “

“അതെന്താടോ ഭാര്യേ… പിള്ളേർക്ക് ഇഷ്ടം കൊണ്ട് പെറുക്കി കൊണ്ട് പോന്നതല്ലേ… “
അച്ഛൻ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നത് കണ്ട് അമ്മയ്ക്ക് പിന്നെയും ദേഷ്യം വന്നു.

“തന്റെ ദേഷ്യം കണ്ടാ പിള്ളേര് വഴീന്ന് ബോംബ് എടുത്തോണ്ട് വന്നപോലെ തോന്നുവല്ലോ… “

അമ്മയുടെ ദേഷ്യം കണ്ട് ചിരി പൊട്ടിയ ബാലേട്ടൻ, “അമ്മ അങ്ങനെയൊക്കെ പറയും.. നിങ്ങൾ ദേ അതിനെ അകത്തു കൊണ്ട് പോയി കിടത്ത് ” എന്നൊരു ഏറു പടക്കം അമ്മയുടെ ദേഷ്യത്തിലേക്ക് കത്തിച്ചെറിഞ്ഞ് പ്രശ്ന പരിഹാരം നടത്തുമ്പോ “അച്ഛനും മക്കളും കൂടി നോക്കിക്കോണം.. ” എന്നും പറഞ്ഞ് അമ്മ ഒറ്റപ്പോക്കായിരുന്നു.

ഏട്ടൻ അവനെ ഏട്ടന്റെ മുറിയിൽ കൊണ്ട് പോയി, ഒരു കുഞ്ഞ് തുണിക്കഷണത്തിൽ കിടത്തി. ഞാൻ മെല്ലെ അവന്റെയടുത്തിരുന്ന് അവനെ തലോടുമ്പോഴാണ് കുഞ്ഞ് കണ്ണുകൾ മെല്ലെ തുറന്ന് അവനൊന്നു ചിണുങ്ങിയത്. പെട്ടന്നാണ് ഒരോർമ്മ വന്നു ചങ്കിൽ തൊട്ടത്. അവനു വിശക്കുന്നുണ്ട്. അടുക്കളയിൽ പാലുണ്ടാവും. പക്ഷെ അമ്മയോട് പോയി ചോദിച്ചാൽ ശെരിയാവില്ല. എന്ത് ചെയ്യണം എന്നറിയാതെ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അമ്മയുടെ സ്വരം

“കൊണ്ട് വന്നാൽ മാത്രം പോരാ…. അതിന് വിശപ്പിന് അകത്തോട്ട് എന്തെങ്കിലും കൊടുക്കണം…. ന്നാ ദേ ഈ പാല് കൊടുത്ത് നോക്ക്…”

അത്രയും പറഞ്ഞിട്ട് അമ്മ കയ്യിലിരുന്ന പാത്രം നീട്ടുമ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി .

“അല്ലെങ്കിലും അമ്മ അത്ര കഠിനഹൃദയയൊന്നുമല്ലെന്ന് എനിക്കറിയാം “

“ഡയലോഗ് ഒന്നും വേണ്ട… ഹാവൂ . സോപ്പിടാൻ എന്റെ മോളെക്കഴിഞ്ഞേ ആളുള്ളൂ…”

എന്റെ സുഖിപ്പിക്കലിൽ വീഴാതെ അമ്മ പറഞ്ഞു. ഞാൻ തിരിച്ചൊന്നും പറയാതെ അവന്റെ മുന്നിലേക്ക് പാൽപാത്രം നീട്ടുമ്പോഴാണ് അമ്മ ചോദിച്ചത്

“ഇതിനൊരു പേരിടണ്ടേ? “

ശെരിയാണല്ലോ ഇവന് പേരിടണം. അത്‌ ഇപ്പോഴാ ഓർത്തത്. കുളി കഴിഞ്ഞെത്തിയ ഏട്ടനും കടയിൽ പോയിട്ട് വന്ന അച്ഛനും ചുമ്മാ ചൊറിയും കുത്തിയിരിക്കണ ഞാനും നല്ലൊരു പേരിന് വേണ്ടി തല പുകയ്ക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മയുടെ ഒച്ച.

