Story written by ജിഷ്ണു രമേശൻ
ആ പെണ്ണ് ഒരൂസം പ്രണയിച്ചിരുന്നു, പൊടി പിടിച്ച നിലവിളക്ക് തുടച്ച് മിനുക്കിയാൽ കിട്ടുന്നൊരു തിളക്കമില്ലെ, അത് പോലൊരു പ്രണയം..
ടൈപ്പിംഗ് പഠിക്കാൻ പോയിട്ട് വരുന്ന വഴിക്ക് കായലോരത്ത് കക്ക വാരുന്നൊരു ഇടമുണ്ട്…
അവിടെ ഒരാളുണ്ട്, കറുത്ത്, പാകപ്പെടുത്തിയ ശരീരമുള്ള ഒരാള്‍..അവളെ അയാളെന്നും നോക്കും, കാമത്തിന്റെ കണ്ണിലൂടെ.. അവളോ, തന്നെക്കാൾ മൂപ്പുള്ള അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കുക പതിവാക്കി..ഒരു അത്ഭുതം കണക്കെ..!
അയാളിൽ നിന്നും രസമുള്ള, കാ മം കലർന്ന, ശരീരത്തിന് വേണ്ടിയുള്ള നോട്ടം അവളെ കാർന്നു തിന്നു…..
തെന്നി കിടക്കുന്ന കുളത്തിന്റെ പടവിൽ വെച്ച് അവളെ തടഞ്ഞു നിർത്തിയിട്ട് കറ പുരണ്ട പല്ല് തെളിച്ച് അയാളൊന്ന് ചിരിച്ചു…
“പെണ്ണേ പത്തു കാലം മൂപ്പുണ്ട് എനിക്ക്,മാമ്പഴം നുകരുന്നതിനേക്കാൾ ഭ്രാന്താണ് ഒരു കണ്ണിമാങ്ങ കഴിക്കാൻ.. നീ എനിക്കൊരു കണ്ണിമാങ്ങ പോലെ തോന്നുന്നു…!”
‘ നിങ്ങളുടെ നോട്ടത്തിന്റെ ഉദ്ദേശ്യം കാ മമാണ്..അതൊരു പ്രണയമായിരുന്നെങ്കിൽ ഈ ഭ്രാന്തിനൊരു ഹരമുണ്ടായെനെ..! നിങ്ങള്‍ ദൂരേക്ക് മാറി നിൽക്കൂ, എന്നിട്ടെന്നെ നോക്കൂ, എന്റെ മാ റിടത്തിലല്ല മുഖത്തേക്ക്.. നിങ്ങളിൽ പ്രണയം നിഴലിക്കും മനുഷ്യാ..’
ചൂണ്ടാണി വിരലിലെ നഖം കൊണ്ട് പല്ലിനിടയിലെ കറ ഒരച്ച് കളഞ്ഞു കൊണ്ട് അയാള്‍ വീട്ടിലേക്ക് നടന്നു.. ഒരൂസം മഞ്ഞ് തിങ്ങി നിൽക്കുന്ന പുലർച്ചെ അയാള്‍ മുറ്റത്തേക്കിറങ്ങി…
അടുത്തയാഴ്ച വെട്ടാൻ ഒരുക്കി നിർത്തിയ തെക്കു വശത്തെ പാഴ്മരത്തെ ദൂരെ മാറി നിന്നൊന്ന് നോക്കി.. കുറെ നേരം അടിമുടി, മരത്തിന്റെ ശിഖരങ്ങളിലൂടെ കണ്ണോടിച്ചു..
“ഇത്രയും കാലമായി കാണുന്ന ഈ പാഴ്മരത്തിനെന്താ ഇന്ന് വല്ലാത്തൊരു ചന്തം..!”
