Story written by BHADRA VAIKHARI
ജട കെട്ടിയ മുടിയും പീള നിറഞ്ഞ കണ്ണുകളുമായി തനിക്ക് നേരെ ഭിക്ഷയ്ക്കായി കൈ നീട്ടിയത് തന്റെ അച്ഛനാണെന്ന് ആ മുഖം കണ്ടതോടെ ഒരു ഞെട്ടലോടെ ലക്ഷ്മി തിരിച്ചറിഞ്ഞു.
ചില്ലറതുട്ടുകൾ നിറഞ്ഞിരുന്ന അവളുടെ കൈകൾ വിറച്ചു. ഉള്ളിലെവിടെയോ വെറുപ്പും സങ്കടവും ദേഷ്യവുമെല്ലാം വന്നു നിറഞ്ഞു. തറഞ്ഞു നിൽക്കുന്ന അവളെയൊന്നു നോക്കി എന്തോ പിറുപിറുത്തു കൊണ്ട് ആ രൂപം തലയും ചൊറിഞ്ഞു മുന്നോട്ട് നടന്നു
കല്ലിച്ച ഹൃദയവും നിറഞ്ഞു തൂവിയ മിഴികളുമായി ലക്ഷ്മി വീട്ടിലേക്ക് കാറോടിച്ചു…
വീട്ടിലെത്തി കരച്ചിലോടെ അവൾ ഹാളിലെ സെറ്റിയിലേക്ക് ചാരിയിരുന്നു. കരച്ചിലൊന്നടങ്ങിയപ്പോൾ അവൾ കണ്ണുകൾ ഉയർത്തി ഭിത്തിയിൽ പൂമാലയിട്ട് വെച്ചിരുന്ന അമ്മയുടെ ഫോട്ടോയിലേക്കൊന്നു നോക്കി
കരുണയും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന ആ മുഖം കണ്ടതും അവളുടെ ഉള്ളിൽ വീണ്ടും സങ്കടം ഉറപൊട്ടി
പാവം… എത്ര കഷ്ട്ടപെട്ടാണ് തന്നെ വളർത്തിയത്. അച്ഛനില്ലാത്ത കുറവ് അറിയിക്കാതെ കൂലി പണിയെടുത്തും പട്ടിണി കിടന്നും തന്നെ പഠിപ്പിച്ചു. ആഗ്രഹങ്ങളെല്ലാം നിറവേറ്റി തന്നു. പക്ഷെ എല്ലാ കഷ്ടപ്പാടുകളും മാറി നല്ലൊരു ജീവിതം കിട്ടിയപ്പോൾ അത് അനുഭവിക്കാൻ ഭാഗ്യമില്ലാതെ ആ പാവം മരണത്തിനും കീഴടങ്ങി…
എന്തിനായിരുന്നു? എന്തിനായിരുന്നു അച്ഛൻ അമ്മയെയും കുഞ്ഞായിരുന്ന തന്നെയും ഉപേക്ഷിച്ചു പോയത്…?
അച്ഛനില്ലാത്തവളെന്ന സഹപാഠികളുടെ കളിയാക്കലുകൾ കേട്ട് സങ്കടം സഹിക്കാൻ കഴിയാതെ പലപ്പോഴും ചോദിച്ചിട്ടുണ്ട് ഈ ചോദ്യം
പലപ്പോഴും അമ്മ അതിനു ഉത്തരം തരാതെ ഒഴിഞ്ഞു മാറുമായിരുന്നു… പിന്നെ ഒരിക്കൽ പറഞ്ഞു….താൻ പെൺകുട്ടി ആയി ജനിച്ചത് കൊണ്ടാണെന്ന്…അച്ഛൻ പ്രതീക്ഷിച്ചു കാത്തിരുന്നത് ആൺകുട്ടിയെ ആയിരുന്നു പോലും
അല്ല….പെൺകുട്ടി ആയി ജനിച്ചത് തന്റെ തെറ്റാണോ…ഇനി പെൺകുട്ടിയായി ജനിച്ചാൽ എന്താ കുഴപ്പം…അവർക്കും ജീവിക്കാനുള്ള അവകാശമില്ലേ….
