പെണ്ണിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും താക്കോൽ അവരുടെ ഉള്ളിൽ തന്നെ ഉണ്ട്…

രണ്ടു പുരുഷന്മാർ

Story written by AMMU SANTHOSH

“സാർ ഈ പീരിയഡ് ക്ലാസ്സ്‌ ഒന്ന് എടുക്കുമോ? “

നന്ദന ടീച്ചർ പതിവില്ലാതെ വന്നു ചോദിച്ചപ്പോൾ ശ്രീജിത്ത്‌ ആ മുഖത്തേക്ക് ഒന്ന് നോക്കി. കരഞ്ഞു വീർത്ത കണ്ണുകൾ. മുഖത്ത് മുടി കൊണ്ട് മറച്ചെങ്കിലും കാണാം കരിനീലിച്ച പാടുകൾ. ഇവരെ ഭർത്താവ് അടിക്കാറുണ്ടോ? അയാൾ ചിന്തിച്ചു.

“ഫിസിക്സ്‌ തീരാനുണ്ട് കുറച്ച്.. അതാണ് “

“എടുക്കാം ടീച്ചറെ അതിനെന്താ?”അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

പിറ്റേ ദിവസം ടീച്ചർ ലീവ് ആയിരുന്നു..അതിന്റ പിറ്റേ ദിവസം വന്നപ്പോഴും അങ്ങനെ തന്നെ. അയാൾ കൂടെയുള്ള സജീവൻ മാഷിനോട് സംസാരിച്ചു അന്ന്.

“ശ്രീജിത്ത്‌ പുതിയ ആളല്ലേ? അത് കൊണ്ടാണ് അവരെ അറിയാത്തത്. . പാവം സ്ത്രീ ആണ്. ഭർത്താവ്..ഒരു ദുഷ്ടൻ ആണ്. എല്ലാ ചീത്ത സ്വഭാവവും ഉണ്ട്. രണ്ടു പെണ്മക്കൾ ഉണ്ട്. എന്ത് ചെയ്യാൻ. ഞങ്ങൾ ഉപദേശിക്കാൻ ഒക്കെ നോക്കിയതാ. അവർക്ക് അന്ന് രണ്ടടി കൂടുതൽ കിട്ടി “

സജീവൻ മാഷ് പറഞ്ഞപ്പോൾ അയാളുടെ ഉള്ളിൽ ഒരു വേദന നിറഞ്ഞു. തന്റെ ചേച്ചിയോ അനിയത്തിയോ ആയിരുന്നു എങ്കിലോ? ഈശ്വര !ഓർക്കാൻ കൂടി വയ്യ. ഇവർ തന്റെ ആരുമല്ല. പക്ഷെ കണ്ട് നിൽക്കാനും ആവുന്നില്ല. താൻ ലീവ് വേക്കൻസിയിൽ വന്ന ഒരാൾ. കഷ്ട്ടിച്ചു രണ്ടു മാസം അപ്പൊ പോകണം. എന്നാലും എന്തെങ്കിലും ചെയ്യണം എന്ന് അയാൾക്ക് തോന്നി.

“ടീച്ചറെ ഒരു സംശയം ചോദിക്കട്ടെ.. ന്യൂട്ടന്റെ മൂന്നാം ചലനനിയമം എന്താ? “ശ്രീജിത്ത്‌ അന്നുച്ചക്കത്തെ ഇന്റർവെൽ സമയത്ത് ടീച്ചറിനോട് ചോദിച്ചു

“മാഷെന്താ കളിയാക്കുവാണോ? “നന്ദന അത്ഭുതം നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.

“ടീച്ചർ പറഞ്ഞെ “ശ്രീജിത്ത്‌ ആവർത്തിച്ചു

“ഏതു പ്രവർത്തനത്തിനും തുല്യവും വിപരീതവും ആയ ഒരു പ്രതിപ്രവർത്തനം ഉണ്ടാകും “അവൾ പറഞ്ഞു

