എഴുത്ത് : മഹാ ദേവൻ
അന്നും പാതിരാത്രി നാല്കാലിൽ ആടിയാടി വരുന്നത് സതീശനെ കണ്ടപ്പോൾ തന്നെ അയല്പക്കത്തെ ആളുകൾ എത്തിനോക്കാൻ തുടങ്ങിയിരുന്നു. എന്നും കേൾക്കാറുള്ള ഭരണിപ്പാട്ടു കഴിയുമ്പോൾ രാത്രി 11 മണിയോട് അടുക്കും. അത് എന്നും ഉള്ളതാണ്.
അടുത്തുള്ളവർ ശല്യം കാരണം പല വട്ടം പറഞ്ഞിട്ടും ഭീഷണിപ്പെടുത്തിയിട്ടും വല്യ പ്രയോജനമൊന്നും ഉണ്ടാകാത്തത് കൊണ്ട് ഇപ്പോൾ ആരും ആ വീട്ടിലെ കാര്യങ്ങളിൽ ഇടപെടാതായി. അവരെല്ലാം ഇപ്പോൾ കാഴ്ചക്കാർ മാത്രമായി ഒതുങ്ങുമ്പോൾ എന്നും കരയാൻ മാത്രം വിധിക്കപ്പെട്ട ഒരു പെണ്ണുണ്ടായിരുന്നു ആ വീട്ടിൽ.
‘രമണി’
ആടി വരുന്ന സതീശനെ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ അവളുടെ ഹൃദയം കൂടുതൽ മിടിക്കാൻ തുടങ്ങിയിരുന്നു. “ഇന്നിപ്പോ എന്ത് പുകിലാണാവോ ഉണ്ടാകുക…” എന്ന ഭയം അവളുടെ ഉള്ളിൽ ഞെരിപിരികൊണ്ടു. ഒന്നുമറിയാതെ ഉറങ്ങുന്ന മകളുടെ മുടിലൂടെ തലോടി ഒരു ഉമ്മയും കൊടുത്തു പുതപ്പെടുത്തു പുതപ്പിച്ചു പുറത്തേക്ക് വരുമ്പോൾ സതീശൻ ഉമ്മറത്തേക്ക് കയറാൻ പെടാപാട് പെടുന്നത് കണ്ട പാടെ ഓടിച്ചെന്ന് ആ കൈ പിടിച്ച് താങ്ങുമ്പോൾ ഒറ്റ ആടായിരുന്നു അവൻ,
“പ്ഫാ…കയ്യീന്ന് വിടടി കഴിവെർടെ മോളെ…അവളുടെ ഒരു ശൃംഗാരം. അവളിപ്പോ വന്നേക്കുവാ ന്നേ താങ്ങാൻ…അല്ലെങ്കിലേ നീ എനിക്കിട്ട് പലപ്പോഴും താങ്ങുന്നുണ്ടെന്ന് നിക്ക് അറിയാം…കേട്ടോടി ഭാര്യേ…”
പിന്നെ കേട്ട വാക്കുകൾക്ക് മുന്നിൽ അവൾ ചെവി പൊത്തുമ്പോൾ അയൽപ്പക്കത്തെ ആമത്തലകൾ മതിലിന് മുകളിലൂടെ എത്തി നോക്കുന്നുണ്ടായിരുന്നു. “ന്റെ മനുഷ്യ…ങ്ങനെ നാട്ടുകാരെ കൊണ്ട് പറയിക്കാതെ ഇങ്ങോട്ട് കേറി വാ…ന്നേ നിങ്ങൾ എന്ത് വേണേലും പറഞ്ഞോ…എന്റെ വിധിയാണല്ലോ ഇത്. പക്ഷേ, എന്തിനാ എന്നും ഇതെല്ലാം മറ്റുള്ളവരെ കേൾപ്പിക്കുന്നത്.” എന്ന് ചോദിച്ചപ്പോൾ അവനവളെ തള്ളി മാറ്റി,
