നിനക്കായ് തോഴി…
Story written by MAREELIN THOMAS
ഒരു അടാർ തേപ്പും കിട്ടി, മാനസ മൈനെയും പാടി ഞാൻ നടക്കുന്ന കാലത്തായിരുന്നു സർവ്വ ഗുണ സമ്പന്നനും കഠിനാധ്വാനിയും എന്നെക്കാൾ വെറും ഒന്നര വയസ്സിനു മൂത്തതും, സർവ്വോപരി അമ്മയുടെ സൽപ്പുത്രനുമായ ഏട്ടന്റെ വിവാഹ നിശ്ചയം… എന്റെ പ്രണയം പൊട്ടി പാളീസായി നിൽക്കുമ്പോൾ ആണ് അങ്ങേരുടെ പ്രണയ വിവാഹം.. എങ്ങനെ സഹിക്കും ഞാൻ..
നിശ്ചയത്തിന്റെ അന്ന്, കട്ട ശോകം അടിച്ച് , ഏട്ടന്റെ ഭാവി വധുവിന്റെ വീട്ടിൽ ആൾബഹളം ഇല്ലാത്ത ഒരു സ്ഥലം തപ്പി മുകളിലെ നിലയിലേക്ക് കയറി ചെന്നപ്പോൾ ആണ് അവിടെ ഉണ്ടായിരുന്ന മുറി തുറന്ന്, കൊടുങ്കാറ്റ് പോലെ എന്തോ ഒന്ന് സ്റ്റയർ കേസ് ലക്ഷ്യം വെച്ച്, ഓടി പാഞ്ഞ് വന്നത്… ഒഴിഞ്ഞ് മാറാനുള്ള സമയം പോലും ആ സാധനം എനിക്ക് തന്നില്ല… നേരെ എന്റെ ദേഹത്താണ് ഇടിച്ച് നിന്നത്…
വീഴാതിരിക്കാൻ ഉള്ള ശ്രമം എന്നവണ്ണം കയ്യിൽ തടഞ്ഞ അവളുടെ ദുപട്ടയിൽ ഞാൻ പിടുത്തം ഇട്ടു എങ്കിലും ബാലൻസ് കിട്ടാതെ ഞാൻ നിലത്തേക്ക് വീണു…. കൂടെ അവളും..
രണ്ട് സെക്കൻഡ് കഴിഞ്ഞ് ആ ഷോക്കിൽ നിന്ന് മുക്തനായി കണ്ണ് തുറക്കുമ്പോൾ കണ്ടത് എന്റെ ദേഹത്ത് കിടന്ന് കണ്ണ് മിഴിച്ച് എന്നെ തന്നെ നോക്കുന്ന ഒരു ഉണ്ടക്കണ്ണിയെ ആണ്…
പെട്ടെന്ന് അവളെ തട്ടി മാറ്റി ഞാൻ എണീറ്റു…
“എവിടെ നോക്കിയാടി ഓടുന്നത്… “
മറുപടി ഒന്നും ലഭിച്ചില്ല…
ഒരു തരത്തിൽ നിലത്ത് നിന്ന് എണീറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്ന അവളുടെ ദുപട്ടയും വലിച്ച് എടുത്ത്, ഒരു വാക്ക് പോലും മിണ്ടാതെ നടന്ന് പോകുന്നത് കണ്ട് കലി കയറിയ ഞാൻ അവളുടെ പിറകെ ചെന്ന് അവളുടെ കൈ പിടിച്ച് നിർത്തി…
“വെറുതെ മനുഷ്യനെ തള്ളി താഴെ ഇട്ടതും പോരാഞ്ഞ് ഒരു സോറി പോലും പറയാതെ മുങ്ങാം എന്ന് വിചാരിച്ചോ… നീ ആരാന്നാ നിന്റെ വിചാരം… പറയെടി സോറി…”
അവളുടെ കൈയ്യിലെ എന്റെ പിടുത്തം മുറുകിയതും വേദന കൊണ്ടാവണം അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി…
ഏട്ടത്തിയുടെ ആങ്ങള ഋഷി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടതും ഞാൻ അവളുടെ കയ്യിലെ പിടി വിട്ടു… ആ തക്കത്തിന് അവൾ അവിടെ നിന്നും ഓടി രക്ഷപെട്ടു… പോകുന്ന വഴി എന്നെ നോക്കി അവൾ കൊഞ്ഞനം കുത്തി കാണിച്ചപ്പോൾ രണ്ടെണ്ണം പൊട്ടിക്കാൻ ആണ് തോന്നിയത്…
“ആ പോയവളുമായിട്ടൊന്ന് കോർത്തോ..????” ഋഷി ചോദിച്ചു…
“എയ്യ്… അങ്ങനെ ഒന്നുമില്ല.. ബെല്ലും ബ്രേക്കും ഇല്ലാതെ ഓടി വന്ന് എന്നെ തള്ളി താഴെ ഇട്ടു.. എന്നിട്ട് ഒരു സോറി പോലും പറയാതെ മുങ്ങാൻ ശ്രമിച്ചതിന് ഒരു ഡോസ് കൊടുത്തതാണ്…”
“അവള് സോറി പറയില്ലെടോ.. ” ഋഷിയുടെ വാക്ക് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു..
