എഴുത്ത്: അച്ചു വിപിൻ
ഒരു പെൺകുട്ടി ഒരു സുപ്രഭാതത്തിൽ നിലവിൽ ഉള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു ഇന്നലെ കണ്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോകുമ്പോൾ അലമുറയിട്ട് കരയുന്ന രണ്ടാളുകളെ ഈ ലോകത്തുണ്ടാകു അതാ പെൺകുട്ടിയെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ ആയിരിക്കും.
എന്ത് മാത്രം സ്വപ്നങ്ങൾ കണ്ടിട്ടായിരിക്കും മാതാപിതാക്കൾ തങ്ങളുടെ മകളെ വളർത്തി വലുതാക്കുന്നത്, അതെല്ലാം തകർത്തെറിഞ്ഞു കൊണ്ടവൾ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോകുന്നത് കാണുമ്പോൾ ഏതു മാതാപിതാക്കൾക്കാണ് കണ്ടു നിൽക്കാൻ സാധിക്കുക.
നമുക്ക് വേണമെങ്കിൽ നമ്മുടെ പ്രേമത്തെ മഹത്വവൽക്കരിക്കാം അതൊന്നും നമ്മളുടെ അച്ഛനും അമ്മയും നമുക്ക് വേണ്ടി കൊണ്ട വെയിലിനും മഴക്കും പകരമാകില്ല.
ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ച ഒരു വ്യക്തിയാണ് അത്കൊണ്ട് തന്നെ ഒരാളെ സ്നേഹിക്കുന്നത് പാപം ആണെന്നൊന്നും ഞാൻ പറയില്ല. ഒരാണിനു പെണ്ണിനോട് അല്ലെങ്കിൽ പെണ്ണിന് ഇഷ്ടം തോന്നുന്നത് സ്വഭാവികമാണ്.
കഴിഞ്ഞ ദിവസം മകളുടെ ഭർത്താവിനെ വെട്ടിക്കൊന്ന ഒരച്ഛനെ പറ്റി ഞാൻ കാണാനിടയായി.അയാൾ തന്റെ മകൾ ഇഷ്ടമുള്ള ആളുടെ കൂടെ ഇറങ്ങിപ്പോയ ശേഷം തന്റെ മകളോട് ഫോണിൽ സംസാരിക്കുന്നത് ഇപ്രകാരമാണ് മോളെ നീ തിരിച്ചു വരൂ എസി മുറിയിൽ കിടന്നു വളർന്ന നീയവിടെ പൊരുത്തപ്പെട്ടു പോകില്ല. വിലകൂടിയ ചുരിദാർ ഇട്ടു നടന്ന നീ പഴയതിട്ടു നടക്കുന്നത് അച്ഛനെങ്ങനെ സഹിക്കും മോളെ? നീ തിരിച്ചു വാ നിന്നെ ഞങ്ങൾ പൊന്നു പോലെ സ്വീകരിക്കാം. നീയാദ്യം ഒരു ജോലി നേടൂ എന്നിട്ട് സ്വന്തം കാലിൽ നിന്ന ശേഷം അച്ഛൻ കല്യാണം നടത്തിത്തരാം…
മേല്പറഞ്ഞ കാര്യങ്ങൾ വായിച്ച ശേഷം എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് അയാൾ മകളെ ഒരുപാടു സ്നേഹിച്ചിരുന്നിരിക്കാം,നല്ലപോലെ പഠിപ്പിച്ച തന്റെ മകൾ ഏതോ ഒരു അടുക്കളയിൽ കിടന്നു കഷ്ടപ്പെടുന്നത് കാണാനുള്ള മനക്കട്ടി അയാൾക്കില്ലായിരുന്നിരിക്കാം. മകളോടുള്ള അന്തമായ സ്നേഹമാണ് അവളുടെ ഭർത്താവിനെ വക വരുത്താൻ അയാളെ പ്രേരിപ്പിച്ച ഘടകം എന്നത് പകൽ പോലെ സത്യം. സ്വന്തം മകളുടെ ഭർത്താവിനെ വക വരുത്തിയ ആ മനുഷ്യന്റെ പ്രവർത്തിയെ ഒരിക്കലും ഞാൻ ന്യായീകരിക്കില്ല മകളെ വിധവയാക്കിയ അയാളുടെ പ്രവൃത്തി തെറ്റ് തന്നെയാണ്.
പെട്ടെന്നുണ്ടായ ദേഷ്യവും സങ്കടവും കാരണം മകളുടെ ഭർത്താവിനെ പോയി വകവരുത്തിയതിലൂടെ ആ അച്ഛൻ എന്തെങ്കിലും നേടിയോ?അയാളുടെ മകളെ അയാൾക്ക് തിരിച്ചു കിട്ടിയോ?
സത്യം പറഞ്ഞാൽ ആർക്കും ഒന്നും കിട്ടിയില്ല.പകരം നഷ്ടം സംഭവിച്ചത് മകളെ സ്നേഹിച്ച ആ പിതാവിനും,ഭർത്താവിനെ സ്നേഹിച്ച ആ മകൾക്കും, മകളെയും ഭർത്താവിനെയും ഒരു പോലെ സ്നേഹിച്ച അമ്മയ്ക്കും,അകാലത്തിൽ മകൻ നഷ്ടപ്പെട്ട ആ മാതാപിതാക്കൾക്കും മാത്രം.ഒരു മരണം എത്രയാളുകളുടെ സമാധാനം കെടുത്തിയെന്ന് നോക്കൂ.