“ന്തോന്നാടി, നാട്ടുകാർ കേട്ടാൽ അവരെന്നെ മൂക്കിൽ വലിച്ചു കേറ്റുമോ…? കുറെ നാട്ടുകാർ വന്നിരിക്കുന്നു. പോവാൻ പറയെടി അവന്മാരോട്…ഞാനേ, ആരുടേം ഓശാരത്തിലല്ല കുടിക്കുന്നത്. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് കൊണ്ടാണ്. പിന്നെ കുടിച്ചിട്ട് വഴിതെറ്റി ആരുടേയും വീട്ടിൽ ഇരുട്ടിന്റെ മറവിൽ അന്തിയുറങ്ങാനും പോയിട്ടില്ല. അങ്ങനെ പോകുന്ന കുറെ അവന്മാർ ഉണ്ട് ഇവിടെ…വള്ളിബനിയനും കുഞ്ഞ് നിക്കറും ഇട്ടു ഗ്യാസ് കേറി വീർത്ത പള്ളയും കാട്ടി പതിനെട്ട് തികയാത്ത കുട്ടികളെ കണ്ടാൽ പോലും ഒലിപ്പിക്കുന്ന, പറ്റിയാൽ ഏത് ബെഡ്റൂമിലും നുഴഞ്ഞു കയറുന്ന അഭിനവഅമ്മാവന്മാർ…ത്ഫൂ…”
അപ്പുറത്തേക്കൊന്ന് നോക്കി നീട്ടിയൊന്നു തുപ്പിയപ്പോൾ അവിടെ ഉണ്ടായിരുന്ന തലകൾ ഉള്ളിലേക്ക് വലിയുന്നത് കണ്ടുകൊണ്ടാണ് സതീശൻ അവളോടൊപ്പം ഉള്ളിലേക്ക് നടന്നത്. കൂടെ…”ഇതൊക്കെ അവർക്കുള്ള ഒരു മരുന്നല്ലേ മോളെ…” എന്ന് പറയും പോലെ രമണിയോടൊന്ന് കണ്ണിറുക്കി കാണിക്കാനും മറന്നില്ല.
നേരെ കുളിയും കഴിഞ്ഞു ഉള്ളത് വാരിവലിച്ചുകഴിച്ച് കിടക്കാൻ നേരം കരഞ്ഞു തിണർത്ത മുഖവുമായി വന്ന രമണിക്ക് എന്നത്തേയും പോലെ അന്നും പറയാനുണ്ടായിരുന്നത് സങ്കടങ്ങൾ മാത്രമായിരുന്നു.
“അല്ലേലും എല്ലാം എന്റെ തലേലെഴുതാ…ങ്ങനെ അനുഭവിക്കാൻ മാത്രം കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്ത് പാപമാണ് ചെയ്തത് ന്റെ ദൈവമേ…” എന്നവൾ സ്വയം പ്രാകിപറയുമ്പോൾ എന്നത്തേയും പോലെ “നാളെ മുതൽ ഞാൻ കുടിക്കില്ല രമണി…” എന്ന വാക്ക് മാത്രമായിരുന്നു അവന് അവൾക്ക് മുന്നിൽ തൊഴുതുകൊണ്ട് പറയാൻ ഉണ്ടായിരുന്നത്.
“അതെ, നാളെ മുതൽ നിങ്ങൾ കുടിക്കില്ല…ഇത് എന്നും രാത്രി പറയുന്നതല്ലേ. എന്നിട്ടോ…രാവിലെ ഇറങ്ങി പോകുമ്പോൾ എന്നോടും മോളോടും നല്ല സ്നേഹവും ആയിരിക്കും…ന്ന രാത്രി കേറി വരുന്നതോ വീണ്ടും നാല് കാലിലും…മടുത്തു എനിക്ക്. മനുഷ്യന് ചത്താൽ മതിയെന്നായി…പക്ഷേ, ഈ കൊച്ചെന്ത് പിഴച്ചു. ഞാൻ കൂടി പോയാൽ പിന്നെ ഇതിന് ആരും ഉണ്ടാകില്ലലോ എന്നോർക്കുമ്പോൾ ചാവാനും തോന്നുന്നില്ല. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ ബുദ്ധിമുട്ട് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. അത് അനുഭവിച്ചു നോക്കണം. ഇങ്ങനെ കുടിച്ച് വരുമ്പോൾ കാത്തിരിക്കാൻ ഇവിടെ ഇങ്ങനെ ഒരാൾ ഉള്ളത് കൊണ്ടാ നിങ്ങൾക്ക് പറഞ്ഞതൊന്നും തലയിൽ കേറാത്തത്. കണ്ണുള്ളപ്പോൾ അറിയില്ല അതിന്റെ ഗുണം.”
