വീണ്ടും ഒരു മഴക്കാലത്ത്
Story written by Praveen Chandran
“അനുമോൾക്ക് കല്ല്യാണാലോചന വല്ലതും ശരായായോ വത്സലേ?”
ഓടത്തിയാരുടെ ആ ചോദ്യത്തിനുള്ള ഉത്തരം അവരുടെ മുഖത്ത് തന്നെയുണ്ടായിരുന്നു..
മകൾക്ക് കല്ല്യാണമാലോചിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായിരുന്നു.. ഈ വരുന്ന ചിങ്ങത്തിൽ അവൾക്ക് മുപ്പത്തി രണ്ട് വയസ്സ് തികയുകയാണെന്ന ബോധം അവരെ കൂടുതൽ ആശങ്കയിലാഴ്ത്തി…
അവൾ പഠിപ്പും കഴിഞ്ഞ് തുണിക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങീട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു.. ജാതകത്തിലെ ചില ദോഷങ്ങൾ കാരണം കല്ല്യാണമൊന്നും ഒത്ത് വരുന്നതുമില്ലായിരുന്നു പിന്നെ അവളുടെ സമ്മതവും പ്രധാനമായ ഒന്നായിരുന്നു…
ഒരാങ്ങളയുള്ളതാണെങ്കിൽ നടുതളർന്ന് കിടപ്പിലും… അച്ഛൻ കുറച്ച് വർഷം മുന്നേ പോയത് കൊണ്ട് അമ്മ തന്നെയാണ് അവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്..
തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ആരുമുണ്ടാവില്ല എന്ന ചിന്ത അവരെ വല്ലാതെ അലട്ടിയിരുന്നു…
“എന്ത് പറയാനാ ഓടത്തിയാരേ.. എല്ലാത്തിനും അതിന്റേതായ സമയവും കാലവുമൊക്കെയുണ്ട ല്ലോ? ഞാൻ വീട്ടിലെത്താൻ നോക്കട്ടെ.. നല്ല മഴക്കാറുണ്ട്… പോട്ടേട്ടോ” ഓടത്തിയാരോട് യാത്ര പറഞ്ഞ് അവർ പാടവരമ്പത്തൂടെ വേഗത്തിൽ വീട്ടിലേക്ക് നടന്നു…
ഇടവിട്ട് മഴയുള്ളതിനാൽ വരമ്പെല്ലാം ചളിയിൽ കുഴഞ്ഞിരുന്നു…
ആകാശം ഇരുണ്ടുകൂടിയിരുന്നു… സന്ധ്യസമയം കൂടെ ആയതോടെ എത്രയും പെട്ടെന്ന് വീടെത്താനായിരുന്നു അവരുടെ ശ്രമം..
തണുത്തകാറ്റിൽ മരങ്ങളെല്ലാം ഉലഞ്ഞാടി ക്കൊണ്ടിരുന്നു.. ശക്തമായ മഴയ്ക്കുള്ള മുന്നൊരുക്കം പോലെ ഇടിയും മിന്നലും ഒരു തലയ്ക്കൽ നിന്നാരംഭിച്ചതോടെ അവർക്ക് ഭീതികയറാൻ തുടങ്ങി..
മകളെക്കുറിച്ചാലോചിച്ചായിരുന്നു അവരുടെ ആവലാതി മുഴുവൻ.. ശക്തമായ മഴയുള്ള ദിവസങ്ങളിൽ അവൾ ടൗണിൽ തന്നെയുള്ള കൂട്ടുകാരിയുടെ വീട്ടിൽ തങ്ങുകയായിരുന്നു പതിവ്.. ബസ്റ്റോപ്പിലേക്ക് അവളെകൂട്ടാൻ പാടവരമ്പത്തൂടെ പോകുവാൻ ശക്തമായ മഴയുള്ള സമയത്ത് പ്രയാസമായതിനാലാണ് അങ്ങനെ ചെയ്തിരുന്നത്…
പക്ഷെ ആ കൂട്ടുകാരി ഒരു ദിവസം മുന്ന് തമിഴ്നാട്ടിലുള്ള അവളുടെ അമ്മാവൻ മരിച്ചതറിഞ്ഞ് അങ്ങോട്ടേയ്ക്ക് പോയിരിക്കുകയായിരുന്നു..