“ഒറ്റയെണ്ണം അടുക്കളയിൽ എന്നെ ഒരു കൈ സഹായിക്കരുത്… മൂന്നും കൂടിയിരുന്ന് മല മറിക്കണ കാര്യം ആലോചിക്കുന്നു.. ഹും… ഞാൻ അപ്പഴേ പറഞ്ഞതാ ആ ജന്തൂനെ എവിടേലും കൊണ്ട് കളയാൻ.. അതെങ്ങനാ അച്ഛനും മക്കൾക്കും എന്റെ വാക്കിന് പുല്ല് വിലയല്ലേ “

ഞങ്ങൾ മൂന്ന് പേരും മിണ്ടിയില്ല. ഞങ്ങളുടെ അനക്കമൊന്നും കേൾക്കാഞ്ഞ് അമ്മ ഹാളിലേക്ക് വന്നു.

“സാന്റോ എന്ന് പേരിട്ടാ മതി അവന് “

സ്വരത്തിലെ ഗൗരവം ഒട്ടും വിടാതെ അമ്മ അവനൊരു പേര് പറയുമ്പോൾ ഞങ്ങൾ മൂന്നാളും പൊട്ടിച്ചിരിച്ചുപോയി. അമ്മ അവനെ അംഗീകരിക്കുന്നുണ്ട്. അങ്ങനെ പേരിടല് കർമ്മവും നടന്നു. ഞങ്ങളുടെ കൂടേ അഞ്ചാമതൊരാളായി അവനും വളർന്നു.

ഞാനും ഏട്ടനും അച്ഛനും ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ അമ്മയ്ക്ക് കൂട്ട് സാന്റോ ആയിരുന്നു. അമ്മ എവിടെപ്പോയാലും അവൻ കൂടെയുണ്ടാകും. അമ്മ അവന്റെ കൂടേ കളിക്കണം, അവന് ആഹാരം കൊടുത്താൽ അവനത് കഴിച്ച് തീരും വരെ അമ്മ അടുത്തിരിക്കണം. അമ്മ മീൻ വെട്ടുമ്പോൾ പുറത്താരെലും വന്നാൽ, മീൻ അവനെ ഏല്പിച്ചിട്ടാണ് പോകുന്നത്. അപ്പൊ അവന്റെ മുഖത്തെ ഗമ ഒന്നു കാണണം. അവന് ആഹാരം കൊടുക്കുന്ന നേരത്ത് ഞാനോ ഏട്ടനോ അച്ഛനോ എന്തെങ്കിലും കാര്യത്തിന് അമ്മേ വിളിച്ചാൽ അപ്പൊ കേൾക്കാം

“എനിക്ക് നിങ്ങളുടെ കാര്യം മാത്രം നോക്കിയാ പോരാ….” എന്നൊരു കരുതൽ.

സത്യത്തിൽ സാന്റോ അമ്മയുടെ മാത്രം ആവുകയായിരുന്നു. ഒരിക്കൽ അവനെന്റെ ചെരുപ്പ് എടുത്ത് കൊണ്ട് പോയി ഒളിപ്പിച്ചു വച്ചപ്പോ ആ ദേഷ്യത്തിന് പോടാ പട്ടി എന്നൊന്നറിയാതെ വിളിച്ചു പോയതിന് അമ്മ എന്റെ തലയ്ക്കിട്ടൊരു കിഴുക്കായിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് തമാശ പോലെ ബാലേട്ടൻ ചോദിക്കും അമ്മയോട്

“അല്ലെടോ, ഈ വീട്ടിൽ ഇവനാണോ ഞാനാണോ മെയിൻ? ” അമ്മ വെറുതെ ചിരിക്കും.

