മഴവില്ല് ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

എന്നെ വിടൂ…ഗിരീ … നീയിപ്പോൾ പുണരുന്നത് എന്നെയല്ല, പാർവ്വതിയുടെ ശരീരത്തെയാണ് എൻ്റെ ആത്മാവ് മാത്രമാണ് നിന്നോട് സംസാരിക്കുന്നത്

അല്ലസിത്തൂ… എൻ്റെ സ്പർശനം നീയറിയുന്നുണ്ടല്ലോ? അപ്പോൾ എൻ്റെ മുന്നിലിപ്പോൾ നില്ക്കുന്നത് നീ തന്നെയാണ്, എൻ്റെ കണ്ണുകൾ കാണുന്നത് എൻ്റെ പ്രിയതമയുടെ സുന്ദരമായ രൂപത്തെയാണ്, ഞാനാസ്വദിക്കുന്നത്, എൻ്റെ ഭാര്യയുടെ ശരീരം തന്നയാണ് സിത്തൂ…

ഓഹ് ഗിരിയേട്ടാ… എനിക്കിതൊക്കെ നിഷിദ്ധമാണ് ഭൂമിയിലെത്തി പ്രിയപ്പെട്ടവരെ കാണാൻ മാത്രമേ എനിക്കനുവാദമുള്ളു ,ഇന്നലെ വരെ അങ്ങനെ തന്നെയായിരുന്നു പക്ഷേ ഇന്ന് ഞാൻ ഇങ്ങനെയൊരു സാഹസം കാട്ടിയത് എനിക്ക് നിങ്ങളോട് ചിലതൊക്കെ തുറന്ന് പറയാനുള്ളത് കൊണ്ടാണ്അതിനാണ് ഞാൻ പാർവ്വതിയുടെ ദേഹത്ത് പ്രവേശിച്ചതും നിങ്ങളുടെ അരികിലെത്തിയതും

എന്താ സിത്തു നിനക്ക് പറയാനുള്ളത്?അന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ, നമ്മൾ തമ്മിൽ ചെറിയ കശപിശ ഉണ്ടായിരുന്നു, പക്ഷേ ,അത് സ്ഥിര മുള്ളതല്ലേ? അത് നീ സീരിയസ്സായിട്ടെടുക്കുമെന്നും എന്നെ തോല്പിക്കാൻ ആത്മഹത്യ ചെയ്യുമെന്നും ഞാൻ കരുതിയില്ല, പക്ഷേ, ഞാനൊഴിച്ച് നമ്മുടെ ബന്ധുക്കളും മറ്റുള്ളവരും നീ കാല് വഴുതി കുളത്തിൽ വീണതാണെന്ന് കരുതിയിരിക്കുവാണ് , എന്തിനാ സിത്തൂ… എന്നെ തനിച്ചാക്കി നീ ഒറ്റക്ക് പോയത്?

ഞാൻ ആത്മഹത്യ ചെയ്തതല്ല ഗിരീ .. എന്നെ കൊന്നതാണ്

ങ്ഹേ!

അത് കേട്ട് ഗിരി വിറങ്ങലിച്ച് നിന്ന് പോയി

ആരാ, ആരാണ് നിന്നെ ഇല്ലായ്മ ചെയ്തത് ,അതാരായാലും ,അയാളെ ഞാൻ, ഈ ഭൂമിയുടെ മുകളിൽ ജീവനോടെ വച്ചേക്കില്ല

അതെനിക്കറിയില്ല ഗിരീ ..അന്ന് ഞാൻ ഗിരിയുമായി പിണങ്ങിയിട്ട് ബാൽക്കണിയിൽ പോയി കുറെനേരം നിന്നില്ലേ? പുറത്ത് നല്ല നിലാവ് പരന്നൊഴുകുന്നത് കണ്ടപ്പോൾ
എനിക്ക്, കുളക്കടവിൽ പോയി കുറച്ച് നേരം തനിച്ചിരിക്കണമെന്ന് തോന്നി, തിരിഞ്ഞ് നോക്കിയപ്പോൾ, ഗിരി കൂർക്കം വലിച്ച് നല്ല ഉറക്കത്തിലാണ്ട് കഴിഞ്ഞിരുന്നു, ആ തക്കത്തിന് ഞാൻ കുളക്കടവിലേക്ക് നടന്നു ,എന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് പല പ്രാവശ്യം തോന്നിയെങ്കിലും, ഞാൻ തിരിഞ്ഞ് നോക്കിയിട്ട് ആരെയും കണ്ടിരുന്നില്ല ,കുളക്കടവിലെത്തിയ ഞാൻ, ഏറ്റവും താഴെയുള്ള പടിയിലാണ് ചെന്നിരുന്നത്, നിശ്ചലമായി കിടക്കുന്ന കുളത്തിലെ ജലത്തിൽ, തെളിഞ്ഞ് നിന്ന പൂർണ്ണചന്ദ്രൻ്റെ പ്രതിബിംബത്തെ, കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്ന എന്നെ, പെട്ടെന്നാണ്, ആരോ പിന്നിൽ നിന്ന് ശക്തമായി തൊഴിച്ചത് ,അപ്രതീക്ഷിതമായ ആഘാതത്തിൽ, ഞാൻ മുന്നിലെ ജലത്തിലേക്ക് തലകീഴായി മുങ്ങി പോവുകയായിരുന്നു, ആ നിലയില്ലാ കയത്തിൽ, ഒരിറ്റ് ജീവശ്വാസത്തിനായി , കൈകാലിട്ടടിച്ച് അലറി വിളിച്ചെങ്കിലും, എൻ്റെ നിലവിളി ,ആരും കേൾക്കാതെ, കുളത്തിൻ്റെ നാല് കരകളിൽ തട്ടി ഇല്ലാതാവുകയായിരുന്നു