അവൾ കരഞ്ഞു കൊണ്ട് തിരിഞ്ഞു കിടക്കുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു, “ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല രമണി, പക്ഷേ, പറ്റുന്നില്ല…” എന്ന്…
അങ്ങനെ നീണ്ടു പോയ ദിവസങ്ങൾക്കിടയിലേക്കാണ് കൊറോണ വില്ലനായി കയറിവന്നത്. ഓരോ കുടുംബത്തിന്റെയും താളം തെറ്റിച്ച കൊറോണ കാരണം ഒരു തുളളി കുടിക്കാൻ പരക്കം പാഞ്ഞവരിൽ സതീശനും ഉണ്ടായിരുന്നു.
പക്ഷേ, ഒരു പെഗ്ഗ് പോലും കിട്ടാൻ വഴിയില്ലാത്ത അവസ്ഥയിൽ അതിനോട് പൊരുത്തപ്പെട്ട ദിവസങ്ങളിൽ ഒന്നവന് മനസ്സിലായി, “ഒന്ന് മനസ്സറിഞ്ഞു വിചാരിച്ചാൽ നിർത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ ഈ കുടി…” എന്ന്. അത് മനസ്സിലാകാൻ കോവിഡ് വരേണ്ടി വന്നു എന്ന് മാത്രം…
ആ ദിവസങ്ങളിൽ ആയിരുന്നു ശരിക്കും സന്തോഷം എന്താണെന്ന് അവൻ അറിഞ്ഞത്…രമണിയുടെ ചിരിക്കുന്ന മുഖം കണ്ടത്…അച്ഛന്റെ സ്നേഹം കൊതിക്കുന്ന മകളെ കണ്ടത്…ഇതെല്ലാം കളഞ്ഞ് കള്ളിനെ മാത്രം സ്നേഹിച്ച ദിവസങ്ങളെ കുറിച്ചേർത്തപ്പോൾ ശരിക്കും “താൻ വീട്ടുകാർക്ക് ആരായിരുന്നു…” എന്ന് മനസ്സിലാക്കാൻ കഴിയുന്നത് ഇപ്പോഴാണെന്ന് അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
അന്ന് മോളോടൊപ്പം കളിച്ചിരിക്കുന്ന സമയം വീട്ടിലേക്ക് കയറി വരുന്ന ദിവാകരൻ മാഷെയും കൂടെ കുറച്ചു പേരെയും കണ്ടപ്പോൾ സതീശൻ പുഞ്ചിരിയോടെ എഴുനേറ്റു, അവർക്കരികിലെത്തിയ മാഷ് ഒരു കിറ്റ് പുഞ്ചിരിയോടെ അവന് നേരെ നീട്ടി, “സതീശാ…ഇത് കുറച്ച് വീട്ട് സാധനങ്ങൾ ആണ്. എല്ലാ വീട്ടിലും ഓരോ കിറ്റ്. മറ്റുള്ള സാധനങ്ങൾ റേഷൻകടയിൽ വരുന്നുണ്ട്. വാങ്ങാൻ മറക്കണ്ട…” എന്ന് പറഞ്ഞപ്പോൾ “ശരി മാഷേ…” എന്നും പറഞ്ഞ് സന്തോഷത്തോടെ ആ കിറ്റ് വാങ്ങി അവൻ.
