Story written by Akc Ali
ഇത്തവണ തേങ്ങ മറിച്ചു വിറ്റ കണക്കാണ് അമ്മ ചോദിച്ചത്…
എന്റെ കാര്യം കൂടി നടക്കണ്ടേ അമ്മേ എന്ന് ഞാന്‍ ചോദിച്ചതിന്..അമ്മയുടെ സ്ഥിരമുത്തരം തന്നെ അതിനു സ്വന്തമായി അധ്വാനിച്ചുണ്ടാക്കണമെന്നായിരുന്നു. പരിഹാസ ഭാവം വേറെയും…
സ്വന്തമായി അധ്വാനിച്ച് വല്ലതും ഉണ്ടാക്കിയ ഈ ഓണം കേറാ മൂലയിൽ താമസിക്കോ…പറക്കില്ലേ എങ്ങോട്ടെങ്കിലും എന്ന് ഞാന്‍ പറഞ്ഞതിന്..റേഷന്‍ കാര്‍ഡിൽ നിന്ന് പേര് വരെ വെട്ടുമെന്നായിരുന്നു പെറ്റ തള്ളയുടെ ഭീഷണി…
കണക്കിൽ വലിയ പിടിയില്ലേലും ഞാൻ മറിച്ചു വിക്കണതിൻ കണക്കൊക്കൊ അമ്മ കണ്ടു പിടിക്കാൻ തുടങ്ങീക്കണ്…
പല കള്ളത്തരവും പിടിക്കപ്പെട്ടു തുടങ്ങിയ സ്ഥിതിക്ക് ഇനി അതീവ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍ എന്ന് തീരുമാനിച്ചു..
മട്ട് കണ്ടിട്ട് ഇത്തവണ ഞാന്‍ പ്ലാൻ ചെയ്ത ഊട്ടി ട്രിപ്പ് ഓട്ട വീണ ജട്ടി പോലെയാവാനുള്ള സാധ്യതയാണ് കാണണത്..
പോകാത്ത അമ്പലങ്ങളുടെ പേര് പറഞ്ഞു ഇത്തവണയും അമ്മയുടെ കയ്യിൽ നിന്നും കുറച്ചു പൈസ കൂടി തരപ്പെടുത്തി എടുക്കണം…
തിരുപ്പതി പറഞ്ഞൊരു വട്ടം വാങ്ങി വീട്ടില്‍ വന്നപ്പോള്‍ കള്ളക്കളി പിടിക്കപ്പെട്ടത് തല മൊട്ടയടിക്കാത്തത് കണ്ടായിരുന്നു..ഇത്തവണ ആചാര ചടങ്ങ് നോക്കി തന്നെ ബുദ്ധിയിറക്കണം..
ഊട്ടിയില്‍ പോകാന്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാരും പ്ലാൻ ചെയ്തതാണ് അതിലേക്ക് ചേർക്കാൻ ഇനിയും വേണം പൈസ..ഊട്ടിയില്‍ പോണ കാര്യം പറഞ്ഞ അമ്മ ആ വഴി ഓടിക്കും അതിനാല്‍ എന്തെങ്കിലും കള്ളം പറഞ്ഞ് കയ്യിൽ നിന്നും കുറച്ചു പൈസ കൂടി തരപ്പെടുത്തി എടുക്കണം…
അങ്ങനെ ഊട്ടിയില്‍ പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴാണ് അമ്മ പറഞ്ഞത് ആ തണുപ്പ് മുഴുവന്‍ കൊണ്ട് ഇവിടെ വന്ന് കിടന്നാൽ നോക്കാൻ ഒരാളെ കൂടി കൊണ്ട് വന്നേക്കണമെന്ന്…അമ്മക്ക് മനസ്സിലായി എന്റെ പോക്ക് ഊട്ടിക്ക് തന്നെയുള്ള പെടാപ്പാടാണെന്ന്..
