വളപ്പൊട്ടുകൾ ~ ഭാഗം 04, എഴുത്ത്: ദീപ്‌തി പ്രവീൺ

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

അമ്മ മരിച്ചപ്പോള്‍ ഒറ്റപെട്ടു പോയെന്ന സഹതാപം കൊണ്ടാണ് ഇങ്ങോട്ടു മിണ്ടിയില്ലെങ്കിലും അങ്ങോട്ടു മിണ്ടാന്‍ പ്രേരണ ആയത്.. അതു കണ്ട് ഹരിയേട്ടന്‍ തെറ്റിദ്ധരിച്ചു തന്നെ പരീക്ഷിക്കാന്‍ പറഞ്ഞതാണോ… ലക്ഷ്മിക്ക് തല പെരുക്കുന്നതു പോലെ തോന്നി….

എന്തായാലും ദേവനോടു കുറച്ചു അകലമിടാന്‍ തീരുമാനിച്ചു….

” നീ ആലോചിച്ചു തീരുമാനിക്കണം… നിന്റെ തീരുമാനത്തിലാണ് നമ്മുടെ ജീവിതം….എന്റെ ബിസിനസ്സുകള്‍ തിരികെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണം മാത്രമേ മുന്നിലുള്ളു….. അത് നീ മറക്കരുത്.. ”

ഒന്നിനുമേല്‍ ഒന്നെന്ന പോലെ ഭാരപ്പെട്ടത് എന്തൊക്കെയോ തന്റെ മേല്‍ കെട്ടിവെയ്ക്കുന്നതു പോലെ അവള്‍ പുളഞ്ഞു…

” ഹരിയേട്ടന്റെ ബിസിനസ് തകരാതെ ഇരിക്കാന്‍ ഇത് മാത്രമാണോ പരിഹാരം… ഞാന്‍ ഒരു സ്ത്രീയും ,അമ്മയും ആണെന്നത് മറക്കരുത് … നിങ്ങള്‍ ഇത്ര നീചമായി ചിന്തിക്കരുത്‌.. ” കാര്‍ക്കശ്യത്തോടെ പറഞ്ഞു തുടങ്ങിയതെങ്കിലും ,അവസാന വാക്കുകള്‍ ഇടറിപ്പോയിരുന്നു…..

” ശരി.. ഇത് അല്ലാതെ കാശ് കിട്ടാനുള്ള വഴി നീ പറഞ്ഞു തരൂ… ഞാന്‍ ശ്രമിക്കാം .. ” ഹരീ അവള്‍ക്ക് അഭിമുഖമായി നിന്നു…

വാക്കുകള്‍ നഷ്ടമായി അവളും…

” നോക്കു ലക്ഷ്മി ഇത് ഈ ലോകത്ത് നടക്കാത്ത കാര്യമൊന്നും അല്ല.. എത്രയോ വീടുകളില്‍ നടക്കുന്നു… പിന്നെ നിനക്കു മാത്രം എന്താണ്… ” ഹരിയേട്ടന്റെ ന്യായീകരണം ആ മനുഷ്യനോടുള്ള വെറുപ്പിന്റെ തീവ്രത ഉള്ളില്‍ കൂട്ടുന്നത് അവള്‍ അറിയുകയായിരുന്നു…

” നിങ്ങളുടെ പിടിപ്പുകേടു കൊണ്ട് ബിസിനസില്‍ നഷ്ടം വന്നപ്പോള്‍ എന്റെ ശരീരം വെച്ചു അത് തിരിച്ചു പിടിക്കാന്‍ നോക്കുന്നോ..” ആദ്യമായി അവള്‍ അയാള്‍ക്ക് നേരേ കയര്‍ത്തു…

മുഖമടച്ചു ഒരു അടിയായിരുന്നു മറുപടി .. വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോകുന്ന നിഴലിനെ നോക്കി നില്‍ക്കുമ്പോള്‍ രോഷത്തിന്റെ ഒരു കടല്‍ ഉള്ളിലിരമ്പുന്നുണ്ടായിരുന്നു….

ഹരിയുടെ തീരുമാനം ഉറച്ചതാണെന്നു അറിഞ്ഞപ്പോഴും ലക്ഷ്മി ആകെ അസ്വസ്ഥയായിരുന്നു….

വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴൊക്കെ അമ്മയുടെയും ചേച്ചിയുടെയും ദയനീയമായ മുഖം ഓര്‍മ്മകളിലെത്തി… അഴിക്കാനാവാത്ത ചങ്ങലയില്‍ കിടന്നു പിടയും പോലെ ലക്ഷ്മി നിമിഷങ്ങള്‍ തള്ളി നീക്കി…

ദേവന്റെ മുന്നിലൊന്നും ചെന്നു പെടാതെ ഇരിക്കാന്‍ കഴിയുന്നത്രേ ശ്രദ്ധിച്ചു..ഭക്ഷണം വിളമ്പി വെച്ചു മോനെ പറഞ്ഞു വിട്ടു വിളിപ്പിച്ചിട്ടു അവിടെ നിന്നും മാറി നില്‍ക്കും.. ഹരി വീണ്ടും മൗനത്തിലേക്ക് പോയി…

” ലക്ഷ്മി നിന്റെ തീരുമാനം പറഞ്ഞില്ല.. ” ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ഹരി അവളെ സമീപിച്ചു..

ദയനീയമായ ഒരു നോട്ടമായിരുന്നു മറുപടി ..

” നീ കാര്യങ്ങള്‍ ഒന്നു മനസ്സിലാക്കു ലക്ഷ്മി … എന്റെ അവസ്ഥ ഇതായത് കൊണ്ടാണ്… നിന്നെ പങ്കു വെയ്ക്കണമെന്നു എനിക്കും ആഗ്രഹമില്ല.. പക്ഷെ സാഹചര്യം .. ” അവളുടെ നോട്ടത്തെ നേരിടാനാകാതെ താഴേക്ക് നോക്കിയാണ് ഹരി സംസാരിച്ചത്….

ലക്ഷ്മിയുടെ നോട്ടം ദൂരെയെവിടേയ്ക്കോ മാറ്റി…

” ഞാന്‍ അതങ്ങ് തീരുമാനിച്ചു.. അടുത്ത ഞായറാഴ്ച ആണ്.. ” ഹരി പോയിട്ടും ലക്ഷ്മി നോട്ടം മാറ്റിയില്ല..

ദേവന്‍…. ദേവനെ ഇനി ഭര്‍ത്താവായി കാണണം.. ആ ചിന്ത പോലും പൊള്ളിക്കുന്ന പോലെ തോന്നി… മരണവും ജീവിതവും മുന്നില്‍ തുലാസില്‍ ആടുന്നു..

ദിവസങ്ങള്‍ കുതിച്ചു പായുന്നതുപോലെ ലക്ഷ്മിക്ക് തോന്നി.. വീട്ടില്‍ വെച്ചു ചെറിയ ചടങ്ങു പോലെയാണ് താലികെട്ട് നടത്തിയത്‌. ഹരി കെട്ടിയ താലി അഴിച്ചെടുത്ത് അലമാരയില്‍ സൂക്ഷിച്ചു….. ദേവന്‍റെ മുഖത്തു നോക്കാന്‍ ബുദ്ധിമുട്ട് ആയതുകൊണ്ട് ലക്ഷ്മി മുഖം ഉയര്‍ത്തിയില്ല.. ചടങ്ങു കഴിഞ്ഞതും ഹരി പുറത്തേക്ക് പോയി…

പരസ്പരം മിണ്ടാതെ അവര്‍ എത്രനേരം ആ വീട്ടില്‍ കഴിഞ്ഞു എന്നറിയില്ല.. അന്നു പോയ ഹരി രണ്ടുദിവസമായും മടങ്ങിയെത്തിയില്ല… ലക്ഷ്മിക്ക് അതൊരു കാര്യമായി തോന്നിയതും ഇല്ല… തന്നെ അനിയനു വിട്ടു കൊടുത്ത ആ മനുഷ്യനോട് ഉള്ളിന്റെയുള്ളില്‍ വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു…

” ലക്ഷ്മി .. ”

ദേവന്റെ ശബ്ദമാണ് ചിന്തകളെ ആട്ടിയോടിച്ചത്…

മുഖം ഉയര്‍ത്തി നോക്കി…

ആ വിളിയില്‍ അസ്വാഭാവികത ഒന്നും തോന്നുന്നില്ലെന്നു ലക്ഷ്മി ഓര്‍ത്തു… കാരണം ഒരിക്കല്‍ പോലും ദേവന്‍ ഏട്ടത്തിയെന്നു വിളിച്ചു സംസാരിച്ചിട്ടില്ല… ,സ്ഥാനം കൊണ്ട് ഏട്ടത്തി ആണെങ്കിലും പ്രായത്തില്‍ തന്നെക്കാള്‍ മൂത്തതായിരുന്നു ദേവന്‍….

” ഹരിയേട്ടന്‍ ഉടനെ മടങ്ങില്ലെന്നു പറഞ്ഞിട്ടുണ്ട്.. ബിസിനസ് ആവശ്യത്തിന് പോയതാണ്.. എല്ലാം ശരിയായിട്ടെ മടങ്ങി വരൂ.. ” അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടില്‍ ലക്ഷ്മി ഇരുന്നു..