ആ സമയം കൂടെ വന്നവരോടെല്ലാം അടുത്ത വീട്ടിൽ സാധനം കൊടുക്കാൻ പറഞ്ഞ് അവരെ വിട്ട് മാഷ് അവന് നേരെ തിരിഞ്ഞു, “പിന്നെ എങ്ങനെ ഉണ്ട് സതീശാ കൊറോണ കാലം ഒക്കെ…വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തത് കൊണ്ട് കുടി ഒന്നും നടക്കുന്നില്ല അല്ലെ. നന്നായി, അത്ര ദിവസമെങ്കിലും നീ കുടിക്കാതിരിക്കുമല്ലോ…”
ഇപ്പോൾ ഒരു അവസരമാണ് സതീശാ. ഇത്ര ദിവസം നിനക്ക് കുടിക്കാതിരിക്കാൻ കഴിഞ്ഞെങ്കിൽ അത് ഇനിയും തുടർന്നു പോകാൻ പറ്റും. നമ്മൾ ഒന്ന് മനസ്സറിഞ്ഞു വിചാരിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെടാ. ദേ, ഇപ്പോൾ തന്നെ കിട്ടാത്തത് കൊണ്ടാണെങ്കിലും നിനക്ക് കുടിക്കാതെ ഇരിക്കാൻ കഴിയുന്നില്ലേ. മക്കളോടൊത്തു ഒരുപാട് സമയം സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നില്ലേ…ഭാര്യയുടെ സന്തോഷം കാണുന്നില്ലേ…ഇതൊക്കെ ആണ് മദ്യത്തിന് അടിമയാകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് എന്ന് ഇനിയെങ്കിലും ഒന്ന് ഓർത്താൽ മതി.
ഒന്ന് ഓർത്ത് നോക്ക് നീ കുടിച്ച് വരുന്ന ദിവസങ്ങളിലെ ഈ വീടിന്റ അവസ്ഥ. ഇതുപോലെ നിനക്ക് മോളോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ കഴിഞ്ഞിട്ടുണ്ടോ…? എന്നെങ്കിലും ഇതുപോലെ അവളോടൊപ്പം കളിക്കാൻ പറ്റിയിട്ടുണ്ടോ…? എന്തിന് രമണിയുടെ ചിരിക്കുന്ന മുഖം നീ കണ്ടിട്ടുണ്ടോ…? ഇല്ലല്ലോ…അത് എന്തുകൊണ്ട് ആയിരുന്നു എന്ന് ഇപ്പോൾ നിനക്ക് ചിന്തിച്ചാൽ മനസ്സിലാകും. കാരണം നീ ഇപ്പോൾ മദ്യത്തിന്റ ലഹരിയിൽ അല്ല…അവൻ എല്ലാം കേട്ട് കൊണ്ട് തലതാഴ്ത്തി നിൽക്കുമ്പോൾ മാഷ് തുടർന്നു….
മദ്യം കുടിക്കുന്നത് തെറ്റാണെന്ന് ഞാൻ പറയില്ല. കാരണം ഞാനും കഴിക്കാറുണ്ട്. പക്ഷേ, ഒരിക്കലും ആ മദ്യം എന്നെ കുടിച്ചിട്ടില്ല. പക്ഷേ, നീ മദ്യം കുടിക്കുകയല്ല, ആ മദ്യം നിന്നെ കുടിക്കുന്ന അവസ്ഥയിൽ ആയിരുന്നു. അതിൽ നിന്നും ഒരു മാറ്റം വരാൻ നമ്മൾ നമ്മളെ അറിഞ്ഞാൽ മതി, നമ്മളെ കാത്തിരിക്കുന്നവരുടെ മുഖം ഓർത്താൽ മതി. വീട്ടിൽ ഭർത്താവിനെ കാത്തിരിക്കാൻ ഭാര്യ ഉണ്ടെന്ന് ഓർത്താൽ മതി. അച്ഛനോടൊപ്പം കെട്ടിപിടിച്ച് തല്ലുകൂടി കിടക്കാൻ കൊതിക്കുന്ന ഒരു മകൾ കാത്തിരിക്കാറുണ്ട് എന്ന് ഓർത്താൽ മതി….അതിനേക്കാൾ എല്ലാം ഉപരി ഒരു കുടുംബത്തിന്റ അടിത്തറ നീയാണെന്ന ബോധം നിനക്കമുണ്ടായാൽ മതി…
നീ കുടിച്ചോ സതീശാ…വേണ്ടെന്ന് പറയുന്നില്ല പക്ഷേ, അതിനൊക്കെ ഒരു പരിധി നമ്മൾ സ്വയം ഉണ്ടാക്കിയാൽ മതി. നമ്മൾ നമ്മൾ ആയി തന്നെ നില്കാൻ കഴിയുന്ന പോലെ….
