കൊള്ളാല്ലോ…അങ്ങനെ പെട്ടെന്ന് ദേഷ്യം വരികയോ പിണങ്ങുകയോ ചെയ്യുന്ന ഒരാൾ അല്ല ട്ടോ ഞാൻ…

ദാമ്പത്യം

Story written by AMMU SANTHOSH

“അതെന്താ ഇങ് ദൂരെന്ന് തന്നെ കല്യാണം ആലോചിച്ചത്?” അവൾ ചോദിച്ചു. അവർ അവളുടെ മുറിയിൽ ആയിരുന്നു. മാട്രിമോണിയൽ വഴി വന്ന ഒരാലോചനയായിരുന്നു ആദിയുടേത്

“അത്… ഒന്ന് എനിക്ക് യാത്ര ഇഷ്ടമാണ്.. തന്റെ വീട്ടിലേക്ക് വരുമ്പോൾ കുറെ യാത്ര ചെയ്യാല്ലോ.. പിന്നെ മറ്റൊന്നു പിണങ്ങിയാൽ താൻ ഓടി പോകില്ലല്ലോ “ആദി പറഞ്ഞു.

അവൾ പൊട്ടിച്ചിരിച്ചു.

“കൊള്ളാല്ലോ… അങ്ങനെ പെട്ടെന്ന് ദേഷ്യം വരികയോ പിണങ്ങുകയോ ചെയ്യുന്ന ഒരാൾ അല്ല ട്ടോ ഞാൻ..”

“ഞാനും “അത് പോട്ടെ താൻ എന്താ ഫോട്ടോ കണ്ട ഉടനെ സമ്മതിച്ചത്? നേരിട്ട് കണ്ടാൽ ബോറൻ ആയിരുന്നു എങ്കിലോ?”

“കാഴ്ചയിൽ എന്തിരിക്കുന്നു?.”അവൾ പുഞ്ചിരിച്ചു

“അഞ്ജു… ആദിക്ക് ചായ കൊടുത്തോ?”അഞ്ജുവിന്റെ അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു

“ചായ ഇഷ്ടം ആണോ?”

“അല്ല. ഇതിനു മുന്നേ പോയ വീടുകളിൽ ആരുമെന്നോട് ഈ ചോദ്യം ചോദിച്ചിട്ട് പോലുമില്ല. കൊണ്ട് തന്നേക്കുക. കുടിച്ചില്ല എങ്കിൽ ചോദിക്കും. ഇഷ്ടമായില്ലേ എന്ന്. കഷായം കുടിക്കും പോലെ കുടിക്കും “

“എന്തിനാ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഇഷ്ടമല്ലാത്ത കാര്യം ചെയ്യുന്നത്? ഇഷ്ടമാണെങ്കിൽ ശരി എന്നും അല്ലെങ്കിൽ അത് അല്ല എന്നും പറഞ്ഞു കൂടെ?”

“പറയാം. സ്നേഹം തോന്നിയ പറയും. എനിക്ക് ഇത് ഇഷ്ടമല്ല. ഇതാണ് ഇഷ്ടം.. അങ്ങനെ.. ഇപ്പൊ തന്നോട് പറഞ്ഞല്ലോ ചായ ഇഷ്ടമല്ല എന്ന് “

അവളുടെ മുഖം ചുവന്നു.

“അപ്പൊ എന്താ ഇഷ്ടം?”

“ഒരു ഗ്ലാസ്‌ വെള്ളം മാത്രം മതി സിമ്പിൾ “

“ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറഞ്ഞേക്കണേ…”അവൾ വെള്ളം കൊടുത്തു കൊണ്ട് പറഞ്ഞു.

“തിരിച്ചും “

അവൻ ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് പറഞ്ഞു.

ഒരു വർഷം കഴിഞ്ഞായിരുന്നു കല്യാണം. അഞ്ജുവിന്റെ പരീക്ഷകൾ കഴിഞ്ഞിട്ട്.

കല്യാണം കഴിഞ്ഞു.

പിറ്റേ ദിവസം

ആദിയുടെ അമ്മ അവളുടെ കയ്യിൽ ഒരു താക്കോൽ കൊടുത്തു.

അവൾ അമ്പരന്നു നിൽക്കെ ആദി ചിരിച്ചു.

“പേടിക്കണ്ട ഈ വീടിന്റ താക്കോൽ ഒന്നുമല്ല.. ഇത് ഇവരുടെ സ്വന്തം സ്വർഗം ആണ്. അതിന്റ താക്കോൽ ഇവരാരും നമുക്ക് തരില്ല “

“പോയി വാ രണ്ടു പേരും “അമ്മ പുഞ്ചിരിച്ചു.

അതൊരു പുതിയ വീടായിരുന്നു.

“ഞാൻ പണിതതാണ്.. എന്ന് വെച്ചാൽ ഞാൻ ഡിസൈൻ ചെയ്തത്. എൻഗേജ്മെന്റ് കഴിഞ്ഞു ഫോൺ ചെയ്യുമ്പോൾ ഞാൻ ചോദിക്കില്ലായിരുന്നോ അഞ്ജുവിന്റെ ഇഷ്ടങ്ങൾ. മഴ പെയ്യുമ്പോൾ ഇരുന്നു കാണാൻ സോപാനം. വിളക്ക് വെയ്ക്കാൻ തുളസിത്തറ, ചെറിയ അടുക്കള, ബ്ലു കളറിലെ കർട്ടനുകൾ..പൂജാമുറി…

Are you ok baby?”അവൻ മുഖം താഴ്ത്തി ചോദിച്ചു

അവളുടെ കണ്ണുകൾ നിറഞ്ഞു..

“ഇവിടെ തല്ക്കാലം നമ്മൾ രണ്ടു പേരും മാത്രം ഉണ്ടാകുകയുള്ളു.. പിന്നെ എനിക്ക് കുക്കിംഗ്‌ അറിയാം..എന്ന് കരുതി സ്ഥിരം അടുക്കളയിൽ പ്രതീക്ഷിക്കണ്ട.. ഹെൽപ് ചെയ്യും.പക്ഷെ ക്ലീനിങ്, വാഷിംഗ്‌ ഞാൻ ചെയ്തോളാം..”

“ആഹാ കൊള്ളാല്ലോ.. നമിച്ചു “അവൾ ചിരിച്ചു

“തീർന്നില്ല.വീട്ടിൽ വെറുതെ ഇരിക്കുന്നതാണിഷ്ടം എന്ന് പറയാറില്ലേ? ഞാൻ അത് പ്രോത്സാഹിപ്പിക്കുന്ന ആളല്ല. എഞ്ചിനീയറിംഗ് പഠിച്ചത് എന്തിനാ?”

“ശ്ശോ അത് അച്ഛൻ നിർബന്ധിച്ചു പഠിപ്പിച്ചത് ല്ലേ?’

“ആയിരിക്കാം പക്ഷെ അത് യൂസ് ചെയ്യണം. എന്റെ അമ്മ പ്രൊഫസർ ആണ്. കല്യാണം കഴിഞ്ഞു പഠിച്ചതാ. അച്ഛൻ പഠിപ്പിച്ചു.. പെൺപിള്ളേർ വെറുതെ പഠിച്ചു… വെറുതെ വീട്ടിൽ ഇരുന്നു പ്രസവിച്ചു പിള്ളാരേം വളർത്തി.നോ നോ.. ഉടനെ ജോലിക്ക് കേറിക്കോണം..” അവളുടെ മുഖം വാടി

“അങ്ങനെ വാടി പോകണ്ട.. അതൊക്കെ നല്ലതാണെന്നു പിന്നെ മനസിലാകും..കേട്ടോ കൊച്ചേ..ഇപ്പൊ വാ നമുക്ക് കുറച്ചു പ്രേമിക്കാം ..”

അവൻ അവളെ കോരിയെടുത്തു മുറിയിലേക്ക് നടന്നു..

മൂന്നുമാസങ്ങൾ… ആദിയുടെ കമ്പനിയിൽ തന്നെ ജോലിക്ക് കയറുമ്പോൾ രണ്ടു പേർക്കും ഒന്നിച്ചു പോയി വരാമല്ലോ എന്ന ചിന്ത ആയിരുന്നു അവൾക്ക്. അത്ര മേൽ അവനിൽ അഡിക്ട് ആയി പോയിരുന്നു അവൾ. അവന്റെ വിളിയൊച്ച കേൾക്കാതെ ആ മുഖം കാണാതെ ഒരു നിമിഷം വയ്യാതെയായ അവസ്ഥ.വെറുതെ അവൾ വീട്ടിലെ കാര്യം ആലോചിച്ചു നോക്കും അച്ഛനും അമ്മയും തമ്മിൽ വഴക്കൊന്നുമില്ല. പക്ഷെ അമ്മയെ ബഹുമാനിക്കുന്നതോ അംഗീകരിക്കുന്നതോ ഇത് വരെ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. ഇവിടെ നേരെ തിരിച്ചാണ്. ആദിയുടെ അച്ഛനും അമ്മയും റിട്ടയർ ചെയ്തിട്ടില്ല. രണ്ടു പേരും ഒന്നിച്ചാണടുക്കളയിൽ.. ഒന്നിച്ചാണവർ എപ്പോഴും.. അവരുടെ മകൻ ഇങ്ങനെ ആയില്ല എങ്കിൽ അല്ലെ അതിശയം തോന്നുകയുള്ളു. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോയി അവൾക്ക്.

ആദിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി എന്ന് ഫോൺ വന്നപ്പോൾ അവൾ അവന് ഏറ്റവും ഇഷ്ടം ഉള്ള ഉണ്ണിയപ്പം ഉണ്ടാക്കുകയായിരുന്നു. കൂട്ടുകാരന്റെ അമ്മക്ക് സുഖം ഇല്ലന്ന് ഫോൺ വന്നു പോയതായിരുന്നു ആദി. അവളുടെ ദേഹം വിറയാർന്നു.. കണ്മുന്നിൽ ഇരുട്ട് മൂടി..

“അഞ്ജു…” അടുത്ത വീട്ടിലെ മല്ലിക ചേച്ചിയും അരവിന്ദേട്ടനും. വന്ന നാൾ മുതൽ കൂട്ടുകാരായവർ ..

“ഹോസ്പിറ്റലിൽ പോവാണ് ഞങ്ങൾ.മോളും വരൂ.. അവന് ഒന്നുമില്ല ട്ടോ വിഷമിക്കണ്ട..”

അഞ്ജു ബോധമറ്റ് അവരുടെ കൈകളിലേക്ക് വീണു..

ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും അത് അങ്ങനെയായിരുന്നില്ല. സ്‌പൈനൽ കോഡിനേയിരുന്നു മുറിവ്. അത് കൊണ്ട് തന്നെ അരയ്ക്ക് താഴെ തളർന്നു പോയിരുന്നു.

“ചിലപ്പോൾ കാലങ്ങൾ കഴിയുമ്പോൾ അത്ഭുതം സംഭവിച്ചു കൂടായ്കയില്ല.. പക്ഷെ ഉറപ്പില്ല “

ഡോക്ടർ പറഞ്ഞു..

ആദിയുടെ അമ്മയ്ക്കും അച്ഛനും ആ സത്യം ഉൾക്കൊള്ളാൻ ദിവസങ്ങൾ വേണ്ടി വന്നു.

ആദിയുടെ നെഞ്ചിൽ തല വെച്ചു അഞ്ജു.കണ്ണീർ ഒഴുകി പരക്കുന്നു.

“താൻ വേണെങ്കിൽ ഒന്ന് വീട് വരെ പോയി വാ.. ഇവിടെ ഇപ്പൊ അച്ഛനും അമ്മയും ഒക്കെ ഇല്ലേ. എനിക്ക് പറയത്തക്ക കുഴപ്പം ഒന്നുല്ല..”

“എത്ര എളുപ്പമാണ് ഇങ്ങനെ പറയാൻ അല്ലെ ആദി? എന്നെ കാണാതെ… പറ്റുമോ ആദിക്ക്?”

“അതൊന്നും സാരോല്ല കൊച്ചേ.. നീ ഇങ്ങനെ എപ്പോഴും കരഞ്ഞു വിഷമിച്ചു ഒപ്പം ഉള്ളത് തന്നെ ഏറ്റവും വലിയ സങ്കടം ആണ്.. ഒന്ന് വീട്ടിൽ പോയ റിലാക്സ് ആവും “

“ഞാൻ ഇനി കരയില്ല പോര? സത്യായിട്ടും കരയില്ല.. എന്നോട് പോവാൻ പറയല്ലേ “”

ആദി പുഞ്ചിരിച്ചു

പലരും പറഞ്ഞു

“ഇരുപത്തിനാലു വയസ്സേ ഉള്ളു.. ചെറിയ പ്രായം ആണ്.. എന്തിന് ഈ ത്യാഗം? കുട്ടികൾ പോലുമില്ല ” സ്വന്തം അച്ഛനും അമ്മയും ആദിയുടെ അച്ഛനും അമ്മയും എന്ന് വേണ്ട കൂട്ടുകാർ വരെ…

ഇവർക്കൊക്കെ എന്താ പറ്റിയത്? അങ്ങനെ ഇട്ടേച്ച് പോകാനാണോ ഒപ്പം കൂടിയത്? ഒരസുഖം വന്നാൽ വഴക്ക് ഉണ്ടായാൽ ഉടനെ ഇട്ടേച്ചു പോകുമോ? പോകാമോ? കുറച്ചു കൂടി സുഖം കിട്ടുന്ന ഇടത്തേക്ക് കുറച്ചു കൂടി സുരക്ഷ കിട്ടുന്ന ഇടത്തേക്ക് അങ്ങനെ ഇട്ടേച്ചു പോകുന്നത് ആണോ സ്നേഹം? അവൾ ഉള്ളിൽ ചിന്തിച്ചതേയുള്ളു മറുപടി ഒന്നുമെ പറഞ്ഞില്ല.

“എന്തിനാ നിനക്ക് ഞാൻ?”

ഒരു ദിവസം നിറകണ്ണുകളോടെ ആദി ചോദിച്ചു

“എനിക്ക് കാണാൻ…”അവൾ ആ നിറുകയിൽ അമർത്തി ചുംബിച്ചു.

“എനിക്ക് സ്നേഹിക്കാൻ… “അവൾ ആ കണ്ണുകളിൽ ചുണ്ടമർത്തി

“എനിക്ക് ലാളിക്കാൻ “അവൾ അവന്റെ ശിരസ്സിലൂടെ വിരലോടിച്ചു..

“എനിക്കിനി ഒന്നിനും ചിലപ്പോൾ..”അവൻ പാതിയിൽ നിർത്തി..

അവൾ മെല്ലെ ആ വിരലുകളിൽ ചുംബിച്ചു..

“ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോ ദൈവം കൂട്ടി ചേർത്തതാ നമ്മളെ എന്നായിരം തവണ ആദി എന്നോട് പറഞ്ഞിട്ടുണ്ട്.. എന്റെ താലി എന്റെ ജീവനാണ് ആദി… അത് കഴുത്തിൽ അണിയിച്ചപ്പോ ഞാൻ പ്രാർഥിച്ചത് എന്റെ ഭർത്താവിന് ആയുസ്സ് കൊടുക്കണേ ഈശ്വര..ഞാൻ ദീർഘ സുമംഗലി ആയിരിക്കണേ എന്നാണ്.എന്റെ പഴയ മനസ്സ് ആണെന്ന് കളിയാക്കുമായിരിക്കും.പക്ഷെ നോക്കു ഞാൻ ഇപ്പോഴും സുമംഗലിയാണ്.. ഈ താലി എന്റെ ധൈര്യവും.സെക്സ് അല്ലെ ആദി ഉദേശിച്ചത്? അത് മാത്രം ആണോ ഭാര്യക്ക് ഭർത്താവിൽ നിന്നു വേണ്ടത്.ultimate ആയിട്ട്? അല്ല…ശരീരസുഖം ഒക്കെ കുറച്ചു നിമിഷങ്ങൾ കൊണ്ട് തീർന്ന് പോകുന്നതല്ലേ? മനസ്സ് കൊണ്ട് ആത്മാവ് കൊണ്ട് ഒന്നായ പിന്നെ അത് ഒന്നും ഒന്നുമല്ല..അറ്റ്ലീസ്റ്റ് എനിക്ക് എങ്കിലും..ഒന്നിച്ചു തുടങ്ങിയത ഈ ജീവിതം അത് ഒന്നിച്ചു തന്നെ തീരും… എനിക്ക് ഇങ്ങനെ സംഭവിച്ചു എങ്കിൽ ആദി ഉപേക്ഷിച്ച പോവോ? ഇല്ല എന്ന് എനിക്ക് അറിയാം.. അത്രക്ക് ഇഷ്ടം ആണ് ആദിക്ക് എന്നെ… ഇനി ആദി എന്നെ ഉപേക്ഷിച്ച പിന്നെ ഞാൻ പോവുക മരണത്തിലേക്കാവും. ഉറപ്പ് “

അവിടെ ആദി തോറ്റു… എല്ലാവരും തോറ്റു…വിധി പോലും..

അഞ്ജു അവനെ കൂട്ടി അവരുടെ സ്വർഗത്തിലേക്ക് മാറി.വീട്ടിൽ ഇരുന്നു ചെയ്യാവുന്ന തരം വർക് കമ്പനി അവനെ ഏൽപ്പിച്ചു കൊടുത്തു. അഞ്ജുവിനോപ്പം പോകുന്നവരെ കിച്ചണിൽ അവൻ ഉണ്ടാകും. പച്ചക്കറി അരിഞ്ഞും പാചകത്തിൽ സഹായിച്ചും അങ്ങനെ… പിന്നെ ജോലിയിലേക്ക് തിരിയും..അവൾ തിരിച്ചു വരുന്നത് കാത്തു വൈകുന്നേരങ്ങളിൽ സോപാനത്തിൽ അവൻ കാത്തിരിക്കും…

വർഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു

അവർ ഇന്നും ഒന്നിച്ചാണ്…

കാലം അവരെ വൃദ്ധനും വൃദ്ധയുമാക്കി..

പക്ഷെ അവരുടെ പ്രണയത്തിനു ഒരിക്കലും വയസ്സായതുമില്ല..

ദാമ്പത്യം മഹത്തായ ഒരനുഭവമാകണമെങ്കിൽ പ്രണയം മാത്രം മതി… തീവ്രമായ, തീഷ്ണമായ ആത്മാക്കൾ തമ്മിൽ ഉള്ള പ്രണയം…