ഒടുവിലൊരു നാൾ, ഇനിയൊരു ചോദ്യത്തിനോ ഉത്തരത്തിനോ കാത്ത് നിൽക്കാതെ ബാലേട്ടൻ പോയപ്പോൾ ആ വീട്ടിൽ ഞങ്ങൾ നാല് പേര് മാത്രമായി. ബാലേട്ടന്റെ അസാന്നിദ്ധ്യത്തോട് ഒരിക്കലും പൊരുത്തപ്പെടാനാകാതെയെങ്കിലും, ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഞാനും ഏട്ടനും പതിയെ നടക്കാൻ തുടങ്ങി. മനം മടുപ്പിക്കുന്ന പകലുകളിൽ, അമ്മയെ തനിച്ചാക്കാതെ സാന്റോ കളിച്ചും ബഹളം വച്ചും അമ്മയെ ചിരിപ്പിക്കാൻ ശ്രമിക്കും. അമ്മയുടെ ഉടുപ്പിൽ കടിച്ച് വലിച്ച് അമ്മയുമായി അവൻ നടക്കാൻ പോകും. അപ്പോഴെല്ലാം ഇടയ്ക്ക് അവനൊന്നു തിരിഞ്ഞ് നോക്കും, ഒരുപക്ഷെ ബാലേട്ടൻ അവരെ നോക്കി നിൽക്കുന്നുണ്ടോ എന്ന് നോക്കുന്നതാവും.

കുടുംബം നോക്കാനുള്ള നെട്ടോട്ടത്തിൽ അവനെ സ്നേഹിക്കാനോ നോക്കാനോ എനിക്കും ഏട്ടനും സമയം ഉണ്ടായില്ല. എങ്കിലും അവനെപ്പോഴും അമ്മയെ തൊട്ടുരുമ്മി അമ്മയുടെ ഒറ്റപ്പെടലുകളെ ഇല്ലാതാക്കി. പിന്നെയെപ്പൊഴോ, തൈറോയിഡ് ക്യാൻസർ അമ്മയുടെ ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങിയ നാൾ തൊട്ട് സാന്റോയും മൂകതയുടെ വാത്മീകത്തിനുള്ളിലേക്ക് ഒതുങ്ങി. ആശുപത്രികളും മരുന്നുകളുമായി മുറിക്കുള്ളിലേക്ക് ചുരുങ്ങിപ്പോയ അമ്മയെ ഇടയ്ക്കവൻ വന്നെത്തി നോക്കാറുണ്ട്.

അവന്റെ പ്ലേറ്റിലേക്ക് ആഹാരം വച്ച് കൊടുത്ത് ഞാൻ കഴിച്ചോളാൻ പറയുമ്പോൾ അവൻ എനിക്ക് പിന്നിലേക്ക് തലയെത്തി നോക്കും അമ്മയുണ്ടോ എന്ന്. കണ്ണിലൊരു നനവ് പൊട്ടുമ്പോൾ, ഞാൻ മെല്ലെ തിരിഞ്ഞു നടക്കും.പിന്നെ വൈകുന്നേരം മുറ്റമടിക്കാൻ ചെല്ലുമ്പോൾ കാണാം ചോറ് നിറഞ്ഞ പ്ലേറ്റും, പ്ലേറ്റിന് പുറം തിരിഞ്ഞു കിടക്കുന്ന സാന്റോയെയും.

ഓർമ്മ വെച്ച കാലം മുതൽ അവന് ശീലം അമ്മ സ്നേഹം ചേർത്ത് വിളമ്പി വെയ്ക്കുന്ന ആഹാരം ആയിരുന്നല്ലോ. അമ്മയിനിയോരിക്കലും പഴയത് പോലെ അവന് ഭക്ഷണം കൊടുക്കുകയോ അവന്റെ കൂടേ നടക്കുകയോ ചെയ്യില്ലെന്നു മനസിലായത് കൊണ്ടാവണം, കൂട് തുറന്നിട്ടാൽ പോലും അവൻ പുറത്തേക്കിറങ്ങാതായത്. ചിലപ്പോഴെല്ലാം ഞാൻ അവനെയും കൂട്ടി നടക്കാനിറങ്ങും നടക്കുന്ന വഴിക്കെല്ലാം അവൻ പതിയെ ശബ്ദമുണ്ടാക്കും, ഒരുപക്ഷെ അമ്മയോർമ്മകൾ വന്നവനെ പൊള്ളിക്കുന്നുണ്ടാവും. ഒരു കരച്ചിൽ വന്നെന്റെ ഉയിരിനെ തൊടും അപ്പോഴെല്ലാം. രാത്രി അമ്മയോട് പറയും ഞാൻ സാന്റോയെ നടത്താൻ കൊണ്ട് പോയത്. അമ്മ ചിരിക്കും, പിന്നെ മെല്ലെ അവനോടെന്ന പോലെ പറയും