അതായിരുന്നു അവരുടെ ടെൻഷന് കാരണവും..
ഏട്ട് മണിയോടെയാണ് അവൾ ബസ്സ്റ്റോപ്പിൽ എത്താറുള്ളത്.. അത് കൊണ്ട്തന്നെ അവൾക്ക് ഈ മഴയത്ത് ഒറ്റയ്ക്ക് വീട്ടിലെത്തിച്ചേരുക പ്രയാസമായിരുന്നു…
വീട്ടിൽ വന്ന് കയറിയതും പതിവ് പോലെ അവർ മകന്റെ അടുത്തേയ്ക്കാണ് ആദ്യം പോയത്..
കട്ടിലിൽ അമ്മയെക്കാത്ത് കിടക്കുകയായിരുന്നു അവൻ..ഇടിവെട്ടിനെ അവന് ഭയമായിരുന്നത് കൊണ്ട് തന്നെ അവന് അമ്മയുടെ സാന്നിദ്ധ്യം ആവശ്യമായിരുന്നു ആ സമയം…
അവനെ ആശ്വസിപ്പിച്ച് കൊണ്ട് അവർ അനുമോളെ ഫോണിൽ വിളിച്ചു…
” ഹലോ..മോളേ”
“ആ അമ്മേ… ഞാനെന്താ അമ്മ വിളിക്കാത്തത് എന്ന് ആലോചിച്ചിരിക്കാടന്നു. ഇവിടേം നല്ല മഴയുണ്ട് അമ്മേ… എന്താ ഇനി ഇപ്പോ ചെയ്യാ?”
“ആ അത് തന്നെയാ മോളേ എന്റേം ടെൻഷൻ.. ഇവിടെ നല്ല ഇടിവെട്ടും ഉണ്ട്..കണ്ണനെ തനിച്ചാക്കി ഈ സമയത്ത് വരാനും പറ്റില്ല… ഞാൻ ദീപൂനൊട് ഒന്ന് പറയട്ടെ മോളേ.. അവൻ വന്നിട്ടുണ്ടെന്ന് ദേവകിയേടത്തി പറഞ്ഞിരുന്നു.. ഈ സമയത്ത് ഇതല്ലാതെ വേറെ വഴി ഇല്ലല്ലോ?”
അമ്മ ആ പേര് പറഞ്ഞതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു…
“ദീപുവേട്ടൻ” ഒരു കാലത്ത് അവളുടെ എല്ലാം ആയിരുന്നു അവൻ… താഴ്ന്ന ജാതിക്കാരന് തന്റെ മകളെ കൊടുക്കില്ല എന്ന അച്ഛന്റെ ദുരഭിമാനത്തിന് മുന്നിൽ തകർന്ന് പോയ പ്രണയമായിരുന്നു അവരുടേത്…
അവൾ പറ്റുന്നപോലെ എതിർത്ത് നിന്നെങ്കിലും അച്ഛന്റെ മരണം അവളെ തളർത്തിക്കളഞ്ഞിരു ന്നു.. ഹൃദയാഘാതം വന്ന് അച്ഛൻ മരിക്കാൻ കാരണം അവളാണ് എന്ന് പറഞ്ഞ് അച്ഛന്റെ ബന്ധുക്കളാരും അവിടേക്ക് കടക്കാതായിരുന്നു അതിൽ പിന്നെ…
അതിന് ശേഷമാണ് എല്ലാം അവസാനിപ്പിക്കാമെ ന്ന് അവൾ തന്നെ അവനോട് പറഞ്ഞത്.. അതിന് ശേഷം ഒരുപാട് വർഷങ്ങൾ കടന്നുപോയിരുന്നു..
ദീപുവിന് വീട്ടുകാർ വേറെ കല്ല്യാണമാലോചന കൾ കൊണ്ട് വന്നെങ്കിലും അവൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുകയായിരുന്നു..
എല്ലാത്തിൽ നിന്നും ഓടി ഒളിക്കാനെന്നോണം ഹൈദരാബാദിലേക്ക് ജോലി തേടി പോകുകയായിരുന്നു അവൻ..