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു…. വസ്ത്രങ്ങൾ മാറിയ ശേഷം അവൾ കിടക്കയിൽ കിടന്നു കണ്ണുകളടച്ചു…
ഉറക്കത്തിലെപ്പോഴോ ഒരു തണുത്ത കൈകൾ അവളുടെ മുടിയിൽ അരുമയായി തലോടി…
മോളെ……
വാത്സല്യം കലർന്ന ഒരു സ്വരം അവളുടെ കാതുകളിലേക്ക് ഒഴുകിയെത്തി
അമ്മേ…… അവളുടെ ചുണ്ടുകൾ വിറച്ചു
മോള് പോണം…അച്ഛനെ കൂട്ടികൊണ്ടുവരണം….അത് അമ്മയുടെ ആഗ്രഹമാണ്….
ഇല്ല… അയാളെ എനിക്ക് വെറുപ്പാണ്… ഇല്ല… അവൾ ദേഷ്യത്തിൽ തല വെട്ടിച്ചു…
മോളെ….. വീണ്ടും ആ വിളി….
അമ്മേ…
ലക്ഷ്മി അലർച്ചയോടെ ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റു… അവളുടെ ദേഹം വിയർപ്പിൽ കുതിർന്നിരുന്നു…മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു….കുളിച്ചു വസ്ത്രം മാറി അവൾ കാറുമായി പുറത്തേക്കിറങ്ങി
ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ നഗര തിരക്കിന്റെ നടുവിൽ നിന്നും അച്ഛനെ അവൾ കണ്ടെത്തി. കീറിപറിഞ്ഞ വസ്ത്രങ്ങളിലേക്കും വാരിയെല്ലുകൾ പൊന്തി നിൽക്കുന്ന നെഞ്ചിലേക്കും അവൾ വല്ലായ്മയോടെ നോക്കി
കൂടെ വരാൻ വിസമ്മതിച്ച അച്ഛനോട് വിറയാർന്ന ചുണ്ടുകളോട് അവൾ പറഞ്ഞു
ഞാൻ രാധയുടെ മകളാണ്….നിങ്ങളുടെയും…..
അത് കേട്ടതും ആ മഞ്ഞിച്ച കണ്ണുകളിലെ ചുവന്ന ഞരമ്പുകൾ പിടഞ്ഞു…
കാറിന്റെ പിൻസീറ്റിലേക്ക് കയറുമ്പോൾ ഒരു ആശ്രയതിനെന്ന കണക്കെ ആ അഴുക്ക് നിറഞ്ഞ കൈകൾ അവളുടെ കൈത്തണ്ടയിലൊന്നു അമർത്തി പിടിച്ചു….നീറിൽ വീണത് പോലെ അവളൊന്നു പിടഞ്ഞു
പാതിവഴിയിൽ വണ്ടി നിർത്തി അടുത്തുള്ള തുണികടയിൽ നിന്നും പുത്തൻ വസ്ത്രങ്ങളെടുക്കുമ്പോഴും ലക്ഷ്മിയുടെ കണ്ണുകൾ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലെ ആ രൂപത്തിലേക്ക് പാളി വീണുകൊണ്ടിരുന്നു….ഇരുളിലിരുന്നു അയാൾ അവളെ തന്നെ തുറിച്ചു നോക്കുകയായിരുന്നു….
