ഇവൻ ആ കൊച്ചിന്റെ കൂടെയാ പഠിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ കൊച്ചിനെ ഞാൻ ഇവന്റെ കൂടെ ടൗണിൽ വെച്ച് കണ്ടതാ സാറേ…

Story written by MAREELIN THOMAS

രാവിലെ കട്ടൻ കാപ്പിയും കുടിച്ച് ഉമ്മറത്ത് ഇരുന്ന് പത്രത്താളുകളിലൂടെ കണ്ണോടിക്കുകയായിരുന്നൂ ശിവ.. ആരോ തിടുക്കത്തിൽ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് ശിവ പത്രത്തിൽ നിന്ന് കണ്ണെടുത്ത് പുറത്തേക്ക് നോക്കി…. പാല് വാങ്ങാൻ കടയിലേക്ക് പോയ അച്ഛൻ വെപ്രാളത്തോടെ ഓടി വരുന്നു…

“എന്താ… എന്താ അച്ഛാ….. “

“ഡാ… നീ അറിഞ്ഞോ… വടക്കേലേ പ്രിയക്കുഞ്ഞ് ആത്മഹത്യ ചെയ്തു…. നിന്റെ കൂടെ പഠിച്ചതല്ലെ ആ കുഞ്ഞ്…. പാല് വാങ്ങാൻ കടയിൽ ചെന്നപ്പോൾ ആണ് ഞാൻ അറിഞ്ഞത്… പ്രണയ നൈരാശ്യം ആണെന്നാ കേട്ടത്… അതിന്റെ കല്യാണം നമ്മുടെ ഷാർജ ഗോപിയേട്ടന്റെ മകനുമായി തീരുമാനിച്ചിരുന്നത്രേ…. ഇനി വേറെ വല്ല പ്രശ്നവും ഉണ്ടായിരുന്നോ ആവോ..”

ഒരു നിമിഷം അച്ഛൻ പറഞ്ഞത് വിശ്വസിക്കാനാവാതെ ശിവ തറഞ്ഞ് നിന്നു… കേട്ടത് സത്യം ആവല്ലെ എന്ന പ്രാർത്ഥനയോടെ ശിവ പ്രിയയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു…കണ്ണുനീർ മുന്നോട്ടുള്ള വഴി മറയ്ക്കുന്നതനുസരിച്ച് ഷർട്ടിന്റെ കൈ കൊണ്ട് കണ്ണുകൾ തുടച്ച് കൊണ്ടിരുന്നു ശിവ.. അതേ സമയം ശിവയുടെ പ്രതികരണത്തിൽ സ്തബ്ധനായി നിൽക്കുകയായിരുന്നു ശിവയുടെ അച്ഛൻ…

പോലീസും ലോക്കല് ടി വി ചാനൽ റിപ്പർട്ടറുമടക്കം വലിയൊരു ജനാവലി തന്നെ പ്രിയയുടെ വീടിന് മുൻപിൽ തടിച്ച് കൂടിയിരുന്നു.. മുതിർന്ന പോലീസ് ഓഫീസർ എന്ന് തോന്നിപ്പിക്കുന്ന ആൾ സമീപവാസികളുടെ മൊഴി എടുത്തുകൊണ്ടിരുന്നൂ… എസ് ഐ ആയിരുന്നിരിക്കണം…

ഇൻക്വേസ്റ്റ് പൂർത്തിയാക്കി ബോഡി ആംബുലൻസിലേക്ക് കയറ്റുന്നത് കണ്ടതും ശിവയുടെ നിയന്ത്രണം വിട്ടു… വിറക്കുന്ന കാലടികളോടെ ബോഡിക്കടുത്തെക്ക് അവൻ നടന്നടുത്തത്തും, ഒരു പോലീസുകാരൻ വീടിനകത്ത് നിന്നും ഓടി പുറത്തേക്ക് ഇറങ്ങി വന്നു…

“സർ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്… “

“ങ്ഹെ…. ഇവിടെ കൊണ്ടുവാടോ…”

എസ് ഐ കത്ത് വാങ്ങി വായിച്ചു..

കുറിപ്പിൽ ഇത്രയും മാത്രം എഴുതിയിരുന്നു..

“എന്റെ മരണത്തിന്റെ ഉത്തരവാദി ശിവ മാത്രമാണ്…”

“ആരാടോ ഈ ശിവ…”

“സർ ദേ ഇവന്റെ പേര് ശിവ എന്നാണ്… ഇവൻ ആ കൊച്ചിന്റെ കൂടെയാ പഠിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ കൊച്ചിനെ ഞാൻ ഇവന്റെ കൂടെ ടൗണിൽ വെച്ച് കണ്ടതാ സാറേ…” അവിടെ കൂടിയിരുന്നവരിൽ ആരോ ഒരാള് ശിവയെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിളിച്ച് പറഞ്ഞു..

