ഓട്ടോറിക്ഷക്കാരന്റെ അമ്മ
എഴുത്ത്: സാജുപി കോട്ടയം
നേരം പരപരാ വെളുത്തപ്പോൾ ഒന്നാം ഓട്ടോസ്റ്റാൻഡിൽ വണ്ടി കൊണ്ടിട്ടതാണ് ഇപ്പൊ സമയം എട്ടുമണി കഴിയാറായി… കൈനീട്ടം പോലും ഓടിയിട്ടില്ല ഇതുവരെയും…. രാവിലത്തെ വയറു കുറക്കാനുള്ള നടപ്പുകാരുടെ തിരക്കൊക്കെ കുറഞ്ഞു. ഇനി വയറു നിറക്കാനുള്ളവരുടെ ഒട്ടമാണ് അടുത്തത് ഓഫീസിൽ പോകുന്നവർ മറ്റു പണിക്ക് പോകുന്നവർ പഠിക്കാൻ പോകുന്ന കുട്ടികൾ .. കടകൾ ഓരോന്നായി തുറന്നു തുടങ്ങി പാലും പത്രവുമൊക്കെ വാങ്ങാൻ ആളുകൾ കടയിലേക്ക് കയറിതുടങ്ങി അങ്ങനെ കവല പതിയെ ഉണരുകയാണ്. രാത്രി മുഴുവനും കവലയിൽ ആർക്കോവേണ്ടി കാവൽ നിന്നിരുന്ന തെരുവ് പട്ടികൾ പകലുറക്കാത്തതിനായി അവരുടെ സങ്കേതങ്ങലിലേക്ക് മടങ്ങി…
ടൗണിൽ നിന്നുള്ള ആദ്യത്തെ ബസ് കൃത്യം എട്ടുമണിക്ക് തന്നെ വന്നു വണ്ടി നിറുത്തും മുൻപ് തന്നെ ചിലർ ചാടിക്കേറി സീറ്റ് പിടിച്ചു ബാക്കിയുള്ള യാത്രക്കാർ ഡോറിന്റെ മുന്നിൽ അത്യാവശ്യം നല്ലൊരു മൽപ്പിടുത്തതിന് ശേഷം അകത്തേക്ക് തള്ളിക്കയറി സീറ്റുകൾ മിക്കവാറും എല്ലാം ഫിൽ ആയെങ്കിലും പിന്നെയും ആളുകൾ അകത്തേക്ക് കയറുവാൻ മത്സരിച്ചുകൊണ്ടിരുന്നു… അതിനിടയിൽനിന്ന് ഒരു അമ്മ ബാഗുമായി പുറത്തേക്കിറങ്ങാൻ വളരെയധികം ബുദ്ധിമുട്ടുന്നത് കണ്ടു എല്ലാവർക്കും തിരക്കാണ് പലരും അമ്മച്ചിയേ ബസിന്റെ ഡോറിൽ ഞെരുക്കിയാണ് അകത്തേക്ക് കടന്നത്.
ഏതോ ദൂരയാത്ര കഴിഞ്ഞുള്ള വരവാണ് പ്രായം ഏകദേശം അറുപത് അറുപത്തിയഞ്ച് അടുത്ത് ഉണ്ടാവും നല്ല വെളുത്ത നിറം അല്പം ചുളിവുകൾ വീണ ശരീരം സാരിയാണ് വേഷം കാഴ്ച്ചയിൽ കുലീനത തോന്നുന്ന നടപ്പും മുഖവും… മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ല മിക്കവാറും കൈനീട്ടം ആ കൈകളിൽ നിന്നാവും ഐശ്വര്യമായി കിട്ടാൻ പോകുന്നത്… ഞാൻ മനസ്സിൽ കണക്കുകൂട്ടി.