വീടിന്റെ പടി കടന്നു അകത്തു കയറുമ്പോൾ ആ കാലുകൾ വിറയ്ക്കുന്നത് അവൾക്ക് കാണാമായിരുന്നു…. കയ്യിലിരുന്ന പുതിയ വസ്ത്രങ്ങളെടുത്തു കൊടുത്തു കുളിച്ചിട്ട് വരാൻ പറയുമ്പോൾ ആ കണ്ണുകൾ അവളെ തളർച്ചയോടെയൊന്നു നോക്കി
ഒരു മേശയ്ക്ക് ഇരുവശത്തായി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്ന അച്ഛനെ കണ്ടതും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വിശന്നു കരഞ്ഞ അവളുടെ ബാല്യം ഓർമയിലേക്ക് തികട്ടി വന്നു
നിങ്ങളെന്തിനായിരുന്നു ഞങ്ങളെ വേണ്ടെന്ന് വെച്ച് പോയത്…?? അവളുടെ ചുണ്ടനങ്ങി
ഞങ്ങൾ എന്ത് തെറ്റായിരുന്നു നിങ്ങളോട് ചെയ്യ്തത്….?? പെൺകുട്ടി ആയി ജനിച്ചതാണോ ഞാൻ തെറ്റ്..? പെൺകുഞ്ഞിനെ പ്രസവിച്ചതാണോ എന്റെ അമ്മ ചെയ്ത തെറ്റ്….?? പറ….
ലക്ഷ്മിയുടെ തൊണ്ടയിടറി…. കണ്ണുകൾ നിറഞ്ഞു
ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്…. അച്ഛന്റെ ശരീരത്തിലെ ക്രോമോസോമുകളാണ് കുഞ്ഞ് ആണായോ പെണ്ണായോ ജനിക്കേണ്ടേതെന്ന് തീരുമാനിക്കുന്നതെന്ന്…അങ്ങനെ ആണെങ്കിൽ ഞാനൊരു പെണ്ണായി ജനിക്കാൻ കാരണം നിങ്ങളൊരാൾ മാത്രമാണ്…. പിന്നെന്തിനാ പാവം എന്റെ അമ്മയെ നിഷ്കരുണം തള്ളി കളഞ്ഞു നിങ്ങൾ പോയത്?
ഞങ്ങൾ ഒരു ബാധ്യത ആവുമെന്ന് ഓർത്തണോ നിങ്ങൾ അങ്ങനെയെല്ലാം ചെയ്യ്തത്?
നിങ്ങൾക്കൊന്നു അറിയാമോ…. പത്തു ആൺമക്കൾക്ക് തുല്യമാണ് ഒരു പെൺകുട്ടി…. പെൺകുട്ടി ഇല്ലാത്ത വീട് ഒരു വീടെയല്ല…. ഒരു പെൺകുഞ്ഞിന്റെ ചിരികൊഞ്ചലുകളും പാദസരതാളങ്ങളുമില്ലാത്ത വീട് എന്ത് ശോകമൂകമായിരിക്കുമെന്ന് അറിയാമോ…??
വെറും ഒന്നര മാസം മാത്രം പ്രായമുള്ള എന്നെ വളർത്തിയെടുക്കാൻ എന്റെ അമ്മ എത്രമാത്രം കഷ്ടപ്പാട് അനുഭവിച്ചുവെന്ന് നിങ്ങൾക്ക് അറിയാമോ…? അന്യരുടെ അടുക്കളയിലെ കരിയും പുകയും കൊണ്ട്…. അവരുടെ ആട്ടും തുപ്പും സഹിച്ചുമൊക്കെയാണ് അമ്മയെന്നെ വളർത്തിയത്…. അടച്ചുറപ്പില്ലാത്ത വീടിന്റെ കതകിൽ തട്ടി വിളിക്കുന്ന ശബ്ദങ്ങളും മുറ്റത്ത് അരിച്ചു നടക്കുന്ന കാൽ പെരുമാറ്റങ്ങളും കേട്ട് പേടിച്ചു വിറച്ചു ഞങ്ങൾ പല രാത്രികളും തള്ളി നീക്കിയിട്ടുണ്ട്…ഒരു നല്ല ഉടുപ്പിടാൻ… നാവിനു രുചിയായ ഭക്ഷണം കഴിക്കാൻ…. അച്ഛന്റെ വിരലിൽ തൂങ്ങി ഉത്സവത്തിന് പോവാൻ…. മറ്റുള്ളവരെ പോലെ പണി കഴിഞ്ഞു വരുന്ന അച്ഛന്റെ കയ്യിലെ പൊതിയിലെ ചൂടുള്ള പലഹാരങ്ങൾ കഴിക്കാൻ… അങ്ങനെ എന്തെല്ലാം ഞാൻ ആഗ്രഹിച്ചിട്ടുണ്ടെന്നോ……
ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി പ്ലേറ്റിൽ വീണു
നിങ്ങളെ കണ്ട നിമിഷം തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു…. കാരണം അമ്മ നിധി പോലെ കാത്തു വെച്ചിരുന്ന ഒരു സാധനമുണ്ടായിരുന്നു…. നിങ്ങളുടെ വിവാഹഫോട്ടോ.എത്ര തവണ കൊതിയോടെ ഞാനത് എടുത്തു നോക്കിയിട്ടുണ്ടെന്നോ….