“ഇവിടെ വാടാ… ഈ കൊച്ചും ആയിട്ട് നിനക്കെന്താടാ ബന്ധം… പറയടാ…”

“സർ.. എന്റെ പ്രാണൻ ആണ് ഈ കിടക്കുന്നത്.. പക്ഷേ ഞാൻ ഒന്നും ചെയ്തിട്ടില്ല സാറേ..” ശിവ കരച്ചിലിനിടക്ക്‌ കൈ കൂപ്പി കൊണ്ട് പറഞ്ഞു…

“ഓഹോ.. ചുറ്റിക്കളി കേസാ അല്ലെ.. പിടിച്ച് ജീപ്പിൽ കയറ്റെടോ ഇവനെ.. സ്റ്റേഷനിൽ എത്തി രണ്ടെണ്ണം കൊടുത്ത് കഴിയുമ്പോൾ ഇവൻ സത്യങ്ങൾ എല്ലാം തത്ത പറയും പോലെ പറയും….”

പോലീസ്, ബലം പിടിച്ച് കൊണ്ടിരുന്ന ശിവയെ വലിച്ചിഴച്ച് ജീപ്പിലേക്ക്‌ കയറ്റി…

“അയ്യോ…സാറേ ഞാൻ ഒന്നും ചെയ്തിട്ടില്ല… എന്നെ കൊണ്ടുപോകല്ലെ… ” ശിവ കരഞ്ഞ് പറഞ്ഞു…

പൊടുന്നനെ ശിവയുടെ മുഖത്തേക്ക് ശക്തിയായി ആരോ വെള്ളം ഒഴിച്ചു… ശ്വാസം എടുക്കാൻ പോലും പറ്റാതെ ശിവ തല കുടഞ്ഞു….

“അയ്യോ…. ജലപീരങ്കി….. “,

“ആഡാ… ജലപീരങ്കി… എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട….”

ശിവ ഒരുതരത്തിൽ കണ്ണുകൾ വലിച്ച് തുറന്ന് നോക്കിയപ്പോൾ, മുന്നിൽ ഉഗ്രഭാവത്തിൽ അമ്മ….ഒരു കയ്യിൽ പാത്രവും മറുകയ്യിൽ ചട്ടുകവും…

“അയ്യോ… ആത്മഹത്യ…. പ്രിയ… പോലീസ് …”

“എന്നതാടാ കിടന്നു കൂവി വിളിക്കുന്നത്…. 10 മണി വരെ കിടന്നുറങ്ങിയിട്ട്‌ അവന്റെ ഓലക്കേമേലെ കാറിച്ച…”

‘ഈശ്വരാ.. സ്വപ്നം ആയിരുന്നോ.. നീ കാത്തു…’ ശിവ ആശ്വാസത്തോടെ ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട് ബെഡിലേക്ക്‌ ചാഞ്ഞു..

“രാവിലെ എണീറ്റ് പഠിച്ച് , നല്ല മാർക്ക് വാങ്ങി , എവിടെയെങ്കിലും ജോലിക്ക് കയറാൻ നോക്കേണ്ട സമയത്താണ് ആണ് സൂര്യൻ തലക്ക് മുകളിൽ എത്തുന്നത് വരെ കിടന്നുറങ്ങുന്നത്… അതിനിടക്ക് അവന്റെയൊരു ഒരു ച്വപ്നം…. എഴുന്നേറ്റ് പോടാ…അല്ലെങ്കിൽ ചട്ടുകവും കൊണ്ട് ഞാൻ ഒരു വരവ് കൂടി വരും…” പിറുപിറുത്തുകൊണ്ട് അമ്മ പുറത്തേക്ക് ഇറങ്ങി..

ജാതക പ്രാകരം രണ്ടു വർഷം കഴിഞ്ഞുള്ള ചിങ്ങത്തിൽ ആണ് തനിക്ക് കല്യാണ യോഗം എന്നും.. അപ്പോഴേക്കും ലൈഫിൽ സെറ്റിൽ ആവാതെ , ജോലിയും കൂലിയും ഇല്ലാതെ നടന്നാൽ അച്ഛൻ തങ്ങളുടെ വിവാഹത്തിന് ഒരു കാലത്തും സമ്മതിക്കില്ലെന്നും , വേറെ ആരെങ്കിലുമായി തന്റെ കല്യാണം ഉറപ്പിക്കാൻ ഇടയായാൽ ശിവയുടെ പേര് എഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്യും എന്നും തലേന്ന് രാത്രി ശിവയുടെ പ്രണയിനി പ്രിയ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് ശിവയുടെ ഓർമ്മയിലേക്ക് കടന്ന് വന്നു… അത് ഓർത്തോർത്ത് രാത്രി എപ്പോഴോ ഉറങ്ങിപ്പോയി…

“ആ ഫൂലൻ ദേവി ഒറ്റ ഒരുത്തി കാരണം പേടിച്ച് ഉറക്കത്തിൽ തന്നെ വടി ആയേനെ..
അവളുടെ ഒരു ഭീഷണി….”