” ഞാന്‍ ഈ കല്യാണത്തിന് സമ്മതിച്ചത് എന്താണെന്നു ലക്ഷ്മിക്ക് അറിയോ…. ? ” അവള്‍ക്ക് അടുത്തിരുന്നാണ് ദേവന്‍ ചോദിച്ചത്…

ആ കാര്യത്തില്‍ ലക്ഷ്മിക്കും ആകാംക്ഷ ഉണ്ടായിരുന്നു എന്നതാണ് സത്യം.. ദേവന്‍ എന്തുകൊണ്ട് തന്നെ കല്യാണം കഴിക്കാന്‍ സമ്മതിച്ചു.. ദേവനോട് എങ്ങനെ അത് ചോദിക്കുമെന്നു കരുതി മനപൂര്‍വ്വം മടിച്ചതാണ്…

” ഇല്ല…. എന്താ കാരണം.. ”

” അന്നു പെണ്ണുകാണാന്‍ വരും മുന്‍പ് ഞാന്‍ ലക്ഷ്മിയെ കണ്ടിട്ടുണ്ട്.. ഇഷ്ടമൊന്നും തോന്നിയിട്ടില്ല കേട്ടോ… പെണ്ണു കണ്ടു പോന്ന ശേഷം പിറ്റേന്നു ഹരിയേട്ടനുമായി വന്നില്ലേ…

അതുകഴിഞ്ഞപ്പോഴാണ് ബ്രോക്കര്‍ പറഞ്ഞത് ലക്ഷ്മിക്ക് ആദ്യം ആളു മാറി ഇഷ്ടപെട്ടത് എന്നെ ആയിരുന്നു എന്ന്.. അയാള്‍ തമാശയായി ആണ് പറഞ്ഞതെങ്കിലും അതെന്റെ മനസ്സില്‍ കൊണ്ടു..അറിയാതെ ആണെങ്കിലും എന്നെ ഇഷ്ടപെട്ട പെണ്ണ് ആണെല്ലോ ചേട്ടത്തിയായി വരുന്നതെന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി… ഹരിയേട്ടനോട് അതേപറ്റി സംസാരിക്കാനും മടിച്ചു….കാരണം ഹരിയേട്ടന്റെ ഇഷ്ടം തന്നെയായിരുന്നു ..

ഒരു തരം ശ്വാസം മുട്ടല്‍… അതുകൊണ്ട് ആണ് ഞാന്‍ ലക്ഷ്മിയില്‍ നിന്നും അകലം പാലിച്ചത്… പക്ഷേ മോശമായ ചിന്തയൊന്നും എനിക്കു ഇല്ലായിരുന്നു … ചില ഇഷ്ടങ്ങള്‍ മനസ്സില്‍ പതിഞ്ഞു പോയില്‍ മാറ്റാന്‍ വലിയ ബുദ്ധിമുട്ട് ആണ്…ലക്ഷ്മിക്ക് എന്നോടു അങ്ങനെയൊരു മനോഭാവം ഇല്ലെന്നൂ ഇവിടെ വന്നപ്പോള്‍ മനസ്സിലായി…. പക്ഷേ വിധി ഇങ്ങനെയൊക്കെ ആയിപ്പോയി .. ലക്ഷ്മി ഈ വിധിയെ ഏതു രീതിയില്‍ സ്വീകരിക്കും എന്ന് എനിക്കു അറിയില്ല.. പക്ഷേ ഞാന്‍ മനസ്സു നിറഞ്ഞു തന്നെയാണ് സ്വീകരിച്ചത്.. ” ലക്ഷ്മിയുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു ഇത്രയും പറഞ്ഞു ദേവന്‍ ഇറങ്ങിപ്പോകുമ്പോള്‍ ലക്ഷ്മി പകച്ചു ഇരുന്നുപ്പോയി..

ശരിയാണ് ദേവന്‍ എന്നും എപ്പോഴും അകലം പാലിച്ചിട്ടെയുള്ളു..മോശമായ ഒരു നോട്ടം പോലും തന്റെ നേര്‍ക്ക് ഉണ്ടായിട്ടില്ല.. എന്നിട്ടും ആ മനസ്സില്‍ താന്‍ ആയിരുന്നൂന്ന്..

കാലത്തിന്റെ നാടകത്തിനു മുന്നില്‍ രൂപം നഷ്ടമായി അവള്‍ ഇരുന്നു.. പുതിയ രൂപങ്ങള്‍ ഉരുത്തിരിയുന്നത് തനിക്ക് വേണ്ടിയാകുമെന്നു അവള്‍ വിശ്വസിച്ചു..