ഓട്ടോറിക്ഷക്കാർ അങ്ങനെയാണ് വരുന്നതും പോകുന്നതുമായ ഓരോ വ്യെക്തികളെയും സസൂഷ്മം ശ്രെദ്ധിക്കും.. അതുകൊണ്ട് തന്നെ ചിലർ പറയും ഓട്ടോക്കാർ വായിനോക്കികളാണെന്ന്…! എന്നാൽ അതല്ല കാര്യം നിങ്ങളുടെ ഓരോ വിളിക്കായും ശ്രെദ്ധിക്കുന്നതാണത് നിങ്ങൾ ചെറുതായി ഒന്ന് കൈയ് ഉയർത്തിയാൽ മതി വണ്ടി സ്റ്റാർട്ട് ചെയ്യാൻ എപ്പോഴും തയ്യാറായാണ് നിൽക്കുന്നത്. എല്ലാം ജീവിക്കാൻ വേണ്ടിയാണ്..
ആ അമ്മ പതിയെ നടന്നു എന്റെ വണ്ടിയുടെ അരികിലെത്തി..
മോനെ….. ആശുപത്രിപടി വരെയും പോകണം… എത്ര രൂപയാവും??
പ്രായത്തിന്റെയോ യാത്രഷീണത്തിന്റെയോ പതറിച്ചപോലുമില്ല ആ ശബ്ദത്തിൽ നല്ല അക്ഷരസ്പുടതയോടുള്ള സംസാരം.
ഞാൻ : അവിടെ വരെയും എൺപതു രൂപയാവും അമ്മേ
അമ്മ : എനിക്ക് സുകുമാരന്റെ വീട്ടിൽ പോകാനാണ് മോന് അറിയുമോ സുകുമാരനെ??
ഞാൻ : എനിക്കറിയില്ല അമ്മേ
അമ്മ : എന്നാ നമുക്ക് അങ്ങോട്ട് പോകാം എന്റെ മോൾടെ ഭർത്താവാണ് സുകുമാരൻ കോൺട്രാക്ടർ ആണ്
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു.
ഞാൻ : ഓ…. ഇപ്പൊ മനസിലായി ആ അമ്പലത്തിന്റെ പുറകിലെ വീടല്ലേ….എനിക്കറിയാം.
അമ്മ : ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട് പഴയ വീടൊക്കെ പൊളിച്ചു പുതിയത് വച്ചെന്ന് മോള് വിളിച്ചപ്പോ പറഞ്ഞു. അതുകൊണ്ട് വീടൊന്നും ഇപ്പൊ കണ്ടാൽ അറിയില്ലെനിക്ക്. പിന്നെ കുഞ്ഞുങ്ങളെയും കണ്ടിട്ട് ഒരുപാടായി…
അമ്മക്ക് തുടർന്നും സംസാരിക്കാൻ താല്പര്യമുണ്ടെന്ന് മനസിലാക്കി ഞാൻ ചോദിച്ചു…
ഞാൻ : അമ്മയെവിടുന്നാ വരുന്നത്??
അമ്മ : ഞാൻ വരുന്നത് ബാംഗ്ലൂരിൽ നിന്നാണ് അവിടാണ് ഇളയ മകള് താമസിക്കുന്നത്..
ഞാൻ അത്ഭുതത്തോടെ : അവിടുന്ന് തനിച്ചാണോ ഇവിടം വരയും വന്നത്?? ആരുമില്ലായിരുന്നോ കൂടെ വരാൻ??
അമ്മ : മരുമകനാ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ടതും ടിക്കറ്റ് എടുത്തു തന്നതും ആദ്യമായിട്ടാ ഇത്രയും ദൂരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. അങ്ങേര് ഉണ്ടായിരുന്നപ്പോൾ ന്റെ… കൂടെന്ന് മാറില്ലായിരുന്നു. ( അവസാന വാക്ക് പറയുമ്പോൾ ആ ശബ്ദം ചെറുതായൊന്നു പതറിയപോലെ )
പിന്നെയും കുറച്ചു സമയം സംസാരിച്ചു. അമ്മയുടെ സ്വന്തം നാട് തൃശൂർ ആണ് ഒരു പ്രൈവറ്റ് ഹൈസ്കൂളിൽ ടീച്ചറായിരുന്നു .. ഭർത്താവ് നല്ലൊരു കൃഷിക്കാരനും വിവാഹിതരായ രണ്ടു പെണ്മക്കൾ ഭർത്താവിന്റെ മരണശേഷം നാട്ടിലുള്ള സ്ഥലം മുഴുവനും രണ്ടു പെണ്മക്കൾക്കും വീതിച്ചു കൊടുത്തു. കൊടുത്തതിന്റെ മൂന്നു മാസം കഴിഞ്ഞു രണ്ടുപേരും അത് മുഴുവനും വിറ്റു….. അമ്മയെ ഇളയ മകൾ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി.