ഒന്ന് രണ്ട് വർഷം കൂടുമ്പോൾ മാത്രമാണ് അവൻ വീട്ടിലേക്ക് വന്നിരുന്നതും.. അവളെ കാണുമ്പോഴൊക്കെ അവൻ അവളിൽ നിന്നൊഴിഞ്ഞ് മാറി നടക്കുകയായിരുന്നു പതിവ്..
“എന്താ മോളേ നീ ഒന്നും മിണ്ടാത്തത്? മോൾക്ക് ബുദ്ധിമുട്ടാണെങ്കിൽ വേണ്ടാട്ടോ.. അമ്മക്ക് വേറെ വഴി ഇല്ലാഞ്ഞിട്ടാ…”
അമ്മയുടെ ആ ചോദ്യം കേട്ടാണ് അവൾ ചിന്തയിൽ നിന്നുണർന്നത്..
“ഇല്ല അമ്മേ..ദീപുവേട്ടനോട് ചോദിച്ചു നോക്കൂ.. വരുമെന്ന് തോന്നുന്നില്ല.. “
“ഉം.. ഞാൻ ചോദിച്ച് നോക്കട്ടെ മോളേ..” അവർ ഫോൺ കട്ട് ചെയ്ത് കുടയെടുത്ത് നേരെ പോയത് ദീപുവിന്റെ വീട്ടിലേക്കാണ്..
ഉമ്മറത്തെ ചാരുകസേരയിൽ റേഡിയോയിൽ പാട്ടും കേട്ട് ഇരിക്കുകയായിരുന്നു അവൻ..
അവരെക്കണ്ടതും അവൻ പെട്ടെന്ന് ചാടി എഴുന്നേറ്റു…
” ആഹാ.. വരൂ ചേച്ചി… എന്താ വത്സലേടത്തീ ഈ മഴയത്ത്? “
” പ്രത്യേകിച്ചൊന്നുമില്ല ദീപു.. ഞാനൊരു സഹായം ചോദിക്കാൻ വന്നതാ “
“പറയൂ ചേച്ചി.. എന്ത് സഹായമാ ഞാൻ ചെയ്യേണ്ടത്?”
“അത്… മോനേ അനുമോൾ ടൗണില് ജോലിക്ക് പോകുന്ന വിവരം നിനക്ക് അറിയാലോ? എന്നും ജോലികഴിഞ്ഞ് ഏട്ട് മണിക്കുള്ള ദേവ ബസ്സിലാണ് അവൾ വരാറ്.. ഞാനാണ് അവളെ കൂട്ടാനായി പോയിരുന്നത്.. ഇന്ന് നല്ല മഴയും ഇടി വെട്ടുമുള്ളതിനാൽ കണ്ണനെ ഒറ്റയ്ക്ക് ആക്കി പോകാൻ പറ്റില്ല എനിക്ക്.. അത് കൊണ്ട് ബുദ്ധി മുട്ടാവില്ലാച്ചാ മോൻ ഒന്ന് പോയി കൊണ്ട് വരാമോ അവളെ?”
ആ ചോദ്യം കേട്ട് അവനൊന്ന് അമ്പരന്നെങ്കിലും ആ അമ്പരപ്പ് പുറത്ത് കാട്ടാതെ അവൻ പറഞ്ഞു..
“അതിനെന്താ ചേച്ചി… പക്ഷെ ഈ കീഴ്ജാതിക്കാ രന്റെ കൂടെ അവളെ കൂട്ടാമോ ആവോ?
അവൻ പറഞ്ഞതിന്റെ പൊരുൾ അവർക്ക് മനസ്സിലാക്കാനാവുമായിരുന്നു. അത്രയ്ക്കധികം അവരുടെ ഭർത്താവ് അവനേയും കുടുംബത്തേയും നാണം കെടുത്തിയിട്ടുണ്ട്..