പുറത്തിരുന്നു കാണുന്ന നമുക്ക് എന്തും വിളിച്ചു പറയാം മരുമകനെ കൊന്ന അച്ഛനെ ചീത്ത വിളിക്കാം അല്ലെങ്കിൽ വിധവയായ മകളെ ന്യായീകരിക്കാം കാരണം ഈ അവസ്ഥകൾ ഒന്നും നമ്മൾ അനുഭവിക്കുന്നില്ല. അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ദണ്ണം മനസ്സിലാകൂ.
പൊന്നു പോലെ വളർത്തിയ മകൾ പെട്ടെന്നൊരു ദിവസം വെട്ടും കുത്തുമായി നടക്കുന്ന ഒരു ഗുണ്ടയുടെ കൂടെ ഇറങ്ങിപ്പോയെന്ന് കേട്ടു സമനില തെറ്റിയ ഒരമ്മയെ എനിക്കറിയാം.മകളുടെ ഭാവി എന്താകുമെന്നോർത്തു വ്യാകുലപ്പെട്ടു നീറി നീറിയാണവർ മരിച്ചത്.
ഞാൻ സ്നേഹിച്ചാണ് വിവാഹം കഴിച്ചതെന്നു ആദ്യമേ പറഞ്ഞല്ലോ. എന്റെ വീട്ടുകാർക്ക് എന്റെ സ്നേഹബന്ധത്തിൽ ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു.വിവാഹം ഒരിക്കലും നടത്തി തരില്ല അതിനായി നീ സ്വപ്നം കാണണ്ട എന്ന് എത്രയോ വട്ടം അമ്മയെന്നോട് പറഞ്ഞിരിക്കുന്നു. രജിസ്റ്റർ വിവാഹം ചെയ്യാൻ അറിയുന്ന സുഹൃത്തുക്കൾ എല്ലാം എന്നെ ഒരുപാടു നിർബന്ധിച്ചു പക്ഷെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ഞാൻ ഇറങ്ങി പോകാൻ ഒരുക്കമല്ലായിരുന്നു കാരണം വളർത്തി വലുതാക്കിയ മാതാപിതാക്കളെ വേദനിപ്പിക്കാൻ എനിക്ക് മനസ്സ് വന്നില്ല.എനിക്ക് വേണ്ടി അവരനുഭവിച്ച വിഷമങ്ങളും കഷ്ടപ്പാടുകളും കണ്ടാണ് ഞാൻ വളർന്നത് അങ്ങനെയുള്ള അവരെ ഒരു ദിവസം തള്ളിക്കളയുന്നതെങ്ങനെ…?
ഇഷ്ടപ്പെട്ട വിവാഹത്തിന് വേണ്ടി കുറെ വർഷം എനിക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും ഇഷ്ടമുള്ള ആളുടെ കൂടെ ഞാൻ പോകാതെ വീട്ടിൽ അച്ഛനമ്മമാരുടെ കൂടെ നിൽക്കുന്നു എന്നെ എന്റെ നിലപാടുകൾ അവരെയും മാറ്റിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.അവസാനം എന്റെ ഇഷ്ടം അതാണെന്നു തിരിച്ചറിഞ്ഞ വീട്ടുകാർ എന്റെ വിവാഹത്തിന് സമ്മതിച്ചു.അവർക്കും സന്തോഷം നമുക്കും സന്തോഷം ശരിയല്ലേ?
പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലുമെനിക്ക് കുറ്റബോധം തോന്നിയിട്ടില്ല കാരണം മകൾ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോളെന്റെ മാതാപിതാക്കൾക്കിപ്പോ നല്ല സമാധാനം ഉണ്ട്.
എല്ലാ മാതാപിതാക്കളും എന്റെ മാതാപിതാക്കളെ പോലെയല്ലന്നെ സത്യം എനിക്ക് നല്ലപോലെ അറിയാം. എല്ലാവരും മക്കളുടെ ഇഷ്ടങ്ങൾ നടത്തിക്കൊടുക്കണമെന്നില്ല. പഠിച്ചു കൊണ്ടിരിക്കുമ്പോൾ പഠനം പൂർത്തിയാക്കാതെ ഇഷ്ടമുള്ള ആളുടെ കൂടെ ഇറങ്ങിപ്പോകുന്ന പെൺകുട്ടികൾ മാതാപിതാക്കളെ പറ്റി ഓർക്കുന്നതും നല്ലതാണ്.ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ ഉള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് അത് പക്ഷേ ജന്മം തന്നു നിങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ടാവരുത്. നിങ്ങളുടെ സ്നേഹത്തെ പറ്റി അവരെ പറഞ്ഞു മനസ്സിലാക്കി അവരുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കുന്നതല്ലേ നല്ലത്.കുറച്ചു കാലം നിങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നേക്കാം പക്ഷെ നിങ്ങളുടെ സ്നേഹം സത്യമാണെങ്കിൽ വിജയവും നിങ്ങൾക്കൊപ്പമായിരിക്കും .മക്കളുടെ വാശിക്ക് മുന്നിൽ തല കുനിക്കാത്ത അച്ഛനമ്മമാരുണ്ടോ?
NB:വല്ലവരുടെയും കൂടെ ഒരാവേശത്തിന് ഒളിച്ചോടിപ്പോയ ശേഷം നിങ്ങൾക്കെന്തെങ്കിലും പ്രശ്നം വന്നാൽ നിങ്ങളെ ഓർത്തു കരയാനും മോളെ എന്നു വിളിച്ചു നിങ്ങളെ ഇരു കൈ നീട്ടി സ്വീകരിക്കാനും ജനിപ്പിച്ച മാതാപിതാക്കളെ കാണു. പെറ്റ വയറിനും പോറ്റിയ കരങ്ങൾക്കുമേ ആ വേദന മനസ്സിലാകൂ?