ദാ…. അമ്മേ സുകുമാരൻ ചേട്ടന്റെ വീടെത്തി..
വലിയ ഇരുനില വീടിന്റെ ഗേറ്റിന്റെ മുന്നിൽ വണ്ടി നിറുത്തി .. ടൈൽസ് വിരിച്ച മുറ്റത്തു ഒരു സ്ത്രീ നിൽപ്പുണ്ട് മകളാണെന്ന് തോന്നുന്നു ജോക്കിങ് ഡ്രെസ്സ് ആണ് ധരിച്ചിരിക്കുന്നത് . ഗേറ്റിന്റെ മുന്നിൽ ഓട്ടോ നിൽക്കുന്നത് അവർ ശ്രെദ്ധിക്കുന്നുണ്ട്.
മോളാണെന്ന് തോന്നുന്നു മുറ്റത്തൊരാൾ നിൽപ്പുണ്ട്.. ഞാൻ അമ്മയോടു പറഞ്ഞു.
അമ്മയുടെ മുഖത്ത് സന്തോഷം നിറയുന്നത് എനിക്ക് കാണാമായിരുന്നു. അമ്മ പതിയെ ഓട്ടോയിൽ നിന്നിറങ്ങി എന്റെ കൈയിൽ നൂറിന്റെ ഒരു നോട്ട് വച്ചു തന്നു.
കൈനീട്ടമല്ലേ… ബാക്കി മോൻ വച്ചോളു തരേണ്ട. എനിക്ക് സന്തോഷം തോന്നി നല്ലൊരു ചിരി സമ്മാനിച്ച ശേഷം തിരിച്ചു പോരാൻ ഒരുങ്ങുമ്പോ… അമ്മയേ കണ്ട മകൾ ഗെയ്റ്റിന്റെ അടുത്തേക്ക് ഓടിവന്നു..
ഓടിവന്ന കിതപ്പിൽ അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു . അവൾ അമ്മയേ മറികടന്നു എന്റെ അരികിലെത്തി.
ചേട്ടാ… പോകരുത്.. അമ്മയെ എവിടുന്നാ കൊണ്ടുവന്നത്? ഒറ്റ ശ്വാസത്തിലാണ് അവൾ ചോദിച്ചത്
ഞാൻ : കവലയിൽ നിന്ന് .. എന്താ??
മറുപടി പറയുമുൻപ് അവൾ അമ്മയുടെ കൈയിൽ പിടിച്ചു ഓട്ടോയുടെ അരികിലേക്ക് നിറുത്തി ഒരുതരം ഭയത്തോടും വെപ്രാളത്തോടുംകൂടി തെരുതര വീട്ടിലേക്കു നോക്കുകയും ദേഹമാസഹകലം വിറച്ചു കൊണ്ട്… പറഞ്ഞു
അമ്മയെന്തിനാ.. ഇങ്ങോട്ട് വന്നത്?? ചേട്ടനിവിടുണ്ട്… അമ്മയെ കണ്ടാൽ എന്നെ വഴക്കുപറയും… അമ്മ എങ്ങോട്ടേങ്കിലും പൊയ്ക്കോ പെട്ടെന്ന്
അമ്മയുടെ മുഖമപ്പോൾ വളരെ ദയനീയ ഭാവത്തിലായി എങ്കിലും ചെറിയൊരു ചിരിവരുത്തി എന്നെയും മോളെയും മാറി മാറി നോക്കി…
തോളിൽ കിടന്ന ബാഗിൽ നിന്നും ഒരു പലഹാരപ്പൊതിയെടുത്തു .
ഇത്.. ഞാൻ മക്കൾക്ക് കൊടുത്തിട്ട് പോകാം മോളേ…. അത് ഒരുതരം യാചനയായിരുന്നു.
