പെണ്മ – എഴുത്ത്: മീനാക്ഷി മീനു
എന്തേ ഞാനൊരു പെണ്ണായ് പിറന്നു…?പലപ്പോഴും ഞാനെന്നോട് തന്നെ ചോദിക്കാറുണ്ടിങ്ങനെ…ഉത്തരം തരാനെന്റെ അമ്മയ്ക്കും കഴിഞ്ഞിട്ടില്ല ഇതുവരെ.
ചിലപ്പോൾ, അമ്മയും ചോദിച്ചുകാണുമായിരിക്കും ഇതേ ചോദ്യം ജീവിതത്തിൽ ഏതെങ്കിലുമൊരു സമയത്ത്…ഉത്തരം കിട്ടിക്കാണില്ല…
ഏതൊരു പെണ്ണിനേയും പോലെ…മാറ് മറയ്ക്കണമെന്നും മുട്ടിന് മുകളിൽ വരെ മുണ്ടുടുക്കണമെന്നും അച്ഛമ്മ പറയുന്ന നിമിഷത്തിലെല്ലാം ഞാൻ അനിയനായ അമ്പുവിനെ നോക്കും. അവനൊരു വള്ളിനിക്കർ തന്നെ ധാരാളമായിരുന്നു. അതെന്തേയെന്ന ചോദ്യത്തിന് ഒറ്റയുത്തരം മാത്രം, അവൻ ആണാണ്…
മരക്കൊമ്പിൽ തൂങ്ങാനും ചാടി ഓടാനും കാലം കഴിയവേ വിലക്കുകൾ സൃഷ്ടിക്കപ്പെട്ടപ്പോഴും കാരണം ഒന്നു തന്നെ.
“പെണ്കുട്ടികൾ അതൊന്നും ചെയ്തുകൂട…”
അതെന്തേയെന്ന് ചിന്തിച്ചെങ്കിലും ആഗ്രഹങ്ങൾ അടക്കിവെയ്ക്കാൻ കാലം കടന്നു പോകവെ ഞാനും നന്നായി പഠിച്ചുകാണണം. ചിതറിപ്പെയ്യുന്ന തുലാമഴ നോക്കി ഞാൻ തൊടിയിൽ നിൽക്കുമ്പോഴാണ് അന്നെന്നിൽ പെട്ടെന്നൊരു മാറ്റമുണ്ടായത്. ആദ്യമായെന്റെ പാവാടതുണിയിൽ രക്തത്തുള്ളികൾ ചിത്രം വരച്ചത് അന്നാണ്.
പെണ്ണായിപ്പിറന്നതിൽ ആനന്ദം തോന്നിയ നാൾ. എല്ലാവരുടെയും സ്നേഹവും കരുതലും ആഗ്രഹിച്ചതിനെക്കാൾ കൂടുതൽ ലഭിച്ച അതുപോലൊരു ദിവസങ്ങൾ പിന്നെയെന്റെ ജീവിതത്തിലുണ്ടായിട്ടില്ല. മാസത്തിൽ ഏഴ് ദിവസങ്ങൾ തീണ്ടാരിപ്പുരയിൽ തളച്ചിടുന്നതിന്റെ മുന്നോടിയാണ് ആ ആഘോഷമെന്നു എന്നോടെന്തെ ആരും പറയാഞ്ഞത്…
കുത്തിയൊലിച്ചൊഴുകുന്ന കടയാറ്റിൽപുഴയുടെ തീരത്തൂടെ കുളികഴിഞ്ഞു തുണികളും മാറോടടുക്കിപിടിച്ചു പോകുമ്പോഴായിരുന്നു പിന്നിലൊരു സൈക്കിൾ ബെൽ മുഴങ്ങിയതും എന്റെ കാലുകൾ വിറയലോടെ അവിടെ നിന്നതും…വിയർത്തൊട്ടിയ ഉള്ളംകൈക്കുള്ളിൽ വെച്ചു തന്നെയാ കടലാസ് കഷണമായിരുന്നു ജീവിതത്തിലാദ്യത്തെ പ്രണയലേഖനം…
മനയ്ക്കലെ താത്രിക്കുട്ടിക്ക് എഴുത്തു കൊടുത്തതിന്റെ പേരിൽ പറയചെറുക്കന് അടികൊണ്ടതും പൊട്ടിയൊലിച്ച കൈകാലുകളുമായി ചെറുക്കൻ തീവണ്ടി കയറിയതും വൈകിയാണറിഞ്ഞത്….ഇനി വരുമോ…? വരില്ലായിരിക്കും.
അടുത്ത മേടം പത്തിന് എനിക്കുള്ള പുടവയുമായി പുഴ കടന്നൊരു നൂൽ മീശക്കാരനെത്തി. പറയചെറുക്കൻ തൊട്ടത് ആരുമറിയരുതെന്നു സ്വകാര്യമായി പറഞ്ഞു അമ്മായി…ജീവനെടുക്കുന്ന തീട്ടാണ് പോലും, തീണ്ടികൂടാത്തത് തീണ്ടിയാൽ…
നൂൽ മീശക്കാരനൊപ്പം പുഴ കടന്നപ്പോൾ ഉള്ള് നിറയെ സന്തോഷമായിരുന്നുവോ…? അവിടെയും കാത്തിരിക്കുന്നൊരു തീണ്ടാരിപ്പുരയെന്നത് അപ്പോഴും അസ്വസ്ഥതയുളവാക്കിയിരുന്നു.