” അങ്ങനെ പറയല്ലേ മോനേ.. അവൾടെ അച്ഛൻ അന്ന് ചെയ്തതിനൊക്കെ മോനോട് ഞാൻ മാപ്പു ചോദിക്കുന്നു.. എനിക്ക് മോനോട് ഒരു വിരോധവുമില്ല അന്നും ഇന്നും… അച്ഛന്റെ എതിർപ്പിനെ ചെറുത്ത് നിൽക്കാനുള്ള തന്റേടമൊന്നും എന്റെ കുട്ടിക്കില്ലാണ്ട് പോയി.. അവൾ പാവമാണ്.. മോനെ ഓർത്ത് കണ്ണീരൊഴു ക്കാത്ത ഒരു ദിവസം പോലുമില്ല.. എന്റെ കാലം കഴിഞ്ഞാൽ എന്റെ കുട്ടീടെ ജീവിതം ഇനി എന്താവുമെന്ന് അറിയില്ല… പറ്റുമെങ്കിൽ മോന് പോയി കൊണ്ട് വരാം…”
അതും പറഞ്ഞ് അവർ മുറ്റത്തേക്കിറങ്ങി…
“ഞാൻ പോകാം ചേച്ചി… അവളോടൊന്ന് പറഞ്ഞേക്ക്…”
അതും പറഞ്ഞ് അവൻ കഴുക്കോലിൽ തൂക്കിയിട്ടിരുന്ന കാലൻ കുടയെടുത്ത് നിവർത്തി പുറത്തേക്കിറങ്ങി..
സമയം എട്ട്മണിയായിരിക്കുന്നു.. ബസ്റ്റോപ്പിൽ അവളെയും കാത്ത് അവനിരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറോളമായിരുന്നു..
അവന്റെ മനസ്സിലൂടെ പലകാര്യങ്ങളും കടന്ന് പോയി..
ഇതേ ബസ്റ്റോപ്പിൽ എത്ര തവണ അവളെയും കാത്ത് താനിരുന്നിട്ടുണ്ട്… കണ്ണുകൾ കൊണ്ട് എത്രയോ തവണ തങ്ങൾ പ്രണയം കൈമാറിയിട്ടുണ്ട് ഇവിടെ.. ആദ്യമായി തന്റെ പ്രണയം അവളോട് തുറന്ന് പറഞ്ഞത് ഇതേ ബസ്റ്റോപ്പിൽ വച്ച് ഒരു മഴക്കാലത്ത് തന്നെയാണ്… പരസ്പരം പ്രണയലേഖനങ്ങൾ കൈമാറിയിരുന്നതും കരിവളയണിഞ്ഞ് കൊടുത്തതും ഇവിടെ വച്ച് തന്നെ..
ഇതേ ബസ്റ്റോപ്പിൽ വച്ച് തന്നെയാണ് തങ്ങൾ തമ്മിൽ അവസാനമായി സംസാരിച്ചതും… അന്നും നല്ല മഴയുണ്ടായിരുന്നു..
വീണ്ടും ഇവിടെ തന്നെ തങ്ങളെ കൊണ്ടെത്തിച്ചത് നിമിത്തമാവാം…
ബസ്സിന്റെ ശബ്ദം കേട്ടാണ് അവൻ പെട്ടെന്ന് ഓർമ്മകളിൽ നിന്നുണർന്നത്…
മഴ ശക്തമായി തന്നെ പെയ്യുന്നുണ്ടായിരുന്നു അപ്പോഴും..
ഡോർ തുറന്ന് കുട നിവർത്തി അവളിറങ്ങിയതും അവന്റെ ചങ്ക് പിടയാൻ തുടങ്ങി..അത് വരെ ഇല്ലാത്ത് എന്തോ ഒരു ആശങ്ക അവനെ പിടികൂടിയിരുന്നു…
അവൾ പുഞ്ചിരിച്ച് കൊണ്ടാണ് അവന്റെ അരികിലേക്ക് വന്നത്… എങ്കിലും അവളുടെ മനസ്സിലും ആ ഒരു ആകാംക്ഷയും പരിഭ്രമവും ഉണ്ടായിരുന്നു..
“ഹായ്… കുറെ നേരായോ ദീപുവേട്ടാ വന്നിട്ട്?”
“ഇല്ല അനു… ഞാൻ ഇപ്പോൾ വന്നതേയുള്ളൂ… ബസ്സ് കുറച്ച് ലേറ്റാടന്നല്ലോ? എന്ത് പറ്റി?”
“ഉം.. മഴയല്ലേ.. പത്ത് മിനുട്ട് വൈകി… വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…”
“ഞാൻ പറഞ്ഞിരുന്നല്ലോ അമ്മയോട്… അങ്ങനെ വരാതിരിക്കാൻ മാത്രം ദേഷ്യമൊന്നും തന്നോടെനിക്കില്ലല്ലോ?”