ഓഹ് എന്തിനാ സിത്തു .. നീയൊറ്റയ്ക്ക് പാതിരാത്രിയിൽ അങ്ങോട്ട് പോയത് വേണ്ടിയിരുന്നില്ല ,ങ്ഹാ ഇനി പറഞ്ഞിട്ട് കാര്യമില്ല ,എങ്കിലും ആ കൊലപാതകിയെ എങ്ങിനെയെങ്കിലും കണ്ടു പിടിക്കണം

വേണം ഗിരീ… നമ്മളെ തമ്മിലകറ്റിയ, ആ ദുഷ്ട ജന്മത്തെ എനിക്കുമെന്ന് കാണണം, പക്ഷേ അതെങ്ങനെ?

പോലീസിൽ പരാതിപ്പെടാൻ കഴിയില്ലല്ലോ? നിന്നെ കൊന്നതാണെന്ന് നിൻ്റെ ആത്മാവ് വന്ന് പറഞ്ഞതാണെന്ന് പറഞ്ഞാൽ, എല്ലാവരും കൂടി എന്നെ ഭ്രാന്തനെന്ന് മുദ്രകുത്തും, ഇപ്പോൾ തന്നെ മുഴുക്കുടിയനെന്ന ലേബലെനിക്കുണ്ട്

മ്ഹും ,അപ്പോൾ ഇനി മുതൽ ആ ലേബല് വേണ്ട ,ഞാൻ പോയത് കൊണ്ടല്ലേ ഗിരി, കുടി തുടങ്ങിയത്, ഇപ്പോൾ ഞാൻ ഗിരിയുടെയടുത്ത് മടങ്ങി വന്നില്ലേ? അത് കൊണ്ട് ഇനി കുടിക്കില്ലെന്ന് പ്രോമിസ് ചെയ്യ്

ഇല്ല സിത്തൂ .. ഇനിയെനിക്ക് സ്വബോധത്തോടെ നടക്കണം, എന്നിട്ട് എല്ലാവരെയും ഡീറ്റെയിൽഡായിട്ട് ഒബ്സർവ് ചെയ്യണം ,എങ്കിലേ നിൻ്റെ കൊലയാളിയെക്കുറിച്ച് എന്തെങ്കിലുമൊരു തുമ്പ് ലഭിക്കു

ഉം താങ്ക്യു ഗിരീ.. എനിക്ക് നിന്നോടൊപ്പം ജീവിച്ച് കൊതി തീർന്നിട്ടില്ലായിരുന്നു ,എന്ത് ചെയ്യാം ,ഇനി എല്ലാ രാത്രികളിലും, പാർവ്വതിയും മറ്റുള്ളവരും ഉറങ്ങാനായി കാത്തിരിക്കണം, എന്നാലേ നിൻ്റെയരികിൽ എനിക്കിത് പോലെ വന്നിരിക്കാൻ പറ്റുകയുള്ളു, അതും വളരെ കുറച്ച് സമയം മാത്രം ,ഇപ്പോഴെനിക്ക് പോകാൻ സമയമായി ,ഞാൻ പോകുന്നു ഗിരീ.. നമുക്കിനി നാളെ ഇതേ സമയത്ത് കണ്ട് മുട്ടാം

പോകല്ലേ സിത്തു… കുറച്ച് നേരം കൂടി എൻ്റെയടുത്തിരിക്കു, എനിക്ക് നിന്നെ കണ്ട് കൊതി തീർന്നിട്ടില്ല

ഇല്ല ഗിരീ .. എനിക്കിനി ഒരു നിമിഷം പോലും ഇവിടെ നില്ക്കാൻ കഴിയില്ല, എൻ്റെ സമയം കഴിഞ്ഞു

അത് പറഞ്ഞ്, സിതാര അയാളെ ശക്തമായി തള്ളി കട്ടിലിലേക്കിട്ടു എന്നിട്ട് ഒരു കൊടുങ്കാറ്റ് പോലെ വാതിൽ തുറന്നവൾ വെളിയിലേക്ക് പോയി.

പിറ്റേന്ന് ഉറക്കമെഴുന്നേറ്റ് വായും മുഖവും കഴുകിയിട്ട് വാഷ് ബേസനിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ്, പാർവ്വതി തൻ്റെ ചുണ്ടുകൾ തടിച്ച് ചുവന്നിരിക്കുന്നത് കണ്ടത്, കീഴ് ചുണ്ട് നന്നായി മലർന്നിട്ടുണ്ട്, എന്തോ ഒന്ന് കടിച്ചത് പോലെ ചുണ്ടിന് വല്ലാത്തൊരസ്വസ്ഥതയും ഫീല് ചെയ്യുന്നുണ്ട്.