കിഴക്കു നിന്നും ഉദിച്ച് വരുന്ന സൂര്യന്റെ ഇളം ചൂട് അയാളെ മറച്ചു.. ഒരു കുട പോലെ ആ മരം വീടിന് മുകളിൽ പൊതിഞ്ഞു നിന്നു…
“ശരിയാ ഇത് പോലെ, ആ പെണ്ണിന്റെ അഴക് കാണാൻ ഞാനെന്തിനാ മാ റിടം തിരഞ്ഞെടുത്തത്..!! അവളുടെ കരി പുരണ്ട കണ്ണുകൾ, ചിരി, വെളിച്ചെണ്ണയിൽ കുളിപ്പിച്ച മുടിയിഴകൾ അതെന്താ നോക്കാതിരുന്നത്…!” അയാള്‍ ചോദ്യങ്ങൾ കൊണ്ട് സ്വയം പുതപ്പിച്ചു..
പിന്നീട് ഒരൂസം ആ മനുഷ്യൻ അവളെ കണ്ടു, ഒരു നേർത്ത മധുരമായ ചിരി അയാളുടെ ക്രൂര മുഖത്ത് നിഴലിച്ചു.. കുറച്ച് ദൂരെ നിന്ന് അയാളുടെ ചിരി കണ്ട ആ പെണ്ണ് കണ്ണുകൾ ചുളുക്കി അയാളെ നോക്കി…
അച്ഛന്റെ പാതയ്ക്ക് എതിരേ സഞ്ചരിച്ച് കക്ക വാരുന്ന തൊഴിലിന് ഇറങ്ങിയ കരുവാന്റെ മകൻ അവളെ പെണ്ണ് കാണാൻ വന്നപ്പോ ജന്മിത്തം നിറഞ്ഞ മുത്തശ്ശിയുടെ മുഖം ചൊമന്നു..
“കാലത്തിനൊപ്പം നടന്ന പെണ്ണിന്റെ അച്ഛൻ ഒന്നേ പറഞ്ഞുള്ളൂ, ” ജന്മം കൊണ്ടല്ല ജീവിതം കൊണ്ടാണ് സ്ഥാനം നേടുന്നത്.. ന്റെ മോള് കക്ക വാരുന്ന ഈ കൈകൊണ്ട് രണ്ടു വറ്റ് തിന്ന് പഠിക്കട്ടെ..”
” എന്റെ കുട്ടീടെ ജീവിതം ഇവൻ നശിപ്പിക്കും” എന്നൊന്ന് മൊഴിഞ്ഞ് മുത്തശ്ശി അകത്തേക്ക് നടന്നു..
ആ മനുഷ്യൻ മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചിട്ട് മുറ്റത്തേക്കിറങ്ങി…! തൊഴുത്തിന്റെ കോലായിൽ നിന്നിരുന്ന ആ പെണ്ണിന്റെ അടുത്തേക്ക് ചെന്നു..
” പെണ്ണേ നിന്റെ പൊരേല് വന്നിട്ടാ നിന്നെ പെണ്ണ് ചോദിച്ചത്..ഒന്ന് നോക്ക്യെ ഈ കണ്ണിലിപ്പൊ കാ മത്തിന്റെ ചേലുണ്ടോ..?”
‘ എന്തൊരു ചിരിയാ മനുഷ്യാ നിങ്ങടെ..! എന്റെ മുന്നില്‍ വന്നാ നിങ്ങടെ ചോരക്കണ്ണ് തിളങ്ങും, ചെല കുട്ട്യോൾടെ അമ്മമാര്‍ പറയണ കേട്ടിട്ടുണ്ട് ” കക്ക വാരണ അപ്പുണ്ണി പിടിച്ചിട്ട് പോവൂന്ന്”, ‘
അയാള്‍ അതൊക്കെ കേട്ട് ആ പെണ്ണിനെ നോക്കിയൊന്ന് ചിരിച്ചിട്ട് ഇറങ്ങി നടന്നു..