ഇതൊന്നും വേണ്ടമ്മേ… പെട്ടന്ന് ഇവിടുന്നൊന്ന്… പോ എവിടെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുത്തിട്ട് വിളിച്ചാൽ ഞാൻ അവിടെവന്ന് കണ്ടോളാം..മകൾ അമ്മയെ ഉന്തിതള്ളി ഓട്ടോയിൽ കയറ്റി.
എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവാതെ ഞാനും ഒരു നിമിഷം പകച്ചുപോയി. ഇത്രയും ദൂരം യാത്രചെയ്തുവന്ന ആ അമ്മയോട് ഒരു കപ്പ് കാപ്പിയെങ്കിലും കുടിച്ചിട്ട് പോകാമെന്നു പറയാൻ പോലും മനസാക്ഷി കാണിച്ചില്ല.. എനിക്കവളോട് പെട്ടന്ന് തന്നെ വെറുപ്പ് തോന്നി…
അമ്മയില്ലാത്ത വിഷമം ഒരുപക്ഷെ അവൾക്കറിയില്ല അത് അനുഭവിച്ചവർക്കല്ലേ അറിയൂ.
ഞാൻ വണ്ടി മുൻപോട്ട് എടുത്തു. സൈഡ് കണ്ണാടിയിലൂടെ ഞാൻ പുറക്കോട്ടു നോക്കി… സരിത്തലപ്പുകൊണ്ട് മുഖം തുടയ്ക്കുന്നുണ്ട് ശബ്ദമില്ലാതെ പൊട്ടിക്കരയുകയാണ് അവർ.
അമ്മയിനിയെങ്ങോട്ടാ പോകേണ്ടത്? സിറ്റുവേഷൻ അല്പം ലഘൂകരിക്കാനായി ചോദിച്ചു…അല്പസമയത്തെ നിശബ്ദതക്ക് ശേഷം.
എന്നെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിട്ടാൽ മതി. വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു മറുപടി.
അപ്പൊ.. ലോഡ്ജിൽ മുറിയെടുക്കുന്നില്ലേ..?? മകൾ അന്വേഷിച്ചു വരില്ലേ??
അതിനു മറുപടിയൊന്നും കിട്ടിയില്ലെങ്കിലും .. എന്തെങ്കിലും സംസാരിക്കാതിരിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല.
തിരിച്ചു ബാംഗ്ളൂരിലേക്കാണോ പോണത്?? കോട്ടയത്തു നിന്നും ഇനി വൈകുന്നേരം നാലുമണിക്ക് ശേഷമേ ട്രെയിൻ അങ്ങോട്ടേക്ക് ഉള്ളു.. അതുവരെയും എന്തുചെയ്യും.
അമ്മച്ചി : ഞാനിനി അങ്ങോട്ടേക്കുമില്ല… ( ഒരു ഉറച്ച ശബ്ദം മായിരുന്നു അത് )
ഞാൻ : ഇവിടെ വേറാരെങ്കിലുമുണ്ടോ??
അമ്മച്ചി : ആരുമില്ല.. ഉണ്ടായിരുന്നവർ രണ്ടുപേരും ഇറങ്ങി പോകാണമെന്ന് പറഞ്ഞില്ല.. പ്രായമായവർ അവർക്കൊക്കെ ഒരു ബാധ്യതയാണ് എന്റെ കൈയിൽ ഇനിയൊന്നുമില്ലല്ലോ അവർക്ക് കൊടുക്കാനായും.
ഞാൻ റോഡരികിൽ ചേർത്ത് വണ്ടി നിറുത്തി.
പുറകോട്ടു നോക്കി.. ഇനിയെന്താ പ്ലാൻ?? എങ്ങോട്ട് പോകും?? എന്റെ ചോദ്യത്തിൽ ഉള്ളിലുള്ള സങ്കടവും ആശങ്കയുമെല്ലാം കലർന്നിരുന്നു
“ഗുരുവായൂരോ, കാശിയിലൊ, രാമേശ്വരത്തോ പോകാം അതാവുമ്പോ ഒരുപിടി ചോറെങ്കിലും ആരെങ്കിലും തരാതിരിക്കില്ലല്ലോ.. “
അത് പറയുമ്പോൾ ആ മുഖത്തേഭാവം ഞാൻ ശ്രെധിച്ചു ജീവിതത്തിൽ തോറ്റുപോയെന്ന് മനസിലായ ഒരുതരം പുഞ്ചിരിയോടെയാണത് പറഞ്ഞത്
എന്റെ കണ്ണുകൾ നിറഞ്ഞു.