അവൻ പറഞ്ഞത് കേട്ട് അവളൊന്ന് പരുങ്ങി..
” നല്ല മഴയാണല്ലോ… നമുക്ക് കുറച്ച് നേരം കാത്ത് നിൽക്കാം… മഴ ഒന്ന് കുറഞ്ഞതിന് ശേഷം നമുക്ക് നടക്കാം.. അതല്ലേ നല്ലത് ” അവൾ ആ പറഞ്ഞത് തന്നെയായിരുന്നു അവനും ആശിച്ചത്…
കുടചുരുക്കിയതിന് ശേഷം ബസ്റ്റോപ്പിലെ തിണ്ണയിൽ അവൾ ഇരുന്നു…
അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് എന്തോ ധൈര്യമില്ലായിരുന്നു…
“സുഖമാണോ ഏട്ടാ?”
അല്പനേരത്തെ നിശബ്ദതയ്ക്ക് വിരാമമിടാനെ ന്നോണം അവൾ ചോദിച്ചു..
“സുഖം എന്ന് പറഞ്ഞാൽ അത് കള്ളമാകും.. അനുവിന് സുഖമല്ലേ?” അവൻ പറഞ്ഞത് കേട്ട് അവളുടെ മുഖം വാടി..
” ജോലി ഒക്കെ എങ്ങനെ പോകുന്നു അനു? ഓണത്തിന്റെ തിരക്കൊക്കെ തുടങ്ങിയോ?”അത് ശ്രദ്ധിച്ചത് കൊണ്ട് അവൻ വിഷയം മാറ്റാനായി വീണ്ടും ചോദിച്ചു..
“കുഴപ്പമില്ല ചേട്ടാ… തിരക്കൊന്നും പണ്ടത്തെ പോലെ ഇല്ല.. കടകളൊരുപാട് ആയില്ലേ ടൗണിൽ.. ഏട്ടനെപ്പോഴാ എത്തിയത്? എങ്ങനെയുണ്ട് അവിടെ ? “
“അവിടെ നിന്ന് ഞാൻ നിർത്തി പോന്നതാ അനു.. ഇനി നാട്ടില് തന്നെ കൂടണം.. അമ്മയ്ക്ക് പ്രായമായി വരല്ലേ.. വേറെ ആരും ഇല്ലല്ലോ? ഇവിടെ ഇനി കൃഷിയൊക്കെ നോക്കി അങ്ങനെ കൂടാനാ പരിപാടി”
“അത് നന്നായി ദീപുവേട്ടാ.. അമ്മയ്ക്ക് നല്ല ക്ഷീണായിട്ടുണ്ട്.. പഴയത് പോലെ പണികളെടുക്കാനൊന്നും പറ്റുന്നില്ല പാവത്തിന്. ഇടയ്ക്കൊക്കെ ഞാൻ സഹായിക്കാറുണ്ട്…”
“ഉം.. അമ്മ പറയാറുണ്ട്… വയസ്സായി വരല്ലെ.. വേറെ മക്കളാരും ഇല്ലല്ലോ?”
” അതെ ഏട്ടാ.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഏട്ടെനെന്താ കല്ല്യാണത്തിന് സമ്മതിക്കാത്തത്.. ? ആ അമ്മയ്ക്ക് വേണ്ടിയെങ്കിലും ഇനി നോക്കണം ഏട്ടാ… പിന്നെ ഏട്ടനും ഒരു കൂട്ട് വേണ്ടേ?
അവൾ ചോദിച്ചത് കേട്ട് അവനൊന്ന് പതറി… അവൻ മറുപടിയൊന്നും പറയാതിരിക്കുന്നത് കണ്ട് അവൾക്കും പരിഭ്രമമായി…
” സോറിട്ടോ.. ഞാൻ കല്ല്യാണത്തെ പറ്റി ചോദിച്ചത് വിഷമായെങ്കിൽ…” അവൾ വിഷമത്തോടെയാണ് അത് പറഞ്ഞത്..