“ആണല്ലോ? “

“അതേ “

“വസ്തുക്കൾക്ക് മാത്രം അല്ല മനുഷ്യനും ഇത് ബാധകമാണ് ടീച്ചർ. .പറയുന്നത് കൊണ്ട് ടീച്ചറിനൊന്നും തോന്നരുത്. അടിച്ചും മുറിവേൽപ്പിച്ചും ശരീരത്തെ അപമാനിക്കുന്നവൻ ആരാണെങ്കിലും പ്രതികരിക്കണം. അത് ഭർത്താവ് ആണെങ്കിൽ പോലും. ടീച്ചറിന്റെ മക്കൾക്ക് ഇങ്ങനെ വന്നാൽ എന്ത് ചെയ്യും? അമ്മ സഹിക്കുന്നത് കണ്ടല്ലേ അവർ വളരുക. അവർ ദുർബലരാകും.. ടീച്ചർ ആവണം മാതൃക അവർക്ക്.പെണ്ണിന്റെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും താക്കോൽ അവരുടെ ഉള്ളിൽ തന്നെ ഉണ്ട്. ആരെക്കാളും ശക്‌ത ആണ് ടീച്ചറെ സ്ത്രീ. . അതോണ്ടല്ലേ പ്രസവിക്കാനുള്ള കഴിവ് ദൈവം സ്ത്രീകൾക്ക് കൊടുത്തത്? പെൺകുട്ടികൾ ബോൾഡ് ആയി വളരട്ടെ. സോറി ട്ടോ എന്റെ ചേച്ചിയായി കണ്ടു പറഞ്ഞു പോയതാ “

നന്ദന തറഞ്ഞിരുന്നു പോയി. ആ വാക്കുകൾ അവളിലേക്ക് ഒരു മലവെള്ള പാച്ചിൽ കണക്കെ കുത്തിയൊഴുകി.. ശരീരം കത്തുന്ന പോലെ.

എല്ലാവരും പറഞ്ഞത് ക്ഷമിക്കാനാണ്.

പെണ്ണാണ് സഹിക്കേണ്ടത് എന്ന് മക്കളെ ഓർത്ത് അഡ്ജസ്റ്റ് ചെയ്യ് എന്ന്.

കുടിയൻ ആണെങ്കിലും തല്ലുന്നവൻ ആണെങ്കിൽ പോലും താലി ആണ് വലുത് എന്ന്

എന്ത് ചെയ്താലും മക്കളുടെ അച്ഛനല്ലേ നിനക്ക് കണ്ണടച്ചാലെന്താ എന്ന്

എല്ലാ വീട്ടിലും ഉള്ളതാ എന്ന്

ആരും പറഞ്ഞില്ല പ്രതികരിക്കാൻ.. സ്വന്തം അമ്മ പോലും. അടിച്ചാൽ തിരിച്ചടിച്ചു കൂടെ അമ്മക്ക് എന്ന് മകൾ ചോദിച്ചപ്പോൾ ഒരിക്കൽ താൻ ആ വാ പൊത്തി. ആരെങ്കിലും കേട്ട് വന്നാൽ അവിടെയും അമ്മക്ക് കുറ്റം.. അവളുടെ വളർത്തു ദോഷം എന്നെ പറയു. നന്നായാൽ പറയും അവന്റെ മോളല്ലേ അങ്ങനെ അല്ലെ വരൂ എന്ന്..

ആദ്യമായി ഒരു പുരുഷൻ പറയുന്നു.. “പ്രതികരിക്കു എന്ന്..അവൾ കണ്ണടച്ച് ഒരു നിമിഷം നിശബ്ദമായി ഇരുന്നു..

രാത്രി

“ഇന്നെന്താടി മീനില്ലേ? “

ചോറിന്റെ മുന്നിലിരുന്നു ഭർത്താവ് ചോദിച്ചു

“കിട്ടിയില്ല “നന്ദന സാമ്പാർ ചോറിലേക്ക് വിളമ്പി.

അയാൾ പാത്രത്തോടെ അതവളുടെ മുഖത്തേക്ക് എറിഞ്ഞു.

സാമ്പാറിന്റെ എരിവ് കണ്ണിലും മൂക്കിലും.. ഉള്ളിലെന്തോ വന്നു നിറയുന്നു.

“എന്താടി നോക്കുന്നെ? “

അയാൾ അടിക്കാൻ കൈ ഉയർത്തി. ഉയരുന്ന കൈകളിൽ പിടിച്ചു നിർത്തി നന്ദന. ബാക്കി വന്ന സാമ്പാർ പാത്രം അയാളുടെ തലയ്ക്കു മുകളിലൂടെ കമിഴ്ത്തി.. അയാൾ പുകഞ്ഞു നീറി.

“എടി നിന്നേ ഞാൻ ഇന്ന്.. “അയാൾ ചാടിയെഴുന്നേറ്റു.

“പൊയ്ക്കോണം ഈ വീട്ടിൽ നിന്ന്.. എനിക്ക് നിങ്ങളെ ഇനി വേണ്ട.. കേട്ടല്ലോ….ഇറങ്ങി പൊയ്ക്കോണം ഇല്ലെങ്കിൽ.. നിങ്ങളെ ഞാൻ തല്ലും.സത്യം. “അവൾ ചൂലെടുത്തു ഓങ്ങി പിടിച്ചു..