വരണ വഴി ഒരു തമിഴത്തിയെ കൊണ്ട് വന്നാലോ അമ്മേ എന്ന് ചോദിച്ചതിന് കേട്ടതെല്ലാം ലേറ്റസ്റ്റ് ചീത്തകളായിരുന്നു…
എന്തായാലും കൂട്ടാരുടെ കൂടെ ഊട്ടിക്ക് വിട്ടു. ഊട്ടിയിലെ കുളിരും കാഴ്ചകളും കണ്ട് മതി മറന്നു പോയ നിമിഷങ്ങള്‍…
ഊട്ടി മൊത്തം കറങ്ങി ഒരു വിധം തളർന്നപ്പോൾ വീട്ടിലേക്ക് തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു….
പാതി രാത്രിയാണ് വീടെത്തിയത്. ആ പാതി രാത്രി തന്നെ അമ്മയെ വാതിലിൽ മുട്ടി വിളിച്ചു…സാധാരണ ങ്ങോട്ടേലും തെണ്ടാന്‍ പോയ വരാന്തയിൽ കിടന്നു നേരം വെളുപ്പിക്കാറാണ് പതിവ്..ഇന്ന് നല്ല വിശപ്പുണ്ട് എന്തേലും കഴിക്കണം വെള്ളമൊഴിച്ച് വെച്ച ചോറായാലും മതി എന്ന ചിന്തയോടാണ് വാതിലിൽ തട്ടി അമ്മയെ വിളിച്ചത്…
ഏറെ വിളിച്ചിട്ടും മറുപടി ഒന്നും കിടാഞ്ഞപ്പ ഒന്ന് കൂടി ഉച്ചത്തില്‍ വിളിച്ചു കൂവി ഞാൻ..
അതു കേട്ടാണ് അയലത്തെ വീട്ടിലെ സരളേടത്തി ഉണർന്നതെന്ന് തോന്നുന്നു സരളേച്ചി പുറത്തിറങ്ങി വന്നു..എന്നെ കണ്ടപ്പോ തന്നെ സരളേടത്തി രണ്ട് ചീത്ത വിളിച്ചു..
പിന്നെയാണ് പറഞ്ഞത് അമ്മ ഒന്ന് തലകറങ്ങി വീണതും ആശുപത്രിയില്‍ കൊണ്ടുപോയിരിക്കാണ് എന്ന കാര്യവും..
എന്റെ ഉള്ളില്‍ ഒരു പിടച്ചിൽ പാഞ്ഞു കയറി. ഞാൻ പോയാല്‍ അമ്മ തനിച്ചാണ് വീട്ടില്‍ എന്നത് ഞാന്‍ മറക്കാന്‍ പാടില്ലാത്തൊരു കാര്യമായിരുന്നു…..
ഞാൻ ഉടനെ ഒരു ഓട്ടോ തരപ്പെടുത്തി ആശുപത്രിയിലേക്ക് തിരിച്ചു….ആശുപത്രിയിലേക്ക് പോകുമ്പോൾ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു…
എന്നെ വിട്ടാല്‍ അമ്മക്കാരാ എന്നതൊരിക്കലും ഞാനോർത്തിട്ടില്ല ചിന്തിച്ചിട്ടില്ല…
എല്ലാമറിയാമായിരുന്നിട്ടും അമ്മ ഒരിക്കലും എന്റെ സന്തോഷങ്ങൾക്ക് എതിരു നിന്നിട്ടില്ല..
എന്നും അമ്മയുടെ രണ്ട് വഴക്ക് കേട്ടില്ലേൽ ആ ദിവസം തന്നെ ഒരു സുഖമില്ലാത്ത പോലായിരുന്നു..