മഴ അപ്പോഴും ശക്തിയായി പെയ്ത് കൊണ്ടിരുന്നു…
” അത്രയ്ക്കും ആ മനസ്സീന്ന് എന്നെ പറച്ചു കളഞ്ഞോ അനൂ… ഒരിക്കലും എന്നെ പറ്റി ഓർക്കാറില്ലേ നീ… ഇത്രയും നാൾ നിന്നെക്കുറിച്ച് ഓർക്കാത്ത ഒരു നിമിഷം പോലുമില്ല… എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീമാത്രമായിരിക്കും എന്ന് ഞാൻ നിനക്ക് വാക്ക് തന്നത് ഓർമ്മയില്ലേ നിനക്ക്? മരണം വരെ ഞാൻ അത് തെറ്റിക്കില്ല… അച്ഛനാണ് വലുതെന്ന് നീ പറഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞ് തരുകയായിരുന്നു. രഘവവേട്ടൻ എന്നെങ്കിലും നമ്മുടെ വിവാഹത്തിന് സമ്മതിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.. ആ സമയത്താണ് അദ്ദേഹം മരണപെട്ടത്.. എല്ലാവരും നിന്നെ കുറ്റപെടുത്തുന്നത് കണ്ട് നിക്കാൻ എനിക്ക് കഴിഞ്ഞില്ല അനു.. അതിന് ഞാൻ കൂടെ കാരണക്കാരനാണല്ലോ എന്ന കുറ്റബോധം എന്നെ അലട്ടിക്കൊണ്ടിരുന്നു.. അതാണ് ഞാൻ നാട് വിട്ടത്.. പക്ഷെ എന്റെ മനസ്സിൽ നിന്ന് നിന്നെ പറിച്ചെറിയാൻ എനിക്ക് കഴിയില്ല അനു.. അത്രയ്ക്കിഷ്ടമാണ് എനിക്ക്… “
അവൻ പറഞ്ഞത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അവൾ പെട്ടെന്ന് മഴയത്തേക്കിറങ്ങി കുടപോലും നിവർത്താതെ മുന്നോട്ട് നടക്കാൻ തുടങ്ങി…
അത് കണ്ട് അമ്പരന്ന് അവൻ കുട നിവർത്തി അവളുടെ പിന്നാലെ വേഗത്തിൽ നടന്നു… കുട അവളുടെ തലക്ക് മുകളിലേക്ക് പിടിച്ച് അവൻ അവളോടൊപ്പം ചേർന്ന് നിന്നു…
“എന്താ അനു ഇത്.. മഴനനഞ്ഞ് എന്തേലും അസുഖം പിടിച്ചാലോ… ആ ഷോൾ കൊണ്ട് തല ഒന്ന് തോർത്തിക്കേ…”
അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിക്കൊണ്ടിരുന്നു…
“ഞാൻ പറഞ്ഞത് വിഷമായെങ്കിൽ എന്നോട് ക്ഷമിക്കണം.. ഞാനൊരിക്കലും ഇനി പഴയകാ ര്യങ്ങൾ പറഞ്ഞ് തന്നെ ബുദ്ധിമുട്ടിക്കില്ല.. ഇടക്ക് എന്നോട് ഒന്ന് സംസാരിച്ചാൽ മാത്രം മതി എനിക്ക്”…
അവൾ അതിനുത്തരമൊന്നും നൽകാതെ മുന്നോട്ട് നടന്നു കൊണ്ടിരുന്നു..
മഴയ്ക്ക് അല്പം ശമനമായിരുന്നു അപ്പോഴേക്കും..
അവൻ അവൾ നടക്കുന്ന വഴിയിലേക്ക് ടോർച്ച് തെളിച്ച് കൊണ്ടിരുന്നു..
മഴത്തുള്ളിൽ കുടയിൽ വീഴുന്ന ശബ്ദം മാത്രമായിരുന്നു അവർക്കിടയിൽ..
പാടവരമ്പും കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴി കയറുമ്പോൾ അവൾ ഒന്നു നിന്നു..
“ഇനി… ഞാൻ പോയ്ക്കോളാം ഏട്ടാ.. ഏട്ടൻ വീട്ടിലേക്ക് പോയ്ക്കോളൂ… “
അവൾ പറഞ്ഞത് കേട്ട് പരിഭവത്തോടെ അവൻ അവളെ നോക്കി…
“ഒരു ബൈ പോലും പറയാൻ പറ്റാത്തത്ര അകന്ന് പോയോ അനു നീ എന്നിൽ നിന്നും.. ഇനിയും എനിക്ക് നിന്നിൽ നിന്ന് ഓടി ഒളിക്കാൻ കഴിയില്ല അനു അതാണ് ഞാനെല്ലാം തുറന്ന് പറഞ്ഞത്.. “
അവൻ പറഞ്ഞത് കേട്ട് ഇടവഴിയിലേക്ക് കയറാനൊരുങ്ങുകയായിരുന്ന അവൾ തിരിഞ്ഞ് നിന്നു..
“ഞാനകന്ന് പോയെന്നോ… അതിനാണോ ഞാനിത്ര നാളും കാത്തിരുന്നത്? ആരാണ് എന്നെ ഒറ്റക്കാക്കി ഒടി ഒളിച്ചത്… ഒരു യാത്രപോലും പറയാതെ എന്നിൽ നിന്ന് മറഞ്ഞപ്പോൾ ഞാനെന്ത് മാത്രം വേദനിച്ചെന്നറിയോ ഏട്ടന്? ലീവിന് നാട്ടിൽ വരുമ്പോഴൊക്കെ ഞാനെത്ര മാത്രം കൊതിച്ചിട്ടുണ്ടെന്നോ ഒന്ന് വന്ന് സംസാരിക്കാൻ… ഒരു വാക്ക് പോലും മിണ്ടാതെ ബാഗും തൂക്കി പോകുന്ന ദീപുവേട്ടനെ കണ്ണിൽ നിന്ന് മറയുന്നത് വരെ പഠിപ്പുരക്കൽ ഞാൻ നോക്കി നിന്നിട്ടുണ്ട്…എത്ര മാത്രം കണ്ണീരൊഴുക്കി കാത്തിരിന്നുട്ടിണ്ട് ഞാൻ… അച്ഛന്റെ മരണശേഷം എന്നെങ്കിലും ഒരിക്കൽ വീട്ടിലേക്ക് കയറി വന്ന് അമ്മയോട് എന്നെ പെണ്ണ് ചോദിക്കുമെന്ന് ഞാൻ കൊതിച്ചു… ആ ആളാണോ പറയുന്നത് ഞാനാണ് അകന്ന് പോയതെന്ന്..?”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…
എന്ത് പറയണമെന്നറിയാതെ അവൻ സ്തംഭിച്ച് നിന്നു…
” എന്നെ ഇങ്ങനെ വിഷമിപ്പിക്കേണ്ടിതിരുന്നില്ല ഏട്ടാ… മരണം വരെ മനസ്സിലെങ്കിലും ഏട്ടന്റെ പെണ്ണായിരിക്കാനാണ് എന്റെ ആഗ്രഹം.. ഏട്ടൻ തിരിച്ച് പോകുന്നില്ല എന്ന് അറിഞ്ഞപ്പോ എത്ര സന്തോഷിച്ചു എന്നറിയോ ഞാൻ.. ഒന്നുമില്ലേലും എന്റെ കൺമുമ്പിൽ തന്നെ ഉണ്ടാവുമല്ലോ എന്നുകരുതി… ഇനി എന്നെ വിട്ട് പോകല്ലേ ഏട്ടാ”
അതും പറഞ്ഞ് അവൾ അവനെ മുറുകെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി… കയ്യിലെ കുടയിലെ പിടി വിട്ട് അവൻ അവളുടെ മുഖം കൈകളിലെടുത്തു… അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ആ നെറ്റിയിലും കവിളത്തും തുരുതുരാ ചുംബിച്ചു…
” എനിക്കറിയില്ലായിരുന്നു മോളേ… എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല നിന്നെ.. ഞാൻ കരുതി നീ എന്നിൽ നിന്ന് ഒരുപാട് ദൂരം പോയെന്ന്.. ഇനി നിന്നെ വിട്ട് ഞാനെങ്ങും പോകില്ല… നാളെ തന്നെ അമ്മയേയും കൂട്ടി ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്…അന്തസ്സായി തന്നെ നിന്നെ കൈപിടിച്ചിറക്കാൻ.. “