“ഓ സ്വന്തം വീടായതിന്റെ അഹങ്കാരം. കൊല്ലുമെടി നിന്നേ ഞാൻ നോക്കിക്കോ.. “ആക്രോശിച്ചു കൊണ്ട് അയാൾ ഇറങ്ങിപ്പോയി..

മക്കൾ ഓടി വന്നവളെ കെട്ടിപ്പിടിച്ചു

” എത്ര തവണ ഞങ്ങൾ പറഞ്ഞു അമ്മയോട് ഇങ്ങനെ സഹിക്കരുതേ എന്ന്. അച്ഛൻ ആണെങ്കിലും ഇങ്ങനെ ഒരച്ഛൻ നമുക്ക് വേണ്ട അമ്മേ “മൂത്ത മകൾ കരച്ചിലോടെ പറഞ്ഞു

നന്ദന മുഖത്ത് കൂടി ഒലിച്ചിറങ്ങിയ കറി തുടച്ചു.. പിന്നെ മക്കളെ ചേർത്ത് പിടിച്ചു.

“അച്ഛൻ വീണ്ടും വന്നാലോ അമ്മയെ തല്ലിയാലോ? “ഇളയ മകൾ പേടിയോടെ ചോദിച്ചു

“കോടതിയും പോലീസും പിന്നെ എന്തിനാണിവിടെ? നിങ്ങൾ ഉണ്ടാവില്ലേ എന്റെ ഒപ്പം? “അവൾ വീറോടെ പറഞ്ഞു. മക്കൾ അമ്മയെ ഇറുക്കി കെട്ടിപിടിച്ചു.. ഉറപ്പോടെ….ശ്രീജിത്ത്‌ പുതിയ ജോലി കിട്ടി പോയി. അയാൾ ഒരു നിമിത്തം ആയിരുന്നു എന്ന് നന്ദനക്ക് തോന്നി ദൈവദൂതനെ പോലെ ഒരാൾ..

കുറെ നാളുകൾക്കു ശേഷം ഒരു ദിവസം ശ്രീജിത്തിന്റെ ഫോൺകാൾ അവളെ തേടിയെത്തി.

“എനിക്കൊരു മോളുണ്ടായി ടീച്ചറെ. വൈഫിനു കുറച്ചു ഹെൽത്പ്രോബ്ലം ഉണ്ടായിരുന്നു. ആകെ ടെൻഷൻ ആയിരുന്നു. അതാണ് ആരെയും വിളിക്കാൻ കഴിയാഞ്ഞത്. full ടൈം അവൾക്കൊപ്പം തന്നെ “

“ഉവ്വോ? അഭിനന്ദനങ്ങൾ മാഷേ. “

“ടീച്ചർ ഹാപ്പിയല്ലേ? പിന്നെ പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ ഞാൻ എന്നും ഓർക്കുന്നുണ്ടായിരുന്നു. ടീച്ചർ എന്നും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു ” നന്ദനയുടെ കണ്ണ് നിറഞ്ഞു

“സന്തോഷം.. പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു മാഷേ. അയാളുടെ വക കുറെ നാൾ ഫോൺ വിളി, ഭീഷണി ഒക്കെ ഉണ്ടായിരുന്നു. പോലീസ് ഒക്കെ ഇടപെട്ടത് കൊണ്ട് പേടി ഉണ്ട് അയാൾക്കും.. പിന്നെ ഇപ്പൊ വേറെ ഏതോ സ്ത്രീക്കൊപ്പം വേറെ ഏതോ നാട്ടില്. എനിക്ക് ഇപ്പൊ സമാധാനം ആണ് മാഷേ.. നേരെത്തെ ചെയ്യാമായിരുന്നു.. “

“സാരോല്ല.. ടീച്ചർ നന്നായി ഇരിക്ക്.. ഇടക്ക് വിളിക്കണം വിശേഷങ്ങൾ ഒക്കെ പറയണം.. മക്കളുടെ കല്യാണത്തിന് ഞാനും താരയും വരും ” ടീച്ചർ തലയാട്ടി.

ഒരു നന്ദി പറയണം എന്നുണ്ടായിരുന്നു പക്ഷെ ആ രണ്ടക്ഷരം കൊണ്ട് അയാളുടെ വില കുറയ്‌ക്കേണ്ട എന്ന് അവൾക്ക് തോന്നി.

ഇതും പുരുഷൻ ആണ്..

ഭൂമിയുടെ വ്യത്യസ്ത ധ്രുവങ്ങൾ പോലെ രണ്ടു പേര്.. നന്ദന വീണ്ടും കുട്ടികളെ പഠിപ്പിക്കാനുള്ള പാഠങ്ങളിലേക്കു തിരിഞ്ഞു..