“ഇനി ഇപ്പൊൾ അവള് പറഞ്ഞപോലെ ചെയ്താൽ.. ഹൊ.. ആത്മഹത്യ കുറിപ്പ്…പോലീസ്.. ഇടി… ഓർത്തിട്ട്‌ തന്നെ വിറക്കുന്നു…ഏത് സമയത്താണോ ഈ പ്രേമത്തിൽ ചെന്ന് ചാടാൻ തോന്നിയത്…നല്ല ബെസ്റ്റ് ടൈം ആയിരുന്നിരിക്കണം…എന്തായാലും നനഞ്ഞു…. ഇനി കുളിച്ചങ്ങ് കയറാം….”

ശിവ വേഗം എണീറ്റ് ഫ്രഷ് ആയി പഠിക്കാൻ ഇരുന്നു… പിന്നീടുള്ള ദിവസങ്ങളും മാസങ്ങളും കഠിന പ്രയത്നത്തിന്റെതായിരുന്നു…. തന്റെ പിടിപ്പുകേട് കൊണ്ട് പ്രിയയെ തനിക്ക് നഷ്ടമാകുന്നത് അവന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല….അത്രമേൽ അഗാധമായി ശിവ പ്രിയയെ പ്രണയിച്ചിരുന്നു…

?????????????

തനിക്ക് ഉണ്ടായിരുന്ന ബാക്ക് പേപ്പറുകളെല്ലാം ആ വർഷം തന്നെ എഴുതിയെടുക്കുകയും, അതോടൊപ്പം തന്നെ ഫൈനൽ ഇയർ പരീക്ഷയിൽ കോളേജിലെ ടോപ് 10 റാങ്കുകളിൽ ഇടം പിടിക്കുകയും ചെയ്തു ശിവ…. കൂടാതെ കാമ്പസ് പ്ലേസ്മെന്റിൽ നല്ലൊരു MNC il ജോലിയും കരസ്ഥമാക്കി… പഠനത്തിൽ ഉഴപ്പി നടന്നിരുന്ന ശിവയുടെ ഈ മാറ്റം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല…ഏറ്റവും കൂടുതൽ ഞെട്ടിയത് ശിവയുടെ അമ്മയും പ്രിയയും തന്നെയാണ്…

ഇത്രയും പെട്ടെന്ന് ശിവക്ക് ഇങ്ങനെ ഒരു മാറ്റം എങ്ങനെ ഉണ്ടായി എന്ന് പ്രിയ എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല… പലതവണ പ്രിയ കുത്തി കുത്തി ചോദിച്ചിട്ട് പോലും അവൻ താൻ കണ്ട സ്വപ്നം അവളോട് പങ്ക്‌ വെച്ചില്ല… വെറുതെ എന്തിനാ സെൽഫ് ഗോൾ അടിക്കുന്നത്… അല്ലെ….

ഇന്ന്, ശിവ അറിയപ്പെടുന്ന ഒരു ഐ ടി കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്..കുറച്ച് മാസങ്ങൾക്ക് മുൻപ്, ശിവയും പ്രിയയും അവരവരുടെ വീടുകളിൽ തങ്ങളുടെ പ്രണയം അറിയിച്ചു…. ആർക്കും അവർ ഒന്നിക്കുന്നതിൽ എതിരഭിപ്രായം ഉണ്ടായിരുന്നില്ല… വരുന്ന ചിങ്ങത്തിൽ ആണ് കല്യാണം..ജാതകപ്രകാരം അപ്പൊഴാണ് പ്രിയക്ക്‌ മംഗല്യ യോഗം… അത് കഴിഞ്ഞിട്ട് വേണം സ്വപ്നത്തില് ആണെങ്കിലും തന്നെ പോലീസ് പിടിക്കാൻ ഇടയാക്കിയ പ്രിയയോട് ശിവക്ക് പ്രതികാരം ചെയ്യാൻ…. പ്രതികാരം സ്നേഹത്തിന്റെ ഭാഷയിൽ ആയിരിക്കുമെന്ന് മാത്രം..

????????????

ശുഭം