ഞാൻ ആദ്യമായി ഒളിച്ചോടുന്നത് രണ്ടു വീട് അപ്പുറമുള്ള മറിയത്തിന്റെ മോൻ രാജേഷിന്റെ കൂടെയാണ്…

ഒരു ചെറിയ ഒളിച്ചോട്ടം

Story written by NAYANA VYDEHI SURESH

ഞാൻ ആദ്യമായി ഒളിച്ചോടുന്നത് രണ്ടു വീട് അപ്പുറമുള്ള മറിയത്തിന്റെ മോൻ രാജേഷിന്റെ കൂടെയാണ് .ഇപ്പൊ നിങ്ങൾ കരുതും ഇതൊക്കെ എന്ത് ധൈര്യത്തിലാണ് വിളിച്ചുപറയുന്നത് എന്ന് ….സത്യത്തിൽ ഈ ഓടിപ്പോയത് ഞാൻ അറിഞ്ഞിട്ടില്ല

അന്നൊരു ശനിയാഴ്ചയായിരുന്നു

എനിക്ക് കോളേജ് ഇല്ലാത്ത ദിവസം

അമ്മയും അച്ഛനും ജോലിക്ക് പോയി

ടിവി കണ്ടു ബോറടിച്ചു ബോറടിച്ചു ഇരിക്കുമ്പോഴാണ്

വീടിൻറെ ഒരുപാട് അറ്റത്തുള്ള പറമ്പിൽ ഒരു കുളവും അതിൽ ഒരു ആമയും ഉണ്ട് എന്ന് എനിക്ക് ഓർമ്മ വന്നത്

എന്തായാലും വെറുതെ ഇരിക്കല്ലേ പോയി ആമേ ഒന്നു നോക്കാം എന്നു കരുതി

വീടിൻറെ മുൻവശം പൂട്ടി ചാവി ഗ്രില്ലിലൂടെ അടുത്തുള്ള കസേരയിൽ വെച്ച് ഞാൻ കുളത്തിലേക്ക് പോയി

രാജേഷ് എന്തായാലും വീട്ടിൽനിന്ന് സകല സാധനങ്ങളും എടുത്തിട്ടാണ് പോയതത്രെ

വീടുപൂട്ടി കിടക്കണ കണ്ടപ്പോ

എല്ലാവരും കാര്യം ഉറപ്പിച്ചു ഞാൻ പോയീന്ന് ..

ഓഫീസിൽ പോയ അമ്മ

നെഞ്ചു പൊട്ടി തകർന്ന നിലവിളിച്ചു കൊണ്ടാണ് തിരികെ വന്നത്

വീടിൻറെ മുൻവശത്ത് നടക്കുന്ന കോലാഹലം ഒന്നും പുറകിലിരിക്കുന്ന ഞാൻ അറിഞ്ഞിട്ടില്ല

കുളത്തിൽ കുറെ നേരം ഇരുന്നിരുന്നു പതിയെ പാടം വഴി മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഗൾഫിൽ നിന്നും വന്ന ജോർജേട്ടനും ഭാര്യയും കാറിൽപോണ കണ്ടത്

എന്താ കാർത്തികേ ഓർമ്മയുണ്ടോ ?

അതെന്ത് ചോദ്യം ചേട്ടാ ഞാൻ മറക്കുമോ

എങ്കിൽ നീ കാറിൽ കയറ് ഞാൻ വീട്ടിൽ ആക്കി തരാം എന്തായാലും കാറിൽ കയറാൻ കിട്ടിയ അവസരമല്ലെ, ഞാൻ കയറി

വീടിൻറെ മുന്നിൽ കാർ നിർത്തിയപ്പോൾ എല്ലാവരുംകൂടി തുറിച്ചു നോക്കി ,, വീടിനകത്തുനിന്ന് എടി ഒരുമ്പട്ടോളെ, നീ കുടുംബത്തിൻറെ മാനം കളഞ്ഞല്ലോ ടി എന്നു പറഞ്ഞു അമ്മ ഓടിവരുന്ന കണ്ടപ്പോൾ കാറിൽ കയറിയത് ഇത്രയും വലിയ അബദ്ധം ആണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്

എല്ലാരും കൂടി കാറിനുള്ളിൽ ആരെയോ തിരയുന്ന മാതിരി ഒരു നോട്ടം

എന്താ എന്താ അമ്മേ …….

എന്നെപ്പോലെ തന്നെ ജോർജേട്ടൻ ഭാര്യയും ഈ രംഗം കണ്ടു പേടിച്ചു നിന്നു

എവിടെ രാജേഷ്

ഏതു രാജേഷ്

മറിയത്തിന് മോൻ രാജേഷ്

ആ എനിക്കെങ്ങനെ അറിയാം. അവന്റെ വീട്ടിൽ പോയി നോക്ക് അവിടെ ഉണ്ടാവും

സത്യം പറയടി നിൻറെ കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ട് പോന്നതല്ലേ

എന്താ ഈ പറയണേ…അമ്മയ്ക്ക് രാവിലെ പോണവരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ പഴംപൊരി കൊണ്ടരാന്ന് പറഞ്ഞു കൊണ്ടുവന്നാ

അപ്പോ നീ ഒളിച്ചോടി പോയതല്ലേ ?