ദിവസങ്ങള്‍ മുന്നോട്ട് പോയപ്പോള്‍ ജീവിതം പതിവു രീതിയിലേക്ക് പോയി കൊണ്ടിരുന്നു … പതിയെ പതിയെ ലക്ഷ്മി ദേവനെ ഉള്‍കൊണ്ടു… അവള്‍ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളും ഇല്ലായിരുന്നു എന്നതാണ് സത്യം.. ചിലപ്പോഴൊക്കെ ജീവിതം വളരെ വിചിത്രമാണെന്നു ലക്ഷ്മിക്ക് തോന്നി തുടങ്ങി… ഹരി മടങ്ങി വന്നെങ്കിലും ഒരിക്കല്‍ പോലും ഹരിയുടെ നേര്‍ക്ക് നോക്കാന്‍ ലക്ഷ്മി മടിച്ചു…ലക്ഷ്മിയോട് സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചപ്പോഴൊക്കെ ഒന്നോ രണ്ടോ വാക്കില്‍ മറുപടി ഒതുക്കി … ഹരിയുടെ ആഗ്രഹം പോലെ ബിസിനസ് എല്ലാം മെച്ചപെട്ടിരുന്നു…

കിടപ്പിലായ അമ്മയെ കാണാന്‍ ദേവനോടൊത്ത് വീട്ടില്‍ പോയപ്പോള്‍ ചേച്ചി അവളെ ചൂഴ്ന്നു നോക്കി…

” ഹരി എവിടെ.. ”

” ഹരിയേട്ടന് ബിസിനസ് ആണ് എല്ലാം.. ഇപ്പോള്‍ ദേവനാണ് …. ” ചേച്ചിയുടെ തുറിച്ച നോട്ടം അപ്പോള്‍ അവളെ ഭയപെടുത്തിയില്ല..

കാരണം അത് അവള്‍ക്ക് ശീലമായി തുടങ്ങിയിരുന്നു… അമ്പലത്തിലും ആശുപത്രിയിലും മറ്റും പോകാന്‍ ഇറങ്ങുമ്പോള്‍ അടക്കിപിടിച്ച ചിരിയും സംസാരവൂം തുറിച്ചു നോട്ടവും ഇപ്പോള്‍ സാധാരണ ആയിരിക്കുന്നു… വീട്ടില്‍ ജോലിക്കു വരുന്ന പണിക്കാരും ആദ്യമൊക്കെ അടക്കി ചിരിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ മടുത്തിട്ടോ മറ്റോ നിര്‍ത്തി.

” അന്നേ ഞാന്‍ പറഞ്ഞതല്ലേ കുഞ്ഞോളേ ..”ചേച്ചിയുടെ അടക്കിയ ശബ്ദം ചെവിയില്‍ മുഴുകി..

” അതിന് ഞാനല്ലല്ലോ ചേച്ചി.. ഹരിയേട്ടന്‍ തന്നെയല്ലേ എല്ലാം തീരുമാനിച്ചത്.. ” മരവിച്ച ശബ്ദത്തില്‍ അവള്‍ പറഞ്ഞതു കേട്ട് വിശ്വസിക്കാനാവാതെ ചേച്ചി ഇരുന്നു… തന്റെ ജീവിതത്തിലെ കോമാളിത്തരങ്ങള്‍ ഓര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരി വന്നു..

ഹരി വീട്ടില്‍ വന്നു പോകുന്ന അതിഥിയായി മാത്രം മാറുന്നതു കണ്ടപ്പോഴും ലക്ഷ്മിക്ക് സഹതാപം പോലും തോന്നിയില്ല….. ആദ്യമൊക്കെ ലക്ഷ്മിയോട് അടുത്തിടപഴകാന്‍ ശ്രമിച്ച ഹരി ,ലക്ഷ്മിയുടെ മനോഭാവം കണ്ടപ്പോള്‍ പിന്‍തിരിഞ്ഞു ….. എങ്കിലും ലക്ഷ്മിയോട് സ്നേഹം കാട്ടാന്‍ ഒട്ടും മടിച്ചില്ല.. ലക്ഷ്മി അതൊന്നും കണ്ടതായി ഭാവിച്ചതുമില്ല..രണ്ടാമത്തെയും മൂന്നാമത്തെയും പ്രസവത്തിന് അവള്‍ ചേച്ചിയുടെ അടുത്തു പോയി.. അമ്മയുടെ മരണവും ആ സമയത്ത് ആയിരുന്നു …..

ദേവന്‍ എന്നും ലക്ഷ്മിയെ കാണാന്‍ ചെന്നപ്പോള്‍ ചേച്ചി ദേവന്റെ സ്നേഹത്തെ പറ്റി ഒരുപാട് സംസാരിച്ചു.. ഹരിയും അവളെ ഇടയ്ക്കിടെ കാണാന്‍ ചെന്നു…. അപ്പോള്‍ ചേച്ചി അവന്റെ നിസ്സഹായാവസ്ഥയെ പറ്റി അവളെ ബോധ്യപെടുത്താന്‍ ശ്രമിച്ചു..

എല്ലാം കേട്ടിട്ട് ലക്ഷ്മി മൗനം പാലിച്ചു…..

തുടരും……