“അതെന്താ അവൾക്ക് സോറി പറഞാൽ… ലാളിച്ച് വഷളാക്കിയത് ആയിരിക്കും…. ലാലേട്ടൻ പറഞ്ഞത് എത്ര ശരിയാണ്… അഹങ്കാരത്തിന് കയ്യും കാലും വെച്ചിട്ട് അതിന് പെണ്ണ് എന്നൊരു പേരും…”
എന്റെ സംസാരം കേട്ടിട്ട് ഋഷി ചിരിച്ച് പോയി…
“അതൊന്നുമല്ല… അതൊരു പാവം മിണ്ടാപ്രാണി ആണ്… ചെറിയച്ഛന്റെ മകൾ… സിയ. “
ഞാൻ ഞെട്ടി ഋഷിയെ നോക്കി…
“സാരമില്ല.. താൻ അറിയാതെ അല്ലെ.. താഴെ എല്ലാവരും തന്നെ അന്വേഷിക്കുന്നു.. ചടങ്ങുകൾ തുടങ്ങാറായായി… “
ഋഷിയുടെ കൂടെ നിശ്ചയം നടക്കുന്നിടത്തേക്ക് നടക്കുമ്പോൾ മനസ്സിന് എന്തോ ഒരു ഭാരം പോലെ അനുഭവപ്പെട്ടു… അറിയാതെ ആണെങ്കിലും അവളുടെ മനസ്സ് താൻ വേദനിപ്പിച്ചോ എന്ന സംശയം മനസ്സിൽ കിടന്ന് തിളച്ച് മറിഞ്ഞു…
ഏട്ടനും എട്ടത്തിയും അങ്ങോട്ടും ഇങ്ങോട്ടും മോതിരം അണിയിച്ചപ്പോൾ അവരുടെ മുഖത്തെ സന്തോഷം കണ്ട് ഒരുവേള എന്റെ വിഷമങ്ങൾ ഞാൻ മറന്നു… ആഹ്… പ്രണയിച്ചവളെ തന്നെ കെട്ടാനും വേണം ഒരു ഭാഗ്യം..
ഓരോന്ന് ഓർത്ത് അവിടെ നിന്നപ്പോൾ പിറകിൽ നിന്ന് ആരോ തോണ്ടി…
തിരിഞ്ഞ് നോക്കിയപ്പോൾ ദേ അഹങ്കാരത്തിന് കയ്യും കാലും വെച്ചവൾ എന്ന് ഞാൻ കരുതിയ ഉണ്ടക്കണ്ണി… ഇത്തിരി കലിപ്പിട്ട്, ഗൗരവത്തിൽ കണ്ണുകൾ കൊണ്ട് എന്താ എന്ന് ചോദിച്ചു…
അവൾ പതിയെ കൈകൾ രണ്ടും ചെവിയിൽ പിടിച്ച് സോറി എന്ന് ആംഗ്യം കാണിച്ചു… കണ്ണുകൾ രണ്ടും ചെറുതാക്കി…. ചുണ്ടുകൾ പിളർത്തി…കുഞ്ഞിപ്പിള്ളേരേ പോലെ… രണ്ട് ചെവിയിൽ കയ്യും പിടിച്ച് നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്തോ… ഒരു പ്രത്യേക വാത്സല്യം തോന്നി അവളോട്…
ഒരു പുഞ്ചിരിയോടെ കണ്ണുകൾ ചിമ്മി സാരമില്ല എന്ന് ഞാൻ പറഞ്ഞതും അവളുടെ മുഖത്ത് നൂറ് വോൾട്ടിന്റെ ബൾബ് തെളിഞ്ഞു… ആദ്യം തന്നിലേക്കും പിന്നീട് വായിലേക്കും കൈകൾ ചൂണ്ടി തല ഇരുവശത്തേക്കും അനക്കി കൈകൾ കൊണ്ട് “ഇല്ല” എന്ന് അവള് ആംഗ്യം കാണിച്ചപ്പോൾ എന്റെ നെഞ്ച് പൊട്ടി..