ഞാൻ ചോദിച്ചു..”പോരുന്നോ എന്റെ വീട്ടിലേക്ക് “
അമ്മച്ചി :എന്നിട്ട്….?
ഞാൻ :”ഒരു അമ്മയുടെ കുറവുണ്ട് ആ വീട്ടിൽ ഒരിക്കലും ഇറങ്ങിപോകാൻ പറയില്ലാരും “”
വേണ്ട… മോനെ.. ഇന്നല്ലെങ്കിൽ നാളെ മോന്റെ അവസ്ഥയും മാറും അതുകൊണ്ട് ഇനിയാർക്കും ഞാനൊരു ബാധ്യത ആവരുത് .
ചിരിച്ചുകൊണ്ട് പുറകിലിരുന്ന് ആ അമ്മയെന്റെ തലയിൽ കൈവച്ചു.
പിന്നെയൊന്നും പരസ്പരം മിണ്ടാതെ റെയിൽവേ സ്റ്റേഷനിൽ ആ അമ്മയെ എത്തിച്ചു.
നമ്മുക്കൊരുമിച്ച് കാപ്പി കുടിച്ചാലോ..? വാ… ഞാൻ സ്നേഹത്തോടെ അമ്മയെയും വിളിച്ചുകൊണ്ടു കാന്റീനിലേക്ക് കയറി…
രണ്ടു മസാലദോശക്ക് ഓഡർ കൊടുത്തു. തലേദിവസത്തെ യാത്രയിൽ രാത്രിയിലെങ്ങോ ഭക്ഷണം കഴിച്ചതാണെന്ന് തോന്നുന്നു. പാവത്തിന് നല്ല വിശപ്പുണ്ടായിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ മനസിലായി.
ഞാൻ വേഗത്തിൽ കഴിച്ചു കൈകൾ കഴുകി തിരിച്ചു വന്നു എന്നെ വിലക്കിയേങ്കിലും ബില്ല് ഞാൻ കൊടുത്തു.
പുറത്തേക്കിറങ്ങുമ്പോ കൊറേ കാശ് കൈയിൽ ചുരുട്ടിപ്പിടിച്ചു എന്റെ കൈയിൽ തന്നു .
ഞാനതു തിരികെ അമ്മയുടെ കൈലേക്ക് തന്നെ കൊടുത്തു ഒരു യാത്ര പോകുന്നതല്ലേ ഇരിക്കട്ടെന്ന് പറഞ്ഞു.
എന്നാൽ… മോൻ വണ്ടിക്കൂലിയെങ്കിലും എടുക്ക്… അമ്മയെന്നെ നിർബന്ധിച്ചു.
കാശ് എനിക്ക് വേണ്ട… പകരംകവിളിൽ “ഒരുമ്മ ” തന്നാൽ മതി
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എന്നെ ചേർത്തുപിടിച്ചു ഇരുകവിളുകളിലും മാറിമാറി ഉമ്മ വച്ചു. കൊച്ചുമക്കൾക്കായി കൊണ്ടുവന്ന പലഹാരപൊതിയും എനിക്ക് തന്നു.
തിരിച്ചു പോരും മുൻപ് അഡ്രസ്സും മൊബൈൽ നമ്പറും എഴുതികൊടുത്തു. അതിന്റെ പുറകിലായി രണ്ടു വരിയുംകൂടെ എഴുതി ചേർത്തു.
“അമ്മയ്ക്ക് എന്നെങ്കിലും കാണാൻ തോന്നിയാൽ എവിടാണെങ്കിലും വിളിക്കാൻ മറക്കെരുത് ” എന്ന്, സ്വന്തം മകൻ “
( വായനക്കാരുടെ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു )?