?Rose Day?
എഴുത്ത്: ശ്രുതി മോഹൻ
എഴുന്നേറ്റപ്പോള്‍ വൈകിയോ എന്ന തോന്നലില്‍ കണ്ണുകള്‍ തനിയെ ക്ലോക്കിലേക്ക് പോയി….ഇല്ല…വൈകിയില്ല…..ഇന്നലെ അവനോട് സംസാരിച്ചു എപ്പോഴാണുറങ്ങിയതെന്നോര്മ്മയില്ല…..ഉറക്കം കുറഞ്ഞു എന്ന് കണ്തടങ്ങള് വിളിച്ചോതി…ടേബിളിലിരിക്കുന്ന അവന്റെ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിച്ചു…..പതിയെ ബെഡില്‍ നിന്നുമെഴുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
ഫ്രഷായി പുറത്തുവന്ന് അവനേറെ ഇഷ്ടമുള്ള ലാവന്‍ഡര്‍ ബോഡിലോഷനെടുത്ത് കഴുത്തിലും കൈകളിലും പുരട്ടി…..കൈകളിലെ മണം ആസ്വദിക്കവെ അവന് പറയാറുള്ളതോര്മ്മവന്നു…..
എന്തുമണാടീ നിന്നെ…..കൊതിയാവുന്നു….
മുഖത്ത് വിരിഞ്ഞനാണം എന്റെ ഭംഗി വീണ്ടും കൂട്ടി……അവനേറെ ഇഷ്ടമുള്ള ചുവന്നഗൗണ് എടു്ത്ത് ധരിച്ചു…..നന്നായി ഒരുങ്ങി….അവനെന്നെ നോക്കിനിന്നുപോവണം….ഒരുക്കം മതിയാവാതെ വീണ്ടും കണ്ണാടിയില്‍ നോക്കി നിന്നു….പെട്ടന്ന് സമയം പോകുന്നതോര്മ്മവന്നപ്പോള് പുറത്തേക്ക് നടന്നു.
ഡോര്‍ തുറന്നപ്പോള്‍ തലേ ദിവസം ഓര്‍ഡര്‍ ചെയ്തിരുന്ന ബൊക്കെ എത്തിയത് കണ്ടു….മനോഹരമായ ചുവന്ന റോസാപ്പൂക്കള്‍ കൊണ്ടുള്ള ബൊക്കെ…കൂടെ മനോഹരമായ കയ്യക്ഷരത്തില്‍ ആശംസകളെഴുതിയ കുറിപ്പും..മുഖത്ത് വിരിഞ്ഞ ചിരിയോടെ ബൊക്കെ കയ്യിലെടുത്ത് കാറിനു നേരെ നടന്നു. ഡോര്‍ തുറന്ന് ബൊക്കെ കോ ഡ്രൈവര്‍ സീറ്റിലേക്ക് വച്ച് ഞാന്‍ കാര്‍ മുന്നോട്ടെടുത്തു….മഞ്ഞ് മാറിയിട്ടില്ല….വെളിച്ചം വരുന്നതേയുള്ളൂ….സ്റ്റീരിയോ ഓണ്‍ ചെയ്തപ്പോള്‍ അവന്റെ പ്രിയപ്പെട്ട പാട്ട് ഒഴുകിയെത്തി…മലരേ….മൗനമാ…….ഞാന്‍ പുഞ്ചിരിയോടെ ഡ്രൈവ് ചെയ്തു…
അവനെ ആദ്യം കണ്ടപ്പോള്‍ ആകര്‍ഷിച്ചത് അവന്റെ ചിരിയായിരുന്നു..പിന്നെ അവന്റെ നിലപാടുകള്‍…..കോളജില്‍ വച്ചാണ് അവനെ ആദ്യമായി കണ്ടത്….തെറ്റുകണ്ടാല്‍ പ്രതികരിക്കുന്ന സഖാവ്….ആരാധനയായിരുന്നു….പിന്നീടത് പ്രണയത്തിലേക്ക് വഴിമാറി….ഞാന്‍ ശ്രദ്ധിക്കുന്നത് അറിഞ്ഞപ്പോള്‍ മുതല്‍ അവനെന്നെയും ശ്രദ്ധിക്കാനാരംഭിച്ചു….ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായി…..ഏറെ നേരമുള്ള ഫോണിലൂടെയുള്ള സംസാരമോ….ഐസ്ക്രീം പാര്‍ലറിലുള്ള കണ്ടുമുട്ടലുകളോ, സിനിമാതിയറ്റുകളില് വച്ചുള്ള സ്പര്‍ശനങ്ങളോ …ഒന്നും ഞങ്ങള്‍ക്കിടയിലുണ്ടായിട്ടില്ല……ഒരിക്കലും ഇതൊന്നും അവനാവശ്യപ്പെട്ടിട്ടുമില്ല….അവന്റെ ആ സ്വഭാവമാണ് എന്നെ അവനോടിത്രയും ഭ്രാന്തമായ പ്രണയത്തിനടിമയാക്കിയത്….