അന്നത്തെ ദിവസത്തിന് ശേഷം അവളെ വീണ്ടും കാണണമെന്ന ആഗ്രഹം ആയിരുന്നു മനസ്സ് നിറയെ…. വിവാഹ ഷോപ്പിംഗിന് പോകാനായി എല്ലാവരും ഇറങ്ങിയപ്പോൾ, എട്ടനേക്കാളും മുൻപേ വണ്ടിയിൽ കയറി ഇരിക്കുന്ന എന്നെ കണ്ട് വീട്ടുകാർ ഞെട്ടി പണ്ടാരം അടങ്ങി…
കല്യാണത്തിന് കുറച്ച് ദിവസങ്ങൾ മുൻപാണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്…
“റിസപ്ഷന് ഒരു ഡാൻസ് കൊറിയോഗ്രാഫ് ചെയ്യുന്നുണ്ട്.. താല്പര്യമുണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വരുമോ….വിഷ്ണു എട്ടനോടും മാഹി ചേച്ചിയോടും പറയരുത്… സർപ്രൈസ് ആണ്…. സിയ”
തേടിയ വള്ളി കാലിൽ ചുറ്റി… ഒട്ടും സമയം കളയാതെ റിപ്ലൈ ടൈപ്പ് ചെയ്തു…
“എന്റെ പാർട്ണർ താൻ ആണെങ്കിൽ സമ്മതം…”
അതിന് റിപ്ലൈ ആയി ഒരു ” ? ഇമോജിയും” അതിന്റെ കൂടെ “ഒക്കെ” എന്നും കണ്ടപ്പോൾ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടി..
ആ ദിവസങ്ങളിൽ കൂടുതൽ അറിയികുയായിരുന്നു അവളെ… അടുത്ത് അറിയും തോറും അവൾ എന്നിൽ കൂടുതൽ കൂടുതൽ ആഴത്തിൽ വേര് ഉറപ്പിച്ചു…
കല്യാണവും റിസപ്ഷനും പൊടി പൊടിച്ചു.. ഞങ്ങളുടെ ഡാൻസ് കണ്ട് ഏട്ടനും എട്ടത്തിയും ഇതൊക്കെ “എപ്പോ… എങ്ങനെ… ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ രാമനാരായണ… “എന്ന എക്സ്പ്രേഷൻ ഇട്ട് ഇരിക്കുന്നത് കണ്ട് സത്യത്തിൽ ചിരി പൊട്ടി..
ദിവസങ്ങൾക്ക് ശേഷം കല്യാണത്തിന്റെ ആൽബം കിട്ടിയപ്പോൾ, എട്ടനേയും എട്ടത്തിയേയുംകാൾ ഫോട്ടോസ് കാണാനുള്ള തിടുക്കം എനിക്കായിരുന്നു… ആൽബത്തിന്റെ ഓരോ പേജും വേഗത്തിൽ മറിച്ച് മറിച്ച്, അവളുടെ ഫോട്ടോ വരുമ്പോൾ മാത്രം അതിലേക്ക് പ്രണയപൂർവം നോക്കിയിരിക്കുന്ന എന്നെ ഏട്ടൻ ശ്രദ്ധിച്ചു….
അന്ന് രാത്രി ഏട്ടൻ എന്റെ മുറിയിലേക്ക് വന്നു..
“എന്താ നിന്റെ ഉദ്ദേശം…”
“എന്ത് ഉദ്ദേശം…..”