“അമ്മേടെ വയ്യയായ്ക മാറാട്ടെട്ടോ… അമ്മേം മോനും കൂടേ നടക്കാൻ പോവൂല്ലോ “

അത്‌ കേട്ടിട്ടെന്നപോലെ അപ്പൊ ആ സമയം അവന്റെ സ്വരം കേൾക്കാം……..

അവന് കരുതുന്നുണ്ട്, പണ്ടത്തെപ്പോലെ അമ്മ അവന് ആഹാരം കൊടുത്തിട്ട് അവൻ കഴിച്ച് തീരും വരെ അമ്മ കൂടെ നിൽക്കുമെന്ന്…അവനുമായി നടക്കാൻ പോകുമെന്ന്…മീൻ വെട്ടുന്ന നേരം, ആരെങ്കിലും വന്നാൽ അവനെ മീനിന് കാവലിരുത്തുമെന്ന്……ഒരുപക്ഷെ ഞാനും ഏട്ടനും ആഗ്രഹിക്കാറുള്ളത് പോലെ
അമ്മ പണ്ടത്തെപ്പോലെ ചോറ് വാരിത്തരുമെന്ന്…..ജോലിക്ക് പോകുന്ന ദിവസങ്ങളിൽ, ഉച്ചയാഹാരം പൊതിഞ്ഞെടുത്തു മറക്കാതെ ബാഗിൽ വച്ച് തരുമെന്ന്……ഇഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കി വൈകുന്നേരങ്ങളിൽ ഞങ്ങൾ വരുന്നതും നോക്കി ഉമ്മറത്തിണ്ണയിൽ കാത്തിരിക്കുമെന്ന്….അവധി നാളുകളിൽ അടുക്കളയിൽ നിന്ന് “ഒരാളും എന്നെയൊന്ന് സഹായിക്കരുത്.. ഞാനിവിടെ ഒറ്റയ്ക്ക് കഷ്ട്ടപ്പെടുവാ ” എന്നൊന്ന് ഒച്ച വയ്ക്കുമെന്ന്…പനിച്ചൂടിലുരുകുമ്പോൾ ഒരു പുതപ്പെടുത്തു പുതപ്പിച്ച് നെറ്റിമേലൊരുമ്മ തരുമെന്ന്…മുടി കെട്ടിത്തരുമെന്ന്, ഡ്രെസ്സുകൾ ഇസ്തിരിയിട്ടു തരുമെന്ന്…

പക്ഷെ ഇനി ഒക്കെയും കരയിക്കാൻ മാത്രം പോന്ന കനവുകളെന്ന് തിരിച്ചറിയുന്നത്, ഇടയ്ക്ക് വേദന കൂടുമ്പോഴുള്ള അമ്മയുടെ നിലവിളി കേൾക്കുമ്പോഴാണ്…..ടോയ്‌ലെറ്റിൽ പോകാനായി എന്നെ കൂട്ട് വിളിക്കുന്നത് കേൾക്കുമ്പോഴാണ്….”മക്കളെ ഇങ്ങനെ കഷ്ട്ടപെടുത്താതെ എന്നെയങ്ങു വിളിക്ക് ഈശ്വരാ ” എന്നുള്ള അമ്മയുടെ പ്രാർത്ഥന കേൾക്കുമ്പോഴാണ്……

അതേ…. ഭൂതകാലത്തിൽ ഒരു സ്വർഗം ഉണ്ട്….. ഓർക്കുമ്പോഴൊക്കെയും ചങ്ക് തകർത്ത്, കണ്ണുകളിലൊരു പെരുമഴക്കാലം നിറയ്ക്കുന്നൊരു സ്വർഗം….വീണ്ടെടുപ്പില്ലാതെ കണ്ണീരിലേക്കാഴ്ന്നു പോയൊരു പൊട്ടിച്ചിരി………