എന്താ പാറു നിൻ്റെ ചുണ്ടിൽ കടന്നല് കുത്തിയോ ?ചുവന്ന് തുടുത്തിരിക്കുന്നല്ലോ?

അടുക്കളയിൽ ചെന്നപ്പോൾ സുമതി അവളോട് തിരക്കി

അറിയില്ലമ്മായീ… രാവിലെ കണ്ണാടിയിൽ നോക്കിയപ്പോഴാ ഞാനും ശ്രദ്ധിച്ചത്

മോള് കുറച്ച് വെളിച്ചെണ്ണയെടുത്ത് ചുണ്ടിൽ തൂത്ത് വയ്ക്ക് ,കുറച്ച് കഴിയുമ്പോൾ മാറിക്കൊള്ളും, പിന്നെ മോളേ… ഈ ചായ നീയൊന്ന് ഗിരിയുടെ മുറിയിൽ കൊണ്ട് കൊടുക്ക് ,അവനിപ്പോൾ ഉണർന്ന് കാണും

ഉം ശരി അമ്മായി

ങ്ഹാ മോളേ … നീയവനെയൊന്ന് നേരെയാക്കണം ,നിന്നെക്കൊണ്ടതിന് കഴിയും പണ്ട് മുതലേ അവന് നിന്നെയും നിനക്ക് അവനെയും ഒത്തിരി ഇഷ്ടമായിരുന്നല്ലോ ?അത് കൊണ്ട് നീ പറഞ്ഞാൽ അവൻ കേൾക്കുമെന്ന് അമ്മായിക്കറിയാം , എങ്ങനെയെങ്കിലും അവൻ്റെ കുടിയൊന്ന് നിർത്തിച്ച് അവനെ പഴയ ഗിരിയാക്കിയെടുക്കണം ,അതിന് എന്ത് മാൾഗ്ഗവും മോൾക്ക് സ്വീകരിക്കാം

അമ്മായി പറയുന്നതിന് മുമ്പ് തന്നെ ,ഗിരിയേട്ടനോട് സംസാരിക്കാനും അദ്ദേഹത്തെ നേർവ്വഴിക്ക് കൊണ്ട് വരാനും ഒരു ശ്രമം നടത്തി നോക്കാൻ താനിന്നലെ തന്നെ മനസ്സിലുറപ്പിച്ചതായിരുന്നെന്ന് പാർവ്വതിയോർത്തു.

പക്ഷേ അതിന് എന്ത് മാർഗ്ഗവും മോൾക്ക് സ്വീകരിക്കാം എന്ന് അമ്മായി പറഞ്ഞത് എന്തർത്ഥത്തിലായിരിക്കുമെന്ന് അവൾ തല പുകഞ്ഞാലോചിച്ചു

തന്നെ ഗിരിയേട്ടന് വിവാഹം കഴിച്ച് കൊടുക്കുമോ എന്ന്, മുമ്പ് ഒരിക്കൽ അമ്മായി,അച്ഛനോട് ചോദിച്ചിരുന്നു

പക്ഷേ ബന്ധത്തിൽ നിന്നും മോൾക്കൊരു വരനെ കണ്ടെത്തുന്നതിൽ അച്ഛന് താല്പര്യമില്ലായിരുന്നു

അങ്ങനെയാണ് സിതാരേച്ചിയുമായി ഗിരിയേട്ടൻ്റെ വിവാഹം നടക്കുന്നത്

ഇങ്ങനൊരാലോചന നടന്നിരുന്നു എന്ന് ,കല്യാണത്തിന് ശേഷം അമ്മ പറയുമ്പോഴാണ്, താനറിയുന്നത്, ഇനി അമ്മായിയുടെ മനസ്സിൽ വീണ്ടും പഴയ ആഗ്രഹം ഉടലെടുത്തതാണോ?

ഓരോന്നാലോചിച്ച് കൊണ്ട് ,ചായയുമായി അവൾ ഗിരിയുടെ മുറി വാതില്ക്കൽ എത്തി.

ആഹാ.. ഗിരിയേട്ടൻ രാവിലെ ഉണർന്നായിരുന്നോ? കതക് തുറന്ന് കിടക്കുന്നല്ലോ?

തലേ രാത്രിയിലെ സംഭവങ്ങളെ കുറിച്ചോർത്ത് കിടന്നിരുന്ന ഗിരി ,പാർവ്വതിയെക്കണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.

ദാ ഗിരിയേട്ടാ… ചായ കുടിക്ക്

അവളുടെ കൈയ്യിൽ നിന്നും ചായക്കപ്പ് വാങ്ങുമ്പോൾ അവളുടെ മുഖത്ത് നോക്കാൻ അയാൾക്ക് വൈക്ളബ്യം തോന്നി.

തുടരും…