“സിയയുടെ കാര്യം ആണ് ഞാൻ ചോദിച്ചത്… എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് നീ വിചാരിക്കേണ്ട…”
“ഇഷ്ടമാണ് ഏട്ടാ.. ഒരുപാട് ഇഷ്ടമാണ്… ജീവിതകാലം മുഴുവൻ കൂടെ കൂട്ടുവാൻ ഉള്ള ഇഷ്ടം…”
“അതൊന്നും ശരിയാവില്ല…അച്ഛനും അമ്മയും ഒന്നും സമ്മതിക്കില്ല…”
“അതെന്താ ഏട്ടാ.. ഏട്ടനും പ്രണയിച്ച് തന്നെ അല്ലെ ഏട്ടത്തിയെ വിവാഹം കഴിച്ചത്.. ആ ഏട്ടൻ തന്നെ ഇങ്ങനെ പറയണം…
“നീ ഓർക്കുന്നതുപോലെ എളുപ്പമല്ല…സംസാരിക്കാൻ കഴിവില്ലാത്ത കുട്ടിയാണ്…”
“ആര് പറഞ്ഞു ഏട്ടാ… അവള് സംസാരിക്കാറുണ്ട്.. കണ്ണുകൾ കൊണ്ടാണെന്ന് മാത്രം… “
അങ്ങനെ ഒരു മറുപടി ഏട്ടൻ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.. എന്റെ കണ്ണുകളിലേക്ക് കുറച്ച് സമയം നോക്കി നിന്നു…പതിയെ എന്റെ തോളിൽ ഒന്ന് തട്ടി ഏട്ടൻ പുറത്തേക്ക് പോയി..
വിചാരിച്ചത് പോലെ തന്നെ അച്ഛനും അമ്മയും കാര്യങ്ങൾ അറിഞ്ഞപ്പോൾ ആദ്യം സമ്മതിച്ചില്ല… പക്ഷേ എന്റെ സന്തോഷം അവള് ആണെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞു.. ഏട്ടനും എട്ടത്തിയും കട്ടക്ക് എന്റെ കൂടെ നിന്നു..
?????????????
ഏട്ടത്തി വഴി സിയയുടെ അച്ഛന്റെ അടുത്ത് കല്യാണക്കാര്യം സൂചിപ്പിച്ചപ്പോൾ എന്നെ ഒന്ന് തനിച്ച് കാണണം എന്ന് മാത്രം ആണ് അദ്ദേഹം പറഞ്ഞത്…
പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്തിനും അര മണിക്കൂർ മുൻപ് എത്തിയപ്പോൾ അദ്ദേഹം എനിക്കുവേണ്ടി കാത്തിരിപ്പുണ്ടായിരുന്നു…
“അങ്കിൾ നേരത്തെ എത്തിയോ????….”
“ഒരു 10 മിനിറ്റ് ആയിക്കാണും എത്തിയിട്ട്…” അദ്ദേഹം പുഞ്ചിരിക്കാൻ ശ്രമിച്ചു..
“അങ്കിൾ എന്താ എന്നെ തനിച്ച് കാണണം എന്ന് പറഞ്ഞത്…”
അങ്കിൾ പിന്നീട് പറഞ്ഞത് കേട്ട് ഞാൻ തറഞ്ഞ് ഇരുന്നുപൊയി..
അവിടെ നിന്നും തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ഇനി മുൻപോട്ട് എന്ത് എന്ന ചിന്ത ആയിരുന്നു മനസ്സിൽ നിറയെ… എന്ത് വന്നാലും സിയയെ വിട്ട്‌കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു…
??????????????
നാട്ടുനടപ്പ് അനുസരിച്ച് അച്ഛന്റെയും അമ്മയുടെയും കൂടെ സിയയെ പെണ്ണ് കാണാൻ ചെന്ന ദിവസം പതിവിനു വിപരീതമായി സിയയൂടെ അമ്മയാണ് ചായ കൊണ്ടുവന്നത്..