മാഷുടെ ഓരോ വാക്കുകളിലും ഒരായിരം ശരിയുണ്ടെന്ന് അവന് മനസ്സിലായിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബോധ്യമായതായിരുന്നു അതെല്ലാം….സ്നേഹവും സന്തോഷവും ഒരു വീട്ടിൽ എത്രത്തോളം വലുതാണെന്ന് തിരിച്ചറിഞ്ഞത് ഈ ദിവസങ്ങളിൽ ആയിരുന്നു…
ശരിയാണ് മാഷേ, ഈ കുറച്ചു ദിവസങ്ങളിൽ ആണ് ശരിക്കും ഞാൻ ഞാനായത്. ഞാൻ ഇത്ര നാൾ എങ്ങനെ ആയിരുന്നു എന്ന് മനസ്സിലായത്. അന്നൊക്കെ നിർത്താൻ പല വട്ടം വിചാരിച്ചെങ്കിലും കൈ വിറക്കുമായിരുന്നു. പക്ഷെ, കിട്ടാതായപ്പോൾ മനസ്സിലായി കഴിക്കാതെ ഇരിക്കാൻ എന്നെ കൊണ്ട് കഴിയുമെന്ന്. ന്തായാലും ഈ കൊറോണ കാലത്ത് പലർക്കും പലതും നഷ്ടമാകുമ്പോൾ എനിക്ക് കിട്ടിയത് ഒരു തിരിച്ചറിവ് ആണ്. കൂടെ ഞാൻ മനപ്പൂർവം നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്ന എന്റെ ജീവിതവുമാണ്.
അവനത് പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഒരു സന്തോഷക്കണ്ണീര്…
ആ സമയത്താണ് മാഷുടെ ഫോൺ അടിച്ചത്. അത് എടുത്ത് ചെവിയിൽ വെക്കുമ്പോൾ മാഷുടെ മുഖത്തൊരു സന്തോഷം ഉണ്ടായിരുന്നു. ആ കാൾ കട്ട് ചെയ്ത ശേഷം മാഷ് അവനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു,
“മ്മടെ ഹരിയാ വിളിച്ചേ…ചെക്കൻ എവിടുന്നോ ഒരു മിലിറ്ററി സങ്കടിപ്പിപ്പിച്ചിട്ടുണ്ടത്രെ, വില കൂടിയാലും വാങ്ങാൻ പറഞ്ഞു, ഇടക്കൊരു രണ്ടെണ്ണം വിട്ടില്ലേൽ എങ്ങനാ…അപ്പൊ ഞാൻ പോട്ടെ സതീശാ…” എന്നും പറഞ്ഞ് പുഞ്ചിരിയോടെ തിരികെ പോയ മാഷേ നോക്കി നിൽക്കുമ്പോൾ സതീശൻ പുഞ്ചിരിയോടെ മനസ്സിൽ പറയുന്നുണ്ടായിരുന്നു,
“ഉപദേശിക്കാൻ എളുപ്പമാണ്, പക്ഷേ സ്വയം പ്രാവർത്തികമാക്കാൻ ആണ് പ്രയാസം അല്ലെ മാഷേ…”എന്ന്….