ഇപ്പൊ നിങ്ങളെ ഈ അവസ്ഥയിലാക്കിയത് ദൈവമാണ്…. എന്റെ അമ്മയോട് ചെയ്ത തെറ്റിനുള്ള ഫലമാണിപ്പോൾ നിങ്ങൾ അനുഭവിക്കുന്നത്…. ലക്ഷ്മി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റു പോയി
രാത്രി…… ഉറങ്ങി കിടന്നിരുന്ന ലക്ഷ്മി കാലിലൊരു ചൂട് തിരിച്ചറിഞ്ഞതും കണ്ണ് തുറന്നു….ഇരുട്ടിൽ അവളുടെ കാൽപാദത്തിൽ പതിയെ അമർത്തി പിടിച്ചിരിക്കുന്ന അച്ഛനെ കണ്ടതും അവൾ ഒരു നിമിഷമൊന്നു സംശയിച്ചു….അവളുടെ പാദങ്ങളെ ചുട്ടു പൊളിച്ചു കൊണ്ട് അയാളുടെ കണ്ണുനീർ അവളുടെ പാദങ്ങളിൽ വീണു ചിതറി….രാത്രിയുടെ ഏകാന്തതയെ കീറിമുറിച്ചു കൊണ്ട് അയാളുടെ തേങ്ങലുകൾ അവിടെ ഉയർന്നു
കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം അയാൾ പതിയെ മുറിക്ക് പുറത്തിറങ്ങി…ലക്ഷ്മി ശബ്ദം ഉണ്ടാക്കാതെ അയാളെ പിന്തുടർന്നു….ഹാളിലെ മാലയിട്ട് വെച്ചിരുന്ന അമ്മയുടെ ഫോട്ടോക്ക് മുൻപിലായി അയാൾ നിന്നു… അവിടെ നിന്ന് അയാൾ എന്തൊക്കെയോ പതം പറഞ്ഞു കരയുന്നത് ലക്ഷ്മി കണ്ടു…
അവൾ ഒന്നും മിണ്ടാതെ ഒരു ദീർഘനിശ്വാസത്തോടെ മുറിയിലേക്ക് തിരിച്ചു നടന്നു
രാവിലെ ഉറക്കം എണീറ്റതും അവളുടെ കണ്ണുകൾ അച്ഛനെ തിരഞ്ഞു…. ഹാളിലെ സെറ്റിയിൽ ചാരിയിരുന്നു ഉറങ്ങുന്ന അച്ഛന്റെ തോളിൽ അവൾ തട്ടി വിളിച്ചു….പക്ഷെ അയാൾ വിളി കേട്ടില്ല… അയാളുടെ ദേഹം തണുത്തു മരവിച്ചിരുന്നു….അയാളുടെ നെഞ്ചോടു ചേർന്ന് അവളുടെ അമ്മയുടെ ഫോട്ടോയുമുണ്ടായിരുന്നു…..ഒരു നിമിഷം അവളുടെ നെഞ്ചോന്നു പിടഞ്ഞു…. എന്തിനെന്നറിയാതെ അവളുടെ കൺകോണിലൂടെ കണ്ണുനീർ ധാരയായി ഒഴുകി….
ശുഭം ?