“അവള് അകത്തുണ്ട് മോൻ ചെന്ന് സംസാരിച്ചോളൂ…” എന്ന് അങ്കിൾ പറഞ്ഞപ്പോൾ ഞാൻ എണീറ്റ് സിയയൂടെ മുറി ലക്ഷ്യമാക്കി നടന്നു…
ഞാൻ അകത്തേക്ക് കയറി ചെന്നപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽപ്പുണ്ട് കക്ഷി.. ഒരു പിങ്ക് സാരി ആണ് വേഷം.. മുടി വിടർത്തി ഇട്ടിരിക്കുന്നു…
“സിയ…”
അവള് തിരിഞ്ഞ് നോക്കി… കണ്ണുകളിൽ നീർ തിളക്കം..
“എന്തെ കണ്ണ് നിറഞ്ഞത്.. എന്നെ ഇഷ്ടമല്ലേ..”
അവള് അല്ല എന്ന് തല കുലുക്കി…
ഇത്തിരി കൂടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു ഞാൻ വീണ്ടും ചോദിച്ചു…
“ശരിക്കും എന്നെ ഇഷ്ടമല്ല???”
വീണ്ടും അവള് അല്ല എന്ന് തല കുലുക്കി…
പറ്റാവുന്ന അത്രത്തോളം അവളിലേക്ക് ചേർന്ന് നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ വീണ്ടും ചോദിച്ചു..
“ഇഷ്ടമല്ല????….”
കരഞ്ഞ് കൊണ്ട് എന്നെ തള്ളി മാറ്റാൻ നോക്കുന്നതിനിടക്ക് സ്വന്തം മാറിലും കയ്യിലും കാലിലും ദേഹത്ത് മുഴുവനുമൊക്കെ തൊട്ട് അവള് എന്തൊക്കെയോ എന്നോട് പറയാൻ ശ്രമിച്ചു..
കാര്യങ്ങളെല്ലാം അങ്കിൾ നേരത്തെ പറഞ്ഞിരുന്നത് കൊണ്ട് അവള് ചീത്തയാ….എനിക്ക് ചേരില്ല എന്നൊക്കെയാണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായി…
“ശ്ശ്…. ശ്ശ്….” ,എതിർപ്പുകളെ അവഗണിച്ച് അവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചു…
” എനിക്കെല്ലാം അറിയാം.. ഏതോ തെണ്ടികൾ നിന്റെ അവസ്ഥ മുതലെടുത്ത് നിന്നെ ഉപദ്രവിച്ചു എന്ന് വെച്ച് നീ ചീത്തയാകുമോ.. അവർക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് കുറവാണ്….എങ്കിലും നീ ധൈര്യമായി നിന്ന്, അവർക്ക് നമ്മുടെ നാട്ടിൽ കിട്ടാവുന്നതിൽ മാക്സിമം ശിക്ഷ വാങ്ങി കൊടുത്തില്ലെ… . അച്ഛൻ നേരത്തെ എല്ലാം പറഞ്ഞിരുന്നു… ഇനി അതൊന്നും ഓർത്ത് വിഷമിക്കരുത്… എനിക്ക് നീയേ ചേരൂ… നീയേ കൊള്ളൂ… നിന്നേം കൊണ്ടേ ഞാൻ പോകൂ മോളെ ദിനേശി… അത്രക്ക് മോഹോബ്ബത് ആണ് എനിക്കീ മിണ്ടാപ്പൂച്ചയോട്….”
അവളുടെ മുഖം എന്റെ കൈകളിൽ കൊരി എടുത്തുകൊണ്ട് വീണ്ടും അവളോട് ഞാൻ ചോദിച്ചു…
“ഇപ്പോഴും ഇഷ്ടമല്ല????….”
പതിയെ അവള് എന്റെ നെഞ്ചിലേക്ക് മുഖം അമർത്തിയതും എനിക്ക് എന്റെ ചോദ്യത്തിന്റെ ഉത്തരം ലഭിച്ചിരുന്നു…
“അതേ.. ഇന്നിവിടെ ഫസ്റ്റ് നൈറ്റ് ഒന്നുമല്ല നടക്കുന്നത്.. വെറും പെണ്ണ് കാണൽ ആണ്…” അവിടേക്ക് കടന്നു വന്ന ഏട്ടത്തി പറഞ്ഞു…
“അയ്യോ ആണോ ഏട്ടത്തി… അറിഞ്ഞില്ല… ആരും പറഞ്ഞില്ല… ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
അപ്പൊഴേക്കും എന്നെ തള്ളി മാറ്റി എന്റെ മിണ്ടാപ്പൂച്ച ഏട്ടത്തിയുടെ പിറകിലേക്ക് ഓടി ഒളിച്ചിരുന്നു…
???????????????