മദ്രാസിലൊരു ആപ്പീസിൽ കണക്കെഴുത്തുപ്പിള്ളയായിരുന്നു അദ്ദേഹം. പണക്കാരെല്ലാം പണം വീട്ടിൽ സൂക്ഷിക്കാറില്ല പോലും. എല്ലാവരും അത് ഈ ആപ്പീസിൽ കൊണ്ടുവന്നു ഇദ്ദേഹത്തിന്റെ കയ്യിൽ കൊടുക്കും. ആപ്പീസല്ല ബേങ്ക്….
ആറാം ക്ലാസ്കാരി ഭാര്യയ്ക്ക് വെള്ളക്കാരുടെ ഭാഷ അറിയില്ലെന്നത് അദ്ദേഹത്തിനൊരു കുറച്ചിലായിരുന്നു. പെണ്ണ് അധികം പഠിക്കരുത് എന്നു പറഞ്ഞതും പഠിത്തം നിർത്തിച്ചതും ഇദ്ദേഹത്തെപ്പോലെ ഒരാണായിരുന്നു. എന്റെ വല്യമ്മാവൻ..!!എന്തേ രണ്ടുപേർക്കും രണ്ടഭിപ്രായം…?
മദ്രാസിലെ ഇടുങ്ങിയ മുറികൾക്കിടയിൽ തീണ്ടാരിപ്പുരയില്ലെന്ന സന്തോഷത്തിന് ആയുസ്സുണ്ടായില്ല. “തിണ്ണയിൽ കിടക്കണം. ഈ പായെടുത്തോളു…ഇവിടെയൊന്നിലും തൊട്ടശുദ്ധമാക്കരുത്…” അത് പറയുമ്പോൾ ആ കണ്ണുകളിൽ അതുവരെ കണ്ട കാമമല്ലായിരുന്നു. അറപ്പായിരുന്നു. വിസർജ്യം തീണ്ടിയ തിരുമേനിയുടെ മുഖഭാവം പോലെ…
തണുപ്പേറ്റ് കീറപ്പായിൽ വയറമർത്തി കിടക്കുമ്പോൾ ഞാനോർക്കും പിന്നിൽ കേൾക്കുമായിരുന്ന ആ സൈക്കിൾ ബെല്ലിനെ കുറിച്ച്…പറയചെറുക്കന്റെ പുരയിൽ തീണ്ടാരിപ്പുരയുണ്ടായിരുന്നോ…?
ഏഴു ദിവസത്തെ അവഗണനയൊഴിവാക്കാനെങ്കിലും ഒരു അമ്മയാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു…ആ ദിവസങ്ങളെ അങ്ങേയറ്റം വെറുത്തതിനാലാവാം പിന്നീടെന്നെ തേടി അതെല്ലാ മാസവും വരാതെയായി. അതോടെ അമ്മയാകണം എന്ന സ്വപ്നവും എന്നിൽ നിന്നും അകന്നു പൊയ്ക്കൊണ്ടിരുന്നു…
നൂൽ മീശക്കാരന് ക്രമേണ കട്ടി മീശ വന്നു…എന്നും അറപ്പോടെ കണ്ട പെണ്മ പിണങ്ങുന്നതിൽ അദ്ദേഹം വിഷമിക്കുന്നത് കണ്ടെനിക്കത്ഭുതം തോന്നി. അതെന്തേ…? തീണ്ടലില്ലാത്തത് നല്ലതല്ലേ…?അവഗണനയുടെ കൂരമ്പേൽക്കാൻ…തീണ്ടാരിപ്പുരയിൽ വയറമർത്തി കിടക്കാൻ…ഒരുപാട് അരുതുകൾക്കുള്ളിൽ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കാൻ ഇനിയൊരു പെൺജന്മം എന്തിന്…?
കാലം കടന്നുപോയിരിക്കുന്നു. ഇനിയും അവഗണനകൾ സഹിക്കാൻ നിൽക്കാതെ എന്നിലെ പെണ്മ എന്നിൽ നിന്നും എന്നെന്നേക്കുമായി നിലച്ചുപോയിരിക്കുന്നു. ഉറവ വറ്റിയ കിണറായി പുതുജീവൻ തൊടാതെ വറ്റി വരണ്ടു പോയിരിക്കുന്നു ഗർഭപാത്രവും…
അദ്ദേഹത്തിനിപ്പോൾ എന്നോടറപ്പില്ല. തീണ്ടിക്കൂടായ്ക നോക്കാറില്ല. ഒരു വശം തളർന്നു കിടക്കുന്ന കിടപ്പിൽ ആ കണ്ണിൽ കാണുന്നത് സ്നേഹമായിരുന്നു. എനിക്ക് നീയും നിനക്ക് ഞാനുമെന്നു പറയാതെ പറഞ്ഞ കടലോളം സ്നേഹം…
തീണ്ടാരിപ്പുരകൾ ഇന്നില്ല. തളച്ചിടപ്പെടുന്ന പെണ്മയും…എങ്കിലും ഇന്നുമുണ്ട് ആ ഏഴ് ദിവസങ്ങളിൽ കണ്ണ് നിറയ്ക്കുന്ന, അവഗണിക്കപ്പെടുന്ന പെണ്മനസ്സുകൾ…എങ്കിലും ഏത് വേദനയിലും കണ്ണ് തുറന്നു ചിരിക്കാൻ അവൾക്ക് കഴിയും…അതെന്തേയെന്ന ചോദ്യത്തിന് ഒറ്റയുത്തരം മാത്രം…അവൾ പെണ്ണാണ് എന്നത് തന്നെ…