ഒളിച്ചോടേ …. ഞാനാ ,,,, എന്തിന്….ഞാൻ കുളത്തിൽ ആമേനെ നോക്കാൻ പോയതാ

എല്ലാവരും അന്തം വിട്ടു നിന്നു

എൻറെ ജാനു ചേച്ചിയെ എന്ന അബദ്ധം പറ്റി നിങ്ങടെ മോള് കാർത്തിക ആവില്ല പോയത് അപ്പുറത്തെ വീട്ടിലെ തങ്കത്തിന്റെ മോള് കാർത്തിക ആയിരിക്കും …

ആ …അത് ശരിയാ ട്ടാ ….ആ പെണ്ണ് , ആ ചെക്കനോട് ഇടക്കിടക്ക് മിണ്ടണത് ഞാനും കണ്ടിട്ടുണ്ട്

പ്പാ …ഒക്കെ ഇറങ്ങിക്കോണം എന്റെ പടിക്കന്ന് … അമ്മ ഉറഞ്ഞ് തുള്ളി

അങ്ങനെ ഉടനടി സഭ പിരിഞ്ഞു

ഒരു നാലഞ്ചു വർഷത്തിനുശേഷം പിന്നെ ഞാൻ ഒളിച്ചോടിയത് അപ്പുറത്ത് കവലയിലെ ദിനേശന്റെ ഒപ്പാണ്

രാവിലെ അമ്മ ജോലിക്ക് പോയപ്പോൾ ഞാൻ പോയതാ

പക്ഷേ അത് ആരും വിശ്വസിച്ചില്ല

പക്ഷേ … അതല്ലെ രസം , സത്യായിട്ടും ഇപ്രാവശ്യം ശരിക്കും പോയതാ

ജോലിക്ക് പോയ അമ്മയോട് ആരോ വന്ന് കാര്യം പറഞ്ഞപ്പോ അയാളെ അമ്മ ആട്ടി വിട്ടു ..

അവസാനം ഞാൻ കാറിൽ ഇറങ്ങിയപ്പോ

ജോർജും ഭാര്യയും ഗൾഫീന്നു വീണ്ടും വന്നു എന്നു കരുതിയ അമ്മയെ ഞെട്ടിച്ച് ,ദിനേശേട്ടൻ കാറിൽ നിന്നും ഇറങ്ങന്ന കണ്ടപ്പോ അമ്മ അന്തംവിട്ട് നിന്നു..

എന്റെ കൃഷ്ണാ ഈ നശിച്ച പെണ്ണ് എനിക്ക് ഒരു കാലത്തും സമ്മാധാനം തരിലല്ലോ എന്ന് ഉറക്കെ വിളിച്ചു പറയുമ്പോൾ .. ചെറുതായി ഞാൻ സാരിയൊന്ന് മുകളിലേക്ക് എടുത്തു കുത്തി .. ഇനി എങ്ങാനും ഓടണ്ടി വന്നാ അതാണല്ലോ എളുപ്പം ..

ഹാ .. എന്തായാലും വലിയ കോലാഹലമൊന്നും ഉണ്ടായില്ല ‘ പിടിക്കുമ്പോ ഞാൻ പുളി കൊമ്പ് നോക്കിയെ പിടിക്കു എന്ന് അമ്മക്കറിയാം ..പിന്നെ എനിക്ക് പ്രായപൂർത്തി ആയതു കൊണ്ടും ചെക്കൻ ഗവൺമെൻറ് ജോലി ഉള്ളതുകൊണ്ടും ജാതിയും ഒരു പ്രശ്നമായില്ല

എന്തായാലും അതിനുശേഷം കാർത്തിക എന്നു മക്കൾക്ക് പേരിട്ടാൽ മക്കള് ഒളിച്ചോടി പോകുമെന്ന് നാട്ടിലൊരു ചെറിയ വിശ്വാസമുണ്ട് ..

അതുകൊണ്ട് ആരും മക്കൾക്ക് കാർത്തിക പേരിടുന്നില്ല ‘..

ഇപ്പോ എന്റെ മോളെ ഞാൻ അടപടലം നീരിക്ഷിക്കാണ് .. അവൾക്കെങ്ങാനും ഇനി മതില് ചാടാൻ തോന്നിയാൽ ..ഏത് … അല്ല ,, അമ്മക്ക് വേലി ചാടിയ ചരിത്രമുണ്ടേ ….

( ഇതിലെ ഞാൻ … ഞാനല്ല .. ആ ഞാൻ വേറെ എവിടെയോ ആണ്…..,,,,, കഥയും കഥാപാത്രവും സാങ്കൽപീകം മാത്രം … സത്യായിട്ടും …)