ഭാഗം 01 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
ഗിരിയുടെ മുറിയിൽ നിന്നിറങ്ങിയ പാർവ്വതി, നേരെ തെക്കെ തൊടിയിലെ കുളത്തിനരികിലേക്ക് നടന്നു.
സിതാരേച്ചിയുടെ മരണശേഷം, ആരും ആ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടില്ല.
വേനലിൽ പോലും, വെള്ളം നിറഞ്ഞ് നില്ക്കുന്ന ആ കുളം, മുൻപ് എല്ലാ വർഷവും പായലും,ചെളിയുമൊക്കെ വാരിക്കളഞ്ഞ് വൃത്തിയാക്കുന്ന പതിവുണ്ടായിരുന്നു.
ഇപ്പോൾ ആരും തിരിഞ്ഞ് നോക്കാതെ, പോള നിറഞ്ഞ് വശങ്ങളിലെ മാടിയിടിഞ്ഞ്, ആകെ വൃത്തിഹീനമായിട്ടുണ്ട്.
മാസങ്ങളായി, കരിയിലകൾ വീണ് മൂടിക്കിടക്കുന്ന കല്പടവുകളിറങ്ങി, പാർവ്വതി ഏറ്റവും താഴത്തെ പടിയിൽ ചെന്നിരുന്നു.
തൻ്റെ കാലുകൾ നീട്ടി ,പോളകൾ വശങ്ങളിലേക്ക് നീക്കിയപ്പോൾ, വെള്ളത്തിൻ്റെ തണുപ്പ് കാൽവിരലുകളിലൂടെ ശരീരമാസകലം പടർന്നവളെ കുളിരണിയിച്ചു.
കുളത്തിലേക്ക് കുനിഞ്ഞ്, വെള്ളയും വയലറ്റും നിറമുള്ളൊരു പോളപ്പൂവ് പറിച്ചവൾ ,വെറുതെ മൂക്കിൽ വച്ചു നോക്കി.
എവിടുന്നോ വന്നൊരു പിശറൻ കാറ്റ് ,അവളെ കടന്ന് കുളത്തിൽ പൊങ്ങിക്കിടക്കുന്ന പോളപ്പൂക്കളെ തഴുകി നിന്നു.
ചലനമറ്റ് കിടന്നിരുന്ന, കുളത്തിലെ പോളകൈകൾ, കാറ്റടിച്ചപ്പോൾ മെല്ലെ ആടാൻ തുടങ്ങി ,അല്പം കഴിഞ്ഞപ്പോൾ, ചെറുകാറ്റ് ഒരു ചുഴലി പോലെ, കുളത്തിന് നടുവിലെ പോളകളെ ചുഴറ്റിയെടുത്ത്, അടിത്തട്ടിലേക്ക് വലിച്ച് കൊണ്ട് പോകുന്നത് കണ്ട്, പാർവ്വതി പകച്ചുപോയി.
ജലത്തിൽ മുക്കി വച്ച കാലുകൾ, പതിയെ ഉയർത്താൻ ശ്രമിച്ചെങ്കിലും, അത് ഒട്ടിപ്പിടിച്ചിരിക്കുന്നത് പോലെ പാർവ്വതിക്ക് തോന്നി.
അവളുടെ ഉളളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞ് പോയി, ആരെയൊ വിളിക്കാൻ നാവുയർത്തിയെങ്കിലും, ശബ്ദം പുറത്തേയ്ക്ക് വരാതെ തൊണ്ടയിൽ തന്നെ തങ്ങി നിന്നു.
പേടിച്ചരണ്ട കണ്ണുകളോടെ, അവൾ ചുറ്റിനും നോക്കി, എങ്ങും ഇരുട്ട് പരന്നിരിക്കുന്നു ,കാറ്റിന് ശക്തി കൂടുന്നതും, കുളത്തിലെ ജലം തിരകളായി പടിക്കെട്ടുകളിലേക്ക് കയറി വരുന്നതും കണ്ട്, ഭയന്ന് പോയ പാർവ്വതി, കണ്ണുകൾ ഇറുക്കിയടച്ചു.
ആങ്ഹാ, മോളിവിടെ വന്നിരിക്കുവാണോ?
അമ്മായിയുടെ ശബ്ദം കേട്ടവർ തിരിഞ്ഞ് നോക്കി .
പൊടുന്നനെ കാറ്റടങ്ങിയതും, കുളത്തിലെ ജലം നിശ്ചലമായതും അവളെ അത്ഭുതപ്പെടുത്തി.
അവൾ വേഗമെഴുന്നേറ്റ് പടിക്കെട്ടുകൾ കയറി മുകളിലെത്തി.