“സിയ സിദ്ധാർത്ഥ്…”
സിസ്റ്റർ സിയയൂടെ പേര് വിളിക്കുന്നത് കേട്ടാണ് സിദ്ധാർത്ഥ് ഓർമ്മകളിൽ നിന്ന് ഉണർന്നത്…
സിദ്ധാർത്ഥും അമ്മയും അച്ഛനും ഏട്ടനും എട്ടത്തിയും ലേബർ റൂമിന്റെ വാതിൽക്കലെക്ക് ഓടി എത്തി…
“പെൺകുഞ്ഞ് ആണ് ട്ടോ.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു… “
കുറച്ച് സമയം കഴിഞ്ഞ് നഴ്സിന്റെ കയ്യിൽ നിന്ന് തന്റെ ചോരയെ ഏറ്റു വാങ്ങിയപ്പോൾ ആദ്യമായി ഒരു അച്ഛന്റെ വികാരം തന്നിൽ ഉടലെടുക്കുന്നത് സിദ്ധാർത്ഥ് അറിഞ്ഞു..
അന്ന് വളരെ വൈകി സിയയെ മുറിയിലേക്ക് കൊണ്ടുവന്നപ്പോൾ സിദ്ധാർത്ഥ് കുഞ്ഞിയെ അവളുടെ സൈഡിലേക്ക് കിടത്തി…
അവർക്കിത്തിരി സ്വകാര്യത കൊടുക്കാനായി അച്ഛനും അമ്മയും ഏട്ടനും എട്ടത്തിയും അവരുടെ കുട്ടികുറുമ്പനും റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി…
സിദ്ധാർത്ഥ് സിയയുടെ നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു… തന്റെ കുഞ്ഞിനേ പത്ത് മാസം ചുമന്ന് , എല്ല് നുറുങ്ങുന്ന വേദന സഹിച്ച് അവൾക്ക് ജന്മം കൊടുത്ത തന്റെ പാതിയോടുള്ള സ്നേഹം അവന്റെ ഉള്ളിൽ നിറഞ്ഞ് തുളുമ്പി… അവളുടെ കാതോരം അവൻ, തനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രണയഗാനം മൂളി…
“”നിനക്കായ് തോഴി…” പുനർജനിക്‌കാം..ഇനിയും ജന്മങ്ങൾ ഒന്ന് ചേരാം…..അന്നെന്റെ ബാല്യവും കൗമാരവും…നിനക്കായ് മാത്രം പങ്ക് വെയ്ക്കാം….ഞാൻ പങ്ക് വെയ്ക്കാം……”
(ബാലഭാസ്കർ – തേജസ്വിനി ?????)
തന്റെ ജീവിതവും ജീവനും ആയ സിധ്ഥുവിനോടും കുഞ്ഞിയോടും എന്നും ഇങ്ങനെ ചേർന്ന് ഇരിക്കാൻ തനിക്ക് സാധിക്കണമെ എന്ന പ്രാർത്ഥനയിൽ തന്റെ പാതിയുടെ മൂളിപ്പാട്ടും കേട്ട് ഒരു പുഞ്ചിരിയോടെ സിയയും മയക്കത്തിലേക്ക് വീണു…
ശുഭം…
NB: നിശ്ചയത്തിന്റെ അന്ന് എട്ടത്തിക്ക് ഏട്ടന്റെ വിരലിൽ അണിയിക്കാനുള്ള മോതിരം സിയയൂടെ കയ്യിൽ ആയിരുന്നു സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത്…ഒരുങ്ങി ഇറങ്ങിയപ്പോൾ മോതിരം മുറിയിൽ നിന്നും എടുക്കാൻ മറന്ന് പോയതുകൊണ്ട് ഓടി വന്ന് മുറിയിൽ നിന്നും മോതിരം എടുത്ത് തിരിച്ച് ഓടിയ ഓട്ടം ആണ് ഇന്നിപ്പോ ഇവിടെ വരെ എല്ലാം കൊണ്ടെത്തിച്ചത്…????…