പ്രണയം എന്റെ വീട്ടിലറിഞ്ഞപ്പോള്‍ ഒരേ മതമാണെങ്കിലും താഴ്ന്ന വിഭാമാണെന്നു പറഞ്ഞ് വീട്ടുകാര്‍ അവനെ കൊല്ലാകൊല ചെയ്തിട്ടും പറിഞ്ഞുപോകാത്തൊരു പ്രണയം…..എന്നിട്ടും അവരു്ദ്ദേശിച്ചത് നടന്നോ….അറിയില്ല…ഇന്നും ഞങ്ങള്‍ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്….
ഓര്‍മ്മകള്‍ കാടുകയറിയപ്പോള്‍ ഞാന്‍ തലകുടഞ്ഞു…സ്ഥലമെത്തി…കാര്‍ നിരത്തി ഞാന്‍ ബൊക്കെ കയ്യിലെടുത്ത് പുറത്തിറങ്ങി….നല്ല മഞ്ഞുണ്ടായിരുന്നു..അവനെന്നെ കാത്തുനിന്ന് മുഷിഞ്ഞുകാണുമോ….എന്നും ഞാനല്ലേ അവനെ കാത്തിരിപ്പിക്കുന്നത്….എന്നാലും അവന് ഇതുവരേക്കും എന്നോട് പിണങ്ങിയിട്ടില്ല….ഞാന്‍ ചിരിയോടെ മുന്നോട്ട് നടന്നു…
.പള്ളിയുടെ പുറകുവശത്തെ കുഞ്ഞുഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു..ഒരു മൂലയില്‍ പുതുതായി നിര്‍മ്മിച്ച മാര്‍ബിള്‍ പൊതിഞ്ഞ കല്ലറക്കുമുന്നില്‍ ചെന്നു നിന്നു. ചിരിയോടെ ഞാന്‍ പറഞ്ഞു..സെബിന് ഹാപ്പി റോസ് ഡേ…..കുറച്ചുനേരം നോക്കി നിന്ന് ഞാന്‍ കല്ലറക്കുമുന്നില്‍ മുട്ടുകുത്തി അവന്റെ പേരെഴുതിയ ഫലകത്തിലൂടെ കയ്യോടിച്ചു…
സെബിന് (ജനനം 10-01-1993 മരണം 26-05-2018) എന്താണല്ലേ സെബിൻ അവരെന്തു നേടി…..നിന്റെ ശരീരമല്ലേ എന്നില്‍ നിന്നുമകറ്റാനായുള്ളൂ…നമ്മളെ വേര്പെടുത്താനവര്ക്കായോ……നമ്മളുടെ പ്രണയത്തെ കൊല്ലാനവർക്കായോ….നമ്മളിനിയും പ്രണയിക്കും….നീയെന്റെ ശ്വാസമായി ഉള്ളിലുള്ളവരേക്കും…
അന്നേരെമെന്റെ ചുണ്ടില്‍ വിരിഞ്ഞ ചിരിക്ക് പുച്ഛത്തിന്റെ ലാഞ്ജനയുണ്ടായിരുന്നു….ചിരിക്കൊടുവിൽ അറിയാതെ നിറഞ്ഞകണ്ണുകളെ ആശ്വസിപ്പിക്കാനെന്നവണ്ണം ഒഴുകിയെത്തിയ തണുത്ത കാറ്റിന് നല്ല ലാവന്‍ഡറിന്റെ ഗന്ധമായിരുന്നു..അതേ അവനേറെയിഷ്ടമുള്ള ഗന്ധം…..
കടപ്പാട് : പ്രണയത്തിനു മരണമില്ലെന്ന് തെളിയിച്ച…..മരണം കൊണ്ട് ശരീരങ്ങളെ മാത്രമേ അകറ്റുവാനാവൂ എന്ന് തെളിയിച്ച ഭ്രാന്തുപിടിച്ച മനുഷ്യർക്ക് മുന്നിൽ തോൽക്കാതെ ജീവിക്കുന്ന സഹോദരിക്ക്……