ഈ സന്ധ്യനേരത്തെന്തിനാ ഇവിടെ വന്നിരിക്കുന്നത്, വല്ല പിശാചുക്കളും ദേഹത്ത് കയറില്ലേ, മോള് അകത്ത് വന്നിരുന്ന് ടിവി കാണുകയോ മൊബൈല് കാണുകയോ ചെയ്യ്
ഒന്നും മിണ്ടാതെയവൾ സുമതിയോടൊപ്പം വീടിനകത്തേയ്ക്ക് കയറിപ്പോയി.
ടിവി കാണുമ്പോഴും, കുറച്ച് മുമ്പ് കുളക്കടവിൽ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ചായിരുന്നു അവളുടെ ചിന്ത.
ചിലപ്പോൾ, അതൊക്കെ തൻ്റെ തോന്നലായിരുന്നിരിക്കാമെന്ന് അവൾ സ്വയമാശ്വസിച്ചു.
മനുവിൻ്റെയും സുമതിയുടെയുമൊപ്പം അത്താഴം കഴിച്ചിട്ടവൾ, ബാൽക്കണിയിൽ വന്ന് റോഡിലേക്ക് നോക്കി നിന്നു.
ഗിരിയേട്ടനിനിയും വന്നില്ലല്ലോയെന്ന് അവൾ മനസ്സിലോർത്തു?
പാവം ഗിരിയേട്ടൻ ,ആ മനസ്സിൽ സിതാരേച്ചിയോട് ഒത്തിരി സ്നേഹമുണ്ടായിരുന്നത് കൊണ്ടല്ലേ? ഇത്രയും നാളുകൾ കഴിഞ്ഞിട്ടും, ഭാര്യയുടെ വേദനിക്കുന്ന ഓർമ്മകളിൽ കിടന്ന് പിടയുന്നത് .
അതിൽ നിന്ന് മോചനം കിട്ടാനല്ലേ? മദ്യപിച്ച് സ്വബോധമില്ലാതെ നടക്കുന്നത്.
പണ്ട് മുതലേ തനിക്ക്, മനുവേട്ടനെക്കാളും അടുപ്പമുണ്ടായിരുന്നത് ഗിരിയേട്ടനോടായിരുന്നു.
താനെന്ത് ആവശ്യപ്പെട്ടാലും, ഏത് വിധേനയും ഗിരിയേട്ടനത് സാധിച്ച് തരുമായിരുന്നു, ശാന്ത സ്വഭാവമായിരുന്നു ഗിരിയേട്ടന്.
മനുവേട്ടൻ നേരെ തിരിച്ചായിരുന്നു, മഹാവികൃതിയായിരുന്നു, തന്നെ ചെറുപ്പത്തിൽ വല്ലാതെ നുള്ളി നോവിച്ചും, കളിയാക്കിയുമൊക്കെ വല്ലാതെ ഇറിറ്റേറ്റു ചെയ്യുമായിരുന്നു.
കിഴക്കേ മതിലിനരികിൽ ഉയർന്ന് നില്ക്കുന്ന ബോഗൺവില്ലകൾക്കിടയിലൂടെ,
ആകാശത്തുദിച്ച് നില്ക്കുന്ന പൗർണ്ണമി തിങ്കളെ, അവൾ കൗതുകത്തോടെ നോക്കി നിന്നു.
മോളേ …കിടക്കണ്ടേ?
സുമതി ,താഴെ മുറ്റത്ത് നിന്ന് കൊണ്ട്, ബാൽക്കണിയിൽ നില്ക്കുന്ന പാർവ്വതിയോട് ചോദിച്ചു.
ഗിരിയേട്ടൻ ഇത് വരെയെത്തിയില്ലല്ലോ അമ്മായി?
ങ്ഹാ ,നീ അവനെ നോക്കി നില്ക്കുവാണോ? കുറച്ച് നാള് മുമ്പ് വരെ അമ്മായിയും, ഇത് പോലെ പാതിരാ വരെ കണ്ണിലെണ്ണയൊഴിച്ച് അവനെ കാത്തിരിക്കുമായിരുന്നു, പക്ഷേ പലപ്പോഴും അവൻ വരുന്നത്, പിറ്റേന്ന് നേരം വെളുത്തിട്ടായിരിക്കും, വെറുതെ കാത്ത് നിന്ന് നിൻ്റെ കണ്ണ് കഴക്കത്തേയുള്ളു ,താഴെ വന്ന് കിടക്കാൻ നോക്ക്, അവനെ നാളെയായാലും നിനക്ക് കാണാമല്ലോ
അമ്മായി പറഞ്ഞത് കേട്ട്, മനസ്സില്ലാ മനസ്സോടെയവൾ, താഴേക്കിറങ്ങി അമ്മായിയുടെ മുറിയിലേക്ക് പോയി.
വീട്ടിത്തടിയിൽ തീർത്ത വലിയ കട്ടിലിലെ ,പതുപതുത്ത ബെഡ്ഡിൽ അമ്മായിയോടൊപ്പം കിടന്ന പാർവ്വതി ,ഉറക്കം വരാതെ സ്പീഡിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു.
മോൾക്ക് ആവശ്യമുണ്ടെങ്കിൽ Ac ഓൺ ചെയ്തോ? അമ്മായി പിന്നെ ഇതൊന്നും ഉപയോഗിക്കാറില്ല
വേണ്ടമ്മായി, ഈ മുറിയിൽ വലിയ ചൂടില്ല
എങ്കിൽ ലൈറ്റ് ഓഫ് ചെയ്തേക്കട്ടെ? വെളിച്ചമുണ്ടെങ്കിൽ അമ്മായിക്ക് ഉറക്കം വരില്ല
ശരി അമ്മായി
കൈയെത്തിച്ച് ബെഡ് സ്വിച്ച് ഓഫ് ചെയ്തിട്ട്, സുമതി പുതപ്പ് വലിച്ച് അരക്കെട്ട് വരെ പുതച്ച് കിടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ, കോളിംഗ് ബെല്ലടിക്കുന്നത് കേട്ടു.
അമ്മായീ ഗിരിയേട്ടൻ വന്നെന്ന് തോന്നുന്നു
താൻ പറഞ്ഞതിന് പ്രതികരണമൊന്നുമില്ലാതിരുന്നപ്പോൾ, അമ്മായി ഉറക്കമായെന്ന് പാർവ്വതിക്ക് മനസ്സിലായി.
അവൾ വേഗമെഴുന്നേറ്റ് ,ലൈറ്റിട്ടിട്ട് ബെഡ് റൂമിൻ്റെ കതക് തുറന്ന് വെളിയിലിറങ്ങി, ഹാളിലേക്ക് നടന്നു.
വെളിയിലെ ലൈറ്റിട്ട് ,മുൻവാതിൽ തുറന്നപ്പോൾ ഗിരി ,വീണ് പോകാതിരിക്കാൻ ചുമരിൽ പിടിച്ച് ആടിയാടി നില്ക്കുന്നതാണ് കണ്ടത്.
എന്ത് കോലമാണ് ഗിരിയേട്ടാ ഇത്?
താടിരോമങ്ങൾ വളർന്ന് ,എണ്ണ തേല്ക്കാതെ ,അലങ്കോലമായ തലമുടിയുമായി, ഒരു ഭ്രാന്തനെ പോലെ തൻ്റെ മുന്നിൽ നില്ക്കുന്ന, ഗിരിയോടവൾ വേദനയോടെ ചോദിച്ചു.
ഹല്ല ഇതാരാ പാറൂട്ടിയോ? നീയീ പാതിരാക്ക് എവിടുന്നാ പൊട്ടിവീണത്?
കുനിഞ്ഞ് കിടന്ന തല, കഷ്ടപ്പെട്ട് ഉയർത്തി നോക്കിയപ്പോൾ ,മുന്നിൽ പാർവ്വതി നില്ക്കുന്നത് കണ്ട് ,ജിജ്ഞാസയോടെ അയാൾ ചോദിച്ചു.
ഞാൻ ഉച്ചയ്ക്ക് അമ്മായിയോടൊപ്പം വന്നതാണ് , കുറച്ച് മുൻപ് വരെ ഗിരിയേട്ടനെയും കാത്ത് ഞാൻ, വഴിയിലേക്ക് കണ്ണും നട്ട്നില്ക്കുകയായിരുന്നു
ഹ ഹ ഹ ,എന്നെയും നോക്കി വഴിക്കണ്ണുമായി നില്ക്കാൻ, നിന്നോടാര് പറഞ്ഞെടീ..അതിനെൻ്റെ സിതാരയുണ്ട്, മരിച്ച് പോയെങ്കിലും, അവളുടെയാത്മാവ് ഈ പരിസരത്തൊക്കെ തന്നെയുണ്ട്
ഗിരിയുടെ വാക്കുകൾ അവളുടെ ഉള്ള് പൊള്ളിച്ചു.
ഓകെ ,അതൊക്കെ ഞാൻ സമ്മതിച്ചു ,പക്ഷേ എനിക്ക് ഗിരിയേട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്, അതിനാണ് ഞാൻ കാത്ത് നിന്നത്
ഉപദേശിക്കാനായിരിക്കും ,ഒരു കാര്യോമില്ല ,പിന്നെ നിനക്ക് അത്ര നിർബന്ധമാണെങ്കിൽ, നമുക്ക് നാളെ സംസാരിക്കാം, ഇപ്പോൾ എനിക്കൊന്ന് കിടക്കണം
വെട്ടിമുറിച്ച് പറഞ്ഞിട്ട്, പാർവ്വതിയെ തള്ളിമാറ്റി ഗിരി അകത്തേക്ക് കയറി.
സ്റ്റെയർകെയ്സ് കയറുമ്പോൾ, അയാൾ വീണ് പോകുമെന്ന് ഭയന്ന് ,പാർവ്വതി റൂമിലെത്തുംവരെ അയാളെ അനുഗമിച്ചു.
മുറിയിൽ കയറിയ ഉടനെ, അയാൾ വാതിൽ കൊട്ടിയടച്ചു.
കുറച്ച് നേരം അവിടെ നിന്നിട്ട്, പാർവ്വതി തിരിച്ച് അമ്മായിയുടെ റൂമിലേക്ക് വന്നു ,സുമതി അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു .
അവരുടെയൊപ്പം കയറി കിടന്ന പാർവ്വതിയും, എപ്പോഴോ നിദ്രയിലേക്കാണ്ട് പോയി .
പാതിരാ കഴിഞ്ഞപ്പോൾ, തിളങ്ങി നിന്നിരുന്ന തിങ്കൾ മേഘക്കീറിനുള്ളിലൊളിച്ചു.
ഭൂമിയിലാകെ അന്ധകാരം നിറഞ്ഞു, പച്ചപുതച്ച് നില്ക്കുന്ന നെല്പാടങ്ങളെയും, ആകാശം മുട്ടെ ഉയർന്ന് നില്ക്കുന്ന പനകളെയും പിടിച്ച് കുലുക്കിക്കൊണ്ട് ,കിഴക്കൻ കാറ്റ് ആഞ്ഞ് വീശി.
അന്തരീക്ഷത്തിൽ രൂപപ്പെട്ട് വന്ന ഒരു പുകച്ചുരുൾ ,പൊന്നേഴത്ത് മുറ്റത്ത് വന്ന് നിന്നു.
അല്പം കഴിഞ്ഞ്, ആ മണിമന്ദിരത്തിൻ്റെ മുൻവാതിൽ മലർക്കെ തുറന്ന് കൊണ്ട്, ആൾരൂപം പൂണ്ട വെളുത്തപുക, പാർവ്വതി കിടക്കുന്ന മുറിയെ ലക്ഷ്യമാക്കി അകത്തേക്ക് നടന്നു.
നേരത്തെ ,മുറിയിലേക്ക് കയറി വാതിലടച്ച ഗിരി, കട്ടിൽ കയറി കിടന്നിട്ട് ,തൻ്റെയരികിലിരുന്ന സിതാരയുടെ സാരിയും ബ്ളൗസും നെഞ്ചോട് ചേർത്ത് പിടിച്ചാണ് ,ഉറങ്ങാൻ കിടന്നത്.
രാവേറെയായിട്ടും, ഉറക്കം വരാതെ കണ്ണ് തുറന്ന് എതിരെയുള്ള സിതാരയുടെ ഫോട്ടോയിൽ തന്നെ നോക്കിക്കിടന്ന ഗിരിക്ക് ,തൻ്റെ ഇടത് വശത്ത് ആരോ വന്ന് നില്പുണ്ടെന്ന് തോന്നിയപ്പോൾ ,അയാൾ
തല തിരിച്ച് നോക്കി.
അവിടെ നില്ക്കുന്ന പാർവ്വതിയെ കണ്ടയാൾ ഞെട്ടി.
ങ്ഹേ,എടീ പാറു… നീയിതിനകത്തെങ്ങനെ കയറി? ഞാൻ കതക് ലോക്ക് ചെയ്തതാണല്ലോ ?
ഞാൻ പാർവ്വതിയല്ല, സിതാരയാണ് ,മരിച്ചതിന്ശേഷം ഞാനെന്നും ഇവിടെ വരാറുണ്ട്, പക്ഷേ ,എനിക്കൊരു രൂപമില്ലാത്തത് കൊണ്ട് ,ഗിരിക്ക് എന്നെ കാണാനോ, നമുക്ക് തമ്മിൽ സംസാരിക്കാനോ കഴിഞ്ഞില്ല, ഇപ്പോൾ പാർവ്വതിയുടെ ശരീരത്തിൽ കയറിയത് കൊണ്ട് മാത്രമാണ്, നിങ്ങൾക്കെന്നെ കാണാനും സംസാരിക്കാനും പറ്റുന്നത്
തൻ്റെ സിതാരയുടെ ആ മധുരശബ്ദം കേട്ട്, ഞെട്ടലോടെ ഗിരി ചാടിയെഴുന്നേറ്റു.
തുടരും…