എപ്പോഴും എന്റെ ഉയർച്ച മാത്രം ചിന്തിക്കുന്ന അമ്മയെ ഞാന്‍ എവിടെയും കാണാൻ ശ്രമിച്ചില്ല…
ഞാനൊരു കര പറ്റുന്നതാണ് അമ്മയുടെ സ്വപ്നമെന്ന് അമ്മ പറയുമ്പോഴെല്ലാം ഞാനൊരു ചിരിയോടെ അതു മറു ചെവിയിലൂടെ പുറത്തേക്ക് വിട്ടിരുന്നു…
ഒരു ഇടർച്ചയോടെ ഞാൻ എന്നോട് തന്നെ ചോദിച്ചു അമ്മ കൂടി ഇല്ലേൽ പിന്നെ ഞാൻ തനിച്ചല്ലേ….എന്റെ കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി..
ആശുപത്രിയില്‍ എത്തിയ പാടെ ഞാൻ അമ്മയെ കിടത്തിയ ഇടം കണ്ടെത്തി. അമ്മയുടെ അടുത്ത് എത്തും വരെ എന്റെ മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല..
അമ്മയുടെ അടുത്തേക്ക് ഞാൻ നടന്നു അമ്മയെ കിടത്തിയിരുക്കുന്ന റൂമിന്റെ വാതില്‍ ഞാൻ തുറന്നു..എന്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ അമ്മ വാതിൽക്കലേക്ക് നോക്കി കിടക്കുന്നതാണ് ഞാൻ കണ്ടത്..ആ കാഴ്ച കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ ഒന്ന് കൂടി നിറഞ്ഞു…അതു കൊണ്ടാവണം അമ്മ പറഞ്ഞത് അമ്മക്ക് ഒന്നുമില്ല വീട്ടില്‍ പോയി കിടക്കാം എന്ന്. പിന്നെ ഈ കൊണ്ട് വന്ന ഈ മാത്തുകുട്ടി സമ്മതിച്ചില്ല എന്നൊക്കെ..
നീ എന്തേലും കഴിച്ചോ എന്നായിരുന്നു പിന്നെ അമ്മ ചോദിച്ചത്…ഞാൻ നിറ കണ്ണുമായി അമ്മയുടെ അടുത്തിരുന്നു…എന്നെ സമാധാനപ്പെടുത്താൻ അമ്മ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..
പിറ്റേ ദിവസം ഡിസ്ചാര്‍ജ് ചെയ്തു അമ്മയേയും കൂട്ടി പോകുമ്പോൾ അടുത്തുള്ള അമ്പലത്തില്‍ അമ്മയേയും കൂട്ടിയിറങ്ങി ഒന്ന് പ്രാർത്ഥിച്ചു…
പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടിൽ തന്നെ ഞാനിരിക്കണത് കണ്ടമ്മ ചോദിച്ചു നീ പുറത്തൊന്നും പോണില്ലേ എന്ന്..
എനിക്ക് അമ്മയോട് പറയണമെന്നുണ്ട് ഞാൻ പോയാല്‍ അമ്മ തനിച്ചല്ലേ ഇവിടെ എന്ന് എങ്കിലും ഞാൻ അമ്മയോടത് പറഞ്ഞില്ല..
അമ്മയോടൊപ്പം തന്നെ ഇനി ഇപ്പൊ..വീട്ടിലൊരുത്തി വരും വരെ എന്ന് പറയുമ്പോള്‍ അമ്മ അത്ഭുത പൂർവ്വം എന്നെ നോക്കുന്നുണ്ടായിരുന്നു…
അമ്മയുടെ ആഗ്രഹങ്ങളിലേക്കുള്ള പുലരികളെ ചേർത്തു പിടിച്ചായിരുന്നു പിന്നെയുള്ള എന്റെ ചുവടുകൾ….അമ്മയുടെ സന്തോഷം എന്നിലൂടെയാണേൽ അതല്ലേ ഇനി ഞാൻ പൂർത്തിയാക്കേണ്ടത്…
എങ്കിലും അമ്മയുടെ രണ്ട് ചീത്ത കേൾക്കാൻ ഞാൻ ഇപ്പോഴും നിന്ന് കൊടുക്കും…അതാണ് എനിക്കിഷ്ടവും…