ഒരാഴ്ച കഴിഞ്ഞ് അയാളെ കണ്ടപ്പോ പെണ്ണ് പറഞ്ഞു, ” ചിങ്ങത്തില് കല്യാണം ഉണ്ടാവൂന്നാ നിങ്ങടെ അച്ഛൻ വന്നിട്ട് തീരുമാനായത്..! ഇനി എന്നെ നിങ്ങടെ ആ നോട്ടം ഒന്നൂടി നോക്ക്..!”
‘ നിങ്ങടെ, അതേ പെണ്ണേ ഇനി ഇങ്ങനെ വിളിക്കണോ..!? ഏയ് അല്ലെങ്കി വേണ്ട വിളിച്ചോ, അതാണ് രസം, എന്തോ ഒരു ലഹരി പോലെ തോന്നുന്നു.. പഴേ പോലെ നോക്കാൻ കഴിയില്ല, അന്ന് കാ മം മാത്രമായിരുന്നു..ഇന്നിപ്പോ സ്വൽപ്പം സ്നേഹം കൂടി ചേർത്തു അതിന്റെ കൂടെ…!’
പൂഴി മണ്ണിൽ കൂടി വഴിയിലേക്ക് കയറുന്നേരം അവള് തിരിഞ്ഞ് നോക്കി പറഞ്ഞു, “എനിക്കും ഈ മനുഷ്യന്റെ കൂടെ കക്ക വാരാൻ ഇവിടെ ഇറങ്ങണം..”
അതു കേട്ട അയാളുടെ മുരടിച്ച മുഖത്ത് തെളിഞ്ഞിരുന്ന ചിരി കാണാൻ ഒരു ചേല് തോന്നി..
‘ ഈ വിയർപ്പ് വറ്റിച്ചുണ്ടാക്കിയ രണ്ടു തരി പൊന്നുണ്ട് എന്റെ വീട്ടില്‍.. ചിങ്ങത്തിലെ ഒരു ദിവസം നിന്റെ കഴുത്തിലത് ഞാൻ അണിയും.. എന്നിട്ട് ഈ അര നിലയുള്ള വെള്ളത്തില്‍ നിന്നെയും കൊണ്ട് ഞാൻ താഴും, എന്റെ ഒരു മണി അരിയായ ഒരു കൊട്ട കക്ക വാരാൻ..!’
അത്തം കഴിഞ്ഞ നാള് ആ പെണ്ണൊരുത്തി കൊല്ലന്റെ കൂരയില്‍ ചേക്കേറി..ആ മനുഷ്യന്റെ മാ റില്‍ അവള് കവിളൊരച്ച് കിടന്നപ്പോ അവളറിഞ്ഞു മുന്തിയ തറവാട്ടിലെ സുരക്ഷിതത്വം ഇവിടെ ഓല മേഞ്ഞ കൂരയിലും കിട്ടുമെന്ന്…
അതേ സമയം അവളുടെ വീട്ടിൽ ചാരു കസേരയിൽ കിടന്നുകൊണ്ട് അവളുടെ അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്, “ഇനി എന്റെ മോളൊരു ഉശിരുള്ള, കരുത്തുറ്റ പെണ്ണാവും..പഴയ കാലത്തെ പട്ടിണിയും പരിവട്ടവും ഇന്നാ വീട്ടിലില്ല..അധ്വാനിച്ച് ജീവിക്കുന്ന ആണൊരുത്തന്റെ കൂരയിലാണ് ഇനി അവളുടെ ജീവിതം…”
കെട്ടു കഴിഞ്ഞുള്ള വിരുന്ന് പോക്കും വരവും കഴിഞ്ഞ് അര നിലയുള്ള വെള്ളത്തിൽ ആ മനുഷ്യൻ കക്ക വാരാൻ മുങ്ങിയപ്പോ പെണ്ണ് അയാളെ പുണർന്ന് അയാളോടൊപ്പം ഉണ്ടായിരുന്നു, ജീവിതത്തിന്റെ ആഴം അറിയാനായി…